Thursday, April 21, 2011

മൂന്നു കുട്ടികള്‍

- സേതു

   അവര്‍,മൂന്നു കുട്ടികള്‍,ഒരു വൈകുന്നേരം സ്കൂള്‍ വിട്ടു മടങ്ങുകയായിരുന്നു.

-നന്തന്‍,അയ്യപ്പന്‍,ബാപ്പൂട്ടി.


   ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന ചെമ്മണ്‍പാത പിന്നിട്ട് ചെറിയൊരു കുന്നുകയറിയിറങ്ങി,വലിയൊരു പാടം മുറിച്ചുകടന്ന്,അങ്ങനെ രണ്ടുമൂന്നു നാഴിക നടന്നുവേണം അവര്‍ക്കു വീട്ടിലെത്താന്‍.

   സ്കൂളുവിട്ടിട്ടും ഇത്തിരിനേരമൊക്കെ ചുറ്റിപ്പറ്റി നിന്നു. മാറ്റപ്പാടത്തു മുതിര്‍ന്നകുട്ടികള്‍ വാറുകളിക്കുന്നതും നോക്കി കുറെനേരം കളഞ്ഞു.അപ്പോഴേക്കും ചെണ്ടയും കൊട്ടിക്കൊണ്ട് സിനിമാപരസ്യക്കാരുടെ വരവായി. നോട്ടീസിനു വേണ്ടി കൈനീട്ടിക്കൊണ്ട് കുറെനേരം അവരുടെ പിറകെ നടന്നു.

   അങ്ങനെ കുന്നിന്‍ ചെരുവിലെത്തിയപ്പോഴേക്കും സൂര്യന്‍ വലിയൊരു ചാമ്പയ്ക്കപോലെ തുടുത്തു താഴുകയായിരുന്നു.

   പഴുത്തു ചീയുന്ന പറങ്കിമാങ്ങകളുടെ മണമായിരുന്നു കുന്നിന്‍ചെരുവിന്.നന്തനും കൂട്ടരും തെല്ലുനേരം മൂക്കുവിടര്‍ത്തി നിന്നു.പരുങ്ങലോടെ മുഖത്തോടു മുഖംനോക്കി സംശയിച്ചു നിന്നു.പിന്നെ കാലുകള്‍ താനേ നീങ്ങി.

   കുണ്ടന്‍കിണറ്റിനരികില്‍,പറങ്കിമാവിന്‍ തോട്ടത്തിന്‍റെ തുടക്കത്തില്‍ അവര്‍ പിന്നെയും കുറേനേരം അന്തിച്ചുനിന്നു. വീണ്ടും മുഖത്തോടു മുഖംനോക്കി.

   പിന്നീട് കുന്നിറങ്ങിവരുന്ന ഇളംകാറ്റില്‍ കശുമാങ്ങകളുടെ ഗന്ധം കനത്തപ്പോള്‍  അവര്‍ക്ക് അടക്കാനായില്ല. കൂട്ടത്തില്‍ തടിയനായ നന്തന്‍ തന്നെ തുടക്കമിട്ടു. മുന്നോട്ടോടിക്കൊണ്ട് അവന്‍ വിളിച്ചു കൂവി:

   "വാടാ മോനെ,നേരം കളയാണ്ട്..."

   പിന്നെ അവര്‍ സംശയിച്ചില്ല. ആര്‍ത്തുവിളിച്ചു കൊണ്ട്ഒപ്പംകൂടി അയ്യപ്പനും ബാപ്പുട്ടിയും.

   കുന്നുകൂടി കിടക്കുന്ന കരിയിലകള്‍ തട്ടിത്തെറുപ്പിച്ചുകൊണ്ട് അവര്‍ ഓടി. നന്തന്‍ മുമ്പിലായിരുന്നു. അവനോടൊപ്പം ഓടിയെത്താന്‍ നന്നേ വിഷമമായിരുന്നു. അയ്യപ്പനും ബാപ്പുട്ടിയും തോപ്പിനു നടുവിലെത്തിയപ്പോഴേക്കും നന്തന്‍ ഒരു തടിയന്‍മാവില്‍ പൊത്തിപ്പിടിച്ചു കയറാന്‍ തുടങ്ങിയിരുന്നു. അവന്‍ കുപ്പായമൂരി അരയില്‍ ചുറ്റിക്കെട്ടിയിരുന്നു. പുളിയുറുമ്പുകളെ നുള്ളിയെറിഞ്ഞ്, പതുക്കെ ചിരിച്ചുകൊണ്ട് അവനങ്ങനെ പൊത്തിക്കയറുകയായിരുന്നു.

   ഇടതുകാലിന് അല്പം ബലക്കുറവുള്ളതുകൊണ്ട് അയ്യപ്പന്‍ മരത്തില്‍ കയറാറില്ല. ചപ്പുചവറുകള്‍ക്കിടയില്‍ പൂണ്ടുപോയ കശുവണ്ടികള്‍ പെറുക്കിയെടുക്കാനുള്ള തിടുക്കത്തിലായിരുന്നു അവനും ബാപ്പുട്ടിയും.

   കുന്നിനപ്പുറത്ത് സൂര്യന്‍ താഴുകയായിരുന്നു.

   തോട്ടത്തില്‍ വെളിച്ചം മങ്ങിവന്നു.നന്തന്‍ മരഞ്ചാടിയെപ്പോലെ ഒരു കൊമ്പില്‍നിന്നു തൂങ്ങിയാടി മറ്റൊന്നിലേക്കു പകരുകയായിരുന്നു. ഒരു കൈകൊണ്ട് കൊമ്പില്‍ അള്ളിപ്പിടിച്ച്, മറുകൈകൊണ്ട് പുളിയുറുമ്പുകളെ നുള്ളിപ്പറിച്ചു കളയുമ്പോള്‍ അവന്‍ പതുക്കെ ചൂളമടിക്കുന്നുണ്ടായിരുന്നു.

   മുകളിലേക്ക് നോക്കി വാ പൊളിച്ചു നില്‍ക്കുകയായിരുന്നു ബാപ്പുട്ടി.

   "പറിച്ചു താഴോട്ടിടടാ ജിണ്ടാ,ഞാന്‍ പിടിച്ചോളാം." - അവന്‍ വിളിച്ചു പറഞ്ഞു.

   അതിനു മറുപടിയായി നന്തന്‍ വീണ്ടും ഉറക്കെ ചൂളംവിളിച്ചു. ഈണമില്ലാത്ത, പൊരുളില്ലാത്ത, പ്രാകൃതമായ ചൂളംവിളി. ആ കൂര്‍ത്ത ശബ്ദം മാവിലകളെ തുളച്ച്, മാഞ്ചില്ലകളില്‍ തല്ലിയലച്ച്, ചിതറിപ്പടര്‍ന്നു കൊണ്ടിരുന്നു. 
ഉയരങ്ങളില്‍ ചിതറുന്ന ആ വികൃതമായ ഒച്ചയുടെ തീവ്രത താഴെ കുട്ടികള്‍ക്ക്,അയ്യപ്പനും  ബാപ്പുട്ടിക്കും, മനസ്സിലായതുമില്ല.

   "വേഗം പറിക്കെടാ,ഇരുട്ടാന്‍ പോണു..."- ബാപ്പുട്ടി വീണ്ടും വിളിച്ചു കൂവി.

   അപ്പോഴും നന്തന്‍ ഒന്നും പറഞ്ഞില്ല. ഉറക്കെ ചൂളമടിച്ചുകൊണ്ട് ഒറ്റക്കയ്യില്‍ തൂങ്ങിയാടി അവന്‍  ഒരു കൊമ്പില്‍നിന്നു മറ്റൊന്നിലേക്കു പകരുന്നത് കുട്ടികള്‍ ആന്തലോടെ നോക്കിനിന്നു.

   അയ്യപ്പന് അല്പം പേടി തോന്നി.ബാപ്പുട്ടിയുടെ തോളത്തു കൈവച്ചുകൊണ്ട് അവന്‍ പിറുപിറുത്തു-

   "നമുക്ക് പൂവ്വാടാ,വല്യേട്ടന്‍ വഴക്കുപറയും."

   ബാപ്പുട്ടിയാകട്ടെ ഒരക്ഷരം ഉരിയാടാനാകാതെ, മുകളിലേക്കു  മിഴിച്ചുനോക്കി നില്‍ക്കുകയായിരുന്നു. അവന്‍റെ നെഞ്ചിടിപ്പു പെരുകുന്നത് അയ്യപ്പനറിഞ്ഞു.മേലാകെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

   "നന്താ..."- ബാപ്പുട്ടി നീട്ടിവിളിച്ചു. അവന്‍റെ ശബ്ദം ചിലമ്പിയിരുന്നു.

   നന്തന്‍ പിന്നെയും പൊത്തിപ്പിടിച്ചു കയറുകയാണ്. അവന്‍ മിണ്ടിയില്ല.

   ഇരുണ്ട ഇലചാര്‍ത്തിനിടയില്‍ നന്തന്‍റെ അരയില്‍ ചുറ്റിയ കുപ്പായത്തിന്റെ മങ്ങിയ വെളുപ്പ്‌ പതുക്കെ തെളിയുകയും മായുകയും ചെയ്തു. അകലുന്ന നേര്‍ത്ത ചൂളംവിളിയോടൊപ്പം പിന്നെ എപ്പോഴോ അതും കലങ്ങി മാഞ്ഞുപോയി.

   "നന്താ...ഇറങ്ങിവാടാ..."- ബാപ്പുട്ടി കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.

   പെട്ടെന്ന് അയ്യപ്പന്‍റെ തോളില്‍ ഒരു കശുമാമ്പഴം വന്നുവീണു.അവന്‍ ഞെട്ടിത്തരിച്ചു പോയി.ചതഞ്ഞ മാമ്പഴത്തിന്റെ നീര് അവന്‍റെ ഉടുപ്പിലൂടെ ഒലിച്ചിറങ്ങി. വീണ്ടും ഒന്നുകൂടി. ബാപ്പുട്ടിയുടെ മുതുകത്ത്.

    "പിടിച്ചോടാ അയ്യപ്പാ...താഴെ വീഴ്ത്തരുത്; ചതഞ്ഞു പോകും..." എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും രണ്ടുമൂന്നെണ്ണം ഒരുവിധത്തില്‍ പിടിച്ചെടുത്ത് ആര്‍ത്തിയോടെ കടിച്ചു തുപ്പിയെങ്കിലും, ഏറു തുടര്‍ന്നപ്പോള്‍, മുകളില്‍നിന്ന് തുരുതുരാ പറങ്കിമാങ്ങകള്‍ വന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ ബാപ്പുട്ടി പകച്ചുപോയി.
   
   ഉയരങ്ങളില്‍ ഒരു പൊട്ടിച്ചിരി കേട്ടു.

   അതോടൊപ്പം പറങ്കിമാവ് ആകെ ആടിയുലയുന്നതായി കുട്ടികള്‍ക്കു തോന്നി. ഒന്നും തെളിഞ്ഞു കണ്ടുകൂടാ. ഇരുണ്ട ഇലച്ചാര്‍ത്തും അവയ്ക്കിടയില്‍ നേര്‍ത്ത വരകള്‍ പോലെ ചില്ലകളും. എല്ലാം പതിഞ്ഞ ഇരുട്ടില്‍ കുലുങ്ങി വിറയ്ക്കുന്നതുപോലെ.

   മാമ്പഴങ്ങള്‍ ചറുപിറാ ഉതിര്‍ന്നുവീഴുകയാണ്. തലയില്‍, കഴുത്തില്‍, മുതുകത്ത്, കരിയിലകളില്‍...

   ഏറില്‍ നിന്ന് ഒഴിയാനായി അങ്ങോട്ടുമിങ്ങോട്ടും ചുവടുവെയ്ക്കാന്‍ തുടങ്ങിയെങ്കിലും കുട്ടികള്‍ക്കു രക്ഷപ്പെടാനായില്ല. പഴുത്തുവിങ്ങിയ മാമ്പഴങ്ങള്‍ ഉന്നംതെറ്റാതെ അവരുടെ ശരീരങ്ങളില്‍ തന്നെ വന്നു വീണ് ചതഞ്ഞു നീരൊലിപ്പിച്ച്,തെറിച്ചു പോയിക്കൊണ്ടിരുന്നു.

   മുകളിലെവിടെയോനിന്നു വീണ്ടും അതേ ചിരി. അത് നന്തന്‍റെ ഒച്ചയായിരുന്നില്ല.ഏറെക്കുറെ മുതിര്‍ന്ന ഒരാളുടെ പരുക്കന്‍ തൊണ്ടയിലൂടെ തള്ളിത്തെറിച്ചുവരുന്ന ശബ്ദങ്ങള്‍. അക്കൂട്ടത്തില്‍ ചെറിയൊരു കിളുന്തുശബ്ദം കൂടി പൊടുന്നനെ മുളച്ച്,പെട്ടെന്ന് ഒടിഞ്ഞു പോയിരുന്നോ?

   അത് നന്തന്‍റെ ശബ്ദമായിരുന്നോ?

   മേലാകെ ഒലിച്ചിറങ്ങുന്ന കനച്ച നീരില്‍ കുതിര്‍ന്നു വിറച്ചുകൊണ്ട്, പേടിച്ചരണ്ട്, അയ്യപ്പന്‍ ബാപ്പുട്ടിയുടെ കൈ പിടിച്ചുവലിച്ച് ഓടാനാഞ്ഞു.

   ബാപ്പുട്ടിയാകട്ടെ അപ്പോഴും ചിലമ്പിയ ശബ്ദത്തില്‍ നന്തനെ വിളിക്കുകയായിരുന്നു. അയ്യപ്പന്‍ അവനോട് ഇറുമ്മിപ്പിടിച്ചു നിന്നു.

   ഇത്തിരിനേരംകൂടി അവര്‍ അതേ നില്‍പ്പു നിന്നിരിക്കണം. മുകളില്‍ ആ വികൃതമായ ചിരി നിലച്ചിരുന്നു. മാമ്പഴങ്ങളുടെ പെയ്ത്തും ഒടുങ്ങിയിരുന്നു. കനംവെച്ച  ഇരുട്ടില്‍ ചില്ലകള്‍ അനക്കമറ്റുനിന്നു.

   പിന്നെ, കുട്ടികള്‍ക്ക് അവിടെ നില്‍ക്കാനായില്ല. പൊരുളറിയാത്ത ഒരു പേടിസ്വപ്നം പകര്‍ന്നു കൊടുക്കുന്ന ഭയപ്പാടോടെ,മരവിച്ച കാലുകള്‍ വലിച്ചിഴച്ച്, ചതഞ്ഞ കശുമാങ്ങകള്‍ ചവിട്ടിയരച്ച് അവര്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ മുകളില്‍നിന്ന് എന്തോ പാറിപ്പറന്ന് മുമ്പില്‍ വന്നുവീണു.

   ബാപ്പുട്ടി കുനിഞ്ഞെടുത്തുനോക്കി.

   നന്തന്‍റെ ഷര്‍ട്ട്.......

   പകച്ചുനോക്കി നില്‍ക്കെ മറ്റൊന്ന്-

   നന്തന്‍റെ നിക്കര്‍....

   കുട്ടികള്‍ പതുക്കെ തേങ്ങാന്‍ തുടങ്ങിയിരുന്നു. അധികം കഴിഞ്ഞില്ല.വേറൊന്നുകൂടി.

   അല്‍പ്പം നനഞ്ഞ ഒരു പട്ടുകോണകം...

   അത്രമാത്രം....

   ഒരുമാസം കഴിഞ്ഞപ്പോഴാണ് സ്കൂളിലെ ഹാജര്‍ പുസ്തകത്തില്‍ നന്തന്‍റെ പേരു വെട്ടിയത്.

   കാലം എത്ര കഴിഞ്ഞുപോയി...

   ഇന്നും ആ പറങ്കിമാവിന്‍തോപ്പിനടുത്തുകൂടി ഭയത്തോടെ കടന്നുപോകുമ്പോള്‍ കുട്ടികള്‍ വിറകൊള്ളുന്ന ശബ്ദത്തില്‍ പിറുപിറുക്കുന്നു:

   'പണ്ടുപണ്ട് നന്തന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു ...'