Friday, November 27, 2009

മരണം

- എം.ടി.വാസുദേവന്‍ നായര്‍

നഗരത്തിന്‍റെ അതിര്‍ത്തിയില്‍,ഇടവഴി റെയില്‍പ്പാളം മുറിച്ചു കടക്കുന്നേടത്ത്‌ കരിങ്കല്‍കെട്ടിയ ഓവുപാലത്തിനുമേല്‍ ഒരു വൈകുന്നേരം ഒരു ചെറുപ്പക്കാരന്‍ ക്ഷീണത്തോടെ ഇരുന്നു.പീടികനിരകളുടെ വിടവില്‍ നിന്നാരംഭിക്കുന്ന ഇടവഴി.അപ്പുറത്തെ തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ അത് പല ശാഖകളായി പല പടിവാതിലുകളില്‍ ചെന്നെത്തുന്നു. കമാനാകൃതിയിലുള്ള തുരങ്കത്തിന്‍റെ ശൂന്യതയിലേക്കു കാല്‍ തൂക്കിയിട്ട് അകലത്തെ തെങ്ങിന്‍തോപ്പുകളില്‍ അയാള്‍ കണ്ണോടിച്ചു.
വെളിച്ചത്തിന്‍റെ നിറം ചുവക്കുന്നു.വരാന്‍ പോകുന്ന സന്ധ്യയെക്കുറിച്ചോര്‍ത്ത് അയാള്‍ അസ്വസ്ഥനായിരുന്നു.
ധനുമാസത്തിലെ സായാഹ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നു.മെലിഞ്ഞ പകലിന്‍റെ വെളിച്ചം മങ്ങുന്നതു പൊടുന്നനെയാണ്.നോക്കി നില്‍ക്കെ,ഇമ വെട്ടുമ്പോഴേക്ക് ഇരുട്ട് പരക്കുന്നു.
ഇടവഴിയിലൂടെ ആളുകള്‍ കടന്നുപോയി.പലരും തിരിച്ചു വന്നു.മെയിന്‍ റോഡിലെ പ്രവാഹത്തില്‍ മടങ്ങിവന്നവര്‍ അലിഞ്ഞുചേര്‍ന്നു.കടന്നുപോയ മുഖങ്ങളാണോ തിരിച്ചുവന്നതെന്നയാള്‍ ശ്രദ്ധിച്ചില്ല.
വരുന്നവരെ അയാള്‍ പ്രതീക്ഷയോടെ നോക്കി. മരണത്തെപ്പറ്റി സംസാരിച്ചുകൊണ്ട് അവര്‍ ശ്രദ്ധിക്കാതെ കടന്നുപോയി.
കക്ഷത്ത്‌ ചുരുട്ടിയ പത്രങ്ങളും പുസ്തകങ്ങളുമായി വന്ന മൂന്നു പേര്‍ അവസാനം എതിര്‍വശത്തെ കല്‍ത്തിണ്ണയില്‍,റെയില്‍പാലത്തിന്‍റെ മറുവശത്തായി ,ഇരുന്നപ്പോള്‍ ചെറുപ്പക്കാരന്‍ ആശ്വസിച്ചു,താന്‍ തനിച്ചല്ല.
അയാള്‍ അവര്‍ക്ക് പാതി പുറം തിരിഞ്ഞാണിരിക്കുന്നത്.പക്ഷെ, ശ്രദ്ധ മുഴുവന്‍ അവരുടെ സംസാരത്തിലായിരുന്നു .
‘ശവെട്ക്കണവരെ നിക്കണോ മാഷേ?’
‘എനിക്ക് വീടെത്തണം.ഭാര്യ പത്തുംതെകഞ്ഞിരിക്കാ .’
‘ഒരു ബീഡി തരൂ മാഷേ.’
‘നമ്മളെയൊക്കെ കണ്ടാല്‍ മാഷ്‌ കരയ്വോന്നായിരുന്നു എന്‍റെ പേടി.’
‘ഒരു ചായ കുടിക്കാമായിരുന്നു.’
‘ദാ,തന്ത്രി വന്നല്ലോ.’
ചെറുപ്പക്കാരന്‍ കണ്ടു:മെയിന്‍ റോഡില്‍നിന്ന് ഇടവഴിയിലേക്ക് ശ്മശാനക്കാരുടെ വണ്ടി ഇറക്കിനിര്‍ത്തിയിരിക്കുന്നു.
വണ്ടി തള്ളിനിര്‍ത്തിയ പണിക്കാരനോട് എന്തോ പറഞ്ഞ് കൂടെ വന്ന കിഴവന്‍ നേരെ നടന്ന് ഓവുപാലത്തിനടുത്തേക്കു വന്നു.ഷര്‍ട്ടിടാത്ത പരുക്കന്‍ മനുഷ്യന്‍ .കാതില്‍ വള്ളിക്കടുക്കന്‍. കിഴവനാണെങ്കിലും നടക്കുമ്പോള്‍ കാല്‍വണ്ണയില്‍ ഉറച്ച മാംസപേശികള്‍ ഇളകിക്കളിക്കുന്നത് ചെറുപ്പക്കാരന്‍ ശ്രദ്ധിച്ചു.
അയാള്‍ വന്നുകയറിയപ്പോള്‍ മാസ്റ്റര്‍മാര്‍ ചോദിച്ചു:
'എന്താ തന്ത്രീ ? ഒക്കെ റെഡി?’
‘ശ്മശാനത്തില്‍ പോയിട്ടാ വര്ണ്.ചെരട്ട,ചകിരി ഒക്കെ റെഡി.അഞ്ചുമിനുട്ടുകൊണ്ട് സംഗതി ഞാന്‍ കഴിച്ചു തരാം.’
കിഴവന്‍ ഒരു ബീഡി ചോദിച്ചുവാങ്ങി കത്തിച്ച് ഇപ്പുറം വന്നു ചെറുപ്പക്കാരന്‍റെ ഇടതുവശത്തായി കരിങ്കല്‍ക്കെട്ടിലിരുന്നു.റെയില്‍ മുറിച്ചു കടക്കുമ്പോള്‍ കമ്പികളില്‍ തട്ടി അയാള്‍ വീഴുമെന്നു കരുതി.
‘ഒന്നു വേഗം നോക്കണം.’
‘എന്‍റെ കുറ്റാണോ?മാഷടെ അളിയനിങ്ങട് വന്നുകിട്ട്യാല്‍ മതി.ഒറ്റ ആങ്ങളയല്ലേയുള്ളു?അപ്പോള്‍ അതിനുമുന്‍പ്‌ ശവെടുക്കാന്‍ പാട്ണ്ടോ?’
അയാള്‍ ചെറുപ്പക്കാരനോട്‌ പറഞ്ഞു:
‘ആങ്ങളാന്നുവെച്ചാലോ?പാവം ആയമ്മ എടുത്തു വളര്‍ത്തീതാ.’
ചെറുപ്പക്കാരന്‍ ശ്രദ്ധാപൂര്‍വ്വം തിരിഞ്ഞിരുന്നു.കിഴവന്‍റെ ശ്വാസോച്ച്വാസത്തില്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നു.മുഖത്ത് പൂര്‍ണമായ സംതൃപ്തിയുടെ ഭാവവും.
മാസ്റ്റര്‍മാരെഴുന്നേറ്റു.
‘ഞങ്ങളൊരു ചായ കഴിച്ചിട്ടു വരാം നാരായണന്നായരേ.ഒക്കെ ഒന്നു ഉഷാറാക്കിന്‍.’
അവര്‍ ഇടവഴി കടന്നു പീടികകളുടെ വശത്തേക്കു നടക്കുമ്പോഴാണ് ശ്രദ്ധിച്ചത്.വലസഞ്ചിയില്‍ തെര്‍മ്മോഫ്ലാസ്ക് തൂക്കിപ്പിടിച്ച ഖദര്‍ ഷര്‍ട്ടുകാരന് അല്പം നൊണ്ടലുണ്ട്.
കിഴവന്‍റെ ബീഡി കെട്ടു.
‘തീപ്പെട്ടിയുണ്ടോ?’
‘ഇല്ല.’
ബീഡിക്കുറ്റി ഒരിക്കല്‍ക്കൂടി വലിച്ച് അയാള്‍ വലിച്ചെറിഞ്ഞു.എന്നിട്ടു ചോദിച്ചു:
‘മരിക്ക്വേള്ളൂ എന്നു വന്നാല്‍പ്പിന്നെ ഒരു ദിവസെങ്കില്‍ ഒരു ദിവസം നേര്‍ത്തെ മരിയ്ക്ക്വന്ന്യാണ് ഭേദം.അല്ലേ?’
ചെറുപ്പക്കാരന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
കിഴവന്‍ സംസാരിച്ചുകൊണ്ടിരുന്നു.രോഗം അതല്ലേ?ഇനിയും കിടന്നാല്‍ ദുര്‍ഗന്ധം തുടങ്ങും.പിന്നെ പെറ്റ മക്കളായാലും ഭര്‍ത്താവായാലും ശുശ്രൂഷിക്കാന്‍ തന്നെ മടുപ്പു തുടങ്ങും.
ശരിയാണ്,സത്യമാണ് എന്നയാള്‍ തലയാട്ടി.
കിഴവന്‍ മരണഗൃഹത്തിലെത്തിയപ്പോഴത്തെ സ്ഥിതിയെന്താ?കുളിപ്പിച്ചു കിടത്താന്‍ ഒരാളില്ല.ചെറിയ മകനെ-എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്- ശ്മശാനത്തിലയക്കാന്‍ ഏര്‍പ്പാടു ചെയ്യുമ്പോഴാണ് കിഴവന്‍ എത്തിയത്.
ആപത്തു വരുമ്പോഴല്ലേ ഓടിച്ചെല്ലാന്‍ ആളുവേണ്ടത്.
അപ്പോള്‍ ദൂരെനിന്ന് തീവണ്ടിയുടെ ചൂളംവിളി കേട്ടു.സിഗ്നല്‍ താണിരുന്നു.നീണ്ടുകിടക്കുന്ന റെയില്‍പാളത്തിന്‍റെ അറ്റത്ത് പുകയുന്ന ഒരു ബിന്ദു പ്രത്യക്ഷപ്പെട്ടു.കഷ്ടപ്പാടു മുഴുവന്‍ അനുഭവിച്ച് മകനൊരു ജോലിയും ഇരിക്കാന്‍ സ്വന്തം വീടുമായപ്പോള്‍ മരിച്ചു പോയ സ്ത്രീയെപ്പറ്റി കിഴവന്‍ പറയുകയായിരുന്നു.പുകയുന്ന ബിന്ദു അടുത്തേക്ക് കുതിച്ചെത്തുമ്പോള്‍ റെയില്‍പാളങ്ങള്‍ വിറച്ചു.മാസ്റ്റര്‍ക്ക് ലോകത്തോടു മുഴുവന്‍ ശുണ്ടിയാണത്രേ. പക്ഷെ,ഭാര്യയുടെ അടുത്തെത്തുമ്പോള്‍ മാസ്റര്‍ പച്ചപ്പാവമായി മാറുന്നത് കിഴവന്‍ കണ്ടിട്ടുണ്ട്.
‘വണ്ടി വരണ്ണ്ട്.മാറണോ?’
അയാള്‍ ശ്രദ്ധിച്ചില്ല.കിഴവന്‍ പിന്നെയും എന്തോ പറയുകയായിരുന്നു.തണ്ടുവാളകളുടെ സംഗീതം.കരിങ്കല്‍ക്കെട്ടിനെ കിടിലം കൊള്ളിച്ചുകൊണ്ട് വണ്ടി കടന്നുപോകുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരാകര്‍ഷണം തോന്നി.തൊടാവുന്ന ദൂരത്തില്‍…അയാള്‍ കണ്ണടച്ചിരുന്നു.നിമിഷങ്ങള്‍ നിറഞ്ഞു നിന്ന നിഗൂഡമായ ആഹ്ലാദം ഉള്ളിലൊതുക്കി.
കൊടുങ്കാറ്റടങ്ങിയ ശാന്തത.
തെങ്ങിന്‍ തോപ്പിനും റെയില്‍പാളത്തിനുമിടയ്ക്ക് തുറന്നു കിടക്കുന്ന നീണ്ട വെളിമ്പറമ്പിലേക്ക് ഇരുട്ടിന്‍റെ നിഴല്‍ ഇറങ്ങിയെത്തുന്നു.മഞ്ഞിറങ്ങാന്‍ തുടങ്ങുന്നു.
‘അല്ലാ—‘ കിഴവന്‍ എഴുന്നേറ്റു,’നമ്മളിങ്ങനെ ഇവിടെത്തന്നെ ഇരുന്നാല്‍ പറ്റില്യലോ.വര്വാ.’
ചെറുപ്പക്കാരന്‍ സംശയിച്ചു.
‘ആളും മനുഷ്യരും അട്‌ത്ത് ണ്ടാവ്ണത്‌ എപ്പഴും ഒരാശ്വാസമല്ലേ?എണീക്ക്വാന്ന്‌.’
ചെറുപ്പക്കാരന് കിഴവനോടൊരു സ്നേഹം തോന്നി.അയാള്‍ എഴുന്നേറ്റ് പിറകെ നടന്നു.ഇടവഴി കടന്നു ഒതുക്കുകല്ലുകള്‍ക്ക് മുന്‍പിലെത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ സ്വയം ശാസിച്ചു:സ്വസ്ഥമായിരിക്ക്…നീ സ്വസ്ഥമായിരിക്ക്.
മുറ്റത്തും വരാന്തയിലുമായി ഏഴെട്ടുപേര്‍ നില്‍പ്പുണ്ട്.
മരണത്തിന്‍റെ മണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നു കരുതിയ വിട്‌ഡിത്തത്തെ പറ്റി ഓര്‍ത്ത് അയാള്‍ സ്വയം പരിഹസിച്ചു.
മരണഗൃഹം.ഇല്ല,തേങ്ങലിന്‍റെയും നിലവിളിയുടെയും ശബ്ദമില്ല.വരാന്തയുടെ സമീപത്തെ നിഴല്‍പ്പാടില്‍ ചെന്നുനിന്നപ്പോള്‍ ചെറുപ്പക്കാരന്‍ ചെവിടോര്‍ത്തു.രാമായണം വായിക്കുന്നുണ്ട്,ആരോ അകത്ത്.എരിയുന്ന ചന്ദനത്തിരികളുടെ രൂക്ഷമായ ഗന്ധം.
കറുത്ത് ഉയരം കുറഞ്ഞ ഒരു താടിക്കാരന്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.അയാള്‍ പലതും ഒരുക്കുകയാണ്.
കിഴവന്‍റെ അടുത്തെത്തിനിന്ന് അയാള്‍ ചോദിച്ചു:
‘എന്തായി?’
‘വണ്ടി വന്നു.അവ്ടത്തെ ഏര്‍പ്പടൊക്കെ റെഡി.’
‘എട്ടരടെ വണ്ടി കാക്കണംന്നാ മാഷ്‌ പറേണ്.എന്നിട്ട് മതി.’
അപ്പോള്‍ പടി കയറി വന്ന രണ്ടു സ്ത്രീകള്‍ വടക്കേ വാതിലിലൂടെ അകത്തേക്കു കയറുന്നതുകണ്ടു.
അന്തരീക്ഷത്തില്‍ തേങ്ങലുകളുടെ പുതിയ ഒരല ഒഴുകി നടന്നു.
ചന്ദനത്തിരിയുടെ മണം ചെറുപ്പക്കാരന് അസഹ്യമായി തോന്നി.നിഴല്പാടിലൂടെ നടന്ന് അയാള്‍ മുറ്റത്തിന്‍റെ അതിര്‍ത്തിയിലെത്തി.
വെട്ടിയിട്ട തെങ്ങിന്‍തടിമേല്‍ രണ്ടുപേര്‍ ഇരുന്നു സിഗരറ്റ് വലിച്ചു സംസാരിക്കുന്നു.ചെറുപ്പക്കാരന്‍ അവരില്‍നിന്നകലത്തില്‍ തടിയുടെ ഒരറ്റത്തിരുന്നു.
ആളുകള്‍ ചിലര്‍ കയറി വന്നു.കൂടിനിന്നവരില്‍ ചിലര്‍ നിശബ്ദരായി ഇറങ്ങിപ്പോയി.
‘നേരം കൊറെയായി.നമുക്ക് പതുക്കെ പോയാലോ.’
അവരുടെ സിഗരറ്റുകുറ്റികള്‍ അയാളുടെ മുന്നിലൂടെ പറന്നുപോയി.
‘രവിയോട് പറഞ്ഞിട്ട് പോവാം.’
‘പറയണോ?’
അവര്‍ എഴുന്നേറ്റുപോകുമ്പോള്‍ അയാളെ ശ്രദ്ധിച്ചു നോക്കി.അയാള്‍ അതുകണ്ടില്ലെന്ന ഭാവത്തില്‍ പടിഞ്ഞാറേ ആകാശച്ചെരുവില്‍ തെളിയാന്‍ തുടങ്ങുന്ന നേര്‍ത്ത ചന്ദ്രക്കല നോക്കിക്കൊണ്ടിരുന്നു.
ഇന്നലെ സന്ധ്യക്ക് കടല്‍ക്കരയില്‍നിന്ന് അസ്തമനം കണ്ടു.ജനാവലി ഒഴുകുന്ന വീഥികളിലൂടെ നടന്നു കടല്‍ക്കരയിലെത്തിയപ്പോള്‍ സൂര്യന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. കറുത്ത രേഖകള്‍ കലര്‍ന്ന ചുവപ്പ്.ചത്തുമലച്ച കടലേടികള്‍പോലെ കരയില്‍ ചെരിച്ചിട്ട മീന്‍തോണികള്‍.അവയ്ക്കിടയില്‍ മറവുകള്‍ വേണ്ട മനുഷ്യരുടെ നിഴലുകള്‍.കാറ്റാടി മരങ്ങളുടെ താഴെ അരമതിലിന്‍റെ നിഴല്പാടില്‍ നിന്ന്.ഇരുട്ടു പരക്കുന്നതുകണ്ടു.പുറംകടലില്‍ നങ്കൂരമിട്ടുകിടക്കുന്ന ചരക്കുകപ്പലിന്‍റെ വിളക്കുകള്‍ക്കു പ്രകാശം വര്‍ദ്ധിച്ചു വന്നു.ദീപസ്തംഭത്തിന്‍റെ വിളറിയ കണ്ണുകള്‍ വേദനയോടെ മിഴിയുകയും അടയുകയും ചെയ്തു.പിന്നില്‍ വെളിച്ചംപുരണ്ട പാതയിലൂടെ ജീവിതം ഒഴുകിക്കൊണ്ടിരുന്നു.ഇരുട്ടിനും വെളിച്ചത്തിനുമിടയ്ക്കു കടല്‍ കറുക്കുന്നത് കണ്ടു,കാറ്റ് ചൂളം വിളിക്കുന്നതുകേട്ട്,നിന്നപ്പോള്‍ മനസ്സ് നിറഞ്ഞു വിങ്ങി.
മരിക്കുകയാണ്.എന്‍റെ ഉള്ളില്‍ എന്തെല്ലാമോ മരിക്കുകയാണ്.
മരണം കാണാനെത്തിയവര്‍ പലരും പിരിഞ്ഞുപോയിരിക്കുന്നുവെന്ന് അയാള്‍ കണ്ടു.
മുറ്റത്ത്‌ താടിക്കാരന്‍ മാറത്തെ രോമങ്ങള്‍ തടവിക്കൊണ്ടു നടന്നു.വരാന്തയില്‍ കിഴവനും വേറെ രണ്ടു പേരും കുന്തിച്ചിരിക്കുന്നു.
ചെറുപ്പക്കാരന്‍ കൂട്ടംതെറ്റിപ്പോകുമെന്ന ഭയത്തോടെ വരാന്തയുടെ സമീപത്തേക്കു നടന്നു.
കിഴവന്‍ ചോദിച്ചു:
‘നേരെത്ര്യായി?’
‘വാച്ചില്ല.’
‘വണ്ടി സമയത്തിന് വന്നാല്‍ മത്യായിരുന്നു .’
വരാന്തയില്‍ കരഞ്ഞു ക്ഷീണിച്ച മുഖവുമായി നിലത്തേക്കു നോക്കി.കാല്‍മുട്ടില്‍ താടിയമര്‍ത്തിയിരിക്കുന്ന പതിനേഴുകാരനെ അയാള്‍ കണ്ടു.
താടിക്കാരന്‍ കിഴവന്‍റെ ആവലാതി ആവര്‍ത്തിച്ചു:
‘വണ്ടി ലെയ്റ്റാവാഞ്ഞാല്‍ മതിയായിരുന്നു.’
ചെറുപ്പക്കാരന്‍ പറഞ്ഞു:
‘ലെയ്റ്റാവില്ല .’
എങ്ങനെ അറിഞ്ഞുവെന്നാരും ചോദിച്ചില്ല.
‘എട്ടേ കാലിനല്ലേ വരണ്ട്?’
ചെറുപ്പക്കാരന്‍ കൂടുതല്‍ ധൈര്യത്തില്‍ പറഞ്ഞു:
‘അതെ,എട്ടേകാലിന്ന്.’
വരാന്തയിലെ വെളിച്ചം നേര്‍പ്പിച്ച മുറ്റത്തെ ഇരുട്ടില്‍ അയാള്‍ വണ്ടിയുടെ ശബ്ദം പ്രതീക്ഷിച്ചുകൊണ്ടു നടന്നു.
താടിക്കാരന്‍ ചോദിച്ചു.കണ്ണീര്‍ വറ്റിയ ദൈന്യത്തോടെ:
‘സ്റ്റേഷനിലാള് പോയിട്ടുണ്ടോ,രവീ?’
ഇടറുന്ന സ്വരത്തില്‍ മറുപടി:
‘വീടറിയും.അമ്മാമ്മ ഇബടെ വന്നിട്ടുണ്ട്.’
അവസാനം ചെറുപ്പക്കാരന്‍ വണ്ടിയുടെ ശബ്ദം കേട്ടു.തെക്കുനിന്നുള്ള വണ്ടി.
സ്റ്റേഷനില്‍നിന്നെത്താന്‍ എത്ര സമയം വേണം?അയാള്‍ വാതില്ക്കലേക്കു നോക്കിക്കൊണ്ട് ഉല്‍ക്കണ്ടയോടെ ഇരുന്നു.
ഇപ്പോള്‍ ബസ്‌സ്റ്റോപ്പിലെത്തിക്കാണും…ഇപ്പോള്‍…ഇടവഴിയുടെ തുടക്കത്തില്‍ നിര്‍ത്തിയിട്ട ശവവണ്ടിയുടെ കാര്യം അയാളോര്‍മ്മിച്ചു. അതുകടന്നാ യിരിക്കും വരുന്നത്.ഇല്ല,കാണില്ല.ഇരുട്ടില്‍ വെമ്പുന്ന കാലടികളോടെ നടക്കുമ്പോള്‍ ഒന്നും കാണില്ല.
കിഴവന്‍ നിരാശയോടെ പറഞ്ഞു:
‘ഈ വണ്ടിക്ക് വന്നിട്ടിണ്ടാവില്ല.വന്നാലെത്തണ്ട നേരമായിരിക്കണു.’
താടിക്കാരന്‍ അല്പം രോഷത്തോടെ പറഞ്ഞു:
‘നടന്നെത്തണ്ടേ?പറക്ക്വല്ലല്ലോ.’
വെളിച്ചം താടിക്കാരന്‍റെ മുഖത്ത് ശരിക്കുംവീണുകണ്ടതപ്പോഴാണ്.കറുപ്പും വെളുപ്പും കലര്‍ന്ന കുറ്റിത്താടിയുള്ള മുഖത്ത് ശാന്തമായ ഒരു ചൈതന്യമുണ്ട്.കണ്ണുകളില്‍ പരമഹംസന്‍റെ ചിരി.
നിമിഷങ്ങള്‍ മുറുകിപ്പൊട്ടി വീണുകൊണ്ടിരുന്നു.അപ്പോള്‍ ഇടവഴിയില്‍ ചെരുപ്പിട്ട കാലടികള്‍ പിടയ്ക്കുന്ന ശബ്ദം കേട്ടു.
ഓടിക്കൊണ്ടാണ് ഒതുക്കുകല്ലുകള്‍ കയറിയത്. കുംഭക്കാറ്റു പോലെ അകത്തേക്കു കടന്നുപോയി.അകത്ത് വീണ്ടും കൂട്ടനിലവിളിയുയര്‍ന്നു.
നെഞ്ഞത്തടിച്ച ശബ്ദമാണോ കേട്ടത്?
താടിക്കാരന്‍ ചെറുപ്പക്കാരനെ നോക്കി.
കിഴവന്‍ പറഞ്ഞു:
‘അകത്തുചെന്നു സമാധാനിപ്പിക്കൂ.ഇനി നേരം വൈകിക്കണ്ട.’
‘കരയണ്ട സമേത്ത് കരയ്വന്നെവേണം നാരായണന്നായരെ.’
വീണ്ടും നിശബ്ദത മൂടുപടം പോലെ വീണു.
‘നാരായണന്നായരേ,ഇനി ഒക്കെ വേഗം നോക്കിക്കോളിന്‍.’
കിഴവന്‍ പ്രാപ്തിയുടെ ലക്ഷണമായ ഒതുക്കത്തോടെ ജോലി തുടങ്ങി.
‘ദാ,ആ വെളക്കിങ്ങെടുത്തോളു.’
ചെറുപ്പക്കാരന്‍ റാന്തലെടുത്ത് തിരിനീട്ടിക്കാണിച്ചുകൊടുത്തു.കിഴവന്‍ മുറ്റത്ത് തെക്കുവടക്കായി പലകയിട്ട്,നാക്കിലയിട്ടു.നിലവിളക്കും നിറനാഴിയും വെച്ചു.
‘എടുക്ക്വല്ലേ?’
തന്നോടാണ്.ചെറുപ്പക്കാരന്‍ ‘നിങ്ങള്‍ പറയുന്ന പോലെ’ എന്ന ഭാവത്തില്‍ നിന്നു.
താടിക്കാരന്‍റെ പിറകെ,ഏറ്റവും അവസാനമായി ചെറുപ്പക്കാരന്‍ അകത്തേക്കു കടന്നു.
തളത്തിനപ്പുറം,വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ക്കിടയിലെ വിടവിലൂടെ അയാള്‍ ആദ്യം കണ്ടത് ശുഷ്കിച്ച കാലടികളാണ്.തുടര്‍ന്ന്,വെള്ളത്തുണി കൊണ്ടു പൊതിഞ്ഞ രൂപം.
തളത്തിന്‍റെ ഒരരുകില്‍ ചുവര്‍ ചാരി തളര്‍ന്നിരിക്കുന്നു.ഗൃഹനാഥനായ അയാള്‍ക്കരികില്‍ തൊട്ടുതൊട്ടിരുന്നു തേങ്ങിക്കരയുന്ന മൂന്നു പെണ്‍കുട്ടികള്‍.
അയാള്‍ ഒരിക്കലേ നോക്കിയുള്ളു.തൊട്ടുതൊട്ടിരിക്കുന്ന അവര്‍ പരസ്പരം വളരെ അകലത്തില്‍ ഒറ്റപ്പെട്ട ലോകത്തിലാണപ്പോഴെന്നു അയാള്‍ ഓര്‍ത്തുപോയി.
താടിക്കാരന്‍റെ ശാന്തമായ ശബ്ദം തേങ്ങലുകള്‍ക്കു മുകളില്‍ ഉയര്‍ന്നു.
‘കുട്ടികളേ,നമസ്ക്കരിക്കൂ.’
മുഖം പൊത്തി ചുമരിനുനേരെ തിരിഞ്ഞിരിക്കുന്ന പ്രായം ചെന്ന മനുഷ്യനോടു അയാള്‍ വീണ്ടും പറഞ്ഞു...
'മാഷും കുട്ടികളെപ്പോലെ ആയാലോ? രവീ,ഉം ചെല്ലൂ.'
ഈറന്‍ മുണ്ടുടുത്ത മകനാണ് ആദ്യം ചെന്ന് നമസ്കരിച്ചത്.അവസാനം വിളറി മെലിഞ്ഞ കൊച്ചുപെണ്‍കുട്ടി പതുക്കെപ്പതുക്കെ മുറിയിലേക്ക് കടന്നുപോകുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നവരാരോ മാറി.ചെറുപ്പക്കാരന്‍ അപ്പോള്‍ ആ മുറി മുഴുവന്‍ കണ്ടു.
വൈലറ്റ് നിറത്തിലുള്ള പാവാടയുടുത്ത ചെറിയ പെണ്‍കുട്ടി.തണുത്ത കാലടികള്‍ക്കു മുന്‍പില്‍ അവള്‍ വീണു തേങ്ങിയപ്പോള്‍ ആരോ പതുക്കെ പറഞ്ഞു:
‘കരയരുത് കുട്ടീ,കരയരുത്.’
അവള്‍ പതുക്കെപ്പതുക്കെ പുറത്തുകടന്നു പിന്നില്‍ സ്ത്രീകള്‍ക്കിടയില്‍ മറഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍റെ കണ്ണുകള്‍ നിറഞ്ഞു.തൊണ്ടയില്‍ എന്തോ കുടുങ്ങി നിന്നു.അയാള്‍ പുറത്തേക്കു ധൃതിയില്‍ നടന്നു.
രൂപമില്ലാത്ത ദുര്‍ബലമായ ചൂട്.നാക്കിലയിട്ട പലകമേല്‍ മൃതദേഹം കിടത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ കണ്ണുതുടച്ചു.
‘കിണ്ടീംവെള്ളം ഞാനെടുക്കാം.പേഴ്സ് ശങ്കരേട്ടന്‍റെ കൈയിലല്ലേ?മുന്നിലൊരാള് റാന്തല് കാണിക്കാ .’
കത്തിച്ചുവെച്ച റാന്തലെടുത്തു ചെറുപ്പക്കാരന്‍ മുന്നില്‍ നടന്നു.
പതുക്കെ.ഇറങ്ങുമ്പോള്‍ സൂക്ഷിക്കണം.
‘മാഷേ,ഞങ്ങള് നടക്കട്ടെ,മാഷ്‌ വരണ്ട.ഇവിടെ കുട്ട്യോള് തന്ന്യല്ലേള്ളൂ?' താടിക്കാരന്‍ പറയുന്നു.
മുകളിലെ പടിയില്‍ പ്രായം ചെന്ന മനുഷ്യന്‍ വളഞ്ഞുകുത്തി നില്‍ക്കുന്നത് ചെറുപ്പക്കാരന്‍ കണ്ടു.ഇടവഴി തിരിയുന്നേടത്തുനിന്നു നോക്കുമ്പോഴും അയാളവിടെയുണ്ട്.
സൂക്ഷിച്ച്…സൂക്ഷിച്ച്…
തണുത്ത റെയില്‍പ്പാളം.മഞ്ഞിന്‍തുള്ളികള്‍ വീണു നനഞ്ഞ വഴി.
നിരത്തിലെത്തിയപ്പോള്‍ റാന്തലിന്‍റെ ആവശ്യമുണ്ടായിരുന്നില്ല.എങ്കിലും തിരികെടുത്താതെ വണ്ടിയുടെകൂടെ ചെറുപ്പക്കാരന്‍ തലതാഴ്ത്തി നടന്നു.
ചെമ്മണ്‍നിരത്തിലെ പുതിയ വെട്ടുവഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോള്‍ നഗരവിളക്കുകളില്ല.റാന്തല്‍ കെടുത്താതിരുന്നതു ഭാഗ്യമായി.
ശ്മശാനം ഇരുള്‍മൂടിക്കിടന്നിരുന്നു.കാവല്‍പുരയുടെ വെളിച്ചത്തില്‍ ഒരു സുഷിരം മാത്രമുണ്ട് കരിമ്പടത്തില്‍. വിദഗ്ധരായ ശ്മശാനംജോലിക്കാര്‍ എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് .
കിഴവന്‍ രാത്രികാവല്‍പ്പുരയിലേക്ക് പോയി.ചിറി തുടച്ചു തിരിച്ചു വന്നത് കൂടുതല്‍ മദ്യത്തിന്‍റെ മണത്തോടെയാണ്.
ഇരുട്ടിന്‍റെ തീരത്തില്‍ ചെറുപ്പക്കാരന്‍ അസ്വസ്ഥനായി നിന്നു.മഹാസമുദ്രത്തില്‍ തീനാളങ്ങള്‍ വെളിച്ചത്തിന്‍റെ ഒരു ദ്വീപുണ്ടാക്കുന്നു.
വേദനയോടെ അടക്കിപ്പിടിച്ചുകൊണ്ട് അതുനോക്കി അയാള്‍ നിന്നു.
മടക്കയാത്രയില്‍ ആളുകള്‍ അവിടവിടെവെച്ചു പിരിഞ്ഞു.കിഴവന്‍ യാത്ര പറഞ്ഞില്ല.അവസാനം മരിച്ച വീടിന്‍റെ പടിക്കല്‍ വെച്ചു മകന്‍റെ കൈയ്യില്‍ വിളക്കേല്‍പ്പിച്ചു ചെറുപ്പക്കാരന്‍ തിരിഞ്ഞപ്പോള്‍ താടിക്കാരന്‍ പറഞ്ഞു:
‘ഞാനുംണ്ട്.’
ഇരുളിലൂടെ അവര്‍ നടന്നു. റെയില്‍പ്പാളം കടന്നു നിരത്തില്‍ കമ്പിക്കാലിന്‍റെ വെളിച്ചത്തിലെത്തിയപ്പോള്‍ താടിക്കാരന്‍ നിന്നു.
‘ഞാനീവഴിക്കു പോട്ടെ.’
യാത്രപറയാന്‍ മുഖമുയര്‍ത്താന്‍ ചെറുപ്പക്കാരന്‍ പ്രയാസപ്പെട്ടു.കാരണം തന്‍റെ കണ്ണുകളില്‍ നനവുണ്ടെന്നു അയാള്‍ക്കറിയാമായിരുന്നു.
‘എന്താ ചെയ്യാ,മനുഷ്യാവസ്ഥയല്ലേ?’
ശരിയാണ്‌ എന്നര്‍ത്ഥത്തില്‍ ചെറുപ്പക്കാരന്‍ തലയാട്ടി.അയാള്‍ കരയാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു.
‘എനിക്ക് മനസ്സിലായില്ല.മാഷ്ടെ ആരാ?മുഖപരിചയം ല്യാത്തോണ്ട് ചോദിച്ചതാ.കുടുംബത്തിലെയായിരിക്കും?’ അല്ല എന്നയാള്‍ തലയാട്ടി.
‘വളരെക്കാലായിട്ടുള്ള പരിചയായിരിക്കും.’
ചെറുപ്പക്കാരന്‍ നിശ്ശബ്ദം തിരിഞ്ഞുനടന്നു.
ഞാനാരുമല്ല;ഒരപരിചിതന്‍ മാത്രം എന്ന സത്യം പറയാതെ കഴിക്കാന്‍വേണ്ടി അയാള്‍ ധൃതിയില്‍ അടിവെച്ചു.തലേന്ന് കയറിക്കൂടിയ,പിറ്റേന്ന് താക്കോല്‍ തിരിച്ചേല്‍പ്പിക്കാന്‍ പോകുന്ന ഇടുങ്ങിയ ഹോട്ടല്‍മുറിയെപ്പറ്റിയുള്ള ഭീതി നിറഞ്ഞ മനസ്സോടെ,കമ്പിക്കാലുകള്‍ക്കു ചുവട്ടിലെ പ്രകാശവൃത്തങ്ങളിലൂടെ ഒച്ചയും അനക്കവുമുള്ള സ്ഥലങ്ങളിലെത്താനുള്ള വെമ്പലോടെ അയാള്‍ ഏകനായി നടന്നു.

Saturday, November 14, 2009

വിട്ടയക്കുക

- ബാലാമണിയമ്മ

വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ,ഞാ-
നൊട്ടു വാനില്‍പ്പറന്ന് നടക്കട്ടെ!
സുപ്രഭാതമടുത്തു,നഭസ്സിലേ -
യ്ക്കല്‍പ്പതിക്കുന്നു മാമകവര്‍ഗക്കാര്‍;
കൊച്ചു പക്ഷിയാം ഞാനോ,തമസ്സില്‍ത്താ-
നച്ഛമാമിപ്പുലര്‍വെളിച്ചത്തിലും.
പഞ്ജരത്തിന്‍റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കി ചിരിപ്പതായ്‌ തോന്നുന്നു.
മര്‍ത്യര്‍ തന്‍ പരിലാളനമൊന്നുമെ -
ന്നുള്‍ത്തടത്തിന്നു ശാന്തിയെ നല്കിടാ.
വിട്ടയച്ചാലുമെന്നെയിക്കൂട്ടില്‍ നി -
ന്നൊട്ടു പാറിപ്പറക്കട്ടെ വാനില്‍ ഞാന്‍.
ഭംഗിയേറിയ പൊന്നിന്‍മറയ്ക്കുള്ളി -
ലിങ്ങഴലുകളുച്ച്വസിച്ചീടുന്നു ;
അശ്രുസഞ്ചയമാവിയായ്‌പ്പൊങ്ങിപ്പോ -
യംബരത്തെപ്പുക പിടിപ്പിക്കുന്നു.
പൂവണിമധുമാസപ്പുലര്‍കാറ്റു
ജീവരാശിയെത്തട്ടിയുണര്‍ത്തുമ്പോള്‍ ,
ആശയാം പുഴുവുള്ളില്‍ക്കടന്നിട്ടെ -
ന്നാശയത്തെക്കരണ്ടു മുറിക്കുന്നു ;
സാന്ധ്യരാഗം നഭസ്സില്‍പ്പരക്കുമ്പോള്‍,
ശാന്തിയറ്റെന്‍ മനസ്സുപിടയ്ക്കുന്നു .
വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ,ഞാ-
നൊട്ടു വാനില്‍പ്പറന്നുനടക്കട്ടേ !
കാണ്മതുണ്ടതാ,തെല്ലകലത്തിലെന്‍
ജന്മഭൂമിയാം കാനനം മോഹനം!
താമരമലര്‍ക്കയ്യാല്‍ത്തടാകങ്ങള്‍
പ്രേമമോടെന്നെയങ്ങു വിളിക്കുന്നു;
പുല്‍ത്തളിരുകള്‍ പൂന്തുകില്‍ നെയ്യുന്നു ;
പുഷ്പരാജികള്‍ പുഞ്ചിരിക്കൊള്ളുന്നു ;
മത്തഭൃന്ഗങ്ങള്‍ മണ്ടിക്കളിക്കുന്നു ;
പത്രവല്ലികള്‍ ചുറ്റും പടരുന്നു.
ആ ലസദ്വനത്തിന്നു മീതേയൊരു
നീലമേലാപ്പു കെട്ടിയ വാനിടം
കാത്തുനില്‍ക്കുന്നു,സസ്നേഹമായെന്നെ
മൂര്‍ദ്ധനി മുകര്‍ന്നോമനിച്ചീടുവാന്‍ .
വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ,ഞാ -
നൊട്ടു പാറിപ്പറക്കട്ടെ വീണ്ടുമേ!

(ഈ സ്വാതന്ത്ര്യഗീതം കവയിത്രി
തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ എഴുതിയതാണ്.)

Wednesday, November 11, 2009

പഥികന്‍റെ പാട്ട്

-ജി.ശങ്കരക്കുറുപ്പ് 

മുകളില്‍ മിന്നുന്ന താരമേ,ചൊല്‍ക നീ-
യകലെയെങ്ങാനും പ്രഭാതമുണ്ടോ?
അരിമ കോലുന്ന നിന്നാനനമിങ്ങനെ
വിരിവതെന്തത്ഭുതഹര്‍ഷവായ്പാല്‍?
കുളിര്‍ കോരിയിട്ടിട്ടും നിന്നോടൊപ്പം കിട-
ന്നിളകുകയാണെന്നുണര്‍ന്ന ജീവന്‍.
തരളമാം നിന്‍കണ്ണിലോമനേ,കാണ്മു ഞാന്‍
ചിരിയോ,തിളങ്ങുന്ന കണ്ണുനീരോ?

ഇരുളില്‍നിന്നെന്നുമിരുളിലേക്കും സ്വയം
മരുവില്‍ നിന്നെന്നും മരുവിലേയ്ക്കും
പലയുഗമായിക്കടന്നു ചുറ്റിത്തിരി-
ഞ്ഞലയും മനസ്സിന്‍ ദുരന്തദാഹം.
ഉലകിലെ വേര്‍പ്പും പൊടിയുമേലാതെ മേല്‍-
നിലയില്‍ നില്‍ക്കുന്ന നീയറിയുകയില്ല.
അഴലിന്‍ കഥകളെ വിസ്തരിച്ചീടുന്ന
പഴയ കാലത്തിന്‍ സ്മരണ മാത്രം
ഉടനീളമാര്‍ന്ന വഴികളില്‍ക്കാല്‍ കുഴ-
ഞ്ഞിടറുമെന്നൊട്ടകം നീങ്ങിടുന്നൂ .
പിറകിലും മുന്‍പിലും രണ്ടു പാര്‍ശ്വത്തിലും
മുറവിളിയല്ലാതെ കേള്‍പ്പതില്ല!
ചിലരുടെ തൃഷ്ണ കുറയ്ക്കുവാന്‍ കുത്തുന്നു
പലരുടെ കണ്ണു തണ്ണീരിനായി!
അതിലെഴുമുപ്പിനാല്‍പ്പിന്നെയും പിന്നെയു-
മവരുടെ തൊണ്ട വരണ്ടിടുന്നു!
കരളിന്‍റെ സന്‍ചിയിലാര്‍ദ്രതതന്‍ ചെറു-
കണികയുമില്ലാതെയായ്ക്കഴിഞ്ഞു .
കുളിരും മണവും കലര്‍ന്നൊരു തെന്നലിന്‍
തെളി കൊതിച്ചെരിപൊരിക്കൊള്‍വൂ ഞങ്ങള്‍;
കൊലനിലത്തിങ്കലെച്ചോരതന്‍ പാഴ്മണം
കലരുന്ന കാറ്റേ വരുന്നതുള്ളൂ.
ഒരു മുഖമൂടി വെയ്ക്കാത്ത ചങ്ങാതിയെ-
യരികിലുമകലെയും കാണ്മതില്ല.
നിപുണരാം തസ്ക്കരഘാതകന്മാരുടെ
നിഴലുകളെങ്ങുമനങ്ങിടുന്നു.
അലയുകയാണെന്‍റെയൊട്ടകമീ വഴി-
യ്ക്കലഘുവാം ജീവിതഭാരമേന്തി.

കൊലവിളി കേള്‍ക്കാതെ,കൊലനിലം കാണാതെ,
കലഹവിദൂരമാം വിണ്‍പരപ്പില്‍
ഇരുള്‍ ചുഴന്നീടാതെ,കരളുഴന്നീടാതെ,
ദുരിതദുര്‍ഗന്ധം ശ്വസിച്ചീടാതെ,
അടിമയാക്കീടാതെ,യടിമയായീടാതെ-
യനുജന്‍റെ കണ്ണീര്‍ കുടിച്ചിടാതെ
ഉലകിന്‍റെ സര്‍ഗ്ഗകാലം മുതല്‍ക്കൊന്നിലു-
മുലയാതെ മേവുന്ന മോഹനാത്മന്‍!
ഗഗനകൂടാരം തുറന്നു നീ നൊക്കുകൊ,-
ന്നകലെയെങ്ങാനും പ്രഭാതമുണ്ടോ?
നിരുപമസ്നേഹത്തിന്‍ ചിറ്റോളമോലുന്ന
നിറവെഴും പോയ്കയെങ്ങാനുമുണ്ടോ?
തളരുമെന്നൊട്ടകത്തിന്നിളവേകുവാന്‍
തഴമരുപ്പച്ചയില്ലെങ്ങുമെന്നോ!

(1951- ല്‍ രചിക്കപ്പെട്ട 'പഥികന്‍റെ പാട്ട്' തന്‍റെ കാവ്യജീവിതത്തിലെ സ്പഷ്ടടമായ മാറ്റം കുറിക്കുന്ന കവിതയാണെന്ന് കവി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു)

Monday, November 9, 2009

കവിയുടെ പൂമാല

-ചങ്ങമ്പുഴ കൃഷ്ണപിള്ള


കമനീയ ചിന്തകള്‍ കോര്‍ത്തിണക്കി-
ക്കവിയൊരു കണ്‍കക്കും മാലകെട്ടി.
അനുമാത്രമെന്‍പാടു മായതിന്‍ നി-
ന്നനുഭവസൌരഭം വാര്‍ന്നൊഴുകി.
മൃദുലവികാരതരംഗകങ്ങ-
ളതിനു നിറപ്പകിട്ടേറെയേകി .

പരിചിലാ മാലയും കയ്യിലേന്തി
തെരുവിലവന്‍ ചെന്നലഞ്ഞു ചുറ്റി.
ധനദന്മാര്‍തന്‍ പടിവാതില്‍തോറും
കനിവിന്‍ കണികയ്ക്കവനുഴറി.
അപഹാസവീക്ഷണം മാത്രമല്ലാ-
തവനെന്നാല്‍ സിദ്ധിച്ചില്ലാരില്‍ നിന്നും
ഉദരത്തില്‍ തീയെരിഞ്ഞാ മിഴിക-
ളുദിതാശ്രുധാരയില്‍ മഗ്നമായി,
ഒരുവശം കാഞ്ചനനാണ്യജാല -
ത്തിരകളില്‍ത്തത്തുന്ന മദ്യകുംഭം,
മതിവിട്ടു മാറോടു ചേര്‍ത്തണച്ചു
മദഭരനൃത്തങ്ങള്‍ ചെയ്‌വൂ ലോകം!
ഒരു വശത്തൌന്നത്യം വേഷഭൂഷാ-
കിരണങ്ങള്‍ പാകിത്തളിര്‍ത്തുനില്‍ക്കെ;

അവതന്‍ തണലില്‍ മയങ്ങി മേന്മേ-
ലനുപമ സ്വപ്‌നങ്ങള്‍ കാണ്മൂ ലോകം!
ഒരു വശത്തുല്‍ക്കടവിത്തഗര്‍വ്വം
തുരുതുരെപ്പീരങ്കിയുണ്ട പെയ്കെ,
ഉയരുമസ്സാമ്രാജ്യതൃഷ്ണയാകു-
മുദധിയില്‍ക്കപ്പലോടിപ്പൂ ലോകം!

കലിതനൈരാശ്യ,മക്കൊച്ചുവാടാ-
മലര്‍മാല്യം കയ്യില്‍ വഹിപ്പൂ,കഷ്ടം,
പൊരിയും വയറുമായ്ക്കാവ്യകാരന്‍
തെരുവിലെരിവെയിലില്‍സ്സഞ്ചരിപ്പൂ!
ഒരുവനുമില്ലതിന്‍ മാറ്ററിയാ-
നൊരുവനുമില്ല വിലയ്ക്കു വാങ്ങാന്‍!
തെരുവിലന്നന്തിയില്‍ തൊണ്ട വറ്റി-
സ്സിരകള്‍ തളര്‍ന്നവന്‍ വീണൊടുങ്ങി!

സമകള്‍ പലതും പറന്നുപോയി;
സമരാങ്കണങ്ങളും ശാന്തമായി;
പല പല കുന്നുകള്‍ വീണടിഞ്ഞു;
പല ചെളിക്കുണ്ടും നികന്നകന്നു;
സമുദിതോത്‌കര്‍ഷങ്ങള്‍ പൂത്തു പൂത്തു
സമതലം മുന്നില്‍ തെളിഞ്ഞു മിന്നി.

തുരുതുരെപ്പൂവുതിര്‍ത്തുല്ലസിക്കും
മരതകക്കാടിന്‍ നടുവിലായി
അവികലശാന്തിതന്‍ പേടകം പോ-
ലവിടെയക്കാണ്മതേതസ്ഥിമാടം?
പരിണതവിശ്വാഭിനന്ദനങ്ങള്‍
പനിനീര്‍ തളിക്കുമപ്പുണ്യഭൂവില്‍,
സുകൃതൈകപാത്രമായത്യുദാരം
സുഖസുപ്തികൊള്ളുന്നതേതു ചിത്തം?

ഒരു നൂറ്റാണ്ടപ്പുറം,തീവെയിലി -
ലുരുകിത്തളര്‍ന്നൊരബ്ഭിക്ഷുഹസ്തം!
പരിതപ്ത ചിന്തകള്‍ കോര്‍ത്തിണക്കി -
പ്പരിച്ചില്‍ നിര്‍മ്മിച്ചൊരപ്പുഷ്പമാല്യം,
അണുപോലും വാടാതപ്പുണ്യഭൂവി -
ലഴകില്‍ക്കുളിച്ചിന്നുമുല്ലസിപ്പൂ!
ജനചയാരാധനാസേവനങ്ങ-
ളനിശമതിന്‍ മുന്നില്‍സ്സംഭവിപ്പൂ!

Tuesday, November 3, 2009

അന്നത്തെ കൂലി

-കാരൂര്‍ നീലകണ്ഠപ്പിള്ള
  
  അവന്‍ മാടത്തിലേക്ക് ചെന്ന് കേറി-പടുകാലം പിടിച്ച തള്ള,പേറടുത്ത കെട്ടിയവള്‍,വയറു കത്തി തളര്‍ന്ന കിടാങ്ങള്‍...ഇവരുടെ ഇടയിലേക്ക്...
  തറ വെളുത്തപ്പോള്‍ തുടങ്ങി അന്തിമയങ്ങുന്നതുവരെ അവന്‍ കിളച്ചു.ആദിത്യന്‍ അവനെ മുത്തുമണികളണിയിച്ചു സല്ക്കരിച്ചതും അലസനായ പവനന്‍ അവയെ അപഹരിച്ചതും അവനറിഞ്ഞില്ല.അങ്ങ് പടിഞ്ഞാറ് മാനത്ത് ചെങ്കൊടി ഉയര്‍ന്നതും രാത്രി അതു മാറ്റിക്കളഞ്ഞതും ആ വേലക്കാരന്‍ ശ്രദ്ധിച്ചില്ല. "കൂലി നാളെ..." എന്ന് തന്‍റെ തമ്പുരാന്‍ പറയുന്നതും കേട്ട് നാളത്തേക്കുള്ള വേല വിവരം തമ്പുരാനോട്‌ ചോദിച്ചു മനസ്സിലാക്കിക്കൊണ്ട് അവന്‍ നടന്നു.ഇരുട്ട് അവനെ വിഴുങ്ങി.ഒരു പീടികയുടെ മുമ്പില്‍ അവന്‍റെ ശബ്ദം കേട്ടു;അതുകഴിഞ്ഞ് ഒരു പുലമാടത്തിന്‍റെ മുറ്റത്തും.അവിടന്ന് അവന്‍ മാടത്തില്‍ ചെന്നു.
"അമ്മന്‍റെ കയ്യിലൊന്നുവില്ല"-എന്ന തേവയുടെ പരാതിയും  
"ഇതെന്നാ ഇങ്ങനെ?"-എന്ന പുലയിയുടെ അന്വേഷണവും ഒന്നിച്ചു അവന്‍റെ നേരെ ചാടി.
"ഇന്ന് കൂലി കിട്ടിയില്ലേ?"-പുലയി ആവര്‍ത്തിച്ചു.
"വെള്ളിയാഴ്ചേം ആയിക്കൊണ്ട്‌ അറേന്നു നെല്ലെടുത്ത് കൊടുക്കുവോടീ വല്ലോരും?"
"ഒരു പിടി താവല്.അതു പടിക്കെ ചോദിക്കാര്‍ന്നല്ലോ,അമ്മിക്ക് വല്ലോം വെച്ച് കൊടുക്കണ്ടേ?"
"ആ കൊച്ചമ്പിരാന്‍ പറഞ്ഞെടീ,അരിപ്പെട്ടി പൂട്ടി താക്കോല് തമ്പിരാട്ടി എങ്ങാണ്ട് വെച്ചിരിക്കുവാന്ന്."
"ആ കടേന്നെങ്ങാനും നാഴിയരി കടം മേടിച്ചോണ്ട് പോന്നില്ലല്ലോ."
"ഒന്നാന്തിയാ പോലും ഇന്ന്.ഒന്നാന്തിയായിട്ടു കടം കൊടുക്കതില്ല പോലും."
"അമ്മീ...കുഞ്ചി!"-ഒരു കൊച്ചു പറഞ്ഞു.
"ഒന്നാന്തിയായകൊണ്ട് കടം കൊടുക്കത്തില്ല.വെള്ളിയാഴ്ചയായ കൊണ്ട് കൂലി കൊടുക്കത്തില്ല,ഒന്നാന്തീം വെള്ളിയാഴ്ചേം ആയിട്ട് പെലമാടത്തി തീ പൂട്ടുകേം വേണ്ട.ഇതെന്തിര് മൊറ!"-എന്ന് പറഞ്ഞു മാല
"നമ്പട തലേലെഴുത്താടീ!"-ആ മാടത്തിലെ തലവന്‍ പറഞ്ഞു.
"അന്തിയോളം പണിയിച്ചിട്ടു കൂലി കൊടുക്കാതെ പറഞ്ഞയക്കുന്നോര്‍ക്കറിയാവോ പാവങ്ങടെ വെഷമം"-മാല പൊറുപൊറുത്തു .
"എനിക്കൊന്നുമ്മേണ്ടാടീ "-കിഴവി പറഞ്ഞു.
"വെള്ളിയാഴ്ചേം ആയിട്ട് നെല്ലും ചക്രോം കൊടുത്താ പടിക്കലേക്കു നശിപ്പാടീ"-കേരുളന്‍കര്‍ത്താവിന്‍റെ അടിയാന്‍ സഗൌരവം പറഞ്ഞു.
"ഒരു മാടത്തിലൊള്ളോരൊക്കെ പട്ടിണികെടന്നാ നശിപ്പൊന്നും വരികേലപോലും" -വിശന്നിട്ടു ലഹളകൂട്ടുന്ന കിടാങ്ങടെ തള്ള പറഞ്ഞു.
കുറച്ചുനേരം കഴിഞ്ഞ് അവള്‍ പുലയനോട് പറഞ്ഞു:"അമ്മിക്കെന്നാ കൊടുക്കുവെന്നു പറ .അങ്ങേ മാടത്തിച്ചെന്നാ വല്ലോം കാണുവാവോ !"
കൊച്ചാത്തന്‍:"ഒവ്‌വേ,ഞാനിങ്ങു പോന്നപ്പം ചോതീടെ മാടത്തി ചോതിക്കാണ്ടാ?അവന്‍ നടുവെട്ടലായിട്ടിന്നു വേലയ്ക്കു പോയില്ല"
"എനക്കൊന്നും മേന്ടെന്നു പറഞ്ഞില്ലേടി?നീ വല്ല കപ്പയോ മറ്റോ ഒണ്ടേ തെകത്തി കിടാങ്ങക്ക് കൊട്"-മുതുക്കി പറഞ്ഞു.
"കപ്പയെവിടിരിക്കിണ്?"-മാലയുടെ ഈ വാക്ക് ഉറങ്ങാനുള്ള സൂചനയായി മനസ്സിലാക്കിയ കുട്ടികള്‍ അവിടെയൊരു സ്വൈര്യക്കേടുണ്ടാക്കി-ഒന്നിന്‍റെ പായ്ക്കഷ്ണം മറ്റൊരു കൊച്ചെടുത്തു.മൈലന്‍ കിടക്കാറുള്ള അരികില്‍ കണ്ണന് കിടന്നേ കഴിയൂ.അങ്ങനെ വാശിയും വഴക്കും കരച്ചിലും; ഇതിനെയെല്ലാം താങ്ങി നിറുത്തിക്കൊണ്ടു അനുസരണക്കേടും ." കുറെക്കഴിഞ്ഞപ്പോള്‍ മാല തണ്ടിന് കേടുവരാതെ നാലഞ്ചു കപ്പക്കിഴങ്ങ്‌ മാന്തിയെടുത്തു.
കണ്ണനും തേവയും കൂടി കപ്പയരിഞ്ഞുതുടങ്ങി.
കൊച്ചാത്തന്‍ :"എന്‍റെ ദൈവേ! ഇതെന്നാടീ ഈ ചെയ്തെ?നെനക്കന്നത്തേടം കഴിയണന്നേ ഒള്ളോ."
മാല:"നിങ്ങക്ക്‌ അന്നത്തേടം കഴിയണ്ടെന്നും."
കണ്ണന്‍:(തേവയോട്)"ഇത് മുഴുവന്‍ ഞാന്‍ വേണേല്‍ തിന്നാം."
തേവ:"ഒറങ്ങുന്നോര്‍ക്ക് കൊടുക്കേണ്ട "
മൈലന്‍ കിടന്നകിടപ്പില്‍ വിളിച്ചു പറഞ്ഞു : "എന്നാല് നീ കെടന്നൊറങ്ങിക്കോ."
അരിഞ്ഞ കപ്പ അടുപ്പത്തായി .
"പൂ -ഹേയ് "-എന്നൊരു വിളി അതിരിന് വെളിയില്‍ കേട്ടു.പുറകെ  
"കടമ്പയെവിടെയാ?" എന്നൊരു ചോദ്യവും. "വടക്കോട്ടു നീങ്ങി-ആ കോട്ടമാവിന്‍റെയടുത്ത് " എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആ വലിയ പുരയിടത്തില്‍ക്കൂടി കടമ്പയ്ക്കലേക്ക് ചെന്നു വിരുന്നുകാരുമായി കൊച്ചാത്തന്‍ തിരിച്ചു വന്നു.
"അഴകിയോ?" എന്ന ചോദ്യം കൊണ്ട് മാല അവരെ സ്വീകരിച്ചു.
"അമ്മയെന്തിയെ?" എന്ന് ചോദിച്ചു കൊണ്ട് അഴകി മാടത്തിലേയ്ക്ക് കുനിഞ്ഞു കയറി.
അതിഥികളെ കാണാന്‍ കിടാങ്ങള്‍ പിടഞ്ഞെഴുന്നേറ്റു.തിന്നാന്‍ വല്ലതുമുണ്ടോ എന്ന് അവര്‍ കൊതിയോടെ കണ്ണോടിച്ചു.
മകളെ കാണാന്‍ കിഴവി എഴുന്നേറ്റിരുന്നു.
നാത്തൂന്‍റെ മകനെ മാല പുണര്‍ന്നു.
"അമ്മയുടെ ദെണ്ണം പൊറുത്തില്ലേ?" എന്ന് ചോദിക്കുന്നത്തിനിടയില്‍ അഴകി ആങ്ങളയുടെ മക്കളെ തഴുകി.
വിരുന്നുകാരു കൊണ്ടുവന്ന ഒരു പഴുത്ത കപ്ലങ്ങാ ഒരു കലശലിന്‍റെ ഇടയ്ക്ക്‌ ആ കൊച്ചുങ്ങള്‍ പങ്കുവെച്ച് തിന്നു.എന്നിട്ട് അവര്‍ , അതുകൊണ്ടു വന്ന കുഴിയനെ വര്‍ത്തമാനം കൊണ്ട് രസിപ്പിച്ചു.
അളിയനും അളിയനും ആണുങ്ങള്‍ക്ക് ചേരുന്ന വര്‍ത്തമാനങ്ങള്‍ പറയാനാരംഭിച്ചു.
മാല ഒറ്റയ്ക്കിരുന്നു ആലോചിക്കാനും തുടങ്ങി -'വിരുന്നുകാര്‍ക്ക് വയറിനു വല്ലോം കൊടുക്കണ്ടേ?' "അഴകിയെപ്പോളാടീ പോന്നെ മാടത്തീന്നു?"-തള്ള ചോദിച്ചു.
"ഉച്ചയ്ക്ക് മിന്നം പോന്നതാ.ഈ കുഴിയന്‍ നടക്കുകേല.പിന്നെ എടുത്തും നടത്തീം ഇരുന്നും ഇങ്ങെത്തി."
കിഴവി :"കൊയ്ത്തു തുടങ്ങിയില്ലേ അവിടെയൊക്കെ?"
അഴകി:"തിങ്കളാഴ്ച തൊടങ്ങും.കൊയ്ത്തു തൊടങ്ങിയാപ്പിന്നെ പോരാനൊക്കത്തില്ല.അതാ ഇന്ന് പോന്നെ.കാലത്തെ പോണം. ഇവിടെ പടിക്കലേക്ക് കൊയ്യാറായില്ലേ ?"
കിഴവി:"ഇവിടെ കൊയ്യാനാരാ?മാലയ്ക്കു പോയതാ മാസവെന്നു പറഞ്ഞോണ്ടിരുന്നു.ഇന്ന് ഒന്നാന്തിയായില്ലേ?അവളു വേലയ്ക്കു പോകാതെയായിട്ടിന്നു നാലഞ്ചായി."
അഴകി:"അമ്മിക്കാണേത്തെണ്‍ണോം."
കിഴവി:"എല്ലാം കൂടെയൊത്തു.എന്നാ ചെയ്യും?"
തേവ ചെന്ന് മാലയോട് പറഞ്ഞു:"രണ്ടുമൂട കപ്പകൂടെ പറിക്കമ്മീ"
അതിനു മറുപടിയുണ്ടാകാഞ്ഞ് അവളതു തന്നെ വീണ്ടും പറഞ്ഞു:"ഈ കിടാത്തിയെന്നാപ്പിന്നെ!" എന്ന മാലയുടെ ശാസന കേട്ട് അവളടങ്ങി .
"കാലത്തും നേരത്തും മഴ പെയ്യാഞ്ഞാപ്പിന്നെ നെല്ലെങ്ങനെയൊണ്ടാകുമെന്ന് പറ" എന്ന് അതിഥിയും "അതല്ലേ പറഞ്ഞെ,പടിക്കലാണേല് ഈ പൂവില് രണ്ടായിരപ്പറ നെല്ല് കാണേണ്ടതാ.ഈ വെഴം കുത്തിമറിഞ്ഞാ വിത്തും കൂലീം കിട്ടിയേലായി.തമ്പിരാന്‍മാര്‍ക്കൊണ്ടായാലല്ലാതെ, വേലയെടുത്തിട്ടായാലും അടിയാര്‍ക്ക് വല്ലോം കിട്ടുവോന്ന്?" എന്ന് വീട്ടുകാരനും.  
"പെലേര്‍ക്ക് ചെരിക്ക് കൂലി കൊടുക്കാഞ്ഞാ നേരത്തും കാലത്തും മഴ പെയ്യാത്തെ" എന്ന് അഴകിയും പറഞ്ഞു.
പുലയനെ അടുത്ത് വിളിച്ചു മാല മന്ത്രിച്ചു:"അവരുച്ചയ്ക്കുമിന്നം പോന്നതാന്നു പറയണ കേട്ടില്ലേ?അവര്‍ക്കെന്നാ കൊടുക്കുന്നെ ?"
"ഇവിടെ കപ്പയരിയണ കണ്ടിട്ട് ?"
"കപ്പ തന്നെ കൊടുക്കാനോ?ഈ വഴിയൊക്കെ നടന്നു വന്നിട്ട് ഇത്ര കഞ്ഞിവെള്ളം കുടിക്കാണ്ടവരെങ്ങനെ കെടക്കും?"
"അല്ലാണ്ടിപ്പപ്പിന്നെ എന്നായെടുക്കാനാന്നു പറ."
"വല്ലടോം ഒന്നു പോയേച്ചു വന്നെ!"
"എവിടെപ്പോകാനാടീ ?"
"ചേട്ടത്തി എന്നാ ഒന്നും മിണ്ടാത്തെ?"-അഴകി ചോദിച്ചു .
"മിണ്ടാമ്മരുന്നു" എന്ന് അഴകിയോടു പറഞ്ഞിട്ട് കൊച്ചാത്തനോട് പറഞ്ഞു:"അങ്ങേ മാടത്തിലെങ്ങാനും ചെന്ന് നാഴിയരി കിട്ടുവോന്ന് നോക്കാനേ."
"ചോതിയേടെ മാടത്തിപ്പോയേച്ചല്ലേ വന്നെ? ഇനി പാറക്കൂട്ടത്തില്ലൊന്നു പോയി നോക്കാം.പെലമാടത്തിലെവിടുന്നു കാണാനാടീ?"
"കാണും.ചെന്നേച്ചു വരിന്‍"
"അളിയാ,പാടത്ത് ഒന്നു നോക്കിയേച്ചിപ്പം വന്നേക്കാം.ഇരി"എന്ന് പറഞ്ഞിട്ട് കൊച്ചാത്തന്‍ പോയി,അങ്ങേ കുന്നിലെ മാടത്തിലേയ്ക്ക്‌.വേഗം തിരിച്ചു വരികയും ചെയ്തു,പോയതുപോലെ തന്നെ.
ആ പുലയനും പുലയിയും ഇരുട്ടത്ത്‌ നിന്നാലോചിച്ചു.ഒടുവില്‍ പുരുഷന്‍ കൈയ്യൊഴിഞ്ഞു :"ഒക്കാത്ത കാര്യത്തിനു എന്നായെടുക്കാനാ?"
"എന്‍റെ ദൈവം തമ്പുരാനെ!അവരുടെ കൂട്ടത്തിലൊരു കൊച്ചുവൊണ്ടല്ലോ .ദൈവത്തിനു നെരക്കണ്ടേ ?"
കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടാത്തെ നിന്നു.കൊച്ചാത്തന്‍ വിരുന്നുകാരനുമായി വര്‍ത്തമാനം പറഞ്ഞു തുടങ്ങി.
മാലയുടെ തല പുകഞ്ഞു.അവള്‍ നോക്കുന്ന വഴിക്കെല്ലാം ഒടുങ്ങാത്ത ഇരുട്ട്.
ആ കുന്നിന് താഴെയുള്ള പാടത്തിന്‍റെ അരികിലിരുന്നു തവളക്കൂട്ടം അവളെ 'വാ!വാ!' എന്നു വിളിച്ചു.  
"എന്തിരുട്ടാ...എന്നാപ്പിന്നെ.കുറ്റാണോ വല്ലോം നട്ടാലൊടേനൊന്നും കിട്ടാത്തെ!ഈ ഇരുട്ടത്ത്‌ ആര് കാണാനാ?" അഴകിയുടെ പുലയന്‍ പറഞ്ഞു.
"നിങ്ങടങ്ങു കള്ളന്മാരുണ്ടോ?"കൊച്ചാത്തന്‍ ചോദിച്ചു.
"ഒണ്ടോന്ന് ! പണ്ടെങ്ങും കേട്ടിട്ടില്ല കട്ടുകൊയ്തെന്ന്.ഇപ്പളതു നടപ്പായി" എന്നു പറഞ്ഞു അവന്‍റെ അളിയന്‍. "എങ്ങനെ കട്ടുകൊയ്യാതിരിക്കുവെന്നു പറ.പക മുപ്പതും വേല ചെയ്താ ഒരു കൂലിയാന്‍ നെല്ലേയൊള്ളു അടിയാര്‍ക്കു കൂലി. വേലയെടുക്കുന്നോര്‍ക്കു കൊടുത്തില്ലേ കള്ളന്മാരു കൊണ്ടുപോം." അഴകി പറഞ്ഞു.
മാല മൌനമായി ഇരുട്ടത്ത്‌ നിന്നു.
തിങ്കളാഴ്ച ആ പാടത്ത് കൊയ്യാന്‍ കാച്ചിച്ചു വച്ചിരിക്കുന്ന അരിവാള്‍ അവള്‍ കയ്യിലെടുത്തു.അവളുടെ കൈ വിറച്ചതവള്‍ വകവെച്ചില്ല. ആ പാടത്തിന്‍റെ ചൊവ്വിനു നോക്കിയാ അവളുടെ കണ്ണിരുണ്ടു.'എന്‍റെ ദൈവംതമ്പുരാനേ!' എന്നു പൊറുപൊറുത്തുകൊണ്ടു മാല കാല്‍വച്ചു . ആ പെണ്ണാളിന്‍റെ കാലിടറി.
'ഒടേതമ്പുരാന്‍ പൊറുക്കും' എന്നു മുരണ്ടുകൊണ്ട് അവള്‍ നടന്നു.അവള്‍ പാടത്തിന്‍റെ കരയിലായി.എന്തോ പറഞ്ഞുകൊണ്ടു തോട്ടിലെ വെള്ളം പാഞ്ഞു പോയി. തങ്ങളുടെ കാവിലുള്ള ആ വിശാലമായ വയലിന്‍റെ അരികിലേയ്ക്ക്‌ ആ പൂര്‍ണഗര്‍ഭിണി ഇറങ്ങി.'അരുത്‌' എന്നാരോ പറഞ്ഞെന്നവള്‍ക്ക് തോന്നി.ചുറ്റും നോക്കി.അവള്‍ കണ്ടു,വയലിന് ചുറ്റും കരിങ്കുപ്പായം ധരിച്ചു കാവല്‍ നില്‍ക്കുന്ന രാക്ഷസന്മാരെ-നിശ്ചലം നിലകൊള്ളുന്ന വന്‍വൃക്ഷങ്ങളെ.അവളൊന്നു നോക്കി നിന്നുപോയി.
വരമ്പിന്‍റെ വക്കിലിരുന്നു തവളകള്‍ 'പോ,പോ' എന്നു അവളെ ശാസിച്ചു.മരക്കൊമ്പിലിരുന്ന ഒരുപക്ഷി ചിറകിട്ടടിച്ച്‌ അവളെ പേടിപ്പിച്ചു.അവള്‍ കരയ്ക്ക്‌ കയറി ;വന്ന വഴി തിരിച്ചു;മാടത്തിലേക്കുള്ള ദൂരം അളക്കുന്ന മട്ടില്‍ നടന്നു;ആ വിശപ്പിന്‍റെ കുടില്‍ നോക്കി.'സാരമില്ല' എന്നു നക്ഷത്രങ്ങള്‍ കണ്ണടച്ചുകാണിച്ചു.അവള്‍ തിരിച്ചു നടന്നു;അതിവേഗം വയലിലെത്തി.
കേരുളന്‍ കര്‍ത്താവിന്‍റെ കണ്ടത്തിനരികില്‍നിന്ന് ആ പുലയി കുറെ കതിരുകള്‍ കൊയ്തെടുത്തു.ആ പാടത്തെ പണിക്കാരില്‍ മൂപ്പനായ കൊച്ചാത്തന്‍റെ പുലയി ഒരു ചെറിയ കറ്റയ്ക്കു മാത്രം കൊയ്തെടുത്തു.തിങ്കളാഴ്ചയ്ക്കു മുന്‍പ്‌ അവള്‍ പ്രസവിച്ചുപോയാല്‍ ഇത്തവണത്തെ അവസാനത്തേതായ കൊയ്ത്ത്‌! മരക്കൊമ്പിലിരുന്നു മൂങ്ങാ മൂളി.കുറുക്കന്‍ ഇക്കാര്യം വിളിച്ചു കൂവി.
പ്രഭുവായ കര്‍ത്താവിന്‍റെ ഗൃഹത്തിലെ പട്ടിയും മൃഷ്ട്ടാന്നഭോജനം കഴിച്ചു വീര്‍പ്പുമുട്ടി വിഷമിക്കുമ്പോള്‍ മാല കതിരുകളും കൊണ്ടു മാടത്തിലെത്തി.അത് ചവിട്ടി.പാറ്റി.അളന്നു."ഇന്നത്തെ കൂലി പടിക്കേന്നിത്രേം കിട്ടാനുമുണ്ട് " എന്നു അവള്‍ തന്നത്താന്‍ പറഞ്ഞു.
ആ പച്ചനെല്ല് ആവികൊള്ളിച്ചു. വറത്തുകുത്തി; കഞ്ഞിവെച്ചു. ഇതെല്ലാം അതിവേഗം കഴിഞ്ഞു.
എല്ലാവരും വട്ടത്തിലിരുന്നു.കപ്പപ്പുഴുക്കും കൂട്ടി ആ പുലയര്‍ നേര്‍ത്ത കഞ്ഞി കുടിച്ചു,കൊച്ചാത്തനൊഴികെ. കുറച്ചുകഴിഞ്ഞ് കൊച്ചാത്തന്‍ മാലയോട് പറഞ്ഞു:"എന്‍റെടീ നീ ചെയ്ത പെഴ തമ്പിരാന്‍ പൊറുക്കത്തില്ല"
"ദൈവം പൊറുക്കും" എന്നവളും.
"തമ്പുരാനും പൊറുക്കണ്ടേ?തമ്പുരാന്‍റെയല്ലേടീ മൊതല്?"
"വെളുക്കുമ്പം പടിക്കച്ചെന്ന്,പൊറുക്കണേന്ന് പറയണം."
"എങ്ങനെ പറയാനാടീ? പെലേര് സത്യവിരോതം ചെയ്യാവോടീ?ഇന്നു വെള്ളിയാഴ്ച്ച ആയിട്ട് കതിര് തൊടാവോന്ന്"
"എന്നാപ്പടിക്കെ അറിയെണ്ട."
"എനിക്കൊന്നും അറിയാമ്മേല." എന്നു കൊച്ചാത്തന്‍ ഉപസംഹരിച്ചു.
ആ വേലക്കാര്‍ സര്‍വംസഹയുടെ മാര്‍ത്തട്ടിലങ്ങു മയങ്ങി.
മാല പലതവണ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്തു.
മെലിഞ്ഞ ചന്ദ്രന്‍ ആ വൃത്തിഹീനരെ തിരക്കിവന്ന് ദുര്‍ബല കരങ്ങളാല്‍ തലോടി.
കൊച്ചാത്തന്‍ ഉറക്കത്തില്‍ പേയും പിച്ചും പറഞ്ഞു.പുലര്‍കാലേ മാല പെറ്റു.കിഴക്കെക്കുന്നിന്‍റെ അപ്പുറത്തുനിന്ന് സൂര്യന്‍ എത്തിനോക്കി,ആ പുലയരുടെ ആഹ്ലാദം കാണാന്‍.
കൊച്ചാത്തനു കുറെ തിരക്കുണ്ട്.പുലയിയുടെ പേറ്റിനുവേണ്ടതൊക്കെ ഇനിയാണന്വേഷിക്കേണ്ടത്.ഏതായാലും കട്ടുകൊയ്തകാര്യം കര്‍ത്താവറിഞ്ഞു, കൊച്ചാത്തന്‍ അറിയിക്കാതെ തന്നെ.
നിഴല്‍ കിഴക്കോട്ടു തിരിഞ്ഞപ്പോഴേക്ക് കൊച്ചാത്തന്‍ ബന്തവസ്സിലായി.പച്ചക്കച്ചിയുമെടുപ്പിച്ചുകൊണ്ടു അവനെ കച്ചേരിയിലേയ്ക്ക്‌ കൊണ്ട് പോയി. മാല കിടന്ന കിടപ്പില്‍ എന്തോ വിളിച്ചു പറഞ്ഞതാരും ഗൌനിച്ചില്ല.തമ്പുരാന്‍ അടിയാനോടോന്നും ചോദിച്ചില്ല.അവന്‍റെ കരച്ചില്‍ അദ്ദേഹം കേട്ടുമില്ല.
കോടതി മുന്‍പാകെ കൊച്ചാത്തന്‍ കളവു പറഞ്ഞു,താന്‍ കുറ്റം ചെയ്തെന്ന്.
ന്യായാധിപന്‍ അവനു ഒരുമാസത്തെ തടവുശിക്ഷ നല്‍കി,വിളവു മോഷ്ടിച്ചതിന്.