Tuesday, June 26, 2018

പുലര്‍കാലം










- കാവാലം നാരായണപ്പണിക്കര്‍

ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ആലോലുല ചേലുല പാലുല
കെഴക്കു നെരെ
മലയ്ക്കു മേലേ
പഴുക്കാപ്പാക്കിന്‍റെ പഴുപ്പും, മുഴപ്പും, കൊഴുപ്പും
തട്ടിയൊടഞ്ഞ വെടലത്തേങ്ങാ-
ച്ചിരിപ്പും, തരിപ്പും, തെറിപ്പും

പൂവന്‍കോഴീടെ, താമരക്കോഴീടെ ചാറ്റും
തൊറതൊറച്ചാറ്റും
പൊരപ്പൊറത്തിരുന്നോണ്ടുദിതെളി
തെളി തെളിച്ചാറ്റും, തൊറതൊറച്ചാറ്റും
കട്ടക്കട്ടക്കൂരിരുട്ട്, തട്ടിത്തട്ടിത്തെറിപ്പിച്ചോ-
ണ്ടാരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം

ചക്കരപ്പാട്ട് മുക്കറയിട്ടേ
പാതിരാമണലിന്‍റെ
തിട്ടയ്ക്കുപെട്ടേ
ചാത്തന്‍റെ കുടിനീര്, തെളിനീര്, മരനീര്
തര്തര്ത്തരിച്ചേ.
മരനീര്, തലനീര്, തെറിതെറിത്തെറിച്ചേ

കെഴക്കത്തെ വരമ്പത്ത്
കളക്കറ്റ, പിടിക്കറ്റ
തുടുതുടത്തുടിച്ചേ
കുടിക്കറ്റ, കുതിക്കറ്റ
ചൊകചൊകച്ചൊടിച്ചേ.

(ശ്രീ. അരവിന്ദന്‍ സംവിധാനം ചെയ്ത കുമ്മാട്ടി എന്ന സിനിമയില്‍ പ്രഭാതഗീതമായി ഇത് ഉപയോഗിച്ചിട്ടുണ്ട്.)                                                                            

Sunday, February 25, 2018

ബാബുരാജ്

- പി. ഭാസ്ക്കരന്‍

ജാലകോപാന്തത്തിങ്കല്‍ മേടപ്പൂനിലാവിന്‍റെ
പാലല തുളുമ്പുന്നൂ; ഹോട്ടലിന്‍ മട്ടുപ്പാവില്‍
പാര്‍ട്ടിയിലാരോ നീട്ടിപ്പാടുന്നു ബാബുരാജിന്‍
പാട്ടുകള്‍; സുഹൃദ്'വൃന്ദമാസ്വദിക്കുന്നൂ പേര്‍ത്തും!

അരികിലൊരു കൊച്ചുമുറിയില്‍ നിര്‍ന്നിദ്രനായ്
തിരിഞ്ഞും മറിഞ്ഞും ഞാന്‍ മെത്തയിലുരുളുമ്പോള്‍
ഓര്‍മ്മ തന്‍ ഹാര്‍മോണിയം മൃദുവായ് മൂളീടുന്നൂ;
ഓരോരോ ദിനരാത്രക്കട്ടകള്‍ ചലിക്കുന്നൂ!

പരക്കുന്നുവോ ചുറ്റും ബീഡി തന്‍ പുക? ചുറ്റും
ചുരക്കുന്നുവോ സംഗീതാംബ തന്‍ മുല? രാഗ-
സാഗരം കടഞ്ഞതിന്‍ മാധുരീസുധ? ആരീ-
ശോകാര്‍ദ്രഗാനം പാടി മുറിയിലിരിക്കുന്നു?

ബാബുവോ? അതെ, ബാബു തന്നെ-യാക്കള കണ്ഠം
വേപമാനമാമൊരു വേണുനാളികയെപ്പോല്‍
ശ്യാമസുന്ദരരാവില്‍ നിര്‍വൃതി വര്‍ഷിക്കുന്നൂ;
വ്യോമാന്തരത്തില്‍ മുകില്‍ക്കടമ്പു പുഷ്പിക്കുന്നൂ!

നിലാവില്‍ വീണ്ടും ബാബു മൂളുന്നു, വിരഹത്തിന്‍
ബിലാവല്‍ രാഗം; നേര്‍ത്ത വിരല്‍ത്തുമ്പുകള്‍ സ്വയം
കോര്‍ക്കുന്നൂ സ്വരങ്ങളാല്‍ മാലകള്‍, നിഷ്പന്ദയായ്
താനമായ്, പിന്നെ സ്വരസ്ഥാനങ്ങള്‍ കാണിക്കുന്ന
ഗാനമാ,യാ ഗീതികാനിര്‍ത്ധരി പ്രവഹിക്കെ
തരളീകൃതമെന്‍റെ ഹൃദയസ്പന്ദം മന്ദം
തബലയ്ക്കൊപ്പം ത്രീതാള്‍ച്ചൊല്ലുകള്‍ കൊട്ടീടുന്നൂ!

രാത്രി തന്‍ തമാലത്തില്‍ യാമങ്ങള്‍ കൊഴിഞ്ഞതും,
പിറ്റേന്നു പുലര്‍ന്നതും, മറ്റൊരു ദിനത്തിലെ
കൃത്യബാഹുല്യത്തിന്‍റെ നുകമെന്‍ കഴുത്തിങ്കല്‍
കെട്ടുവാന്‍ ഉഷസ്സെന്‍ മുറിയിലണഞ്ഞതും
അറിഞ്ഞേന്‍ ഞാ,നെന്നാലുമെഴുന്നേറ്റില്ല - ബാബു
അരികിലിരുന്നു ഭൂപാളി തുടങ്ങുന്നു!

മിഴികള്‍ പൂട്ടുന്നു ഞാന്‍; തളിയില്‍ ക്ഷേത്രത്തില്‍ നി-
ന്നൊഴുകിപ്പരന്നതാം ശംഖനാദവും മൊയ്തീന്‍-
പള്ളിയില്‍ നിന്നെത്തിയ ബാങ്കുമെന്‍ മാര്‍ത്തട്ടിന്‍റെ
ഉള്ളില്‍നിന്നുയര്‍ന്നീടും തബലാത്ധംകാരവും
ബാബുവിന്‍ ഭൂപാളി തന്‍ ശ്രുതിയില്‍ ലയിക്കുന്നു;
പാപികളായുള്ളോരെ ത്രിവേണി വിളിക്കുന്നു!

(ശ്രീ. ജമാല്‍ കൊച്ചങ്ങാടിയുടെ പ്രയത്നഫലമായി പുറത്തിറങ്ങിയ, 'ബാബുരാജ്' എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കവിതയാണ് ഇത്. ഇതേ പേരില്‍ ആ പുസ്തകത്തില്‍ ശ്രീ. യൂസഫലി കേച്ചേരി രചിച്ച ഒരു കവിത കൂടിയുണ്ട്. ആ കവിത കഴിഞ്ഞ വര്‍ഷം മേയ് മുപ്പതാം തീയതി ഈ ബ്ലോഗില്‍ ചേര്‍ത്തിരുന്നു.)

Wednesday, January 17, 2018

കപോതപുഷ്പം

- കുമാരനാശാന്‍

ഇതരസൗരഭവീചിയെ മേന്‍മയാല്‍
വിധുരമാക്കിയിളം കുളിര്‍വായുവില്‍
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം

ഭ്രമരനീലദലാവലികള്‍ക്കുമേല്‍
വിമലമായ് മലര്‍മഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കുളത്തില്‍ നീര്‍-
ക്കുമിളതന്‍ നിരപോല്‍ വിലസുന്നുതേ!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാര്‍ന്നതി നിര്‍മ്മല-
ച്ഛവിയൊടും പുതുചിപ്പി വിടര്‍ന്നതോ?

അതിവിചിത്ര മനോഹര ശില്‍പ്പമി-
പ്പുതിയ പൂംകരകൌശലശാലയില്‍
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭുതന്നെ നീ!

അഹഹ! നിര്‍മ്മല ലോല മനോജ്ഞമീ-
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട പിറാവിതില്‍
സഹജമോ, നിഴലോ, മിഴിമായയോ!

ഒരു വികാരവുമെന്നിയഹോ! ഖഗം
മരുവിടുന്നിതു മൌനസമാധിയില്‍
പറവയില്‍ ചിലതുണ്ടവതാരമായ്,
പറയുമങ്ങനെയാഗമവേദികള്‍

ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെന്‍ പരിശുദ്ധ കപോതികേ,
ഭവതിയോരുകിലമ്പിനോടോതണേ!                

(DOVE ORCHID എന്ന പുഷ്പത്തെപ്പറ്റി എഴുതി 10-03-1092(കൊല്ലവര്‍ഷം)ല്‍, ആത്മപോഷിണിയില്‍ പ്രസിദ്ധപ്പെടുത്തിയതാണ്‌ ഈ കവിത)               
                                            

Saturday, January 6, 2018

വഴി വെട്ടുന്നവരോട്

- എന്‍. എന്‍. കക്കാട്


ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതി.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍.
വഴിവെട്ടാന്‍ പോകുന്നവനോ
പല നോമ്പുകള്‍ നോല്‍ക്കേണം;
പല കാലം തപസ്സു ചെയ്ത്
പല പീഡകളേല്‍ക്കണം.

കാടുകളില്‍ കഠിനത കുറുകിയ
കല്ലുകളും കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരക്കൊതി കത്തിച്ച്
ഇതളു പുതച്ചരളുന്നു
പശിയേറും വനവില്ലികള്‍.
വഴിവെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരു കുന്നായ്
മരുവുന്നു ചങ്ങാതി.
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ.
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ.

ഒരുമട്ടാ കുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ.
വിരല്‍ വെച്ചാല്‍ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകള്‍ ചീങ്കണ്ണികളുണ്ടതില്‍
അതു നീന്തണമക്കരെയെത്താന്‍.

അതു നീന്താമെന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം.
കടുവിഷമാണൊന്നില്‍, മറ്റതി-
ലെരിതീയും ചങ്ങാതി.
കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവിവിടും പൂതത്താന്‍,
മറ്റതിലോ തീക്കനല്‍ കാറി-
ത്തുപ്പും നെടുനെട്ടനരക്കന്‍
ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി.

പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍
ആ വഴിയേ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊന്‍പട്ടം കെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുനള്ളിപ്പോം നിന്നെ.
വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോല്‍ മാനിക്കണമല്ലോ.

പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും.
നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പാലകാഞ്ഞിരം പൂത്തുചൊരിഞ്ഞ്
ചരലുകളില്‍ മണമിഴയുമ്പോള്‍
വഴിവില്ലിയൊഴിക്കാന്‍ നിന്നെ
ബലി ചെയ്'വോം കാളിക്കൊടുവില്‍.
ദീവെട്ടിച്ചോപ്പിലിരുട്ടില്‍
നെഞ്ചു കുളിര്‍ത്തമ്മ രസിക്കും.

അമ്മ തകും പാലച്ചോട്ടില്‍,
നന്‍മ തകും പാറക്കൂട്ടില്‍,
വഴിവെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാക്കും.
വഴിപാടായ് കാലാകാലം
'വഴിവെട്ടും വേല' കഴിക്കും.

പലവഴിയില്‍ പെരുവഴിയേതെ-
ന്നെങ്ങള്‍ക്കു പകപ്പു പെടായ്'വാന്‍
പെരുമൂപ്പന്‍വഴി,യെന്നതിനെ
തൃപ്പേരു വിളിപ്പാമല്ലോ.

നീ വെട്ടിയ വഴിയിലൊരുത്തന്‍
കാല്‍കുത്തി,യശുദ്ധി വരുത്താന്‍
ഇടയാകാതെങ്ങളു കാപ്പോം
ഇനി നീ പോ ചങ്ങാതി.

പെരുവഴിയേ പോകും ഞങ്ങള്‍
പുതുവഴി വഴിപാടിനു മാത്രം.