Friday, April 23, 2021

പുസ്തകങ്ങളുടെ കൂര

 


  




- ശില്‍പ നിരവില്‍പ്പുഴ 



എന്നെങ്കിലുമൊരിക്കല്‍

പുസ്തകങ്ങള്‍ കൊണ്ടൊരു

കൂര പണിയുകയാണെങ്കില്‍

തസ്‌ലീമയുടെ ലജ്ജ കൊണ്ട്

മുന്‍വാതില്‍ പണിയണം.

കൊല്ലാന്‍ തീരുമാനിച്ചൊരുവന്‍ വന്നാലും

കരുത്തേറിയ വാതിലുകള്‍

അവനെ തടുത്തുവച്ചോളും.


എംടിയുടെ മഞ്ഞുകൊണ്ട്

ചുമര് കെട്ടിപ്പടുക്കണം.

മൃദുലമനോഹരമായ 

അതിന്‍റെ ആഴമേറിയ ഉള്ളറകള്‍

നമ്മളെ വാത്സല്യത്തോടെ

പൊതിഞ്ഞുസൂക്ഷിച്ചുകൊള്ളും.


മേല്‍ക്കൂരയില്‍

കമലയുടെ നീര്‍മാതളം പൂത്ത കാലം

മേഞ്ഞ് നിരപ്പാക്കണം.

കുളിരുള്ള ഓരോ മഴയും

എരിയുന്ന വെയിലും വേനലും

വന്യമായ പ്രകൃതിയുടെ നൃത്തവും

അത് ഹൃദയത്തിലേറ്റുവാങ്ങും.


ബെന്യാമിന്‍റെ ആടുജീവിതം

ജനല്‍പ്പാളികളില്‍ പാകണം.

അനുഭവിക്കാത്ത ജീവിതങ്ങള്‍

കെട്ടുകഥകളല്ലെന്ന് മനസ്സിലാക്കാനും

ചുറ്റിലുമുള്ള ചതിക്കുഴികളില്‍പ്പെട്ട്

താണുപോകാതിരിക്കാനുള്ള ദൂരക്കാഴ്ച

അത് നമുക്ക് തരും.


പെരുമ്പടവത്തിന്‍റെ സങ്കീര്‍ത്തനം പോലെ

കിടപ്പുമുറിയിലെ മേശപ്പുറത്ത്

സൂക്ഷിക്കാന്‍ പാകത്തില്‍

ഗ്രാമഫോണായി മാറ്റണം.

അതിലൊഴുകുന്ന ഗസലുകള്‍ക്ക്

കടലോളം നന്മയുണ്ടാകും.


സാറയുടെ ആതി, മുറ്റത്ത്

ഭംഗിയുള്ള പൂന്തോട്ടമാക്കണം.

കാലമെത്ര മാറിവന്നാലും

വസന്തം അവിടെവിട്ടുപോകില്ല.


വീടിനരികിലെ വലിയ കൊമ്പില്‍

എസ്കെയുടെ ദേശത്തിന്‍റെ കഥകൊണ്ട്

ഒരൂഞ്ഞാല് കെട്ടണം.

അതിലിരുന്നാടിയാല്‍

ഈരേഴുലോകവുമൊരുപോലെ കാണാം.


മുറ്റത്തൊരു കോണില്‍

നന്ദിതയുടെ കവിത കൊ-

ണ്ടൊരു പൊയ്ക തീര്‍ക്കണം.

അതിലൊന്നു മുങ്ങി നിവര്‍ന്നാല്‍

രാവും പകലും ദേഹം പനിനീരൊഴുക്കും.


സ്വയമെഴുതിയ കുത്തിക്കുറിപ്പുകള്‍

നിലത്തു വിരിക്കണം.

നമ്മെ സ്വസ്ഥമായുറക്കാന്‍

നമ്മുടെ സ്വപ്നങ്ങളോളം

കഴിവുള്ളത് മറ്റാര്‍ക്കാണ്!


(പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ ശ്രീ.ഇര്‍ഷാദ്, അദ്ദേഹത്തിന്‍റെ, 'കേച്ചേരി പുഴ' എന്ന യൂട്യൂബ് ചാനലില്‍ ചൊല്ലിക്കേട്ടതാണ് പുസ്തകങ്ങളുടെ കൂര എന്ന ഈ കവിത. നല്ല കൌതുകം തോന്നി കേട്ടപ്പോള്‍.)

image Ⓒ Cheryl Rainfield

Monday, April 12, 2021

മനഃശക്തി






- കുമാരനാശാന്‍ 


   മനസ്സിനെ വശത്തു നിറുത്താന്‍ കഴിയുമെങ്കില്‍ അത്ഭുതകരങ്ങളായ പല പ്രവൃത്തികളും ചെയ്യാമെന്നുള്ള യോഗികളുടെ സിദ്ധാന്തം പ്രയോഗയോഗ്യമല്ലാത്ത വെറും പ്രതിജ്ഞകളുടെ കൂട്ടത്തില്‍ ഒന്നല്ല.

   വിയന്നാ പട്ടണത്തിലെ ഒരു ആസ്ത്രിയന്‍ ഡോക്ടറുടെ പരീക്ഷയില്‍ പെട്ട ഒരു മനുഷ്യന്‍റെ അസാധാരണമായ മനശക്തിയെപ്പറ്റി അദ്ദേഹം ഈയിടെ ചില ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതിയിരിക്കുന്ന സംഭവം രസകരമാണ്. ഈ മനുഷ്യന് തന്‍റെ മനസ്സുപോലെ ഹൃദയത്തിന്‍റെ വലിപ്പത്തെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനും അതിന്‍റെ സ്ഥാനത്തില്‍ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അതിനെ മാറ്റി വയ്പാനും കഴിയുമത്രേ. ഹൃദയത്തിന്‍റെ അടി മിനുട്ടില്‍ എണ്‍പതു വീതമുള്ളതു കുറച്ച് അന്‍പതാക്കുന്നതിനും, ഹൃദയപഞ്ജരത്തിന്‍റെ വലത്തേ കക്ഷ്യയിലോ മദ്ധ്യരേഖയിലോ ഹൃദയത്തെ ഇഷ്ടംപോലെ കൊണ്ടുവരുന്നതിനും അയാള്‍ക്ക് കഴിയും. ആദ്യത്തേതിന് അയാള്‍ അതിവേഗത്തില്‍ പോകുന്നു എന്നും രണ്ടാമത്തേതിന് തന്‍റെ ശ്വാസകോശത്തിന്‍റെ ഇടത്തേ ദളം മുറിഞ്ഞുപോകുന്നു എന്നും തന്നത്താന്‍ വിചാരിച്ചാല്‍ മതി. ശരീരത്തില്‍ ഏതു ദിക്കിലെങ്കിലും ചോര ഒലിപ്പിക്കാനും വീക്കമുണ്ടാക്കാനും അയാള്‍ക്ക് ഒരു പ്രയാസവുമില്ല. അവിടം തീപ്പെട്ടു പൊള്ളിയിരിക്കുന്നു എന്ന ഒരു വിശ്വാസം ബലമായി മനസ്സില്‍ അടിച്ചുകേറ്റിയാല്‍ മതി. ഈ അസാധാരണ മനുഷ്യന് തന്‍റെ കണ്മണികള്‍ രണ്ടും ഒരുമിച്ചോ വെവ്വേറെയായോ ഇഷ്ടം പോലെ ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യാനും കഴിയുമത്രേ.

   ഈ വിദ്യയെ ശാസ്ത്രീയരീതിയില്‍ ക്രമപ്പെടുത്തി അഭ്യസിച്ചാല്‍ മനുഷ്യവര്‍ഗ്ഗത്തിന് അളവറ്റ ഗുണങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്.


('കുമാരനാശാന്‍റെ സമ്പൂര്‍ണ്ണകൃതികള്‍ ഭാഗം : നാല്' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ചെറുലേഖനം എടുത്തിരിക്കുന്നത്. 'കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ട്' ആണ് ഈ സമാഹാരത്തിന്‍റെ പ്രസാധകര്‍. ആശാന്‍ ആരംഭിച്ച വിവേകോദയം മാഗസിനില്‍ കൊല്ലവര്‍ഷം 1086 മീനമാസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇത്.)