Wednesday, December 23, 2020

ഇന്നു മരണദിനം

 







- സുഗതകുമാരി


ഇന്നു മരണദിനം, കുളിപ്പിച്ചു ഞാന്‍

കണ്ണെഴുതിച്ചു പട്ടാടയണിയിച്ചു

പൊന്നുപോല്‍ കൊണ്ടുനടക്കും ശരീരത്തെ-

യെങ്ങോ വലിച്ചെറിയേണ്ട ശുഭദിനം.


പൊള്ളുമോ? ശങ്കിക്കയാണ്, ഹാ നിന്നുള്ളില്‍

വല്ലാതെ കത്തിയെരിഞ്ഞ ചൂടെക്കാളു-

മില്ല ചൂടിന്നീ വിറകിന്, പേടിയു-

ണ്ടല്ലേ? കുഴികുത്തി മൂടിയാലോ?

എന്മനസ്സും  കളയേണമിതോടൊപ്പ-

മിന്നോളമായിരം ബന്ധങ്ങളാല്‍, സ്നേഹ-

മോഹങ്ങളാല്‍, തളയ്ക്കപ്പെട്ടുഴന്നൊരീ-

യാകുലമാകും മനസ്സുകൂടി!

ഉള്ളിലെച്ചാപിള്ള തള്ളയോടൊപ്പമാ-

ണൊന്നിച്ചു മണ്ണിലുറങ്ങിടേണ്ടൂ.


ഈ മഴ ചാറും പുലരിതന്‍ സൌഭഗം!

ഈ നിഴല്‍ക്കാറ്റിന്‍ തരളഭാവം!

ഇന്നീ മരണദിനത്തില്‍ ഞാന്‍ പാടുന്ന-

തിന്നോളമുള്ളതാം രാഗമല്ല,

നോവിന്‍റെ പാട്ടല്ല, പൂവിന്‍റെ പാട്ടല്ല,

രാവിന്‍ കിളിപ്പാട്ടിന്നീണമല്ല.


കയ്പുനിറഞ്ഞ പഴയ ചിരിയുടെ 

വെച്ചുപാട്ടാണ്, കേള്‍ക്കാത്തതാണ്

ആയിരം കണ്ണീര്‍പ്പുഴയിലൂടെക്കാറ്റു

താളം പിടിച്ചു വരുന്നതാണ്.

ആരോ പറഞ്ഞു, 'വെറുതെ കരയൊല്ല

വേഗം മിഴിനീര്‍ സ്വയം തുടയ്ക്ക'

ഏതു കയ്യെത്തുവാന്‍? എന്‍റെ കയ്യല്ലാതെ-

യേതെന്‍റെ കണ്ണീര്‍ തുടച്ചുമാറ്റാന്‍!

പാഴിരുട്ടത്തു ഭയം വായ്‌ തുറക്കുന്ന

രാവിലുപധാനമാക്കിവെയ്ക്കാന്‍!

ഏതു കയ്യു,ണ്ടെന്‍റെ കൈമാത്രം; ആകയാല്‍

പോക, കൈക്കോട്ടായിടട്ടെ കൈകള്‍.


ഏറെ ഹാ! ഏറെ പ്രിയപ്പെട്ട ഭൂമിതന്‍

മാറിലൊരാഴക്കുഴിയൊരുക്കി

ഇത്തിരി വിത്തുകള്‍ സംഗീതവും പ്രേമ-

മുഗ്ദ്ധതയും കാക്കുമെന്‍ മനസ്സും

എന്‍റെ മെയ്യോടൊപ്പമാഴത്തിലാഴത്തി-

ലന്‍പോടടക്കി മണ്ണിട്ടു മൂടാം.


കല്ലൊന്നുപോലുമടയാളമായ് വേണ്ട,

പുല്ലും പടലും വളര്‍ന്നുകൊള്ളും.

പുല്ലുകള്‍ പൂക്കും വെളുത്തമുത്തെന്നപോല്‍

തെല്ലു ചുവന്ന നീള്‍ത്തൂവല്‍ പോലെ!

മങ്ങിയ ചാരച്ചിറകു വിറപ്പിച്ചു

കുഞ്ഞുശലഭങ്ങള്‍ വന്നുകൊള്ളും!

ഇന്നു മരണദിനം; കുഴികുത്തുവാ-

നെന്നുടെ കൈതന്നെ വേണമല്ലോ.


(1993ല്‍ രചിച്ച ഈ കവിത, D C ബുക്ക്സ് പ്രസിദ്ധീകരിച്ച 'സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം' എന്ന കൃതിയില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ന്നിരിക്കുന്നത്) 

Tuesday, October 27, 2020

വൃക്ഷം









വയലാര്‍ രാമവര്‍മ്മ 



മരമായിരുന്നൂ ഞാന്‍ 

   പണ്ടൊരു മഹാനദി-

ക്കരയില്‍; നദിയുടെ

   പേരു ഞാന്‍ മറന്നുപോയ്‌.

നയിലോ, യൂഫ്രട്ടീസോ

   യാങ്ങ്‌റ്റ്സിയോ യമുനയോ

നദികള്‍ക്കെന്നെക്കാളു-

   മോര്‍മ്മ കാണണ;മവര്‍

കഴലില്‍ ചിറകുള്ള

   സഞ്ചാരപ്രിയര്‍, നില-

ത്തെഴുതാന്‍ പഠിച്ചവര്‍,

   പറയാന്‍ പഠിച്ചവര്‍!


ഒന്നുമാത്രമുണ്ടോര്‍മ്മ;

   പണ്ടേതോ ജലാര്‍ദ്രമാം

മണ്ണിന്‍റെ തിരുനാഭി-

   ച്ചുഴിയില്‍ കിളിര്‍ത്തു ഞാന്‍!

കാലത്തിന്‍ വികസിക്കും

   ചക്രവാളങ്ങള്‍ തേടി

ഗോളകോടികള്‍ പൊട്ടി-

   ച്ചിതറിപ്പറക്കുമ്പോള്‍,

താരകാന്തരക്ഷീരപഥങ്ങള്‍

   സ്പെയ്സില്‍ വാരി-

വാരി വര്‍ഷിക്കും ജീവ-

   ജ്വാലകള്‍ തേടിത്തേടി.


എന്നിലായിരം കൈകള്‍

   മുളച്ചൂ; നഭസ്സിന്‍റെ

സ്വര്‍ണ്ണകുംഭങ്ങള്‍ വാങ്ങി-

   ക്കുടിച്ചു ദാഹം തീര്‍ക്കാന്‍!

പച്ചിലകളാലെന്‍റെ

   നഗ്നത മറച്ചു ഞാന്‍ 

സ്വച്ഛശീതളമായ

   മണ്ണില്‍ ഞാന്‍ വേരോടിച്ചു!

അസ്ഥികള്‍ പൂത്തു മണ്ണി-

   ന്നടിയിലിണചേര്‍ന്നു

നഗ്നരാമെന്‍ വേരുകള്‍ 

   പ്രസവിച്ചെഴുന്നേറ്റു!

മുലപ്പാല്‍ നല്‍കീ, നീല-

   പ്പൂന്തണല്‍ പുരകെട്ടി

വളര്‍ത്തീ, കുഞ്ഞുങ്ങളെ,

   വംശം ഞാന്‍ നിലനിര്‍ത്തീ.


ഇടത്തും വലത്തും നി-

   ന്നൃതുകന്യകള്‍ താലം

പിടിക്കും തേരില്‍, തിര-

   ക്കിട്ട യാത്രയില്‍പോലും.

ഒരു കാല്‍ക്ഷണം മുമ്പില്‍

   നില്‍ക്കാതെ, ചിരിക്കാതെ

ഒരു പൂമേടിക്കാതെ

   പോവുകില്ലെന്നും, കാലം!


വനദേവതയുടെ

   പുഷ്പമേടയില്‍ നിന്നോ

വസന്തസരോജത്തിന്‍ 

   പൊന്നിതള്‍ക്കൂട്ടില്‍ നിന്നോ 

പീലിപ്പൂംചിറകുള്ള

   രണ്ടിളം കിളികളെന്‍

തോളത്തു പറന്നിരു-

   ന്നൊരുനാ,ളെന്തോ പാടി!


കാതോര്‍ത്തുനിന്നൂ ഞാനും

   പൂക്കളു;മാപ്പാട്ടിന്‍റെ

ചേതോഹാരിയാം ഗന്ധം

   ഞങ്ങളില്‍ നിറയുമ്പോള്‍,

ഞാനറിയാതെ പൂക്കള്‍

   തേന്‍ ചുരത്തിപ്പോയ്, എന്‍റെ

താണചില്ലയില്‍ കാറ്റില്‍

   കിളികളൂഞ്ഞാലാടി.

എന്നിലക്കൈകള്‍ 

   കിളിക്കൂടുകളായീ; അന്ത-

രിന്ദ്രിയങ്ങളില്‍ മൌന-

   സംഗീതം കുളിര്‍കോരി.

ഉറക്കെപ്പാടാന്‍ തോന്നീ,

   പാട്ടുകളെന്നാത്മാവി-

ന്നറകള്‍ക്കുള്ളില്‍ കിട-

   ന്നങ്ങനെ ശ്വാസംമുട്ടീ!


അന്നൊരു ശരല്‍ക്കാല-

   പൌര്‍ണമിയൊഴുക്കിയ

ചന്ദനപ്പുഴ നീന്തി-

   ക്കടന്നു നടന്നൊരാള്‍, 

സൌമ്യഭാവനാ,യെന്‍റെ-

   യരികത്തെത്തീ, സ്വര്‍ഗ്ഗ

സൌകുമാര്യങ്ങള്‍ കട-

   ഞ്ഞെടുത്ത ശില്‍പ്പംപോലെ!


ആയിരം മിഴിപ്പൂക്കള്‍

   കൊണ്ടു ഞാനാ സൌന്ദര്യ-

മാസ്വദിക്കുമ്പോള്‍, എന്നെ

   രോമാഞ്ചം പൊതിയുമ്പോള്‍,

മറ്റൊന്നുമോര്‍മ്മിക്കാതെ

   നില്‍ക്കുമ്പോള്‍, എന്‍ കൈക്കൊരു

വെട്ടേറ്റു; മുറി,ഞ്ഞതു

   തെറിച്ചുവീണൂ മണ്ണില്‍!

ഞെട്ടിപ്പോയ്, അസഹ്യമാം

   നൊമ്പരം കൊ, ണ്ടെന്‍ നെഞ്ചു

പൊട്ടിപ്പോയ്, കണ്ണീര്‍ക്കണ്ണൊ-

   ന്നടച്ചു തുറന്നൂ ഞാന്‍!


നിര്‍ദ്ദയമവനെന്‍റെ-

   യൊടിഞ്ഞ കയ്യും കൊണ്ടു

നില്‍ക്കുന്നൂ; ഞെരിച്ചെനി-

   ക്കവനെക്കൊല്ലാന്‍ തോന്നി!

പിച്ചളപ്പിടിയുള്ള

   കത്തിയാലവനെന്‍റെ

കൊച്ചുകൈത്തണ്ടിന്‍ വിരല്‍-

   മൊട്ടുകളരിയുന്നൂ!

മുത്തുകെട്ടിയ മൃദു-

   സ്മേരവുമായെന്‍, എല്ലു

ചെത്തിയും മിനുക്കിയും

   ചിരിച്ചു രസിക്കുന്നൂ!


അപ്പോഴും പ്രാണന്‍ വിട്ടു-

   പോകാതെ പിടയുമെ-

ന്നസ്ഥിയിലവന്‍ ചില

   നേര്‍ത്ത നാരുകള്‍ കെട്ടി

നീണ്ട കൈനഖം കൊണ്ടു

   തൊട്ടപ്പോള്‍, എവിടന്നോ

നിര്‍ഗ്ഗളിക്കുന്നൂ നാദ-

   ബ്രഹ്മത്തിന്‍ കര്‍ണ്ണാമൃതം!


എന്‍റെ മൌനത്തിന്‍ നാദം,

   എന്‍റെ ദുഃഖത്തിന്‍ നാദം,

എന്‍റെ സംത്രാസത്തിന്‍റെ-

   യേകാന്തത്തുടിതാളം

അടഞ്ഞു കിടന്നൊരെ-

   ന്നാത്മാവിന്‍ ഗര്‍ഭഗൃഹ-

നടകള്‍ തുറക്കുമാ

   ദിവ്യമാം നിമിഷത്തില്‍, 

ഉറക്കെപ്പാടീ ഞാനാ

   വീണയിലൂടേ; കോരി-

ത്തരിച്ചുനിന്നൂ ഭൂമി,

   നമ്രശീര്‍ഷയായ് മുന്നില്‍!


മരത്തിന്‍ മരവിച്ച

   കോടരത്തിലും, പാട്ടി-

ന്നുറവ കണ്ടെത്തിയോ-

   രാ ഗാനകലാലോലന്‍

ശ്രീ സ്വാതിതിരുനാളോ,

   ത്യാഗരാജനോ, ശ്യാമ-

ശാസ്ത്രിയോ, ബിഥോവനോ,

   കബീറോ, രവീന്ദ്രനോ?


(1975ലെ ജനയുഗം ഓണം വിശേഷാല്‍പ്രതിയില്‍ വന്ന ഈ കവിതയാണ് അദ്ദേഹം അവസാനം എഴുതിയ  കവിത. 

'വയലാര്‍ രാമവര്‍മ്മയുടെ കവിതകള്‍' എന്ന സമാഹാരത്തില്‍ നിന്നാണ് ഇതിവിടെ എടുത്തിരിക്കുന്നത്.)

IMAGE Ⓒ Artsaus (painting : RIVERSIDE GUMS

Thursday, October 15, 2020

കരതലാമലകം






- അക്കിത്തം അച്യുതന്‍ നമ്പൂതിരി


ഈ യുഗത്തിന്‍റെ പൊട്ടിക്കരച്ചിലെന്‍

വായില്‍നിന്നു നീ കേട്ടുവെന്നോ സഖീ?

ഒരു യുഗത്തിന്‍റെ വൈരൂപ്യദാരുണ-

ഛായയെന്‍ കണ്ണില്‍ കണ്ടുവെന്നോ സഖീ?

ഈ യുഗത്തിന്‍റെ ദുര്‍ഗന്ധമെന്‍ ശ്വാസ-

വായുവിങ്കല്‍ നിന്നുള്‍ക്കൊണ്ടു നീയെന്നോ?

ഈ യുഗത്തിന്‍റെ ഞെട്ടിത്തെറിക്കലെന്‍-

സ്നായുവില്‍നിന്നു നിന്‍ നെഞ്ചറിഞ്ഞെന്നോ?       

നീയഹോ രുചിച്ചാളെന്‍റെ ചുണ്ടില്‍ നി-

ന്നീയുഗത്തിന്‍റെ കയ്പുമെന്നോ സഖീ?


എങ്കില്‍ ഞാനീബ്ഭയങ്കര യാഥാര്‍ത്ഥ്യ-

മെന്തിനിന്നിയും മിണ്ടാതിരിക്കുന്നു?

ഹന്ത, 'ഗൃഭ്ണാമിതേ സൌഭഗത്വായ

ഹസ്ത'മെന്നു ഞാന്‍ പണ്ടു ജപിച്ചപ്പോള്‍

നിന്‍റെ കയ്യെന്‍റെ കയ്യാല്‍ ഗ്രഹിച്ചപ്പോ-

ളെന്‍റെ ദേഹം വിയര്‍ത്തുപോയോമനേ!


പൂവുപോലെ പരിശുദ്ധമായ നിന്‍-

ജീവിതത്തിന്‍ മൃദുലദളങ്ങളില്‍ 

ഞാനറിയാതെയെന്‍ ചളിക്കൈ നഖ-

പ്രീണനം കൊണ്ടു വാറിക്കളഞ്ഞാലോ?

ആ വിയര്‍പ്പിന്‍റെ തുള്ളിയുണ്ടിന്നുമെ-

ന്നാത്മശക്തിതന്‍ മുത്തുക്കിരീടമായ്,

ഉജ്ജ്വലപ്രഭ തൂകിത്തിളങ്ങുന്നി-

തുഗ്രമാമെന്നബോധാന്ധകാരത്തില്‍.


ഈയനുഗ്രഹമില്ലായിരുന്നെങ്കി-

ലീഷലെന്നിയേ ചൊല്ലേണ്ടി വന്നേനേ.

പണ്ടു 'ഗൃഭ്ണാമി' ചൊല്ലി നിന്‍ കൈമലര്‍-

ച്ചെണ്ടു കയ്യിലുടക്കിയ പൂരുഷന്‍,

ഏതമൂല്യ സ്യമന്തകരത്നവു-

മേതപൂര്‍വ്വ സൌഗന്ധികപുഷ്പവും

നേടുമെന്നു പെരുമ്പറ താക്കുന്ന

മൂഢതയാല്‍ കവചിതപ്രത്യയന്‍,

നൂറുവട്ടം ദഹിച്ചു കഴിഞ്ഞതിന്‍

ചാരമാണിന്നു നിന്‍മുമ്പില്‍ നില്‍പവന്‍.


അന്നുപാടിയ പാട്ടുകള്‍ പാടുവാ-

നന്നു ചൊല്ലിയ നര്‍മ്മങ്ങള്‍ ചൊല്ലുവാന്‍

അന്നുതൂകിയ പുഞ്ചിരി തൂകാനു-

മിന്നെനിക്കു പടുത്വമില്ലോമനേ!

ഇന്നു കണ്ണീരില്‍ നിഷ്പന്ദവൃത്തിയാം

കണ്ണുകൊണ്ടറിയുന്നു ഞാന്‍ സുസ്പഷ്ടം.

എന്‍റെ കയ്യിലിരിക്കുന്ന നെല്ലിക്ക-

യെന്നപോലീപ്രപഞ്ചം മുഴുവനും.

ഇച്ചെറുഫലം കുത്തിച്ചതയ്ക്കാനോ

ഇച്ചെറുഫലം വെട്ടിപ്പൊളിയ്ക്കാനോ

ഇല്ലെനിക്കു കരുത്തീ ഫലത്തിന്മേല്‍

പല്ലുകൊണ്ടൊന്നു പോറുവാന്‍ പോലുമേ.


നേരുതാ,നൊറ്റക്കാലടിവെപ്പില്‍ ഞാന്‍

പാരിതൊട്ടുക്കളന്നിട്ടുമുണ്ടാവാം.

ആഴിയൊട്ടുക്കോരൊറ്റക്കുടന്നയി-

ലാക്കി ഞാ,നാചമിച്ചിട്ടുമുണ്ടാവാം.

എങ്കിലും സഖീ, രാത്രികളില്ലാത്ത

ചെങ്കനലുചൊരിയും മിഹിരനില്‍,

രിക്തവാതമാമീ ബഹിരാകാശ-

വിപ്രവാസദുഃഖത്തില്‍ വെന്തെന്‍ ജഡം

എത്രമാത്രം വിലക്ഷണമായിട്ടു-

ണ്ടെന്നറിയുന്നു ഞാന്‍ മാത്രമോമനേ!


ചാരമാമെന്നെ കര്‍മ്മകാണ്ഡങ്ങളില്‍

ധീരനാക്കുന്നതെന്തൊക്കെയാണെന്നോ?

നിന്‍റെ രൂപവും വര്‍ണ്ണവും നാദവും

നിന്‍റെ പൂഞ്ചായല്‍ തൂകും സുഗന്ധവും.

നിന്നിലെന്നും വിടരുമനാദ്യന്ത-

ധന്യചൈതന്യ നവ്യപ്രഭാതവും.

നിന്‍ തളര്‍ച്ചയും നിന്നശ്രുബിന്ദുവും

നിന്‍റെ നിര്‍മ്മല പ്രാര്‍ത്ഥനാഭാവവും. 


[ ഈ കവിത അക്കിത്തം ചൊല്ലുന്നത് ഇവിടെ കേള്‍ക്കാം.                              youtube Ⓒ ഇറയം ]

image Ⓒ manoramaonline

Sunday, October 11, 2020

വൃത്തം






- ചങ്ങമ്പുഴ കൃഷ്ണപിള്ള 


ആ നല്ല കാലമന്നര്‍പ്പണം ചെയ്തതെ-

ന്താനന്ദരംഗങ്ങളായിരുന്നൂ, സഖി!

മാരിവില്‍ മാതിരി പെട്ടെന്നവയൊക്കെ

മായുമെന്നന്നാരറിഞ്ഞിരുന്നൂ, സതി!

കഷ്ടം, ജലാര്‍ദ്രമായ്ത്തീരുന്നൂ, കണ്‍കളാ

നഷ്ടോത്സവത്തിന്‍ സ്മൃതികളിലിപ്പൊഴും!


ആവര്‍ത്തനത്തിനുമാവാതെ കാലമാ-

മാവര്‍ത്ത,മയ്യോ, വിഴുങ്ങുന്നു സര്‍വ്വവും!

മാറിമറയുമവയെ നാം നിഷ്ഫലം

മാടിവിളിപ്പൂ മമതയാല്‍പ്പിന്നെയും

എത്തായ്കി,ലെല്ലാം നശിച്ചു പോയെന്നോര്‍ത്തു

ചിത്തം തകര്‍ന്നുടന്‍ കണ്ണീര്‍ പൊഴിപ്പു നാം

വസ്തുസ്ഥിതികള്‍ത,ന്നാന്തര യാഥാര്‍ത്ഥ്യ-

മെത്തിപ്പിടിക്കാന്‍ ശ്രമിക്കായ്ക കാരണം,

എപ്പൊഴും ദുഃഖത്തിനല്ലാതെ മാര്‍ഗ്ഗമി-

ല്ലിപ്പാരിലെന്നോര്‍ത്തടിയുന്നിതല്ലില്‍ നാം!


ഒന്നിനൊന്നായൊക്കെ മാഞ്ഞുപോ,മെങ്കിലു-

മൊന്നും ജഗത്തില്‍ നശിക്കില്ലൊരിക്കലും.

ഹാ, പരിണാമവിധിക്കു വിധേയമായ്

രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ

എന്തുണ്ടുലകില്‍ നശിപ്പതെന്നേക്കുമാ-

യെന്തിനു പിന്നെപ്പരിതപിക്കുന്നു നാം?

കാലസ്രവന്തിതന്‍ ദുര്‍വ്വാരകല്ലോല-

മാലയില്‍ത്തത്തിത്തളര്‍ന്നലഞ്ഞങ്ങനെ,

പ്രജ്ഞയ്ക്കിരുട്ടെന്നു തോന്നുന്നതാകുമോ-

രജ്ഞാതരംഗത്തിലെത്തുന്നതെന്നിയേ,

എന്തുണ്ടു നഷ്ടപ്പെടുന്നതെന്നേക്കുമാ-

യെന്തിനു പിന്നെപ്പരിഭ്രമിക്കുന്നു നാം?


ജീവിതവ്യാസം ചുരുങ്ങിച്ചുരുങ്ങി,യ-

ക്കേവലത്വത്തിന്‍റെ കേന്ദ്രത്തിലെത്തുവാന്‍, 

കര്‍മ്മമല്ലാതില്ല മാര്‍ഗ്ഗ,മിന്നാകയാല്‍-

ക്കര്‍മ്മത്തെയാദ്യം പവിത്രീകരിക്ക നാം

മൃണ്മയമാകുമിക്കോവിലില്‍, ഭക്തിയാര്‍-

ന്നുണ്മയില്‍ച്ചിന്മയദ്ധ്യാനനിര്‍ല്ലീനയായ്

ആവസിപ്പൂ ജീവയോഗിനി, വെണ്മല-

രാവട്ടെ കര്‍മ്മങ്ങ,ളര്‍ച്ചനയ്ക്കപ്പൊഴും!

എങ്കില്‍ ക്ഷണപ്രഭാചഞ്ചലസ്വപ്‌നങ്ങള്‍

സങ്കടമേകുകി,ല്ലാശ്വസിക്കൂ, സഖി!

ജന്മാന്തരങ്ങളില്‍പ്പണ്ടുമിതുവിധം

നമ്മളൊരുമിച്ചിരുന്നൊരാ വേളയില്‍,

അന്നു നാം കണ്ടൊരപ്പൊന്നിന്‍കിനാക്കള-

ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞൂ, സതി!

ഇന്നവ മാഞ്ഞു മറഞ്ഞതു കണ്ടിട്ടു

ഖിന്നയാകായ്,കവ വന്നിടും പിന്നെയും!

വര്‍ത്തമാനം ഭൂതമായ് സ്വയം മാറുന്നു

വര്‍ത്തമാനത്തിലണയുന്നു ഭാവിയും

ഭൂതങ്ങള്‍ ഭാവിയായ് മാറുന്നി,താബ്ഭാവി

ഭൂതമായ്ത്തീരുന്നു വര്‍ത്തമാനം വഴി

വൃത്തമാണേവം സമസ്തവും- പോയവ-

യെത്തും, മറഞ്ഞുപോം നില്‍പ്പവയൊക്കെയും!


രാവും പകലും, യഥാര്‍ത്ഥത്തി,ലൊന്നുപോ-

ലാവശ്യമാണിജ്ജഗത്തിനെന്നോര്‍ക്ക നീ.

വേണമിരുട്ടും വെളിച്ചവും- ജീവിത-

മാണെങ്കില്‍, വേണം ചിരിയും കരച്ചിലും!

ഇല്ല നിയതിക്കു പക്ഷപാതം, പാഴി-

ലല്ലല്‍പ്പെടുന്നതെന്തി,ന്നാശ്വസിക്കു നീ!

നീ വിശ്വസിക്കൂ നിയതിയില്‍- നിശ്ചയം

നീറും ഹൃദയം ചിരിക്കുമെന്നെങ്കിലും!.... 


(1944 മെയ് 17നാണ് ചങ്ങമ്പുഴ ഈ കവിത എഴുതുന്നത്.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച, 'പ്രൊഫസര്‍ എം കെ സാനു തിരഞ്ഞെടുത്ത പ്രിയകവിതകള്‍' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എടുത്തിരിക്കുന്നത്.)

image Ⓒ Genady (Painting: CIRCLE OF LIFE)

Thursday, October 8, 2020

ആദ്യത്തെ തീവണ്ടി

 





- തിരുനല്ലൂര്‍ കരുണാകരന്‍  


ഉത്സവമാണിന്നെന്‍റെ

   നാട്ടുകാര്‍ക്കെല്ലാം ; തമ്മില്‍

മത്സരിക്കുന്നൂ നവാ-

   ഹ്ലാദവുമുത്സാഹവും.


എന്തുകൊണ്ടെന്നോ? ഞങ്ങള്‍ 

   നിര്‍മ്മിച്ച പാലത്തിലൂ-

ടെത്തുന്നതിന്നാണാവി-

   വണ്ടിയുമാഘോഷവും.


ചെന്നപാരതയുടെ

   കൈകളില്‍പ്പിടിക്കുവാ-

നെന്നപോല്‍ സമാന്തരം

   പായുന്ന പാളങ്ങളെ,

പുലരിക്കതിര്‍വന്നു

   മുത്തവേ പരക്കുന്ന

പുതിയ തിളക്കമീ

   ഞങ്ങളില്‍പ്പകരുന്നു.


അത്തിളക്കത്തില്‍ക്കാണാം

   ഞങ്ങള്‍ തന്‍ പതറാത്ത

ശക്തിയും മനസ്സിന്‍റെ

   ദീപ്തിയും വിശ്വാസവും.


കുന്നുകളറഞ്ഞറ-

   ഞ്ഞൊക്കെയും നിരപ്പാക്കി,

മണ്ണുകൊണ്ടകലത്തെ-

   ക്കായലില്‍ച്ചിറ കെട്ടി,

കാരുരുക്കുരുക്കുന്ന

   വേനലോടടരാടി, -

ക്കാത്തുകാത്തവസാനം

   ഞങ്ങളീ ജയം നേടി.


എല്ലിനോടവിരാമ-

   മേറ്റുമുട്ടിയ കരി-

ങ്കല്ലുകളെല്ലാം വേര്‍പ്പു-

   നീരു വീണലിഞ്ഞേപോയ്‌.


ഓര്‍മ്മയിലദ്ധ്വാനത്തിന്‍

   വേദന ചിരിക്കവേ

കോള്‍മയിര്‍ക്കൊള്ളുന്നിതാ

   ഞങ്ങളും ഗ്രാമങ്ങളും.


ആരുമില്ലിതുമായി-

  ബ്ബന്ധമില്ലാത്തോര്‍ ; വേല-

ക്കാരുടെ നാട്ടില്‍ ഞങ്ങ-

   ളൊക്കെയുമൊന്നാണല്ലോ.


അക്കരെ റോഡില്‍ക്കൂടി-

   ക്കാളവണ്ടികളെങ്ങാന്‍

'കക്കടം കടകടം'

   ശബ്ദമുണ്ടാക്കുമ്പൊഴേ

ആയിരം നയനങ്ങള്‍

   വിരിയുന്നുല്‍ക്കണ്ഠയാ; -

ലാവതും വേഗം കൂമ്പി-

   പ്പോകുന്നു നൈരാശ്യത്താല്‍.


പൈക്കളെക്കറക്കാതെ,

   മുറ്റവുമടിക്കാതെ-

യെത്രയും തിടുക്കത്തി-

   ലെത്തിയ വീട്ടമ്മമാര്‍

എത്രമേല്‍ നിയന്ത്രിച്ചു

   നിര്‍ത്തിടുമവരുടെ

മുഗ്ദ്ധമാം കണ്ഠങ്ങളില്‍-

   ക്കുരവക്കുളിര്‍നാദം!


തീവണ്ടി കാണാന്‍ വെമ്പ-

   ലാര്‍ന്നിടും കുഞ്ഞുങ്ങളെ-

ത്തായമാരുടെ ചുണ്ടും

   സൂര്യനും ചുവപ്പിച്ചു.


ബീഡിയാല്‍ ക്ഷമകേടു

   ചുട്ടെരിക്കുവോര്‍, ജയം

നേടിയ സേനാനികള്‍

   പോലെഴും ചെറുപ്പക്കാര്‍

ഇളകും ജനങ്ങളെ

   വേണ്ടപോല്‍ നിയന്ത്രിച്ചു-

മിടയില്‍ സമാശ്വസി-

   പ്പിച്ചുമങ്ങനെ നില്‍പ്പൂ.


കണ്ണിനു കയ്യാല്‍ത്തണ-

   ലേകിയും വിറയ്ക്കുന്ന

തൊണ്ടയാല്‍ച്ചെറുപ്പത്തെ-

   യെപ്പൊഴും ശകാരിച്ചും

കാത്തുനില്‍ക്കുന്നൂ പുത്തന്‍

   കൂത്തു കാണുവാനേറെ

വേര്‍പ്പുനീരൊഴുക്കിയ

   പണ്ടത്തെയദ്ധ്വാനങ്ങള്‍.


വിണ്ണിനെക്കുലുക്കുന്ന

   ശബ്ദമൊന്നതാ കേള്‍പ്പൂ ;

കുന്നുകള്‍, കലുങ്കുക-

   ളൊക്കെയും തകരുന്നോ!


മാറിനില്‍ക്കുവിന്‍, പരി-

   ഭ്രാന്തരാകൊല്ലാ, കൊടി-

ക്കൂറകള്‍ പാറിക്കുവി-

   നാര്‍ക്കുവി,നാഹ്ലാദിപ്പിന്‍.


ധൂമരേഖകളതാ

   വാനിനെത്തഴുകുന്നൂ ;

ഗ്രാമചേതന ചൂളം-

   വിളികേട്ടുണരുന്നു.


ഹാ! നിമിഷങ്ങള്‍ക്കിത്ര

   വേഗമോ? മുഴങ്ങുന്ന

പാലവും കടന്നാവി-

   വണ്ടി ദാ! പറക്കുന്നു.


ആവിയും ചക്രങ്ങളും

   പാളവു,മവയുടെ

ഭൂവിനെ പ്രകമ്പനം-

   കൊള്ളിച്ച നിര്‍ഘോഷവും!


നീണ്ടുപോകുന്നൂ ശബ്ദ-

   വീചികള്‍ പാടങ്ങളില്‍,

നീലമൈതാനങ്ങളില്‍,

   കുന്നടിവാരങ്ങളില്‍.


അവയോടിടകലര്‍-

   ന്നൊന്നിച്ചുപൊങ്ങുന്നെങ്ങു-

മഭിമാനത്തിന്‍ ഭേരി

   മുഴക്കും ഹൃല്‍സ്പന്ദങ്ങള്‍.


മാറിലൂടനവധി-

   യാനകള്‍ക്കൊപ്പം കരു-

ത്തേറിടുമുരുക്കിന്‍റെ

   ഭാരങ്ങള്‍ പായുമ്പൊഴും

ഒറ്റ മണ്‍തരിപോലു-

   മിളകീ;ലവയിലേ-

ക്കിറ്റുവീണതാം വേര്‍പ്പിന്‍

   ശക്തിയത്ഭുതശക്തി. 


(1957ലാണ് അദ്ദേഹം ഈ കവിത രചിക്കുന്നത്. 'തിരുനല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എടുത്തു ചേര്‍ത്തിരിക്കുന്നത്.)

image Ⓒ Shantanu Pandit (Painting: THE TRAIN)

Wednesday, September 30, 2020

പിശാചിന്‍റെ കുപ്പായം






- കാരൂര്‍ നീലകണ്‌ഠപ്പിള്ള


     കുട്ടപ്പന്‍ പുതച്ചിരുന്ന ചാക്ക് മാറ്റി പായില്‍ നിന്നെഴുന്നേറ്റു. മുറ്റത്തേക്കിറങ്ങി. തണുപ്പുക്കൊണ്ട് അവന്‍റെ താടി കിടുകിടുത്തു. അവന്‍ മുറിക്കുള്ളിലേക്ക് തിരിച്ചുകേറി.

"ചോരയുറഞ്ഞുപോകുന്ന കുളിര്! കൊറേനേരം കൂടെ കെടക്കട്ടെ."

     അമ്മ ആ എട്ടുവയസ്സുള്ള ഏകസന്താനത്തെ വിഷാദത്തോടെ നോക്കി.

     അല്‍പ്പം കഴിഞ്ഞ്, 'കെടന്നാല്‍ പറ്റൂല്ലല്ലോ' എന്നു പറഞ്ഞ് അവന്‍ എഴുന്നേറ്റു.

     "ഈ മഞ്ഞൊന്നു മാറീട്ടു പോയാ മതി, മോനേ. വല്ല പനീം പിടിച്ചു നീയും കെടന്നുപോയാല്‍...!"

     "പനീം മറ്റും പിടിക്കൂല്ലാമ്മേ. തണുപ്പുകൊണ്ട് അസ്ഥികൂടെ നോവുന്നതാ സഹിക്കാന്‍ മേലാത്തെ. ഒരു ബനിയന്‍ മേടിക്കണമേന്നോര്‍ത്തിട്ട് പറ്റുന്നില്ലല്ലോ."

     "എന്തു ചെയ്യാനാ! എത്ര ബനിയന്‍ മേടിക്കാനുള്ള കാശ് എന്‍റെ ദീനത്തിനു തന്നെ നീ ചെലവാക്കി! ഈ പ്രായത്തിലൊള്ള കുഞ്ഞിനെയിട്ടു കഷ്ടപ്പെടുത്തണമെന്നാണല്ലോ എന്‍റെ തലേലെഴുതിയത്!" - എന്നു പറഞ്ഞപ്പോഴേക്ക് അവളുടെ തൊണ്ടയിടറി. 

     

     അവള്‍ക്കെന്നും ദീനമാണ്. പുറത്തെങ്ങും പോകാന്‍ വയ്യ. കുട്ടപ്പന്‍ ഓല കൊണ്ടുവന്നുകൊടുത്താല്‍ അവള്‍ മെടയും. തഴ കൊണ്ടുവന്നുകൊടുത്താല്‍ നെയ്യും. കുറച്ചുനേരം കുത്തിയിരിക്കുമ്പോള്‍ ദേഹം മുഴുവന്‍ വേദനിച്ചിട്ടു പണി നിര്‍ത്തും. ഓലയും പായും വില്‍ക്കാനും കുട്ടപ്പന്‍ പോകണം.

     ഇപ്പോള്‍ അഞ്ചാറു ദിവസമായിട്ട് അവള്‍ക്കൊന്നും വയ്യ.

     "ഇനി ഞാന്‍ ദെവസോം ഈ രണ്ടണ സൂക്ഷിച്ചു വയ്ക്കും. ഒരു ബനിയന്‍ മേടിച്ചിട്ടു പിന്നത്തെ കാര്യൊക്കെ..." - എന്നുപറഞ്ഞ് തുഴയുമെടുത്തു കൊണ്ട് അവന്‍ വള്ളത്തില്‍ ചെന്നുകേറി. ആഞ്ഞു തുഴഞ്ഞു ദേഹത്തിനു ചൂടുവരുത്തി. അവന്‍റെ ചുണ്ടില്‍നിന്നും വിറയല്‍ മാറി; ആശ്വാസസൂചകമായ ഒരു മൂളിപ്പാട്ട് പുറപ്പെടുകയും ചെയ്തു.

     അവന്‍ കടത്തുകടവിലെത്തി. രണ്ടുമൂന്നുപേര്‍ അവനെ കാത്തെന്ന വണ്ണം അവിടെ നിന്നിരുന്നു.

     "അക്കരയ്ക്കാണെങ്കില്‍ കേറിക്കോ." - വന്ന വരവിന് ഒരു കോളുകിട്ടിയ സന്തോഷത്തോടെ അവന്‍ പറഞ്ഞു.

     "ഇത്ര കൊച്ചുവള്ളത്തില്‍ കേറി ഈ മഞ്ഞത്തു മുങ്ങാന്‍ ഞങ്ങളില്ല." - യാത്രക്കാരിലൊരാള്‍ പറഞ്ഞു.

     "മുങ്ങുന്നതെങ്ങനെയാ? തൊഴ എന്‍റെ കൈയിലല്ലേ ഇരിക്കുന്നേ? നിങ്ങളു കേറിക്കോളിന്‍." - കുട്ടപ്പന്‍ അവരുടെ മുഖത്ത് ആശയോടെ നോക്കിക്കൊണ്ടു നിന്നു : "കേറുന്നില്ലേ?"

     അവര്‍ കേട്ടതായി ഭാവിച്ചില്ല. അക്കരെനിന്ന് വരുന്ന വലിയ വള്ളം നോക്കിനില്‍ക്കുന്ന അവരെ ഉപേക്ഷിച്ചിട്ട്, 'ശകുനം പെഴയാണല്ലോ' എന്ന്‍ പൊറുപൊറുത്തുകൊണ്ട് അവന്‍ അക്കരയ്ക്ക് തുഴഞ്ഞു. അപ്പോഴേക്ക് കുറേക്കൂടി വലിയ വള്ളങ്ങളും പ്രായമായ വള്ളക്കാരും ഒക്കെ കടവില്‍ വന്നുതുടങ്ങി. വൈകുന്നേരം വരെ, വള്ളവും കൊണ്ട് ചുറ്റിക്കറങ്ങിയിട്ട്, അവന് അന്നത്തെ അരിയ്ക്ക് വേണ്ട കാശ് കിട്ടിയില്ല. യാത്രക്കാരുടെ വരവ് നിലച്ചപ്പോള്‍, അവന്‍ കുറച്ച് അരിയും വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു. വള്ളം കടവില്‍ കെട്ടിയിട്ട്, മുറ്റത്തേക്ക് നടന്നപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു : "അമ്മേ, ഞാന്‍ വന്നു."

     "വല്ലോം കിട്ടിയോ മോനേ? ഞാന്‍ വെള്ളോം അടുപ്പത്തിട്ട് ചെവീം ഓര്‍ത്തോണ്ടിരിക്കുകാരുന്നു."

     അവന്‍ അരി കഴുകി അടുപ്പത്തിട്ടു. - "എന്‍റെ മുണ്ടപ്പിടി കീറിയെന്നാ തോന്നുന്നെ" - എന്നുപറഞ്ഞ് മുണ്ടഴിച്ച് അടുപ്പിലെ വെളിച്ചത്തില്‍ നിവര്‍ത്തു പിടിച്ചു നോക്കി. അത് ഒരുമുഴം നീളത്തില്‍ കീറിയിരിക്കുന്നു!

     അമ്മ മിണ്ടിയില്ല.

     "ചതിവായല്ലോ. ബനിയന്‍ മേടിച്ചു! മുണ്ടുടുത്തിട്ടല്ലേ ബനിയന്‍! ഒലക്കേടെ മൂട്."

     "മുണ്ടും വെനിയനും ഒക്കെ ഒണ്ടാകും മോനേ. നീ കൊറേ തഴ കൊണ്ടെത്താ. മേലെങ്കിലും ഞാന്‍ ഒരു പായ് നെയ്തുതരാം. അതുവിറ്റ് ഒരു മുണ്ടു മേടിക്ക്."

     "എഴുന്നേറ്റിരിക്കാന്‍ മേലാത്ത അമ്മേക്കൊണ്ടു പാ നെയ്യിച്ചാ, ഞാന്‍ മുണ്ടു മേടിക്കാന്‍ പോണെ! എനിക്കു മുണ്ടും വേണ്ട ഉടുപ്പും വേണ്ട."

     "അങ്ങനെയൊക്കെപ്പറയാതെടാ. നീയൊരാണല്ലേ! എല്ലാം ഒണ്ടാകും."

     "ഒണ്ടാകും ഒണ്ടാകും! വെളുത്താലിരുട്ടുന്നതുവരെ ഈ വള്ളോം കൊണ്ടു നടന്നാല്‍ അരിക്കു കാശു കിട്ടുകേല്ല. വഴിക്കാരേക്കാള്‍ ഇരട്ടിയാ വള്ളക്കാര്. പിന്നെയെങ്ങനെ കിട്ടാനാ?

     "ദൈവം തരും മക്കളെ."

     "മുണ്ടും ഉടുപ്പുമോ?"

     "മുണ്ടും തരും, ഉടുപ്പും തരും."

     "എന്നാല്‍ തന്നോട്ടെ."


     അടുത്ത പ്രഭാതത്തിലും കടുത്ത മഞ്ഞിനിടയില്‍ക്കൂടി അവന്‍ വള്ളത്തിനടുത്തു ചെന്നു. അതിലൊരു കടലാസുപൊതി. അതെടുത്തഴിച്ചു നോക്കി. അവന്‍ വിളിച്ചു പറഞ്ഞു : "അമ്മേ, അമ്മ പറഞ്ഞതു നേരാ. ദൈവം ഉടുപ്പും തന്നു. നിക്കറും തന്നു."

     ഒരുതരത്തില്‍ എഴുന്നേറ്റ് അമ്മ ഈ അത്ഭുതം കാണാന്‍ വാതില്‍ക്കല്‍ വന്നു പുറത്തേക്കുനോക്കി.

     "ദേ കണ്ടോ അമ്മേ, നല്ല ഒന്നാന്തരമാ. ഞാന്‍ കണ്ണാടീലൊന്നു നോക്കട്ടെ. ഈ ഷര്‍ട്ടിനു ബട്ടണ്‍സില്ല. ആദ്യം കിട്ടുന്ന അരയണയ്ക്കു ഞാന്‍ രണ്ട് ബട്ടണ്‍സു മേടിക്കും."

     അമ്മ പറഞ്ഞു : "എന്‍റെ മക്കളേ, എനിക്കിതു കണ്ടിട്ടു പേടിയാകുന്നു."

     "ഉടുപ്പും നിക്കറുമിട്ട് എന്നെക്കണ്ടാല്‍ പോലീസുകാരനാണെന്നു തോന്നും, അല്ലേ? അമ്മ പേടിക്കേണ്ട."

     "നിനക്കതു ചേരുകേല്ല. അങ്ങോട്ടൂര്." - എന്ന്‍ അവള്‍ പറഞ്ഞു.

     "ആരാ പറഞ്ഞെ എനിക്ക് പാകമല്ലെന്ന്‍? എന്‍റെ അളവിന് തയ്പ്പിച്ചതുപോലെയാ. അമ്മയൊന്നു തൊട്ടുനോയ്ക്കേ. മിനുമിനാന്നല്ലേ ഇരിക്കുന്നേ!"

     "മിനുമിനാന്ന്‍! അത്ര മിനുമിനുക്കുകേം മറ്റും വേണ്ട. എനിക്കതൊട്ടു തൊടുകേം വേണ്ട." - അമ്മയുടെ ശബ്ദത്തില്‍ ശോകവും പരിഭവവും സ്ഫുരിച്ചു.

     "ഇതെവിടുന്നു കിട്ടിയെടാ?നീയതിട്ടോണ്ടു നില്‍ക്കാതെ.വല്ലോരും വന്നു പിടിച്ചോണ്ടുപോയാല്‍..."

     "അതു പേടിക്കേണ്ട. അമ്മേയിട്ടേച്ച്, ദൈവം തമ്പുരാന്‍ വിളിച്ചാലും ഞാന്‍ പോകുകേല്ല."

     "പോകണ്ട. ഇതാരു തന്നെന്നു പറ."

     "ദൈവം തന്നതാ. ഈ വള്ളത്തേല്‍ വെച്ചിരുന്നു. ആ കെടക്കണ കടലാസ്സില്‍ പൊതിഞ്ഞു വെച്ചിരുന്നു. പിന്നെയെന്തിനാ പേടിക്കുന്നെ?"

     "വള്ളത്തേല്‍ ദൈവം കൊണ്ടുവച്ചിരുന്നോ! അതു ദൈവമല്ല. പിശാചാ. എന്‍റെ കുഞ്ഞിനിത് വേണ്ട."

     "പിശാചോ? അമ്മ കണ്ടോ? ഇന്നലെ അമ്മ പറഞ്ഞില്ലേ- ദൈവം തരുമെന്ന്."

     "ഞാന്‍ പറഞ്ഞതിങ്ങനെ തരുമെന്നല്ല. ദൈവം ഉടുപ്പും മുണ്ടും പൊതികെട്ടി ഓരോരുത്തര്‍ക്കു കൊടുക്കാന്‍ നടക്കുകാണോ?നീയത് ഊറി ആ കടലാസില്‍ പൊതിഞ്ഞ് ഇരുന്നേടത്തു വെച്ചേരെ."

     "അതെന്തിനാ അമ്മേ? വള്ളത്തേലെന്തിനാ വയ്ക്കുന്നെ? ഈ പെരയ്ക്കകത്തു വെച്ചേക്കാം. വഴീലിരുന്നു കിട്ടിയാലും അമ്മ സമ്മതിക്കുകേല്ല." - അവന്‍റെ മുഖം വാടി.

     അമ്മ പറഞ്ഞു : "ഞാന്‍ സമ്മതിക്കുകേല്ല. നിനക്കാ ഉടുപ്പു വല്യ കാര്യമായിരിക്കും. എനിക്കതിനേക്കാള്‍ വലുത് നീയാ. നെനക്കു കണ്ണാടീല്‍ നോക്കി വേണ്ടേ അതിന്‍റെ ഭംഗി കാണാന്‍? എനിക്കത് വേണ്ട. നിനക്കതു ചെരുകേല്ല. വള്ളത്തേല്‍ കേറിയ ഏതോ വഴിക്കാരന്‍ വെച്ചുമറന്നതാ. അവരു വന്ന് എടുത്തോണ്ട് പൊയ്ക്കോളും. ആ വള്ളമല്ലേടാ നിന്‍റെ ചോറ്? നിന്‍റെ ദൈവം അതാ. നിന്‍റെ വള്ളത്തേല്‍ വച്ച സാധനം നഷ്ടപ്പെട്ടെന്നാരെങ്കിലും പറഞ്ഞാല്‍ നിന്‍റെ ഊണു മുട്ടി." - അവരുടെ ശബ്ദം ഇടറി.

     കുട്ടപ്പന്‍റെ നോട്ടം തറയിലേക്കായി. അവന്‍ ഉടുപ്പും നിക്കറും ഊരി പൊതിഞ്ഞു വള്ളത്തില്‍ കൊണ്ടുവച്ചു. ഒന്നും മിണ്ടാതെ വള്ളത്തില്‍ കേറി തുഴഞ്ഞു കടവിലേക്കു പോയി. അവന്‍റെ നോട്ടം ആ പൊതിക്കെട്ടിലായിരുന്നു. വള്ളത്തില്‍ കയറിയവരാരും അതില്‍ ശ്രദ്ധിച്ചില്ലതാനും.


     വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞു : "എനിക്കു വയ്യ ഈ പിശാചിന്‍റെ ഉടുപ്പും കൊണ്ടു നടക്കാന്‍. ഞാനതെടുത്ത് ആറ്റില്‍ കളയും."

     അമ്മ മിണ്ടിയില്ല. ഉടുക്കാന്‍ മുണ്ടില്ലാത്ത കുട്ടി ഉടമസ്ഥനില്ലാത്ത ഉടുപ്പും നിക്കറും കൊണ്ടങ്ങനെ നടക്കുക!

     അമ്മ തീരുമാനിച്ചുകഴിഞ്ഞു ഇനി അതിന് ഇളക്കമില്ല എന്നു മനസ്സിലാക്കിയ മകന്‍, പിന്നെ അക്കാര്യം മിണ്ടിയില്ല.

     അടുത്ത ദിവസം വള്ളക്കടവില്‍വെച്ചു കുട്ടപ്പന്‍റെ ഒരു കൂട്ടുകാരന്‍ ഈ പൊതി കണ്ടു.

     "എന്താ കുട്ടപ്പാ പൊതീല്? ഉച്ചയ്ക്കു തിന്നാന്‍ അമ്മ തന്നയച്ചതാണോ? കഞ്ഞി കുടിക്കാനും കടവീന്നു പോകാതിരിക്കാന്‍? ഇപ്പോള്‍ സമ്പാദ്യം കുറെ കാണുമല്ലോ ഇക്കണക്കില്‍ നിനക്ക്."

     "പോടാ കളിയാക്കാതെ. ആരാണ്ടു മറന്നുവെച്ച ഒരുടുപ്പാ അത്."

     "അമ്പടാ കള്ളം പറയുന്നോ?"

     "നേരാടാ."

     "എന്നിട്ടു നീയെടുത്തു വീട്ടില്‍ കൊണ്ടു പോകാത്തതെന്താ?"

     "എന്‍റെയല്ലാഞ്ഞിട്ട്. അതിന്‍റെ ഒടേക്കാരന്‍ വന്നു കൊണ്ടു പൊയ്ക്കോളും."

     "അയാള്‍ക്കറിയാവോ ഈ വള്ളത്തേല്‍ വെച്ചെന്ന്? നീയെടുത്തിട്ടോടാ."

     "എന്നിട്ടു വീട്ടിലേക്കു ചെന്നാല്‍ അമ്മയെന്നെ ചൂലെടുത്തു തല്ലും."

     "എന്നാലിങ്ങു തന്നേരെ. നെനക്കു വേണേല്‍ നാലണ തരാം."

     "ഞാനെങ്ങും തരുകേല്ല. അമ്മയറിഞ്ഞാല്‍ എന്നെ കൊല്ലും."

     "അമ്മയെങ്ങനെയറിയും? ഒടേക്കാരന്‍ വന്നു കൊണ്ടു പോയെന്നു പറഞ്ഞേക്കണം. നീയൊരു മണ്ടനാ."

     "മണ്ടനായിക്കോട്ടെ. അമ്മയോടു ഞാന്‍ നൊണ പറഞ്ഞാല്‍ പിന്നെ ആരാ നേരു പറയാന്‍!"

     "ഓ! ഒരു നേരുകാരന്‍! നീയൊക്കെ വള്ളോം കൊണ്ടു കടവില്‍ വരാന്‍ തൊടങ്ങിയപ്പോള്‍ വള്ളക്കാരുടെ വായില്‍ മണ്ണായി.ഒരാണ്ടിനകം ഇവിടെ പാലം വരും പോലും."

     "ഇവിടെ പാലം പണി തുടങ്ങുമ്പം ഞാനൊരു വീടിക്കട തൊടങ്ങും." - എന്നു കുട്ടപ്പന്‍ പറഞ്ഞു.  - "ഒരുപാടു പണിക്കാരുണ്ടാകും. നല്ല പിരിവുണ്ടാകും."

     കൂട്ടുകാരന്‍ പറഞ്ഞു : "ഞാനും കൂടാം. ഞാനതൊന്നഴിച്ചു നോക്കട്ടെ."

     "വേണ്ട."

     "അതിലുടുപ്പും മറ്റുമല്ല കുട്ടപ്പാ. വല്ല പച്ചമുളകോ വെറ്റയോ ആയിരിക്കും. രണ്ടുമൂന്നു ദിവസമായില്ലേ? ഒക്കെ കരിഞ്ഞുകാണും. അഴിച്ചു നോക്കാവെടാ. അല്ലേല്‍ എടുത്തു വെള്ളത്തില്‍ കള."

     "വെള്ളത്തിലിട്ടാല്‍ നിനക്കെടുക്കാമല്ലോ, അല്ലേ? നല്ല ബുദ്ധി! നീ നിന്‍റെ പാടുനോക്ക്" - എന്നു പറഞ്ഞു കുട്ടപ്പന്‍ അക്കരയ്ക്കു വള്ളം വിട്ടു.


     കുറേനേരം ഒരു പ്രയോജനവുമില്ലാതെ അവിടവിടെ തുഴഞ്ഞുനടന്ന അവന്‍റെ വള്ളത്തില്‍ വന്നുകേറിയ ഒരുവന്‍ ആ പൊതി കണ്ടു; നോക്കി; ശ്രദ്ധിച്ചു.

     അയാള്‍ ചോദിച്ചു : "എന്താ ഈ കെട്ടില്?"

     "അതിലെന്താണെന്നു പറയുന്നോര്‍ക്കു കൊടുക്കാന്‍ രണ്ടു ദിവസമായി ഞാന്‍ അതുംകൊണ്ടു നടക്കുകാ."

     "ഇതുവരെ ആരും പറഞ്ഞില്ലേ?"

     "ആരും പറഞ്ഞില്ല. അതിന്‍റെ ഒടേക്കാരന്‍ വരുമ്പം പറയും."

     "നീ അഴിച്ചു നോക്കിയോ?"

     "ഞാന്‍ നോക്കി. എന്‍റെ വള്ളത്തേലൊരു സാധനം കണ്ടാലെന്താണെന്നു നോക്കണ്ടേ?"

     "ഉടമസ്ഥന്‍ വന്നില്ലെങ്കിലോ? അയാള്‍ക്കറിയാമോ ഇവിടെയിരിക്കുന്നെന്ന്‍?"

     "വന്നില്ലെങ്കില്‍ അത് വള്ളത്തേലിരിക്കും. രാത്രി വള്ളത്തേന്നു വല്ലോരും തട്ടിക്കൊണ്ടു പോകുവോന്നാ എന്‍റെ പേടി. വീട്ടിലെടുത്തുവയ്ക്കാന്‍ അമ്മ സമ്മതിക്കുകേല്ല. അതു പിശാചു കൊണ്ടുവെച്ചതാന്നാ അമ്മ പറയുന്നത്."

     "പിശാചോ! ഞാന്‍ പിശാചാണോ? എന്‍റെയാ ഇത്."

     "എന്നാല്‍ നിങ്ങളെടുത്തോ. അതിലെന്താണെന്നു പറഞ്ഞേച്ചെടുത്തോളൂ."

     "അതിലൊരുടുപ്പും നിക്കറും. അതു പോയെന്നു വിചാരിച്ചു ഞാന്‍ വേറെ തയ്പ്പിച്ചുകൊടുത്തു എന്‍റെ മകന്."

     "എന്നാലെടുത്തോളൂ."

     "നീ അഴിച്ചുനോക്കിയിട്ടു നിനക്കു വേണമെന്നു തോന്നിയില്ലേ?" - എന്നു യാത്രക്കാരന്‍ ചോദിച്ചു.

     "എനിക്കെന്തിനാ വല്ലോരടേം?" - അല്‍പ്പം കഴിഞ്ഞ് അവന്‍ തുടര്‍ന്നു : "അമ്മയെന്നെ കൊന്നുകളയും. ഞാന്‍ ചത്താല്‍ അമ്മയ്ക്കു പിന്നെയാരും ഇല്ല താനും."

     "എവിടെയാ നിന്‍റെ വീട്?"

     "കുറച്ചു കരോട്ടാ. ആറ്റരികിലാ. ഇവിടന്ന്‍ ഒറക്കെ കൂവിയാല്‍ വീട്ടില്‍ കേള്‍ക്കാം."

     "അച്ഛനും ചേട്ടനും ആരുമില്ലേ?"

     "എനിക്കമ്മ മാത്രേയുള്ളു. പിന്നെ ഈ വള്ളോം. അച്ഛന്‍ ആളുകളെ ഇറക്കിക്കൊണ്ടിരുന്ന വള്ളാ ഇത്."

     "വള്ളം കരോട്ടേക്കു വിട്. എനിക്കങ്ങോട്ടാണു പോകേണ്ടത്."

     കുട്ടപ്പന്‍ തുടര്‍ന്നു : "ഇപ്പം നൂറു വള്ളക്കാരാ കടത്തുകടവില്‍. എന്നാ കിട്ടാനാണെന്നേ. ഇനി ഇതും നില്‍ക്കും. ഇവിടെ പാലം വരുകാ. പാലം വന്നോട്ടെ. അപ്പോള്‍ ഞാനൊരു കച്ചോടം തുടങ്ങും. വീടിക്കട."

     "നിനക്കു വേണമെങ്കില്‍ ഞാനൊരു ജോലി തരാം."

     "എനിക്കു വരാനൊക്കത്തില്ലല്ലോ. ഞാന്‍ പോന്നാല്‍ എന്‍റെ അമ്മയ്ക്കാരാ ഒരു തുണ? ഞാന്‍ വരുകേല്ല."

     അവന്‍റെ വീടിന്‍റെ മുമ്പില്‍ വള്ളം എത്തിയപ്പോളവന്‍ പറഞ്ഞു : "ദേ, ഇതാ എന്‍റെ വീട്."

     "എന്നാലങ്ങോട്ടടുപ്പിച്ചേരെ."

     "നന്നായി. എനിക്ക് അമ്മേ ഒന്നു കാണുകേം ചെയ്യാം."

     വള്ളം കരയ്ക്കടുത്തപ്പോള്‍ യാത്രക്കാരന്‍ കടലാസുപൊതി എടുത്തുകൊണ്ടു കരയ്ക്കിറങ്ങി.

     "ഇന്നാ, ഇതൊന്നിട്ടു നോക്ക്, നിനക്കു പാകമാണോന്ന്‍."

     "എനിക്കു മേല."

     "നീയെടുത്തോ. നിനക്കു ഞാന്‍ തന്നിരിക്കുന്നു."

     "ഇവിടം വരെ നിങ്ങളെ കൊണ്ടുവന്നതിനോ? എന്നെ കളിയാക്കണ്ട. രണ്ടണ തന്നേക്കൂ. അതുമതി."

     "കളിയാക്കുകയല്ല. വള്ളക്കൂലിയുമല്ല. അതു വേറെ തരാം.  നിന്‍റെ നേരിനുള്ള സമ്മാനമാണിത്."

     ഈ സംഭാഷണം കേട്ടു പുറത്തുവന്ന അമ്മയോട് അവന്‍ ചോദിച്ചു : "അമ്മ കേട്ടോ, ഇതെനിക്കാണെന്ന്. പിശാചിന്‍റെ ഈ ഉടുപ്പിട്ടോണ്ടു നടന്നാല്‍ എന്നെ കൂട്ടുകാരു കളിയാക്കുവോ അമ്മേ?"

     അമ്മ പറഞ്ഞു : "ഇപ്പോളതു ദൈവത്തിന്‍റെയാ മക്കളേ, മേടിച്ചോളൂ."


(നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച, കാരൂര്‍ നീലകണ്‌ഠപ്പിള്ള രചിച്ച കഥകളുടെ സമാഹാരമായ 'തെരഞ്ഞെടുത്ത കഥകള്‍ - ഭാഗം 1'-ല്‍ നിന്നുമാണ് ഈ കഥ എടുത്തിരിക്കുന്നത്.)                                                           

image Arthur Egeli (Painting: A Boy and His Sailboat)

Monday, September 21, 2020

ജീവകാരുണ്യപഞ്ചകം






- ശ്രീനാരായണഗുരു   


1

എല്ലാവരുമാത്മസഹോദരരെ-

ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം?

കൊല്ലുന്നതുമെങ്ങനെ ജീവികളെ-

ത്തെല്ലും കൃപയറ്റു ഭുജിക്കയതും?


കൊല്ലാവ്രതമുത്തമമാമതിലും

തിന്നാവ്രതമെത്രയുമുത്തമമാം

എല്ലാ മതസാരവുമോര്‍ക്കിലിതെ-

ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ?


3

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-

മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?

ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-

ത്തല്ലേ മരുവേണ്ടതു സൂരികളേ?


4

കൊല്ലുന്നവനില്ലഭുജിപ്പതിനാ-

ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,

കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം

കൊല്ലുന്നതിന്‍ നിന്നുമുരത്തൊരഘം.


5

കൊല്ലായ്കിലവന്‍ ഗുണമുള്ള പുമാ-

നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍

കൊല്ലുന്നവനില്ല ശരണ്യത മ-

റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

  

(ഗുരുദേവന്‍ ചെറായിയില്‍ വച്ച് ഒരു ഭക്തന് എഴുതിക്കൊടുത്ത ഒരു പ്രബോധനകൃതിയാണ്  'ജീവകാരുണ്യപഞ്ചകം'.

ശ്രീനാരായണഗുരുദേവന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ എന്ന പുസ്തകത്തില്‍, ഈ രചനയ്ക്കൊപ്പം ഇതുകൂടെ ചേര്‍ത്തിരിക്കുന്നു -  'സഹജീവികളോട് ഭൂതദയയില്ലാത്തവന് എങ്ങനെ ധര്‍മ്മത്തെക്കുറിച്ച് ചിന്തിക്കാനാവും? ഒരു ജീവിയെയും വധിക്കാന്‍ നമുക്കവകാശമില്ല. കൊല്ലുകയില്ല എന്നതുപോലെ തിന്നുകയില്ല എന്നതും ഉത്തമമാണ്. കൊല്ലുന്നവന്‍ മൃഗതുല്യനാണെന്നു ഗുരു ഓര്‍മ്മിപ്പിക്കുന്നു.')

Wednesday, September 16, 2020

വള്ളിയമ്മ

- ജി കുമാരപിള്ള 

വെള്ളയില്‍ സാക്ഷാല്‍ കറുപ്പിന്‍റെ കൈവിരല്‍
പുള്ളികുത്തുന്നൊരീസംക്രമസന്ധ്യയില്‍
ഉള്ളില്‍ തിളങ്ങും പുരാവൃത്തശോഭയായ്
വള്ളിയമ്മേ, നിന്നെയോര്‍ക്കുകയാണു ഞാന്‍.

താലിഭാഗ്യത്തിനായ് പെണ്ണായ പെണ്ണൊക്കെ
മോഹിച്ചിടും നറുംപ്രായത്തിലല്ലി നീ
കൂലിക്കു പേശാത്തൊരുച്ചക്കിറുക്കനാം
കൂലിവക്കീലിന്‍റെ വാക്കില്‍ ഭ്രമിക്കയാല്‍
മാനവസ്വപ്നം വിടര്‍ത്താനനുഷ്ഠിച്ചി-
താദിമമാകുമാ രക്തസന്തര്‍പ്പണം!

കൂടെപ്പിറപ്പിന്‍റെ സൂക്ഷിപ്പുകാരനോ
ഞാനെന്നു ക്രുദ്ധിച്ച കായന്‍റെ കിങ്കരര്‍
കാരാലയത്തില്‍ വിഷജ്ജ്വരജ്ജ്വാലയില്‍
പാതിയും വെന്ത വിസ്സര്‍ജ്ജ്യമായ് തള്ളവേ
കാലന്‍റെ കൈയിലെക്കൊക്കിറുക്കിക്കായി
നീളും കഴുത്തു കുനിച്ചവളല്ലി നീ!

റാണിയായ് വന്നുപിറന്നില്ല ജാന്‍സിയില്‍;
ബായായ് വളര്‍ന്നില്ല ; ശബ്ദഭാഗ്യത്തിനാല്‍
ഭാരതാരാമത്തെ നിര്‍വൃതി കൊള്ളിച്ച
കോകിലവാണിയായ് പാറിയതില്ല നീ.
എന്നിട്ടുമിന്നു ഞാനെന്‍റെയീ വാക്കിനാല്‍
നിന്നെ പ്രതിഷ്ഠിപ്പിതത്യുന്നതങ്ങളില്‍.

നീയോ മുനുസ്വാമിതന്‍പിള്ള; ചാപിള്ള.
ആരേ മുനുസ്വാമി? പട്ടിണിച്ചീട്ടുമായ്
ആഴക്കടല്‍ കടന്നേതോ വിദൂരമാ-
മൂരില്‍നിന്നെത്തിയോന്‍; സായുവിന്‍ കാല്‍ക്കലെ
ലേലച്ചരക്കായ് മറിച്ചിടപ്പെട്ടവന്‍;
ഊമപ്പടമായ് തിരിച്ചിടപ്പെട്ടവന്‍;
നേരം പുലര്‍ന്നാല്‍ കരിമ്പിന്‍വനങ്ങളില്‍
രാവില്‍ കൃമിക്കുന്ന ചാളയില്‍ കുറ്റിയില്‍
എണ്ണത്തിനെണ്ണം കിഴിച്ചും പെരുക്കിയും
എന്നേക്കുമായിത്തളച്ചിടപ്പെട്ടവന്‍.

നീയോ മുനുസ്വാമിതന്‍പിള്ള; പൊന്‍പിള്ള;
ചാപിള്ളയില്‍ നിന്നുയിര്‍ക്കൊണ്ട പൊന്‍പിള്ള-
അന്ധകാരത്തിന്‍റെ ചേറ്റിലുഷസ്സിന്‍റെ
ചെന്താമരപ്പൂ വിടര്‍ന്നതുമാതിരി
കല്‍ക്കരിക്കൂനതന്നുള്ളില്‍ പൊടുന്നനെ
അഗ്നിസ്ഫുലിംഗം ജ്വലിക്കുന്ന മാതിരി
ക്ഷുദ്രം കരിക്കട്ടയേതോ മുഹൂര്‍ത്തത്തില്‍
വജ്രമായ് വെട്ടിത്തിളങ്ങുന്ന മാതിരി.

പാവിന്‍ വെളുപ്പില്‍ കറുപ്പിന്‍ കരുത്തുറ്റൊ-
രൂടു ചുറ്റുന്നൊരീ സംക്രമസന്ധ്യയില്‍ 
സപ്തവര്‍ണ്ണങ്ങളും പുള്ളികുത്തുന്നൊരു
പുത്തനാം കംബളം ആഫ്രിക്കയാകവേ
ഉള്ളില്‍ വിതുമ്പും വികാരവൈവശ്യമായ്
വള്ളിയമ്മേ, നിന്നെയോര്‍ക്കുകയാണു ഞാന്‍.

[ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സത്യാഗ്രഹത്തില്‍ രക്തസാക്ഷിയായിത്തീര്‍ന്ന വ്യക്തിയാണ് വള്ളിയമ്മ. ആര്‍. മുനുസ്വാമി മുതലിയാര്‍ എന്ന 16 വയസ്സുകാരി. അവരെക്കുറിച്ച് ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹം എന്ന പുസ്തകത്തിന്‍റെ നാല്‍പ്പതാം അദ്ധ്യായത്തില്‍ വായിക്കാം.]

(നെല്‍സന്‍ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് ആയി സ്ഥാനമേറ്റ ദിവസം അതായത് 1994 മെയ് മാസം 5ന് രചിക്കപ്പെട്ട ഈ കവിത,  പൂര്‍ണ്ണോദയ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ശതാബ്ദങ്ങളുടെ ശബ്ദം എന്ന കവിതാസമാഹാരത്തില്‍ നിന്നുമാണ് ഇത് എടുത്തിരിക്കുന്നത്.) 

Monday, September 7, 2020

മക്കള്‍ക്കായി ഉരുകിത്തീര്‍ന്ന മാതൃഹൃദയം


   വടക്കന്‍ കേരളത്തിലെ കുഗ്രാമത്തിലാണ് ഞാനവരെ കാണുന്നത്. നാട്ടിന്‍പുറത്തൊരു ഷൂട്ടിംഗ് നടക്കുമ്പോഴുണ്ടാകുന്ന ഉത്സവാന്തരീക്ഷം പറയേണ്ടല്ലോ. പഴയൊരു തറവാട്ടിലായിരുന്നു ഷൂട്ടിംഗ്. ആ വീട്ടിലെ തന്നെ വരാന്തയുടെ വശത്താണ് മേക്കപ്പ് ചെയ്യാനുള്ള സ്ഥലമൊരുക്കിയിരുന്നത്. ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത അവിടെ ചുറ്റുമായി ധാരാളം പേര്‍ നേരത്തേവന്നു സ്ഥാനം പിടിച്ചിരുന്നു.

   നാട്ടിന്‍പുറത്താകുമ്പോള്‍ അവരെ പിടിച്ചു പുറത്താക്കലൊന്നും നടക്കില്ല. തിരക്കിനിടയില്‍ പലരും സിനിമയിലെ ഡയലോഗുകള്‍ പറയുന്നുണ്ട്. 'ഇക്കാ' എന്നും 'ചേട്ടാ' എന്നും 'അണ്ണാ' എന്നുമെല്ലാം വിളിക്കുന്നുണ്ട്. ഇതിനിടയില്‍ എന്‍റെ പിറകില്‍നിന്നു കേട്ടത് മുമ്പെങ്ങും കേള്‍ക്കാത്ത വിളിയായിരുന്നു.

   ചിരപരിചിതനായ ഒരാള്‍ വിളിക്കുന്ന രീതിയില്‍ 'മോനേ' എന്നാണ് അവരെന്നെ വിളിച്ചത്. തിരിഞ്ഞുനോക്കിയപ്പോള്‍ എഴുപതു വയസ്സോളം പ്രായമുള്ളൊരു സ്ത്രീ. കാണാന്‍ നല്ല ഐശ്വര്യം. മുടിയില്‍ നരയുടെ തിളങ്ങുന്ന ഭംഗി. മല്ലുമുണ്ടുടുത്ത്, മല്ലുകൊണ്ട് തന്നെയുള്ള, ജാക്കറ്റും മാറിലൊരു തോര്‍ത്തുമുണ്ടുമായി ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. പല്ലുകളില്‍ മുറുക്കാന്‍ കറയുണ്ട്. മെലിഞ്ഞ ദേഹപ്രകൃതം.

   ചോദിക്കുകപോലും ചെയ്യാതെ അടുത്തുവന്നുനിന്ന് മുഖത്തും തലയിലും തലോടിക്കൊണ്ട് അവര്‍ ചോദിച്ചു: "നീയെന്താ ഇത്ര വൈകീത്? ഞാന്‍ നിരീച്ചു രണ്ടൂസം മുമ്പ് വരൂന്ന്‍."

   "ഇത്തിരി വൈകിപ്പോയി." - അവരെ ഒഴിവാക്കാനായി ഞാന്‍ പറഞ്ഞു. മേക്കപ്പ് ചെയ്യുമ്പോള്‍ തൊടുന്നതും ശ്രദ്ധ തിരിക്കുന്നതും എന്നെ അസ്വസ്ഥനാക്കിയിരുന്നു.

   സെറ്റ് റെഡിയായി എന്നെ കാത്തുനില്‍പ്പാണ്. പക്ഷെ, അവര്‍ തുടരുകയാണ് : "പയ്യിനെ കെട്ടാന്‍ പോലും ആളില്ല. സരോജിനിയുടെ കുട്ടി സ്ക്കൂളില്‍ പോയി. ഞാന്‍ തന്നെ വേണം എല്ലാം നോക്കാന്‍. വയ്യാണ്ടായി..."                                  

   അവരുടെ വീട്ടിലെ എല്ലാവരെയും എനിക്ക് പരിചയമുണ്ടെന്നപോലെയാണ് സംസാരം. എന്തുകൊണ്ടോ ഞാന്‍ അവര്‍ക്കൊരു കസേര വരുത്തിക്കൊടുത്തു.

      "അടുത്ത മാസാണ് അച്ഛന്‍റെ ശ്രാദ്ധം. എല്ലാവരും വര്വോന്ന്‍ അറിയില്ല. വിലാസിനി ഒന്‍പതും തികഞ്ഞിരിക്യാണ്. പണ്ടത്തെപ്പോലെ വയ്യെങ്കിലും എന്തെങ്കിലും കൊടുക്കണ്ടെ. നിയ്യ് വന്നിട്ട് തീരുമാനിക്കാന്നു വിചാരിച്ചു. നീയ്യെന്താ പറേണത്."

   ഇടയ്ക്ക് ഷോട്ടിനായി പോയി മടങ്ങിയത്തുമ്പോഴും അവര്‍ അവിടെത്തന്നെയുണ്ട്. കണ്ടതും വീണ്ടും സംസാരം തുടങ്ങി.

   "രാജന്‍റെ കത്ത് വരാറില്യ. ബാംഗ്ലൂരില്‍ സുഖാണ്ന്ന്‍ കണ്ടുവന്നോര് പറഞ്ഞു. അത് തന്ന്യാണല്ലോ വേണ്ടത്. അവനോന്‍റെ തെരക്ക് കഴിഞ്ഞിട്ട് ഒന്നിനും സമയമുണ്ടാവില്യ. പാവം കുട്ടി, വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവും."

   അവര്‍ പറയുന്നത് കഴിഞ്ഞ ഒരാഴ്ചത്തെ വിശേഷങ്ങള്‍ മാത്രമാണ്. അതിനുമുന്‍പുള്ള കാര്യങ്ങളെല്ലാം എനിക്കറിയാം എന്നവര്‍ വിശ്വസിക്കുന്നു. അവരെ ഞാന്‍ അറിയാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു. രണ്ടാം ദിവസം വന്നപ്പോള്‍ കയ്യിലൊരു സ്റ്റീല്‍ മൊന്തയുണ്ടായിരുന്നു. മടിയില്‍നിന്നൊരു ഗ്ലാസ്സെടുത്ത് അതില്‍ മൊന്തയിലെ പാലൊഴിച്ച് എനിക്കുനീട്ടി.

   "മ്മടെ പയ്യിന്‍റെ പാലാണ്. കുടിച്ച്വോക്ക്."

   പാലുകുടി പണ്ടേ തൃപ്തിയില്ലാത്ത ഞാന്‍ ആ പാല് കുടിക്കേണ്ടിവന്നു. തുടര്‍ച്ചയായ സംസാരത്തില്‍നിന്ന് എനിക്ക് അവരുടെ വീടിന്‍റെയൊരു ചിത്രം കിട്ടി. മൂത്തമകന്‍ ബാംഗ്ലൂരിലാണ്. ഇളയവന്‍ പട്ടാളത്തിലും. മൂത്ത പെണ്‍കുട്ടിയാണ് പ്രസവിക്കാനായി നില്‍ക്കുന്നത്. ഇളയ പെണ്‍കുട്ടിയെ അടുത്തെവിടെയോ കല്യാണം കഴിച്ചുകൊടുത്തിരിക്കുന്നു. ആ മകളുടെ മകളാണ് ഇടയ്ക്ക് കൂട്ടിന് കിടക്കുന്നത്. മിക്കപ്പോഴും തനിച്ചുതന്നെ.

   ഇതില്‍ ഏതോ ഒരു മകന്‍റെ ഓര്‍മ്മയിലാണ് ഞാനുള്ളത്. പട്ടാളക്കാരനായ മകനായിട്ടാണ് എന്നെ കരുതിയതെന്നു തോന്നുന്നു. ആ സിനിമയില്‍ എന്‍റെ വേഷം പോലീസ് ഓഫീസറുടേതായിരുന്നു.

   ഷൂട്ടിംഗിനിടയില്‍ ഒരു കഥാപാത്രം എന്നെ മുഖത്തടിക്കുന്ന സീനുണ്ടായിരുന്നു. ക്ലോസപ്പ് എടുക്കാനായി അടിച്ചയുടനെ ഞാന്‍ മുഖം തിരിച്ചതും നേരെ നോക്കിയത് ആ സ്ത്രീയുടെ മുഖത്തേക്കാണ്. എനിക്ക് ശരിക്കും അടികിട്ടിയെന്ന ധാരണയില്‍ അവര്‍ പകച്ചുനില്‍പ്പാണ്. കണ്ണുകള്‍ പതുക്കെ നിറയുന്നു. അടുത്തെത്തിയപ്പോള്‍ ചോദിച്ചു: "എന്തൊരു ജോല്യാടാ ഇത്. കുട്ടിക്ക് വല്ലാതെ വേദനിച്ച്വോ?"

   പിന്നീടവര്‍ കൂടുതല്‍ നേരം നിന്നില്ല. അടുത്ത ദിവസം വന്നയുടനെ മടിയിലെ പൊതിയെടുത്ത് എന്‍റെ കയ്യില്‍ വച്ചുതന്നു. നിറയെ ചുട്ടുതള്ളിയ കശുവണ്ടി. എനിക്ക് കശുവണ്ടി ഇഷ്ടമാണ്. അതുമുഴുവന്‍ ഞാന്‍ പോക്കറ്റിലിട്ട്പതുക്കെ കൊറിച്ചുകൊണ്ടിരുന്നു.

   കശുവണ്ടി വായിലിടുന്നതു കാണുമ്പോള്‍ അവര്‍ കൌതുകത്തോടെ എന്നെ നോക്കി ചിരിച്ചു. കഴിക്കുന്നത്‌ ഞാനാണെങ്കിലും സ്വാദ് അനുഭവിക്കുന്നത് അവരായിരുന്നുവെന്ന് മുഖം കണ്ടാലറിയാം.

   പിറ്റേ ദിവസം ഷൂട്ടിംഗ് പെട്ടെന്ന്‍ മാറ്റേണ്ടിവന്നു. രാത്രി ഞാന്‍ മടങ്ങുകയും ചെയ്തു. പോകുമ്പോള്‍ യാത്രപറയണമെന്നും അവരുടെ കൈകളില്‍ എന്തെങ്കിലും വച്ചുകൊടുക്കണമെന്നും വിചാരിച്ചിരുന്നെങ്കിലും നടന്നില്ല.


   നാലഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും അതേ സിനിമയുടെ രണ്ടാം ഭാഗം ഷൂട്ട്‌ ചെയ്യാന്‍ അവിടെയെത്തി. 

പേരുപോലുമറിയാത്ത ആ മുഖം ഞാന്‍ പരതി. 

'മോനേ' എന്ന വിളിയ്ക്ക് കാതോര്‍ത്തു.

ഫലമുണ്ടായില്ല.


   തിരക്കിനിടയില്‍ ഞാന്‍ കൊച്ചിയില്‍ വന്ന് മക്കളെ കണ്ടുപോകാറുണ്ട്. പക്ഷെ, ചെമ്പില്‍ പോയി ഉമ്മയെയും ബാപ്പയെയും കാണാറില്ല. ഒരിക്കല്‍ ബാപ്പ ചോദിച്ചു: "നീയെന്താ കൊച്ചിയില്‍ വന്നുപോകുമ്പോ ഇവിടെ വരാത്തത്?"

   "കുട്ടികളെ കാണാനുള്ള തിടുക്കംകൊണ്ട് വന്നതാണ്‌. സമയമുണ്ടായിട്ടല്ല."

   "അതുപോലെ മകനെക്കാണാന്‍ തിടുക്കമുള്ളൊരുമ്മയും ബാപ്പയുമാണല്ലോ ചെമ്പിലുമുള്ളത്."

   അതുകേട്ടതും സത്യത്തില്‍ ഞാന്‍ ഉരുകിപ്പോയി. നെഞ്ചിലെവിടെയോ ഒരു വെടിപൊട്ടിയതുപോലെ. എനിക്ക് ഓര്‍മ്മ വന്നത് ഷൂട്ടിംഗിനിടയില്‍ കണ്ട ആ 'അമ്മ'യെയാണ്. അവര്‍ക്ക് നാല് മക്കളുണ്ടായിട്ടും അവര്‍ അനാഥയായിരുന്നു. എന്‍റെ അമ്മയും നെഞ്ചുരുകി എന്നെ കാത്തിരിക്കുന്നുണ്ടാകില്ലേ?. അതിനുശേഷം ഞാന്‍ കൊച്ചിയില്‍ പോകുന്നുണ്ടെങ്കില്‍ ബാപ്പയെയും ഉമ്മയെയും കണ്ടേ മടങ്ങാറുള്ളു. പറ്റിയില്ലെങ്കില്‍ വിളിച്ചു സമ്മതം വാങ്ങും.


   നമ്മള്‍, കുട്ടികള്‍ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും നല്ല സൌകര്യങ്ങളുള്ള വൃദ്ധസദനങ്ങളൊരുക്കുന്ന തിരക്കിലാണ്. അതൊരു തെറ്റാണെന്ന് നാം കരുതുന്നതേയില്ല. 

   വീട്ടില്‍നിന്ന് പറിച്ചുനടുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് വീടല്ല, മറിച്ച് മക്കളുടെ സ്നേഹമാണെന്ന കാര്യം നാം മറന്നുപോകുന്നു.

   ഏതു വൃദ്ധസദനത്തിലാണ് മക്കളുടെ സ്നേഹം ഓഫര്‍ ചെയ്യാനാകുക! എത്ര കഷ്ടപ്പെടുത്തിയാലും അമ്മയുടെയും അച്ഛന്‍റെയും സ്നേഹത്തിന്‍റെ ഉറവ ബാക്കിനില്‍ക്കുകയും ചെയ്യുന്നു.

   വൃദ്ധസദനങ്ങളന്വേഷിക്കുന്നവരും തിരക്കില്‍ തിരിഞ്ഞുനോക്കാന്‍ മറക്കുന്നവരും ഓര്‍ക്കണം, നമുക്കായും എവിടെയെല്ലാമോ വൃദ്ധസദനങ്ങളൊരുങ്ങുന്നുണ്ടെന്ന്. ഏതോ വീട്ടില്‍ നമ്മളെയും കാലം ഒറ്റപ്പെടുത്തുമെന്ന്. അതില്ലാതിരിക്കാന്‍ ഇടയ്ക്കെങ്കിലും നമുക്ക് തിരക്കുകള്‍ മറന്ന് മക്കളാകാം.


[കറന്‍റ് ബുക്ക്സ് പ്രസിദ്ധീകരിച്ച, ശ്രീ.മമ്മൂട്ടിയുടെ ഓര്‍മ്മക്കുറിപ്പുകളായ 'കാഴ്ചപ്പാട്' എന്ന പുസ്തകത്തില്‍നിന്നും എടുത്തതാണ് ഇത്. 2002 നവംബര്‍ 8നാണ് ഈ ഓര്‍മ്മക്കുറിപ്പ്‌ എഴുതപ്പെടുന്നത്.]

[ഈ പുസ്തകം വായിച്ചതിനുശേഷം, ഈ ലേഖനത്തെ ഞാനൊരു കവിതയാക്കി മാറ്റിയിരുന്നു, 'ഉരുകുന്ന മാതൃഹൃദയം' എന്ന പേരില്‍]