Saturday, December 19, 2009

നെയ്പ്പായസം

- മാധവിക്കുട്ടി

ചുരുങ്ങിയ തോതില്‍ ശവദഹനം കഴിച്ചുകൂട്ടി,ഓഫീസിലെ സ്നേഹിതന്‍മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ചു,രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛന്‍ എന്ന് വിളിക്കാം.കാരണം,ആ പട്ടണത്തില്‍ അയാളുടെ വില അറിയുന്നവര്‍ മൂന്നു കുട്ടികള്‍ മാത്രമേയുള്ളൂ.അവര്‍ അയാളെ ‘അച്ഛാ’ എന്നാണു വിളിക്കാറുള്ളത്.
ബസ്സില്‍ അപരിചിതരുടെയിടയില്‍ ഇരുന്നുകൊണ്ട് അയാള്‍ ആ ദിവസത്തിനെ,ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്ത് പരിശോധിച്ചു.
രാവിലെ എഴുന്നേറ്റത് തന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്.
‘മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ ഉണ്ണ്യേ?ഇന്ന് തിങ്കളാഴ്ചയല്ലേ?’- അവള്‍ മൂത്തമകനെ ഉണര്‍ത്തുകയായിരുന്നു.അതിനു ശേഷം ഉലഞ്ഞ വെള്ളസാരിയുടുത്ത് ,അവള്‍ അടുക്കളയില്‍ ജോലി തുടങ്ങി.തനിക്ക് ഒരു വലിയ കോപ്പയില്‍ കാപ്പി കൊണ്ടുവന്നു തന്നു.പിന്നെ?...പിന്നെ,എന്തെല്ലാമുണ്ടായി?മറക്കാന്‍ പാടില്ലാത്ത വല്ല വാക്കുകളും അവള്‍ പറഞ്ഞുവോ?എത്ര തന്നെ ശ്രമിച്ചിട്ടും,അവള്‍ പിന്നീടുപറഞ്ഞതൊന്നും ഓര്‍മ്മ വരുന്നില്ല.’മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ?ഇന്ന് തിങ്കളാഴ്ചയല്ലേ?’ ആ വാക്യം മാത്രം മായാതെ ഓര്‍മയില്‍ കിടക്കുന്നു.അത് ഒരു ഈശ്വരനാമമെന്നപോലെ അയാള്‍ മന്ത്രിച്ചു.അതു മറന്നുപോയാല്‍ തന്‍റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാള്‍ക്കു തോന്നി.
ഓഫീസിലേക്ക് പോവുമ്പോള്‍ കുട്ടികള്‍ കൂടെയുണ്ടായിരുന്നു.അവര്‍ക്കു സ്കൂളില്‍വച്ചു കഴിക്കാനുള്ള പലഹാരങ്ങള്‍ ചെറിയ അലുമിനിയം പാത്രങ്ങളിലാക്കി അവള്‍ എടുത്തുകൊണ്ടുവന്നുതന്നു.അവളുടെ വലത്തെ കൈയ്യില്‍ കുറച്ചു മഞ്ഞള്‍പ്പൊടി പറ്റിനിന്നിരുന്നു.
ഓഫീസില്‍വെച്ച് അവളെപ്പറ്റി ഒരിക്കലെങ്കിലും ഓര്‍ക്കുകയുണ്ടായില്ല.ഒന്നുരണ്ടു കൊല്ലങ്ങള്‍ നീണ്ടുനിന്ന ഒരു അനുരാഗബന്ധത്തിന്‍റെ ഫലമായിട്ടാണ് അവര്‍ വിവാഹം കഴിച്ചത്.വീട്ടുകാരുടെ സമ്മതത്തോടെയല്ല.എങ്കിലും അതിനെപ്പറ്റി പശ്ചാത്തപിക്കാന്‍ ഒരിക്കലും തോന്നിയില്ല.പണത്തിന്‍റെ ക്ഷാമം,കുട്ടികളുടെ അനാരോഗ്യകാലങ്ങള്‍.......അങ്ങനെ ചില ബുദ്ധിമുട്ടുകള്‍ അവരെ തളര്‍ത്തിക്കൊണ്ടിരുന്നു.അവള്‍ക്കു വേഷധാരണത്തില്‍ ശ്രദ്ധ കുറഞ്ഞു.അയാള്‍ക്ക്‌ പൊട്ടിച്ചിരിക്കുവാനുള്ള കഴിവ് ഏതാണ്ടൊക്കെ നശിച്ചു.
എന്നാലും അവര്‍ തമ്മില്‍ സ്നേഹിച്ചു.അവരുടെ മൂന്നു കുട്ടികള്‍ അവരെയും സ്നേഹിച്ചു;
ആണ്‍കുട്ടികളായിരുന്നു.ഉണ്ണി-പത്തു വയസ്സ്,ബാലന്‍-ഏഴു വയസ്സ്,രാജന്‍-അഞ്ചു വയസ്സ്.മുഖത്ത് എല്ലായ്പ്പോഴും മെഴുക്കു പറ്റിനില്‍ക്കുന്ന മൂന്ന് കുട്ടികള്‍.പറയത്തക്ക സൌന്ദര്യമോ സാമര്‍ത്ഥ്യമോ ഒന്നുമില്ലാത്തവര്‍. പക്ഷെ അമ്മയും അച്ഛനും അന്യോന്യം പറഞ്ഞു:
'ഉണ്ണിക്ക് എന്‍ജിനീയറിങ്ങിലാ വാസന.അവന്‍ ഇപ്പോഴും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കും.'
'ബാലനെ ഡോക്ടറാക്കണം.അവന്‍റെ നെറ്റി കണ്ട്വോ?അത്ര വല്യ നെറ്റി ബുദ്ധീടെ ലക്ഷണാ.'
'രാജന് ഇര്ട്ടത്ത് നടക്കാനുംകൂടി പേടീല്യ.അവന്‍ സമര്‍ത്ഥനാ.പട്ടാളത്തില് ചേരുന്ന മട്ടാ.'
അവര്‍ താമസിച്ചിരുന്നതു പട്ടണത്തില്‍ ഇടത്തരക്കാര്‍ താമസിക്കുന്ന ഒരു ചെറിയ തെരുവിലാണ്.ഒന്നാം നിലയില്‍ മൂന്നു മുറികളുള്ള ഒരു ഫ്ലാറ്റ്.ഒരു മുറിയുടെ മുന്‍പില്‍ കഷ്ടിച്ച് രണ്ടാള്‍ക്കു നില്‍ക്കുവാന്‍ സ്ഥലമുള്ള ഒരു കൊച്ചു വരാന്തയുണ്ട്.അതില്‍ അമ്മ നനച്ചുണ്ടാക്കിയ ഒരു പനിനീര്ചെടി ഒരു പൂച്ചട്ടിയില്‍ വളരുന്നു.പക്ഷെ,ഇതേവരെ പൂവുണ്ടായിട്ടില്ല.
അടുക്കളയില്‍ ചുമരിന്‍മേല്‍ തറച്ചിട്ടുള്ള കൊളുത്തുകളില്‍ പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും തൂങ്ങിക്കിടക്കുന്നു.സ്ടൌവിന്‍റെ അടുത്ത അമ്മയിരിക്കാറുള്ള ഒരു തേഞ്ഞ പലകയുമുണ്ട്.അവള്‍ അവിടെ ഇരുന്നു ചപ്പാത്തി ഉണ്ടാക്കുമ്പോഴാണ്‌ സാധാരണയായി അച്ഛന്‍ ഓഫീസില്‍നിന്നു മടങ്ങിയെത്തുക.
ബസ്സ്‌ നിന്നപ്പോള്‍ അയാള്‍ ഇറങ്ങി.കാലിന്‍റെ മുട്ടിനു നേരിയ ഒരു വേദന തോന്നി.വാതമായിരിക്കുമോ?താന്‍ കിടപ്പിലായാല്‍ കുട്ടികള്‍ക്ക് ഇനി ആരാണുള്ളത്?പെട്ടെന്ന് അയാളുടെ കണ്ണുകള്‍ നിറഞ്ഞു.അയാള്‍ ഒരു മുഷിഞ്ഞ കൈലേസുകൊണ്ട് മുഖം തുടച്ചു ധൃതിയില്‍ വീട്ടിലേക്കു നടന്നു.
കുട്ടികള്‍ ഉറങ്ങിയിരിക്കുമോ?അവര്‍ വല്ലതും കഴിച്ചുവോ?അതോ,കരഞ്ഞുകരഞ്ഞ് ഉറങ്ങിയോ?കരയാനുള്ള തന്‍റെടവും അവര്‍ക്കു വന്നുകഴിഞ്ഞിട്ടില്ല.ഇല്ലെങ്കില്‍ താന്‍ അവളെയെടുത്തു ടാക്സിയില്‍ കയറ്റിയപ്പോള്‍ ഉണ്ണി എന്താണ് കരയാതെ വെറുതെ നോക്കിക്കൊണ്ടു നിന്നത്?ചെറിയ മകന്‍ മാത്രം കരഞ്ഞു.പക്ഷെ,അവനു ടാക്സിയില്‍ കയറണമെന്നു വാശിയായിരുന്നു.മരണത്തിന്‍റെ അര്‍ത്ഥം അവര്‍ അറിഞ്ഞിരുന്നില്ല,തീര്‍ച്ച.
താന്‍ അറിഞ്ഞിരുന്നുവോ?ഇല്ല.എന്നും വീട്ടില്‍ കാണുന്ന അവള്‍ പെട്ടെന്ന് ഒരു വൈകുന്നേരം യാതൊരാളോടും യാത്ര പറയാതെ നിലത്ത് ഒരു ചൂലിന്‍റെ അടുത്തു വീണു മരിക്കുമെന്നു താന്‍ വിചാരിച്ചിരുന്നുവോ?
ഓഫീസ്സില്‍നിന്നു വന്നപ്പോള്‍ താന്‍ അടുക്കളയുടെ ജനല്‍ വാതിലില്‍കൂടി അകത്തേക്കു നോക്കി.അവള്‍ അവിടെ ഉണ്ടായിരുന്നില്ല.
മുറ്റത്തു കുട്ടികള്‍ കളിക്കുന്നതിന്‍റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.ഉണ്ണി വിളിച്ചുപറയുകയാണ്:'ഫസ്റ്റ്ക്ലാസ് ഷോട്ട്.'
താന്‍ താക്കോലെടുത്ത് ഉമ്മറത്തെ വാതില്‍ തുറന്നു.അപ്പോഴാണ്‌ അവളുടെ കിടപ്പ് കണ്ടത്.വായ അല്‍പ്പംതുറന്ന്,നിലത്തു ചെരിഞ്ഞുകിടക്കുന്നു.തലതിരിഞ്ഞു വീണതായിരിക്കുമെന്നു വിചാരിച്ചു.
പക്ഷെ,ഹോസ്പിറ്റലില്‍വെച്ച് ഡോക്ടര്‍ പറഞ്ഞു:'ഹൃദയസ്തംഭനമാണ്.മരിച്ചിട്ട് ഒന്നര മണിക്കൂറായി.'
പല വികാരങ്ങള്‍.അവളോട്‌ അകാരണമായി ഒരു ദേഷ്യം.അവള്‍ ഇങ്ങനെ,താക്കീതുകളൊന്നും കൂടാതെ,എല്ലാ ചുമതലകളും തന്‍റെ തലയില്‍വെച്ചുകൊണ്ട്,പോയല്ലോ!
ഇനി ആരാണ് കുട്ടികളെ കുളിപ്പിക്കുക?ആരാണ് അവര്‍ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക?ആരാണു ദീനം പിടിപെടുമ്പോള്‍ അവരെ ശുശ്രൂഷിക്കുക?
'എന്‍റെ ഭാര്യ മരിച്ചു.' അയാള്‍ തന്നെത്താന്‍ മന്ത്രിച്ചു:'എന്‍റെ ഭാര്യ ഇന്ന് പെട്ടെന്നു ഹൃദയസ്തംഭനംമൂലം മരിച്ചതുകൊണ്ട്‌ എനിക്ക് രണ്ടു ദിവസത്തെ ലീവു വേണം.'
എത്ര നല്ല ഒരു 'ലീവ് അഭ്യര്‍ത്ഥന'യായിരിക്കും അത്!ഭാര്യക്കു സുഖക്കേടാണെന്നല്ല,ഭാര്യ
മരിച്ചുവെന്ന്.മേലുദ്യോഗസ്ഥന്‍ ഒരുപക്ഷെ,തന്നെ മുറിയിലേക്കു വിളിച്ചേക്കാം.'ഞാന്‍ വളരെ വ്യസനിക്കുന്നു'-അയാള്‍ പറയും. ഹഹ! അയാളുടെ ഒരു വ്യസനം! അയാള്‍ അവളെ അറിയില്ല.അവളുടെ അറ്റം ചുരുണ്ട തലമുടിയും,ക്ഷീണിച്ച പുഞ്ചിരിയും,മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാള്‍ക്കറിയില്ല.അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്....
വാതില്‍ തുറന്നപ്പോള്‍ ചെറിയ മകന്‍ കിടപ്പറയില്‍നിന്ന് ഓടിവന്നു പറഞ്ഞു:'അമ്മ വന്നിട്ടില്യ.' അവന്‍ ഇത്ര വേഗം അതെല്ലാം മറന്നുവെന്നോ?ടാക്സിയിലേക്കു കേറ്റിവെച്ച ആ ശരീരം തനിച്ചു മടങ്ങിവരുമെന്ന് അവന്‍ വിചാരിച്ചുവോ?
അയാള്‍ അവന്‍റെ കൈപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.
'ഉണ്ണീ,'-അയാള്‍ വിളിച്ചു.
'എന്താ,അച്ഛാ?'
ഉണ്ണി കട്ടിലിന്‍മേല്‍നിന്ന് എഴുന്നേറ്റു വന്നു.
'ബാലന്‍ ഒറങ്ങി.'
'ഉം,നിങ്ങളൊക്കെ വല്ലതും കഴിച്ചോ?' 'ഇല്യ.'
അയാള്‍ അടുക്കളയില്‍ തിണ്ണമേല്‍ അടച്ചുവെച്ചിരുന്ന പാത്രങ്ങളുടെ തട്ടുകള്‍ നീക്കി പരിശോധിച്ചു.അവള്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണം-ചപ്പാത്തി,ചോറ്,ഉരുളക്കിഴങ്ങു കൂട്ടാന്‍,ഉപ്പേരി,തൈര്;ഒരു സ്ഫടികപ്പാത്രത്തില്‍,കുട്ടികള്‍ക്കു വേണ്ടി ഇടക്കിടയ്ക്ക് ഉണ്ടാക്കാറുള്ള നെയ്പ്പായസവും.
മരണത്തിന്‍റെ സ്പര്‍ശം തട്ടിയ ഭക്ഷണസാധനങ്ങള്‍!വേണ്ട,അതൊന്നും ഭക്ഷിച്ചുകൂടാ.
'ഞാന്‍ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം.ഇതൊക്കെ തണുത്തിരിക്കുന്നു.'-അയാള്‍ പറഞ്ഞു.
'അച്ഛാ!'
ഉണ്ണി വിളിച്ചു.
'ഉം?'
'അമ്മ എപ്പഴാ വര്വാ?അമ്മയ്ക്ക് മാറീല്യേ?'
സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ-അയാള്‍ വിചാരിച്ചു.ഇപ്പോള്‍,ഈ രാത്രിയില്‍ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണ് കിട്ടാനുള്ളത്.
'അമ്മ വരും.'-അയാള്‍ പറഞ്ഞു.
അയാള്‍ കിണ്ണങ്ങള്‍ കഴുകി നിലത്തുവെച്ചു-രണ്ടു കിണ്ണങ്ങള്‍.
'ബാലനെ വിളിക്കേണ്ട.ഒറങ്ങിക്കോട്ടെ.'-അയാള്‍ പറഞ്ഞു.
'അച്ഛാ,നെയ്പ്പായസം.'-രാജന്‍ പറഞ്ഞു.അവന്‍ ആ പാത്രത്തില്‍ തന്‍റെ ചൂണ്ടാണിവിരല്‍ താഴ്ത്തി.
അയാള്‍ തന്‍റെ ഭാര്യയിരിക്കാറുള്ള പലകമേല്‍ ഇരുന്നു. 'ഉണ്ണി വെളമ്പിക്കൊടുക്ക്വോ?അച്ഛനു വയ്യ.തല വേദനിക്കുന്നു.'
അവര്‍ കഴിക്കട്ടെ.ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവര്‍ക്ക് കിട്ടുകയില്ലല്ലോ.
കുട്ടികള്‍ പായസം കഴിച്ചു തുടങ്ങി.അയാള്‍ അതുനോക്കിക്കൊണ്ട് നിശ്ചലനായി ഇരുന്നു.കുറെനിമിഷങ്ങള്‍ക്ക് ശേഷം അയാള്‍ ചോദിച്ചു:
'ചോറ് വേണ്ടേ ഉണ്ണീ?'
'വേണ്ട,പായസം മതി.നല്ല സ്വാദ്‌ണ്ട്.'
ഉണ്ണി പറഞ്ഞു.
രാജന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:'ശെരിയാ....അമ്മ അസ്സല് നെയ്‌പ്പായസാ ഉണ്ടാക്ക്യേത്....'
തന്‍റെ കണ്ണുനീര്‍ കുട്ടികളില്‍നിന്നു മറച്ചുവെക്കുവാന്‍വേണ്ടി അയാള്‍ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.

Tuesday, December 15, 2009

സ്വപ്നം

-ചങ്ങമ്പുഴ കൃഷ്ണപിള്ള

എന്താണിജ്ജീവിതം അവ്യക്തമായൊരു
സുന്ദരമായ വളകിലുക്കം
സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-
പിന്നെയോ?- ശൂന്യം!പരമശൂന്യം
എങ്കിലും മീതെയായ്‌ മര്‍ത്ത്യ,നീ നില്‍ക്കുന്ന-
തെന്തിനു?-നീയെത്ര നിസ്സഹായന്‍!
ജീവിതാദ്ധ്യായമൊരിത്തിരി മാറ്റുവാ-
നാവാത്ത നീയോ ഹാ!സാര്‍വ്വഭൌമന്‍!

എന്നെയിക്കാണും പ്രപഞ്ചത്തിലൊക്കെയു-
മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്
ഒന്നിച്ചു കാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും-പൂങ്കുലവാടിക്കൊഴിയുമ്പോള്‍;
മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോള്‍;
മഞ്ഞുനീര്‍ത്തുള്ളികള്‍ മിന്നിമറയുമ്പോള്‍
മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോള്‍;
മന്ദഹസിതങ്ങള്‍ മങ്ങുമ്പോള്‍-എന്നാലു-
മെന്‍മനമൊന്നു തുടിച്ചുപോകും
കേവലം ഞാനറിഞ്ഞീടാതെതന്നെ,യെന്‍-
ജീവനൊന്നയ്യോ,കരഞ്ഞുപോകും!

ഓമനസ്വപ്നങ്ങള്‍!ഓമനസ്വപ്‌നങ്ങള്‍!
നാമറിഞ്ഞി,ല്ലവയെങ്ങുപോയി?

മണിനാദം

- ഇടപ്പള്ളി രാഘവന്‍പിള്ള

മണിമുഴക്കം!മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം!-വരുന്നു ഞാന്‍!
അനുനയിക്കുവാനെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ!കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെന്‍ മൌനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!
പിരികയാണിതാ,ഞാനൊരധകൃതന്‍
കരയുവാനായ്പ്പിറന്നോരു കാമുകന്‍!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!
അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം!-ഹാ,ഭ്രമിച്ചു ഞാന്‍ തെല്ലിട!
അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍
കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും.
മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍
സുഖദസുന്ദരസ്വപ്നശതങ്ങള്‍തന്‍
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്‍പ്പോട്ടുയര്‍ന്നുപൊ-
യലകടലിന്‍റെയാഴമളക്കുവാന്‍!
മിഴിതുറന്നൊന്നു നോക്കവേ,കാരിരു-
മ്പഴികള്‍തട്ടിത്തഴമ്പിച്ചതാണു ഞാന്‍!
തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്‌ തീര്‍ന്നവനാണു ഞാന്‍!
കുടിലു കൊട്ടാരമാകാനുയരുന്നൂ ;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍,
പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!
മണിമുഴക്കം!മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം!-വരുന്നു ഞാന്‍!
ചിരികള്‍തോറുമെന്‍ പട്ടടതീപ്പൊരി
ചിതറിടുന്നോരരങ്ങത്തുനിന്നിനി,
വിടതരൂ,മതി പോകട്ടെ ഞാനുമെന്‍
നടനവിദ്യയും മൂകസംഗീതവും!
വിവിധരീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍,പാടുവാന്‍;
നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു -
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!
അരുതരുതെനിയ്ക്കീരീതിതെല്ലുമി -
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഡമായ്
പലദിനവും നവനവരീതികള്‍
പരിചയിച്ചു,ഫലിച്ചില്ലോരല്‍പവും !
തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!
ഹഹഹ!വിസ്മയം,വിസ്മയം,ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരിമാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി ;
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ !
മണിമുഴക്കം!മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം!-വരുന്നു ഞാന്‍!
ഉദയമുണ്ടിനി മേലിലതെങ്കിലെ -
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?
മധുരചിന്തകള്‍ മാഞ്ഞുപോയീടവേ,
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;
ഇരുളിലാരുമറിയാതെയെത്രനാള്‍
കരളുനൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?
ഹൃദയമില്ലാത്ത ലോകമേ,യെന്തിനാ-
യതിനു കാരണം ചോദിപ്പൂ നീ സദാ?
പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍
പുറകില്‍ നിന്നിദം വിങ്ങിക്കരയുവാന്‍-
സ്മരണയായിപ്പറന്നുവന്നെന്നുമെന്‍
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-
സമയമായി,ഞാന്‍-നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ.
പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍,പ്രേമപ്പോളിമയില്‍,
കതിര്‍വിരിച്ചു വിളങ്ങുമാക്കാര്‍ത്തികാ
കനകതാരമുണ്ടെന്‍ കര്‍മ്മസാക്ഷിയായ്.
അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്.
കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!
പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍
ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?യേറ്റാല്‍ ഫലിക്കുമോ?

Saturday, December 12, 2009

പരിക്കേറ്റ കുട്ടി

- കുമാരനാശാന്‍ 

അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്‍
കരയായ്കോമനേ,കരള്‍ വാടി.
പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ,വരുന്നു ഞാന്‍.

പനിനീര്‍ച്ചെമ്പകചെറുമുള്ളേറ്റു നിന്‍
കുരുന്നു കൈവിരല്‍ മുറിഞ്ഞിതേ!
തനിയേ തൈമാവില്‍ കയറിവീണോമല്‍
ചെറുകാല്‍മുട്ടുകള്‍ ചതഞ്ഞിതേ!

മറിച്ചിട്ടിപ്പടം മുകളില്‍നിന്നയ്യോ
മുറിച്ചിതേ പൊന്നിന്‍ നിറുകയും.
മുറിയില്‍ കട്ടിന്മേല്‍ കയറിചാഞ്ചാടി-
തറയില്‍ വീണിപ്പൂങ്കവിളും നീ.

കരുതേണ്ട തല്ലുമിതിനായ് ഞാനെന്നു,
കരയേണ്ട നോവുമകന്നു പോം.
അറിയാപ്പൈതല്‍ നീ കളിയാടിയേറ്റ
മുറിവു ഭൂഷണം നിനക്കുണ്ണീ.

ഉരച്ചിവണ്ണമക്ഷതമോരോന്നുമേ
തിരിച്ചുചുംബിച്ചാളുടനമ്മ,
സ്ഫുരിച്ച പുഷ്പത്തെയളിപോല കുട്ടി
ചിരിച്ചാന്‍ കാര്‍നീങ്ങും ശശിപോലെ.

Thursday, December 10, 2009

പൂക്കാലം

- കുമാരനാശാന്‍ 

പൂക്കുന്നിതാ മുല്ല,പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു,പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍,പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ!

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവുതേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍ നിറം പൂണ്ടു,നീളെ-
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു,ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം!

നാകത്തില്‍ നിന്നോമനേ നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്‍റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റു തന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു" വെന്നല്ലയല്ലീ?

പാഥേയം

- ഓ എന്‍ വി കുറുപ്പ്

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ടത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

(1982-ല്‍ വയലാര്‍ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ടുചെയ്ത
പ്രസംഗത്തിന്‍റെ സമാപനമായി ചൊല്ലിയ കവിത)

Tuesday, December 8, 2009

നന്ദി

- സുഗതകുമാരി

എന്‍റെ വഴിയിലെ വെയിലിനും നന്ദി,
എന്‍റെ ചുമലിലെ ചുമടിനും നന്ദി.
എന്‍റെ വഴിയിലെ തണലിനും,മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി.
നീളുമീ വഴിച്ചുമടുതാങ്ങിതന്‍
തോളിനും വഴിക്കിണറിനും നന്ദി.
നീട്ടിയോരു കൈക്കുമ്പിളില്‍ ജലം
വാര്‍ത്തുതന്ന നിന്‍ കനവിനും നന്ദി.
ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
രിരവിലെ നിലാക്കുളിരിനും നന്ദി.
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി.
മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി.
* * * * *
ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്‍ദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി

നാളത്തെ പ്രഭാതം

- ഇടപ്പള്ളി രാഘവന്‍പിള്ള

നാളത്തെ പ്രഭാതമേ,നിന്‍മുഖം ചുംബിക്കുവാന്‍
നാളെത്രയായീ കാത്തു നില്പ്പിതെന്നാശാപുഷ്പം!
നീളത്തില്‍ നിന്നെക്കണ്ട് കൂകുവാനായിക്കണ്ഠ-
നാളത്തില്‍ ത്രസിക്കുന്നുണ്ടെന്നന്ത്യസംഗീതകം!
പാടി ഞാനിന്നോളവും നിന്നപദാനം മാത്രം
വാടിയെന്‍ കരളെന്നും നിന്നഭാവത്താല്‍ മാത്രം!
ഗോപുരദ്വാരത്തിങ്കല്‍ നില്‍ക്കും നിന്നനവദ്യ-
നൂപുരക്വാണം കേട്ടെന്‍ കാതുകള്‍ കുളുര്‍ക്കുന്നൂ!
ബദ്ധമാം കവാടം ഞാനെന്നേയ്ക്കും തുറന്നാലും
മുഗ്ധ നീ മുന്നോട്ടെത്താനെന്തിനു ലജ്ജിക്കുന്നൂ?
അങ്ങുവന്നെതിരേല്‍ക്കാനാകാതെ ചുഴലവും
തിങ്ങുമീയിരുള്‍ക്കുള്ളില്‍ വീണു ഞാന്‍ വിലപിപ്പൂ!
തെല്ലൊരു വെളിച്ചമില്ലോമനേ,യിതായെന്‍റെ
പുല്ലുമാടവും കത്തിച്ചെത്തുകയായീ ദാസന്‍......!  

Monday, December 7, 2009

രാത്രിമഴ

- സുഗതകുമാരി 

രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.

രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.

രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!.........ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.

ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?

രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.

രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.

രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ.