Saturday, June 26, 2021

മുത്തശ്ശിമുത്ത്







കാവാലം നാരായണപ്പണിക്കര്‍


മുത്തശ്ശിപ്പേച്ചിതു മുത്തായ്‌ മനസ്സിലും

മുറിയാതെ കാതിലും കിലുകിലുങ്ങീ.

"കാര്യം തിരിഞ്ഞതു സിദ്ധാന്തം

തിരിയാത്തതെല്ലാം വേദാന്തം."


നിനക്കു തിരിഞ്ഞെന്നു സംതൃപ്തിയരുളുന്ന

സിദ്ധാന്തമേതുണ്ട്?

നിനക്കു തിരിയാത്തതെന്നസുഖം കൂറാന്‍

വേദാന്തമേതുണ്ട്?

തിരിഞ്ഞതിനോടു നിനക്കു പുച്ഛം

തിരിയാത്തതിനോടു വിശ്വാസം.


നീ നിന്‍റെയുള്ളില്‍ താലോലമാട്ടും

നിനവെല്ലാമുണരാത്ത കനവാണോ?

നിന്നെക്കാള്‍ വലിയവനാരോ കിനാക്കാണു-

മമ്മൂമ്മക്കഥയോ ജീവിതം?


ഉറക്കത്തിലാരോ കാണും കിനാവിലെ

ഉറപ്പില്ലാ വേഷമോ നീ?

നിനവാകാക്കനവാകാ-

ക്കായാകാക്കനിയാകാ-

ത്താകാശപ്പൂവോ നീ?

ചിറകിടാന്‍ കഴിയാതെ

പുഴുവായിയിഴയുന്ന

മണ്ണിന്‍റെ വേദാന്തമേ?

വിണ്ണിനെയെത്തിപ്പിടിക്കുവാനല്ലെങ്കില്‍

കണ്ണുകൊണ്ടെന്തു ഫലം?

കണ്ണെന്നാല്‍ക്കണ്ണല്ലാ, മുക്കാലദൃഷ്ടിക-

ളൂന്നും നരന്‍റെയകവെളിച്ചം.


ശുദ്ധമാം ശൂന്യതതന്നില്‍ നിന്നെങ്ങനെ

സിദ്ധാന്തം നെയ്തെടുക്കും?

വേദമറിയാതെ വേദാന്തമറിയുമോ?

പൊരുളറിയാതെയകപ്പൊരുളറിയുമോ?

ഉരയറിയാതെയുള്ളുരയറിയുമോ?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍......


മണ്ണില്‍ മയങ്ങുന്ന മുത്തശ്ശിയോടു ഞാന്‍

മണ്ണില്‍ച്ചെവിയോര്‍ത്തു ചോദിച്ചു:

"സിദ്ധാന്തമെന്താണു മുത്തശ്ശീ?"

"തിരിഞ്ഞതിനോടുള്ള ബഹുമാനം."

"വേദാന്തമെന്താണു മുത്തശ്ശീ?"

"തിരിയാത്തതിനോടു ജിജ്ഞാസ."


(നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച കാവാലം കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്നുമാണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.  1987 ജനുവരി 20ന് ശ്രീ. കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഈ കവിത, അദ്ദേഹത്തിന്‍റെ മകനും സംഗീതജ്ഞനും എന്‍റെ ഇഷ്ടകലാകാരന്മാരില്‍ ഒരാളുമായ ശ്രീ. കാവാലം ശ്രീകുമാര്‍ ആലപിക്കുന്നത് ഇവിടെ കാണാം.)

VIDEO Ⓒ KAVALAM SRIKUMAR

Saturday, June 19, 2021

ഇരുള്‍ക്കിണറിനപ്പുറം






- എന്‍ മോഹനന്‍


     പാടത്തിന്‍റെ മാറിലേക്കുന്തിനില്‍ക്കുന്ന മലയുടെ ചെരിവിലായിരുന്നു എന്‍റെ വീട്. മൂന്നുവശത്തും പാടം. പാടത്തിന്‍റെ ഇടയിലൂടെ വളഞ്ഞും പുളഞ്ഞും ഒഴുകിയിരുന്ന, വളരെ വീതി കുറഞ്ഞ, തീരെ അഴവുമില്ലാത്ത, ഒരു തെളിനീര്‍ചോല. അത് വീട്ടുവാതുക്കലെത്തുമ്പോള്‍, കുറെ കരിങ്കല്‍ക്കൂട്ടങ്ങള്‍ കയറിയിറങ്ങി, ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ടാക്കി.

     വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് തൊട്ടപ്പുറത്തുള്ള പാടത്തിന്‍റെ നടുക്ക്, ചെറിയ ദ്വീപുപോലെ ഒരു തുണ്ട് ഭൂമി. ചെങ്കല്ലും ചെമ്മണ്ണും നിറഞ്ഞ ലേശം ഉയര്‍ന്ന തരിശുഭൂമി. അന്ന്, അവിടെ ഒരു പാലമരം ഉണ്ടായിരുന്നു, മിക്കവാറും പൂക്കളുമായി സുഗന്ധത്തിന്‍റെ പെരുമഴയുമായി. പാലയുടെ ചുവട്ടില്‍ ഒരു നെല്ലിമരവും കുറെ കാട്ടുകദളിച്ചെടികളും.

     കുട്ടികളായിരുന്ന ഞാനും അമ്മിണിക്കുട്ടിയും ആ പാലമരത്തിന്‍റെ ചുവട്ടില്‍ കളിച്ചിരുന്നു. എന്‍റെ വീടിന്‍റെ മുന്നിലെ പാടത്തിന്‍റെ അങ്ങേക്കരയിലെ കുന്നിന്‍ചെരുവിലായിരുന്നു, അമ്മിണിക്കുട്ടിയുടെ വീട്. ഞങ്ങള്‍ വീടുവച്ചു കളിച്ചു. അരീം കറീം വച്ചു കളിച്ചു. അമ്മേം അച്ഛനുമായി കളിച്ചു. പാലക്കൊമ്പില്‍ ആരോ കെട്ടിത്തന്ന ഊഞ്ഞാലില്‍, പൂക്കളും സുഗന്ധവും ചിതറിത്തെറിപ്പിച്ചുകൊണ്ട്, ആടി രസിച്ചു. നെല്ലിമരത്തില്‍ കായ്കള്‍ ഉണ്ടാകുമ്പോള്‍ പറിച്ചുതിന്നു. എന്നിട്ട് അതിന്‍റെ കയ്പ്പും കവര്‍പ്പും മാറ്റി മധുരിയ്ക്കുവാന്‍, കൈത്തോട്ടിലെ വെള്ളം, കൈക്കുമ്പിളില്‍ കോരി കുടിച്ചു. പലപ്പോഴും ചോലയിലെ ചെറിയ വെള്ളച്ചാട്ടത്തിന്‍റെ നുരഞ്ഞുപതഞ്ഞ പ്രവാഹത്തില്‍ ചേര്‍ന്നുപിടിച്ചുനിന്ന്, കുളിച്ചുല്ലസിച്ചു.

     എല്ലാം പണ്ടു നടന്നത്. എട്ടോ പത്തോ വയസ്സുള്ള കാലം. അടുത്തെങ്ങും സ്ക്കൂളില്ലാത്തതിനാല്‍ സ്ക്കൂളില്‍ പോകേണ്ടാത്തപ്പോള്‍, വീട്ടില്‍ വന്ന് ട്യൂഷന്‍ നല്‍കിയിരുന്ന മാസ്റ്ററുടെ പഠനവും ഗൃഹപാഠവും ഇല്ലാത്തപ്പോള്‍...

     പിന്നെ എന്‍റെ കുടുംബം - അച്ഛനും അമ്മയും ഞാനും - ആ സ്ഥലം വിട്ടുപോയി. വളരെ അകലെ ഒരു നാട്ടിലായി, വാസം.

     ആ പാലയും പൂക്കളും സുഗന്ധവും ഞാന്‍ ക്രമേണ മറന്നു. അമ്മിണിക്കുട്ടിയും മനസ്സില്‍നിന്ന് പതുക്കെ അകന്നുപോയി. എന്‍റെ പുതിയ കൂട്ടുകെട്ടുകളും കൌതുകങ്ങളും കളിമ്പങ്ങളും അവളെ ഓര്‍മ്മയുടെ വളരെ വളരെ, പിന്നിലെവിടെക്കോ തള്ളി അകറ്റി.

     പിന്നീടെന്നോ ഒരിക്കല്‍, ഒരു ദിവസം, അമ്മിണിക്കുട്ടി സന്നിപാതജ്വരം പിടിപെട്ട് മരിച്ചു എന്ന്, ആരോ പറയുന്നതും കേട്ടു. മരുന്നോ ശുശ്രൂഷയോ, ഒന്നും കിട്ടുവാനില്ലായിരുന്ന, അന്നത്തെ ആ നാട്ടുമ്പുറത്തെ ഏതോ നിരാശ്രയനിലത്തിന്‍റെ തരിശുമൂലയില്‍, അനാഥചരമത്തിന്‍റെ വ്യര്‍ത്ഥവിസ്മൃതിയില്‍ ഒരുപിടി ചാരമായി അവള്‍ ലയിച്ചിരിക്കണം.

     വളര്‍ച്ചയുടെ വിസ്മയങ്ങളില്‍ കൌമാരത്തിന്‍റെ കാമ്യകുതൂഹലതകളില്‍, യൌവനത്തിന്‍റെ നവ്യാഭിമുഖങ്ങളില്‍, നിക്ഷിപ്തതാത്പര്യങ്ങളില്‍, പഠനാന്വേഷണവ്യഗ്രതകളില്‍, ഞാന്‍ പിന്നെ അവളെ സമ്പൂര്‍ണ്ണമായും മറന്നു. അല്ല, മറന്നു എന്നു ധരിച്ചു.

     സത്യം പറയട്ടെ, മറക്കുവാന്‍ ഒരിക്കലും സമ്മതിക്കാതെ, അവള്‍ എന്നും എന്‍റെ ഭാഗധേയങ്ങളെ പിന്തുടരുകയായിരുന്നു എന്ന്, വളരെ പിന്നീടുമാത്രമേ, എനിക്ക് മനസിലാക്കുവാന്‍ കഴിഞ്ഞുള്ളു.

     പിരിഞ്ഞിട്ട് വളരെ കാലങ്ങള്‍ക്കുശേഷം, ഒരിക്കല്‍, അമ്മിണിക്കുട്ടി ഒരോര്‍മ്മപോലും അല്ലാതിരുന്ന ഒരു വേളയില്‍, ഒരു പ്രണയ പരാജയത്തിന്‍റെ അതികഠിനമായ നൊമ്പരത്തില്‍ തളര്‍ന്ന്, തകര്‍ന്ന്, ഞാന്‍ വ്യസനിച്ചിരിക്കവേ, എന്‍റെ അമ്മ അടുക്കല്‍ വന്നുപറഞ്ഞു:

     "സാരമില്ല മോനേ! സാരമില്ല. കഴിഞ്ഞ ജന്മങ്ങളിലെന്നോ, നീ ഏതോ ഒരു പെണ്‍കുട്ടിയെ സങ്കടപ്പെടുത്തിയിട്ടുണ്ടാവാം. വിധിയോ ദൈവമോ, രണ്ടുംകൂടി ചേര്‍ന്നോ, വൈകിയാണെങ്കിലും ഇപ്പോള്‍, നീതി നടത്തുകയാവും എന്ന് സമാധാനിച്ചാല്‍ മതി... സാരമില്ല."

     ഞാന്‍ തല ഉയര്‍ത്തിനോക്കുമ്പോള്‍, അമ്മ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. പക്ഷേ, പൊടുന്നനെ, എങ്ങുനിന്നോ പാലപ്പൂവിന്‍റെ തീക്ഷ്ണഗന്ധം പൊന്തി. എവിടെനിന്നെന്നോ എങ്ങനെയെന്നോ അറിയാതെ അത്ഭുതപ്പെടുമ്പോള്‍, ഭൂതകാലത്തിന്‍റെ നിഴലുകള്‍ നൃത്തമാടുന്ന ഏതോ ഒരു ചെറിയ തെളിനീരരുവിയുടെ തീരത്ത്, പാടപ്പച്ചപ്പിന്‍റെ നടുവില്‍, നിറപൂക്കളാര്‍ന്ന ഒരു പാലമരമായി, അമ്മിണിക്കുട്ടി നില്‍ക്കുന്നതുപോലെ തോന്നി. അവളുടെ ചുറ്റുമുള്ള ഹരിതവിസ്തൃതി എന്‍റെ പരാജയങ്ങളുടെ പാടശേഖരങ്ങളായി പരന്നുകിടന്നു. നനഞ്ഞ തെന്നലിലുലഞ്ഞാടിയ നെല്‍ത്തലപ്പുകള്‍ ദുഃഖമര്‍മ്മരം പൊഴിച്ചപ്പോഴും അലിവിന്‍റെ നിറപുഞ്ചിരിയായി അവള്‍ നിന്നു. ചൈത്രസന്ധ്യയുടെ താന്തസൗന്ദര്യമായെത്തിയ, ആ സുഗന്ധമന്ദസ്മിതം, ഒരു സാന്ത്വനം പോലെ എന്നെ തഴുകിത്തലോടി ആശ്വസിപ്പിച്ചു....

     ഞടുക്കത്തോടെ ഞാന്‍ വീണ്ടും നോക്കി. അതെ. അമ്മിണിക്കുട്ടി!

     - മകന്‍റെ പൂര്‍വ്വജന്മപാപങ്ങളുടെ മുറിപ്പാടുകളിലൊന്നായി അമ്മ ചൂണ്ടിക്കാട്ടിയത് നിന്നെത്തന്നെയാണോ അമ്മിണിക്കുട്ടീ! ഞാന്‍ എന്നെങ്കിലും നിന്നെ സങ്കടപ്പെടുത്തുകയുണ്ടായിട്ടുണ്ടോ? പറയൂ... ബാല്യത്തിന്‍റെ നിഷ്കളങ്കതകളിലെപ്പോഴെങ്കിലും, അറിയാതെ...? ഞാന്‍ പോലും അറിയാതെ...?

   അവള്‍ ഒന്നും പറയുകയുണ്ടായില്ല. കനിവായി നില്‍ക്കുക മാത്രമേ ചെയ്തുള്ളു.

     ആ സാന്ത്വനം മറക്കുക വയ്യ. അതെന്നെ രക്ഷിച്ചത് ഒരു ആത്മഹത്യയില്‍ നിന്നായിരുന്നു. അന്നുമാത്രമല്ല, പിന്നെയും എത്രയോ പ്രാവശ്യം, ആ സുഗന്ധസാന്നിദ്ധ്യം എന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നോ? രക്ഷിച്ചിട്ടുണ്ടെന്നോ? ജീവിതത്തിന്‍റെ തിരിച്ചടികളില്‍ നിന്നും മോഹഭംഗങ്ങളുടെ കഠിനാഘാതങ്ങളില്‍ നിന്നും കിട്ടിയ തളര്‍ച്ചയില്‍, ദിക്കും ലക്കും പോക്കും തെറ്റി, വഴികളുടെ പരിഭ്രമസന്ധികളില്‍ സ്തബ്ധനായി നിന്ന എത്രയോ പരീക്ഷണവേളകളില്‍ കൈചൂണ്ടിയായി, താങ്ങായി, തണലായി ആ സുഗന്ധമെത്തിയിട്ടുണ്ടെന്നോ?

     ഞാന്‍ ഇന്നും അമ്മിണിക്കുട്ടിയെ ഓര്‍മ്മിക്കുന്നത്, സ്പര്‍ശിക്കാനോ ദര്‍ശിക്കാനോ സംവദിക്കാനോ ആവാത്ത ഒരു സുഗന്ധമായാണ്. അത് നല്‍കുന്ന ആശ്വാസാനുഭൂതിയായാണ്...

     അനിശ്ചിതത്വത്തിന്‍റെ മുള്ളുവിതറിയ വഴിക്കവലകള്‍ ഭീതിപ്പെടുത്തുന്ന അസ്വസ്ഥസംഭ്രമസന്ധികളിലും ഞാന്‍ കാത്തുനില്‍പ്പുണ്ടാവും... വിറപൂണ്ട്, വിയര്‍ത്ത്... കറുത്ത സൂര്യനെയും കാത്ത്.

     ഇന്നും, നാളെയും, ഒരുപക്ഷേ, പിന്നെയും... ജന്മാന്തരവന്ധ്യതകളുടെ അന്ധകാരവാപികള്‍ക്കപ്പുറവും...


[എന്‍ മോഹനന്‍ രചിച്ച കഥകളുടെ 'ഒന്നും പറയാതെ' എന്ന സമാഹാരത്തില്‍ നിന്നുമാണ് ഈ കഥ എടുത്തിരിക്കുന്നത്.] 

Image Ⓒ