Wednesday, April 4, 2012

ശീമത്തമ്പുരാന്‍


-സി വി ശ്രീരാമന്‍

     പഴയ ആനവാതില്‍ക്കല്‍ മാട നിന്നു.ഇന്ന് ആനവാതിലിനു മേല്ക്കൂരയില്ല.കരിങ്കല്‍ വിരിച്ച പടവുകള്‍ അതുപോലെ തന്നെയുണ്ട്.ആനവാതില്‍ കടന്നാല്‍ ഇരുവശവും ചെങ്കല്‍മതിലാണ്.കൈയട്ടള വഴി.വല്ലാതെ കിതപ്പുതോന്നി. മാട അവിടെത്തന്നെ ഇരുന്നു.പൂമുഖത്തേയ്ക്കു നോക്കി.പൂമുഖം ഒഴിഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ മാടയ്ക്കു ഭയം തോന്നി.മാട ഇന്നുവരെ പൂമുഖത്തു കാലുകുത്തിയിട്ടില്ല.തമ്പ്രാന്‍ സ്ഥാനമുള്ള നായന്മാരു വീടാണ്.എന്നാലും നമ്പൂരിത്തമ്പ്രാക്കന്മാരുപോലും പൂമുഖത്തു കയറിയാല്‍ ഇരിക്കാന്‍ ഭയപ്പെട്ടിരുന്നു. തീണ്ടലിലൊന്നും ശീമത്തമ്പുരാന്‍ വിശ്വസിച്ചിരുന്നില്ല. എന്നിട്ടും ശീമത്തമ്പുരാന്റെ കാലത്തും പഴയതിനൊന്നും മാറ്റം സംഭവിച്ചില്ല.ശീമത്തമ്പുരാന്‍ ശീമയില്‍വെച്ചു മാര്‍ഗം കൂടിയിരുന്നു എന്നൊരു കേട്ടുകേള്‍വിയുണ്ട്.നേരോ നൊണയോ...മാടയ്ക്ക് ഇന്നും സംശയമുണ്ട്.ശീമത്തമ്പുരാന്‍ എന്നും സന്ധ്യക്കു മേലുകഴുകിവന്നു ഭസ്മം തൊടുമായിരുന്നു. മുറിയിലിരുന്നു നാമം ചൊല്ലുന്നത് ആ വീടാകെ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.ഇന്നും ആ ശബ്ദം അവിടെ മുഴുവന്‍ മുഴങ്ങുന്നതായി മാടയ്ക്കു തോന്നി;ഇപ്പോഴും ശീമത്തമ്പുരാന്‍ വിളിക്കുന്നതായി... രാത്രികാലങ്ങളില്‍ വിളികേട്ടുകൊണ്ട് മാട ഉണരും. അപ്പോഴൊക്കെ ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ മണമേല്‍ക്കാറുണ്ടായിരുന്നു. ശീമത്തമ്പുരാന്റെ തല്ലുവാങ്ങാത്ത ഒരൊറ്റ വല്ലി ആളരും ഉണ്ടായിരുന്നില്ല.പുഞ്ചപ്പടവിന്റെ മേല്‍വരമ്പു പൊട്ടി കൃഷി ആകെ നശിച്ചു.ഉണ്ടായത് മാടയുടെ നോട്ടക്കുറവു കൊണ്ടാണെന്നു ശീമത്തമ്പുരാന്‍ മനസ്സിലാക്കി.എന്നിട്ടും മാടയെ തല്ലിയില്ല.ഒരിക്കല്‍ മാത്രം...കാക്കാത്തുരുത്തിലെ വയലിലേയ്ക്ക് ഊരാളന്‍ ചെറുങ്ങോരന്‍ പ്രത്യേകം ക്ഷണിച്ചിരുന്നു.മാട പനങ്കള്ളും തെങ്ങിന്‍താവരവും മൂക്കറ്റം കുടിച്ചു.നാലുകാലിന്മേലാണ് തിരിച്ചെത്തിയത്. ശീമത്തമ്പുരാന്റെ ചെവിയിലുമെത്തി.
അടുത്തേക്കുവിളിച്ച് ഇടയറിയാതെ ഒരൊറ്റ അടി.  
   "ഇനി കുടിക്ക്വോ......"
   കണ്ണും ചെവിയും പൊത്തി ഒരൊറ്റ അടി.തോട്ടുവരമ്പത്തുനിന്ന് ഉരുണ്ട് നെല്ലിന്‍ കണ്ടത്തില്‍ ചെന്നുവീണു.എട്ടുനാഴികനേരം ചെന്നപ്പോഴാണു ബോധം വീണത്‌.ശീമത്തമ്പുരാന്‍ ശീമനാടുകളില്‍ എത്രയോകാലം കഴിഞ്ഞതാണ്.ജീവിതത്തില്‍ ഒരിക്കല്‍പ്പോലും മദ്യപിച്ചിട്ടില്ല.മാട കൊടുങ്ങല്ലൂരെ ഭരണിക്കു പോകുമ്പോള്‍ ശീമത്തമ്പുരാന്‍ കുടിക്കാനുള്ള കാശും അനുവാദവും തന്നിരുന്നു.എന്നിട്ടും കുടിക്കാനുള്ള ധൈര്യം മാടയ്ക്കുണ്ടായിരുന്നില്ല.ഒരിക്കലും പിന്നെ കുടിച്ചിട്ടുമില്ല.
   ഇന്ന് ഈ തറവാടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ മാട എന്തെല്ലാം ഓര്‍ത്തുപോകുന്നു.
   വീടിനകത്തുനിന്ന് ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ പുക വരുന്നു.മണം മൂക്കില്‍ ഇരമ്പിക്കയറുന്നു.
   മാട പൂമുഖത്തേക്കു നോക്കി.ഒരു ഈച്ച പോലും പറക്കാന്‍ ധൈര്യപ്പെടാത്ത ആദ്യകാലത്തെ പൂമുഖം.പിന്നെപ്പിന്നെ കുടുംബഛിദ്രം വന്നു.കാളി ദാരികന്മാരുടെ വേലപ്പറമ്പുപോലെ ഈ പൂമുഖം അങ്കക്കലികളും കണ്ടിട്ടുണ്ട്.ഈ പൂമുഖത്തിന്റെ മുകളില്‍ നീലച്ചില്ലുകളുടെ പാളികളുള്ള ജനാലകളുണ്ടായിരുന്നു.ഇന്നില്ല.അതിന്റെ കിഴക്കുവശത്തായിരുന്നു ശീമത്തമ്പുരാന്റെ മുറി.മാട ആ മുറിയുടെ ഭാഗത്തേക്കുനോക്കി.രാത്രിയില്‍ എപ്പോഴെങ്കിലും ഒരു വിളി:
   "മാടേ..... "       
   മാടയ്ക്കു മുറ്റത്തൊന്നും ചവിട്ടാന്‍ പാടില്ലായിരുന്നു. ശീമത്തമ്പുരാന്റെ മുറിയുടെ പിന്നില്‍ നില്‍ക്കുന്ന കവുങ്ങില്‍ കയറി മുറിയുടെ എകരംവരെ എത്തി തളപ്പിട്ട കാലുകള്‍ ഇറുക്കി കവുങ്ങില്‍ത്തന്നെ ഇരിക്കും.പിറ്റേന്നാള്‍ ചെയ്യേണ്ട പനിയുടെ വിവരം ശീമത്തമ്പുരാന്‍ പറഞ്ഞുതരും.എല്ലാം പറഞ്ഞുതീരുമ്പോള്‍ ശീമത്തമ്പുരാന്‍ പറയും,'ഇനി മാട പോയി കിടന്നോ...'.ആ നേരം മുഴുവന്‍ മാട കവുങ്ങില്‍ത്തന്നെ ഇരിക്കും.അതൊരു പതിവായി മാറി.
   ശീമത്തമ്പുരാനു രാത്രികാലങ്ങളില്‍ ഉറക്കം ഉണ്ടായിരുന്നില്ല. പാട്ടുപെട്ടിയില്‍ പാട്ടുവയ്ക്കും.ഒരു പുസ്തകം ഏടുമറിച്ചുകൊണ്ടിരുന്നു.അതില്‍ നിറയെ ഒട്ടിച്ച പോട്ടങ്ങളായിരുന്നു.അതും നോക്കി ഖേദിച്ചുകൊണ്ടിരിക്കും.ചിലപ്പോള്‍ തമ്പുരാന്‍ പൊട്ടിക്കരയാറുമുണ്ടായിരുന്നു.
   മാട ഇതൊക്കെ ഓര്‍ക്കുമ്പോഴും നോട്ടം വീടിനകത്തേക്കായിരുന്നു.ജനാലയില്‍ക്കൂടി പുക വരുന്നു.ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ മണം.ഇപ്പോള്‍ ചുരുട്ടിന്റെ പുക പൂമുഖത്തു പരക്കുന്നു.മാട നടുങ്ങി.പൂമുഖത്ത്‌ ഒരാള്‍ നില്‍ക്കുന്നു.ശീമത്തമ്പുരാന്റെ  അതേ ചുരുട്ട് വലിക്കുന്നു.ഒരു മുഴം ചുരുട്ട്.ആ മനുഷ്യന്‍ തിണ്ണയുടെ അറ്റം വരെ വന്നു.
   "എന്താടോ പേടിച്ചു നില്‍ക്കുന്നത്?ഇങ്ങട് അടുത്തുവാടോ..."
   "ഇബടെ ഒരു തമ്പ്രാനുണ്ടായിരുന്നു.മൂപ്പര് ഈ ചുരുട്ടാ വലിക്ക്യാ.....ആ തമ്പ്രാനെ ഓര്‍ത്തുനിന്നതാ...."
-മാട പറഞ്ഞു.
   "ഈ ചുരുട്ടോ?ഈ ചുരുട്ടൊന്നും ഇപ്പോള്‍ ഇവിടെ കിട്ടില്ല.ചെക്കന്മാര് ഗള്‍ഫില്‍നിന്നു കൊണ്ടുവന്നതാ."
   ചുരുട്ട് വലിക്കുന്ന ആള്‍ ഈ വീടിന്റെ പുതിയ ഉടമസ്ഥനായിരിക്കും.മാട കരുതി.
   "തന്റെ പേരെന്താ?"
   "എന്റെ പേര് മാട."
   "ഓ....മാടയോ?ഇവിടത്തെ ഏറ്റവും പഴയ പണിക്കാരന്‍,അല്ലേ?"
-മാട മിഴിച്ചു നിന്നു.
   "എടോ മാടേ,ഇങ്ങട് അടുത്തുവരൂ.എനിക്ക് ഒച്ച ഇടാന്‍ വയ്യ."
   മാട ഇന്നുവരെ പൂമുഖത്തൊന്നും കാലുകുത്തിയിട്ടില്ല. ശങ്കിച്ചുനിന്നു.
   "അതൊക്കെ പഴയകാലത്ത്.ഇപ്പൊ തനിക്ക് ഇങ്ങട് അടുത്തുവരാം."
   മാട എഴുന്നേറ്റു.കടക്കാന്‍ പാടില്ലാത്തിടത്തു കടക്കുന്നു എന്നു തോന്നിയതുകൊണ്ടാവാം,മാട ഊന്നുവടിയില്‍ കൂടുതല്‍ അമര്‍ത്തി.ആവശ്യത്തിലേറെ ഊന്നിയതുകൊണ്ടാവാം മാട വല്ലാതെ കിതച്ചിരുന്നു.മാട പൂമുഖത്തിണ്ണയില്‍ കൈയമര്‍ത്തി നിന്നു.കിതച്ചുകൊണ്ടു ചോദിച്ചു:        
   "എന്തിനാ എനിക്ക് ആളെ അയച്ചത്?...."
   "ആളു വന്നിരുന്നു അല്ലേ?തന്നെ കണ്ട് ഒരു നൂറുകൂട്ടം കാര്യങ്ങള്‍ അറിയാനുണ്ട്."
   മാട അന്തംവിട്ടു തിണ്ണയില്‍ രണ്ടുകൈകളും ഊന്നിനിന്നു.
   "എടോ മാടേ,ഈ വീട് വാങ്ങിക്കാന്‍ വിചാരിച്ചപ്പോ എനിക്ക് എന്താ തോന്നീന്നോ?ഈ വീട് പൊളിച്ചാല്‍ ഒരു നാലു വീടിനുള്ള ചെങ്കല്ലും മരവും കിട്ടും.ഇതൊക്കെ പൊളിച്ച് നാലു വീടു വയ്ക്കണംന്ന്തന്ന്യാ ഞാന്‍ പ്ലാനിട്ടത്.ഇപ്പോള്‍ ചാടിയാല്‍ പൊന്താതെയായി.മൂന്നു മക്കളും വിസ കാന്‍സലാക്കി പോന്നു.ഒരു ബസ് ഉണ്ടായിരുന്നത് പുഴയ്ക്കല്‍ പാലത്തിന്മേല്‍ ചെന്ന് ഇടിച്ചു തോട്ടില്‍ മറിഞ്ഞു.മൂന്നാള് മരിച്ചു.കൈയ്യൊടിഞ്ഞോരും കാലൊടിഞ്ഞോരും വേറെ.ബസ് വിറ്റാല്‍ നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കാന്‍ പറ്റില്ല.എല്ലാംകൊണ്ടും പൊറുതിമുട്ടിയപ്പോഴാണ് ഇവിടെ വന്നു താമസിക്കുവാന്‍ തീരുമാനിച്ചത്.അത് അതിലേറെ തകരാറിലായി."
   അയാള്‍ തിണ്ണയിലിരുന്നിട്ടു വര്‍ത്തമാനം തുടര്‍ന്നു:
   "ഇവിടെ താമസം തുടങ്ങിയപ്പോഴല്ലേ വിവരം അറിഞ്ഞത്."
   മാട തരിച്ചു നിന്നു.വളരെ വിഷമത്തോടെ ചോദിച്ചു.
   "എന്താണാവോ ഇബടംകൊണ്ട് ഒരു ദോഷം കണ്ടത്?"
   "ദോഷം ചില്ലറയൊന്നുമല്ല.ആദ്യം കണ്ടത് എന്റെ മൂത്ത മകന്റെ മോള് കുന്നൂര് പഠിക്കുന്ന കുട്ട്യാ.ആ കുട്ടിക്ക് ഇവിടെ വന്നാല്‍ ഉറക്കം തീരെ ഉണ്ടാവില്ല.ഇംഗ്ലീഷ് പാട്ട് പാടണുണ്ട്.അത് ഏറ്റുപാടാനും പറഞ്ഞു.നേരം പുലരോളം പാട്ടുതന്നെ..."
   മാട മിഴിച്ചുനിന്നു.
   "എടോ മാടേ,ഈ പൂമുഖത്തിനു നേരെമുകളില്‍ സൈഡ് മുറിയില്ലേ?അതിന്റെ താക്കോല്‍ ആരുടെ കയ്യിലാ?വീട് തന്നപ്പോഴ്‌ ആ മുറീടെ താക്കോലുമാത്രം കിട്ടിയില്ല.'ആരുടെയോ കയ്യിലുണ്ട്.വാങ്ങിത്തരാം' എന്ന് പറഞ്ഞു."
   മാട നെഞ്ചുതടവിക്കൊണ്ട് എല്ലാം ഓര്‍ത്തുപോകുകയാണ്.ഒടുവിലൊടുവില്‍,ശീമത്തമ്പുരാന്റെ അമ്മയ്ക്ക് തലയ്ക്ക് ഒട്ടും വെളിവുണ്ടായിരുന്നില്ല.ഒരിക്കല്‍ ആ മുറിയുടെ താക്കോല്‍ മാടയ്ക്കു തന്നിരുന്നു.
   "ഈ മുറീടെ ശരിക്കുള്ള അവകാശി നീ തന്ന്യാ.നീ സൂക്ഷിച്ചോ.അവള് വരുമ്പോ തുറന്നുകൊടുത്തോ..."
   മാട എന്തോ സൂത്രംപറഞ്ഞ് താക്കോലുവാങ്ങാതെ ഒഴിഞ്ഞുമാറി.
   പുതിയ വീട്ടുടമസ്ഥന്‍ ഒരു പരാതിപോലെ പറയാന്‍ തുടങ്ങി:
   "ഇതുവരെ താക്കോല്‍ കിട്ടിയില്ല.വാതിലില്‍ ഉറപ്പിച്ച ഇരട്ടപ്പൂട്ടാണ്.ആ വാതില്‍ ആകെ പൊളിച്ചാലേ മുറിതുറക്കാന്‍ പറ്റൂ.ആ പൂട്ടിനെപ്പറ്റി അറിയുന്ന ഒരു പഴയ കരുവാനെ കണ്ടു.താക്കോല്‍ ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്."
   മാട അപ്പോഴും ശീമത്തമ്പുരാന്റെ അമ്മയെ കണ്മുന്നില്‍ കാണുകയായിരുന്നു.ആ വീട്ടില്‍ നിന്നും ഒറ്റപ്പെട്ടുപോയ സ്ത്രീ...!
പുതിയ വീട്ടുടമസ്ഥന്‍ പൊടുന്നനെ ഒരു ചോദ്യം:
   "താന്‍ ഇവിടത്തെ പഴയ ആളല്ലേ?ഇവിടെ വല്ല ദുര്‍മരണവും ഉണ്ടായിട്ടുണ്ടോ?"
   "ഇവിടെ കൊലപാതകൊന്നും ഉണ്ടായതായിട്ടു എന്റെ ഓര്‍മ്മേലില്ല..."
   "കൊലപാതകം മാത്രമാണോ ദുര്‍മരണം.ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ?"
   മാട അറിയാതെതന്നെ പൂമുഖത്തിണ്ണയില്‍നിന്നു കയ്യെടുത്തു.കുന്തക്കാലില്‍ ഇരിക്കാന്‍ ശ്രമിച്ചു.സാധിച്ചില്ല.മൂടു നിലത്തുകുത്തി കാലുകള്‍ നീട്ടി ഇരുന്നു.എന്നിട്ടും ഇരുപ്പിന് ഊന്നുവടിയുടെ സഹായം വേണ്ടിവന്നു.
   പെട്ടെന്ന് വീട്ടിനകത്തുനിന്ന് തുരുതുരാ മണിയൊച്ച മുഴങ്ങി.പുതിയ വീട്ടുടമസ്ഥന്‍ അകത്തേക്കുപോയി.
   മാട അവിടെത്തന്നെ ഇരുന്നു.നല്ല ചന്തമുള്ള ഒരു പയ്യന്‍ പൂമുഖത്തേക്ക്‌ വന്നു.അമ്പലപ്പറമ്പില്‍ ഇപ്പോള്‍ കുട്ടികള്‍ കളിക്കാറുള്ള കനംകുറഞ്ഞ പിടിയുള്ള മാന്തന്‍വടി തിണ്ണയില്‍ ചാരിവച്ചു.കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല.എന്നിട്ടും എന്തോ ചുഴറ്റിയെറിയുന്നതുപോലെ രണ്ടുമൂന്നു തവണ ആംഗ്യം കാണിച്ചു.അപ്പോഴാണ്‌ മാടയെ കണ്ടത്.
   "ഹലോ,നിങ്ങളാണോ മാട?"
   മാട തലയാട്ടി.
   "ഹലോ മാട,നിങ്ങള്‍ ശീമത്തമ്പുരാനെ കണ്ടിട്ടുണ്ടോ...?"
   "എന്നെ വളര്‍ത്ത്യേത് ശീമത്തമ്പ്രാനാ..."
   "ശീമത്തമ്പുരാന്‍ ഐറിഷ് ഫ്രീഡം മൂവ്മെന്റില്‍ പങ്കെടുത്തതുകൊണ്ട്  ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലേക്ക് റീ പേട്രിയേറ്റ് ചെയ്തതാണോ...?അതായത് ഇംഗ്ലണ്ടില്‍നിന്നും ഇങ്ങോട്ടു കയറ്റി അയച്ചതാണോ?"
   മാടയ്ക്ക് ഒന്നും മനസ്സിലായില്ല.ഏതോ ലഹളയില്‍ ശീമത്തമ്പുരാന്‍ പങ്കെടുത്തുവെന്നും ഇനി ഒരിക്കലും ശീമയിലേക്ക് തമ്പുരാന് പോകാന്‍പറ്റില്ലെന്നും തമ്പുരാന്‍തന്നെ പറഞ്ഞ അറിവ് മാടയ്ക്കുണ്ടായിരുന്നു.എന്നിട്ടും മാട ഒന്നുംമിണ്ടിയില്ല.തുടര്‍ന്ന് ഒന്നും ചോദിക്കാതെ ആ പയ്യന്‍ വണ്ണംകുറഞ്ഞ പിടിയുള്ള മന്തന്‍വടിയുമെടുത്ത് സൈക്കിളില്‍ കയറിപ്പോയി.
   മാട അവിടെത്തന്നെ ഇരുന്നു.ഒരു ഓര്‍മ്മമാത്രം മാടയെ  അലട്ടിയിരുന്നു.
   'അതൊരു ദുര്‍മരണമായിരുന്നുവോ!!!?'
   മാട ചിന്തിക്കുന്നു,ഓര്‍മ്മയും യുക്തിയുമെടുത്ത്...                

 (ശ്രീ.സി വി ശ്രീരാമന്‍ എഴുതിയ ഈ കഥയും അദ്ദേഹത്തിന്റെ തന്നെ 'പൊന്തന്‍മാട' എന്ന കഥയുമാണ് ശ്രീ.ടി വി ചന്ദ്രന്‍ രചിച്ച,1993-ല്‍ പുറത്തിറങ്ങിയ 'പൊന്തന്‍മാട' എന്ന ചലച്ചിത്രത്തിന് ആധാരം.)