Friday, June 30, 2017

മൂത്താശാരി


- മലയാറ്റൂര്‍ രാമകൃഷ്ണന്‍

   പതിനേഴു കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നത്. വടക്കന്‍ പറവൂര്‍ ജില്ലാക്കോടതിയില്‍ ആരംഭക്കാരന്‍ അഡ്വക്കേറ്റായി ഞാന്‍ കഴിയുന്ന കാലം.

   കക്ഷികളും കേസുമൊന്നുമില്ല. എന്നും റിക്ഷയില്‍ കയറി കോടതിയിലെത്തും. ആദ്യത്തെ ഒരു മണിക്കൂര്‍ മുന്‍സിഫ്‌ കോടതിയിലിരിക്കും. പിന്നെ, കോണി കയറി ജില്ലാ കോടതിയിലെത്തും.

   കൂടെക്കൂടെ സെഷന്‍സ് കേസുകളുണ്ടാകും.(മറ്റുള്ളവര്‍ നടത്തുന്നത്). സാക്ഷി വിസ്താരം കേട്ടുകൊണ്ടിരിക്കാന്‍ രസമുണ്ട്. അപ്പോഴൊക്കെയും ഒരാഗ്രഹം തോന്നും : ഒരു കൊലക്കേസില്‍ പ്രതിഭാഗം വക്കീലായി ഹാജരാകണം.

   അതിനൊരു മാര്‍ഗ്ഗമേയുള്ളു. സ്വന്തമായി വക്കീലിനെ ഏര്‍പ്പെടുത്താന്‍ കഴിവില്ലാത്തവര്‍ കൊലപാതകം നടത്തണേ എന്ന് പ്രാര്‍ത്ഥിയ്ക്കുക. അത്തരം പ്രതികള്‍ക്ക് സര്‍ക്കാര്‍ തന്നെ വക്കീലിന്‍റെ ഏര്‍പ്പാട് ചെയ്തു കൊടുക്കും. സ്വാതന്ത്യം കിട്ടിക്കഴിഞ്ഞിരുന്നെങ്കിലും അന്നും ഇതിന് പേര് പറഞ്ഞുപോന്നത് 'ക്രൌണ്‍ ഡിഫന്‍സ്' എന്നാണ്.

   നവാഗതര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും സാക്ഷികളെ വിസ്തരിക്കാനും കേസ് 'പ്രസംഗിക്കാനും' കിട്ടുന്ന ഈ അസുലഭസന്ദര്‍ഭം വിരളമായേ ഉണ്ടാകാറുള്ളു. സെഷന്‍സ് ജഡ്ജിയെ ക്ലബ്ബില്‍ വച്ചു കാണുക. അദ്ദേഹമൊന്നിച്ച് ബ്രിഡ്ജ് കളിക്കുക മുതലായവയെല്ലാം ഈ സന്ദര്‍ഭം കാത്തിരിക്കുന്ന പുതുവക്കീലന്‍മാരുടെ ഉപായങ്ങളാണ്.

   മാസങ്ങള്‍ ചെന്നപ്പോള്‍ എന്‍റെ ഭാഗ്യതാരം ഉദിച്ചു. തൊടുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്തില്‍ അറുപത്തഞ്ചു വയസ്സെത്തിയ ഒരു മൂത്താശാരി, സ്വന്തം മകളെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ല് കൊണ്ട് വയറിലിടിച്ചുകൊന്നു. മകള്‍ അവിവാഹിതയും ഗര്‍ഭിണിയുമായിരുന്നു. മൂത്താശാരിയുടെ ക്രൌണ്‍ ഡിഫന്‍സ് എനിക്കു കിട്ടി.

സബ്ജയിലില്‍ ഞാന്‍ ചെന്നു. മൂത്താശാരിയെ കണ്ടു. എന്തു ചോദിച്ചാലും മറുപടി പറയാത്ത ഒരു മനുഷ്യന്‍. കേസിന്‍റെ രേഖകള്‍ ഞാന്‍ പഠിച്ചു.
കുറ്റത്തിനുള്ള പ്രേരണ : അവിവാഹിതയായ മകള്‍ ഗര്‍ഭം ധരിച്ചതിലുള്ള അപമാനം.
സംഭവം കണ്ട രണ്ടു സാക്ഷികള്‍ : മൂത്താശാരിയുടെ മകനും മകന്‍റെ കൂട്ടുകാരനായ മറ്റൊരു ചെറുപ്പക്കാരനായ ആശാരിയും.
കൂനിന്മേല്‍ കുരു പോലെ, മൂത്താശാരി മജിസ്ട്രേറ്റു മുമ്പാകെ സുദീര്‍ഘമായ കുറ്റസമ്മതവും നല്‍കിയിരിക്കുന്നു.

   മകളുടെ ഗര്‍ഭത്തെപ്പറ്റി സംഭവദിവസമാണ് ആദ്യമായി മൂത്താശാരി അറിഞ്ഞതെന്നും പൊടുന്നനെ ഉണ്ടായ പ്രകോപനം നിമിത്തം കൊല നടത്തിയെന്നുമാണ് പ്രൊസിക്യൂഷന്‍ കേസ്സ്. ഇത് അസംഭവ്യമാണെന്ന് എനിക്കു തോന്നി. പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ അഞ്ചു മാസത്തെ ഗര്‍ഭമാണെന്ന് പറഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ മുമ്പുതന്നെ മൂത്താശാരി ഇക്കാര്യം അറിഞ്ഞിരിക്കയില്ലേ? മൂത്താശ്ശാരിക്ക് പ്രകോപനമുണ്ടായ പോലെ മകനും അപമാനഭീതിയും പ്രകോപനവും ഉണ്ടാവരുതേ? കൊല്ലാന്‍ മകനും പ്രേരണയുണ്ടെന്ന് സൂചിപ്പിച്ചാലെന്ത്? ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.

   ഒന്നാം സാക്ഷി, പ്രതിയുടെ മകനായിരുന്നു. ഞാന്‍ നീട്ടിപ്പിടിച്ചൊരു ക്രോസ് വിസ്താരം നടത്തി. എനിക്ക് പ്രയോജനകരമായ ചില മറുപടികള്‍ കിട്ടി. സഹോദരിക്ക് ഗര്‍ഭമാണെന്ന കാര്യം അയല്‍വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. കാണത്തക്കവിധം വയറ് മുഴച്ചിരുന്നു. ജോലി സ്ഥലത്തുവച്ച് ഇക്കാര്യം പറഞ്ഞ് സ്നേഹിതന്മാര്‍ തന്നെ കളിയാക്കിയിട്ടുണ്ട്. തനിക്ക് അപമാനം തോന്നി; ദേഷ്യവും.

   "നിങ്ങളുടെ അച്ഛനും മുമ്പുതന്നെ അറിയാമായിരുന്നില്ലേ, ഗര്‍ഭത്തിന്‍റെ കാര്യം?" - ഞാന്‍ ചോദിച്ചു.

   "സംഭവദിവസാണ് അറിഞ്ഞത്."

   "നിങ്ങളും അയല്‍ക്കാരും മുമ്പേ അറിഞ്ഞിരുന്ന ഒരു കാര്യം സംഭവദിവസം വരെ നിങ്ങളുടെ അച്ഛന്‍ അറിയാഞ്ഞതെന്ത്?"

   മറുപടിയില്ല.

   ഞാന്‍ നാടകീയമാംവണ്ണം ഒരു ചോദ്യം കൂടി ചോദിച്ചു:
"അവിവാഹിതയായ സഹോദരിയുടെ ഗര്‍ഭധാരണം നിങ്ങള്‍ക്ക് അപമാനം വരുത്തിയതുകൊണ്ട് നിങ്ങള്‍ തന്നെയല്ലേ കൊല നടത്തിയത്?"

   ജഡ്ജി എന്നെ മിഴിച്ചുനോക്കി.

   "എന്‍റെ ചോദ്യം റിക്കാര്‍ഡ് ചെയ്യണം. യുവര്‍ ഓണര്‍." - ഞാനപേക്ഷിച്ചു

   രണ്ടാം സാക്ഷി, പ്രതിയുടെ മകന്‍റെ കൂട്ടുകാരനായിരുന്നു. ചീഫ് വിസ്താരത്തില്‍ സംഭവം കണ്ടതായി അയാള്‍ പറഞ്ഞു. ഒന്നാം സാക്ഷിയും അയാളും കൂടി ഒന്നിച്ചൊരു സ്ഥലത്ത് പണിയെടുക്കുകയാണ്. ഉച്ചഭക്ഷണത്തിന് ഒന്നാം സാക്ഷി ക്ഷണിച്ചതനുസരിച്ച്, പ്രതിയുടെ വീട്ടില്‍ വന്നതാണ്‌. ചെന്നു കയറിയപ്പോള്‍ കണ്ടത് മകളുടെ വയറില്‍ പിള്ളക്കല്ലുകൊണ്ടിടിക്കുന്ന പ്രതിയെയാണ്.

   ഈ സാക്ഷിയെ തകര്‍ക്കാതെ രക്ഷയില്ല. ഞാന്‍ ഓരോന്ന് ചോദിച്ചു തുടങ്ങി. ഒന്നാം സാക്ഷിയെ പരിചയപ്പെട്ടത് ഒന്നരക്കൊല്ലം മുമ്പ്, ഒരു ഉത്സവസ്ഥലത്തുവച്ചാണെന്ന് അയാള്‍ പറഞ്ഞു. പിന്നെ കാണുന്നത് സംഭവത്തിന്‌ മൂന്നു ദിവസം മുമ്പാണ്. ഒന്നിച്ചു ജോലി ചെയ്യാനിടയായത് ആകസ്മികമായിട്ടാണ്. ഉച്ചഭക്ഷണം ജോലിസ്ഥലത്തുതന്നെ കിട്ടും. ജോലിസ്ഥലവും പ്രതിയുടെ വീടുമായി മൂന്നു മൈല്‍ അകലമുണ്ട്. ഊണിനുശേഷം അന്ന് വീണ്ടും പണിയുണ്ടായിരുന്നു. എന്നുവച്ചാല്‍ വീണ്ടും മൂന്നു മൈല്‍ നടന്നു. ഇങ്ങനെയങ്ങോട്ടു ചോദിച്ചപ്പോള്‍, ഈ സാക്ഷിയുടെ ചീഫിലെ മൊഴി ആടുന്നതായി കോടതിക്ക് തോന്നിക്കാണണം. 

   "ഊണു കഴിക്കാനല്ല, സംഭവം കാണാന്‍വേണ്ടിത്തന്നെ പ്രതിയുടെ വീട്ടിലേയ്ക്കു പോയതാണെന്ന് തോന്നും." - ജഡ്ജി പ്രോസിക്യൂട്ടറെ നോക്കിക്കൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞു.

   എനിക്ക് നേരിടാനുള്ള അടുത്ത ദുര്‍ഘടം ആ കുറ്റസമ്മതമായിരുന്നു. അതു തെളിയിക്കാന്‍ മജിസ്ട്രേറ്റ് സാക്ഷിക്കൂട്ടില്‍ കയറി. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതായി അദ്ദേഹം എഴുതിവച്ചിട്ടുണ്ട് - അതിനുള്ള കാരണസഹിതം. പ്രതിക്ക് ചുഴലിദീനമുണ്ട്. ചുഴലി വന്നപ്പോള്‍ താഴെ വീണുണ്ടായതാണ് പരിക്കുകള്‍. എന്‍റെ നല്ല കാലമെന്നേ പറയേണ്ടൂ. പ്രോസിക്യൂട്ടര്‍, ചീഫ് വിസ്താരത്തില്‍ ചുഴലിദീനത്തിന്‍റെ കാര്യമോ പരിക്കുകളുടെ കാര്യമോ എടുത്തു ചോദിച്ചില്ല.

   "നോ ക്രോസ്" , എന്ന് പറഞ്ഞു ഞാന്‍.

   തെളിവെടുപ്പ് തീര്‍ന്നു.

   ഞാന്‍ സബ്ബ്ജയിലില്‍ വീണ്ടും ചെന്നു. മൂത്താശാരിയോട് സംസാരിച്ചു. പിറ്റേന്ന് ജഡ്ജി ചോദ്യങ്ങള്‍ ചോദിക്കും - മൂത്താശാരിയോട്, ക്രിമിനല്‍ നടപടി നിയമം 342-ആം വകുപ്പനുസരിച്ച്, പ്രതികൂല സാഹചര്യങ്ങളെല്ലാം പ്രതിയുടെ ശ്രദ്ധയില്‍ കോടതി പെടുത്തേണ്ടതാണ്.

   പ്രോസിക്യൂഷന്‍ തെളിവിനെപ്പറ്റി എന്തു ചോദിച്ചാലും ഒറ്റ മറുപടിയേ പറയാവൂ എന്ന് ഞാന്‍ എന്‍റെ പ്രതിയെ പഠിപ്പിച്ചു.  - "എനിക്കോ വയസ്സായി, എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ഒന്നുകൂടി പറഞ്ഞുകൊടുത്തു. ചുഴലിദീനമുണ്ടോ എന്ന് ജഡ്ജി ചോദിക്കും. ഇല്ലെന്ന് പറഞ്ഞേക്കണം. 

   കോടതി സമ്മേളിച്ചു. പ്രതിക്കൂട്ടില്‍ നിന്നും മൂത്താശാരിയെ നീതിന്യായപീഠത്തിനരികില്‍ കൊണ്ടുനിറുത്തി. 

   ജഡ്ജി : "___ മാസം ___ തീയതി ___ മണി ___ സമയത്ത് നിങ്ങള്‍ മരിച്ചുപോയ ശാരദയെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ലുകൊണ്ട് ഇടിച്ചതു കണ്ടെന്ന് ഒന്നും രണ്ടും സാക്ഷികള്‍ പറയുന്നു. അതിനെപ്പറ്റി വല്ലതും പറയാനുണ്ടോ?"

   മൂത്താശാരി : "എനിക്കോ വയസ്സായി. എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ജഡ്ജി : "അവിവാഹിതയായ ശാരദ ഗര്‍ഭിണിയാണെന്ന വിവരം സംഭവദിവസം മാത്രമാണ് നിങ്ങള്‍ അറിഞ്ഞതെന്ന്.."

   മൂത്താശാരി : "എനിക്കോ വയസായി.."

   എന്‍റെ പ്രതി ഒന്നാംതരം നടനാണെന്ന് എനിക്കു തോന്നി. കുനിഞ്ഞുനിന്ന്, തൊഴുതുപിടിച്ചു കൊണ്ടാണ് പറയുന്നത്.

   "എനി മോര്‍ ക്വസ്റ്റ്യന്‍സ്?" - ജഡ്ജി എന്നോട് ചോദിച്ചു.

   "ചുഴലിദീനമുണ്ടോ എന്ന് ചോദിക്കണം, യുവര്‍ ഓണര്‍."

   ജഡ്ജി ചോദിച്ചു.

   മൂത്താശാരി ഉറക്കെ പറഞ്ഞു : "ഇല്ല"

   ഞാന്‍ കേസ് ജയിച്ചുകഴിഞ്ഞിരുന്നു.

   ശാരദയെ കൊല്ലാന്‍ വേണ്ട പ്രകോപനം ഒന്നാം സാക്ഷിക്ക് - മൂത്താശാരിയുടെ മകന് - ഉണ്ട്. മകനെ രക്ഷിക്കാന്‍ മൂത്താശാരി ശ്രമിക്കുകയാണ്. ഒന്നാം സാക്ഷി കൊലപാതകിയാണോ എന്നതല്ല പ്രശ്നം, മൂത്താശാരിയല്ല കൊല നടത്തിയതെന്ന് കരുതാന്‍ ന്യായമുണ്ട്. രണ്ടാം സാക്ഷി ഉച്ചഭക്ഷണത്തിന് വന്നെന്നും കൃത്യം കണ്ടെന്നും വിശ്വസിക്കാന്‍ വയ്യ. അതൊരു കെട്ടുകഥയാണെന്ന് വ്യക്തം - വിചാരണസമയത്ത് കോടതി തന്നെ പരാമര്‍ശിച്ചപോലെ. 

   "കുറ്റസമ്മതത്തെപ്പറ്റി എന്തു പറയുന്നു?" - ജഡ്ജി അന്വേഷിച്ചു.

   "അത് സ്വീകാര്യമല്ല. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. അതിന്‍റെ കാരണം മജിസ്ട്രേട്ടിനെ വിസ്തരിച്ചപ്പോള്‍, പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല. പ്രതി പറയുന്നത് അയാള്‍ക്ക് ചുഴലിദീനമില്ലെന്നാണ്."

   മൂത്താശാരിയെ വെറുതെ വിട്ടു.

   തൊടുപുഴയ്ക്ക് പോകാന്‍ ഞാനയാള്‍ക്ക് പത്തു രൂപ നല്‍കി. 

   പോകുമ്പോള്‍, വല്ലാതെ ചിരിച്ചുകൊണ്ട് അയാള്‍ എന്നോട് പറഞ്ഞു : 
"കൊന്നത് ഞാന്‍ തന്നെയാ...!"     

Tuesday, May 30, 2017

ബാബുരാജ്- യൂസഫലി കേച്ചേരി  

കല്ലായ ചിത്തവും രാഗാര്‍ദ്രമാക്കുവാന്‍
കല്ലായി കാണിക്ക വെച്ച കല്‍ഹാരമേ,
ഭാവഗാനങ്ങളെ നര്‍ത്തനം ചെയ്യിച്ച
ബാബുരാജ്, അങ്ങയ്ക്കൊരായിരം കൂപ്പുകൈ -
മൊട്ടുമായെത്തും നിശീഥങ്ങളിപ്പോഴും
തൊട്ടുണര്‍ത്തീടുമെന്‍ കാവ്യാങ്കുരങ്ങളില്‍
മുറ്റിത്തെഴുക്കും മധുകണമത്രയും
മുത്തിക്കുടിക്കാനണയും സ്മൃതിയിലെന്‍
പാട്ടുകാരാ, ചാരെയെത്തി ഹാര്‍മോണിയം
മീട്ടിയിരിക്കുന്നു നീ സുമിതാര്‍ദ്രനായ്.

പഞ്ചമം പാടും കുയിലും മധുരമായ്
കൊഞ്ചുന്ന പൈതലും കാട്ടുപൂഞ്ചോലയും 
നെറ്റിവേര്‍പ്പൊപ്പുവാനെത്തുന്ന തെന്നലും
നെഞ്ചില്‍ മുറിവേറ്റ പാഴ്മുളം കൂട്ടവു-
മല്ലാതെ പോകിലും വിശ്വപ്രകൃതി ത-
ന്നുത്തമ ശിഷ്യനായ് പാഴ്ത്തിരിയില്‍ നിന്ന്
കത്തിച്ച പന്തം കണക്കേ ജ്വലിച്ചു നീ.

നിന്‍റെ സിരാരക്തധാരയില്‍ പൈതൃക-
ത്തിന്‍റെയമൃതം വിലയിച്ചിരിക്കണം;
എങ്കിലും നിന്നുടെ ശൈശവ കൌമാര
സങ്കടങ്ങള്‍ നെയ്ത തിക്താനുഭൂതിയാല്‍
ആസ്വാദകര്‍ക്ക് മധു വിളമ്പാന്‍ നിന്‍റെ
ആത്മാവിന്‍ തന്ത്രിയുലച്ചതാകാം വിധി.

താവും വിശപ്പില്‍ വയറൊന്നമര്‍ത്തുവാന്‍
താനേ ചലിച്ച നിന്‍ താന്തമാം കയ്യുകള്‍
സഞ്ജനിപ്പിച്ച രടിതങ്ങള്‍, പിന്നെ നിന്‍
സംഗീതയജ്ഞത്തിന്‍ താളമായെന്നുമാം
കണ്ണുനീര് കലര്‍ത്തി സ്വയം നിന്‍റെ
കമ്രരാഗങ്ങളെ സ്വാദിഷ്ടമാക്കി നീ
ഓര്‍മ്മയിലിന്നുമൊളി മങ്ങിടാതിരു-
കര്‍മ്മുകമായിത്തിളങ്ങുമെന്‍ മിത്രമേ
എന്‍റെയും നിന്‍റെയും കാവ്യസംഗീതൈക്യ-
ത്തിന്‍റെ പയസ്വനി നിത്യം നനയ്ക്കുന്ന
മാമകഹൃത്തില്‍ മലരിട്ട വാങ്മയ
മാലതീമാലിക ചാര്‍ത്താം ഭവാന്നു ഞാന്‍.
കല്ലായ ചിത്തവും രാഗിലമാക്കുവാന്‍
കല്ലായിയില്‍ നിന്നണഞ്ഞ പൊന്‍ഹംസമേ,
ഭാവുകമാനസം കോരിത്തരിപ്പിച്ച
ബാബുരാജ്, അങ്ങയ്ക്കൊരായിരം കൂപ്പുകൈ.                                         
(ജമാല്‍ കൊച്ചങ്ങാടിയുടെ പ്രയത്നഫലമായി പുറത്തിറങ്ങിയ, 'ബാബുരാജ്' എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കവിതയാണിത്.)
  

Sunday, April 30, 2017

ദല്‍ഹി 1981

- എം മുകുന്ദന്‍

രാജീന്ദര്‍ പാണ്ഡെ വാതില്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി. നിരത്തിനപ്പുറം നിരനിരയായുള്ള കടകളാണ്. കടകളുടെ പിറകില്‍ ഒരു വലിയ മൈതാനം കാണാം. നിരത്തില്‍ നിന്ന് നോക്കിയാല്‍ ആ മൈതാനം കാണുകയില്ല. അയാളുടെ മുറി രണ്ടാം നിലയില്‍ റോഡിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ജനലിനരികില്‍ ചെന്നുനിന്നാല്‍ താഴെ താഴെ തെരുവും നിരയായുള്ള പീടികകളും അപ്പുറത്തെ മൈതാനവും എല്ലാം അയാള്‍ക്ക് വ്യക്തമായി കാണാം.

മൈതാനത്തിന് നടുവിലൂടെ ഒരു ഒറ്റയടിപ്പാത കടന്നുപോകുന്നു. അതിലേ പോയാല്‍ ചിരാഗ് ദല്‍ഹിയിലേക്കുള്ള പ്രധാന നിരത്തില്‍ എളുപ്പം ചെന്നെത്താം. മൈതാനം സദാ വിജനമായിരിക്കും. വല്ലപ്പോഴും മാത്രം ആ ഒറ്റയടിപ്പാതയിലൂടെ വല്ലവരും വരികയോ പോകുകയോ ചെയ്തെന്നു വരും. പകല്‍സമയങ്ങളില്‍ അവിടെ പന്നികള്‍ മേഞ്ഞുനടക്കുന്നുണ്ടാവും. പടിഞ്ഞാറുവശത്ത് ഒരു ഇടിഞ്ഞു തകര്‍ന്ന ശവകുടീരം ശവകുടീരം കാണാം. മുഗളരുടെ കാലത്തുള്ളതാണ്. അതില്‍ നിറയെ പ്രാവുകളാണ്. എല്ലായ്പ്പോഴും പ്രാവുകളുടെ കുറുകുറുകലും ചിറകടിയൊച്ചയും കേള്‍ക്കാം.

പാണ്ഡെ ജനലഴികളില്‍ പിടിച്ചുകൊണ്ട് വെറുതെ വെളിയില്‍ നോക്കിനിന്നു. അയാളുടെ കൂടെ അതേ മുറിയില്‍ താമസിക്കുന്ന കിശോര്‍ ലാല്‍ റേഡിയോ തുറന്ന് പാട്ടു കേട്ടിരിക്കുകയാണ്. സിനിമാപ്പാട്ടുകളില്‍ താല്‍പ്പര്യമില്ലാത്ത പാണ്ഡെ ബോറടിച്ച്, എന്തുചെയ്യണം എന്നറിയാതെ ജനലിങ്കല്‍ത്തന്നെ നിന്നു.

താഴെ നിരത്തിലൂടെ രഘുവീറും നാനക് ചന്ദും നടന്നുവരുന്നത് അയാള്‍ കണ്ടു. അവര്‍ സ്ഥലത്തെ തെമ്മാടികളാണ്. രണ്ടുപേരും ചെറുപ്പക്കാരാണ്. ഐ.പി കോളേജിലെ വിദ്യാര്‍ത്ഥിനികളെ ബസ് സ്റ്റോപ്പില്‍ വച്ച് ഉപദ്രവിച്ചതിന് രഘുവീര്‍ രണ്ടു ദിവസം ലോക്കപ്പില്‍ കിടക്കുകയുണ്ടായി. നാനക് ചന്ദ് അഞ്ചു തവണ ജയിലില്‍ കിടന്നിട്ടുണ്ട്. അവസാനത്തെ ജയില്‍ശിക്ഷ ഒരു സ്ത്രീയുടെ കഴുത്തില്‍നിന്നും ആഭരണം പിടിച്ചു പറിച്ചതായിരുന്നു.

രഘുവീറും നാനക് ചന്ദും അമീര്‍ സിങ്ങിന്‍റെ ഡ്രൈക്ലീന്‍ കടയുടെ പിറകിലൂടെ മൈതാനത്തേയ്ക്ക് ഇറങ്ങിപ്പോകുന്നത് പാണ്ഡെ കണ്ടു. അവര്‍ പുകവലിച്ചുകൊണ്ട് ഒരു വെട്ടുകല്ലിന്മേല്‍ ഇരുന്നു.

അകലെ മൈതാനത്തിന്‍റെ മറുവശത്ത് ഒരു മഞ്ഞ നിഴല്‍ തെളിഞ്ഞു വരുന്നത് പാണ്ഡെ ശ്രദ്ധിച്ചു. കൂടെ ഒരു നീണ്ട നിഴലും. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ മഞ്ഞസാരിയുടുത്ത ഒരു സ്ത്രീയും ഒരു പുരുഷനും ആണെന്ന് അയാള്‍ക്ക് മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അയാളുടെ കയ്യില്‍ ഒരു കുഞ്ഞു കൂടിയുണ്ടെന്നും അയാള്‍ക്ക് മനസ്സിലായി.

വെട്ടുകല്ലില്‍ ഇരിക്കുന്ന രഘുവീര്‍ മുഖം തിരിച്ച് സ്ത്രീയെയും പുരുഷനെയും നോക്കി. എന്നിട്ട് അയാള്‍ നാനക് ചന്ദിനോട്‌ എന്തോ പറഞ്ഞു. അയാളും മുഖം തിരിച്ച് ആ സ്ത്രീയെയും പുരുഷനെയും നോക്കി. അവര്‍ വീണ്ടും തമ്മില്‍ എന്തോ പറഞ്ഞു. അതിനുശേഷം അവര്‍ എഴുന്നേറ്റ് മൈതാനിയിലൂടെ നടക്കാന്‍ തുടങ്ങി.

"അബ്ബേ കിശോര്‍, തമാശ കാണണമെങ്കില്‍ വാ.."

രാജീന്ദര്‍ പാണ്ഡെ കിശോര്‍ലാലിനെ ജനലിനരികിലേക്ക് വിളിച്ചു. കിശോര്‍ലാല്‍ ചുണ്ടില്‍ വിരല്‍ വച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. റേഡിയോവില്‍ അമിതാഭ് ബച്ചന്‍ പാടിയ ലാവരിസിലെ പാട്ടാണ് വരുന്നത്.

പരസ്പരം തോളില്‍ കയ്യിട്ട്, അലസമായി, ഒരു സിഗരറ്റ് തന്നെ മാറിമാറി വലിച്ചുകൊണ്ട്, നാനക് ചന്ദും രഘുവീറും മൈതാനത്തിന്‍റെ നടുവിലേക്ക് നടക്കുകയാണ്. ഇപ്പോള്‍ മഞ്ഞ നിഴല്‍ കുറേക്കൂടി തെളിഞ്ഞു കാണാം. ആ സ്ത്രീയും പുരുഷനും മൈതാനിയുടെ ഏകദേശം നടുവില്‍ എത്തിയിരിക്കുന്നു. ജനലിനരികില്‍ നില്‍ക്കുന്ന പാണ്ഡേയ്ക്ക് അവളുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അവള്‍ സുന്ദരിയാണ്‌ എന്ന് അയാള്‍ ഊഹിച്ചു. അവളുടെ കൂടെ നടന്നുവരുന്ന ചെറുപ്പക്കാരന്‍ നീണ്ടു മെലിഞ്ഞിട്ടാണ്. അവര്‍ ഭാര്യയും ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന ഒരു സംതൃപ്ത കുടുംബമാണ്.

വെയിലിന്‍റെ ശക്തി കാരണമായിരിക്കണം, ചെറുപ്പക്കാരി സാരിയുടെ തുമ്പുകൊണ്ട് തല മൂടി. അവര്‍ അപ്പോള്‍ മൈതാനത്തിന്‍റെ മധ്യഭാഗം കഴിഞ്ഞിരുന്നു.

നാനക് ചന്ദിന്‍റെയും രഘുവീറിന്‍റെയും നടത്തം സാവധാനത്തിലായി. മൈതാനിയിലെവിടെയും കണ്ണെത്താവുന്നയിടത്തൊന്നും ആരെയും കണ്ടില്ല. തകര്‍ന്ന ശവകുടീരത്തിലെ പ്രാവുകള്‍ പോലും നിശബ്ദരാണ്.

"അബ്ബേ കിശോര്‍, നിന്‍റെ റേഡിയോ ബന്ത് കരോ. എഴുന്നേറ്റ് വാ യാര്‍?" - പാണ്ഡെ ഒരിക്കല്‍ക്കൂടി കിശോര്‍ലാലിനെ ജനലിന്‍റെ അരികിലേക്ക് വിളിച്ചു.

നാനക് ചന്ദും രഘുവീറും ആ ചെറിയ കുടുംബത്തിന്‍റെ അരികില്‍ എത്തി.

"അരേ, ജല്‍ദീ.. എഴുന്നേറ്റ് വാ യാര്‍..."

പാണ്ഡെ മൈതാനത്തിന്‍റെ നടുവിലേക്ക് മിഴിച്ചുനോക്കി. റേഡിയോ ഓഫാക്കാതെ തന്നെ കിശോര്‍ലാല്‍ എഴുന്നേറ്റുവന്നു.

നാനക് ചന്ദും രഘുവീറും വഴിമുടക്കി നിന്നു. നാനക് ചന്ദ് ഇരുകൈകളും ഊരയില്‍ വച്ച് വായിലെ സിഗരറ്റ് എടുക്കാതെ തന്നെ ചെറുപ്പക്കാരിയെ നോക്കി ഒന്ന് ചിരിച്ചു. ചെറുപ്പക്കാരന്‍റെ മുഖം ചുവന്നു.

"മാറിനില്‍ക്കിന്‍ തെമ്മാടികളെ..." - അയാള്‍ പറഞ്ഞു - "റാസ്ക്കല്‍സ്.."

നാനക് ചന്ദും രഘുവീറും അത് കേട്ടതായി ഭാവിച്ചില്ല. ചെറുപ്പക്കാരി മഞ്ഞസാരി തലയിലൂടെ വലിച്ചിട്ട് ചൂളി നിന്നു. അവളുടെ ഇരുകവിളുകളും ചുവന്നുതുടുത്തു.

"അരേ യാര്‍, നാനക് ചന്ദും രഘുവീറും എന്തിനാ ഭാവം?" - കിശോര്‍ലാല്‍ പാണ്ഡെയോട് ചോദിച്ചു.

"ലെറ്റ്സ് വെയിറ്റ് ആന്‍ഡ്‌ സീ. ഒരു സിഗരറ്റ് താ യാര്‍."

കിശോര്‍ലാല്‍ റെഡ് ആന്‍ഡ്‌ വൈറ്റിന്‍റെ പാക്കറ്റ് കീശയില്‍ നിന്നെടുത്ത് പാണ്ഡെയുടെ നേരെ നീട്ടി. അവര്‍ രണ്ടുപേരും ഓരോ സിഗരറ്റ് കത്തിച്ച് വര്‍ദ്ധിച്ച രസത്തോടെ മൈതാനത്തില്‍ നോക്കി നിന്നു. അവിടെ വെയില്‍ തിളിയ്ക്കുകയാണ്.

"അവര്‍ മാറ്റിനിയ്ക്ക് പോവുകയായിക്കണം യാര്‍." - പാണ്ഡെ അഭിപ്രായപ്പെട്ടു.

അല്ലാതെ ഈ നേരത്ത്, ഈ വെയിലില്‍ അവര്‍ മറ്റെവിടെ പോകാന്‍?

"ഹായ് മഞ്ഞക്കിളീ, നിന്‍റെ മുഖമൊന്നു കണ്ടോട്ടേ."

നാനക് ചന്ദ് ചെറുപ്പക്കാരിയുടെ മുഖത്തുനിന്ന് സാരി പിടിച്ചു നീക്കി. മാംസളമായ കവിളുകളും വിടര്‍ന്ന കണ്ണുകളുമുള്ള അതീവ സുന്ദരമായ ഒരു മുഖം. തലമുടിയുടെ മദ്ധ്യരേഖയില്‍ കുങ്കുമം വിതറിയിരിക്കുന്നു; നെറ്റിയില്‍ പൊട്ടും.

നാനക് ചന്ദ്, കയ്യില്‍ കുഞ്ഞുമായി നില്‍ക്കുന്ന ചെറുപ്പക്കാരന്‍റെ നേരെ തിരിഞ്ഞ് അയാളോടായി പറഞ്ഞു.

"അരേ ബ്രദര്‍, നീ വലിയ ഭാഗ്യവാന്‍ തന്നെ. ഹേമമാലിനിയെപ്പോലുള്ള ഒരു ഭാര്യയെ നിനക്ക് കിട്ടിയല്ലോ."

ചെറുപ്പക്കാരന്‍റെ ക്ഷമ നശിച്ചു. അയാള്‍ ഉള്ളാലെ ജ്വലിച്ചു. കയ്യില്‍ കുഞ്ഞുണ്ട്. കൂടെ ഭാര്യയുണ്ട്. അല്ലെങ്കില്‍.....

അയാള്‍ കോപം ഉള്ളിലൊതുക്കി മയത്തില്‍ പറഞ്ഞു - "ഫ്രണ്ട്സ്, നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? ഇത്തരം ഇന്‍ഡീസന്‍റ് ആയ പെരുമാറ്റം നല്ലതല്ല. നിങ്ങള്‍ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരല്ലേ? പ്ലീസ്.. ഞങ്ങള്‍ പോകട്ടെ.."

അയാള്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത്, ഭാര്യയുടെ കൈ പിടിച്ച്, അവരെ മറികടന്നുപോകാന്‍ ശ്രമിച്ചു.

"അങ്ങനെ പോകാന്‍ വരട്ടെ."

രഘുവീര്‍ ചെറുപ്പക്കാരന്‍റെ ചുമലില്‍ കൈവച്ചു.

"ഞങ്ങളുടെ അനുവാദം കൂടാതെ താന്‍ ഇവിടെ നിന്ന് അനങ്ങാന്‍ പാടില്ല. ഓക്കെ..?"

ചെറുപ്പക്കാരന്‍ ഉടനെ കൈവീശി രഘുവീറിന്‍റെ മുഖത്തുനോക്കി ഒന്നു കൊടുത്തു. അയാളുടെ കയ്യില്‍ കിടന്ന് കുഞ്ഞ് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

"സാലേ കുത്തേ...നീ അത്രയ്ക്കായോ?"

നാനക് ചന്ദ് പാന്‍റ്സിന്‍റെ ഉള്ളില്‍ നിന്ന് ഒരു കത്തി വലിച്ച് പുറത്തെടുത്തു. ചെറുപ്പക്കാരിയുടെ ചങ്ക് ഒരു പ്രാവിന്‍റെ ചങ്ക് പോലെ മിടിച്ചു. വഴക്കിനൊന്നും പോകരുതേയെന്ന് അവള്‍ കണ്ണുകളാല്‍ ഭര്‍ത്താവിനോട് യാചിച്ചു.

ആ ചെറുപ്പക്കാരന്‍ കുഞ്ഞിനെ ഭാര്യയുടെ കൈകളില്‍ ഏല്‍പ്പിച്ച് എന്തിനും തയ്യാറായി നിന്നു.

"സാലേ കുത്തേ..."

രഘുവീര്‍ അടികൊണ്ട കവിള്‍ തടവിക്കൊണ്ട് അയാളുടെ നേരെ തിരിഞ്ഞ് ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. കരയുന്ന കുഞ്ഞിനെ കൈയിലേന്തി ചെറുപ്പക്കാരി നിസ്സഹായയായി നാലുപാടും നോക്കി. ഭയത്താല്‍ അവള്‍ അടിമുടി വിറയാര്‍ന്നു.

"വണ്‍ മോര്‍ സിഗരറ്റ് യാര്‍."

പാണ്ഡെ മൈതാനത്തുനിന്ന് കണ്ണെടുക്കാതെ കിശോറിന്‍റെ നേരെ കൈനീട്ടി. അയാള്‍ ഒരു സിഗരറ്റു കൂടി കത്തിച്ചു പുക വിട്ടു. അതിനിടയില്‍ അയാള്‍ പറഞ്ഞു.

"യാര്‍, വെരി ഇന്‍ററെസ്റ്റിങ്ങ്.."

ചെറുപ്പക്കാരനും നാനക് ചന്ദും പിടിയും വലിയുമായി നില്‍ക്കവേ രഘുവീര്‍ അല്‍പം അകലെ നടന്നുചെന്ന് ഒരു വലിയ കരിങ്കല്ലെടുത്ത് തിരികെ വന്നു. ആ കല്ല്‌ ചെറുപ്പക്കാരന്‍റെ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അയാള്‍ അവിടെ നിന്നു. അതുകൂടി കണ്ടപ്പോള്‍ മഞ്ഞക്കിളി ആകെ തളര്‍ന്നു.

മൈതാനത്തിന്‍റെ മറ്റേയറ്റത്ത് ഒരു വെളുത്ത നിഴല്‍ പ്രത്യക്ഷമായി. ദുര്‍മേദസ്സ് നിറഞ്ഞ, മദ്ധ്യവയസ്സ് കഴിഞ്ഞ ഒരു മാന്യന്‍. അയാളുടെ കയ്യില്‍ ബ്രീഫ്കേസ് കാണാം. അയാള്‍ മൈതാനത്തിന്‍റെ നടുവില്‍ നോക്കി ഒന്ന് സംശയിച്ചു നിന്നു. അതിനുശേഷം ബ്രീഫ്കേസ് തൂക്കിപ്പിടിച്ചുകൊണ്ട് നടത്തം തുടര്‍ന്നു.

"അതാരെടാ ആ സുബ്ബര്‍?"

പാണ്ഡെ പറഞ്ഞു. ആ നവാഗതന്‍ ഒരു രസംകൊല്ലി തന്നെ. അയാള്‍ എല്ലാം തകരാറിലാക്കുമെന്ന് പാണ്ഡേയ്ക്ക് തോന്നി.

ചെറുപ്പക്കാരനും നാനക് ചന്ദും പരസ്പരം തര്‍ക്കിക്കുകയും ഇടയ്ക്കിടെ ഉന്തുകയും തള്ളുകയും ചെയ്യുന്നു. രഘുവീറിന്‍റെ കയ്യില്‍ ഇപ്പോഴും ആ കരിങ്കല്ല് കാണാം. ഇടയ്ക്കിടെ അയാള്‍ അത് ചെറുപ്പക്കാരന്‍റെ തലയ്ക്കുമുകളില്‍ ഉയര്‍ത്തും. അപ്പോഴൊക്കെ ചെറുപ്പക്കാരിയുടെ ജീവന്‍ പോകും.

മൈതാനിയിലൂടെ നടന്നു വരുന്ന മാന്യനെ കണ്ടപ്പോള്‍ അവള്‍ക്ക് ശ്വാസം നേരെ വീണു.

"ഒന്നോടി വരണേ... ഇവരിപ്പോള്‍ എന്‍റെ മോന്‍റെ അച്ഛനെ കൊല്ലും..." - അവള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

ആ മാന്യന്‍റെ കാലുകള്‍ക്ക് വേഗമേറി. അയാള്‍ തന്‍റെ ഭാരിച്ച ശരീരം കുലുക്കിക്കൊണ്ട് ധൃതിയില്‍ ചെറുപ്പക്കാരിയുടെ നേരെ നടന്നു. അയാള്‍ ഏകദേശം നൂറു വാര അടുത്തെത്തിയപ്പോള്‍ രഘുവീര്‍ അയാളുടെ നേരെ തിരിഞ്ഞു.

"ബദ്മാഷ്.. ദഫാ ഹോ ജാവോ ഇവിടുന്ന്..."

രഘുവീര്‍ തന്‍റെ കൈകളിലെ കരിങ്കല്ല് അയാളുടെ നേരെ ഓങ്ങി. മാന്യന്‍റെ കാലുകള്‍ പൊടുന്നനെ ചലിക്കാതെയായി. നാനക് ചന്ദിന്‍റെ കയ്യിലെ നീണ്ട വായ്ത്തലയോടുകൂടിയ കത്തിയും അയാളുടെ കണ്ണില്‍പ്പെട്ടിരുന്നു.

"ബാഗോ.. ഓട്..."

ഒന്ന് സംശയിച്ചശേഷം ചെറുപ്പക്കാരിയുടെ വിലാപം ചെവിക്കൊള്ളാതെ, മാന്യന്‍ തിരിഞ്ഞു നടന്നു.

"ഓട്.."

മാന്യന്‍ തന്‍റെ ഭാരിച്ച ശരീരം കുലുക്കിക്കൊണ്ട് കയ്യില്‍ ബ്രീഫ്കേയ്സുമായി ഓടി.

"സബാഷ്"

ജനലിനരികില്‍ നോക്കി നില്‍ക്കുന്ന പാണ്ഡെയും കിശോറും തലയറഞ്ഞു ചിരിച്ചു.

ഒരു നിമിഷം രഘുവീര്‍ കരിങ്കല്ല് ഉയര്‍ത്തി ചെറുപ്പക്കാരന്‍റെ മൂര്‍ധാവില്‍ ഇടിച്ചു. അയാള്‍ നിന്ന കാലില്‍ ഒന്നാടി. നാനക് ചന്ദ് കാലുയര്‍ത്തി അയാളുടെ നാഭിയില്‍ ഒരു ചവിട്ടും കൊടുത്തു. അതോടെ അയാള്‍ ഒരു വില്ലുപോലെ മുന്നോട്ട് വളഞ്ഞ് മറിഞ്ഞു വീണു.

"ഈ നാനക് ചന്ദിനെയും രഘുവീറിനെയും സമ്മതിക്കണം. റിയലി ഗ്രേറ്റ്.. ഓക്കെ യാര്‍?- പാണ്ഡെ പറഞ്ഞു.

"വെരി വെരി ഗ്രെയിറ്റ്. ഓക്കെ യാര്‍." - തന്‍റെ മുറിയന്‍ ഇംഗ്ലീഷില്‍ കിശോര്‍ലാലും പറഞ്ഞു.

അവര്‍ ഇരുവരുടെയും കണ്ണുകള്‍ മൈതനിയുടെ നടുവില്‍.

"എഴുന്നേല്‍ക്ക് സിസ്.റ്റര്‍.."

ഭര്‍ത്താവിന്‍റെ അരികിലിരുന്ന് കരയുന്ന ചെറുപ്പക്കാരിയുടെ കൈയില്‍ നാനക് ചന്ദ് കടന്നുപിടിച്ചു.

"ഞങ്ങളുടെ കൂടെ വാ. ആ കബറില്‍.."

അയാള്‍ ഇടിഞ്ഞു വീണ ശവകുടീരത്തിനു നേരെ വിരല്‍ ചൂണ്ടി.

"എന്നെ ഒന്നും ചെയ്യരുതേ..."

അവള്‍ നിറമിഴികളോടെ അവരുടെ നേരെ കൈകൂപ്പി.

നാനക് ചന്ദ് അവളെ ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ച് മുന്നോട്ടു തള്ളി. നിലത്തു കിടന്ന് ഉച്ചത്തില്‍ കരഞ്ഞു, കൈക്കുഞ്ഞ്. രഘുവീര്‍ ഉടനെ കീശയില്‍ നിന്ന് ഒരു വലിയ തൂവാലയെടുത്ത് അതിന്‍റെ വായില്‍ തിരുകിക്കയറ്റി. കുഞ്ഞിന്‍റെ കണ്ണുകള്‍ വെളിയിലേക്ക് തള്ളി. അതിന്‍റെ നിലവിളി നിന്നു.

അവള്‍ കുതറിമാറി മൈതാനിയിലൂടെ ഓടാന്‍ തുടങ്ങി.

"ബഹന്‍ ചൂത്ത് - അബ്ബേ, പിടിയവളെ.."

നാനക് ചന്ദ് കോപിച്ചു. രഘുവീര്‍ പിറകെ ഓടിച്ചെന്ന് അവളെ കടന്നുപിടിച്ചു. ഇരുവരും കൂടി വീണ്ടും അവളെ കബറിനുനേരെ വലിച്ചിഴച്ചുകൊണ്ടു പോയി. ശവകുടീരത്തിന്‍റെ തകര്‍ന്നു വീണ മതിലുകള്‍ക്കു മുകളില്‍ അസ്വസ്ഥരായി പ്രാവുകള്‍ അത് നോക്കിയിരുന്നു.

"അരേ യാര്‍, അവര്‍ അവളെ ബലാത്സംഗം ചെയ്യാന്‍ കൊണ്ടുപോകുകയാ.." - കിശോര്‍ലാല്‍ പറഞ്ഞു.

ഒരു ഈസ്റ്റ്മാന്‍ സിനിമാസ്കോപ് ചിത്രം കാണുന്നതുപോലെ അവര്‍ മൈതാനിയില്‍ നോക്കി നിന്നു.

രഘുവീറും നാനക് ചന്ദും കൂടി അവളെ പൊക്കിയെടുത്ത് ശവകുടീരത്തിന്‍റെ ഉള്ളിലേക്ക് കയറി. മഞ്ഞക്കിളിയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന മഞ്ഞ ബ്ലൌസ് അവര്‍ വലിച്ചു കീറി. അവര്‍ അവളെ കരിങ്കല്‍ ചുമരിനോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ക്ക് ഇപ്പോള്‍ ചെറുത്തു നില്‍ക്കാനുള്ള കരുത്തില്ല. അവളുടെ തല ഒരു വശത്തേക്ക് ചെരിഞ്ഞു.

"ആരായിരിക്കും ആദ്യം?" - കിശോര്‍ലാല്‍ ചോദിച്ചു.

"നാനക് ചന്ദ് അല്ലാതെ ആര്?" - പാണ്ഡെ പറഞ്ഞു.

രഘുവീര്‍ അവളെ ചുമരിനോടു ചേര്‍ത്ത് പിടിച്ചുനിര്‍ത്തി. നാനക് ചന്ദ് തന്‍റെ പാന്‍ടിന്‍റെ കുടുക്കുകള്‍ അഴിച്ചു.

ആ നിമിഷം രാജീന്ദര്‍ പാണ്ഡെയുടെ മുറി ഒരു വന്‍ നഗരമായി രൂപാന്തരപ്പെടുന്നു. അവിടെ ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നു. രാജീന്ദര്‍ പാണ്ഡെയും കിശോര്‍ ലാലും അന്‍പത്തഞ്ചു ലക്ഷം വരുന്ന ഒരു വലിയ ജനതയായി മാറുന്നു. ഉയര്‍ന്ന പ്രസംഗ വേദികളില്‍ നിന്നുകൊണ്ട്, ഹര്‍ഷാരവങ്ങള്‍ക്കിടയില്‍, ഖദറും ഗാന്ധിത്തൊപ്പിയും ധരിച്ച നേതാക്കള്‍ വാതോരാതെ ഹിന്ദിയില്‍ പ്രസംഗിക്കുന്നു. സിഗരറ്റുപുക കനത്തു നില്‍ക്കുന്ന കോഫി ഹൗസുകളില്‍ മേശയ്ക്ക് ചുറ്റും ഇരുന്ന്, തോളില്‍ സഞ്ചി തൂക്കിയ, താടിയും മുടിയും വളര്‍ത്തിയ, ബുദ്ധിജീവികള്‍ തര്‍ക്കിക്കുന്നു.....

ആ നിമിഷം ഖബറിന്‍റെ ഇരുളില്‍ നിന്ന് ഒരു കൊച്ചരിപ്രാവ്‌ പറന്നു വന്ന്, തന്‍റെ ഇളംകൊക്കുകൊണ്ട് നാനക് ചന്ദിന്‍റെ മൂര്‍ദ്ധാവില്‍ ഒന്നു കൊത്തുന്നു.

Friday, March 31, 2017

പോത്ത്
- എന്‍ എന്‍ കക്കാട്


ചത്തകാലത്തിന്‍
തളം കെട്ടിയ ചളിക്കുണ്ടില്‍
ശവംനാറിപ്പുല്ലുതിന്നാവോളവും
കൊഴുത്ത മെയ്യാകവേ താഴ്ത്തി
നീയെത്ര ശാന്തനായ് കിടക്കുന്നൂ.
വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച
മന്തന്‍ കണ്ണാല്‍ നോക്കി
കണ്ടതും കാണാത്തതുമറിയാതെ
നീയെത്ര തൃപ്തനായ്‌ കിടക്കുന്നൂ.
നിന്‍റെ ജീവനിലഴുകിയ
ഭാഗ്യ,മെന്തൊരു ഭാഗ്യം!                   

Wednesday, February 22, 2017

ശവസംസ്ക്കാരം
- കെ പി രാമനുണ്ണി

അസുഖം ഒന്നുമില്ല. ഗോപാലപ്പണിക്കരുടെ ഭാര്യ മരിച്ചു. മധ്യവയസ്‌കയെങ്കിലും നല്ല ചൊറുക്കും ആരോഗ്യവുമുണ്ടായിരുന്നു. പിന്നെ? ആരും എപ്പോഴും മരണത്തിന് വിധേയരാകാം എന്ന് തന്നെ ഉത്തരം.

അടിയൊഴുക്കിന്‍റെ വേഗത്തിലാണ് മരണവാര്‍ത്ത നാട്ടില്‍ പരന്നത്. മഴയും വെയിലുമില്ലാതെ ഇരുണ്ട് നീര്‍കെട്ടി നില്‍ക്കുന്ന ദിവസം. ഞങ്ങള്‍ നാട്ടുകാര്‍ അസ്തപ്രജ്ഞരായി കൊടും മരണത്തെ മനസ്സില്‍ നമിച്ച് പണിക്കരുടെ വീട്ടിലേക്ക് വരിവരിയായി നടന്നുനീങ്ങി. അരോഗഗാത്രയായ കല്യാണിക്കുട്ടിയമ്മ ഒട്ടും കൂസാതെ മരിച്ചു കിടക്കുന്നു. ചൂട് വിട്ടിട്ടില്ല. ഞങ്ങളില്‍ ചിലര്‍ പുറംകൈ കൊണ്ട് ശരീരം സ്പര്‍ശിച്ചു നോക്കുക കൂടി ചെയ്തു.

എവിടെ പണിക്കര്‍? എല്ലാ ചുണ്ടുകളും കണ്ണുകളും മുഖങ്ങളും ഇതേ ചോദ്യം ആവര്‍ത്തിച്ചു. ചിലര്‍ ഘനഗാംഭീര്യത്തോടെ ആരാഞ്ഞപ്പോള്‍ മറ്റു ചിലര്‍ കരുണാര്‍ദ്രമായി വിതുമ്പിച്ചോദിച്ചു. അടുത്ത വീട്ടിലെ ഒരു പാവാടക്കാരി തലയ്ക്കല്‍ ഭാഗത്ത് കണ്ണും മുഖവും പിച്ചിപ്പറിച്ച് മോങ്ങിക്കൊണ്ടിരുന്നു.

ഏതെങ്കിലും ദേശത്ത് ശവസംസ്കാരത്തിന്‍റെ ദേഹണ്ഡത്തില്‍ കൈയും മെയ്യും മറന്ന് വിയര്‍പ്പൊടുക്കുകയായിരിക്കും ഗോപാലപ്പണിക്കര്‍.

ഞങ്ങളുടെ നാട്ടിലെ ശവസംസ്‌ക്കാരങ്ങളുടെ പ്രധാന കാര്‍മ്മികന്‍. യമകിങ്കരന്‍മാര്‍ ജീവനും കൊണ്ട് പടി കടന്നാല്‍ ശവത്തിനുള്ള അവകാശിയായി  ഞൊണ്ടുകാലും വലിച്ച് ഗോപാലപ്പണിക്കര്‍ ആയാസത്തോടെ എത്തുകയായി. പച്ചമുളയും കയ്യിലേന്തി ചേക്കയിലെ അഗ്നികുണ്ഡത്തിലേക്ക് ആഞ്ഞുകുത്തുന്ന പണിക്കരെ നാട്ടിലെ പ്രായം ചെന്നവര്‍ ദുഃസ്വപ്നം കാണാറുണ്ട്.

എന്നാലും ഒരു ശവപ്പെട്ടി പോലെയോ ശവമഞ്ചം പോലെയോ കറുകപ്പുല്ലുപോലെയോ പണിക്കര്‍ ഞങ്ങളുടെ സമൂഹത്തിന്‍റെ ആവശ്യമാണ്. ഞൊണ്ടുകാലില്‍ ചാഞ്ചാടി ദ്രുതപാദനായി എത്തുന്ന പണിക്കരെ കാണുമ്പോള്‍ ഞങ്ങള്‍ ഉള്‍ക്കാളലോടെ ബഹുമാനിക്കുന്നു. മരണത്തെക്കുറിച്ചുള്ള ബോധം ഞങ്ങളെ വിനീതരാക്കുന്നു. ഏത് കൊടുംമരണത്തിന്‍റെ വിലാപത്തിലും മനസ്സാന്നിദ്ധ്യം വിടാത്ത പണിക്കര്‍ നിഷ്കളങ്കയായി മരിച്ചു കിടക്കുന്ന ഭാര്യയെ കാണുമ്പോള്‍ പതറിപ്പോകുമോ? പണിക്കരെങ്ങാനും തളര്‍ന്നുപോയാല്‍ ശവസംസ്കാരത്തിന്‍റെ കാര്യങ്ങള്‍ ആര് നടത്തും? ഇത്തരം വ്യാകുലതകളില്‍ ഞങ്ങളുടെ മനസ്സ് ഉഴറി.

നാടിന്‍റെ നാനാദിശകളിലും ഞങ്ങളുടെ പയ്യന്‍മാര്‍ പണിക്കരെ തിരഞ്ഞ് പാഞ്ഞുനടന്നു. പണിക്കര്‍ എത്തിച്ചേരുന്നതുവരെ ഞങ്ങള്‍ ശരിക്കും മരണത്തിനു മുമ്പില്‍ അനാഥരാണ്. പണിക്കര്‍ വന്നില്ലെങ്കില്‍ ശവവും അസഹ്യമായ ചന്ദനത്തിരി ഗന്ധവും മുഖം നഷ്ടപ്പെട്ട ഞങ്ങളുമായി ഞങ്ങള്‍ സ്വയം കെട്ടിമറയേണ്ടി വരും.

കാത്തുനില്‍ക്കുക എന്നത് മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. കല്യാണിക്കുട്ടിയമ്മയുടെ ശരീരത്തില്‍ ഒന്ന് കൈവയ്ക്കുവാനോ തുറന്നു കിടക്കുന്ന വായ്‌ ഒന്നടച്ചുകൊടുക്കാനോ ആരും ധൈര്യപ്പെട്ടില്ല. അത് അശുഭമായാലോ?

ശവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുത്വക്കേടോ പാകപ്പിഴയോ പറ്റിയാല്‍ പണിക്കര്‍ കാടനാകും. ഇന്ന വീടാണെന്നോ ധനികരാണെന്നോ വ്യത്യാസമില്ല. പണിക്കരുടെ പുരികങ്ങള്‍ വളഞ്ഞുകുത്തി ചുണ്ടുകള്‍ വിറച്ച് ശാപവാക്കുകള്‍ ഉതിരും.

"മനുഷ്യായുസ്സ് പിന്നിട്ട ശരീരമാണ്, വിറകിന്‍ കൊള്ളിയൊന്നുമല്ല വെച്ച് പൂട്ടാന്‍." 
- ചിതയൊരുക്കാന്‍ ധൃതി കൂട്ടിയ ഒരു വീട്ടില്‍ പണിക്കര്‍ അലറിയിരുന്നു. ഇതാണെങ്കില്‍ മരിച്ചു കിടക്കുന്നത് സ്വന്തം ഭാര്യയും.

എന്നാല്‍, പണിക്കര്‍ ശവസംസ്ക്കാരം നടത്തുന്നത് കാണേണ്ടതുതന്നെയാണ്. എന്തൊരു ചിന്തയും കൈത്തഴക്കവുമാണ്. മരിച്ചത് ഏത് നിര്‍ഭാഗ്യവാനായാലും ഒടുക്കം അന്തസ്സായെന്ന് പറയും.

വൈദ്യുതതരംഗം പോലെ ആള്‍ക്കൂട്ടത്തില്‍ ഒരു ചൈതന്യം പ്രവഹിച്ചു - പണിക്കര്‍.

ഇനി?

ഔത്സുക്യം ഞങ്ങളുടെ നെഞ്ചത്ത് തുടികൊട്ടി. സംഭവിക്കുന്നത് കാണാന്‍ ശക്തിയുണ്ടാവുമോ എന്നുകൂടി ഞങ്ങള്‍ക്ക് വെറുതെ സംശയം തോന്നി.

എല്ലാം അറിഞ്ഞതുപോലെയാണ് പണിക്കര്‍ വന്നതും ഒതുക്ക് കയറിയതും കല്യാണിക്കുട്ടിയമ്മയുടെ ശവശരീരം നോക്കിനിന്നതും.

"എന്താണിത്..ശവം ഒന്നു നേരെ കിടത്തുക പോലും ചെയ്യാതെ എല്ലാവരും പകച്ചുനില്‍ക്കുന്നത്?"

പണിക്കര്‍ പ്രവര്‍ത്തനനിരതനായി. വായ അടച്ച്, കണ്ണുകള്‍ തലോടി നേരെയാക്കി, കൈകള്‍ നേരെവച്ച് കല്യാണിക്കുട്ടിയമ്മയെ സ്വസ്ഥയായി കിടത്തി. നിലവിളക്ക് കൊളുത്തി. അരിയും നെല്ലും കലര്‍ത്തി വിതറിയ വലയത്തിനകത്ത് ശവം തെക്കോട്ട് തലവെച്ചു. ചടപടാ എന്ന് കാര്യങ്ങള്‍ നടന്നു. വന്നവരെല്ലാം പണിക്കരുടെ കെട്ടും മട്ടും കണ്ട് അന്തംവിട്ടു. ആഘാതം കൊണ്ടുള്ള ഭ്രമതയാണോ ഈ പെരുമാറ്റം? സ്വന്തം ഭാര്യ മരിച്ചുകിടക്കുമ്പോള്‍-

പണിക്കരുടെ സമപ്രായക്കാരും അടുപ്പക്കാരുമായ വൃദ്ധന്‍മാര്‍ മാറിനിന്ന് കുശുകുശുത്തു. ചെറുപ്പക്കാര്‍ ഇക്കിളിപ്പെട്ടപോലെ ചിരിച്ച് മാറി. അവരുടെ ചിരി അവര്‍ക്കുതന്നെ അസഹനീയമായി.

കല്യാണിക്കുട്ടിയമ്മ ഒഴികെ ജീവനുള്ള ഒരു കൂട്ടാളിയും പണിക്കര്‍ക്ക് ഈ ലോകത്ത് ഉണ്ടായിരുന്നില്ല. തൊഴില്‍പരമായി ഇടപാട് മുഴുവന്‍ ശവങ്ങളുമായിട്ടാണ്. മരണം ചെറുപ്പത്തിലേ പരിചിതനാണ്. അച്ഛനും അമ്മയും അക്കാലത്തുതന്നെ പണിക്കരെ ഒറ്റയ്ക്കാക്കിയിരുന്നു. കല്യാണിക്കുട്ടിയമ്മയില്‍ ജനിച്ച രണ്ട് ആണ്‍കുട്ടികളാകട്ടെ മൃതരെപ്പോലെ വിസ്മരിക്കപ്പെട്ടവര്‍ തന്നെ.

'ഏതോ ദേശങ്ങളില്‍ അവര്‍ക്ക് അന്നം വിധിച്ചിട്ടുണ്ട്. അവര്‍ അവിടെ എത്തിപ്പെട്ടു.' 
- തമിഴ്നാട്ടിലുള്ള മക്കളെക്കുറിച്ച് ചോദിച്ചാല്‍ പണിക്കര്‍ ഇത്രയേ പറയൂ.

ശവമഞ്ചത്തിനും മറ്റും ആളെ വിട്ടശേഷം പണിക്കരെ അല്‍പ്പനേരത്തേക്ക് കണ്ടില്ല. തെക്കേപ്പുറത്ത് തകൃതിയായി മരം വെട്ടുന്ന ശബ്ദം കേട്ട് അങ്ങോട്ട് തിരഞ്ഞപ്പോള്‍ പണിക്കരായിരുന്നു. കോടാലിയുടെ വായ്ത്തല ഇളംമാവില്‍ പതിച്ചുയരുമ്പോള്‍ പകയോടെന്നപോലെ അയാള്‍ മുറുമുറുത്തു. കഴുത്തിലെ ഞരമ്പുകള്‍ പിടഞ്ഞു കയറി. കണ്ണുകള്‍ തുറിച്ചുവന്നു. കോടാലിയുടെ ചലനത്തിനൊപ്പം അയാള്‍ സ്വയം  നുറുങ്ങിക്കൊണ്ടിരുന്നു. മാവിന്‍റെ കടയറ്റതും കോടാലി മണ്ണില്‍ക്കുത്തി അയാള്‍ കുന്തിച്ചിരുന്നു.

എന്തിനാണ് ഇയാള്‍ വയ്യാത്ത പണിക്ക് മുതിര്‍ന്നത്. നല്ല വിറക് അന്തോണിയുടെ കടയില്‍ നിന്ന് വാങ്ങാമായിരുന്നില്ലേ? എന്തായാലും മാവ് നിലം പൊത്തിയ സ്ഥിതിക്ക് ഞങ്ങള്‍ രാമനെ വിളിച്ച് കൊത്തിയെടുപ്പിച്ചു. ഊര്‍ജ്ജം വീണ്ടെടുത്ത് പണിക്കര്‍ വീണ്ടും പ്രവര്‍ത്തനനിരതനായി. അയാളുടെ കണ്ണുകള്‍ ജ്വലിച്ചു. വിരലുകള്‍ ധൃതി വച്ചു. ശബ്ദമുയര്‍ത്തി ആളുകളെ വിളിയും തെളിയും കൂട്ടി ശവമഞ്ചം വട്ടക്കണ്ണി ശരിയാക്കി മുറ്റത്തുവച്ചു. നാക്കില നീട്ടി വിരിച്ചു.

കാര്യങ്ങള്‍ ഇത്രത്തോളമെത്തിയപ്പോള്‍ രണ്ടുമൂന്ന് സമപ്രായക്കാര്‍ ധൈര്യം സംഭരിച്ച് പണിക്കരെ പിടിച്ചു നിര്‍ത്തി. 

"ശവം എടുക്കുന്നതിന് മുമ്പ് കുട്ടികളെ അറിയിക്കണ്ടേ?"

"മദിരാശിയിലും മധുരയിലും ഉള്ളവര്‍ വന്നിട്ടാണോ ശവസംസ്ക്കാരം. എനിക്ക് ആരെയും അറിയിക്കാനില്ല."

കൂടുതലൊന്നും പറയാന്‍ ഞങ്ങള്‍ക്കാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. മരണം, ശവസംസ്ക്കാരം എന്നീ കാര്യങ്ങളില്‍ പണിക്കര്‍ക്കിപ്പുറം പറയാന്‍ ഞങ്ങളുടെ നാട്ടില്‍ ആരാണുള്ളത്! വെറും കാഴ്ചക്കാരനാകാനേ പതിവുപോലെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു.

പണിക്കര്‍ക്കും കല്യാണിയമ്മയുടെ ശവത്തിനും പിറകില്‍ ഒരു ആട്ടിന്‍പറ്റത്തെപ്പോലെ ഞങ്ങള്‍ പുഴക്കരയിലേക്ക് നടന്നു. വഴിയില്‍ തണലിനായി അങ്ങോട്ടുമിങ്ങോട്ടും വരിതെറ്റി നടന്നു. ഒടുവില്‍ പുഴവക്കിലെ വെയില്‍പ്പരപ്പില്‍ ഉപേക്ഷിക്കപ്പെട്ടു.

പണിക്കര്‍ തന്നെ ഭാര്യയ്ക്കുവേണ്ടി ചേക്കയൊരുക്കി. നല്ല എലുമ്പന്‍ മാവിന്‍ വിറക് നിരത്തി അടുക്കിയ മെത്ത.

കാലത്തിന്‍റെ തിരശീലയ്ക്കപ്പുറം നവവധുവായ കല്യാണിക്കുട്ടിയ്ക്ക് പണിക്കര്‍ നാടന്‍ ഉന്നം നിറച്ച കോസറി തട്ടിക്കുടഞ്ഞിരുന്നു. കല്യാണിക്കുട്ടിയെ നിലം തൊടുവിക്കാതെ കോരിയെടുത്താണ് കോസറിയില്‍ പടര്‍ത്തിയിരുന്നത്.

ഇന്ന് ചേക്കയിലേക്ക് വയ്ക്കുമ്പോഴും കല്യാണിക്കുട്ടിയമ്മയുടെ ശരീരം സൂക്ഷിച്ച് പുണര്‍ന്നു പണിക്കര്‍. മൂടിക്കെട്ടിയ ശവശരീരം മാവിന്‍ മെത്തയില്‍ അനുസരണയോടെ ഒതുങ്ങിക്കിടന്നു. അതിന്‍റെ അനക്കം ജീവനുള്ളപോലെ തോന്നിച്ചു.

അഗ്നിജ്വാലകള്‍ പടര്‍ന്നുതുടങ്ങി. അഗ്നിയുടെ കരങ്ങള്‍ കല്യാണിക്കുട്ടിയെ താലോലിക്കുന്നതും നോക്കി പണിക്കര്‍ കുന്തിച്ചിരുന്നു.

അയാളുടെ തലയ്ക്കു മുകളില്‍ ഒരു ചമ്പത്തെങ്ങ് തലയറഞ്ഞു തുള്ളി. ചുഴലിക്കാറ്റിന്‍റെ ശക്തി തന്നെ.

"പണിക്കരേ, ഉണങ്ങിയ മടല്‍ തലയ്ക്ക് വീഴണ്ട."

ആരോ പറഞ്ഞതുകേട്ട് അയാള്‍ ഒറ്റവിരിപ്പില്‍ ചിരിച്ചത് പുഴയോളങ്ങളില്‍ തട്ടിത്തെറിച്ച് പരിഹാസഭാവത്തില്‍ ആവര്‍ത്തിച്ചു.

വീശിമാറുന്ന പുഴക്കാറ്റില്‍ ആവേശത്തോടെയാണ് തീനാളങ്ങള്‍ കല്യാണിക്കുട്ടിയില്‍ നൃത്തമാടിയത്. അവളെപ്പോഴും അങ്ങനെയായിരുന്നു. അടക്കിപ്പിടിക്കുമ്പോള്‍ ആസക്തിയുടെ തീനാമ്പുകള്‍ അറിയാതെ മുളച്ചു വരും. ചുണ്ടില്‍ ഓര്‍മ്മയുടെ തീനാളങ്ങള്‍ മിന്നിത്തെളിഞ്ഞു. പണിക്കര്‍ ചിരിക്കുന്നു.

ഇരുപതു കൊല്ലങ്ങളോളം അവള്‍ ജീവിക്കാനുള്ള ആസക്തിയായിരുന്നു. നാടായ നാടുകളിലെല്ലാം ജഡങ്ങള്‍ ചുട്ടുകരിച്ച് വീടെത്തുമ്പോള്‍ കല്യാണിക്കുട്ടിയ്ക്ക് മാത്രമാണ് ചൈതന്യമുണ്ടായിരുന്നത്. മരവിപ്പിന്‍റെ പുറംതോടുകളെല്ലാം അവളുടെ മാറില്‍ ഉരച്ചുകളയും. മരണവീട്ടിലെ തേങ്ങലുകളോട് നോക്കുകുത്തിയെപ്പോലെ പ്രതികരിക്കുന്ന പണിക്കരുടെ ദുഃഖങ്ങളെല്ലാം കല്യാണിയുടെ മുലകളില്‍ കുതിര്‍ന്നു തീര്‍ന്നിരുന്നു. പിറ്റേന്ന് കാലത്തും ശവങ്ങളെ തേടി പുറപ്പെടണമല്ലോ.

മറക്കാതെ നടുവറ്റ് വെള്ളം കൊടുത്തു അയാള്‍.

തീ, ചുരുളുകളായി കത്തുകയാണ്‌. പതഞ്ഞുപൊരിഞ്ഞ്, പൊട്ടിത്തെറിച്ച്, അലറിവിളിച്ച്, മുറുമുറുത്ത്...

വലിയ പച്ച മുളക്കഷ്ണമെടുത്ത് പണിക്കര്‍ ഊക്കോടെ കുത്തി. കറുത്ത പുകച്ചുരുളുകള്‍ ബോധം നശിച്ച് ആകാശത്തിലേക്ക് മലര്‍ന്നടിച്ചു. പണിക്കര്‍ കഴുത്തു മറിച്ച് നോക്കി നിന്നു.

അസ്തമയസൂര്യന്‍റെ ചുകപ്പു രശ്മികള്‍ ഒരു അഗ്നിശലാക ചമ്പത്തെങ്ങിന്‍റെയും ഉയരം കടന്ന് ആകാശത്തിലെ മാന്ത്രികക്കണ്ണുകളിലൂടെ കോര്‍ത്ത് മിന്നിമറഞ്ഞു.

കുറേനേരം ആകാശത്തിലെ ദീപ്തിയില്‍ തുഴഞ്ഞ് താഴേയ്ക്ക് നോക്കിയപ്പോള്‍ ഭൂമിയും പുഴയും ദുഃഖം കറുത്ത തമോഗോളമായി പണിക്കര്‍ കണ്ടു.

"വിറക് കുറേ അധികമായല്ലോ" - ആരോ മന്ത്രിച്ചു.

മുളക്കഷ്ണം നടുവെട്ടി ചിതയിലേക്കെറിഞ്ഞ് പണിക്കര്‍ ഒറ്റവീര്‍പ്പില്‍ പുഴയില്‍ പോയി മുങ്ങിവന്നു. കൈകള്‍ ഉയര്‍ത്തി ചിതയിലേക്ക് നടന്നു. ആര്‍ത്തിയോടെ തീക്കുണ്ഡത്തില്‍ കമിഴ്ന്നുകിടന്ന് കെട്ടിപ്പിടിച്ചു.

കല്യാണിക്കുട്ടിയിലേക്ക് പണിക്കരെ തീനാളങ്ങള്‍ ഞെരിച്ചമര്‍ത്തി. പൊള്ളച്ചു വരുന്ന തൊലിയുടെ മാറാപ്പുകള്‍ ശബ്ദത്തോടെ പൊട്ടിച്ചീറ്റി. മേല്‍പ്പോട്ടുയരുന്ന കറുത്ത പുകയ്ക്ക് ആക്കം വര്‍ദ്ധിച്ചു. 

ഞങ്ങളുടെ ജീവിതത്തിലെ അന്ത്യകര്‍മ്മം അന്തസ്സായി നടത്താന്‍ പണിക്കരില്ലല്ലോ എന്ന വിചാരത്തിന്‍റെ നേരിയ പുകച്ചുരുളുകള്‍ക്കിടയിലും ഞങ്ങളുടെ മനസ്സ് ആലില പോലെ നേര്‍ത്തു.

(1985 ജനുവരി 6ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)

Tuesday, January 31, 2017

മിന്നാമിനുങ്ങ്‌

- കുമാരനാശാൻ

ഇതെന്തൊരാനന്ദമിതെന്തു കൌതുകം!
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം;
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതൻറെ തുമ്പിതിൽ;
ചുടുന്നതില്ലിച്ചെറു തീയതൊന്നുമേ!
കെടുന്നുമില്ലീ മഴയത്തു പോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചി പോൽ.

സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞു പോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞു പാറും പൊടിയോ, നിലാവതോ

പുളച്ചിടുന്നെന്മനതാരഹോ! വെറും 
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചുകേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!              

പിലാവിലും തെങ്ങിലുമക്കവുങ്ങിലും 
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ 
വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ 
നിലാവുപൂമ്പട്ടിനു പാവു നെയ്‌ കയോ?

മിനുങ്ങി നീ ചെന്നിടു മാറണയ്ക്കുവാൻ 
കനിഞ്ഞതാ കൈത്തളിരാർന്ന ഭൂരുഹം 
അനങ്ങിടാതങ്ങനെ നിൽപ്പിതാർക്കുമേ 
മനം കൊതിക്കും മൃദുവെത്തൊടാനെടോ!

അതാ വിള ങ്ങുന്നു ഭവദ്ഗണങ്ങളാൽ
സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;
അതിന്നൊടൊക്കുകില്ലൊരു ചക്രവർത്തിത-
ന്നതിപ്രകാശം കലരും കിരീടവും.

പരന്ന വൻശാഖകൾമേലിവറ്റയാർ-
ന്നിരുട്ടിൽ മിന്നുന്ന മരങ്ങളാകവേ,
നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാർ-
ന്നിരട്ടിയായ്ത്തീർന്നൊരു വിണ്ണുപോലവേ.

വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും
തളർന്നുവീണും - ചെറുതാരമൂഴിതാൻ
വളർപ്പതാമിങ്ങിതു തള്ള വാനിലാം.

മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിള ക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.

കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നുംപടി തന്നെയെങ്ങും
മിനുങ്ങി മങ്ങും ചൊടിയാർന്ന മിന്നാ-
മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?