Friday, June 25, 2010

സ്നേഹമെന്ന ഭാരം

- ഓ എന്‍ വി കുറുപ്പ് 

എനിക്കു ഭാരം! പ്രിയ-
ഭൂമി,നിന്നാകാര്‍ഷണ-
മെനിക്കു ഭാരം! കാന്ത-
ശക്തിയാര്‍ന്ന നിന്‍ കൈകള്‍
നിന്നിലേക്കെന്നെപ്പിടി-
ച്ചടുപ്പിക്കുന്നൂ-മേഘ-
ക്കുമ്പിളില്‍ നിന്നൂര്‍ന്നൊരു
തുള്ളിയാകിലു,മൊരു
കിളിതന്‍ കിളുന്നു പൊന്‍-
തൂവലാകിലും,കരി-
യിലയാകിലും,മഞ്ഞിന്‍-
തരിയാകിലും നിന്‍റെ
മാറിലേക്കതിനെ നീ
സ്വച്ഛന്ദമണയ്ക്കുന്ന
മായയെന്താവാം! മന്ത്ര-
മെന്താവാം!-അതിന്‍ പിന്നില്‍
സ്നേഹമോ?വാത്സല്യമോ?
തനതാക്കുവാനുള്ള
മോഹമോ?വിനോദമോ?
ക്രൌര്യമോ?കാരുണ്യമോ?
നിന്‍ കാന്തവലയത്തില്‍-
നിന്നു ഞാന്‍ നിര്‍മ്മുക്തനാ-
യിന്നലെയൊരു ചിത്ര-
പേടകമേറിച്ചുറ്റി-
പ്പറന്നേ,നൊ'രപ്പൂപ്പന്‍-
താടി'യില്‍ പറ്റിച്ചേര്‍ന്ന
ചെറുവിത്തുപോല്‍!-നീശ്ശൂ-
ന്യതയിലില്ലാ ഭാരം!...
അപ്പോഴും കണ്ടേന്‍ ദൂരെ
സ്നേഹത്താല്‍,കോപത്താലോ,
നിസ്തന്ദ്രശോകത്താലോ,
നിസ്സഹായതയാലോ,
പീതമായ്,ഹരിതമായ്,
ശോണമായാഹാ!ഘന-
ശ്യാമമായ് ശബളാഭ-
മായ്ത്തുടിക്കും നിന്‍മുഖം!
താണുതാണിറങ്ങി ഞാന്‍;
നിന്‍ മൃദൂഷ്മളമാറില്‍
വീണു പാടി ഞാന്‍:"സ്നേഹ-
മെത്രനല്ലൊരു ഭാരം!"

Thursday, June 24, 2010

നിശാഗന്ധീ!നീയെത്ര ധന്യ!

ഓ എന്‍ വി കുറുപ്പ് 

നിഴല്‍പ്പാമ്പുകള്‍ കണ്ണുകാണാതെ നീന്തും
നിലാവില്‍,നിരാലംബശോകങ്ങള്‍തന്‍ കണ്ണു-
നീര്‍പ്പൂക്കള്‍ കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധീ!നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്‍പു
നിന്നൂ?നിലാവും കൊതിക്കും മൃദുത്വം
നിനക്കാരു തന്നൂ!'മഡോണാ'സ്മിതത്തി-
ന്നനാഘ്രാതലാവണ്യനൈര്‍മ്മല്യമേ!മൂക-
നിഷ്പന്ദഗന്ധര്‍വസംഗീതമേ! മഞ്ഞു-
നീരില്‍ത്തപംചെയ്തിടും നിത്യകന്യേ!
നിശാഗന്ധീ!നീയെത്ര ധന്യ!

വിടര്‍ന്നാവു നീ സുസ്മിതേ!നിന്‍മനസ്സില്‍
തുടിക്കും പ്രകാശം പുറത്തി;ല്ലിരുള്‍ പെറ്റ
നാഗങ്ങള്‍ നക്കിക്കുടിക്കും നിലാവിന്‍റെ
നാഴൂരി വെട്ടം തുളുമ്പിക്കിടക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നൂ!വിടര്‍ന്നൊന്നു
വീര്‍പ്പിട്ടു നിന്നൂ!മനസ്സിന്‍റെ സൌമ്യാര്‍ദ്ര-
ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റുനിന്നൂ!
നിശാഗന്ധീ!നീയെത്ര ധന്യ!

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍ പട്ടു-
ചേലാഞ്ജലത്തില്‍ പിടിക്കേ,കരംകൂപ്പി-
യേകാഗ്രമായ്,ശാന്തനിശ്ശബ്ദമായ്,ധീര-
മേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു?
നിലാവസ്തമിച്ചൂ;മിഴിച്ചെപ്പടച്ചൂ;സ-
നിശ്വാസമാ 'ഹംസഗാനം' നിലച്ചു!
നിശാഗന്ധീ!നീയെത്ര ധന്യ!

ഇവര്‍ക്കന്ധകാരം നിറഞ്ഞോരു ലോകം
തുറക്കപ്പെടുമ്പോള്‍ ജനിച്ചെന്ന,തെറ്റിന്നു
'ജീവിക്കു'കെന്നേ വിധിക്കപ്പെടുമ്പോള്‍,
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍
തളച്ചിട്ടു ദുഃഖങ്ങള്‍ ഞങ്ങള്‍,കവാടം
തകര്‍ത്തെത്തുമേതോ സഹസ്രാംശുവെക്കാത്തു-
കാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍!
ഭയന്നുറ്റുനോക്കുന്നു ഹാ!മൃത്യുവേ!-നീ
സ്വയം മൃത്യുവെക്കൈവരിച്ചോരു കന്യ!
നിശാഗന്ധീ!നീയെത്ര ധന്യ!

(ജൂണ്‍ 1972)

Thursday, June 17, 2010

നീറുന്ന തീച്ചൂള

ചങ്ങമ്പുഴ കൃഷ്ണപിള്ള  

ആയുരാരോഗ്യങ്ങളാശീര്‍വദിച്ചുകൊ -
ണ്ടായിരമായിരമെത്തുന്നു കത്തുകള്‍.
ഓരോ സുഹൃത്തുക്കളജ്ഞാതര്‍കൂടിയു-
മീരോഗശയ്യയിലെത്തിപ്പു സംഖ്യകള്‍.
ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാര്‍ത്ഥികള്‍.
തിങ്ങിത്തുടിപ്പൂ വികാരങ്ങളെന്‍ ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാന്‍?
ഏതൌഷധത്തിനേക്കാളുമാശ്വാസദം
ചേതസ്സില്‍ വീഴുമിസ്സാന്ത്വനാര്‍ദ്രാമൃതം.
എത്രയ്ക്കധമനാണെങ്കിലുമെന്നെയെന്‍
മിത്രങ്ങള്‍ നിങ്ങള്‍ വെടിഞ്ഞീലൊരിക്കലും.
ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാല്‍
ശപ്തമെന്‍ രോഗം;ചരിതാര്‍ത്ഥനാണു ഞാന്‍.

നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കല്‍ തിരശ്ശീല വീഴ്കിലും
അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ.
വീര്‍പ്പിട്ടു കണ്ണീരില്‍ മുങ്ങിനിന്നിന്നിതാ
മാപ്പുചോദിപ്പൂ ഞാന്‍ നിന്നോടു ലോകമേ!

ഒപ്പം തമസ്സും പ്രകാശവുമുള്‍ച്ചേര്‍ന്നൊ-
രപ്രമേയാത്ഭുതം തന്നെ നിന്‍ ഹൃത്തടം!
ചെമ്പനീര്‍പ്പൂക്കള്‍ വിടരുമതില്‍ത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പൂ നീ സഗര്‍വ്വനായ് സൌമ്യനായ്‌.
നിന്നെയെമ്മട്ടിലപഗ്രഥിക്കും കഷ്ട-
മെന്നിലുള്ളെന്നെശ്ശരിക്കറിയാത്ത ഞാന്‍?
നന്‍മ നേരുന്നു നിനക്കു ഞാന്‍-നീയെന്‍റെ-
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!

[06/08/1948]

(ശ്രീ.ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏറ്റവും അവസാനത്തെ കവിത.അദ്ദേഹത്തിന്‍റെ ആത്മകഥയായ 'തുടിക്കുന്ന താളുകള്‍' (ഡയറിക്കുറിപ്പുകള്‍ സമാഹരിച്ചത് ) എന്ന കൃതിയില്‍ ഈ കവിത ഉള്‍പ്പെടുത്തിയിരിക്കുന്നു.)