Sunday, February 25, 2018

ബാബുരാജ്

- പി. ഭാസ്ക്കരന്‍

ജാലകോപാന്തത്തിങ്കല്‍ മേടപ്പൂനിലാവിന്‍റെ
പാലല തുളുമ്പുന്നൂ; ഹോട്ടലിന്‍ മട്ടുപ്പാവില്‍
പാര്‍ട്ടിയിലാരോ നീട്ടിപ്പാടുന്നു ബാബുരാജിന്‍
പാട്ടുകള്‍; സുഹൃദ്'വൃന്ദമാസ്വദിക്കുന്നൂ പേര്‍ത്തും!

അരികിലൊരു കൊച്ചുമുറിയില്‍ നിര്‍ന്നിദ്രനായ്
തിരിഞ്ഞും മറിഞ്ഞും ഞാന്‍ മെത്തയിലുരുളുമ്പോള്‍
ഓര്‍മ്മ തന്‍ ഹാര്‍മോണിയം മൃദുവായ് മൂളീടുന്നൂ;
ഓരോരോ ദിനരാത്രക്കട്ടകള്‍ ചലിക്കുന്നൂ!

പരക്കുന്നുവോ ചുറ്റും ബീഡി തന്‍ പുക? ചുറ്റും
ചുരക്കുന്നുവോ സംഗീതാംബ തന്‍ മുല? രാഗ-
സാഗരം കടഞ്ഞതിന്‍ മാധുരീസുധ? ആരീ-
ശോകാര്‍ദ്രഗാനം പാടി മുറിയിലിരിക്കുന്നു?

ബാബുവോ? അതെ, ബാബു തന്നെ-യാക്കള കണ്ഠം
വേപമാനമാമൊരു വേണുനാളികയെപ്പോല്‍
ശ്യാമസുന്ദരരാവില്‍ നിര്‍വൃതി വര്‍ഷിക്കുന്നൂ;
വ്യോമാന്തരത്തില്‍ മുകില്‍ക്കടമ്പു പുഷ്പിക്കുന്നൂ!

നിലാവില്‍ വീണ്ടും ബാബു മൂളുന്നു, വിരഹത്തിന്‍
ബിലാവല്‍ രാഗം; നേര്‍ത്ത വിരല്‍ത്തുമ്പുകള്‍ സ്വയം
കോര്‍ക്കുന്നൂ സ്വരങ്ങളാല്‍ മാലകള്‍, നിഷ്പന്ദയായ്
താനമായ്, പിന്നെ സ്വരസ്ഥാനങ്ങള്‍ കാണിക്കുന്ന
ഗാനമാ,യാ ഗീതികാനിര്‍ത്ധരി പ്രവഹിക്കെ
തരളീകൃതമെന്‍റെ ഹൃദയസ്പന്ദം മന്ദം
തബലയ്ക്കൊപ്പം ത്രീതാള്‍ച്ചൊല്ലുകള്‍ കൊട്ടീടുന്നൂ!

രാത്രി തന്‍ തമാലത്തില്‍ യാമങ്ങള്‍ കൊഴിഞ്ഞതും,
പിറ്റേന്നു പുലര്‍ന്നതും, മറ്റൊരു ദിനത്തിലെ
കൃത്യബാഹുല്യത്തിന്‍റെ നുകമെന്‍ കഴുത്തിങ്കല്‍
കെട്ടുവാന്‍ ഉഷസ്സെന്‍ മുറിയിലണഞ്ഞതും
അറിഞ്ഞേന്‍ ഞാ,നെന്നാലുമെഴുന്നേറ്റില്ല - ബാബു
അരികിലിരുന്നു ഭൂപാളി തുടങ്ങുന്നു!

മിഴികള്‍ പൂട്ടുന്നു ഞാന്‍; തളിയില്‍ ക്ഷേത്രത്തില്‍ നി-
ന്നൊഴുകിപ്പരന്നതാം ശംഖനാദവും മൊയ്തീന്‍-
പള്ളിയില്‍ നിന്നെത്തിയ ബാങ്കുമെന്‍ മാര്‍ത്തട്ടിന്‍റെ
ഉള്ളില്‍നിന്നുയര്‍ന്നീടും തബലാത്ധംകാരവും
ബാബുവിന്‍ ഭൂപാളി തന്‍ ശ്രുതിയില്‍ ലയിക്കുന്നു;
പാപികളായുള്ളോരെ ത്രിവേണി വിളിക്കുന്നു!

(ശ്രീ. ജമാല്‍ കൊച്ചങ്ങാടിയുടെ പ്രയത്നഫലമായി പുറത്തിറങ്ങിയ, 'ബാബുരാജ്' എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കവിതയാണ് ഇത്. ഇതേ പേരില്‍ ആ പുസ്തകത്തില്‍ ശ്രീ. യൂസഫലി കേച്ചേരി രചിച്ച ഒരു കവിത കൂടിയുണ്ട്. ആ കവിത കഴിഞ്ഞ വര്‍ഷം മേയ് മുപ്പതാം തീയതി ഈ ബ്ലോഗില്‍ ചേര്‍ത്തിരുന്നു.)