Saturday, March 16, 2013

സുഹൃത്ത്‌

                            - എസ് കെ പൊറ്റെക്കാട്ട്  
അബ്ദുല്‍ മൊബാറക്ക് എന്നാണത്രേ അയാളുടെ പേര്. വെളുത്ത് സാമാന്യം തടിച്ച കോമളനായൊരറബി.
മുപ്പതിനും നാല്‍പ്പതിനുമിടയ്ക്ക് പ്രായം കാണും.സൂട്ടും ഫെസ്ക്യാപ്പുമാണ് വേഷം. കറുത്ത രോമമഫ്ലര്‍ കഴുത്തില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്.                                                                    
ഞാന്‍ സുഡാനില്‍നിന്നുള്ള യാത്രയില്‍ ലുക്സറില്‍നിന്ന് കയ്റോവിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. തീബ്സിലേയും ലുക്സറിലേയും പൌരാണികങ്ങളായ 
അദ്ഭുതദൃശ്യങ്ങളെ ഓര്‍ത്തുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് എന്‍റെ രണ്ടാംക്ലാസ് മുറിയില്‍ ഇരിക്കുമ്പോഴാണ് രാത്രി പത്തുമണി കഴിഞ്ഞിട്ടുണ്ടാകും.വഴിക്കുള്ള ഏതോ സ്റ്റേഷനില്‍നിന്ന് അയാള്‍ എന്‍റെ മുറിയില്‍ കടന്നുകൂടിയത്,കയ്യില്‍ വലിയൊരു സൂട്ട്കേസും തൂക്കിക്കൊണ്ട്.

ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍,മുറിയില്‍ തനിച്ചാണെങ്കില്‍ നേരിയൊരു ഭയം ഉള്ളില്‍ കറങ്ങിക്കൊണ്ടിരിക്കും. അപരിചിതനായൊരാള്‍ പെട്ടെന്നുകേറിവന്ന് കൂടെ
സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ ഭയം ഇരട്ടിക്കും. വിദേശത്തു വച്ചാണ് ഇങ്ങനെയൊരനുഭവം നേരിടുന്നതെങ്കില്‍, വിശേഷിച്ചും.
(മൂന്നാമതൊരാള്‍ വന്നുചേരുകയാണെങ്കില്‍പ്പിന്നെ എല്ലാ ഭയങ്ങളും അകന്നുപോവുകയും ചെയ്യും). 

എന്‍റെ പുതിയ സഹയാത്രികന്‍ എന്തുമാതിരിക്കാരനാണ്?മര്യാദക്കാരനോ കള്ളനോ മന്തനോ മുഷ്കരനോ?കൊലപാതകിയോ അല്ല സാധാരണക്കാരനോ?
അയാള്‍ തന്‍റെ വലിയ സൂട്ട്-കേസ് മുകളിലെ സാമാനത്തട്ടില്‍ നിക്ഷേപിച്ച് എനിക്കെതിരെയുള്ള ബര്‍ത്തില്‍ ഇരിപ്പുറപ്പിച്ചു.എന്നെ ഒന്നു സൂക്ഷിച്ചുനോക്കി.
പിന്നെ പുഞ്ചിരി തൂകിക്കൊണ്ട് അറബിയില്‍ എന്തോ ചോദിച്ചു.

"സോറി,ഐ കാണ്ട് അണ്ടര്‍സ്റ്റാണ്ട് അറബിക്."-ഞാനും പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു.

എനിക്ക് അറബ് മനസ്സിലാവുകയില്ലെന്നു ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചുതലയാട്ടിക്കൊണ്ട് പറഞ്ഞു.

"ഐ സ്പീക്ക് ലിത്തില്‍ ഇംഗ്ലീഷ്."

തന്‍റെ പേര് അബ്ദുള്‍ മൊബാറക്ക് എന്നാണെന്നും താന്‍ ഈജിപ്ഷ്യന്‍ ക്യൂറിയോ വസ്തുക്കളുടെ വ്യാപാര ഏജണ്ടാണെന്നും സ്ക്കാരബ്ബ് കല്ലുകള്‍ തൊട്ട് മമ്മികള്‍

വരെയുള്ള പുരാണകൌതുകവസ്തുക്കള്‍ താന്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും കുറച്ച് 'ഇങ്കിരീശും' ഏറെ അറബും കലര്‍ന്ന ഭാഷയില്‍ അയാള്‍ എന്നെ പറഞ്ഞുമനസ്സിലാക്കി.

അയാളുടെ ആ വലിയ പെട്ടിയില്‍ ക്യൂറിയോ വസ്തുക്കളാണോ എന്നു ഞാന്‍ ചോദിച്ചു.

അല്ലെന്ന് അയാള്‍ തലയാട്ടി.

അപ്പോള്‍ എന്‍റെ സംശയം വര്‍ദ്ധിച്ചു.

അവസരം അനുകൂലമാണെന്നു കാണുമ്പോള്‍ ഏതു നല്ല മനുഷ്യനും ചിലപ്പോള്‍ മോഷണത്തിനും ബലാല്‍ക്കാരത്തിനും കൊലപാതകത്തിനുതന്നെയും മുതിരുകയില്ല എന്നെങ്ങനെ കരുതാം?ഇവിടെ ഞാന്‍ പരിഷ്കൃതവേഷധാരി;കൂടെ രണ്ടു വലിയ പെട്ടികള്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്നു.ഭാഷപോലും നിശ്ചയമില്ല.

തണുപ്പുകാരണം വണ്ടിയുടെ ജാലകങ്ങള്‍ ഭദ്രമായി അടച്ചിട്ടിരിക്കുകയാണ്.മരുഭൂമിയില്‍ പകലത്തെ ചൂടുപോലെതന്നെ രാത്രിയിലെ തണുപ്പും കഠിനമാണ്. വാതിലുകളും ജാലകങ്ങളുമെല്ലാം ബന്ധിച്ച തടവറപോലുള്ള ഈ മുറിയില്‍ തീരെ അപരിചിതനായ,കാഴ്ചയില്‍ ആകപ്പാടെ അവിശ്വസനീയനായിത്തോന്നുന്ന ഈ കരുത്തന്‍ അറബിയെ എത്രനേരം പൊറുപ്പിക്കും?അടുത്ത സ്റ്റേഷനില്‍നിന്ന് ഒരാളെങ്കിലും മുറിയില്‍ കേറണേ എന്ന്

ഞാന്‍ പ്രാര്‍ത്ഥിച്ചു.

അയാള്‍ തന്‍റെ വലിയ സൂട്ട്-കേസ് നിക്ഷേപിച്ചത് എന്‍റെ പുതിയ രണ്ടുപെട്ടികള്‍ വച്ചതിനോട് തൊട്ടുതന്നെയാണെന്ന വസ്തുത ഞാന്‍ കണ്ടുപിടിച്ചു.സാമാനത്തട്ടില്‍ സ്ഥലം ധാരാളം ഒഴിഞ്ഞുകിടന്നിട്ടും അയാളെന്തിനാണ് അങ്ങനെ ചെയ്തത്?


വണ്ടി ഏതോ സ്റ്റേഷനില്‍ ചെന്നുനിന്നു.വീണ്ടും ഇളകി.ഒരാളും ഞങ്ങളുടെ കമ്പാര്‍ട്ടുമെണ്ടില്‍ കയറിയില്ല.


അയാള്‍ ഉറങ്ങാന്‍ കിടക്കാത്തതെന്ത്?സമയം പതിനൊന്നു മണി കഴിഞ്ഞു.അയാള്‍ മെത്തയുടെ മൂലയ്ക്കല്‍ ചാരിയിരിക്കുകയാണ്.ഉറക്കം തൂങ്ങുകയോ?അല്ല

നടിക്കുകയോ?

എനിക്ക് ഉറങ്ങാന്‍ കിടക്കാന്‍ പേടി തോന്നി.അയാള്‍ എന്നെ ആക്രമിച്ചാലോ?ഉറങ്ങാതിരിക്കുന്നതും ആശ്വാസ്യമാണെന്നു തോന്നുന്നില്ല.എന്താണ് കിടന്നുറങ്ങാത്തത് എന്ന് അയാള്‍ ചോദിച്ചാല്‍ എന്ത് സമാധാനം പറയും?


ഇയാള്‍ ഈജിപ്ഷ്യന്‍ ക്യൂറിയോ വസ്തുക്കളുടെ വ്യാപാരിയാണെന്നല്ലേ പറയുന്നത്.അപ്പോള്‍ കയ്‌റോവിലെ ഒരു ക്യൂറിയോ വില്പനക്കാരനെപ്പറ്റി മുമ്പ് കേട്ട ഒരു കഥ എനിക്കോര്‍മ്മ വന്നു.അതോര്‍ത്തു ഞാന്‍ തനിയെ ചിരിച്ചുപോയി.


"എന്താ നിങ്ങള്‍ തനിയെ ചിരിക്കുന്നത്?"-അയാള്‍ ചോദിച്ചു.(വൈ ലാഫ് യു?)


ചോദ്യം കേട്ടു ഞാനൊന്നു ഞെട്ടിപ്പോയി.അപ്പോള്‍ അയാള്‍

ഉറങ്ങുകയായിരുന്നില്ല!എന്‍റെ ചലനങ്ങള്‍ സൂക്ഷിക്കുകയായിരുന്നു കള്ളന്‍.

സംശയം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ ഓര്‍ത്തു ചിരിക്കാനിടയായ ആ കഥ അയാളെ കേള്‍പ്പിച്ചു. കൈറോവില്‍ ക്യൂറിയോ വില്‍ക്കുന്ന ഒരറബി ഒരമേരിക്കന്‍

മദാമ്മയോടു ചോദിച്ചതാണത്രേ,'ക്ലിയോപാട്രാ റാണിയുടെ തലയോട്,പതിനാറാം വയസ്സിലത്തേതോ ഇരുപത്താറാം വയസ്സിലത്തേതോ,ഏതാണ് വേണ്ടതെന്ന്'.

കഥ കേട്ട് എന്‍റെ സഹയാത്രികന്‍ അറബി ഒരു ചിരി ചിരിച്ചു.അല്‍സേഷ്യന്‍ നായ കുരയ്ക്കുംപോലെ ഉഗ്രമായ ഒരു ചിരി!


എന്നാല്‍ ആ ചിരികൊണ്ടൊന്നും അയാളുടെ പേരില്‍ എനിക്കുള്ള ഭയാശങ്കകള്‍ നീങ്ങിയില്ല.നിങ്ങള്‍ എന്താണ് ഉറങ്ങാത്തത് എന്ന് അയാള്‍ക്ക് ഇനിയും ചോദിക്കാം.


ഏതാണ്ട് ഇങ്ങനത്തെ ഒരു അനുഭവം ആറേഴുകൊല്ലംമുന്‍പ് മൈസൂരില്‍ വച്ചുണ്ടായത് അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി.


ഞാന്‍ ബോംബെയില്‍നിന്ന് നാട്ടിലേക്ക് കുറുക്കുവഴിക്ക് മൈസൂരിലൂടെ വരികയായിരുന്നു.പൂനാ-ബാംഗ്ലൂര്‍ മെയില്‍ ട്രെയിനില്‍ അരിശിക്കരയില്‍ നിന്ന് മൈസൂരിലേക്ക് മാറിക്കയറിയ പാസഞ്ചര്‍ വണ്ടിയിലെ ഒരു മൂന്നാംക്ലാസ്

മുറിയില്‍ വണ്ടി പുറപ്പെടാറായപ്പോള്‍ ഞാനും എന്‍റെ ഒരു കൂറ്റന്‍ സ്യൂട്ട്-കേസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.വണ്ടി മുന്നോട്ടുനീങ്ങിയപ്പോള്‍ മധ്യവയസ്കനായൊരു മലയാളി മാപ്പിളയും കൂടെ ഒരു ചെക്കനും എന്‍റെ മുറിയിലേക്ക് പാഞ്ഞുകയറി.അങ്ങനെ മുറിയില്‍ ഞങ്ങള്‍ മൂന്നുപേരായി. വിശാലവും വിജനവുമായ പട്ടിക്കാടുകളിലൂടെയാണ് റയില്‍പ്പാത പോകുന്നത്.ആപ്പീസുകള്‍ക്കിടയില്‍ പത്തും
ഇരുപതും മൈല്‍ ദൂരവും കാണും.വണ്ടിയുടെ പോക്ക് സാവധാനമാകയാല്‍ അടുത്ത സ്റ്റേഷനിലെത്താന്‍ ചിലപ്പോള്‍ അരമുക്കാല്‍ മണിക്കൂര്‍ പിടിക്കും.
സഹയാത്രികര്‍ മലയാളികളാണല്ലോ എന്നോര്‍ത്ത് ആദ്യം അല്പം ആശ്വസിച്ചുവെങ്കിലും പിന്നീട് ആ കാക്കയുടെ നോട്ടവും പെരുമാറ്റവും ആകപ്പാടെ എനിക്കത്ര പിടിക്കാതെയുമായി.

എങ്ങോട്ടാണ് പോകുന്നതെന്നു ഞാന്‍ ആ കാക്കയോടു ചോദിച്ചു. ഹാസ്സനിലേക്കാണെന്ന് അയാള്‍ പറഞ്ഞു.


വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ കൂടെ കൊണ്ടുവന്നിരുന്ന തുണിസ്സഞ്ചിയില്‍നിന്ന് രണ്ടുമൂന്നു വാഴപ്പഴമെടുത്തു.ഒരെണ്ണം എനിക്കു വച്ചുനീട്ടി. ഞാന്‍ വേണ്ടെന്നുപറഞ്ഞിട്ടും അയാള്‍ ലോഹ്യഭാവത്തില്‍ പഴം വാങ്ങാന്‍ എന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ വാങ്ങി.എന്നെ മയക്കി ഉറക്കാനുള്ള എന്തെങ്കിലും മരുന്ന് ആ പഴത്തില്‍ തിരുകിവച്ചേക്കാന്‍ ഇടയുണ്ടെന്ന സംശയത്താല്‍,ഞാന്‍ പുറംതിരിഞ്ഞിരുന്ന് മുമ്പ് ഞാന്‍ വാങ്ങിക്കരുതിയിരുന്ന പഴത്തില്‍നിന്ന് ഒരെണ്ണം തരത്തില്‍ കൈക്കലാക്കി,മാപ്പിള സത്കരിച്ച പഴം പുറത്തേക്കെറിഞ്ഞുകളഞ്ഞു.


അയാള്‍ കാണ്‍കെ ഞാന്‍ പഴം തിന്നു.കുറച്ചുകഴിഞ്ഞ് ഉറക്കംനടിച്ച് ഞാന്‍ ബെഞ്ചില്‍ വിരിവിരിച്ച് ഒരു കിടത്തം കിടന്നു.


കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്‍റെ സഹയാത്രികന്‍ മാപ്പിള മെല്ലെ എഴുന്നേറ്റ് എന്‍റെയടുക്കല്‍ കുനിഞ്ഞുനിന്ന്‌ ഞാന്‍ മുറുകിയ നിദ്രയിലാണോ എന്നു പരിശോധിക്കാന്‍ എന്‍റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കുന്നത്,എന്‍റെ ഇടതു കണ്‍പോളകളുടെ വിള്ളലിലൂടെ സൂത്രത്തില്‍ ഞാന്‍ കണ്ടുപിടിക്കയുണ്ടായി.


ആള്‍ ഉറങ്ങിയെന്നു ബോധ്യമായാല്‍ എന്‍റെ സ്യൂട്ട്-കേസ് ആ പയ്യന്‍റെ തലയില്‍ എടുത്തുവച്ച്‌ അവനെ ഏതെങ്കിലും സ്റ്റേഷനില്‍ ഇറക്കിവിടും.അതാണ്‌ തന്ത്രം.


പരീക്ഷണം തുടങ്ങുന്നത് അപകടകരമാണെന്നു കരുതി ഞാന്‍ വേഗം എഴുന്നേറ്റിരുന്നു.പിന്നെ കിടന്നതേയില്ല.ഒരു നോവല്‍ വായിച്ചുകൊണ്ട് സമയം കഴിച്ചു.മരുന്ന് ഫലിച്ചില്ലെന്നു ബോധ്യമായപ്പോള്‍ ആ മാപ്പിള ഹാസ്സനിലെത്താന്‍ കാത്തിരിക്കാതെ വഴിക്കൊരു സ്റ്റേഷനില്‍ ആ പയ്യനെയുംകൂട്ടി ഇറങ്ങുന്നതുകണ്ടു.ഞാന്‍ പുറത്തേക്ക് എത്തിനോക്കി.ഇരുവരും വേറൊരു മുറിയില്‍ കയറിക്കൂടുന്നതും ഞാന്‍ കണ്ടുപിടിച്ചു.


ഇവിടെ ഈ കൈറോ ട്രെയിനിലെ സ്ഥിതി മൈസൂര്‍ ട്രെയിനിലേതിനേക്കാള്‍ ആപച്ഛങ്കാകുലമാണ്.ഞാന്‍ ഉറങ്ങിയാലും ഉറങ്ങിയില്ലെങ്കിലും ജീവന്‍ അപകടത്തിലാണ് എന്ന ഒരു ഭീതി എന്നെ പിടികൂടി.ഒരിക്കല്‍ തീരുമാനിച്ചു; ഉറക്കം വരില്ലെങ്കിലും കണ്ണടച്ചുകിടക്കുന്നതാണ് നല്ലത്.എന്‍റെ പെട്ടികളും സാമാനങ്ങളുമെല്ലാം അറബി എടുത്തു കൊണ്ടുപോയ്‌ക്കൊള്ളട്ടെ,ജീവന്‍ രക്ഷപ്പെട്ടു കിട്ടുമല്ലോ!


"കൈറോയില്‍ ആദ്യമായിട്ടാണോ പോകുന്നത്?"" - അയാളുടെ ചോദ്യം.


"അതെ,ആദ്യമായിട്ട്."ഇന്ത്യയില്‍നിന്നു പുറപ്പെട്ട് സൂയസ്കനാല്‍ കടക്കാതെയാണ് ഞാന്‍ കൈറോവിലെത്തുക." -എന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു.


അതുകേട്ടിട്ട് അയാളുടെ മുഖത്ത് അദ്ഭുതത്തിന്‍റെ നേരിയൊരല പോലും ഇളകിക്കണ്ടില്ല.(അയാള്‍ക്ക് ഭൂമിശാസ്ത്രജ്ഞാനം വളരെ കമ്മിയാണെന്ന് എനിക്കു മനസ്സിലായി.)


മരുഭൂമിയുടെ മാറിലൂടെയായിരിക്കണം വണ്ടി ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അടച്ചിട്ട ചില്ലുജാലകത്തിലൂടെ നോക്കുമ്പോള്‍ നാട്ടുവെളിച്ചത്തില്‍ നരച്ച ശൂന്യവിസ്തൃതിയാണ് ദൃശ്യമാകുന്നത്.


ആ അറബി എന്നെപ്പിടിച്ച് വാരിക്കൂട്ടിയെടുത്ത് പുറത്തേക്ക് ആ മരുശൂന്യതയിലേക്ക് എറിഞ്ഞുകളയുകയാണെങ്കില്‍!!!


അതോര്‍ത്തപ്പോള്‍ ഊക്കന്‍ പരിഭ്രമം എന്‍റെ മുഖത്തു പ്രതിഫലിച്ചുവെന്ന് തോന്നുന്നു.അബ്ദുള്‍ മൊബാറക്ക് എന്‍റെ മുഖം സൂക്ഷിച്ചുനോക്കിയിട്ടാണോ എന്നെ സമാധാനിപ്പിക്കാന്‍ ഇങ്ങനെ പറഞ്ഞത് എന്നറിഞ്ഞുകൂടാ.


-"എന്‍റെ സുഹൃത്ത് പേടിക്കണ്ട.ഞാനും കൈറോവിലേക്കു തന്നെയാണ്."


പിന്നെ അയാള്‍ പഴയൊരു അറബ് ഗ്രാമീണഗാനം പാടി,അതിന്‍റെ അര്‍ത്ഥം പറഞ്ഞുതന്നു. - "നൈല്‍നദീ,നീ പായുന്നത് കൈറോവിലേക്കാണ്;പേടിക്കേണ്ട അവിടെ മനുഷ്യസഹോദരരുണ്ട്."


ഞാന്‍ വീണ്ടും വിഷമത്തിലകപ്പെട്ടു.എന്‍റെ സഹയാത്രികന്‍റെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി.അയാള്‍ ഒരു കഴുതയോ അല്ലാ കഴുതപ്പുലിയോ?അയാളുടെ ഉള്ളില്‍ എന്തെങ്കിലും ദുര്‍വിചാരങ്ങള്‍ ഉണ്ടായിരിക്കുമോ?


നേരം പാതിര കഴിഞ്ഞു.കൈറോവിലെത്താന്‍ ഇനിയും പത്തുമണിക്കൂര്‍ യാത്രയുണ്ട്.


ഞങ്ങളിരുവരും അങ്ങനെതന്നെ ഇരിക്കുകയാണ്, വളരെനേരം കൂടുമ്പോള്‍ ഓരോന്നു പറഞ്ഞുകൊണ്ട്...


കൈറോ!

കഫെകളുടെയും കാബറെകളുടെയും കള്ളന്‍മാരുടെയും കാമവെറിക്കൂത്തിന്‍റെയും പിരമിഡിന്‍റെയും കൊക്കകോളയുടെയും ഒട്ടകത്തിന്‍റെയും നഗരമാണെന്ന് ഒരമേരിക്കക്കാരന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

"എന്താണ് ഉറങ്ങാന്‍ കിടക്കാത്തത്?(വൈ യു നോ ഗോ സ്ലീപ്‌...?)"


ഞാന്‍ ഭയത്തോടെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആ ചോദ്യം അയാളുടെ വായില്‍നിന്ന് പുറത്തുചാടി!


"ശരി,ഉറങ്ങിക്കളയാം."


ഞാന്‍ വിരിയെടുത്ത് കുഷ്യന്‍ മെത്തയില്‍ വിരിച്ചു.ഉറങ്ങാന്‍ കിടന്നു.(ആറേഴു വര്‍ഷംമുമ്പ് മൈസൂര്‍ട്രെയിനിലെ മൂന്നാംക്ലാസ് കമ്പാര്‍ട്ടുമെണ്ടില്‍,ആ മാപ്പിളയുടെ കണ്ണില്‍പൊടിയിട്ട് ഉറക്കം നടിച്ചുകിടന്ന സംഭവം ഓര്‍ത്തു.)


നല്ല തണുപ്പ്;ക്ഷീണവും...ഞാന്‍ എപ്പോഴോ മയങ്ങിപ്പോയി.

ഉണര്‍ന്നു കണ്ണുമിഴിച്ചപ്പോള്‍ നേരം പ്രകാശമായിട്ടുണ്ടായിരുന്നു.

അബ്ദുള്‍ മൊബാറക്ക് അവിടെ ആ മൂലയില്‍ത്തന്നെ കൂനിക്കൂടിയിരിക്കുന്നുണ്ട്. അരികെ വേറെ ഒരറബിയും. നാടന്‍മട്ടില്‍ ജലേബിയാ കുപ്പായവും തലക്കെട്ടും ധരിച്ച ഒരു കിഴവന്‍.


"സബാ എല്‍കേഹര്‍" - അബ്ദുള്‍ മൊബാറക്ക് ആദ്യം അറബിയില്‍ എന്നെ അഭിവാദ്യം ചെയ്തു;പിന്നെ ഇംഗ്ലീഷിലും - "ഗുഡ് മോര്‍ണിംഗ്"


"ഗുഡ് മോര്‍ണിംഗ്" - ഞാനും പ്രത്യഭിവാദ്യം ചെയ്തു.


"യു വാണ്‍ത്ത് ഷായി?"(ചായ വേണമോ എന്ന്.)


വണ്ടി ഒരു സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു.അയാള്‍ താഴെയിറങ്ങി എനിക്ക് ഒരു കോപ്പ കരിഞ്ചായത്തണ്ണി കൊണ്ടുവന്നുതന്നു.


എട്ടുമണിയായപ്പോള്‍ നഗരപ്രാന്തങ്ങള്‍ കണ്ടുതുടങ്ങി. സമീപത്തുതന്നെ നൈല്‍നദിയും നദിയോടു യോജിപ്പിച്ചുകൊണ്ടുള്ള ജലസേചനകുല്യകളും ഈന്തപ്പനത്തോപ്പുകളും ഒട്ടകങ്ങളും.


ഒന്‍പതുമണിക്ക് കൈറോ സ്റ്റേഷനില്‍ ഇറങ്ങി.അബ്ദുള്‍ മൊബാറക്ക് എന്നെ തന്‍റെകൂടെ ഒരു ടാക്സിയില്‍ കയറ്റി. ഞങ്ങള്‍ നേരെപോയത് നഗരപ്രാന്തത്തിലെ അസ്റ്റോറിയ എന്ന വലിയൊരു ഹോട്ടലിലേക്കായിരുന്നു.


ഹോട്ടലില്‍ നേരെ നാലാംനിലയിലെ നാല്പത്തിയഞ്ചാം നമ്പര്‍ റൂമിനടുത്തുചെന്ന് അബ്ദുള്‍ മൊബാറക്ക് പോക്കറ്റില്‍നിന്ന് താക്കോലെടുത്ത് റൂം തുറന്ന്,പിന്നെ എന്നെ അകത്തേക്കു ക്ഷണിച്ചുകൊണ്ട് പറഞ്ഞു.

- "നിങ്ങളിവിടെ നാലഞ്ചു ദിവസം സുഖമായി താമസിച്ചോളൂ.റൂമിന്‍റെ പതിനഞ്ചു ദിവസത്തെ വാടക മുന്‍‌കൂര്‍ കൊടുത്തിട്ടുണ്ട്.

അതുംപറഞ്ഞ് അയാള്‍ ഞങ്ങള്‍ വന്ന ടാക്സിയില്‍ത്തന്നെ എങ്ങോട്ടോ പോയി, പിന്നെക്കാണാമെന്ന് ധൃതിയില്‍ പറഞ്ഞുകൊണ്ട്.ഞാന്‍ സുഖമായ ഒരുറക്കത്തിന് വട്ടംകൂട്ടി. ക്ഷീണംകൊണ്ട് വേഗം ഉറങ്ങിപ്പോയി.വാതിലില്‍ ഉറക്കെ മുട്ടുന്ന ശബ്ദംകേട്ട് ഉണര്‍ന്നു.വാതില്‍ തുറന്നപ്പോള്‍ മിഴികള്‍ എതിരേറ്റത് മൂന്നുനാല് ഈജിപ്ഷ്യന്‍ പോലീസുദ്യോഗസ്ഥന്‍മാരെയാണ്.


മുറിയില്‍ ഇന്ത്യക്കാരനായ എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് അദ്ഭുതത്തേക്കാധികം സംശയമാണ് തോന്നിയത്.


"ഈ മുറിയില്‍ നിങ്ങളാണോ താമസം?"


"അതെ...ഞാന്‍ ഒരു മണിക്കൂര്‍മുമ്പേ ഇവിടെ എത്തി."


'നിങ്ങളുടെ പാസ്പോര്‍ട്ട്‌ കാണട്ടെ.'


ഞാന്‍ എന്‍റെ പാസ്പ്പോര്‍ട്ട് എടുത്തുകൊടുത്തു. 


'നിങ്ങള്‍ ഹോട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലേ?'

-പാസ്പ്പോര്‍ട്ടും അതില്‍ നിക്ഷേപിച്ച മറ്റ് രേഖകളും പരിശോധിച്ചുകൊണ്ട് പോലീസ് തലവന്‍ എന്നോടു ചോദിച്ചു.

എന്‍റെ സുഹൃത്ത് അബ്ദുള്‍ മൊബാറക്ക് എഫണ്ടി എന്നെ സ്റ്റേഷനില്‍നിന്ന് ഈ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വരികയാണുണ്ടായതെന്നും അതിനാല്‍ റിസപ്ഷന്‍ റൂമില്‍പ്പോയി പേര് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം നേരിടേണ്ടിവന്നില്ലെന്നും ഞാന്‍ അറിയിച്ചു.


"സ്നേഹിതന്‍ അബ്ദുള്‍ മൊബാറക്കോ?" - പോലീസുദ്യോഗസ്ഥന്‍ ചോദിച്ചു. - "ആരാണത്?അയാളെ എവിടെവച്ച് പരിചയപ്പെട്ടു?"


ലുക്സറില്‍ നിന്ന് ട്രെയിനില്‍ കയറിയതുമുതല്‍ക്ക് നടന്ന സംഭവം ഞാന്‍ ആ ഉദ്യോഗസ്ഥന് വിവരിച്ചുകൊടുത്തു.


എല്ലാംകേട്ട് അദ്ദേഹം അര്‍ത്ഥഗര്‍ഭമായി ഒന്നുചിരിച്ചു.


"നിങ്ങള്‍ എത്രദിവസം കൈറോവില്‍ താമസിക്കും?" - പോലീസുദ്യോഗസ്ഥന്‍ ചോദിച്ചു.


'ഒരുമാസം.നാലഞ്ചു ദിവസം ഈ ഹോട്ടലില്‍ത്തന്നെ ഉണ്ടായിരിക്കും.'


"ശരി."

അയാള്‍ സംശയം തീര്‍ന്നമട്ടില്‍ തലകുലുക്കി. പിന്നെ,പോകുമ്പോള്‍ എന്നെ ഒരു കാര്യം ഓര്‍മ്മപ്പെടുത്തി, ഹോട്ടലിലെ റിസപ്ഷനില്‍പോയി വിദേശികളുടെ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍.

വിദേശികളുടെ പട്ടികയില്‍ പേര് രജിസ്റ്റര്‍ചെയ്യാന്‍ ചെന്നപ്പോഴാണ് മാനേജര്‍ എന്നോട് അക്കഥ പറഞ്ഞത്. അബ്ദുള്‍ മൊബാറക്ക്‌ എന്ന,എന്‍റെ പുതിയ അറബിസുഹൃത്ത് വാസ്തവത്തില്‍,കൈറോ പോലീസ് വളരെനാളായി പിടിക്കാന്‍ പാടുപെട്ടുനടക്കുന്ന അന്‍വര്‍ ലബീബ്ബ് എന്ന കുപ്രസിദ്ധനായ കള്ളനത്രേ...!!!

Friday, March 1, 2013

ഊഞ്ഞാലിന്മേല്‍

-ബാലാമണിയമ്മ  











ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.

ശൂന്യതയെച്ചിത്രരേഖാങ്കിതമാക്കും
വന്യവടത്തിന്‍ വിരലില്‍ത്തൂങ്ങി, 
പ്രാകൃതാഹ്ലാദത്തിന്‍ പച്ചത്തിടമ്പാകും
നീ കളിയാടുന്നൂ പേര്‍ത്തും പേര്‍ത്തും.         

അമ്മനുഷ്യാത്മാവു കൌതുകാലോരോരോ
കര്‍മ്മകാണ്ഡങ്ങളിലെന്നപോലെ,
നര്‍ത്തനം ചെയ് വൂ നീ മേലോട്ടു പോംതോറും
നേര്‍ത്തുവരും വിണ്ണൊതുക്കുകളില്‍. 

വാനില്‍ നിന്നെത്തുന്നൂ ദിവ്യഭോഗങ്ങളെ-
പ്പൂനിലാവില്‍പ്പൊതിഞ്ഞേന്തും രാത്രി. 
ആലിന്റെ കൊമ്പുകള്‍തോറും കൊഴിഞ്ഞു,വീ-
ണാലസിപ്പൂ നറുംവൈരക്കല്‍കള്‍. 

ആടുകെന്നൂഞ്ഞാലേ മുന്നോട്ടവയെ ഞാ-
നാശു പോയ്‌വാരുവേന്‍ കൈനിറയെ.
പാതാളം മെല്ലെന്നുയര്‍ത്തി നിവര്‍ത്തുന്നു 
പാരിന്റെ തൃപ്പൊന്‍ജയക്കൊടിയെ. 

പാഴ്മറ നീക്കുന്നു മന്ദം മയില്‍‌പ്പീലി-
പ്പാവാട ചാര്‍ത്തുന്ന ഭൂതധാത്രി.
ആടുകെന്നൂഞ്ഞാലേ,പിന്നോട്ടു വിശ്രമം
തേടുവേനമ്മതന്‍ വാര്‍മടിയില്‍. 

ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.

നിന്നില്‍ നിന്നുച്ചലിയ്ക്കാവൂ സദാനന്ദ-
ത്തിന്നൂഷ്മളോച്ച്വാസനിശ്വാസങ്ങള്‍. 
നിന്‍ചുറ്റും നിന്നു തിമിര്‍ക്കാവൂ കാലത്തിന്‍ 
പിഞ്ചോമല്‍പ്പൈതങ്ങള്‍ നാഴികകള്‍.