Monday, October 25, 2010

മരക്കഥ

- കാവാലം നാരായണപ്പണിക്കര്‍

ഞാനൊരു മാമരമായിരുന്നു... 
തീ വെയ് ലത്തും വാടിത്തളരാതെ
ദിനംതോറും മലര്‍ന്നുണരും പൂക്കളുമായ്‌
ഭൂമിക്കഭിമാനത്തിന്‍ കുട നീര്‍ത്തിയ
ഞാന്‍ ഒരു മാമരമായിരുന്നു...!

ഏതുകൊടും കാറ്റത്തും വീഴാതെ
ജനിക്കാനിടമേകിയ മണ്ണിന്‍ മാറ-
ത്തള്ളിപ്പിടിച്ചു ജീവിതമൊരു
ലഹരിയാക്കി ഞാന്‍.

വാടിത്തളര്‍ന്ന വനയാത്രികരെന്‍
ചോടൊരു കുളിര്‍നിലമാക്കി...
ചില്ലക്കൊമ്പത്തൊരു ചെല്ലമണിക്കുയില്‍
ചേക്കേറിക്കാടിനു സ്വര്‍ലോകസുഖം ചാറ്റീ...
കാട്ടാന പുറംചൊറിയാനെന്‍
മേനിയില്‍ മുട്ടുമ്പോള്‍
വേരെല്ലാമിളകീട്ടും
കിടിലംകൊണ്ടില്ലെന്നുള്ളം.

അങ്ങനെയുള്ളോ,രെന്നെ-
പ്പൊരിവേനലിലെന്‍-
തണലിലിരുന്നു വിയര്‍പ്പാറ്റിയ മാന്യന്മാര്‍;
എന്റെ കുടുന്നയിലെക്കുയിലിന്‍
പാട്ടുംകേട്ടു സുഖിച്ചവര്‍;
അവരൊരുനാളെന്നെ
വെട്ടിമുറിച്ചിട്ടു.


അതില്‍ നായകനായ്ക്കണ്ട,വനൊരു
രാക്ഷസനെന്റെ
പുറംപടമാകെയുരിഞ്ഞു കളഞ്ഞു.
അവരെന്നെക്കാടു കടത്തി
നാടെത്തിച്ചിട്ടൊരു
കളിവള്ളത്തിന്‍ വേഷം കെട്ടിച്ചു.

ഒരു ശുഭദിനമെത്തീ,
ഞാനാം വള്ളത്തെക്കളിവിരുതന്മാര്‍
വെള്ളത്തിലിറക്കീ...
ഏവരെയും തള്ളിയകറ്റീ-
ട്ടമരമിതേവരെയേല്‍ക്കാത്തവനൊരുവന്‍
പങ്കായവുമായ് സര്‍വ്വതുഴക്കാര്‍ക്കും
സമ്മതനെന്നു ചമഞ്ഞു...

അമരക്കാരന് നാട്ടിലെ-
യമരത്വം നല്‍കിയ
നാട്ടാചാര്യനൊരാള്‍
അണിയത്താഡംബരമായ് നിന്നി-
ട്ടിങ്ങനെയുണ്ടാക്കിപ്പാടീ:
"നമ്മുടെയമരം കയ്യാളുന്നവ-
നമരത്തെപ്പറ്റിപ്പിടിയില്ലാത്തവ-
നെന്നാലും തറവാടി."

ഞാനെന്നെ നയിക്കുന്ന മഹാ-
നേതാവിനെയൊരുകുറി നോക്കീ...
നോക്കുമ്പോള്‍ കണ്ടതുനേരോ...!
അന്നെന്നെ മുറിച്ചി-
ട്ടിന്റെപുറംപടമാകെയുരിഞ്ഞവനാം
രാക്ഷസനിവനല്ലേ...?

ആഞ്ഞും പാഞ്ഞും ചീറിയ ഞാ-
നമരക്കാരന്റെ പിടിപ്പില്ലാത്ത
നിയന്ത്രണമെല്ലാം പുല്ലാക്കി-
ത്തോന്നിയ വഴിയേപോയ്‌...

പിന്നെത്തുഴയന്മാരൊടു-
'മമര'നൊടും കൂടെയൊലി-
ച്ചെങ്ങോട്ടോ പോയ്‌...