Wednesday, May 25, 2016

അമൃതം കടയുന്നു

- കെ ജി മേനോൻ 

കടൽ
മാനവപ്രഭാവമേ! നിഷ്പ്രഭം നീയെൻ മുന്നിൽ 
ഞാനിളകിയാൽപ്പിന്നെക്കഴിഞ്ഞു ലോകം തന്നെ.

തീമല
എന്നുള്ളിലെന്നും കത്തിജ്ജ്വലിക്കും തീക്കുണ്ഡത്തിൽ
കുന്നുകൾ, കരകളും, കടലും ദഹിച്ചുപോം!

കാറ്റ്
ഞാനൊരു വലുതായ നെടുവീർപ്പിട്ടാലുടൻ
ഹാ! നിലം പതിച്ചീടും ജീവരാശികളെല്ലാം.               

മിന്നല്‍
തിട്ടമിക്കൈയ്വാൾ മതി ചക്രവാളത്തെപ്പറ്റി
വെട്ടിയിപ്പ്രപഞ്ചത്തിൻ ചുടലക്കളം തീർക്കാൻ.

മനുഷ്യൻ
അരനാഴികവേണ്ടെൻ മാരകായുധം പോരും
തരിയായ് മാറ്റാൻ സർവ്വം; തീർപ്പു ഞാനെടുത്തെന്നാൽ.

കുട്ടി
ഹന്ത! നാമെല്ലാം തന്നെ നാശമായ്പ്പോയാൽ ലോക-
മെന്തിനെന്നെന്നോടൊന്നു ചൊല്ലണേ മഹാകവേ!

കവി
അറിഞ്ഞുമറിയാഞ്ഞുമെൻറെയീ ലോകത്തിൽ ഞാൻ
നുണഞ്ഞിങ്ങിറക്കാനായമൃതം കടയുന്നു. 

Thursday, April 28, 2016

മൌലികം

- എം ഗോവിന്ദൻ

മണ്ണിൻറെ കണ്ണിലുറങ്ങി വിത്തായ്
മഞ്ഞവെയിലിൻറെ പാട ചൂടി
കരുവായ്  വെള്ളയായ്ത്തോടിനുള്ളിൽ 
കളകാഞ്ചി പാടാതെ കാത്തിരുന്നു.
വിരിയാത്ത മൊട്ടിനു വെട്ടമേകാൻ 
ഉയരാത്ത ചിറകിനുയിർ കൊടുപ്പാൻ.

വേലിയ്ക്കൽ തത്തമ്മപോലെ ജന്മ-

വേള വന്നപ്പോൾ വിളിച്ചുരച്ചു :
"വിരിയാത്ത മൊട്ടേ, വിരിഞ്ഞുകൊള്ളൂ;
വീശാത്ത തൂവലേ, നീയുയരൂ."

വിത്തിനകത്തു ഞരക്കമപ്പോൾ 

"വിടരുവതെന്തിനു വീഴുവാനോ!"
മുട്ടയിൽ നിന്നൊരു മൂളക്കം
"ചൊട്ടയിൽ നിന്നും ചുടലയോളം
കോട്ടുവായിട്ടു കുടഞ്ഞെണീക്കാൻ 
പുത്തനാം തൂവലിങ്ങെന്തിനാവോ!"

വേലിയ്ക്കൽ തത്തമ്മപോലെ മൃത്യു-

വേദന വന്നേവം വേദമോതി.

"പുഞ്ചിരി ചുണ്ടിൻറെ പുണ്യമെങ്കിൽ 

പുന്നെല്ലിന്നെല്ലിലുറങ്ങണമെങ്കിൽ 
പൂവിൻറെ മോക്ഷം വികാസമത്രേ;
തൂവലിൻ ലക്‌ഷ്യം പറക്കലല്ലീ?"