Thursday, February 6, 2020

ഒരു പെണ്‍കിടാവിന്‍റെ സംശയം

- ലളിതാംബിക അന്തര്‍ജ്ജനം  


ഫോണില്‍ മണിയടിച്ചു.
"കിണി.....കിണി....കിണികിണീ!"

അച്ഛന്‍ ആഫീസിലാണ്; അമ്മ ഉറങ്ങുന്നു; വേലക്കാരി അയല്‍വീട്ടില്‍; നേരം ഉച്ച മൂന്നുമണി. കുറെ നാളായി എന്നും കുട്ടി കാണുന്നതാണ്. ഈ സമയത്ത് ഫോണില്‍ മണിയടിക്കും. വല്യേട്ടന്‍ എടുക്കും. പതുക്കെ, വളരെ പതുക്കെ, സംസാരിക്കും. ചിരിക്കും. 
ആ സമയത്ത് വല്യേട്ടന്‍റെ മുഖഭാവമൊന്നു കാണണം. കവിളുകള്‍ ചുവന്ന്, കണ്ണുകള്‍ കൂമ്പി, ചുണ്ട് കൂര്‍പ്പിച്ചും വിടര്‍ന്നും കോടിയും - എന്തെല്ലാം ഭാവങ്ങളാണ് മാറിമാറി വരുന്നത്! പറയുന്നതിന്‍റെയോ കേള്‍ക്കുന്നതിന്‍റെയോ ഒരക്ഷരം പോലും മനസ്സിലാവുകയില്ല. അത്ര മെല്ലെയാണ്; ഇംഗ്ലീഷുമാണ്. എന്നാലും ഈ സമയത്ത് ഏട്ടനെ നോക്കിയിരിക്കാന്‍ ബഹുരസം തോന്നും. അന്ന് സ്ക്കൂളില്‍ വച്ച് ഒരു മിണ്ടാത്ത പടം കണ്ടപോലെ. 
ഇങ്ങനെ തന്നത്താന്‍ മറന്ന് വളരെനേരം ഇരിക്കും, ഫോണില്‍ ചുണ്ടടുപ്പിച്ചുകൊണ്ട് ഏട്ടനും ഏട്ടനെ നോക്കിക്കൊണ്ട് താനും. പിന്നെ അമ്മ എണീറ്റുവന്ന് കാപ്പി തിളപ്പിച്ച് വിളിക്കുമ്പോള്‍ പൂച്ച പാലുകുടിക്കുംപോലെ കണ്ണും ചിമ്മി ഒന്നുമറിയാതെ എണീറ്റു പോകും. 

ഒരു ദിവസം താന്‍ ചോദിച്ചു :
"എന്താ ചേട്ടാ! ഫോണിനകത്തെ പടം എന്നേക്കൂടി കാണിക്കുമോ?"

"പടമോ" - ഏട്ടന്‍ കണ്ണുരുട്ടി - "ആര് പറഞ്ഞു ഫോണിനകത്ത് പടമുണ്ടെന്ന്? ഞാന്‍ ഒരു കൂട്ടുകാരനോട്‌ സംസാരിക്കുകയാണ്."
ഇതുംപറഞ്ഞ് ചേട്ടന്‍ തന്‍റെ ചെവിക്ക് പിടിച്ച് തിരുമ്മി.
"വന്നിരിക്കുന്നു ഒരു സിഐഡി! ഇനി ഇതുചെന്ന് അച്ഛനോടോ അമ്മയോടോ പറഞ്ഞാലുണ്ട്. കുട്ടിയാണെന്ന് നിരീക്കില്ല. ചെവി ഞാന്‍ പൊന്നാക്കിക്കളയും!"

ചേട്ടന്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് കുട്ടിക്കറിയാം. ചെവി പൊന്നാവുന്നതില്‍ വിരോധമില്ല. പൊന്നിന് വലിയ വിലയാണെന്നാണല്ലോ അച്ഛന്‍ പറയുന്നത്. പക്ഷെ നോവും. നൊന്തുനൊന്ത് താനാകെ ചുവന്ന്‍ വിയര്‍ത്തുപോകും. അതുകൊണ്ട് അത് വേണ്ട. മാത്രമല്ല,
"മണിക്കുട്ടീ! ചേട്ടനെ ഭീരി പിടിപ്പിക്കല്ലേ! അവനിപ്പോള്‍ ജോലിയൊന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന കാലമാണ്. അതുമിതും പറഞ്ഞ് അവനെ ദേഷ്യപ്പെടുത്തല്ലേ!" - 
എന്ന് അമ്മ കൂടെക്കൂടെ പറയാറുമുണ്ടല്ലോ. 
ഏതായാലും മണിക്കുട്ടി ഈ കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാലും അവള്‍ ഒളിച്ചുനിന്ന് ചേട്ടന്‍റെ ഈ സിനിമാഭിനയം കാണും, ചിരിക്കും. എന്നിട്ട് അകത്തെ മുറിയിലേക്ക് വലിഞ്ഞു കളയും.

ഇന്ന് വല്യേട്ടന്‍ വീട്ടിലില്ല. രാവിലെ ഒരു കമ്പി വന്നതനുസരിച്ച് അത്യാവശ്യമായി എവിടെയോ പോയിരിക്കുന്നു. ഉദ്യോഗക്കാര്യമായിരിക്കുമെന്നാണ് അമ്മ പറഞ്ഞത്. അവര്‍ക്കെപ്പോഴും ഇതേ വിചാരമുള്ളല്ലോ. 
പാവം ഫോണ്‍! ആരെടുക്കും! അമ്മയോട് പറയാനും വയ്യ. അവള്‍ പതുങ്ങിപ്പതുങ്ങി അടുത്തുചെന്ന്‍ റിസീവര്‍ കയ്യിലെടുത്തു.
"ഹലോ.." - അപ്പുറത്ത് നിന്നും അതിമൃദുലമായ ശബ്ദം ഒഴുകിവരുന്നു.
മണിക്കുട്ടിയും പറഞ്ഞു :
"ഹലോ..."

അപ്പുറത്ത് അമ്പരപ്പോടെയുള്ള ചോദ്യം : "ആരാണ് സംസാരിക്കുന്നത്?"

മണിക്കുട്ടി പറഞ്ഞു : "ഞാന്‍! മണിക്കുട്ടി എന്ന്‍ വിളിക്കുന്ന എസ് ജയലക്ഷ്മി. കോണ്‍വെന്‍ടില്‍ പഠിക്കുന്നു."

മണിനാദം പോലെയുള്ള ചിരി ചെവിയില്‍ മുഴങ്ങി : 
"ഓ.. അപ്പോള്‍ മണിക്കുട്ടിയാണല്ലേ..? ഏട്ടന്‍റെ പുന്നാര അനിയത്തി... ശരി... ഞാന്‍ ഒരമ്മൂമ്മയാണ്. വല്യേട്ടനെവിടെപ്പോയി?"

"അതോ.." - മണിക്കുട്ടി പറഞ്ഞു - "ചേട്ടന് രാവിലെ ഒരു കമ്പി വന്നു. ഉദ്യോഗത്തിനായിരിക്കുമെന്നാണ് അമ്മ പറഞ്ഞത്.... അമ്മൂമ്മ, ആരുടെ അമ്മൂമ്മയാ? വല്യേട്ടന്‍റെയോ അതോ...!"

മറുഭാഗത്ത് നിന്നും ഇമ്പമുള്ള ചിരി വീണ്ടും തുളുമ്പി വന്നു... :
"ഹാ ഹ ഹ ഹാ... അല്ല.. മണിക്കുട്ടിയുടെ അമ്മൂമ്മ! മണിക്കുട്ടിക്കെന്നെ ഇഷ്ടമല്ലേ?" - അവള്‍ ചിരിച്ചു.

"രസം... ഹായ്!! മണിക്കുട്ടിയുടെ അമ്മൂമ്മയേയ് മരിച്ചുപോയല്ലോ! അതുകൊണ്ട് മണിക്കുട്ടിയോടാരും ഈയിടെ കഥ പറയാറുമില്ല. അമ്മയ്ക്ക് നേരമില്ല, അച്ഛന് നേരമില്ല, വല്യേട്ടനാണെങ്കില്‍ എപ്പഴും ദേഷ്യവുമാ... മണിക്കുട്ടീടമ്മൂമ്മയെന്താ കഥ പറയാത്തെ? ഫോണില്‍ കേറി ഒളിച്ചിരിക്കുന്നതെന്താ?"

"അതോ... അമ്മൂമ്മ ഒളിച്ചു കളിക്കുകയല്ലേ മോളേ?.."  - ഫോണിലെ സ്വരം ചിരിക്കിടയില്‍ മറുപടി പറഞ്ഞു-  "അമ്മൂമ്മയോട് മിണ്ടിയെന്ന്‍ മോളാരോടും പറയരുത്. വല്യേട്ടനോട്‌ പോലും പറയരുത്. എന്നാല്‍ അമ്മൂമ്മ നാളെ ഈ നേരത്ത് നല്ല കഥ പറഞ്ഞുതരാം."

"അതിന് വല്യേട്ടന്‍ നാളെ വരുമല്ലോ. പിന്നെ ഫോണിന്‍റെയടുക്കേന്ന്‍ മാറുകയുമില്ല. മണിക്കുട്ടിയെങ്ങാനും അടുത്തുവന്നാല്‍ ചെവി പിടിച്ച് പൊന്നാക്കിക്കളയും."

"ഹൊ...ഹൊ...ഹൊ..." 
എന്ന് പിന്നെയും ആര്‍ത്തുവിളിച്ച ചിരി...  
"അപ്പോള്‍ വല്യേട്ടനെ പിടിച്ചുമാറ്റി തലയ്ക്ക് ഒരു കിഴുക്കും കൊടുത്ത് മണിക്കുട്ടി സംസാരിക്കൂ. മണിക്കുട്ടി സംസാരിക്കുന്നതേ അമ്മൂമ്മ കേള്‍ക്കൂ. മണിക്കുട്ടിയോടേ അമ്മൂമ്മ സംസാരിക്കൂ. വല്യേട്ടന്‍ പോയി വല്ല ഉദ്യോഗവും ഭരിക്കട്ടെ."

മണിക്കുട്ടിയ്ക്ക് ആകപ്പാടെ സംശയമായി.
"സത്യമാണല്ലോ ഇത്? സത്യം! പിന്നെ വാക്കു മാറി മണിക്കുട്ടിയെ തല്ലുകൊള്ളിക്കരുത്."

ഫോണിലെ ശബ്ദം ഗൌരവപൂര്‍ണ്ണമായി:
"ഗുരുവായൂരപ്പനാണേ സത്യം! കൊടുങ്ങല്ലൂരമ്മയാണേ സത്യം! ഇനി മേലാല്‍ അമ്മൂമ്മ മണിക്കുട്ടിയോടു മാത്രം സംസാരിക്കാന്‍ പോകുന്നു; കഥ പറയാന്‍ പോകുന്നു. ഇത് സത്യം! ഓകെ! എന്നാല്‍ ഇനി ഫോണ്‍ വയ്ക്കാം. നാളെ മൂന്നുമണിക്ക്... നാളെ മൂന്നുമണിക്ക്... റ്റാറ്റാ..."

"റ്റാറ്റാ.."

ഫോണ്‍ താഴെ വയ്ക്കുന്ന കിരുകിര ശബ്ദം കേട്ടു. മണിക്കുട്ടി അത്യന്തം ആഹ്ലാദത്തോടെ നൃത്തം ചവിട്ടിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.
അമ്മ ചോദിച്ചു :
"ഈ പെണ്ണിന് എന്താ ഇന്ന് ഇത്ര നെഗളിപ്പ്? വല്യേട്ടനില്ലാത്തതുകൊണ്ട് പേടിക്കാനാളില്ല!"

വല്യേട്ടനേം ഞാനിനി പേടിക്കില്ല എന്ന് പറയാന്‍ വന്നതാണ് മണിക്കുട്ടി. പക്ഷെ, പറഞ്ഞില്ല. സംഗതി രഹസ്യമാണല്ലോ!

പിറ്റേന്ന് രാവിലെ വല്യേട്ടന്‍ വന്നു. വലിയ ഗമയിലാണ് വരവ്. പെട്ടിയെടുക്കണം. ഉടുപ്പുതേക്കണം. ബെഡ്ഡിങ്ങ് കെട്ടണം. അമ്മ അമ്പലത്തില്‍ വഴിപാട് കഴിച്ചു.
അച്ഛന്‍ പറഞ്ഞു : 
"അങ്ങനെ അവനും ഒരു വഴിയായല്ലോ! ശമ്പളം വലിയ തരക്കേടില്ല. ഉയരാനുള്ള ചാന്‍സുമുണ്ട്. പിന്നെ ഭാഗ്യമുണ്ടെങ്കില്‍...."

അന്നും പതിവുപോലെ കൃത്യം മൂന്നുമണിയ്ക്ക് ഫോണ്‍ ബെല്‍ ചിലച്ചു....
കിണി...കിണി...കിണി...

മണിക്കുട്ടി ഓടിച്ചെന്നപ്പോഴേക്കും ചേട്ടന്‍ അത് എടുത്തുകഴിഞ്ഞിരുന്നു.
"രാജകുമാരീ! പന്തലിന്‍റെ കാല്‍നാട്ടുകര്‍മ്മം നടത്തി. സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. ഇനി മാല കരുതിക്കോളൂ."

ഇതിന്‍റെ മറുപടി പൂര്‍ണ്ണമാവുംമുമ്പ് മണിക്കുട്ടി ചേട്ടനെ ഉന്തിമാറ്റിക്കൊണ്ടു പറഞ്ഞു:
"രാജകുമാരീടെ കഥ എന്നോടാണ് പറയുന്നത്. ഞാനും അമ്മൂമ്മേമാണ് കൂട്ടുകാര്‍. ചേട്ടനോട് മിണ്ടില്ല. അമ്മൂമ്മ പറഞ്ഞല്ലോ."

പതിവുപോലെ കണ്ണുരുട്ടുകയോ ചെവിക്കു പിടിക്കുകയോ ചെയ്യാതെ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ചേട്ടന്‍ ചോദിച്ചു : 
"അമ്മൂമ്മയോ? ആര് പറഞ്ഞു ഇത് അമ്മൂമ്മയാണെന്ന്?"

മണിക്കുട്ടി ചിരിച്ചില്ല. ഗൌരവത്തില്‍ പറഞ്ഞു : 
"ആര് പറഞ്ഞൂന്ന് ചോദിച്ചുനോക്കൂ.. അമ്മൂമ്മ തന്നെയാ ഇന്നലെ പറഞ്ഞത്. ഇനി ഏട്ടനോട് മിണ്ടില്ല. എന്നോടേ കഥ പറയൂന്ന് ഗുരുവായൂരപ്പനെക്കൊണ്ട് സത്യോം ചെയ്തു."

ചേട്ടന്‍ ചിരിച്ചുകൊണ്ടുതന്നെ ഫോണില്‍ സംസാരിച്ചു :
"എങ്കില്‍ അമ്മൂമ്മേ... ഈ വിനീതവിധേയന്‍ ഇതാ വിരമിക്കുന്നു. പറയാനുള്ളത് എഴുതിക്കൊള്ളാം. ഇനി നിങ്ങള്‍ അമ്മൂമ്മയും കുഞ്ഞുമോളുമായി സൊള്ളിക്കൊണ്ട് കുറച്ചുകാലം കഴിക്കുവിന്‍... അതുകഴിഞ്ഞാല്‍.. ഈ ഫോണ്‍ ഞാന്‍ തല്ലിയുടച്ചുകളയും.."

മറുപടി എന്താണുണ്ടായതെന്ന് മണിക്കുട്ടി കേട്ടില്ല. ചേട്ടന്‍ ചിരിച്ചുകൊണ്ട് ഫോണ്‍ അവളുടെ കൈയ്യില്‍ കൊടുത്തിട്ടുപോയി. അവള്‍ വളരെ നേരം സംസാരിച്ചു. അവര്‍ ഉറ്റതോഴരായി. പിരിയാനരുതാത്തപോലെയായി...

മണിക്കുട്ടിക്ക് ഉച്ചവരെയേ സ്ക്കൂള്‍ ഉള്ളല്ലോ. എന്നും ഉച്ച തിരിഞ്ഞാല്‍ ഫോണ്‍ ബെല്ലടിക്കും. അത്ഭുത നാഗത്തിന്‍റെ കഥ; ഏഴു കടലിനപ്പുറമുള്ള രാജകുമാരിയുടെയും രാക്ഷസന്‍റെയും കഥ; പറക്കും കുതിരയുടെ കഥ.. ഒക്കെ അമ്മൂമ്മ അവളോട് പറഞ്ഞുകൊടുക്കും.

അമ്മൂമ്മയുടെ സ്വരം എത്ര നല്ലത്! അമ്മൂമ്മയ്ക്ക് എത്ര വയസ്സായി? അമ്മൂമ്മ എന്താണ് വീട്ടില്‍ വരാത്തത്? എന്നൊക്കെ അവള്‍ ചോദിക്കും. ചിരിച്ചുള്ള മറുപടി :
"ഞാന്‍ വരാം കുട്ടീ. വന്നാല്‍ മണിക്കുട്ടി എന്നെ തിരിച്ചറിയുമോ?"

"പിന്നെയില്ലേ?" - മണിക്കുട്ടിയും ചിരിച്ചു - "അമ്മൂമ്മയുടെ തല നരച്ചു വെളുത്തത്; കാത് നീണ്ട് തോളുവരെ; പല്ലുപോയ വായ; ഊന്നുവടി..പിന്നെ അറിയാനെന്താ വിഷമം? അമ്മൂമ്മയ്ക്ക് ഞാന്‍ വെറ്റിലപ്പാക്ക് ഇടിച്ചുതരുമല്ലോ."

ഫോണിലെ സ്വരം ചിരിച്ചുചിരിച്ച് കുഴഞ്ഞു. ആ ശബ്ദം വന്ന് അവളുടെ നെറ്റിയില്‍ ഉമ്മവയ്ക്കുംപോലെ തോന്നി.
'വരാം കുട്ടീ... വരാം... അമ്മൂമ്മ വരാം..അതിന് സമയമാവട്ടെ' എന്ന്‌ പറയുംപോലെ.

ആയിടയ്ക്ക് മണിക്കുട്ടിയ്ക്ക് ചിരിയ്ക്കാനേ നേരമുണ്ടായിരുന്നുള്ളു.
വീട്ടില്‍ ചേട്ടന് കല്യാണാലോചനയുടെ തിരക്ക്. ചേട്ടന്‍റെ ക്ലാസ് മേറ്റാണ് പെണ്ണ്. നല്ല പെണ്ണ്. അച്ഛനും അമ്മയ്ക്കും നല്ല സന്തോഷമായി. 
എന്നാലും അവളുടെ ചിന്ത മുഴവന്‍ അമ്മൂമ്മയെപ്പറ്റിയായിരുന്നു. അന്നന്നത്തെ കാര്യങ്ങള്‍ അവള്‍ അമ്മൂമ്മയോട് പറയും.
അമ്മൂമ്മ ചോദിച്ചു :
"മണ്ടിപ്പെണ്ണേ.. ഏട്ടത്തി വന്നാല്‍പ്പിന്നെ അമ്മൂമ്മയെ മറക്കുമോ?"

അവള്‍ ആലോചിച്ചു. ആത്മഗതംപോലെ പറഞ്ഞു:
"ഈ ഏട്ടത്തിയ്ക്ക് കഥ പറയാന്‍ അറിയാമോ എന്തോ! അമ്മൂമ്മ മതിയായിരുന്നു ഏട്ടത്തിയായി. അമ്മൂമ്മേപ്പോലൊരു പെണ്ണ്."

ഫോണില്‍നിന്ന് കിലുക്കിക്കുത്തുംപോലുള്ള ചിരി ഉതിര്‍ന്നുവീണു.

"മണ്ടിപ്പെണ്ണേ...മണ്ടിപ്പെണ്ണേ... അമ്മൂമ്മമാര് എന്നെങ്കിലും കല്യാണപ്പെണ്ണാവുമോ? അതുവേണ്ട.. അതുവേണ്ട.. അമ്മൂമ്മയ്ക്ക് കല്യാണത്തിന് ഒന്ന് വന്നാല്‍ മതി. അമ്മൂമ്മേ ക്ഷണിക്കുമോ കുട്ടീ?"

മണിക്കുട്ടി പറഞ്ഞു : "ഞാന്‍ വല്യേട്ടനോട്‌ പറയാം"

"വേണ്ട, വല്യേട്ടന്‍ ചീത്തയാ. ഏട്ടത്തിയമ്മയും ചീത്തയാ. മണിക്കുട്ടി നോക്കിക്കോളൂ. പുതുപ്പെണ്ണ്‌ വന്നാല്‍പ്പിന്നെ ചേട്ടന്‍ മണിക്കുട്ടിയോട് മിണ്ടുക പോലുമില്ല."

വല്യേട്ടന്‍ ചീത്തയാണെന്ന് മണിക്കുട്ടിയ്ക്കഭിപ്രായമില്ല. പക്ഷെ ഈയിടെയായി പുള്ളിക്കാരന് വലിയ മനോരാജ്യമാണെന്ന് അവള്‍ ഓര്‍ത്തു.

അവധിയ്ക്ക് വന്നിട്ട് ഒരാഴ്ച്ചയായി. എപ്പോഴും മുറിക്കകത്തിരുന്ന് എഴുത്തെഴുതല്‍ തന്നെ. എഴുത്തെഴുതല്‍! ആര്‍ക്കാണാവോ ഇത്ര വലിയ കത്ത്! മണിക്കുട്ടി ചോദിച്ചു:
"ഏട്ടാ.. ഒരു ക്ഷണക്കത്ത് തരാമോ?"

"എന്തിനാ മണിക്കുട്ടീ?"

"അതോ.. നമ്മുടെ ഫോണിലെ അമ്മൂമ്മയ്ക്ക് അയയ്ക്കാനാ.. അമ്മൂമ്മ പറഞ്ഞു, ചേട്ടന്‍ തന്നെ ക്ഷണിച്ചാലേ അവര് വരൂ എന്ന്. ക്ഷണിക്കുമോ ചേട്ടാ?"

ഇതെന്താ ഈ വല്യേട്ടനും കിലുക്കിക്കുത്തുപോലെ ചിരിക്കുന്നത്?!

ചിരിച്ചുചിരിച്ച് ശ്വാസംമുട്ടിക്കൊണ്ട് ചേട്ടന്‍ പറഞ്ഞു :
"വേണ്ടാ.. അങ്ങനെ കളിക്കണ്ട.. അവരെ ഈ വിവാഹത്തിന് ക്ഷണിക്കുന്നതേയില്ല. അവര് വരുമോ എന്ന്‍ നോക്കട്ടെ. അവര് വന്നില്ലെങ്കില് നമുക്ക് അമ്മൂമ്മയില്ലാതെ കല്യാണം കഴിയുമോ എന്ന് നോക്കാം മണിക്കുട്ടീ.."

പറഞ്ഞതുപോലെ കല്യാണം പൊടിപൂരമായിത്തന്നെ കഴിഞ്ഞു.
നല്ല ഏട്ടത്തിയമ്മ. 
പക്ഷെ അമ്മൂമ്മ വന്നില്ലല്ലോ! അമ്മൂമ്മയെ കണ്ടില്ലല്ലോ! എന്ന വിഷമമായിരുന്നു മണിക്കുട്ടിയ്ക്ക്.
കണ്ടാല്‍ പറയണം... ചുരുണ്ട മുടിയുള്ള, വെളുത്ത നിറമുള്ള, ചിരിക്കുമ്പോള്‍ കവിളില്‍ തുടുത്ത നുണക്കുഴി തെളിയുന്ന ഈ ഏട്ടത്തിയമ്മയാണോ ചീത്തയാണെന്ന് അമ്മൂമ്മ പറഞ്ഞത്? നുണ... നുണ... പെരുംനുണ...
എന്നാലും.......

സദ്യ കഴിഞ്ഞു. പാര്‍ട്ടി കഴിഞ്ഞു. വിരുന്നുകാരെല്ലാം പിരിയുകയും ചെയ്തു. 

വല്യേട്ടനും ഏട്ടത്തിയമ്മയും കൂടി സ്വന്തം മുറിയില്‍ നില്‍ക്കുകയായിരുന്നു. ഏട്ടത്തിയമ്മ മണിക്കുട്ടിയെ അടുത്തുവിളിച്ച് ചുംബിച്ചു.
"മണിക്കുട്ടിക്ക് എന്നെ ഇഷ്ടമാണോ?"

അവള്‍ മുഖം വീര്‍പ്പിച്ച് പറഞ്ഞു : "അല്ല"

"അതെന്തേ...? ഏട്ടത്തിയമ്മ ഒരു കുറ്റവും ചെയ്തില്ലല്ലോ!"

മണിക്കുട്ടി പറഞ്ഞു : "അമ്മൂമ്മ പറഞ്ഞുവല്ലോ, ഏട്ടത്തിയമ്മ ചീത്തയാണ്‌. ഏട്ടത്തിയമ്മമാരെല്ലാം ചീത്തയാണ്‌. ഏട്ടനെ തട്ടിയെടുത്തു. ഇനി മണിക്കുട്ടിയോട് ഇഷ്ടമേ ഉണ്ടാവില്ല എന്നാണ് അവര് പറഞ്ഞത്."

ഏട്ടത്തിയമ്മ പൊട്ടിച്ചിരിച്ചപ്പോള്‍ അതിന് ഫോണിലെ കിലുക്കിക്കുത്തിന്‍റെ സ്വരമുണ്ടായിരുന്നു എന്ന്‍ അവള്‍ക്ക് തോന്നി.

ഫോണിലെ അമ്മൂമ്മയെപ്പോലെ അതേമട്ടില്‍ അവള്‍ പറഞ്ഞു:
"മണ്ടിപ്പെണ്ണേ... മണ്ടിപ്പെണ്ണേ... അത് നിന്നെ പറ്റിക്കാന്‍ പറഞ്ഞതല്ലായിരുന്നോ...! ആ അമ്മൂമ്മ പോവട്ടെ. ഇനി മണിക്കുട്ടിയ്ക്ക് കഥ കേള്‍ക്കണമെങ്കില്‍ ഏട്ടത്തി പറയാം. അത്ഭുതനാഗത്തിന്‍റെയും പറക്കും കുതിരയുടെയും രാജകുമാരിയുടെയും കഥ പറയാം. ഏട്ടനെപ്പോലും കേള്‍പ്പിക്കാതെ പറയാം... പോരേ?"

മണിക്കുട്ടി ഏട്ടത്തിയമ്മയുടെ മുഖത്ത് പ്രശ്നസൂചകമായി നോക്കി, 'ഇതൊക്കെ ഇവര്‍ എങ്ങനെയാണ് അറിഞ്ഞത്' എന്ന മട്ടില്‍.

ഏട്ടന്‍ പറഞ്ഞു:
"നാളെ മുതല്‍ അമ്മൂമ്മയ്ക്ക് ഫോണ്‍ ചെയ്യണമെങ്കില്‍ ഏട്ടത്തിയമ്മയോട് പറയണം. അവര്‍ക്ക് മാത്രമേ ആ നമ്പര്‍ അറിയാവൂ."

"പാവം കുട്ടി!" 
ഏട്ടത്തിയമ്മ ചിരിച്ചു. അവളെ നിലത്തുനിന്നും എടുത്തുയര്‍ത്തി കവിളില്‍ ചുംബിച്ചു. തലമുടി ഒതുക്കിക്കൊടുത്തു. ഈ ലാളനകളെല്ലാം ഏറ്റുകൊണ്ട് നാണിച്ച് ഒതുങ്ങിയിരുന്നപ്പോഴും അവള്‍ അകമേ വിചാരിക്കുകയായിരുന്നു...

'ഈ ഏടത്തീടെ ഒച്ചയെന്താ അമ്മൂമ്മേടെപോലെയായത്?!'

Saturday, November 30, 2019

മൃഗപ്രപഞ്ചത്തില്‍

- അക്കിത്തം അച്യുതന്‍ നമ്പൂതിരി


ആനപ്പുറത്തു ചെലവാ-
യൊരു പന്തീരാണ്ടുകാലമെന്നിട്ടും
കുതിരയിടഞ്ഞാല്‍ജ്ജീനി വ-
ലിച്ചു നിലയ്ക്കവനെ നിര്‍ത്തുവാന്‍ വയ്യ!

കുതിരപ്പുറത്തു ചെലവാ-
യൊരു പന്തീരാണ്ടു പിന്നെ,യെന്നിട്ടും
വീട്ടിലെ വിരളും പോത്തിന്‍
കണ്ഠത്തില്‍ക്കയറിടാനശക്തന്‍ ഞാന്‍.

പോത്തിന്‍പുറത്തു ചെലവായ്-
പ്പന്തീരാണ്ടതിനുശേഷ,മെന്നിട്ടും
കാളക്കുട്ടിയെ മേയ്ക്കാന്‍
കഴിവില്ലാതെപ്പരുങ്ങി ഞാന്‍ നില്‍പ്പൂ.

പിമ്പൊരു പന്തീരാണ്ട-
ക്കാളക്കുട്ടന്‍റെ മുതുകിലായ് വാസം;
പട്ടി കുരച്ചാല്‍പ്പക്ഷേ,
പറ്റില്ലിന്നിവനു ചങ്ങലയ്ക്കിടുവാന്‍.

പോറ്റിവളര്‍ത്തീ പന്തീ-
രാണ്ടൊടുവില്‍പ്പട്ടിയെ പ്രിയത്തോടെ
അഞ്ചുമൃഗത്തെ മെരുക്കിയ
പുഞ്ചിരിയറുപത്തിയൊന്നില്‍ വിരിവോളം.

വീണ്ടും വീട്ടിനു ചുറ്റുമു-
ലാത്തുമ്പോളല്ലീ സത്യമറിയുന്നു?
ആന തുടങ്ങിയ ജീവിക-
ളവരുടെ പാട്ടിന്നു പോയിരിക്കുന്നു!

വാലാട്ടിക്കൊണ്ടിന്നും
കൂടെ നടക്കുന്ന പട്ടി പറയുന്നു,
"നാല്‍പത്തെട്ടാണ്ടുകളും
നഷ്ടപ്പെട്ടൂ നിനക്കു ചങ്ങാതീ!"                                                                 

Wednesday, October 16, 2019

മാതൃവന്ദനം- വള്ളത്തോള്‍ നാരായണമേനോന്‍വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ.

എത്രയും തപശ്ശക്തി പൂണ്ട ജാമാദഗ്ന്യന്നു
സത്രാജിത്തിന്നു പണ്ടു സഹസ്രകരന്‍ പോലെ
പശ്ചിമരത്നാകരം പ്രീതിയാല്‍ദ്ദാനം ചെയ്ത
വിശ്വൈക മഹാരത്നമല്ലീ നമ്മുടെ രാജ്യം?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ.

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നൂ കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ!

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനുപാസ്യരായുള്ളോര്‍ക്കുമുപാസ്യയെ.

ആഴിവീചികളനുവേലം വെണ്‍നുരകളാല്‍
തോഴികള്‍ പോലേ തവ ചാരുതൃപ്പദങ്ങളില്‍
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നൂ തൃപ്തി
കൈവരാഞ്ഞഴിക്കുന്നൂ പിന്നെയും തുടരുന്നൂ.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനനന്യസാധാരണസൌഭാഗ്യയെ.

മിന്നല്‍ക്കാറുകളായപൊന്നണിദ്വിപങ്ങളു-
മുന്നതസ്തനിതമാം പടഹസ്വനവുമായ്
ഭാസമാനേന്ദ്രായുധതോരണം വര്‍ഷോത്സവം
ഭാര്‍ഗ്ഗവക്ഷേത്രത്തില്‍ പോലെങ്ങാനുമുണ്ടോ വേറെ?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സുഭിക്ഷാധി ദേവതയായുള്ളോളെ.

ചന്ദനവനക്കുളിര്‍ തെന്നലിന്‍ കളികളാല്‍
മന്ദമായ്ത്തലയാട്ടിക്കൊണ്ടു മാമലകളില്‍
ഉല്ലസിച്ചീടും ജയ വൈജയന്തികളേലാ-
വല്ലികള്‍ നിന്‍ തൂമണമെങ്ങെങ്ങു വീശാതുള്ളു?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ഗുണഗണാവര്‍ജ്ജിതജനൌഘയെ.

ഹഹ, നിന്‍ തോട്ടങ്ങളില്‍ താംബൂലലതകളാല്‍
ഗൃഹസ്ഥാശ്രമികളായ്ച്ചമഞ്ഞ കമുങ്ങുകള്‍
കായ്കള്‍ തന്‍ കനംകൊണ്ടു നമ്രമൌലികളായി
ലോകോപകാരോന്മേഷാല്‍ച്ചാഞ്ചാടി നിന്നീടുന്നു.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനാഗന്തുകോദ്ഗീതമാനൌദാര്യയെ.

പഴുപ്പു കായ്കള്‍ക്കെത്തും കാലത്തു പവിഴച്ചാര്‍-
ത്തഴകിലണിയുന്ന മുളകിന്‍കൊടികളും
കനകക്കുടങ്ങളെച്ചുമന്ന കേരങ്ങളും
നിനയ്ക്കില്‍ നിതാന്താഭിരാമമേ നിന്നാരാമം.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ശുഭഫലപ്രാര്‍ത്ഥികള്‍ക്കാരാധ്യയെ.

Friday, July 5, 2019

ഇടിയന്‍ പണിക്കര്‍


- വൈക്കം മുഹമ്മദ് ബഷീര്‍

ഇടിയന്‍ പണിക്കര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഔട്ട്‌പോസ്റ്റിലേക്ക് സ്ഥലം മാറ്റമായി പോകുന്നു എന്ന് തോന്നുമ്പോള്‍, ലോക്കപ്പിലെ പുള്ളികളെല്ലാം സന്തോഷിച്ചു. എന്നുമാത്രമല്ല, അവരില്‍ ഒരാളായ ദാനിയേല്‍ ഹൃദയം നൊന്ത് ഇടിയന്‍ പണിക്കരോടായിട്ട് ഹൃദയത്തില്‍ പറഞ്ഞു:
'നിന്‍റെ അവസാനത്തെ പോക്കാ!'

അങ്ങനെ ഒരു ഗവണ്മെന്‍റ് ഉദ്യോഗസ്ഥനെ ശപിക്കാമോ?പക്ഷെ ദാനിയേല്‍, ഇടിയന്‍ പണിക്കരിലൂടെ മുഴുവന്‍  ഗവണ്മെണ്ടിനെയുമാണ്‌ കണ്ടത്. അത് ശരിയല്ലെന്ന് ദാനിയേലിന് അറിഞ്ഞുകൂടാ. അയാള്‍ക്ക് വലിയ വിദ്യാഭ്യാസമില്ല. എഴുതാനും വായിക്കാനും കഷ്ടിച്ച് അറിയാം. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വയറ്റുപിഴപ്പിന് ഒരു ജോലിയും അറിയാം. കമ്പോസിറ്ററാണ്. പിരിച്ചുവിട്ടു. അങ്ങനെ ജോലി അന്വേഷിച്ചിറങ്ങി. വീട്ടില്‍നിന്ന് പത്തറുപതു മൈല്‍ ദൂരെയുള്ള പട്ടണത്തില്‍ വന്ന് പലേ പ്രസ്സുകളിലും വേല അന്വേഷിച്ചു. ഒഴിവില്ല. പട്ടണത്തില്‍ അങ്ങനെ അലയുമ്പോള്‍ ഇടിയന്‍ പണിക്കര്‍ കണ്ടുമുട്ടി. ജോലിയില്ലാതെ അലഞ്ഞതിന് കേസുമായി, ലോക്കപ്പിലുമായി. ഇടിയന്‍ പണിക്കര്‍ ധാരാളം ഇടിക്കുകയും ചെയ്തു.

അങ്ങനെ ഇടിയന്‍ പണിക്കര്‍ സ്ഥലം മാറി പോകുകയാണ്. ലോക്കപ്പിലെ പുള്ളികളെപ്പോലെ കൂട്ടുപോലീസുകാരും സന്തോഷം പ്രകടിപ്പിച്ചു.

ഇടിയന്‍ പണിക്കരെ ആര്‍ക്കും കണ്ടുകൂടാ. ഇന്‍സ്പെക്ടറുടെ പ്രീതിയ്ക്ക് വേണ്ടി അയാള്‍ എന്തും ചെയ്യും; എന്തും പറയും; ശ്വാസത്തിന് നൂറു വീതമുള്ള 'ഉത്തരവ്, ഉത്തരവ്!' പറച്ചിലും തരം കിട്ടുമ്പോഴൊക്കെയുള്ള ഏഷണിയും. അങ്ങനെ ഇടിയന്‍ പണിക്കര്‍ എല്ലാവരുടെയും ശാപം വാങ്ങി പോകുകയാണ്.

ദാനിയേലും കൂട്ടുപുള്ളികളും കമ്പിയഴികളിലൂടെ നോക്കി. ഇനി കുറെ ദിവസത്തേയ്ക്ക് ചേങ്ങല മുട്ടുന്ന കൊട്ടുവടി സ്വൈര്യമായിരിക്കും! ഇടിയന്‍ പണിക്കര്‍ അതുകൊണ്ടാണ് എല്ലാവരെയും ഇടിക്കുന്നത്.

'പോയിവരട്ടെ റൈട്ടര്‍സാറേ?' എന്ന് പറഞ്ഞുകൊണ്ട് ഇടിയന്‍ പണിക്കര്‍ സ്റ്റേഷന്‍ റൈട്ടറുടെ മേശയ്ക്കു മുമ്പില്‍ ചെന്നു. നീണ്ടുമെലിഞ്ഞ വെളുത്ത ശരീരം, ചുരുളന്‍ മുടി, സാത്വികമായ കണ്ണുകള്‍. പുഞ്ചിരിയോടെ പുള്ളികളെയും നോക്കി.

സ്റ്റേഷന്‍ റൈട്ടര്‍ ചിരിച്ചുകൊണ്ട് അനുമതി നല്‍കി.

വെള്ളഷര്‍ട്ടും വെള്ളമുണ്ടും ഇടതുകയ്യില്‍ ഡ്രസ് കെട്ടുമായി ഇടിയന്‍ പണിക്കര്‍ ഇറങ്ങിപ്പോയി.

'അവസാനത്തെ പോക്കാ.' - ദാനിയേല്‍ വീണ്ടും ഹൃദയത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ക്ഷോഭകരമായ വാര്‍ത്ത : 'ഇടിയന്‍ പണിക്കര്‍ ഔട്ട്‌പോസ്റ്റ് പോലീസ് സ്റ്റേഷനില്‍ കെട്ടിത്തൂങ്ങിച്ചത്തിരിക്കുന്നു!'

ദാനിയേല്‍ പിന്നീട് കേട്ടത് ഇങ്ങനെയാണ് : ഇന്‍സ്പെക്ടറും മറ്റും ഔട്ട്‌പോസ്റ്റ്‌ സ്റ്റേഷനടുത്തപ്പഴേ ശവം കണ്ടു. സ്റ്റേഷന്‍റെ അകത്ത് ശീലാന്തിയില്‍ കെട്ടിത്തൂങ്ങി ചത്തു കിടക്കുകയാണ്‌! അടുത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതുവഴി ഉത്തരത്തില്‍ കയറി ഇരുന്നുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടു... അങ്ങനെ അത് ആത്മഹത്യ എന്ന് മഹസ്സര്‍ തയ്യാറാക്കി.

പക്ഷെ, ദാനിയേലിന് വല്ലാത്ത സങ്കടമായി. ഇടിയന്‍ പണിക്കര്‍ക്ക് ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്. അവര്‍ വഴിയാധാരമാവുകയില്ലേ? ദാനിയേലിന്‍റെ ശാപം മൂലമല്ലേ ഇടിയന്‍ പണിക്കര്‍ മരിച്ചത്? മറ്റുള്ളവരും ശപിച്ചിട്ടില്ലേ?

ദാനിയേല്‍ ചിലപ്പോള്‍ സമാധാനപ്പെടും: ക്രൂരപ്രവൃത്തി മനസ്സാക്ഷിയെ പ്രേരിപ്പിച്ചതാണ്. അതിനു തെളിവായി പോലീസുകാരും പുള്ളികളും പലതും പറഞ്ഞു. മുളകരച്ചുതേച്ച് നിരപരാധിയായ ഒരു സ്ത്രീയെക്കൊണ്ട് സത്യം പറയിച്ചത്; ലിംഗത്തില്‍ പഴന്തുണി ചുറ്റി എണ്ണയൊഴിച്ച് കത്തിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെക്കൊണ്ട് ഗവണ്മെണ്ടിനോട്‌ മാപ്പ് ചോദിപ്പിച്ചത്..ഇങ്ങനെ അനേകം കഥകള്‍.

ദാനിയേല്‍ വിചാരിച്ചു: പോലീസുകാരെല്ലാം ഇടിയന്‍ പണിക്കരെപ്പോലെയാണോ? പക്ഷെ അയാളെപ്പോലെ ആരും അത്ര ഭയങ്കരമായ ക്രൂരത കാണിച്ചിട്ടില്ല. എന്നാലും ആ ഭാര്യ അയാളെ സ്നേഹിച്ചിരുന്നു, കുട്ടികളും. ഭാര്യ അയാളെ 'നാഥാ' എന്ന്‍ വിളിച്ചിരിക്കണം; കുട്ടികള്‍ 'അച്ഛാ' എന്നും! അങ്ങനെ ആ കുടുംബം നാഥനില്ലാതായി തീര്‍ന്നിരിക്കുന്നു. അത് ദാനിയേലിന്‍റെ മാത്രം ശാപം മൂലമാണോ?

ഒന്നും ദാനിയേലിന് നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. പിന്നീടും വളരെ അടിയും ഇടിയും ഏറ്റു; ചൊറിയും ചിരങ്ങും പിടിച്ചു; ഒരു കൊല്ലത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. ദാനിയേല്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി.

ഒരു ദിവസം രാത്രി വീണ്ടും ഇടിയന്‍ പണിക്കരെപ്പറ്റി കേള്‍ക്കുകയാണ്. 
ഒരു നാടകക്കാരിയെക്കൊന്ന്‍ പണാപഹരണം നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട, വസൂരിക്കലയും ഒറ്റക്കണ്ണുമുള്ള, കറുത്ത ഒരു തടിയന്‍, ദാനിയേലിനോട് തന്‍റെ ആത്മകഥയില്‍ അടങ്ങിയിട്ടുള്ള വീരപ്രവൃത്തികളെ വര്‍ണ്ണിച്ച കൂട്ടത്തില്‍ പറഞ്ഞു :
"എന്നെ ആരെല്ലാം ഉപദ്രവിച്ചിട്ടുണ്ടോ, അവരെ എല്ലാം ഞാനും ഉപദ്രവിച്ചിട്ടുണ്ട്. ഒരാളെ ഒരു തവണയല്ലേ കൊല്ലാന്‍ കഴിയൂ!"

ദാനിയേല്‍ ചോദിച്ചു : "വല്ലവരെയും രണ്ടുതവണ കൊല്ലാന്‍ തോന്നിയിട്ടുണ്ടോ?"

"ഒരുവനെ മാത്രം കൊന്നത് സുഖമായില്ല. കഷ്ണം കഷ്ണമായി അറുത്തറുത്ത് കൊല്ലേണ്ട പരമദുഷ്ടന്‍ ഒരടിയ്ക്ക് ചത്തുപോകയാണെങ്കില്‍ നമുക്ക് നിരാശ തോന്നുകില്ലേ? ഞാന്‍ തൊട്ടേയുള്ളു. മുഖമടച്ച് ഒന്നടിച്ചു. ദാ.. ചത്തുകിടക്കുന്നു! മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ പിന്നെ മേശ ചുവരിനോട് ചേര്‍ത്തിട്ടു. ഒരു കയറ് കഴുത്തില്‍ മുറുക്കി. എന്നിട്ട് ശീലാന്തിയില്‍ കെട്ടിത്തൂക്കിയിട്ടു."

ദാനിയേല്‍ ചോദിച്ചു : "ആള്‍ ആരാണ്?"

ജീവപര്യന്തം തടവുകാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഒരു പോലീസുകാരന്‍. പേര് ഇടിയന്‍ പണിക്കര്‍!"

[DC ബുക്ക്സ് പ്രസിദ്ധീകരിച്ച, വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ, 'സ്വാതന്ത്യസമരകഥകള്‍' എന്ന പുസ്തകത്തിലാണ് ഞാന്‍ ഇത് വായിച്ചത്.]                                         

Wednesday, June 19, 2019

ഒരു സങ്കീര്‍ത്തനം പോലെ...
- വിഷ്ണു നാരായണന്‍ നമ്പൂതിരി


'ഒരു സങ്കീര്‍ത്തനം പോലെ'
ഇപ്പോള്‍ വായിച്ചു തീര്‍ത്തു ഞാന്‍.

ഒരു സങ്കീര്‍ത്തനം പോലെന്‍
മനോവീണയിലിപ്പൊഴും
ഇമ്പമായ് ഈണമായ് അന്ത-
സ്പന്ദമായ് മന്ത്രശുദ്ധമായ്‌
അതു നീണ്ടു മുഴങ്ങുന്നു
വേദനാ മധുരസ്വരം.
ദസ്തയേവ്സ്ക്കിയെപ്പണ്ടു
പഠിപ്പിച്ചിട്ടറിഞ്ഞു ഞാന്‍;
പെരുത്തുനോവുതിന്നോരേ
പൊരുളിന്നധികാരികള്‍!

ജീവിതച്ചൂതിലൊന്നൊന്നായ്
ചേതപ്പെട്ടാത്മപീഡതന്‍
നെല്ലിപ്പലകയില്‍ ചെന്നു
നിലമുട്ടിപ്പരുങ്ങവേ
തളിര്‍പോലൊരു കൈ വന്നു
താങ്ങിടും സ്നേഹവായ്പിനെ
ദൈവമെന്നു വിളിപ്പൂ മ-
റ്റില്ല വാക്കെന്നകൊണ്ടു നാം.

കഷ്ടപ്പാടിന്‍ കലക്കങ്ങള്‍
കാരുണ്യത്തിന്‍ തെളിച്ചവും
അഗാധബോധം ചുംബിക്കു-
മാത്മശക്തി പ്രകര്‍ഷവും
നിഴല്‍വെട്ടങ്ങള്‍ പോല്‍ തെറ്റും-
ശരിയും ചേര്‍ന്ന പാതയില്‍
ചോടുവച്ചിടറിപ്പോകും
ജീവന്‍റെ ഗതിഭേദവും
എത്രമേല്‍ സൂക്ഷ്മമായ്‌ താങ്കള്‍
നിവേദിക്കുന്നു ഭാഷയാല്‍
നിസര്‍ഗ നിരലങ്കാര-
നിര്‍മലാലാപ ശൈലിയില്‍!
അക്കയ്യില്‍ (അന്ന തന്‍ കയ്യില്‍
ദസ്തയേവ്സ്ക്കിയെന്നപോല്‍)
മുത്തം പകര്‍ന്നു നില്‍ക്കുന്നു
മുഗ്ധ ഭാവാര്‍ദ്ര കൈരളി!

(മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായ ശ്രീ. പെരുമ്പടവം ശ്രീധരന്, ശ്രീ. വിഷ്ണു നാരായണന്‍ നമ്പൂതിരി സ്നേഹപൂര്‍വ്വം സമ്മാനിച്ച രചനയാണ് ഇത്. 1996ലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്. പെരുമ്പടവം ശ്രീധരന്‍റെ, 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍ കവിയ്ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവണം.

വായന പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ശ്രീവല്ലി' എന്ന കവിതാപുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.) 

Thursday, May 23, 2019

കരിയിലക്കാറ്റുപോലെ...


- പി പദ്മരാജന്‍ 
പെട്ടെന്നൊരു ദിവസം രാവിലെ ഉറക്കമുണരുമ്പോള്‍, നിങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു. മകള്‍ പോയി.

മകള്‍ - ഓമനിച്ചിട്ടൊന്നുമല്ലെങ്കിലും, തീറ്റയും തുണിയും കൊടുത്ത് ഇരുപത് കൊല്ലം വളര്‍ത്തിയെടുത്ത യുവതി ജയശ്രി.

അവള്‍ ഒളിച്ചോടിയതുതന്നെയാണെന്ന് ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിഷമമൊന്നുമില്ല. എന്തെങ്കിലുമൊരു തുമ്പിനുവേണ്ടി അവളുടെ പെട്ടിയും മേശയുമെല്ലാം വാരിവലിച്ചിട്ട് പരിശോധിക്കുന്നു, നിങ്ങള്‍ ചങ്കിടിപ്പോടെ; ഭാര്യ തേങ്ങിക്കരഞ്ഞുകൊണ്ട്. ആ തിരച്ചിലിനിടയില്‍ നല്ല രണ്ടോ മൂന്നോ ജോഡി സാരികളും, ഉള്ള ആഭരണങ്ങളത്രയും അവളോടൊപ്പം പോയിട്ടുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. കുറിപ്പൊന്നുമില്ല.

ജയശ്രിയുടെ അമ്മ ആദ്യം അല്‍പം ഒച്ചയുണ്ടാക്കിയും ക്രമേണ നിശബ്ദമായും കരയുന്നു. കരച്ചിലിനിടയില്‍ അവര്‍ ആവര്‍ത്തിച്ചു പറയുന്നു.-
 'എന്‍റെ മോള്‍ക്ക് എന്തുപറ്റിയോ എന്തോ. ഇവിടെ എന്തുണ്ടായി അവള്‍ക്ക് ഇങ്ങനൊരു ചീത്ത വിചാരം വരാന്‍?'

ഇളയ കുട്ടികള്‍, രണ്ട് അനിയന്മാരും ഒരനിയത്തിയും, കണ്ണുനീരും പരിഭ്രമവുമായി, വീട്ടിനുള്ളില്‍ അങ്ങുമിങ്ങും പതറി നടക്കുന്നു. 
കാരണമൊന്നുമില്ലാതെ നിങ്ങള്‍ ഇളയവളെ തല്ലുന്നു. ഹാഫ് സാരിയിലേക്ക് തെന്നി വീഴുന്ന അവളെ ചതച്ചുകൊണ്ട്, ആവുന്നത്ര ശബ്ദം താഴ്ത്തി ശപിക്കുന്നു - 
'നീയും പോടീ, ഏതെങ്കിലും തെണ്ടിയോടൊപ്പം.....'

അവള്‍ ഭയത്തോടെ, ഒരു ഭ്രാന്തനെ നോക്കുംപോലെ നിങ്ങളെ പകച്ചു നോക്കുമ്പോള്‍, നിങ്ങളുടെ ഭാര്യ നിസ്സഹായമായ ഒരു തേങ്ങലുമായി അകത്തെ മുറിയില്‍ ചെന്നുവീഴുന്നു. വെളിയില്‍ ദുര്‍ലക്ഷണം പോലെ കാക്കകള്‍ കരയുന്നു.

ഒടുവില്‍, മുറ്റത്ത് ഇളവെയില്‍ പരക്കാന്‍ തുടങ്ങുകയും തേങ്ങലിന്‍റെ അന്ത്യമെത്തുകയും ചെയ്യുമ്പോള്‍, നിങ്ങളും ഭാര്യയും കൂടി ആലോചിക്കുന്നു - 
'പോലീസില്‍ പരാതിപ്പെട്ടാലോ? പത്രത്തില്‍ പരസ്യം കൊടുത്താലോ? അന്വേഷിച്ച് ആളെ വിട്ടാലോ? ബന്ധുവീട്ടില്‍ തിരക്കിയാലോ?'

പിന്നെ അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ രണ്ടാളും ഒരേപോലെ നിര്‍ബന്ധിതരാവുന്നു. കാരണം നിങ്ങള്‍ക്കറിയാം, അതുകൊണ്ടൊന്നും ഉദ്ദേശിച്ച പ്രയോജനമുണ്ടാവുകയില്ലെന്ന്. കൂടുതല്‍ നാറാമെന്നല്ലാതെ, നാടൊട്ടുക്ക് അറിയിക്കാമെന്നല്ലാതെ....

പിന്നെ വേറൊന്നുകൂടി നിങ്ങള്‍ക്കറിയാം.... അവള്‍ ആരോടൊപ്പമാണ് പോയിരിക്കുന്നതെന്ന്.

'പോയവള്‍ പോട്ടെ..' 
- അരിശം മൂത്ത് നിങ്ങള്‍ പിറുപിറുക്കുന്നു -
'ഇനിയവളെ ഈ വീടു കാണാന്‍ ഞാന്‍ സമ്മതിക്കുകേലാ..'

ഭാര്യയും ഇളയകുട്ടികളും കേള്‍ക്കാന്‍ വേണ്ടി, നിങ്ങള്‍ ഇതേ കാര്യം തന്നെ, പലവട്ടം, പലമട്ടില്‍ ആവര്‍ത്തിക്കുന്നു, ഉറക്കെയുറക്കെ. നിങ്ങളുടെ കോപതാപങ്ങള്‍ അറിയുന്ന അവര്‍ക്കാര്‍ക്കും മറിച്ചൊരക്ഷരം ഉരിയാടാനുള്ള ശേഷിയില്ല. 

അങ്ങിനെയങ്ങിനെ, ആ ദിവസം അവസാനിക്കുന്നു.

പിന്നാലെ....
പുതിയൊരു ദിവസം ഉണ്ടാകുന്നു.

Saturday, January 19, 2019

ആ വിളി

                         - കൃഷ്ണന്‍ പറപ്പിള്ളി

പടിയ്ക്കല്‍ പാടം നോക്കി
          നില്‍ക്കയായിരുന്നു ഞാന്‍
പഠിയ്ക്കും കാലത്തോമല്‍
          പ്രകൃതി വിളിയ്ക്കവേ.

വിളികേട്ടെന്നാകിലു-
          മന്നൊന്നുമിന്നേപ്പോലെ
വിളി തന്‍ പൊരുളറി-
          ഞ്ഞീല ഞാന്‍ വേണ്ടും മട്ടില്‍.

നെല്‍ക്കതിരോരോന്നുമ-
          ന്നെന്നോടായെന്തോ ചൊല്ലി
നില്‍പ്പതായ് തോന്നീ, ശീലും-
          ശൈലിയുമറിഞ്ഞീല.

ഇന്നു ഞാന്‍ വിദ്യാലയം
          വെടിഞ്ഞെന്‍ വീട്ടില്‍നിന്നു-
മിങ്ങതി ദൂരത്തെത്തി;
          ഇന്നുമാ വിളി കേള്‍പ്പൂ.

എന്‍ കര്‍മ്മരംഗം മാറീ; 
          കാഴ്ചകള്‍ മാറീ ചുറ്റും 
എങ്കിലും കരളുമായ്‌ 
          പൊല്‍ക്കതിരുരുമ്മുന്നു.

കതിരിന്നുരുമ്മലില്‍
          നിന്നുദിച്ചീടുന്നൊരു
കനകദ്യുതിയിലാ-
          പ്പൊരുളും തെളിയുന്നു. -

'നിത്യത നില്‍പൂ ചാരെ-
          ജ്ജീവിത കേദാരത്തില്‍
വിത്തിടാന്‍, വിളനില-
          മൊരുക്കൂ കളപോക്കി'.

(നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിച്ച 'മലയാള കാവ്യസംഗ്രഹം' എന്ന പുസ്തകത്തിലാണ് ഞാനീ കവിത കണ്ടത്. ശ്രീ. ജി. ശങ്കരക്കുറുപ്പ് ആണ് ഈ സംഗ്രഹത്തിന്‍റെ സമ്പാദകന്‍.)