Tuesday, November 8, 2011

സദ്ഗതി

-ബാലചന്ദ്രന്‍ ചുള്ളിക്കാട് 


ഒടുവില്‍ അമംഗളദര്‍ശനയായ് 
ബധിരയായന്ധയായ് മൂകയായി
നിരുപമപിംഗലകേശിനിയായ്
മരണം നിന്‍മുന്നിലും വന്നുനില്‍ക്കും  


പരിതാപമില്ലാതവളൊടൊപ്പം
പരലോകയാത്രയ്ക്കിറങ്ങും മുമ്പേ 
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും    
ധൃതിയിലെന്നോമനേ നിന്‍ഹൃദയം
പരത്തി പരത്തി തളര്‍ന്നുപോകെ,
ഒരുനാളും നോക്കാതെ മാറ്റിവച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും.
അതിലന്നു നീയെന്‍റെ പേരു കാണും...
അതിലെന്‍റെ ജീവന്‍റെ നേരു കാണും... 
      
പരകോടിയെത്തിയെന്‍ യക്ഷജന്‍മം
പരമാണു ഭേദിക്കുമാ നിമിഷം
ഉദിതാന്തരബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകും നിന്നന്തരംഗം
ക്ഷണികേ ജഗല്‍സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും.       Friday, October 21, 2011

മൃത്യുവചനം

- എ അയ്യപ്പന്‍


മൃത്യുവിന് 
ഒരു വാക്കേയുള്ളൂ- 
'വരൂ...പോകാം.' 


മൃത്യു
അതിഥിയാണ്.
ആതിഥേയന്‍ നല്‍കേണ്ടത് 
അവന്‍റെ നെഞ്ചിടിപ്പുകള്‍,
കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...


ആകാശത്തിലേക്ക് പറക്കുന്ന 
പോത്തിന്‍റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക് 
തിരിഞ്ഞുനോക്കരുത്.


നിന്നെ സ്നേഹിച്ചവര്‍ 
പുച്ഛിച്ചവര്‍ 
ഏവരും 
നിന്‍റെ ജഡത്തില്‍ വീണു കരയും.


സ്വര്‍ഗത്തിലെ സുവര്‍ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്‍ 
നിനക്ക് 
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്‍റെ കഴുത്തില്‍നിന്നും
ഇഴഞ്ഞുപോയ
കണ്‍ഠഭരണവുമുണ്ട്.


മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.
'വറുതികളുടെ ജീവിതത്തില്‍ നിന്ന് 
വരൂ...'

  

Sunday, September 11, 2011

കള്ള് വില്‍ക്കുന്നതിനേക്കാള്‍ ലാഭം

സി രാധാകൃഷ്ണന്‍

   ത്രിശൂല്‍ പുറപ്പെടാറായിരിക്കുന്നു.അഗ്നി പിന്നാലെ ചുര മാന്തി നില്പുണ്ട്-രണ്ടും ലിമിറ്റഡുസ്റ്റോപ്പ്‌ ബസ്സുകള്‍.ടൌണ്‍ ബസ്‌ സ്റ്റാന്‍ഡില്‍ നല്ല  തിരക്ക്.വൈകുന്നേരമായല്ലോ!വീടെത്താനുള്ള തിരക്കിലാണ് ആളുകള്‍.ഇതിനിടയില്‍ അന്തിക്കടലയും അന്തിക്കടലാസുമൊക്കെ വില്‍ക്കാനുള്ള ബഹളവുമുണ്ട്.
ഞാന്‍ ത്രിശൂലില്‍ കയറി.(ഇത് ഞാന്‍ കയറിയ വാഹനത്തിന്‍റെ യഥാര്‍ത്ഥമായ പേരല്ല.ഈ പേരില്‍ ഒരു ബസ്സുണ്ടെങ്കില്‍-ആ വാഹനവും അതിന്‍റെ ഉടമസ്ഥനും ക്ഷമിക്കണം.അറിഞ്ഞുകൊണ്ടല്ല ഈ പരാമര്‍ശം.)
   ബസ്സില്‍ നിറയെ ആളുണ്ട്.എങ്കിലും എനിക്ക് ഒരു സീറ്റ് കിട്ടി;പിടിക്കാന്‍ മുമ്പിലെ കമ്പി കിട്ടി;തിരക്കുകൂടിയാല്‍ ശ്വസിക്കാന്‍,വായുകടക്കാന്‍,ഒരു വശത്തൊരു പഴുതും കിട്ടി.ആശ്വാസമായി.ഇനി വഴിയില്‍ മൂക്കുകുത്തി വീഴാതെ അങ്ങെത്തിക്കിട്ടിയാല്‍ മതിയല്ലോ!
   ഭൂപടം മുതല്‍ കളിപ്പാട്ടങ്ങളും ജാതകഫലങ്ങളും വരെ വില്‍ക്കുന്നവര്‍ വാഹനത്തില്‍ കയറി കച്ചവടം നടത്തി ഇറങ്ങിപ്പോകുന്നതിനിടെ വലിപ്പമുള്ള ഒരു പുസ്തകം പൊക്കിക്കാണിച്ച് ഒരാള്‍ വന്നു.തോളില്‍,പൊക്കണം നിറയെ അതേ ഉരുപ്പടിയായിരിക്കും എന്ന് കുറ്റാന്വേഷകരല്ലാത്തവര്‍ക്കും അനായാസം ഊഹിക്കാം.
   മിനി ഭഗവദ്ഗീതയാണ് സാധനം.ഒരു മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷന്‍റെ സെയില്‍സ് മാനേജരാകാന്‍ തക്ക സാമര്‍ഥ്യമുള്ള ഒരാളാണ് അത് വില്‍ക്കുന്നതെന്ന് അയാളുടെ അവതാരിക കേട്ടപ്പോഴേ തോന്നി.വില്‍പ്പനയുടെ സൂത്രങ്ങള്‍ ഒരു അടവും പിഴയ്ക്കാതെ അയാള്‍ അവതരിപ്പിച്ചു.മാര്‍ക്കറ്റിംഗ് പാഠപുസ്തകങ്ങളില്‍ പറയുന്ന എല്ലാ ചിട്ടവട്ടങ്ങളും ഒപ്പിച്ചു കൊണ്ടായിരുന്നു മുന്നേറ്റം.പുസ്തകത്തിന്‍റെ സവിശേഷതകള്‍ ആദ്യമേ അയാള്‍ വിശദീകരിച്ചു.
-'ഇതൊരു സാധാരണ പുസ്തകമല്ല.ഇത് കൊണ്ടുനടക്കാന്‍ വളരെ എളുപ്പമാണ്.ഏതു പോക്കറ്റിനും പാകം.മറ്റൊരുതരത്തിലും പാകം തന്നെ.പതിനെട്ട് അധ്യായങ്ങളും വ്യാഖ്യാനവുമുള്ള ഈ സമഗ്രഗീതാഗ്രന്ഥത്തിന് വില വെറും പത്തുറുപ്പിക.ഒരു ഇളനീരിനെക്കാള്‍,കൊക്കകോളയെക്കാള്‍,ടൂത്ത് പേസ്റ്റിനേക്കാള്‍,എന്തിനേറെ ഒരു സോപ്പുകട്ടയെക്കാള്‍ കുറവ്.'
   ആരോ ഒരാള്‍ പുസ്തകം വാങ്ങി.ചെറുപ്പക്കാരന് ഉഷാറായി.അയാള്‍ പ്രഖ്യാപിച്ചു:ഇതാ ഒരാള്‍ കൂടുതല്‍ ജ്ഞാനിയാകാന്‍ നിശ്ചയിച്ചിരിക്കുന്നു.എത്രയെത്ര അനാവശ്യകാര്യങ്ങള്‍ക്കു നാം പണം ചെലവാക്കുന്നു!എത്ര പണം പോക്കറ്റടിച്ചു പോകുന്നു!വെറും പത്തുറുപ്പികയ്ക്ക് അറിവിന്‍റെ അറിവായ കാര്യം വാങ്ങി സൂക്ഷിക്കാം!വായിക്കാന്‍ ഇപ്പോള്‍ സമയമില്ലെങ്കിലും പിന്നീട് വായിക്കാനായി വാങ്ങിവയ്ക്കാം.സന്തതിപരമ്പരകള്‍ക്ക് വായിക്കാന്‍ ഈ ഒരു അമൂല്യസമ്പാദ്യം വീട്ടില്‍ ഇരിക്കട്ടെ...!അപൂര്‍വ്വമായി ലഭിക്കുന്ന ഭാഗ്യം...
   ബസ്സിന്‍റെ ഒരറ്റംമുതല്‍ മറ്റേഅറ്റം വരെ നടന്നിട്ടും പക്ഷെ,രണ്ടാമതൊരു പുസ്തകം ആരും വാങ്ങിയില്ല.അയാളുടെ സ്വരം മാറി:
'മഹാലോകരെ,കേള്‍പ്പിന്‍...സാക്ഷാല്‍ ഭഗവാന്‍ അര്‍ജുനനു നല്‍കിയ ഉപദേശമാണ് ഇതാ പത്തു വെള്ളിക്കാശിന്, ക്ഷമിക്കണം, ഈയക്കാശിന് നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നത്.ഇതൊരു സുവര്‍ണാവസരമാണ്.എനിക്കിതൊരു നിയോഗം മാത്രം!ഒത്താല്‍ അരിക്കാശു കിട്ടുമെന്നേ ഉള്ളു.അത് ഈ വണ്ടിയില്‍ നിന്നല്ലെങ്കില്‍ നിങ്ങള്ക്ക് നഷ്ടപ്പെടുന്നത് ഈ ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വലിയ അറിവാണ്.ഇതിനപ്പുറം ഒരു അറിവില്ല.അനുഗ്രഹമില്ല.'
   ഇതുകൊണ്ടും രണ്ടാമതൊരു പുസ്തകം വിട്ടില്ല.പക്ഷെ,ആ ചെറുപ്പക്കാരനില്‍ ഒട്ടും നിരാശ കണ്ടില്ല.അയാള്‍ സ്വരം വീണ്ടും മാറ്റി:
'ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് നമ്മളെല്ലാം.എത്രയെത്ര പ്രശ്നങ്ങള്‍!എന്‍റെ മുന്നിലിരിക്കുന്ന നിനങ്ങള്‍ ഓരോരുത്തരും അങ്കലാപ്പുകളുടെ ഓരോ ഹിമാലയമാണ്.ഈ ഞാനും അങ്ങനെ തന്നെ.ഈ പുസ്തകം അതിനെല്ലാം പരിഹാരമാണ്.ഒരെണ്ണം വാങ്ങിനോക്കുക.ഉടനെ ഫലം കാണും.അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.സാധിക്കില്ലെന്നു തോന്നിയത് സാധിക്കും.കിട്ടാത്തത് കിട്ടും.ഉറക്കം കൂടും...ഇത് വെറുതെ പറയുന്നതല്ല എന്നറിയാന്‍ വെറും പത്തുരൂപയേ ചിലവുള്ളൂ.ഞാന്‍ ഇത് ചുമ്മാ പറയുകയല്ല.ഈ സ്റ്റാന്ടില്‍ എന്നെ നാളെയും കാണാം.
രണ്ടുമൂന്നു പുസ്തകങ്ങള്‍ കൂടി വിറ്റു.വേറെ ചിലര്‍ വാങ്ങാന്‍ പുറപ്പെട്ടപ്പോള്‍ പിന്നില്‍ ഇരിക്കുന്ന ഒരാള്‍ താക്കീതു ചെയ്തു.
'അന്ധവിശ്വാസം പ്രചരിപ്പിക്കരുത്.'
   വില്‍പ്പനക്കാരന്‍റെ മട്ടുമാറി:
'പ്രിയസുഹൃത്തേ,ഞാന്‍ എന്‍റെ വിശ്വാസമാണ് പ്രചരിപ്പിക്കുന്നത്.താങ്കള്‍ അത് സ്വീകരിക്കണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ.ഞാന്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്ന ആളുകള്‍ ഈ വാഹനത്തിലുണ്ടെന്ന് എനിക്കറിയാം.അവരെ ഉദ്ദേശിച്ചാണ് ഞാന്‍ ഈ മഹാഗ്രന്ഥവുമായി നടക്കുന്നത്.ഇതൊരു പുണ്യകര്‍മ്മമാണ്‌.നോക്കുക,എനിക്കു സോപ്പോ ചീപ്പോ ചാരായമോ വില്‍ക്കാന്‍ പോകാമായിരുന്നില്ലേ?ഇതിനേക്കാള്‍ ലാഭമല്ലേ അത്?താങ്കളെപ്പോലെയുള്ളവരുടെ ചീത്ത കേള്‍ക്കേണ്ടിയും വരില്ല.'
   'ഈ പറഞ്ഞതാണ് ശരി'എന്ന് ചില യാത്രക്കാര്‍ക്കുതോന്നി.എന്നു മാത്രമല്ല അവര്‍ അത് തുറന്നുപറയുകയും പുസ്തകംവാങ്ങുകയും ചെയ്തു.അതിനിടെ മറ്റുചിലര്‍ മറ്റേപക്ഷത്തും ചേര്‍ന്നു.'നാട്‌ കുട്ടിച്ചോറാക്കുന്നത് അന്ധവിശ്വാസം കൊണ്ടാണ്' എന്ന വാദമുണ്ടായി.
   'നിങ്ങളൊക്കെ അന്ധമായി വിശ്വസിക്കുന്നത് മറ്റുചിലതിലാണെന്നല്ലേ ഉള്ളു?'എന്ന് ആരോ തിരികെ ചോദിച്ചതോടെ ഞങ്ങളും നിങ്ങളുമായി.അത് കുറച്ചുകൂടി മുന്നേറി കശപിശയായി;ചെറിയ ഉന്തും തള്ളുമായി;വെല്ലുവിളിയായി.തങ്ങളുടെ പക്ഷത്തോടുള്ള കൂറു തെളിയിക്കാന്‍ ധാരാളംപേര്‍ പുസ്തകം വാങ്ങി.
   അഞ്ചു മിനിട്ടിനകം ഇത്രയും നടന്നു.കണ്ടക്ടര്‍ കയറിവരുമ്പോള്‍ ബസ്സിനകത്ത് സംഘര്‍ഷം മൂത്തിരിക്കുന്നു.ഒരു ചിരിയോടെ അയാള്‍ ചോദിച്ചു:
'ഗീതക്കാരന്‍ വന്നായിരിക്കും?'
   ഉവ്വെന്ന് ആരോ പറഞ്ഞു.
   'മാന്യമഹാജനങ്ങളെ,ആരും മനമിളകി അലമ്പാക്കരുത്.ഇത് ആ വിദ്വാന്‍റെ പതിവാണ്.പുസ്തകംവിറ്റ് അയാളങ്ങു പോകും.കുഴങ്ങുന്നത് നിങ്ങളും ഞാനും മാത്രം!അടങ്ങിന്‍!'
   എന്‍റെ പിന്നിലെ സീറ്റിലെ ജ്ഞാനി ചിരിച്ചു:'പല ഗീതാരഹസ്യങ്ങളില്‍ ഒന്ന് ഇതും!'

നീതിസാരം:ഏറ്റവും ലാഭകരമായ കച്ചവടം ഇന്നലെവരെ കള്ളക്കള്ളും വിഷച്ചാരായവും ആയിരുന്നു.ഇപ്പോള്‍ അത് ജാതിമത വിഷലഹരിയാകുന്നു.     


(2006 മാര്‍ച്ചിലെ 'ഗ്രന്ഥാലോകം' എന്ന പുസ്തകത്തില്‍ കണ്ട കഥയാണ്‌ ഇത്. ഈ എഴുത്തുകാരനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയില്ല...)

Thursday, April 21, 2011

മൂന്നു കുട്ടികള്‍

- സേതു

   അവര്‍,മൂന്നു കുട്ടികള്‍,ഒരു വൈകുന്നേരം സ്കൂള്‍ വിട്ടു മടങ്ങുകയായിരുന്നു.

-നന്തന്‍,അയ്യപ്പന്‍,ബാപ്പൂട്ടി.


   ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന ചെമ്മണ്‍പാത പിന്നിട്ട് ചെറിയൊരു കുന്നുകയറിയിറങ്ങി,വലിയൊരു പാടം മുറിച്ചുകടന്ന്,അങ്ങനെ രണ്ടുമൂന്നു നാഴിക നടന്നുവേണം അവര്‍ക്കു വീട്ടിലെത്താന്‍.

   സ്കൂളുവിട്ടിട്ടും ഇത്തിരിനേരമൊക്കെ ചുറ്റിപ്പറ്റി നിന്നു. മാറ്റപ്പാടത്തു മുതിര്‍ന്നകുട്ടികള്‍ വാറുകളിക്കുന്നതും നോക്കി കുറെനേരം കളഞ്ഞു.അപ്പോഴേക്കും ചെണ്ടയും കൊട്ടിക്കൊണ്ട് സിനിമാപരസ്യക്കാരുടെ വരവായി. നോട്ടീസിനു വേണ്ടി കൈനീട്ടിക്കൊണ്ട് കുറെനേരം അവരുടെ പിറകെ നടന്നു.

   അങ്ങനെ കുന്നിന്‍ ചെരുവിലെത്തിയപ്പോഴേക്കും സൂര്യന്‍ വലിയൊരു ചാമ്പയ്ക്കപോലെ തുടുത്തു താഴുകയായിരുന്നു.

   പഴുത്തു ചീയുന്ന പറങ്കിമാങ്ങകളുടെ മണമായിരുന്നു കുന്നിന്‍ചെരുവിന്.നന്തനും കൂട്ടരും തെല്ലുനേരം മൂക്കുവിടര്‍ത്തി നിന്നു.പരുങ്ങലോടെ മുഖത്തോടു മുഖംനോക്കി സംശയിച്ചു നിന്നു.പിന്നെ കാലുകള്‍ താനേ നീങ്ങി.

   കുണ്ടന്‍കിണറ്റിനരികില്‍,പറങ്കിമാവിന്‍ തോട്ടത്തിന്‍റെ തുടക്കത്തില്‍ അവര്‍ പിന്നെയും കുറേനേരം അന്തിച്ചുനിന്നു. വീണ്ടും മുഖത്തോടു മുഖംനോക്കി.

   പിന്നീട് കുന്നിറങ്ങിവരുന്ന ഇളംകാറ്റില്‍ കശുമാങ്ങകളുടെ ഗന്ധം കനത്തപ്പോള്‍  അവര്‍ക്ക് അടക്കാനായില്ല. കൂട്ടത്തില്‍ തടിയനായ നന്തന്‍ തന്നെ തുടക്കമിട്ടു. മുന്നോട്ടോടിക്കൊണ്ട് അവന്‍ വിളിച്ചു കൂവി:

   "വാടാ മോനെ,നേരം കളയാണ്ട്..."

   പിന്നെ അവര്‍ സംശയിച്ചില്ല. ആര്‍ത്തുവിളിച്ചു കൊണ്ട്ഒപ്പംകൂടി അയ്യപ്പനും ബാപ്പുട്ടിയും.

   കുന്നുകൂടി കിടക്കുന്ന കരിയിലകള്‍ തട്ടിത്തെറുപ്പിച്ചുകൊണ്ട് അവര്‍ ഓടി. നന്തന്‍ മുമ്പിലായിരുന്നു. അവനോടൊപ്പം ഓടിയെത്താന്‍ നന്നേ വിഷമമായിരുന്നു. അയ്യപ്പനും ബാപ്പുട്ടിയും തോപ്പിനു നടുവിലെത്തിയപ്പോഴേക്കും നന്തന്‍ ഒരു തടിയന്‍മാവില്‍ പൊത്തിപ്പിടിച്ചു കയറാന്‍ തുടങ്ങിയിരുന്നു. അവന്‍ കുപ്പായമൂരി അരയില്‍ ചുറ്റിക്കെട്ടിയിരുന്നു. പുളിയുറുമ്പുകളെ നുള്ളിയെറിഞ്ഞ്, പതുക്കെ ചിരിച്ചുകൊണ്ട് അവനങ്ങനെ പൊത്തിക്കയറുകയായിരുന്നു.

   ഇടതുകാലിന് അല്പം ബലക്കുറവുള്ളതുകൊണ്ട് അയ്യപ്പന്‍ മരത്തില്‍ കയറാറില്ല. ചപ്പുചവറുകള്‍ക്കിടയില്‍ പൂണ്ടുപോയ കശുവണ്ടികള്‍ പെറുക്കിയെടുക്കാനുള്ള തിടുക്കത്തിലായിരുന്നു അവനും ബാപ്പുട്ടിയും.

   കുന്നിനപ്പുറത്ത് സൂര്യന്‍ താഴുകയായിരുന്നു.

   തോട്ടത്തില്‍ വെളിച്ചം മങ്ങിവന്നു.നന്തന്‍ മരഞ്ചാടിയെപ്പോലെ ഒരു കൊമ്പില്‍നിന്നു തൂങ്ങിയാടി മറ്റൊന്നിലേക്കു പകരുകയായിരുന്നു. ഒരു കൈകൊണ്ട് കൊമ്പില്‍ അള്ളിപ്പിടിച്ച്, മറുകൈകൊണ്ട് പുളിയുറുമ്പുകളെ നുള്ളിപ്പറിച്ചു കളയുമ്പോള്‍ അവന്‍ പതുക്കെ ചൂളമടിക്കുന്നുണ്ടായിരുന്നു.

   മുകളിലേക്ക് നോക്കി വാ പൊളിച്ചു നില്‍ക്കുകയായിരുന്നു ബാപ്പുട്ടി.

   "പറിച്ചു താഴോട്ടിടടാ ജിണ്ടാ,ഞാന്‍ പിടിച്ചോളാം." - അവന്‍ വിളിച്ചു പറഞ്ഞു.

   അതിനു മറുപടിയായി നന്തന്‍ വീണ്ടും ഉറക്കെ ചൂളംവിളിച്ചു. ഈണമില്ലാത്ത, പൊരുളില്ലാത്ത, പ്രാകൃതമായ ചൂളംവിളി. ആ കൂര്‍ത്ത ശബ്ദം മാവിലകളെ തുളച്ച്, മാഞ്ചില്ലകളില്‍ തല്ലിയലച്ച്, ചിതറിപ്പടര്‍ന്നു കൊണ്ടിരുന്നു. 
ഉയരങ്ങളില്‍ ചിതറുന്ന ആ വികൃതമായ ഒച്ചയുടെ തീവ്രത താഴെ കുട്ടികള്‍ക്ക്,അയ്യപ്പനും  ബാപ്പുട്ടിക്കും, മനസ്സിലായതുമില്ല.

   "വേഗം പറിക്കെടാ,ഇരുട്ടാന്‍ പോണു..."- ബാപ്പുട്ടി വീണ്ടും വിളിച്ചു കൂവി.

   അപ്പോഴും നന്തന്‍ ഒന്നും പറഞ്ഞില്ല. ഉറക്കെ ചൂളമടിച്ചുകൊണ്ട് ഒറ്റക്കയ്യില്‍ തൂങ്ങിയാടി അവന്‍  ഒരു കൊമ്പില്‍നിന്നു മറ്റൊന്നിലേക്കു പകരുന്നത് കുട്ടികള്‍ ആന്തലോടെ നോക്കിനിന്നു.

   അയ്യപ്പന് അല്പം പേടി തോന്നി.ബാപ്പുട്ടിയുടെ തോളത്തു കൈവച്ചുകൊണ്ട് അവന്‍ പിറുപിറുത്തു-

   "നമുക്ക് പൂവ്വാടാ,വല്യേട്ടന്‍ വഴക്കുപറയും."

   ബാപ്പുട്ടിയാകട്ടെ ഒരക്ഷരം ഉരിയാടാനാകാതെ, മുകളിലേക്കു  മിഴിച്ചുനോക്കി നില്‍ക്കുകയായിരുന്നു. അവന്‍റെ നെഞ്ചിടിപ്പു പെരുകുന്നത് അയ്യപ്പനറിഞ്ഞു.മേലാകെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

   "നന്താ..."- ബാപ്പുട്ടി നീട്ടിവിളിച്ചു. അവന്‍റെ ശബ്ദം ചിലമ്പിയിരുന്നു.

   നന്തന്‍ പിന്നെയും പൊത്തിപ്പിടിച്ചു കയറുകയാണ്. അവന്‍ മിണ്ടിയില്ല.

   ഇരുണ്ട ഇലചാര്‍ത്തിനിടയില്‍ നന്തന്‍റെ അരയില്‍ ചുറ്റിയ കുപ്പായത്തിന്റെ മങ്ങിയ വെളുപ്പ്‌ പതുക്കെ തെളിയുകയും മായുകയും ചെയ്തു. അകലുന്ന നേര്‍ത്ത ചൂളംവിളിയോടൊപ്പം പിന്നെ എപ്പോഴോ അതും കലങ്ങി മാഞ്ഞുപോയി.

   "നന്താ...ഇറങ്ങിവാടാ..."- ബാപ്പുട്ടി കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.

   പെട്ടെന്ന് അയ്യപ്പന്‍റെ തോളില്‍ ഒരു കശുമാമ്പഴം വന്നുവീണു.അവന്‍ ഞെട്ടിത്തരിച്ചു പോയി.ചതഞ്ഞ മാമ്പഴത്തിന്റെ നീര് അവന്‍റെ ഉടുപ്പിലൂടെ ഒലിച്ചിറങ്ങി. വീണ്ടും ഒന്നുകൂടി. ബാപ്പുട്ടിയുടെ മുതുകത്ത്.

    "പിടിച്ചോടാ അയ്യപ്പാ...താഴെ വീഴ്ത്തരുത്; ചതഞ്ഞു പോകും..." എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും രണ്ടുമൂന്നെണ്ണം ഒരുവിധത്തില്‍ പിടിച്ചെടുത്ത് ആര്‍ത്തിയോടെ കടിച്ചു തുപ്പിയെങ്കിലും, ഏറു തുടര്‍ന്നപ്പോള്‍, മുകളില്‍നിന്ന് തുരുതുരാ പറങ്കിമാങ്ങകള്‍ വന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ ബാപ്പുട്ടി പകച്ചുപോയി.
   
   ഉയരങ്ങളില്‍ ഒരു പൊട്ടിച്ചിരി കേട്ടു.

   അതോടൊപ്പം പറങ്കിമാവ് ആകെ ആടിയുലയുന്നതായി കുട്ടികള്‍ക്കു തോന്നി. ഒന്നും തെളിഞ്ഞു കണ്ടുകൂടാ. ഇരുണ്ട ഇലച്ചാര്‍ത്തും അവയ്ക്കിടയില്‍ നേര്‍ത്ത വരകള്‍ പോലെ ചില്ലകളും. എല്ലാം പതിഞ്ഞ ഇരുട്ടില്‍ കുലുങ്ങി വിറയ്ക്കുന്നതുപോലെ.

   മാമ്പഴങ്ങള്‍ ചറുപിറാ ഉതിര്‍ന്നുവീഴുകയാണ്. തലയില്‍, കഴുത്തില്‍, മുതുകത്ത്, കരിയിലകളില്‍...

   ഏറില്‍ നിന്ന് ഒഴിയാനായി അങ്ങോട്ടുമിങ്ങോട്ടും ചുവടുവെയ്ക്കാന്‍ തുടങ്ങിയെങ്കിലും കുട്ടികള്‍ക്കു രക്ഷപ്പെടാനായില്ല. പഴുത്തുവിങ്ങിയ മാമ്പഴങ്ങള്‍ ഉന്നംതെറ്റാതെ അവരുടെ ശരീരങ്ങളില്‍ തന്നെ വന്നു വീണ് ചതഞ്ഞു നീരൊലിപ്പിച്ച്,തെറിച്ചു പോയിക്കൊണ്ടിരുന്നു.

   മുകളിലെവിടെയോനിന്നു വീണ്ടും അതേ ചിരി. അത് നന്തന്‍റെ ഒച്ചയായിരുന്നില്ല.ഏറെക്കുറെ മുതിര്‍ന്ന ഒരാളുടെ പരുക്കന്‍ തൊണ്ടയിലൂടെ തള്ളിത്തെറിച്ചുവരുന്ന ശബ്ദങ്ങള്‍. അക്കൂട്ടത്തില്‍ ചെറിയൊരു കിളുന്തുശബ്ദം കൂടി പൊടുന്നനെ മുളച്ച്,പെട്ടെന്ന് ഒടിഞ്ഞു പോയിരുന്നോ?

   അത് നന്തന്‍റെ ശബ്ദമായിരുന്നോ?

   മേലാകെ ഒലിച്ചിറങ്ങുന്ന കനച്ച നീരില്‍ കുതിര്‍ന്നു വിറച്ചുകൊണ്ട്, പേടിച്ചരണ്ട്, അയ്യപ്പന്‍ ബാപ്പുട്ടിയുടെ കൈ പിടിച്ചുവലിച്ച് ഓടാനാഞ്ഞു.

   ബാപ്പുട്ടിയാകട്ടെ അപ്പോഴും ചിലമ്പിയ ശബ്ദത്തില്‍ നന്തനെ വിളിക്കുകയായിരുന്നു. അയ്യപ്പന്‍ അവനോട് ഇറുമ്മിപ്പിടിച്ചു നിന്നു.

   ഇത്തിരിനേരംകൂടി അവര്‍ അതേ നില്‍പ്പു നിന്നിരിക്കണം. മുകളില്‍ ആ വികൃതമായ ചിരി നിലച്ചിരുന്നു. മാമ്പഴങ്ങളുടെ പെയ്ത്തും ഒടുങ്ങിയിരുന്നു. കനംവെച്ച  ഇരുട്ടില്‍ ചില്ലകള്‍ അനക്കമറ്റുനിന്നു.

   പിന്നെ, കുട്ടികള്‍ക്ക് അവിടെ നില്‍ക്കാനായില്ല. പൊരുളറിയാത്ത ഒരു പേടിസ്വപ്നം പകര്‍ന്നു കൊടുക്കുന്ന ഭയപ്പാടോടെ,മരവിച്ച കാലുകള്‍ വലിച്ചിഴച്ച്, ചതഞ്ഞ കശുമാങ്ങകള്‍ ചവിട്ടിയരച്ച് അവര്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ മുകളില്‍നിന്ന് എന്തോ പാറിപ്പറന്ന് മുമ്പില്‍ വന്നുവീണു.

   ബാപ്പുട്ടി കുനിഞ്ഞെടുത്തുനോക്കി.

   നന്തന്‍റെ ഷര്‍ട്ട്.......

   പകച്ചുനോക്കി നില്‍ക്കെ മറ്റൊന്ന്-

   നന്തന്‍റെ നിക്കര്‍....

   കുട്ടികള്‍ പതുക്കെ തേങ്ങാന്‍ തുടങ്ങിയിരുന്നു. അധികം കഴിഞ്ഞില്ല.വേറൊന്നുകൂടി.

   അല്‍പ്പം നനഞ്ഞ ഒരു പട്ടുകോണകം...

   അത്രമാത്രം....

   ഒരുമാസം കഴിഞ്ഞപ്പോഴാണ് സ്കൂളിലെ ഹാജര്‍ പുസ്തകത്തില്‍ നന്തന്‍റെ പേരു വെട്ടിയത്.

   കാലം എത്ര കഴിഞ്ഞുപോയി...

   ഇന്നും ആ പറങ്കിമാവിന്‍തോപ്പിനടുത്തുകൂടി ഭയത്തോടെ കടന്നുപോകുമ്പോള്‍ കുട്ടികള്‍ വിറകൊള്ളുന്ന ശബ്ദത്തില്‍ പിറുപിറുക്കുന്നു:

   'പണ്ടുപണ്ട് നന്തന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു ...'               

Thursday, March 3, 2011

കുട്ടന്‍

-കാവാലം നാരായണപ്പണിക്കര്‍ 


കരുമാടിക്കരിനിലത്തില്‍
കന്നിന്റെ കുളമ്പടിക്കല്‍
പൊന്തി വന്നു...
കുട്ടന്‍
പൊന്തി വന്നൂ...
 ഉഴവുചാലിന്‍
 കരിങ്കല്ലിന്‍
 ഉരുവമാര്‍ന്നും
 പരുവമാര്‍ന്നും
 അവതരിച്ചൂ...
കുട്ടന്‍
 എണ്ണക്കറുപ്പായ്
 അഞ്ജനക്കറുപ്പായ്
 കണ്ണുതുറന്നൂ....
കുട്ടന്‍
 വയല്‍ വയറ്റില്‍
 പോക്കില്‍ക്കൊടിയിട്ടു
 വേരിളക്കി
 വേഷമിട്ടതേതു കാലം...


വേലക്കയ്യില്‍ കടഞ്ഞ കോലം
ചെത്തിയൊരുക്കിയതേതു തച്ചന്‍
സ്വയംഭുവായാല്‍-
അച്ഛനുണ്ടോ തച്ചനുണ്ടോ
ജനനമുണ്ടോ മരണവുമുണ്ടോ
കുട്ടന്‍
 മണ്ണിന്റെ  മനസ്സിന്റെ
 കണ്ണു തെളിഞ്ഞതല്ലേ
 കാലത്തിന്‍ സങ്കടങ്ങള്‍
 കല്ലച്ചു വന്നതല്ലേ...


നാടിന്റെ തത്സ്വരൂപം
നാട്ടാര്‍ക്ക് ചില്‍സ്വരൂപം
കാണാതെ മറഞ്ഞരൂപം
കാണായ സ്വന്തരൂപം
തനിമയെന്ന തനിരൂപം
തന്മയോടു തറഞ്ഞരൂപം


കുട്ടന്‍
കുട്ടനാട്ടെ കനിക്കാകെ
കുടികള്‍കാക്കും മാടനാര്...
കുരുന്നവയലിനു പൊലിഞ്ഞ വിളവിടും
കൂടോത്രചാത്തനാര്...


കുട്ടന്‍
കുടഞ്ഞെണീറ്റൂ...
പിടഞ്ഞെണീറ്റൂ...
നിലയില്‍ നിന്നിട്ടുറഞ്ഞു തുള്ളീ...
കുലഞ്ഞ കരിനിലത്തുഴറുമടവിയി-
ലുലഞ്ഞ മുടിയാട്ടം...
 കുട്ടന്‍
 ചക്രപ്പാട്ടില്‍
 പതിനെട്ടിലയില്‍
 തുടിച്ചു കുളിച്ചു...
 വട്ടിക്കുള്ളിലെ
 തുടുത്ത വിത്തായ്
 ചെളിനിലത്തില്‍
 പുരണ്ടു കളിച്ചു...
കുട്ടന്‍
 ഞാറ്റുപാട്ടിന്റെ
 തെയ്ത്തിനുന്തോം
 ഏറ്റുപാടി ചവിട്ടിനടന്നേ....
 വേലുത്താനിട്ടു
 കറക്കും ശംഖിലെ  
 രാശി തെളിച്ചേ...
കുട്ടന്‍
 വെള്ളുപ്പന്‍ കോഴീടെ
 ചാറ്റിലുദിച്ചേ...
 കൊയ്ത്തുമൂടിയില്‍
 കുതിച്ചുകുതിച്ചേ...
 രാത്രി മുഴുക്കെയും
 കളത്തില്‍ കാവലായ്
 ഉറക്കമിളച്ചേ...


ഉത്തരായന ചൂട്ടുപടയണി
കത്തിയെരിയണ ഉച്ചവെയിലത്ത്...
പച്ചത്തപ്പിന്റെ  
താണശ്രുതി വച്ച
രാത്രിമഞ്ഞത്ത് ...
മീനഭരണിക്ക്
മാനത്തൂന്നിങ്ങു
താഴും ഗരുഡന്റെ
താനവട്ടത്തില്‍
കൂര്‍ത്ത ചൂണ്ടലില്‍
കോര്‍ത്തുടക്കിയ
മുതുകത്തുദിരം
തുളിതുളിച്ചൂ...
കുട്ടന്‍
വരമ്പിനറിയാത്ത
മണ്ണിനറിയാത്ത
വരത്തനാണോ
കുട്ടന്‍
പൊക്കിള്‍കൊടിയിട്ടു
വേരുരച്ചൊരു
ക്ടാത്തനല്ലേ
വീണനിലത്തില്‍
താണനിലത്തില്‍
ചൂണ്ടയുടക്കിയ
തൂക്കക്കാരന്റെ
ചോര കണ്ടേ...
കലിച്ചുകലിച്ചുറക്കെ ...
കലിച്ചുകലികലിച്ചുറക്കെയുറക്കെ -
യലറിക്കൊണ്ടടക്കി ഭരിച്ചേ
കുട്ടന്‍
കനക്കും മുകിലായ്
നടുക്കും ഇടിയായ്
തെറിക്കും മിന്നലേ
തകര്‍ക്കും മഴയായ്
മണ്ണിന്‍ മടിയില്‍
വയലിന്‍ വയറ്റില്‍
ചെളിതന്‍ പശയില്‍
മറഞ്ഞു നിന്നേ...
പിന്നെയുണരാന്‍
എന്നുമുണരാന്‍ 
മഞ്ഞില്‍ വെയിലില്‍ 
കാറ്റില്‍ മഴയില്‍ 
വേലക്കരുവായ് 
വേലനുകമായ് 
വേലയരിവാളായ്...
കുട്ടന്‍ 
നിറഞ്ഞുനിന്നല്ലോ 
കുട്ടന്‍ 
നിറഞ്ഞു നിന്നല്ലോ..
Thursday, February 17, 2011

മൃഗാധിപത്യം

- എം.പി.നാരായണപ്പിള്ള

"ആരോപണം നിഷേധിക്കുന്നു.'-റെയിഞ്ചര്‍ മരിയാപൂതം അന്വേഷണക്കമ്മീഷന്‍ മുന്‍പാകെ ഉണര്‍ത്തിച്ചു-"ഡി.എഫ്.ഒ.ദാമോദരന്‍ നായരെ പുലി തിന്നു എന്നത് സത്യമാണ്.എന്നാല്‍ അതിനുത്തരവാദി ഞാനായിരുന്നില്ല."
"നിങ്ങള്‍ ആ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നില്ലേ?"-ഏകാംഗക്കമ്മീഷന്‍ ചോദിച്ചു.
"ഉവ്വ്."
"നിങ്ങളുടെ കൈവശം തോക്കുണ്ടായിരുന്നില്ലേ?"
"ഉണ്ടായിരുന്നു."
"തോക്ക് നിറച്ചതായിരുന്നില്ലേ?"
"നിറച്ചതായിരുന്നു."
"എന്നിട്ടും നിങ്ങളെന്തുകൊണ്ട് വെടിവച്ചില്ല?"
"ഡി.എഫ്.ഒ.ഒരു മനുഷ്യനാണ്.അദ്ദേഹത്തെ വെടിവച്ചാല്‍ ഞാന്‍ കൊലപാതകത്തിന് ശിക്ഷിക്കപ്പെടും.പോരെങ്കില്‍ അദ്ദേഹം എന്റെ മേലധികാരിയുമാണ്."
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം കമ്മീഷന്‍ ക്ഷമാപണം മുറ്റിനിന്ന സ്വരത്തില്‍ പറഞ്ഞു.
"അതല്ല ഞാനുദ്ദേശിച്ചത്.നിങ്ങളെന്തുകൊണ്ട് ഡി.എഫ്.ഒ.ദാമോദരന്‍ നായരെ ആക്രമിച്ച പുലിയെ വെടിവച്ചുകൊന്നില്ല എന്നാണ്. അങ്ങനെ നിങ്ങളുടെ മേലധികാരിയുടെ ജീവന്‍ രക്ഷിച്ചില്ല എന്നാണ് ഞാന്‍ ചോദിച്ചത്."
"സാര്‍,ഞാനീ സംഭവത്തിന് ദൃക് സാക്ഷിയായിരുന്നു.അവിടുന്ന് ഇപ്പോള്‍ പറഞ്ഞതുപോലെ പുലി ഡിഎഫ്ഒ-യെ ആക്രമിക്കുകയായിരുന്നില്ല.ഡിഎഫ്ഒ ആയിരുന്നു കാട്ടിലൂടെ നടന്നുപോയ പുലിയെ ആക്രമിച്ചത്.പുലി ചെയ്തത് ആത്മരക്ഷാര്‍ത്ഥം ഇതൊരു ജീവിയും ചെയ്യുന്ന പ്രവൃത്തികള്‍ മാത്രമായിരുന്നു.ന്യായം പുലിയുടെ ഭാഗത്തായിരുന്നു.അതുകൊണ്ട് പുലിയെ വെടിവയ്ക്കാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല."
"നിങ്ങള്‍ക്ക് ഡിഎഫ്ഒ ദാമോദരന്‍ നായരോട് എന്തെങ്കിലും ഇഷ്ടക്കേടിന് ഇടയായിട്ടുണ്ടോ?"
"ഇല്ല."-മരിയാപൂതം അറിയിച്ചു.-"ഒരു മേലധികാരി എന്ന നിലയ്ക്ക് അദ്ദേഹം സമര്‍ത്ഥനായിരുന്നു.കീഴ് ജീവനക്കാരുടെ കാര്യത്തില്‍ അദ്ദേഹം വേണ്ടത് ശ്രദ്ധിച്ചിരുന്നു.അദ്ദേഹത്തെപ്പറ്റി റെയിഞ്ചില്‍ എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു.മനുഷ്യരുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം ദയാലുവായിരുന്നു."
"അദ്ദേഹം ഏതെങ്കിലും അവസരത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയതായി ഓര്‍ക്കുന്നുണ്ടോ?"
"ഇല്ലെന്നു തന്നെ പറയാം."
"ആ സ്ഥിതിക്ക് അദ്ദേഹത്തെ പുലിയില്‍നിന്നു രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയായിരുന്നില്ലേ?"
"സാര്‍,അങ്ങനെ ആലോചിച്ചാല്‍ അതു ശരിയായിരിക്കും.പുലിയുടെ ഭാഗത്തുനിന്ന് ആലോചിച്ചുനോക്കൂ.പുലിയുടെ നാടുതന്നെ കാടാണ്.മനുഷ്യര്‍ക്ക്‌ യാതൊരു ഉപദ്രവവും ചെയ്യാതെ അവിടെ കഴിഞ്ഞു വന്ന പുലിയെ യാതൊരു കാരണവും കൂടാതെ നാട്ടിലെ ഒരു ജീവിയായ ഡി.എഫ്.ഒ ദാമോദരന്‍ നായര്‍ വന്ന് വെടിവയ്ക്കുന്നു.പുലിയുടെ ഭാഗ്യത്തിന് വേദി കാലിലാണ് കൊണ്ടത്‌.ആത്മരക്ഷാര്‍ത്ഥം പുലി ഡി.എഫ്.ഒ-യുടെ നേരെ ചാടുന്നു.ദ്വന്ദയുദ്ധത്തില്‍ ഡി.എഫ്.ഒ തോല്‍ക്കുന്നു.യുദ്ധത്തില്‍ തോല്‍ക്കുന്ന ജീവികളെ തിന്നുന്നത് പുലിയുടെ പതിവാണ്.അതനുസരിച്ച് പുലി ഡി.എഫ്.ഒ-യെ തിന്നുന്നു.പോരെങ്കില്‍ ഒരു രേയിഞ്ഞര്‍ എന്ന നിലയ്ക്ക് എന്റെ കടമ കാട്ടിലെ മൃഗങ്ങളെയും വൃക്ഷങ്ങളെയും പരിരക്ഷിക്കുക എന്നതാണ്.അപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ഒരു ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുലിയെ എങ്ങനെ കൊല്ലാന്‍ സാധിക്കും?"
"അതുകൊണ്ട് നിങ്ങള്‍ എന്തുചെയ്തു?"
"വെറുതെ നോക്കിക്കൊണ്ട്‌ നിന്നു.പുലി ഡി.എഫ്.ഒ-യുടെ ശരീരം വലിച്ചുകൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ തോക്കുംകൂടിയെടുത്ത് ഫോറസ്റ്റ് ബംഗ്ലാവിലേക്ക് മടങ്ങി."
"പ്രകോപനം ഡി.എഫ്.ഒ-യുടെ ഭാഗത്തുനിന്നുമല്ല,പുലിയുടെ ഭാഗത്തു നിന്നാണ് ആദ്യമുണ്ടായിരുന്നതെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമായിരുന്നു?"
"പുലിയെ വെടിവയ്ക്കുമായിരുന്നു."
"നിങ്ങള്‍ ഇതിനു മുന്‍പെന്നെങ്കിലും ഏതെങ്കിലും മൃഗത്തിനെ വെടിവെച്ചിട്ടുണ്ടോ?"
"ഒരിക്കല്‍ മാത്രം.മദംപൊട്ടി നടന്ന ഒരാനയെ കളക്ടറുടെ ഉത്തരവനുസരിച്ച് വെടിവെച്ചിട്ടുണ്ട്."
"അന്ന് ആന പ്രകോപനമുണ്ടാക്കിയോ എന്ന് നോക്കിയോ?"
"ഇല്ല.അങ്ങനെ നോക്കേണ്ട ആവശ്യംതന്നെയില്ല.കളക്ടറുടെ ഉത്തരവുണ്ടെങ്കില്‍ ഏതു മൃഗത്തിനേയും കൊല്ലാം.ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ ഏതു മനുഷ്യനെയും കൊല്ലാം-തൂക്കിലിട്ടു വേണമെന്ന് മാത്രം.കളക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് കിട്ടിയപ്പോള്‍ മേല്‍പ്പറഞ്ഞ ആനയെ കൊന്നു."
"പുലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കെ അതിനെ വെടിവയ്ക്കാന്‍ ഡി.എഫ്.ഒ.ദാമോദരന്‍ നായര്‍ നിങ്ങളോടാവശ്യപ്പെട്ടോ?"

"ഉവ്വ്...ഞാന്‍ പറഞ്ഞു,കളക്ടറുടെ ഉത്തരവില്ലാതെ പുലിയെ വെടിവെയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന്."
"നിങ്ങള്‍ നിയമം വാച്യാര്‍ത്ഥത്തില്‍ പാലിക്കാന്‍ ശ്രമിച്ചു എന്ന് കമ്മീഷന്‍ മനസ്സിലാക്കുന്നു.നിങ്ങള്‍ ഡി.എഫ്.ഒ.ദാമോദരന്‍ നായരുടെ ജീവനും ഒരു പുലിയുടെ ജീവനും ഒരേ വിലയാണോ കല്പിക്കുന്നത്?"
"കാട്ടില്‍ പുലിയുടെ ജീവനും നാട്ടില്‍ മനുഷ്യന്റെ ജീവനും കൂടുതല്‍ വിലയുണ്ട്."
"ഡി.എഫ്.ഒ.കാട് ഭരിക്കുന്ന നാട്ടുകാരനാണെന്നോര്‍ക്കണം.നിങ്ങളും കാട് ഭരിക്കുന്ന നാട്ടുകാരനാണ്."
"സാര്‍,അതിലും ശരി ഞങ്ങള്‍ നാട് ഭരിക്കുന്നവരുടെ കാട്ടിലെ പ്രതിനിധി എന്ന് പറയുന്നതായിരിക്കും.പണ്ടുകാലങ്ങളില്‍ നാടു ഭരിച്ചിരുന്നത് രാജാക്കന്മാരും കാട്ടിലെ രാജാവ് സിഹവുമായിരുന്നല്ലോ.കാട്ടിലെ മനുഷ്യരായ കാട്ടുജാതിക്കാര്‍ പോലും നാട്ടിലെ രാജാക്കന്മാരുടെ ഭരണം അംഗീകരിക്കാത്ത സ്ഥിതിക്ക് പുലി അതംഗീകരിക്കണമെന്നും അതനുസരിച്ച് മരിക്കാന്‍ തയ്യാറായിക്കൊള്ളണമെന്നും പറയുന്നത് ശരിയല്ല.പുലി നാട്ടില്‍ വന്നാല്‍ നമുക്ക് പുലിയെ കൊല്ലാനുള്ള അവകാശമുണ്ട്.ഡി.എഫ്.ഒ.ദാമോദരന്‍ നായര്‍ അകാരണമായി പുലിയെ വെടിവയ്ക്കുന്നത് കാട്ടിനുള്ളില്‍വച്ചാണ്."
"നിങ്ങള്‍ പറയുന്നതിന്റെ ചുരുക്കം പുലി ആത്മരക്ഷാര്‍ത്ഥമാണ്‌ ഡി.എഫ്.ഒ.ദാമോദരന്‍ നായരെ തിന്നത് എന്നാണോ?അതുകൊണ്ട് പുലി നിരപരാധിയും!"

"ഉവ്വ്...ഞാന്‍ പറഞ്ഞു,കളക്ടറുടെ ഉത്തരവില്ലാതെ പുലിയെ വെടിവെയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന്."
"നിങ്ങള്‍ നിയമം വാച്യാര്‍ത്ഥത്തില്‍ പാലിക്കാന്‍ ശ്രമിച്ചു എന്ന് കമ്മീഷന്‍ മനസ്സിലാക്കുന്നു.നിങ്ങള്‍ ഡി.എഫ്.ഒ.ദാമോദരന്‍ നായരുടെ ജീവനും ഒരു പുലിയുടെ ജീവനും ഒരേ വിലയാണോ കല്പിക്കുന്നത്?"
"കാട്ടില്‍ പുലിയുടെ ജീവനും നാട്ടില്‍ മനുഷ്യന്റെ ജീവനും കൂടുതല്‍ വിലയുണ്ട്."
"ഡി.എഫ്.ഒ.കാട് ഭരിക്കുന്ന നാട്ടുകാരനാണെന്നോര്‍ക്കണം.നിങ്ങളും കാട് ഭരിക്കുന്ന നാട്ടുകാരനാണ്."
"സാര്‍,അതിലും ശരി ഞങ്ങള്‍ നാട് ഭരിക്കുന്നവരുടെ കാട്ടിലെ പ്രതിനിധി എന്ന് പറയുന്നതായിരിക്കും.പണ്ടുകാലങ്ങളില്‍ നാടു ഭരിച്ചിരുന്നത് രാജാക്കന്മാരും കാട്ടിലെ രാജാവ് സിഹവുമായിരുന്നല്ലോ.കാട്ടിലെ മനുഷ്യരായ കാട്ടുജാതിക്കാര്‍ പോലും നാട്ടിലെ രാജാക്കന്മാരുടെ ഭരണം അംഗീകരിക്കാത്ത സ്ഥിതിക്ക് പുലി അതംഗീകരിക്കണമെന്നും അതനുസരിച്ച് മരിക്കാന്‍ തയ്യാറായിക്കൊള്ളണമെന്നും പറയുന്നത് ശരിയല്ല.പുലി നാട്ടില്‍ വന്നാല്‍ നമുക്ക് പുലിയെ കൊല്ലാനുള്ള അവകാശമുണ്ട്.ഡി.എഫ്.ഒ.ദാമോദരന്‍ നായര്‍ അകാരണമായി പുലിയെ വെടിവയ്ക്കുന്നത് കാട്ടിനുള്ളില്‍വച്ചാണ്."
"നിങ്ങള്‍ പറയുന്നതിന്റെ ചുരുക്കം പുലി ആത്മരക്ഷാര്‍ത്ഥമാണ്‌ ഡി.എഫ്.ഒ.ദാമോദരന്‍ നായരെ തിന്നത് എന്നാണോ?അതുകൊണ്ട് പുലി നിരപരാധിയും!"
"അതുമാത്രമല്ല,സാര്‍.ഡി.എഫ്.ഒ-യെ രക്ഷിക്കാനായി ഞാന്‍ പുലിയെ വെടി വെച്ചിരുന്നെങ്കില്‍ ഞാന്‍ മൃഗങ്ങളോട് ചെയ്യുന്ന ഒരനീതിയായിരുന്നേനെ.ഒരു ജീവി എന്ന ധര്‍മം മറന്നു മനുഷ്യന്‍ എന്ന വിഭാഗീയചിന്തയ്ക്ക് അടിപ്പെടുമായിരുന്നു എന്റെ ബുദ്ധി.അത്തരം ചിന്തകള്‍ തുടര്‍ന്നാല്‍ ഞാന്‍ മറ്റു ജീവികള്‍ക്കെതിരെ എന്റെ സഹജീവിയായ മനുഷ്യനുവേണ്ടി തോക്കെടുക്കും.മനുഷ്യരില്‍ത്തന്നെ ഞാന്‍ ഇന്ത്യക്കാരനെന്ന നിലയ്ക്കു ഞാന്‍ കേരളക്കാരനായി മറ്റു സംസ്ഥാനങ്ങളോടനീതി കാണിക്കും.പിന്നെ കേരളത്തില്‍ത്തന്നെ ഞാന്‍ തിരുവിതാംകൂറുകാരനായി കൊച്ചിക്കാരനോടും മലബാരുകാരനോടും അനീതി കാണിക്കും.തിരുവിതാംകൂറിലാണെങ്കില്‍,ഞാന്‍ നാടാനായി മറ്റു ജാതിക്കാരനോടനീതി കാണിക്കാന്‍ മടിക്കില്ല.അടുത്ത പടി,ഗ്രാമം,കുടുംബം,സ്വന്തക്കാര്‍,സ്വയം എന്നിങ്ങനെ ഞാന്‍ ഓരോ നിലയിലും നീതി മറക്കും.അതുകൊണ്ട് മൃഗങ്ങളോട് നീതി കാണിച്ചാലേ,മറ്റെല്ലാ വിധത്തിലുള്ള വിഭാഗീയചിന്തകളും മനസ്സില്‍ വരാതിരിക്കൂ.അതു പരീക്ഷിക്കാനൊരവസരം കൂടിയായിരുന്നു ഡി.എഫ്.ഒ-യും പുലിയുമായുള്ള ദ്വന്ദയുദ്ധം."
"ഇതായിരുന്നു നിങ്ങളുടെ ചിന്തയെങ്കില്‍ മുന്‍കൂട്ടി ഡി.എഫ്.ഒ-യെ പിന്തിരിപ്പിക്കാന്‍ എന്തുകൊണ്ട് നിങ്ങള്‍ ശ്രമിച്ചില്ല?"
"ഞാനതിനു ശ്രമിച്ചു,സാര്‍.പക്ഷെ ഡി.എഫ്.ഒ വഴങ്ങിയില്ല."
"എന്താണദ്ദേഹം പറഞ്ഞത്?"
"പുലി മറ്റു മൃഗങ്ങളെ കൊന്നു തിന്നുന്ന ജീവിയാണെന്നും അതുകൊണ്ട് പുലിയെ കൊല്ലുന്നത് മറ്റു മൃഗങ്ങളുടെ സംരക്ഷണത്തിനാണെന്നും;പോരെങ്കില്‍ കാട്ടിലെ രാജാവ് സിംഹമല്ലെന്നും വനംവകുപ്പു മന്ത്രിയാണെന്നും."
"ഒരു കണക്കിനതും ശരിയല്ലേ?"
“അല്ല,കാട് മൃഗങ്ങളുടേതാണ്.കാട്ടിലെ മനുഷ്യര്‍ അല്ലെങ്കില്‍ വേടന്മാര്‍-ഒരു ന്യൂനപക്ഷവും. കാട്ടില്‍ചെന്ന് മൃഗങ്ങളെ കൊല്ലുന്നവരെ കൊല്ലാന്‍ മൃഗങ്ങള്‍ക്കവകാശമുണ്ട്.അതുപോലെതന്നെ നാട്ടില്‍വന്ന് മനുഷ്യരെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലാന്‍ മനുഷ്യര്‍ക്കും അവകാശമുണ്ട്.ശരിക്കൊരുപമ പറഞ്ഞാല്‍,വനംവകുപ്പുമന്ത്രിയുടെ നില ഇംഗ്ളണ്ടിലെ കൊളോണിയല്‍ സെക്രട്ടറിയുടേതാണ്. അദ്ദേഹത്തിന്റെ അധികാരം മനുഷ്യരില്‍നിന്നു കിട്ടിയതാണ്.”
“മൃഗങ്ങള്‍ക്ക് സ്വയംഭരണം വേണമെന്നാണോ നിങ്ങള്‍ പറയുന്നത്?”
“സാര്‍,എന്റെ ഒഴിവുസമയങ്ങള്‍ ഞാന്‍ ചരിത്രവും പൊതുഭരണവും വായിക്കാനാണ് ചിലവാക്കുന്നത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം സ്വയംഭരണമെന്നാല്‍ അവര്‍ക്കിഷ്ടമുള്ള മാമൂലായ ഭരണരീതിയാണ്. അതായത് സിംഹം രാജാവായിട്ടുള്ള മാമൂല്‍.ജനാധിപത്യമല്ല.ഉദാഹരണമായി ആഫ്രിക്കയില്‍ സ്വയംഭരണം വന്നപ്പോള്‍ ജനതകള്‍ അവര്‍ക്ക് പറ്റിയ ഈദി അമീന്‍ ദാദയെ സ്വീകരിച്ചു.മൃഗങ്ങള്‍ അവര്‍ക്കുവേണ്ടത് സ്വീകരിച്ചുകൊള്ളും.പക്ഷെ,മനുഷ്യര്‍ തിരഞ്ഞെടുക്കുന്ന വനംവകുപ്പുമന്ത്രിയെ സ്വീകരിക്കില്ല.അതുപോലെ മനുഷ്യരുടെ നിയമങ്ങളും.”
“വനംവകുപ്പിന്റെ നിയമങ്ങള്‍ നിങ്ങളുടെ മനസാക്ഷിക്ക് നിരക്കുന്നില്ലെന്നു കമ്മീഷന് ഒരു നിഗമനത്തിലെത്താമോ?”
“അതില്‍ തെറ്റില്ല.എന്നാല്‍ അതെന്നെ പിരിച്ചുവിടാനുള്ള കാരണമാകുമോ?”
“ആകാം,ആകാതിരിക്കാം.ഏതായാലും ഈ സിറ്റിംഗ് തീരുന്നതിനുമുന്‍പ് നിങ്ങള്‍ക്കുവേണ്ടിപറയാന്‍ സാക്ഷികളാരെങ്കിലും ഉണ്ടോ?അവരെ വിസ്തരിക്കേണ്ടതുണ്ടോ?”
“ഒരു സാക്ഷിയുണ്ട്.”
“ഉടനെ വരുത്തിയാല്‍ ഇന്നുതന്നെ അന്വേഷണം പൂര്‍ത്തിയാക്കാം.അയാള്‍ ഇവിടെ അടുത്തുതന്നെയുണ്ടോ?”
“വെളിയില്‍ തണലത്തു നില്പുണ്ട്.വിളിച്ചാല്‍ വരുന്നതേയുള്ളൂ.”
“ശരി,ആരാണ്?”
“മേല്‍വിവരിച്ച സംഭവത്തിലെ പ്രധാനകുറ്റവാളിയാണ് സാര്‍.ഡി.എഫ്.ഓ.ദാമോദരന്‍നായരെ തിന്ന പുലി…വിളിക്കട്ടെ.”

Saturday, January 15, 2011

നോബല്‍സമ്മാന ശാലയില്‍നിന്ന്

-ബാലചന്ദ്രന്‍ ചുള്ളിക്കാട് 

1997 ഒക്ടോബര്‍ 12.
"ഈ മുറിയില്‍ ഒരിക്കല്‍ക്കൂടി വരാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു."
ചരിത്രപ്രസിദ്ധവും പുരാതനവുമായ സ്വീഡിഷ് അക്കാദമിക്കെട്ടിടത്തിലെ,നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നമുറിയില്‍ ഇന്ത്യന്‍എഴുത്തുകാരെ സ്വീകരിച്ച നോബല്‍ക്കമ്മിറ്റി ചെയര്‍മാന്‍ ഷെല്‍ എസ്പ് മര്‍ക്ക് പറഞ്ഞു.
അദ്ദേഹത്തോടൊപ്പം ആ മുറിയില്‍ നിന്ന് വീഞ്ഞ് കുടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു:
"സര്‍,ക്ഷമിക്കണം.ഇനി ഒരിക്കലും ഞാന്‍ ഈ മുറിയില്‍ വരില്ല."
"അതെന്താ?"-ഷെല്‍ എസ്പ് മര്‍ക്ക് ചോദിച്ചു.
"എനിക്കൊരിക്കലും നോബല്‍സമ്മാനം കിട്ടില്ല എന്നതുതന്നെ."-ഞാന്‍ ഒരു കവിള്‍ വീഞ്ഞു കുടിച്ചുകൊണ്ടു പറഞ്ഞു.

"ഭാവിയെക്കുറിച്ച് ദൃഢമായി പ്രവചിക്കാതിരിക്കുകയാണ് നല്ലത് എന്നെനിക്കു തോന്നുന്നു.നിങ്ങള്‍ക്ക് ചെറുപ്പമാണ്.ഒരുപക്ഷേ,ഈ മുറിയില്‍ നോബല്‍സമ്മാനജേതാവായി വന്നുനില്‍ക്കുമ്പോള്‍ ഈ വാക്കുകളുടെ പേരില്‍ നിങ്ങള്‍ക്ക് പശ്ചാത്തപിക്കേണ്ടിവന്നെന്നു വരാം.അന്ന് ഞാന്‍ ചെയര്‍മാനായി ഉണ്ടാവില്ലെങ്കിലും."-പ്രശസ്ത സ്വീഡിഷ് കവികൂടിയായ ഷെല്‍ എസ്പ്മര്‍ക്ക് പറഞ്ഞു.
"ഇല്ല സര്‍,കിട്ടിയാലും ഞാന്‍ നോബല്‍സമ്മാനം വാങ്ങില്ല."-ഞാന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
"എന്തുകൊണ്ട്?നിങ്ങള്‍ സാര്‍ത്രിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നുവോ?"-തെല്ല് അത്ഭുതത്തോടെ ഷെല്‍ എസ്പ്മര്‍ക്ക് ചോദിച്ചു.
"ഒരിക്കലുമില്ല.ടോള്‍ സ്റ്റോയി എന്ന മഹാപ്രതിഭയ്ക്ക് നല്‍കാതെ സള്ളി പ്രൂഥോം എന്ന ചെറ്റയ്ക്ക് ആദ്യത്തെ നോബല്‍സമ്മാനം നിങ്ങള്‍ കൊടുത്തില്ലേ?ടോള്‍ സ്റ്റോയിക്കു നല്‍കാത്ത നോബല്‍സമ്മാനം,അദ്ദേഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൃമിതുല്യനായ ഒരെഴുത്തുകാരനായ എനിക്ക് സ്വീകരിക്കാന്‍ കഴിയുകയില്ല."-എന്റെ പതിവുശൈലിയില്‍ ഞാന്‍ മറുപടി പറഞ്ഞു.
"നിങ്ങളുടെ ധാര്‍ഷ്ട്യം എനിക്കിഷ്ടമായി.പരിഗണിക്കപ്പെടേണ്ട ഒരു ഘടകം അതിലുണ്ട്.പക്ഷേ,ബാലന്‍,നോബല്‍സമ്മാനവും നല്‍കുന്നത് മനുഷ്യര്‍ തന്നെയാണ്.മനുഷ്യന്റെ എല്ലാ പരിമിതിയും നോബല്‍സമ്മാനത്തിനും ബാധകമാണെന്നോര്‍ക്കണം."-ഷെല്‍ എസ്പ്മര്‍ക്ക് ഗൌരവപൂര്‍വ്വം പറഞ്ഞു."
ഇറങ്ങുമ്പോള്‍ ആ നോബല്‍ക്കമ്മിറ്റി ചെയര്‍മാന്‍ ചോദിച്ചു:"ബാലന്‍ കേരളത്തില്‍നിന്നല്ലേ?"
"അതെ"-ഞാന്‍ പറഞ്ഞു.
"കമലാദാസിനെ അറിയുമോ?"
"തീര്‍ച്ചയായും.ഞങ്ങള്‍ ഒരേ നഗരത്തിലാണ് താമസിക്കുന്നത്."-ഞാന്‍ അഭിമാനപൂര്‍വ്വം പറഞ്ഞു.
"എന്റെ സ്നേഹിതയാണ് ആ നല്ല എഴുത്തുകാരി."-ഷെല്‍ എസ്പ്മര്‍ക്ക് പറഞ്ഞു.
"കമലാദാസിന് നോബല്‍സമ്മാനം കിട്ടുമോ?"-ഞാന്‍ ചോദിച്ചു.
"കിട്ടണമെന്നാണ് ഒരു സ്നേഹിതന്‍ എന്ന നിലയില്‍ എന്റെ ആഗ്രഹം.പക്ഷേ,അതിനു നടപടിക്രമങ്ങള്‍ ഒരുപാടുണ്ട്.ആല്‍ഫ്രഡ് നോബലിന്റെ വില്‍പ്പത്രത്തിലുള്ള നിര്‍ദ്ദേശം അനുസരിച്ചേ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ."-അദ്ദേഹം വിശദീകരിച്ചു.
"കമലാദാസിനെ കാണുമ്പോള്‍ അവരുടെ സുഹൃത്തും ഒരു എളിയ സ്വീഡിഷ് കവിയുമായ എന്റെ സ്നേഹാന്വേഷണം അറിയിക്കുക."-ഷെല്‍ എസ്പ്മര്‍ക്ക് പറഞ്ഞു.

(ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഓര്‍മ്മകളുടെ പുസ്തകമായ 'ചിദംബരസ്മരണ'-യിലെ ഒരു ഭാഗമാണ് ഇത്.)