Tuesday, February 23, 2010

പുറംകാഴ്ചകള്‍

- സി വി ശ്രീരാമന്‍


ഈറ്റക്കാടുകള്‍ ഒന്നകന്നപ്പോള്‍ അയാള്‍ താഴെ,വളരെ താഴെ കണ്ണുകള്‍ ഓടിച്ചു.

മലനിരകള്‍ക്കിപ്പോള്‍ ഇളംനീലനിറമാണ്. ഉള്‍ക്കടലിന്‍റെ നീലിമ.ഗിരിശിഖരങ്ങളിലെ വെളുത്തമഞ്ഞിനു നുരയുടെ ദൃശ്യമുണ്ടായിരുന്നു.

ബസ്സിന്‍റെ ചക്രങ്ങളുടെ ഇരമ്പം. വിരസമെങ്കിലും ഒരു വാദ്യസ്വരം പോലെ ശ്രവണേന്ദ്രിയത്തോട് ഇണങ്ങുന്നു. ഇരുപുറം കാഴ്ചകള്‍ ഭിന്നങ്ങളാണ്… പക്ഷെ,നേരെ മുന്നില്‍ കാണുന്നത് ഒന്നുമാത്രം.കാട്ടുപാത… ഭയന്നോടുന്ന ഉടുമ്പിനേപ്പോലെ വണ്ടിച്ചക്രങ്ങള്‍ക്ക് മുന്നില്‍ കാട്ടുപാത ഓടിയോടിയകലുന്നു….

പുറംകാഴ്ചയിലെ പുതുമ നശിക്കുമ്പോഴൊക്കെ അയാള്‍ കണ്ണുകള്‍ അടച്ച് ഇരിക്കും. ഏതെങ്കിലും വളവു തിരിയുമ്പോള്‍ വെളിച്ചത്തിന്‍റെ അനുഭൂതി തോന്നും. കണ്ണുകള്‍ തുറന്നു നോക്കും. വീണ്ടും ഇളംനീലമഞ്ഞും മലയും മലയിടുക്കുകളില്‍ തിരുകിവെച്ച കനത്ത മഞ്ഞിന്‍ചീളും കാണാം…. പുതുമക്ക് മാത്രം ചിലപ്പോള്‍ മലയുടെ മുതുകിലോ പള്ളയിലോ വിവിധ നിറത്തിലോ ആകൃതിയിലോ പാറകള്‍ കാണാം.

ഇന്നും ഈ ഭൂപ്രദേശം അറിയപ്പെടുന്നത് തന്നെ അങ്ങനെയല്ലേ… അനേകം പാറകളുടെ പേരില്‍. വാല്‍പ്പാറ, മലക്കപ്പാറ, വെറ്റിലപ്പാറ… അങ്ങനെ പോകുന്നു പേരുകള്‍.

ഈ പേരുകളോരോന്നും നല്‍കിയത് ആരായിരിക്കും?

വളരെ പണ്ട്,ഈ പ്രദേശം സമതലത്തിലെ മനുഷ്യന് അപ്രാപ്യമായിരുന്ന ദിശയില്‍…
അന്ന് സമതലത്തിലെ മനുഷ്യര്‍ വിസ്മയത്തോടെ നോക്കിനിന്ന് ഈ മലകളെ പരിചയപ്പെടുത്തിയിരുന്നത് ഈ പേരുകളിലൂടെയാണോ… ഓരോ മലകളുടെയും മറു നോക്കി അതിന്നനുയോജ്യമായ പേരുകള്‍…

അതോ പേരുകള്‍ നല്‍കിയത് പിന്നെ വന്ന കാട്ടുമര കവര്‍ച്ചക്കാരോ…?

അല്ലെങ്കില്‍ കാട്ടുമര കവര്‍ച്ചക്കാരും വനം വകുപ്പും ചേര്‍ന്ന് കോഡുവാക്കുകള്‍ ഉണ്ടാക്കിയപ്പോള്‍ ഈ പേരുകള്‍ സ്ഥായീകരിക്കപ്പെട്ടതാണോ….?

ബസ്സിന്‍റെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഒഴിഞ്ഞ സീറ്റുകള്‍ കലിതുള്ളുന്നു. തണുപ്പ് അരിച്ചുവരുന്നു. ഒഴിഞ്ഞ സീറ്റില്‍ തണുപ്പാണോ ഇരിപ്പിടമുറപ്പിച്ചത്.

ഉച്ചവെയിലേറ്റ് തിളങ്ങുന്ന ബസ്സിന്‍റെ കമ്പികള്‍ക്കുപോലും കടുത്ത തണുപ്പ്. പുറത്തു തെളിഞ്ഞ ഉച്ചവെയില്‍. ഇടതൂര്‍ന്ന ഈറ്റക്കാടുകളില്‍ ഉരസിക്കൊണ്ട് ബസ്‌ നീങ്ങുന്നു. തടിലോറികളുമായി നിരന്തരം ഏറ്റുമുട്ടിയതുകൊണ്ടാവാം റോഡരികിലെ ഈറ്റകളില്‍ നെടുനീളത്തില്‍ ഒരു പച്ചവര കാണാമായിരുന്നു. ചിലേടത്ത്‌ ഈറ്റകള്‍ ചിറകൊടിഞ്ഞ് തൂങ്ങുന്നു.

വനാപഹരണത്തിനെ തടയാന്‍ ചെന്ന ജടായുവാണോ ആ ഈറ്റക്കാടും?

ഉച്ചവെയിലില്‍ കാട് ആലസ്യത്തിലാണ്.കാട്ടുപക്ഷികള്‍ ഏകസ്വരത്തിലല്ല. വിവിധസ്വരത്തില്‍ കാടിനെ വിളിച്ചുണര്‍ത്തുന്നു.

കണ്ണട ഊരി കീശയില്‍വെച്ചിട്ട് അയാള്‍ സീറ്റില്‍ ചാരിയിരുന്നു. ഒന്ന് മയങ്ങാന്‍ ശ്രമിച്ചു.അപ്പോള്‍ ബസിന്‍റെ ഇരമ്പത്തിന് മറ്റൊരു അനുഭൂതി തോന്നി. വിജനതയെ ഭയന്ന് കരഞ്ഞുകൊണ്ട്‌ ഓടുന്ന ഒരു കുഞ്ഞിന്‍റെ സ്വരം. അതുമായി ഇടപഴകിയപ്പോള്‍ ഒരപശബ്ദം മുഴങ്ങുന്നു. അത് സ്വന്തം കൂര്‍ക്കംവലിയായിരുന്നു. അയാള്‍ ശിരസ്സ് ഉയര്‍ത്തി. കണ്ണടവെച്ചു. ഉറങ്ങാന്‍ ഭാവിച്ചതില്‍ ഖേദിച്ചു. ഉറങ്ങാനല്ലല്ലോ ഈ യാത്ര; പുറംകാഴ്ചകള്‍ കാണാനല്ലേ? അയല്‍സംസ്ഥാനത്തിലെ ആ കാര്‍ഷിക പട്ടണത്തില്‍ നിന്ന് തീവണ്ടിമാര്‍ഗം പോരാമായിരുന്നു. അല്ലെങ്കില്‍ സമതലത്തിലൂടെതന്നെ സഞ്ചരിച്ചെത്താവുന്ന കൂടുതല്‍ ബസ്സുകളുണ്ട്... എന്നിട്ടും യാത്ര ചെയ്യാന്‍ തിരഞ്ഞെടുത്തത് ഈ ഇടുങ്ങിയ കാട്ടുപാതയാണ്.

അയാള്‍ വീണ്ടും പുറത്തേക്ക് നോക്കി.

വൃക്ഷനിബിഡമല്ലാത്ത ഒരു മലഞ്ചെരുവ്. റോഡരികിലെ നാഴികക്കള്ളില്‍ കൊത്തിയിരിക്കുന്നു: അമ്പലപ്പാറ. ദൂരം എത്രയെന്ന് അറിയുന്നതിന് മുന്‍പ് അത് മറഞ്ഞു. 'അമ്പലപ്പാറ'. വായിച്ചപ്പോള്‍ എന്തൊക്കെ തോന്നേണ്ടതായിരുന്നു. ഒന്നും ഉടനെ തോന്നിയില്ല. ഒരു കല്ല്‌, അതില്‍ കൊത്തിയ ഏതാനും അക്ഷരങ്ങള്‍.

മറ്റൊരു വളവു തിരിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ബോധ്യമായി, അണക്കെട്ടിനോട് അടുക്കുന്നു.

മല തുരന്നു തുരന്നുപോയ മനുഷ്യ യത്നം ഈ ഭാര്‍ഗവ ക്ഷേത്രത്തില്‍ ഓടിനടന്നു വിളിച്ചുപറയുന്നു- ദീപം,ദീപം....

അന്ന് ആദ്യമായി അയാള്‍ ഇവിടെ വന്നപ്പോള്‍ ഈ അണക്കെട്ടിന്‍റെ പണി പൂര്‍ത്തിയായിരുന്നില്ല. അന്ന് ഇവിടെ നടന്നു കാണുമ്പോള്‍ ഇവിടത്തെ പുതുമ പങ്കുവെയ്ക്കുവാന്‍ അവളും കൂടെയുണ്ടായിരുന്നു. അവള്‍ ഇവിടെ ജോലിക്ക് ചേര്‍ന്നിട്ട് ആദ്യത്തെ എഴുത്തു കിട്ടി അയാള്‍ ചെന്നതായിരുന്നു.

തുരങ്കത്തിലെ പൊട്ടിത്തെറിയില്‍ ഹോമിക്കപ്പെട്ടവരുടെ പേരുകള്‍ കൊത്തിയ സ്തൂപത്തിന്‍റെ മുന്നില്‍ നിന്ന് പെരുകലോരോന്നും വായിച്ചു. പ്രധാന ജലസംഭരണിയിലേക്കുള്ള കവാടത്തിന്‍റെ എതിര്‍വശത്തുള്ള കൊച്ചുപൂന്തോട്ടത്തില്‍ വളരെ നേരം ഇരുന്നു. എന്നിട്ടും എത്രമാത്രം വിതുമ്പലോടെയാണ് അന്ന് പിരിഞ്ഞത്.

തിരിച്ചു നാട്ടില്‍ വന്നിട്ടും എത്രയോ സന്ധ്യകളില്‍ കിഴക്കോട്ടും നോക്കി ഇരുന്നിട്ടുണ്ട്. ഈ മലനിര ഇരുട്ടില്‍ അശേഷം അലിയുന്നതുവരെ.

പിന്നെപ്പിന്നെ അയയ്ക്കുന്ന എഴുത്തുകള്‍ക്ക് അവളുടെ മറുപടി വിരളമായി... ഒടുവില്‍ ഒട്ടും മറുപടി ഇല്ലാതെയായി.
അങ്ങനെയാണ് വീണ്ടും അന്ന് ഇവിടെ വന്നത്...

പൊടുന്നനെ കണ്ടതില്‍ ഒരത്ഭുതവും അയാള്‍ പ്രകടിപ്പിച്ചില്ല. അവള്‍ ജോലിയില്‍ മുഴുകിയിരിക്കുന്നു. ഒരു പരന്ന കടലാസിലെ ചെറിയ കള്ളികളില്‍ മറ്റൊരു പുസ്തകത്തില്‍നിന്ന് അക്കങ്ങള്‍ പകര്‍ത്തുന്നു. മുന്നില്‍ ഒരു കസേര ഒഴിഞ്ഞു കിടന്നിട്ടും അവള്‍ ഇരിക്കാന്‍ പറഞ്ഞില്ല. പകരം അയാളെയും കൂട്ടി പുറത്തേക്ക് നടന്നു.തിരക്കൊഴിഞ്ഞ സര്‍ക്കാര്‍ ആപ്പീസ് ഒരു ഗോഡൌണ്‍ പോലെ തോന്നി. ആ വരാന്തയില്‍നിന്ന് കൈമാറിയ വാക്കുകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്.

"എന്തേ എഴുത്തിനൊന്നും മറുപടി അയക്കാത്തേ?"

"എഴുതാന്‍ സമയം കിട്ടേണ്ടെ."

പേനത്തുമ്പില്‍ പൊടിഞ്ഞുനിന്ന മഷി തലമുടിയില്‍ തുടച്ചിട്ട് അവള്‍ പേനയുടെ ടോപ്പ് മുറുക്കി. എന്നിട്ട് മിഴിച്ചു നിന്നു.

"ഈ പ്രദേശംപോലെ നിയ്യും ആകെ തണുത്തിരിക്കുന്നു."

അതിനവള്‍ മറുപടി പറഞ്ഞില്ല.

"നീ മറ്റെവിടേക്കെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങിക്കണം...."

"അതിന് ശ്രമിക്കാനൊക്കെ എനിക്ക് ആരുണ്ട്‌?"

"എന്നാലും ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിലും ഭേദം ഇത് വേണ്ടെന്ന് വെയ്ക്കാണ്."

"ഒറ്റയ്ക്കല്ലല്ലോ, എന്‍റെ കൂടെ ജൂനിയര്‍ സൂപ്രണ്ട് ദേവകിയമ്മയും ഉണ്ടല്ലോ."

"എന്നാലെന്താ. ഈ കാടിന്‍റെ നടുവില്‍ രണ്ടു സ്ത്രീകള്‍ മാത്രം ഒരു വീട്ടില്‍....."

"ഇവിടെ ഒരു വീടല്ലല്ലോ. നൂറുകണക്കിന് ക്വാര്‍ട്ടേഴ്സ് ഉണ്ട്. അതില്‍ ജീവിക്കുന്നവരൊക്കെ മനുഷ്യര്‍ തന്നെയാണ്."

അവള്‍ പേന ചുണ്ടില്‍ ഉരസിയിട്ടു നിന്നു. തുടര്‍ന്നു പറയാനുള്ള വാക്കുകള്‍ നെയ്തെടുക്കുകയായിരുന്നുവോ? എന്നിട്ട് പറഞ്ഞത് ഘനമേറിയ വേഗത്തിലായിരുന്നു.

"ഓരോരുത്തരും അവര്‍ക്കു വിധിച്ചതുപോലെ ഒക്കെ ജീവിക്കും. അത്രതന്നെ...."

ആ വാക്കുകള്‍ അയാളുടെ മനസ്സില്‍ ഒരു വലിയ മഞ്ഞിന്‍കട്ട ഉയര്‍ത്തിവെച്ചു. അത് ഒട്ടും അലിയാതെ അവിടെത്തന്നെ  
രിക്കുന്നു ഇന്നും.

അന്ന് പിന്നീടവള്‍ പറഞ്ഞു:

"ഇപ്പോള്‍ പഴയ പോലെയൊന്നും ഇങ്ങോട്ട് ബസ്സില്ല. രണ്ടരമണി കഴിഞ്ഞാല്‍ ബസ്സ്‌ ഇല്ല."

അന്നൊക്കെ അയാള്‍ക്കോ അവള്‍ക്കോ സ്വന്തമായി വാച്ച് ഉണ്ടായിരുന്നില്ല. ആപ്പീസിലെ ടൈംപീസില്‍ നോക്കിയിട്ടാണ് സമയം അറിഞ്ഞത്.

പിന്നേയും അവശേഷിക്കുന്നു അരമണിക്കൂര്‍ നേരം. പക്ഷേ അരമണിക്കൂര്‍ നേരത്തേക്കുള്ള വാക്കുകള്‍ അയാള്‍ക്കുണ്ടാവാന്‍ ഇടയില്ലെന്നറിഞ്ഞപ്പോള്‍ മാത്രം ദുഃഖം തോന്നി.

ആ അപ്പീസിന്‍റെ മുറ്റത്ത്‌ കുന്നുകൂടി കിടക്കുന്ന അനേകം ലോഹ ഉരുപ്പടികളുടെ നടുവില്‍ അവളും ഒരു ലോഹപ്രതിമ പോലെ നിന്നു.

ഡാമില്‍ത്തന്നെ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ അവള്‍ കല്യാണം കഴിച്ചുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.

ഇയ്യിടെ അറിഞ്ഞത് ഇത്രയുമാണ്- പിള്ളപ്പാറ എന്ന സ്ഥലത്ത് നാലഞ്ച് ഏക്കര്‍ സ്ഥലം വാങ്ങി ഒരു ടെറസ്സ് വീട് വെച്ച് സുഖമായി കഴിയുന്നു.

ഇന്ന് കാലത്തിന്‍റെ ചീട്ട് വീണ്ടും കശക്കി പകുത്തിട്ട്‌ എണ്ണിനോക്കുമ്പോള്‍ അറിയുന്നു:

അവള്‍ ചെയ്തതല്ലേ ശരി? ഒരിക്കലും വളരാന്‍ ആഗ്രഹമില്ലാത്ത മരത്തില്‍ ഒരു പാഴ്-വല്ലി കണക്കെ അവള്‍ ഒതുങ്ങി നിന്നില്ല. അത്രതന്നെ.
ഈ വനഭൂമിയാണ്‌ അവള്‍ക്കതിന് കരുത്തു നല്‍കിയത്.

ഇന്ന് ഒന്നുമാത്രം കാംക്ഷിക്കുന്നു.

ദുര്‍ബലമായ ഒരാഗ്രഹം. ഈ യാത്രക്കിടയില്‍ അവളെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍. അനേകം പുറംകാഴ്ചകള്‍ കാണുന്ന കൂട്ടത്തില്‍, വളരെ അകലെ നിന്നൊരു ദൃശ്യം. 
എതിരെ വരുന്ന ഒരു വാഹനത്തില്‍ അവള്‍ കടന്നു പോകുന്നതായി...
ഒരു ബസ്സ്‌സ്റ്റോപ്പില്‍ അവള്‍ ബസ്സ്‌ കാത്തു നില്‍ക്കുന്നതായി...

ഇന്ന് ബസ്സ്‌സ്റ്റോപ്പില്‍ നില്‍ക്കില്ലായിരിക്കും. ഒരു മേലുദ്യോഗസ്ഥനെയല്ലേ വിവാഹം കഴിച്ചിട്ടുള്ളത്‌. സ്വന്തമായി എന്തെങ്കിലും വാഹനം കാണുമായിരിക്കും. അപ്പോള്‍ ബസ്സ്‌സ്റ്റോപ്പില്‍ കാണേണ്ട. പിള്ളപ്പാറയിലുള്ള സ്വന്തം വീടിന്‍റെ പൂമുഖത്ത് ചൂരല്‍ കസേരയില്‍ ഇരിക്കുന്ന അവളെ വളരെ ദൂരെ നിന്ന് ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍.

പിള്ളപ്പാറ എന്ന സ്ഥലത്തുകൂടെയാണോ ഈ ബസ്സ്‌ പോകുക?

ബസ്സ്‌ ഒരു ചെക്ക് പോസ്റ്റിന്‍റെ അടുക്കല്‍ വന്നപ്പോള്‍ വേഗത കുറച്ചു. വനംവകുപ്പിന്‍റെ ചെക്ക്‌ പോസ്റ്റ്‌.ബസ്സ്‌ അവിടെ നിന്നില്ല. കുറച്ചുകൂടെ മുന്നോട്ടു പോയി.

അമ്പലപ്പാറ.

അണക്കെട്ടിന്‍റെ അധികാരം നിശ്ചയിക്കുന്ന കൂറ്റന്‍ ഗെയിറ്റ്. പഴയ വാച്മേന്‍ തന്നെ. പേര് ഇന്നും ഓര്‍ക്കുന്നു- വേലായുധന്‍ നായര്‍. കാക്കിഷര്‍ട്ടും കറുപ്പുമുണ്ടും. തലമുടിയും താടിരോമങ്ങളും നന്നേ നരച്ചിട്ടുണ്ട്.

അന്ന് അവളെ കാണാന്‍ പോകുമ്പോള്‍ ഡാമിനകത്ത് കയറാന്‍ ഈ വാച്ച് മാൻറെ  അനുവാദം തേടിയിരുന്നു.

"പറഞ്ഞ കൊച്ചിനെ മനസ്സിലായി. ദേവകിയമ്മസാറ് ജെ.എസ്സിന്‍റെ കൂടെ ക്വാര്‍ട്ടേഴ്സ്സില്‍ താമസിക്കുന്നു. അല്ലെ, നമ്മള് അവരുടെ ആരാ?"

സ്വന്തക്കാരാണെന്ന് പറയാന്‍ മുതിര്‍ന്നു. ഒടുവില്‍ തീര്‍ത്തു പറഞ്ഞു:

"ആങ്ങളയാണ്."

അന്ന് മനസ്സിലെ മഞ്ഞിന്‍കട്ടയുമായി മലയിറങ്ങി വന്നിവിടെ ബസ്സ്‌ കാത്ത് ഇരിക്കുമ്പോള്‍ വാച്ച് മാൻ  വീണ്ടും ചോദിച്ചു:

"ആളെ കണ്ടില്ലേ.എന്താ മുഖത്തിനൊരു വല്ലായ്മ."

ബസ്സ്‌ നിര്‍ത്തിയിട്ടു ഡ്രൈവര്‍ ഇറങ്ങിച്ചെന്ന്  വാച്ച് മാൻറെ 
കയ്യില്‍നിന്നു തീപ്പെട്ടി വാങ്ങി സിഗരറ്റ് കത്തിച്ചു. എന്നിട്ട് ബസ്സിന്‍റെ ചുറ്റും ഒന്നുനടന്ന് നോക്കി. എന്തിനാണെന്നറിയില്ല...ബസ്സ്‌ നിര്‍ത്തുമ്പോഴൊക്കെ ഡ്രൈവര്‍ ഇറങ്ങി ചുറ്റും ഒന്ന് നടന്ന് നോക്കും.

അമ്പലപ്പാറയില്‍ ഒന്ന് രണ്ട് യാത്രക്കാര്‍ ഇറങ്ങി.

ഒരു യാത്രക്കാരന്‍ മാത്രം ബസ്സില്‍ കയറി. യാത്രക്കാരന്‍ ഡ്രൈവറോട് കയര്‍ക്കുന്നതു കേട്ടു.

"ചുറ്റും വലംവെക്കാതെ ബസ്സ്‌ ഒന്ന് വിടാന്‍ നോക്കൂ..."

വളരെ ശാസനാരൂപത്തിലുള്ള ശബ്ദം ഡ്രൈവര്‍ക്കെന്നല്ല മറ്റു യാത്രക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല.

അയാള്‍ ആ മനുഷ്യനെ ശ്രദ്ധിച്ചുനോക്കി. കറുത്ത് നീണ്ട് മെലിഞ്ഞ മനുഷ്യന്‍. ഒരു പഴകിയ പോളിസ്റ്റര്‍ ഷര്‍ട്ടും പരുക്കന്‍ കാക്കി പേന്‍ട്സും ധരിച്ചിരിക്കുന്നു. കണ്ണുകള്‍ ആഴത്തിലാണ്; ദൃഷ്ടി ഒരിടത്തും ഉറയ്ക്കുന്നില്ല. ഒരു 'അപദൃഷ്ടി'. അയാള്‍ ഉള്ളുകൊണ്ടു പേരിട്ടു. നേരെവന്ന്   ഇരുന്നതോ അയാളുടെ അരികിലെ സീറ്റില്‍തന്നെ.

ഡ്രൈവര്‍ വാച്ച് മാൻറെ അടുക്കല്‍ പോയി തമാശ പറഞ്ഞ് ചിരിക്കുന്നു. അതില്‍ അരിശം തോന്നിയ 'അപദൃഷ്ടി' എന്തൊക്കെയോ വിളിച്ചുപറയുന്നു.

ബസ്സ്‌ നീങ്ങിയപ്പോള്‍ വല്ലാതെ കുളിരുതോന്നി.

ഇതാണോ ഈ മലനിരയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലം. അതറിയാന്‍ അയാള്‍ അടുത്തിരുന്ന അപദൃഷ്ടിയുള്ള മനുഷ്യനോട് ചോദിച്ചു:

"ഈ പ്രദേശത്തിന് എത്ര ഹൈറ്റ് ഉണ്ടാകും എബൌ സീ ലെവല്‍...."

അപദൃഷ്ടിയില്‍ നിന്ന് മറുപടിയും കിട്ടിയില്ല-വീണ്ടും ചോദിച്ചു:

"കടല്‍ നിരപ്പില്‍ നിന്ന് എത്ര ഉയരംകാണും?"

'അപദൃഷ്ടി' പുറത്തേക്കു നോക്കിയിരുന്നിട്ട്‌ പറഞ്ഞു:

"എനിക്കറിയില്ല."

ഒരുപക്ഷേ,ആ മനുഷ്യന് താല്പര്യമില്ലാത്ത വിഷയമായിരിക്കും, ഹൈറ്റും എബൌ സീ ലെവലുമൊക്കെ. അണക്കെട്ടില്‍നിന്ന് വരുന്ന ആളല്ലേ. പവര്‍ക്കട്ടിന്‍റെ ഭീഷണിയുമുണ്ടല്ലോ. ആ മനുഷ്യന് താത്പര്യമുള്ള വിഷയം എടുത്തിട്ട് കളയാം.

"എങ്ങനെ ഈ വര്‍ഷം സംഭരണിയിലെ വെള്ളത്തിന്‍റെ ലെവല്‍?"

"ഇറങ്ങി നോക്കിയിട്ട് പോരാമായിരുന്നില്ലേ."

മറ്റ് എവിടെക്കോ നോക്കിയിട്ട് 'അപദൃഷ്ടി' മറുപടി പറഞ്ഞു.

പിന്നെ അയാള്‍ക്കൊന്നും ചോദിക്കുവാന്‍ തോന്നിയില്ല.

ഭൂപ്രകൃതിക്ക് പെട്ടെന്ന് ഒരു മാറ്റം വന്നിരിക്കുന്നു. പാതവക്കില്‍ നിന്നും ആരംഭിച്ച് മലമുകളിലേക്ക് കയറിപ്പോകുന്ന ഒരുതരം മഞ്ഞപ്പൂക്കളുള്ള ചെടികള്‍. ബസ്സ്‌ നീങ്ങും തോറും അതൊരു അസുലഭദൃശ്യമായി മാറുന്നു. മലകൊണ്ടൊരു മലര്‍ച്ചെണ്ട്- അയാള്‍ ഓര്‍ത്തു; ഇതാണോ പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ചെടികള്‍. ഒന്ന് ചോദിച്ച് മനസ്സിലാക്കണമെന്നുണ്ടായിരുന്നു. അടുത്തിരിക്കുന്ന 'അപദൃഷ്ടി'യോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി, ഒരുപക്ഷേ, വഴക്കില്‍ ചെന്നവസാനിക്കും.


അയാള്‍ പുതുമ മനസ്സില്‍ ഒതുക്കി മഞ്ഞപ്പൂക്കളും നോക്കി ഇരുന്നു.

ആ മലനിര അവസാനിച്ചപ്പോള്‍ വീണ്ടും കാട്. പുറംകാഴ്ചകള്‍ക്ക് പുതുമ നശിക്കുന്നു. കാടുകള്‍ കരുപ്പിടിപ്പിച്ചുണ്ടാക്കിയ കരങ്ങള്‍ക്ക് ആവര്‍ത്തനദോഷം വന്നതാണോ?

അറിയാതെതന്നെ അയാള്‍ ഒന്ന് മയങ്ങിപ്പോയി. ഒരു വലിയ ബഹളം കേട്ടാണ് ഉണര്‍ന്നത്.

ഒരു ചായക്കടയുടെ മുമ്പില്‍ ബസ്സ്‌ നില്‍ക്കുന്നു.

"താന്‍ കണ്ടേടത്തൊക്കെ ബസ്സ്‌ നിര്‍ത്തി പഴം വാങ്ങിത്തിന്നാന്‍ നടക്കാതെ ഒന്നു വിടാന്‍ പറയെടോ...."

-അപദൃഷ്ടി കുഴിഞ്ഞ കണ്ണുകള്‍ കണ്ടക്ടറുടെ നേരെ ഉരുട്ടുന്നു.

"ഇയാള്‍ ഏതു കാട്ടില്‍ കിടക്കുന്ന മനുഷ്യനാ."

-ഇതിനകം യാത്രക്കാര്‍ മുഴ്ഹുവനും അപദൃഷ്ടിക്ക് എതിരായിക്കഴിഞ്ഞിരുന്നു.

ബസ്സ്‌ നീങ്ങുന്നു.

പുറംകാഴ്ച്ചകള്‍ക്കു വീണ്ടും പുതുമ. കാട് കനം കുറയുന്നു.

ഒറ്റപ്പെട്ട വീടുകളും നാട്ടുമരങ്ങളും ജനവാസം തെളിയിക്കുന്നു.

പിള്ളപ്പാറ എവിടെയാണ്? ആരോടെങ്കിലും ഒന്നു ചോദിച്ചാലോ?

എന്തിന്? എന്തു നേടാന്‍? അയാളുടെ മനസ്സ് വിലക്ക് കല്‍പ്പിച്ചു.

ബസ്സില്‍ തിരക്ക് വര്‍ദ്ധിക്കുന്നു. ഒരുകൂട്ടം തൊഴിലാളിസ്ത്രീകള്‍ കയറി. അവരുടെ കൈകളില്‍ കൊച്ചുകൊച്ചു മാറാപ്പുകളുണ്ടായിരുന്നു. കൊറ്റും കൊക്കിലാക്കി കൂടണയാന്‍ പോകുന്ന പക്ഷികളുടെ വെമ്പല്‍ അവര്‍ക്കുമുണ്ടായിരുന്നു.

"അതേ,ഡ്രൈവറേ,ആ വെള്ളച്ചാട്ടത്തിന്‍റെ അടുക്കല്‍ വരുമ്പോള്‍ ഒന്ന് നിര്‍ത്തണം. നല്ലോണം കാണാനാ."

ആരോ ഉറക്കെ വിളിച്ചു പറഞ്ഞു.

വാച്ചില്‍ നോക്കുകയും കൈവിരലുകളില്‍ എന്തോ കണക്കു കൂട്ടുകയും ചെയ്യുന്നതിനിടയില്‍ അപദൃഷ്ടി പറഞ്ഞു:

"വെള്ളച്ചാട്ടം കാണാന്‍ പോണോരോക്കെ ടാക്സി പിടിച്ച് പോണം. ഇത് ലൈന്‍ ബസ്സാണ്. കണ്ടേടത്തൊക്കെ നിരത്താനുള്ളതല്ല."

"തൊടങ്ങി ആ കാട്ടുമനുഷ്യന്‍ പിന്നെയും....."

യാത്രക്കാര്‍ക്ക് അപദൃഷ്ടിയോടുള്ള പക തീര്‍ന്നിട്ടില്ല.

"വെള്ളച്ചാട്ടം അടുക്കാറാകുമ്പോള്‍ ഞാന്‍ ഒന്ന് പതുക്കെ വിടാം....."

ഡ്രൈവര്‍ അത്രയും സമ്മതിച്ചു.

ഒരിക്കലും പുതുമ നശിക്കാതെ തന്നെ അയാള്‍ വെള്ളച്ചാട്ടം നോക്കി ഇരുന്നു. ചെങ്കുത്തായ പാറയില്‍നിന്ന് താഴോട്ട് ഒരു വെളുത്ത പരവതാനി ഉണക്കാനിട്ടതുപോലെ തോന്നി. കുറച്ചു കൂടെ ബസ്സ്‌ താഴോട്ട് ഇറങ്ങിയപ്പോള്‍ മറ്റൊരു ദൃശ്യം. പാറയുടെ ഭിത്തിയില്‍ പടര്‍ന്നു സദാസമയവും കാറ്റില്‍ ഇളകുന്ന ഒരു വെളുത്ത ക്രീപ്പര്‍.

ബസ്സ്‌ നിരപ്പിലേക്ക്‌ ഇറങ്ങുന്നു. മറ്റ് മലഞ്ചെരിവിലെ പാതകളെപ്പോലെ എടുത്തുമറയ്ക്കുന്ന കൊടും വളവുകളൊന്നും ഇവിടെ കാണുന്നില്ല. റോഡരികെതന്നെ ഒപ്പം ഒഴുകുന്ന പുഴ ബസ്സിനോട്‌ പന്തയം വെച്ച് ഒഴുകുന്നു. ആഴം കുറഞ്ഞ പുഴയില്‍ ആരോ വിതച്ച ഉഴുന്നുമണികള്‍ കണക്കെ കരിമ്പാറകള്‍. പിന്നെ വാശി മതിയാക്കിയിട്ട് പുഴ വഴിമാറിപ്പോയി. ദൂരെ നെല്‍പ്പാടങ്ങള്‍,ഒപ്പം വൃശ്ചികക്കാറ്റും. കാടിനോട്‌ എപ്പോഴോ വിടപറഞ്ഞ പകല്‍വെളിച്ചം ഇറങ്ങിച്ചെന്നു നെല്‍പ്പാടങ്ങളില്‍ ചുറ്റി നടക്കുന്നു. നെല്‍പ്പാടം ഇളം മഞ്ഞപ്പട്ട് ഉടുത്തിരിക്കുന്നു. നെല്‍പ്പാടങ്ങളിലേക്ക് ഒഴുകുന്ന തിളങ്ങുന്ന കനാലുകള്‍.

കനാലില്‍ കുട്ടികള്‍ കൂത്താടുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് അസൂയ തോന്നി. സന്ധ്യാ നേരത്തെ തണുത്ത വെള്ളം കാണുമ്പോള്‍ ഒരു ആസ്ത്മക്കാരന് തോന്നുന്ന അസൂയ.

വഴിവക്കിലെ ചെറിയ അമ്പലത്തിന്‍റെ മുറ്റത്ത്‌ വാഴപ്പിണ്ടികളും കുരുത്തോലയും കുന്നുകൂടി കിടക്കുന്നു. കാക്കകള്‍ അവയില്‍നിന്ന് കരിഞ്ഞ തിരികള്‍ ചികഞ്ഞെടുക്കുന്നു. ഇത്രമാത്രം വാഴപ്പിണ്ടികളോ.ഇവിടെ ഇന്നലെ നടന്നത് മുഴുവന്‍ വിളക്കായിരുന്നുവോ!

ബസ്സ്‌ നിന്നു. അയാള്‍ പുറത്തേക്കു നോക്കി. ഒരു പുരാതന വീടിന്‍റെ മുന്‍വശം.വീടിന്‍റെ മുറ്റം ചത്തബസ്സുകളുടെ ശവപ്പറമ്പുപോലെ തോന്നി. ബസ്സുകള്‍ക്ക് അംഗഭംഗവും വന്നിരിക്കുന്നു.മരക്കട്ടയില്‍ കയറ്റിനിര്‍ത്തിയിരിക്കുന്നു. നെറ്റിയില്‍ ഇന്നും പേരുകള്‍ തെളിഞ്ഞു കാണാം ഒരു കാലത്ത് ഈ മലഞ്ചെരുവില്‍ ഓടിതിമിര്‍ത്ത ബസ്സുകള്‍. ഈ മലഞ്ചെരുവിലെ മുഴുവന്‍ ബസ്സുകളും അന്നൊക്കെ ഈ ഒരൊറ്റ കമ്പനിക്കാരുടേതായിരുന്നു. മുറ്റത്തെ മുരടിച്ച മാവിന്‍റെ ചുവട്ടില്‍ കിടക്കുന്ന ബസ്സിന്‍റെ സെറ്റില്‍ പ്രൌഡി മങ്ങിയ മുഖവുമായി ഇരിക്കുന്ന ഈ മനുഷ്യന്‍ ആരായിരിക്കാം. പഴയ ഫ്ലീറ്റ് ഓണറോ? ആണെങ്കില്‍…. ഈ പോക്കുവെയിലില്‍ ഇരുന്നുകൊണ്ട് എന്തൊക്കെയാവാം ഇന്ന് പഴയ ഫ്ലീറ്റ് മുതലാളി മനസ്സില്‍ കുത്തിക്കുറിക്കുന്നത്?അനുഭവങ്ങളോ,പാളിച്ചകളോ. ഒരു കാര്യം കണിശമാണ്.... താന്‍ പെര്‍മിറ്റുകള്‍ക്കു വേണ്ടി മെരുക്കിയെടുത്ത ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ പഴയ മുഖങ്ങള്‍ ഇന്ന് മനസ്സില്‍ കാണുമ്പോള്‍ എന്താണ് തോന്നുക? അനുകമ്പയോ വ്യര്‍ത്ഥതയോ? പിന്നിട്ട കൊടുമുടികളെക്കുറിച്ചോര്‍ക്കുന്നുണ്ടായിരിക്കും. റസ്റ്റ്‌ഹൌസുകളെക്കുറിച്ചോര്‍ക്കുന്നുണ്ടായിരിക്കും.
റസ്റ്റ്‌ഹൌസിലെ കിടക്കകളില്‍,മാറിമാറിവരുന്ന തീനാളങ്ങളെക്കുറിച്ച്...

ഒരു വലിയ ഞരക്കത്തോടെ ബസ്സ്‌ നീങ്ങി. അപ്പോഴാണ്‌ പഴയ ഫ്ലീറ്റ് മുതലാളിയുടെ കാല്‍ക്കീഴിലെ ടയറിനകത്ത് കിടന്നിരുന്ന വൃദ്ധന്‍ നായ ഒന്ന് എഴുന്നേറ്റു നിന്നത്. ഉടല്‍ ഒന്ന് വിറപ്പിച്ചു. ആ വൃദ്ധന്‍നായക്ക് കുടയാന്‍ സടയൊന്നും ഉണ്ടായിരുന്നില്ല. അത് വീണ്ടും ടയറിനകത്ത്‌ ചുരുണ്ടു കിടന്നു. ബസ്സ്‌ ഒരു പുതിയ ഉണര്‍വോടെ ഓടിക്കൊണ്ടിരിക്കുന്നു.

'അപദൃഷ്ടി' വെകിളിയെടുക്കുന്നതുപോലെ ചാടി എഴുന്നേറ്റു.

"കണ്ടക്ടര്‍,ഈ തിരിവില്‍ ഒന്നു നിര്‍ത്തണം."

പറഞ്ഞുതീര്‍ന്നില്ല, യാത്രക്കാരെ തള്ളിമാറ്റി ബസ്സിന്‍റെ ഡോര്‍വരെ എത്തിയിരിക്കുന്നു.

"എടോ മനുഷ്യാ...എന്‍റെ കാല്...എന്‍റെ കാല്...."

ആരുടെയോ കാലില്‍ ചവുട്ടി ഞെരിച്ചിട്ടാണ് അപദൃഷ്ടി ഓടിയെത്തിയത്.

ചെത്തിത്തേയ്ക്കാത്ത ഒരു ചെറിയ വീടിന്‍റെ മുമ്പില്‍ ബസ്സ്‌ നിന്നു. വീടിന്‍റെ മുന്‍വശം റോഡരുകില്‍ ഒരു ആംബുലന്‍സ് നില്‍ക്കുന്നു. അവിടെ കൂടിയ മനുഷ്യര്‍ മുഴുവനും ബസ്സിനെത്തന്നെ ഉറ്റുനോക്കുന്നുണ്ട്. അപദൃഷ്ടി ചാടിയിറങ്ങിയപ്പോള്‍ എതിരേറ്റത് ഒരു കൂട്ടനിലവിളിയായിരുന്നു... ആ മനുഷ്യന്‍ ഇറങ്ങി വീട്ടിലേക്ക് ഓടി.

ബസ്സിലെ യാത്രക്കാര്‍ ആരും ഒന്നും ശബ്ദിക്കാതെ മറ്റൊന്നുകൂടെ ശ്രദ്ധിച്ചിരുന്നു. എതിര്‍വശത്തുകൂടെ വരുന്ന കാറിന്‍റെ കേരിയറില്‍ ഒരു ശവപ്പെട്ടി.

കാറ് റോഡില്‍ നിന്ന് വീട്ടു മുറ്റത്തേക്ക് തിരിഞ്ഞു. മറ്റ് യാത്രക്കാര്‍ അത് ശ്രദ്ധിച്ചുവോ എന്നറിയില്ല. അതൊരു കൊച്ചു ശവപ്പെട്ടിയായിരുന്നു-വളരെ ചെറിയ ശവപ്പെട്ടി.

അപ്പോള്‍,അതുവരെ വെറുപ്പു മാത്രം ജനിപ്പിച്ച അജ്ഞാതനായ ആ മനുഷ്യനുവേണ്ടി അയാളുടെ മനസ്സ് ഒരിറ്റ് കണ്ണീര്‍ വാര്‍ത്തു.

('കേരള കഫെ' എന്ന കൂട്ടായ്മയില്‍ ശ്രീ.ലാല്‍ ജോസ് അവതരിപ്പിച്ച 'പുറംകാഴ്ചകള്‍' എന്ന ചലച്ചിത്രത്തിന് ആധാരമായ കഥ...)


Wednesday, February 17, 2010

അപരന്‍


 
 
 
 
 
 
- പി പദ്മരാജന്‍

തന്നെപ്പോലെ ഒരാള്‍ ഈ ചെറിയ പട്ടണത്തിൽ എവിടെയോ ഉണ്ട്. അസ്വസ്ഥതയോടെ ജെ മനസ്സിലാക്കി. കുത്തനെയുള്ള ഇറക്കം ചവിട്ടിയിറങ്ങിവരുന്ന സൈക്കിള്‍കാരന്‍ ആയാസപ്പെട്ടു ബ്രേക്ക് പിടിച്ച് ജെ-യോടു ചോദിക്കുന്നു:
'എം അല്ലേ?എത്രകാലമായി കണ്ടിട്ട്?'
 
ചുവന്നകണ്ണുകളും കൊമ്പന്‍മീശയും മുഖത്തു വെട്ടിന്‍റെ പാടുകളും ഉള്ള സൈക്കിള്‍കാരന്‍.
 
'ഞാന്‍ എം അല്ല.'- ജെ ഭയന്നു വിറച്ചുകൊണ്ടു പറഞ്ഞു.
 
സൈക്കിള്‍ കിഴുക്കാംതൂക്കായി ഒഴുക്കു തുടര്‍ന്നു.
 
തീയേറ്ററില്‍ അടുത്ത സീറ്റിലിരുന്നയാള്‍ ലൈറ്റ് വന്നപ്പോള്‍ മുതുകിലടിച്ചുകൊണ്ട് ചോദിച്ചു:
'തന്നെ എവിടെയും കാണാമല്ലോ?'
 
'ഞാന്‍ എം അല്ല.'- ജെ ഞെട്ടിപ്പറഞ്ഞു.
 
ടനിറഞ്ഞ കൈയ്യുയര്‍ത്തി അയാള്‍ ക്ഷമ ചോദിച്ചെങ്കിലും ജെ-യ്ക്ക് പിന്നെ ഇരിക്കാന്‍ വയ്യാതായി. വീണ്ടും ലൈറ്റണഞ്ഞപ്പോള്‍ എണീറ്റുപോന്നു.
 
പ്പോള്‍ എന്നെപ്പോലൊരാള്‍ ഈ ടൌണില്‍ വളരെക്കാലമായി താമസമുണ്ട്- ജെ മനസ്സിലാക്കുന്നു.
 
ജിംനേഷ്യത്തിനു മുന്നിലൂടെയുള്ള റോഡിനുമീതെ, സ്റ്റേഡിയത്തിന്‍റെ വളവില്‍ ഒളിഞ്ഞുനിന്ന് മരങ്ങള്‍ ഇലനീട്ടി തണല്‍ തന്നു. കരകൌശലവസ്തുക്കള്‍ വില്‍ക്കുന്ന ഇന്‍സ്റ്റിട്ട്യുട്ടില്‍ നിന്ന് കാറിലേക്കു കയറുവാന്‍ തുടങ്ങുകയായിരുന്ന മദ്ധ്യവയസ്കന്‍ നാവോടിച്ചു ശബ്ദമുണ്ടാക്കി വിളിച്ചു. വെള്ളത്തില്‍ കല്ല്‌ വീഴുന്ന ശബ്ദം.
താ വീണ്ടും എമ്മിനെ ആവശ്യപ്പെടുന്നു.
 
 അയഞ്ഞു തിളങ്ങുന്ന പാന്‍റും ചുരുട്ടുമൊക്കെയുള്ള ധനികന്‍ അടുത്തുവന്ന്, കോപിച്ച്‌ കൈചുരുട്ടിക്കൊണ്ടു പറഞ്ഞു:
'പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യണം.'
 
'ഞാന്‍...'- ജെ പറയാന്‍ ഒരുങ്ങി.
 
'ണം വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതെന്തിനാണ് വാങ്ങിയതെന്ന് എന്ന് മറക്കാന്‍ പാടില്ല.' - അയാളുടെ വായ ദുര്‍ഗന്ധം വമിച്ചു.
 
'നിങ്ങള്‍ക്ക്.....'- ജെയെ പറയാന്‍ സമ്മതിക്കാതെ അട്ടഹാസം ഉയര്‍ന്നു.
 
'സുകേശിനിയെ കൊണ്ടുവരുംപോലും. ഒന്നുകില്‍ പണം തിരികെ തരണം. അല്ലെങ്കില്‍ ഇന്ന് രാത്രി.... '
 
'ഞാന്‍ ജെയാണ്. എം അല്ല.'
 
ദേഷ്യപ്പെട്ടു നടക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കാറ് അയാളെ കടന്നുപോയിരുന്നു.
 
എം ചീത്തപ്രവൃത്തികള്‍ ചെയ്യുന്നവനാണ്. അതും പോരാഞ്ഞ് ഇടപെടുന്ന ആളുകളെ കബളിപ്പിച്ച്‌ പണമുണ്ടാക്കുന്നവന്‍ കൂടിയാണ്. ജെ ഉറപ്പിച്ചു.
വന് ച്യുതിയില്ല.
 
 തായാലും ഒരിക്കല്‍ തന്‍റെ ശരീരമുള്ള തന്‍റെ ഈ മുഖത്തെ ഒന്നു കാണണം.
 
ജെ പോക്കറ്റില്‍ കത്തിയുമായി നടന്നു. മുഖങ്ങളിലൊക്കെ ദൃഷ്ടി പായിച്ചു. നീളത്തില്‍ കണ്ണുകള്‍. അവയ്ക്ക് മുമ്പില്‍ രോമം വിതച്ച വരകള്‍ ചായം പിടിപ്പിച്ചവയും അല്ലാത്തവയുമായ കവാടങ്ങള്‍ - മേല്‍കീഴായി നാസാരന്ധ്രവും ശ്രവണേന്ദ്രിയവും. നാറുന്ന ഗുഹകളില്‍ നിന്ന് നാവുകളും എത്രകോടി. പക്ഷെ,തന്‍റെ പ്രതിച്ഛായ കണ്ടു പിടിക്കണമെങ്കില്‍ ലോഡ്ജില്‍ ആണി താങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ കണ്ണാടിയില്‍ പ്രകാശമെത്തണം.
 
വൈകുന്നേരം 5.40 എന്ന് ജെയുടെ വാച്ച് ഉദ്ഘോഷിക്കുന്നു. അതിന്‍റെ അര്‍ത്ഥം, കടന്നു പോകുന്ന വാച്ചുകളിലെല്ലാം സമയം 5.45നും 5.35നും മദ്ധ്യേയാണെന്നാണ്. ഓരോരുത്തരും അവനവന്‍റെ വാച്ചിനെച്ചുറ്റി അലയുന്നു.
 
10.30ന് പാലത്തിന്‍റെ അടുത്തു നില്‍ക്കാം. വരുമോ? 1.30ന് തെക്കുനിന്നുവരുന്ന (പെണ്‍കുട്ടികളുടെ) ബസ്സിന്‍റെ രണ്ടാമത്തെ സീറ്റില്‍ കിഴക്കേ അറ്റത്തായി സുന്ദരിയുണ്ട്. 3.15ന് ചൊറിപിടിച്ച ചെക്കന്‍ സായാഹ്നപത്രം വില്‍ക്കാനിറങ്ങും. ബൂത്തില്‍ പാലുവാങ്ങാന്‍ വന്നവര്‍ പിരിയുമ്പോള്‍ മണി മൂന്നേമുക്കാലായിരിക്കും.
അങ്ങനെയങ്ങനെ.....
 
ജെ-യുടെ വാച്ചിന്‍മേല്‍ മറ്റൊരു വാച്ചുരസി. ഒരാളുടെ കാലചക്രം മറ്റൊരാളുടേതിന്‍മേല്‍ ഉരസിയിരിക്കുന്നു. ജെ-യ്ക്ക് വെറുതെ തോന്നി.
 
നിറഞ്ഞുതുളുമ്പുന്ന രാജവീഥി. അര വരെ ഒരേ ഘടനയും രണ്ടു കാലുകളുമുള്ള സ്ത്രീപുരുഷന്‍മാര്‍, ഒരുപോലെ ഇടതുകാല്‍, ഒരുപോലെ വലതുകാല്‍ എന്നക്രമത്തില്‍ ഇളക്കിസഞ്ചരിക്കുന്ന സന്ധ്യ. ഭാഗ്യം. വാച്ചില്‍ പോറലുണ്ടായിട്ടില്ല.
 
ജെ തലയുയര്‍ത്തി നോക്കുമ്പോള്‍...ഇത് എം തന്നെ.
 
ണിയില്‍ത്തൂങ്ങാത്ത കണ്ണാടി.
 
'എം അല്ലേ?'
 
'തെ ജെ.'
 
'ങ്ങനെയറിഞ്ഞു?'
 
'ലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.'
 
ജെ-യുടെ പോക്കറ്റിന്‍മേല്‍ ആര്‍ത്തിനിറഞ്ഞ ഒരു നോട്ടം വന്നു വീണു. പോക്കറ്റിനുള്ളില്‍ വിളറി മഞ്ഞപ്പു കയറിയ, പത്തുപൈസയ്ക്കു കിട്ടുന്ന ഒരു ബസ്‌ടിക്കറ്റ് ഏകാകിയായി നടുവൊടിഞ്ഞ് മരിച്ചുകിടന്നിരുന്നു.
 
'ന്ത് ചെയ്യുന്നു?'- ജെ വെറുതെ കുശലം ചോദിച്ചു.
 
'വെറുതെ കഴിയുന്നു.'- എം ചിരിച്ചു. വലിയ അടുപ്പം കാണിച്ച് കയ്യില്‍ കടന്നുപിടിച്ചു.
 
'ജോലി?'
 
'പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല.'- എം പറഞ്ഞു. 
 
'മറ്റുള്ളവര്‍ക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുത്ത് ഒരുവിധത്തില്‍ കഴിഞ്ഞുകൂടുന്നു സാര്‍! സാര്‍ അതു നേരത്തെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.'
 
ജെ (നാണംകെട്ട പട്ടി).

ജെ അവിവാഹിതനാണ്. എന്നിട്ടും കടുത്ത പ്രാരബ്ധമാണ്. കുറഞ്ഞ ശമ്പളക്കാരന്‍. ചെറിയ സംഖ്യകള്‍ മണിയോര്‍ഡര്‍ അയച്ച് അവയുടെ കുറ്റികള്‍ ശേഖരിച്ച് കൂട്ടിനോക്കി വീട് ചുമക്കുന്നവന്‍ എന്ന് വിമ്മിട്ടത്തോടെ അഭിമാനിച്ചു നടക്കുന്ന സ്വഭാവമുള്ളവനാണ്. സ്വയം പരിചയപ്പെടുമ്പോള്‍ ആരോടായാലും ഈ വിവരം പറയും.
  
'ദാ നോക്കൂ,എന്‍റെ തോളുകള്‍ ഒരു വീട് ചുമക്കുന്നു. കാണുന്നില്ലേ?'
 
മ്മിനെയും ചൂണ്ടിക്കാണിച്ചു.
 
എം അയാളെ ഉപേക്ഷിച്ചു നടന്നുപോയി.
 
വീണ്ടും കാണുമ്പോഴേക്ക് എം കുബേരനായി മാറിയിരിക്കും. (ഇന്നത്തെക്കാലത്ത് വിജയം ഇത്തരക്കാര്‍ക്കൊക്കെയാണ്. ദുഷ്ടതയ്ക്കും ദുഷ്കൃത്യങ്ങള്‍ക്കുംകൂലി കിട്ടുന്ന കാലം).
 
ഞായറാഴ്ച പകല്‍ പാര്‍ക്കില്‍ അലഞ്ഞു ക്ഷീണിച്ചപ്പോള്‍ മുണ്ടഴിച്ച് കളഞ്ഞു. പൂളിലിറങ്ങി കൈകാലുകളിളക്കി നീന്തി. മൂക്കില്‍ വെള്ളം കയറി. ചെവി കെട്ടിയടിച്ചുനിന്നു. വെള്ളത്തിന്‍റെ അടിയില്‍ മുങ്ങിമലര്‍ന്നു മുകളില്‍നിന്നും കുത്തിവീഴുന്ന സൂര്യന്‍മാരെ കണ്ടു. കണ്‍പീലികളിന്‍മേല്‍ കുമിളകള്‍ തിളങ്ങുന്നതു നോക്കി രസിച്ചു.
 
രീരം തോര്‍ത്തി. കുളിര്‍കാറ്റേറ്റു. ജീവിതവും കുമിളയല്ലേ എന്നോര്‍ത്തുനടക്കുമ്പോള്‍ ഒരു കുട്ടി ഓടിച്ചെന്ന് ഒരെഴുത്തുകൊടുത്തു.
 
ശ്ലീലപുസ്തകത്തില്‍ വര്‍ണിച്ച നാലു പോസുകളില്‍ ഒതുങ്ങുന്ന ഒരു രാത്രിയാണോ പ്രേമം?’
 
തിരിഞ്ഞു നോക്കുമ്പോള്‍ കുട്ടി മറഞ്ഞിരുന്നു.
 
സ്ത്രീയുടെ എഴുത്ത്: 'പുതിയ ടൂത്ത് പേസ്റ്റിന്‍റെ സ്വാദുപോലെയാണ് ഓരോ പുതിയ പെണ്ണും എന്ന് നിങ്ങള്‍ പറയുമായിരുന്നു. പക്ഷെ അതു പ്രയോഗത്തിലാക്കിക്കളയും എന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ദുഷ്ടന്‍.’
 
എം ദുഷ്ടനാണ്‌. കത്തിന്‍റെ അടിയില്‍ താന്‍ മരിക്കും എന്ന് അവള്‍ എഴുതിയിരുന്നു.
 
വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സാനിട്ടോറിയത്തിന്‍റെ എതിരെയുള്ള ബസ്‌സ്റ്റോപ്പില്‍ വരുമോ?’
 
ജെ വ്യാഴാഴ്ച അവധിയെടുത്തു.പറഞ്ഞിടത്തു പോയി. ഉള്ളിലേക്ക് ചുരുങ്ങിയ പിന്‍ഭാഗവും മുഷിഞ്ഞ ചീട്ടുപോലെയുള്ള മാറിടവും മാത്രം അവശേഷിക്കുന്ന മധുരപ്രായക്കാരിയായൊരു പെണ്‍പ്രേതം കൃത്യസമയത്ത് സാനിട്ടോറിയത്തില്‍ നിന്ന് ചാടി വീണു.
 
നിങ്ങളുടെ കൂടെ ഒരിടത്തുവന്നാല്‍ (ഹോട്ടലിലായാലും ഏതു നരകത്തിലായാലും) നിങ്ങളെ മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കൂട്ടുകാരന്‍ പോലും. നല്ല പണം കിട്ടിയിരിക്കും,അല്ലേ?’. 
അവള്‍ കരഞ്ഞു:
'നിങ്ങളെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്‍റെ ജീവിതം നിങ്ങള്‍ കുറേശ്ശേയായി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ഇങ്ങനെയും.’
 
ഞാന്‍ എം അല്ല’- ജെ പിറുപിറുത്തു .
 
റോഡിനെതിരായുള്ള വായുവില്‍ ഒരാത്മാവ് ലയിക്കുന്നതു കണ്ടു.
 
ടയ്ക്കൊരിക്കല്‍ കടന്നുപോകുന്ന ഒരു കാറിന്‍റെ മുന്‍സീറ്റില്‍ തന്‍റെ പ്രതിച്ഛായ ദര്‍ശിച്ചു. പിന്നെ പലവാഹനങ്ങളിലും ഒരിക്കലും ചിരിക്കാത്ത താന്‍ പൊട്ടിച്ചിരിച്ചുകൊണ്ടൊഴുകുന്നതു കണ്ടു. ഒരുച്ചയ്ക്ക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസ്സിലിരുന്ന് മിടുക്കനായ താന്‍, പാവമായ തന്നെ നോക്കി കൈവീശി.
 
ജെ സ്വകാര്യമായി വിഷാദിച്ചു.
 
ദ്ദേഹം അമ്പലത്തില്‍ പോയി. എമ്മിന്‍റെ രൂപം മാത്രം തന്നിട്ട്, എന്തുകൊണ്ട് അയാളുടെ ഭാഗ്യങ്ങള്‍ കൂടി തനിക്കു തന്നില്ല എന്നു ദൈവത്തോട് കര്‍ശനമായി ചോദിച്ചു.
 
ന്നിട്ടെന്തു കിട്ടി?
 
'ട്ടാളക്കാരുടെ കാന്‍ടീനില്‍ നിന്നും റം എടുത്തു തരാമെന്നു പറഞ്ഞു കാശു വാങ്ങിയിട്ട് ഒളിച്ചു നടക്കയാണ് അല്ലേ?'
 
'ഞാന്‍ ജെ ആണ്.'
 
'ടം വാങ്ങിയാല്‍ തിരികെ തരണം.അന്വേഷിച്ചു വരുമ്പോള്‍, അബോധാവസ്ഥ നടിച്ചു കിടന്നാല്‍ കൊന്നുകളയും റാസ്കല്‍.'
 
'ഞാന്‍ ജെ ആണ് മിസ്റ്റര്‍.'
 
'നിങ്ങളുടെ ബ്ലഡിന്‍റെ റിസള്‍ട്ട്‌ കിട്ടി. പോസിറ്റീവാണ്‌. എന്തെങ്കിലും എളുപ്പം ചെയ്തോണം.'
 
'ഞാന്‍ ജെ ആണ്.എം അല്ല.'
 
'ചേച്ചി മരിക്കുമെന്നു പറയാന്‍ പറഞ്ഞയച്ചു.'
 
'ഞാന്‍ എം അല്ല കുട്ടീ ജെ ആണ്.'
 
'നി ഇത് പൊതിഞ്ഞുകെട്ടി നടക്കാന്‍ വയ്യ. ഇപ്പോള്‍ തന്നെ കൂട്ടുകാരികള്‍ക്ക് മുഴുവന്‍ സംശയമായിരിക്കുന്നു.ഒരു മാസംകൂടി കഴിഞ്ഞാല്‍...'
 
'ഞാന്‍ ജെ ആണ്.ഈ എഴുത്ത് എനിക്കുള്ളതല്ല.'
 
'ന്ന് പറഞ്ഞ സ്വര്‍ണം.'
 
'അയ്യോ ഞാന്‍ ജെയാണ്.ഞാന്‍ ജെയാണ്.'
 
ന്നെ തോല്‍പ്പിച്ചുകൊണ്ട് അപരന്‍ പണക്കാരനായിക്കാണും. കാറ് വാങ്ങിയിരിക്കും. റോട്ടറി ക്ലബ്ബിലും മറ്റും പ്രസംഗിക്കുകയും ഹോട്ടല്‍ മുറികളില്‍ ചര്‍ദ്ദിക്കുകയും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ധനസഹായം ചെയ്യുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ആരോടും വിനയത്തില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാവും.
 
ജെ-യ്ക്ക് അസൂയ ഉണ്ടായി.
 
യാള്‍ പരിചയക്കാരെക്കണ്ടാല്‍പ്പോലും കുനിഞ്ഞു നടന്നു പോകുന്ന ഒരു മണ്ടനായി മാറി.
 
രാള്‍ക്ക് പട്ടണത്തില്‍ എത്ര വര്‍ഷങ്ങള്‍ വേണമെങ്കിലും താമസിക്കാം. പത്തുവര്‍ഷം തുടര്‍ച്ചയായി താമസിച്ചുകഴിയുമ്പോള്‍ ഒരാള്‍ അവടത്തെ ഒരു ചരിത്രവസ്തുവായി മാറുന്നു എന്നുമാത്രം. അതെങ്ങനെ? ഒരാളുടെ പുറംതോടുകള്‍ ചിതല്‍ കൊണ്ട് പോകുന്നു. ഒരാളുടെ കണ്ണും മൂക്കും ഒക്കെ പൊതിഞ്ഞ് ചിലന്തികള്‍ വലകെട്ടുന്നു. വരുമ്പോള്‍ വാങ്ങിയ പാന്ടുകള്‍ മാത്രം അന്നും നിലനില്‍ക്കുന്നു.
 
പൊടിഞ്ഞു തുന്നിയവ. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. കോഫിഹൗസിന്‍റെ മുന്നില്‍ അടിഞ്ഞുകൂടാറുള്ള, പുതിയതായി പെറ്റുവളര്‍ന്ന കൃമികള്‍, ജെ കടന്നു പോകുമ്പോള്‍ രഹസ്യം പറഞ്ഞു:
'പതിനഞ്ചു വര്‍ഷത്തിനു മുമ്പത്തെ ഫാഷന്‍....'
 
രിത്രവസ്തുവിന്‍റെ മുടിചീകലും കൈമടക്കിവയ്ക്കുന്ന രീതിയും ഷൂസുകളും എല്ലാം ഫാഷന്‍റെ മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിച്ചുപഠിച്ചു. അവയെക്കുറിച്ചു വിശദമായ നോട്ടുകള്‍ കുറിച്ചെടുത്തു.
 
വീണ്ടും ഒരിക്കല്‍,രണ്ടാം തവണ എമ്മിനെ നേരിടേണ്ടി വന്നു. ഇപ്പോഴത്തെ തന്‍റെ മുഖത്തിന്‍റെ പ്രതിച്ഛായ. കാലം ഒരുപോലെയാണെന്നു തോന്നുന്നു, എല്ലാവര്‍ക്കും നീങ്ങുന്നത്. അഞ്ചു മിനിറ്റിന്‍റെ വ്യത്യാസം മുഖത്തെ ചുളിവുകളില്‍ കാണാനില്ല. രണ്ടാളും ഇപ്പോഴും ഒരുപോലെ.
 
    എം വലിയ പണക്കാരനായിക്കാണും. ജെ മനസ്സില്‍ ഉറപ്പിച്ചു.
 
എം അടുത്തു വന്നു:
 
'വളരെ നാളായല്ലോ കണ്ടിട്ട്?'
 
'നൂറുമേനിയും ശരി.'
 
കുതിരച്ചാണകം അരഞ്ഞുചേര്‍ന്ന റോഡില്‍, വഴിയാത്രക്കാരുടെ കഫം ഉണങ്ങി, കുമിളകുത്തി നിന്നിരുന്നു. ജീവിതം, എം, അതിന്‍റെ മേലേക്കു തുപ്പി. രക്തം കലര്‍ന്ന ലേശം ദുര്‍ഗന്ധമുള്ള തുപ്പല്‍ റോഡു നനച്ചു. പൊട്ടാത്ത കുമിളക്ക് ചുവപ്പുനിറം ബാധിച്ചു.
 
'മാര്യേജൊക്കെ കഴിഞ്ഞോ?'- എം ചോദിച്ചു.
 
'വിടെ? പ്രാരാബ്ധങ്ങള്‍ തീര്‍ന്നിട്ട് ഒരുമാത്രയെങ്കിലും ജീവിക്കാന്‍ പറ്റുമോ എന്നു സംശയമാണ്. അതിരിക്കട്ടെ ജീവിതം എങ്ങിനെ?'
 
'ഷ്ടപ്പാട്.'
 
'കോടീശ്വരനായില്ലേ?'- ജെ ആകാംഷയോടെ അന്വേഷിച്ചു.
 
'ര്?'
 
'ഞാന്‍ വിചാരിച്ചത്...'
 
'കുഞ്ഞേ...'
എം എങ്ങലടിച്ചു. അയാളുടെ പോക്കറ്റിന്‍റെ അടിഭാഗം നീളത്തില്‍ കീറിയിരുന്നു. കണ്ണുകളില്‍ ചിലന്തിവലകള്‍ കണ്ടു. അവയില്‍ എട്ടുകാലിയുടെ കുഞ്ഞുങ്ങളെ കണ്ടു. മൂക്ക് നിറഞ്ഞിരുന്നു. ഇടയ്ക്കിടെ കൊഴുത്ത ജലം തലനീട്ടി നരച്ചു തുടങ്ങിയ മീശയിന്മേല്‍ നക്കി.
 
ജെ-യ്ക്ക് ഭയം തോന്നി. അത് മനസ്സിലായപ്പോള്‍ എം ആവശ്യപ്പെട്ടു.
'രുപത്തഞ്ചു പൈസ വേണമായിരുന്നല്ലോ!'
 
യം മാറി സഹതാപമായി.
 
കെയുണ്ടായിരുന്ന പത്തൊന്‍പതു പൈസ എമ്മിനു കൊടുത്തു.
  
'ഞാന്‍ വിചാരിച്ചത്....' - ജെ പറഞ്ഞു - 'നിങ്ങള്‍ക്ക് നല്ല വരുമാനമുണ്ടായിരുന്നു എന്നാണ്.'
 
'തെറ്റായ ധാരണകള്‍.നമ്മുടെയെല്ലാം രക്ഷിതാക്കള്‍ പൊതുജനമല്ലേ ജെ? പിന്നെങ്ങിനെ?'
 
'ഴയ തൊഴിലൊക്കെ...?'
 
'നിര്‍ത്തിയോ എന്നാണോ? അവ ഇപ്പോള്‍ ജീവിതമാണ്; ജീവശ്വാസമാണ്.'
 
എം നന്ദി പറഞ്ഞു,പത്തൊമ്പതു പൈസ കൊടുത്തതിന്. പിന്നെ നടന്നു. നടക്കുമ്പോള്‍ പൊടിഞ്ഞുപോയ കണ്ണുകളില്‍ ചിലന്തിക്കുട്ടികള്‍ ഓടിക്കളിച്ചു. വിശപ്പും പട്ടിണിയും പഴയതു പോലെ നഗ്നമായി. തമിഴുനൃത്തം തുടരുന്ന കണ്ണുകള്‍.
 
'നിന്നെപ്പോലൊരാള്‍.'- ജെ അകത്തേക്കു ശ്രദ്ധാപൂര്‍വ്വം വിളിച്ചുപറഞ്ഞു. അവിവാഹിതനും പത്തുപതിനഞ്ച് ഇന്‍ക്രിമെന്‍റല്‍ വാങ്ങിയ ഗവണ്മെന്‍റ് ഉദ്യോഗസ്ഥനും എല്ലാമായ നിന്നെപ്പോലെ - ഇതാ ഒരാള്‍!'
 
നാലു കണ്ണുകളിലും ഒരേതരം ചിലന്തികള്‍; രണ്ടു മൂക്കുകളിലും ഒരേ കൊഴുപ്പുള്ള ഉറവ.
 
ജീവിതത്തില്‍ ആദ്യമായി ജെ-യ്ക്ക് ഒരാവേശം അടക്കാന്‍ വയ്യാതെയായി.
 
രോടെങ്കിലും ഇതുപറയണം...'

(ശ്രീ.ജയറാം ആദ്യമായി അഭിനയിച്ച അപരന്‍ എന്ന ചലച്ചിത്രത്തിന് ആധാരമായ കഥ. ചിത്രം ഇവിടെ കാണാം.)