Friday, June 30, 2017

മൂത്താശാരി


- മലയാറ്റൂര്‍ രാമകൃഷ്ണന്‍

   പതിനേഴു കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നത്. വടക്കന്‍ പറവൂര്‍ ജില്ലാക്കോടതിയില്‍ ആരംഭക്കാരന്‍ അഡ്വക്കേറ്റായി ഞാന്‍ കഴിയുന്ന കാലം.

   കക്ഷികളും കേസുമൊന്നുമില്ല. എന്നും റിക്ഷയില്‍ കയറി കോടതിയിലെത്തും. ആദ്യത്തെ ഒരു മണിക്കൂര്‍ മുന്‍സിഫ്‌ കോടതിയിലിരിക്കും. പിന്നെ, കോണി കയറി ജില്ലാ കോടതിയിലെത്തും.

   കൂടെക്കൂടെ സെഷന്‍സ് കേസുകളുണ്ടാകും.(മറ്റുള്ളവര്‍ നടത്തുന്നത്). സാക്ഷി വിസ്താരം കേട്ടുകൊണ്ടിരിക്കാന്‍ രസമുണ്ട്. അപ്പോഴൊക്കെയും ഒരാഗ്രഹം തോന്നും : ഒരു കൊലക്കേസില്‍ പ്രതിഭാഗം വക്കീലായി ഹാജരാകണം.

   അതിനൊരു മാര്‍ഗ്ഗമേയുള്ളു. സ്വന്തമായി വക്കീലിനെ ഏര്‍പ്പെടുത്താന്‍ കഴിവില്ലാത്തവര്‍ കൊലപാതകം നടത്തണേ എന്ന് പ്രാര്‍ത്ഥിയ്ക്കുക. അത്തരം പ്രതികള്‍ക്ക് സര്‍ക്കാര്‍ തന്നെ വക്കീലിന്‍റെ ഏര്‍പ്പാട് ചെയ്തു കൊടുക്കും. സ്വാതന്ത്യം കിട്ടിക്കഴിഞ്ഞിരുന്നെങ്കിലും അന്നും ഇതിന് പേര് പറഞ്ഞുപോന്നത് 'ക്രൌണ്‍ ഡിഫന്‍സ്' എന്നാണ്.

   നവാഗതര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും സാക്ഷികളെ വിസ്തരിക്കാനും കേസ് 'പ്രസംഗിക്കാനും' കിട്ടുന്ന ഈ അസുലഭസന്ദര്‍ഭം വിരളമായേ ഉണ്ടാകാറുള്ളു. സെഷന്‍സ് ജഡ്ജിയെ ക്ലബ്ബില്‍ വച്ചു കാണുക. അദ്ദേഹമൊന്നിച്ച് ബ്രിഡ്ജ് കളിക്കുക മുതലായവയെല്ലാം ഈ സന്ദര്‍ഭം കാത്തിരിക്കുന്ന പുതുവക്കീലന്‍മാരുടെ ഉപായങ്ങളാണ്.

   മാസങ്ങള്‍ ചെന്നപ്പോള്‍ എന്‍റെ ഭാഗ്യതാരം ഉദിച്ചു. തൊടുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്തില്‍ അറുപത്തഞ്ചു വയസ്സെത്തിയ ഒരു മൂത്താശാരി, സ്വന്തം മകളെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ല് കൊണ്ട് വയറിലിടിച്ചുകൊന്നു. മകള്‍ അവിവാഹിതയും ഗര്‍ഭിണിയുമായിരുന്നു. മൂത്താശാരിയുടെ ക്രൌണ്‍ ഡിഫന്‍സ് എനിക്കു കിട്ടി.

സബ്ജയിലില്‍ ഞാന്‍ ചെന്നു. മൂത്താശാരിയെ കണ്ടു. എന്തു ചോദിച്ചാലും മറുപടി പറയാത്ത ഒരു മനുഷ്യന്‍. കേസിന്‍റെ രേഖകള്‍ ഞാന്‍ പഠിച്ചു.
കുറ്റത്തിനുള്ള പ്രേരണ : അവിവാഹിതയായ മകള്‍ ഗര്‍ഭം ധരിച്ചതിലുള്ള അപമാനം.
സംഭവം കണ്ട രണ്ടു സാക്ഷികള്‍ : മൂത്താശാരിയുടെ മകനും മകന്‍റെ കൂട്ടുകാരനായ മറ്റൊരു ചെറുപ്പക്കാരനായ ആശാരിയും.
കൂനിന്മേല്‍ കുരു പോലെ, മൂത്താശാരി മജിസ്ട്രേറ്റു മുമ്പാകെ സുദീര്‍ഘമായ കുറ്റസമ്മതവും നല്‍കിയിരിക്കുന്നു.

   മകളുടെ ഗര്‍ഭത്തെപ്പറ്റി സംഭവദിവസമാണ് ആദ്യമായി മൂത്താശാരി അറിഞ്ഞതെന്നും പൊടുന്നനെ ഉണ്ടായ പ്രകോപനം നിമിത്തം കൊല നടത്തിയെന്നുമാണ് പ്രൊസിക്യൂഷന്‍ കേസ്സ്. ഇത് അസംഭവ്യമാണെന്ന് എനിക്കു തോന്നി. പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ അഞ്ചു മാസത്തെ ഗര്‍ഭമാണെന്ന് പറഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ മുമ്പുതന്നെ മൂത്താശാരി ഇക്കാര്യം അറിഞ്ഞിരിക്കയില്ലേ? മൂത്താശ്ശാരിക്ക് പ്രകോപനമുണ്ടായ പോലെ മകനും അപമാനഭീതിയും പ്രകോപനവും ഉണ്ടാവരുതേ? കൊല്ലാന്‍ മകനും പ്രേരണയുണ്ടെന്ന് സൂചിപ്പിച്ചാലെന്ത്? ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.

   ഒന്നാം സാക്ഷി, പ്രതിയുടെ മകനായിരുന്നു. ഞാന്‍ നീട്ടിപ്പിടിച്ചൊരു ക്രോസ് വിസ്താരം നടത്തി. എനിക്ക് പ്രയോജനകരമായ ചില മറുപടികള്‍ കിട്ടി. സഹോദരിക്ക് ഗര്‍ഭമാണെന്ന കാര്യം അയല്‍വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. കാണത്തക്കവിധം വയറ് മുഴച്ചിരുന്നു. ജോലി സ്ഥലത്തുവച്ച് ഇക്കാര്യം പറഞ്ഞ് സ്നേഹിതന്മാര്‍ തന്നെ കളിയാക്കിയിട്ടുണ്ട്. തനിക്ക് അപമാനം തോന്നി; ദേഷ്യവും.

   "നിങ്ങളുടെ അച്ഛനും മുമ്പുതന്നെ അറിയാമായിരുന്നില്ലേ, ഗര്‍ഭത്തിന്‍റെ കാര്യം?" - ഞാന്‍ ചോദിച്ചു.

   "സംഭവദിവസാണ് അറിഞ്ഞത്."

   "നിങ്ങളും അയല്‍ക്കാരും മുമ്പേ അറിഞ്ഞിരുന്ന ഒരു കാര്യം സംഭവദിവസം വരെ നിങ്ങളുടെ അച്ഛന്‍ അറിയാഞ്ഞതെന്ത്?"

   മറുപടിയില്ല.

   ഞാന്‍ നാടകീയമാംവണ്ണം ഒരു ചോദ്യം കൂടി ചോദിച്ചു:
"അവിവാഹിതയായ സഹോദരിയുടെ ഗര്‍ഭധാരണം നിങ്ങള്‍ക്ക് അപമാനം വരുത്തിയതുകൊണ്ട് നിങ്ങള്‍ തന്നെയല്ലേ കൊല നടത്തിയത്?"

   ജഡ്ജി എന്നെ മിഴിച്ചുനോക്കി.

   "എന്‍റെ ചോദ്യം റിക്കാര്‍ഡ് ചെയ്യണം. യുവര്‍ ഓണര്‍." - ഞാനപേക്ഷിച്ചു

   രണ്ടാം സാക്ഷി, പ്രതിയുടെ മകന്‍റെ കൂട്ടുകാരനായിരുന്നു. ചീഫ് വിസ്താരത്തില്‍ സംഭവം കണ്ടതായി അയാള്‍ പറഞ്ഞു. ഒന്നാം സാക്ഷിയും അയാളും കൂടി ഒന്നിച്ചൊരു സ്ഥലത്ത് പണിയെടുക്കുകയാണ്. ഉച്ചഭക്ഷണത്തിന് ഒന്നാം സാക്ഷി ക്ഷണിച്ചതനുസരിച്ച്, പ്രതിയുടെ വീട്ടില്‍ വന്നതാണ്‌. ചെന്നു കയറിയപ്പോള്‍ കണ്ടത് മകളുടെ വയറില്‍ പിള്ളക്കല്ലുകൊണ്ടിടിക്കുന്ന പ്രതിയെയാണ്.

   ഈ സാക്ഷിയെ തകര്‍ക്കാതെ രക്ഷയില്ല. ഞാന്‍ ഓരോന്ന് ചോദിച്ചു തുടങ്ങി. ഒന്നാം സാക്ഷിയെ പരിചയപ്പെട്ടത് ഒന്നരക്കൊല്ലം മുമ്പ്, ഒരു ഉത്സവസ്ഥലത്തുവച്ചാണെന്ന് അയാള്‍ പറഞ്ഞു. പിന്നെ കാണുന്നത് സംഭവത്തിന്‌ മൂന്നു ദിവസം മുമ്പാണ്. ഒന്നിച്ചു ജോലി ചെയ്യാനിടയായത് ആകസ്മികമായിട്ടാണ്. ഉച്ചഭക്ഷണം ജോലിസ്ഥലത്തുതന്നെ കിട്ടും. ജോലിസ്ഥലവും പ്രതിയുടെ വീടുമായി മൂന്നു മൈല്‍ അകലമുണ്ട്. ഊണിനുശേഷം അന്ന് വീണ്ടും പണിയുണ്ടായിരുന്നു. എന്നുവച്ചാല്‍ വീണ്ടും മൂന്നു മൈല്‍ നടന്നു. ഇങ്ങനെയങ്ങോട്ടു ചോദിച്ചപ്പോള്‍, ഈ സാക്ഷിയുടെ ചീഫിലെ മൊഴി ആടുന്നതായി കോടതിക്ക് തോന്നിക്കാണണം. 

   "ഊണു കഴിക്കാനല്ല, സംഭവം കാണാന്‍വേണ്ടിത്തന്നെ പ്രതിയുടെ വീട്ടിലേയ്ക്കു പോയതാണെന്ന് തോന്നും." - ജഡ്ജി പ്രോസിക്യൂട്ടറെ നോക്കിക്കൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞു.

   എനിക്ക് നേരിടാനുള്ള അടുത്ത ദുര്‍ഘടം ആ കുറ്റസമ്മതമായിരുന്നു. അതു തെളിയിക്കാന്‍ മജിസ്ട്രേറ്റ് സാക്ഷിക്കൂട്ടില്‍ കയറി. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതായി അദ്ദേഹം എഴുതിവച്ചിട്ടുണ്ട് - അതിനുള്ള കാരണസഹിതം. പ്രതിക്ക് ചുഴലിദീനമുണ്ട്. ചുഴലി വന്നപ്പോള്‍ താഴെ വീണുണ്ടായതാണ് പരിക്കുകള്‍. എന്‍റെ നല്ല കാലമെന്നേ പറയേണ്ടൂ. പ്രോസിക്യൂട്ടര്‍, ചീഫ് വിസ്താരത്തില്‍ ചുഴലിദീനത്തിന്‍റെ കാര്യമോ പരിക്കുകളുടെ കാര്യമോ എടുത്തു ചോദിച്ചില്ല.

   "നോ ക്രോസ്" , എന്ന് പറഞ്ഞു ഞാന്‍.

   തെളിവെടുപ്പ് തീര്‍ന്നു.

   ഞാന്‍ സബ്ബ്ജയിലില്‍ വീണ്ടും ചെന്നു. മൂത്താശാരിയോട് സംസാരിച്ചു. പിറ്റേന്ന് ജഡ്ജി ചോദ്യങ്ങള്‍ ചോദിക്കും - മൂത്താശാരിയോട്, ക്രിമിനല്‍ നടപടി നിയമം 342-ആം വകുപ്പനുസരിച്ച്, പ്രതികൂല സാഹചര്യങ്ങളെല്ലാം പ്രതിയുടെ ശ്രദ്ധയില്‍ കോടതി പെടുത്തേണ്ടതാണ്.

   പ്രോസിക്യൂഷന്‍ തെളിവിനെപ്പറ്റി എന്തു ചോദിച്ചാലും ഒറ്റ മറുപടിയേ പറയാവൂ എന്ന് ഞാന്‍ എന്‍റെ പ്രതിയെ പഠിപ്പിച്ചു.  - "എനിക്കോ വയസ്സായി, എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ഒന്നുകൂടി പറഞ്ഞുകൊടുത്തു. ചുഴലിദീനമുണ്ടോ എന്ന് ജഡ്ജി ചോദിക്കും. ഇല്ലെന്ന് പറഞ്ഞേക്കണം. 

   കോടതി സമ്മേളിച്ചു. പ്രതിക്കൂട്ടില്‍ നിന്നും മൂത്താശാരിയെ നീതിന്യായപീഠത്തിനരികില്‍ കൊണ്ടുനിറുത്തി. 

   ജഡ്ജി : "___ മാസം ___ തീയതി ___ മണി ___ സമയത്ത് നിങ്ങള്‍ മരിച്ചുപോയ ശാരദയെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ലുകൊണ്ട് ഇടിച്ചതു കണ്ടെന്ന് ഒന്നും രണ്ടും സാക്ഷികള്‍ പറയുന്നു. അതിനെപ്പറ്റി വല്ലതും പറയാനുണ്ടോ?"

   മൂത്താശാരി : "എനിക്കോ വയസ്സായി. എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ജഡ്ജി : "അവിവാഹിതയായ ശാരദ ഗര്‍ഭിണിയാണെന്ന വിവരം സംഭവദിവസം മാത്രമാണ് നിങ്ങള്‍ അറിഞ്ഞതെന്ന്.."

   മൂത്താശാരി : "എനിക്കോ വയസായി.."

   എന്‍റെ പ്രതി ഒന്നാംതരം നടനാണെന്ന് എനിക്കു തോന്നി. കുനിഞ്ഞുനിന്ന്, തൊഴുതുപിടിച്ചു കൊണ്ടാണ് പറയുന്നത്.

   "എനി മോര്‍ ക്വസ്റ്റ്യന്‍സ്?" - ജഡ്ജി എന്നോട് ചോദിച്ചു.

   "ചുഴലിദീനമുണ്ടോ എന്ന് ചോദിക്കണം, യുവര്‍ ഓണര്‍."

   ജഡ്ജി ചോദിച്ചു.

   മൂത്താശാരി ഉറക്കെ പറഞ്ഞു : "ഇല്ല"

   ഞാന്‍ കേസ് ജയിച്ചുകഴിഞ്ഞിരുന്നു.

   ശാരദയെ കൊല്ലാന്‍ വേണ്ട പ്രകോപനം ഒന്നാം സാക്ഷിക്ക് - മൂത്താശാരിയുടെ മകന് - ഉണ്ട്. മകനെ രക്ഷിക്കാന്‍ മൂത്താശാരി ശ്രമിക്കുകയാണ്. ഒന്നാം സാക്ഷി കൊലപാതകിയാണോ എന്നതല്ല പ്രശ്നം, മൂത്താശാരിയല്ല കൊല നടത്തിയതെന്ന് കരുതാന്‍ ന്യായമുണ്ട്. രണ്ടാം സാക്ഷി ഉച്ചഭക്ഷണത്തിന് വന്നെന്നും കൃത്യം കണ്ടെന്നും വിശ്വസിക്കാന്‍ വയ്യ. അതൊരു കെട്ടുകഥയാണെന്ന് വ്യക്തം - വിചാരണസമയത്ത് കോടതി തന്നെ പരാമര്‍ശിച്ചപോലെ. 

   "കുറ്റസമ്മതത്തെപ്പറ്റി എന്തു പറയുന്നു?" - ജഡ്ജി അന്വേഷിച്ചു.

   "അത് സ്വീകാര്യമല്ല. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. അതിന്‍റെ കാരണം മജിസ്ട്രേട്ടിനെ വിസ്തരിച്ചപ്പോള്‍, പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല. പ്രതി പറയുന്നത് അയാള്‍ക്ക് ചുഴലിദീനമില്ലെന്നാണ്."

   മൂത്താശാരിയെ വെറുതെ വിട്ടു.

   തൊടുപുഴയ്ക്ക് പോകാന്‍ ഞാനയാള്‍ക്ക് പത്തു രൂപ നല്‍കി. 

   പോകുമ്പോള്‍, വല്ലാതെ ചിരിച്ചുകൊണ്ട് അയാള്‍ എന്നോട് പറഞ്ഞു : 
"കൊന്നത് ഞാന്‍ തന്നെയാ...!"