Wednesday, October 7, 2015

അകലം

      - അസ്മോ പുത്തൻചിറ

എന്നിൽ നിന്ന്

നിന്നിലേക്കുള്ള അകലം
ഒരു വാക്കാണ്‌.
പറയുമ്പോൾ 
മധുരവും
കേൾക്കുമ്പോൾ 
കയ്പും.

വാക്കിൽ നിന്ന്

പ്രവൃത്തിയിലേക്കുള്ള അകലം
ഒരു പ്രതിസന്ധിയാണ്.
മറ്റുള്ളവർക്ക് 
വലിച്ചുനീട്ടാൻ കഴിയുന്നതും
സ്വന്തമായി
ചുരുക്കാൻ കഴിയാത്തതും.

പ്രതിസന്ധിയിൽ നിന്ന്

പരിഹാരത്തിലേക്കുള്ള അകലം
ഒരു താൽപ്പര്യമാണ്.
സ്വന്തമായി
ഉണ്ടാവേണ്ടതും 
മറ്റുള്ളവർക്ക് 
ഉണ്ടാവാത്തതും.

താൽപ്പര്യത്തിൽ നിന്ന്

നിരാശയിലേക്കുള്ള അകലം
ഒരു നിലപാടാണ്.
ചിലർക്ക് 
വീണുകിട്ടുന്നതും
മറ്റു ചിലർ 
സ്വയം ഉണ്ടാക്കുന്നതും.

കരച്ചിലിൽ നിന്ന്

ചിരിയിലേക്കുള്ള അകലം
ഒരു ജീവിതമാണ്‌.
ആവശ്യപ്പെടാതെ
ലഭിക്കുന്നതും
ആവശ്യങ്ങൾ 
തീരാത്തതും.

(ഈയടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞു ഈ എഴുത്തുകാരൻ. ഭാഷാപോഷിണിയുടെ 2006 ഫെബ്രുവരി ലക്കത്തിൽ വന്ന കവിതയാണ് ഇത്.)

Tuesday, September 29, 2015

മാതൃഹൃദയം

       മാതൃഹൃദയം  - ബാലാമണിയമ്മ 

                      
"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി-
ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം"
തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ
കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍.
സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി-
ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. 

മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍
മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ;
അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച-
മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. 

ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി-
ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം!
പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍
ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി,
ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍
"മാതൃഹൃദയവും പ്രേമദരിദ്രമോ?"

വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും
പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍
എന്നന്തരാത്മാവിലൂറുന്ന വാത്സല്യ-
വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍
ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച 
നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

"പൂര്‍ണമായില്ലെന്‍ കടമ, മാതൃത്വമാം
പുണ്യാശ്രമത്തില്‍ക്കടന്നു കാല്‍വെയ്ക്കലാല്‍-
ഇന്നിര്‍മ്മലാത്മാവെ വെച്ചു പൂജിപ്പതി-
ന്നെന്നുള്‍ത്തടത്തിനെ ശ്രീകോവിലാക്കലാല്‍-
വിശ്വാത്മകന്‍റെയിത്തങ്കത്തിടമ്പിനെന്‍-
വിശ്വസ്തജീവിതമര്‍പ്പണം ചെയ്യലാല്‍-
ഞാനിപ്പ്രപഞ്ചത്തിനമ്മയായെങ്കിലേ,
മാനിതമായ് വരൂ നിന്‍ ജന്മമോമനേ!
മന്നില്‍പ്പരക്കും വെളിച്ചമെന്‍ കണ്ണിനു
നിന്നിളം പുഞ്ചിരിത്തൂമതാനാകണം.
ഓരോ ദളമര്‍മ്മരത്തിലും ഞാന്‍ കേള്‍പ്പ-
തോടിയെത്തും നിന്‍റെ കാലൊച്ചയാവണം.
ഏതൊരു ദുര്‍ഭഗജീവിയിലും നിന്‍റെ
പൂതസൌന്ദര്യത്തെ ഞാനാസ്വദിക്കണം.

മണ്ണിലിഴഞ്ഞു നടക്കും പുഴുവെയു-
മൊന്നു ലാളിപ്പതിന്നെന്‍ കൈകള്‍ വെമ്പവേ,
അല്‍പം ചതഞ്ഞൊരു പുല്‍ക്കൊടി കാണ്‍കിലു-
മക്ഷികളില്‍ദ്ദുഖബാഷ്പം നിറയവേ,
വാനിലേയ്ക്കാരാല്‍ക്കുതിക്കുന്ന പാറ്റത-
ന്നാനന്ദവായ്പുമെന്നുള്‍ കുളിര്‍പ്പിക്കവേ,
കണ്മണി, നിന്നെക്കണക്കേ, കളിക്കുമി-
ക്കര്‍മ്മപ്പ്രപഞ്ചത്തെയെന്നു ഞാന്‍ നോക്കുമോ,
അന്നുതാന്‍ കല്‍പായുതങ്ങള്‍ തന്‍കൈവേല
തീര്‍ന്നു മേ മാതൃഹൃദയം സുരൂപമാം."

Sunday, January 25, 2015

ധർമ്മയുദ്ധം


- വി കെ എൻ 

കുരുക്ഷേത്രയുദ്ധത്തിൽ അർജുനന് യുദ്ധം ചെയ്യേണ്ട ദിവസം പുലർന്നു. കൃഷ്ണൻ തേരോടിച്ച്, പാർത്ഥൻ പടക്കളത്തിലെത്തി. തൻറെ പിതൃക്കളും ബന്ധുക്കളുമടങ്ങുന്ന കൌരവസേന എതിരേ നിരന്നു. അവരെ നോക്കി അമ്പും വില്ലും നിലത്തിട്ട് തൻറെ സ്യാലനായ കൃഷ്ണനോട്‌ സുഭദ്രയുടെ ഭർത്താവ് പറഞ്ഞു:
''എനിക്ക് വയ്യ, സാലാ. എൻറെ ബന്ധുമിത്രാദികളേയും പിതൃക്കളേയും കൊല്ലാൻ വേറെ ആളെ നോക്ക്.''

"എടാ ശവീ..." - എന്നു പറഞ്ഞ് കൃഷ്ണൻ വിജയന് ഗീതാ ക്ളാസെടുത്തു.

'കാര്യമായ വല്ല ലളിതാസഹസ്രനാമവും ജപിക്കുകയാവാം... എന്നാൽ അത് കഴിയട്ടെ' എന്ന് കരുതി കൌരവസേന കാത്തുനിന്നു.

ഗീതാഗോവിന്ദം കഴിഞ്ഞ് ഇരുകക്ഷികളും യുദ്ധം തുടങ്ങി. കൗരവന്മാർ തോറ്റു. തങ്ങൾ പാണ്ഡവർക്ക് കീഴടങ്ങിയതായി ജനീവ കരാറിൽ ഒപ്പുവച്ചു.

ഒരുവർഷം കഴിഞ്ഞ് കൌരവൻറെ പട്ടാളത്തിൽ അവശേഷിച്ച ഒരു കുരു, യദൃച്ഛയാ കൃഷ്ണനെ കണ്ടപ്പോൾ ചോദിച്ചു :
"അർജ്ജുനൻ അരങ്ങു തകർത്ത ദിവസം താങ്കൾ എന്തു സ്വകാര്യ മാണ് അയാളോട് പറഞ്ഞത്?"

കൃഷ്ണൻ പറഞ്ഞു : 
"എഴുന്നൂറ് ശ്ളോകം വരുന്ന ഭഗവദ്ഗീത എന്ന ഖണ്ഡകാവ്യം നിർമ്മിച്ച് അളിയനെ കേൾപ്പിക്കയായിരുന്നു."

ധർമ്മം ജയിച്ചെന്ന് പെൻഷൻ പറ്റിയ കുരു ഭടൻ പറഞ്ഞു. 
ധർമ്മത്തെക്കുറിച്ചാണ് മൂന്നുമണി നേരം താൻ അളിയൻറെ ചെവിയിലോതിയതെന്ന് കൃഷ്ണനും പറഞ്ഞു.

അതല്ല താൻ ഉദ്ദേശിച്ചത് എന്നായി കുരു.

"പിന്നെ?"

"മൂന്നുമണി നേരത്തെ ദ്രുതകവിതാരചനക്കിടയ്ക്ക് പാണ്ഡവരെ ഞങ്ങൾക്ക് തോൽപ്പിക്കാമായിരുന്നു."

കൃഷ്ണൻ ചോദിച്ചു : 
"പിന്നെന്തേ ചെയ്യാഞ്ഞൂ?"

കുരു പറഞ്ഞു :
"ധർമ്മയുദ്ധമായിരുന്നില്യോ?!" 

Wednesday, January 7, 2015

കാവ്യലോകസ്മരണകൾ

- വൈലോപ്പിള്ളി ശ്രീധരമേനോൻ


     അക്കാലത്ത് അദ്ധ്യാപകൻ നിലവാരപ്പെട്ട മത ആചാരങ്ങളേയും സാമൂഹ്യമര്യാദകളേയും ചോദ്യം ചെയ്തുകൂടാ. 1934-നിടയ്ക്ക് ഞാൻ എഴുതി, പ്രസിദ്ധീകരിച്ച ഒരു കവിതയ്ക്കുണ്ടായ പ്രതികരണത്തിൽ നിന്നും ഈ നിർബന്ധം ഞാൻ മനസ്സിലാക്കി.
സംഗതി ഇതാണ് : 

എൻറെ സുഹൃത്തായ പുന്നക്കാട് ഗോപാലൻ ഒരു സംഭവം എന്നോട് പറഞ്ഞിരുന്നു.
     "എറണാകുളത്ത് പച്ചാളത്ത് മാന്യനായ ഒരു ഈഴവ വൃദ്ധൻ മരിക്കാറായപ്പോൾ മക്കളോട് പറഞ്ഞുവത്രേ : 'ധാരാളം സമ്പാദിച്ചിരുന്നു; വീട്ടിൽവച്ച് പൂജിച്ചിരുന്ന ഒരു വിഗ്രഹത്തിൻറെ മുമ്പിൽ നിവേദ്യത്തിനും ആരാധനക്കും ഭജനക്കും നൃത്തത്തിനുമൊക്കെയായി ആ സമ്പാദ്യമെല്ലാം ധൂർത്തടിച്ചു. വീട്ടിൽ വേണ്ടതുപോലെ ചെലവിനു കൊടുക്കാതെ...നിങ്ങളെ വേണ്ടതുപോലെ പഠിപ്പിക്കാതെ... ഞാൻ പാപം ചെയ്തു. ഈശ്വരനു വേണ്ടി പണം ഹോമിക്കുന്നത് പാപമാണ്. ഇത് ഞാനിന്ന് മനസ്സിലാക്കി. ഞാൻ ഏതായാലും മരിക്കാറായി. കയ്യിൽ ഒരു കാശുമില്ല. ആകെ അവശേഷിച്ചിട്ടുള്ളത് ഒരു പെട്ടി നിറയെ വഴിപാടിട്ടിട്ടുള്ള വെള്ളിക്കാശ് മാത്രമാണ്. നിങ്ങൾ ഒരു ശങ്കയും കൂടാതെ ആ പെട്ടി തുറന്ന് അതിലെ പണമെല്ലാം എടുത്ത് നല്ലവണ്ണം ആഹാരം കഴിച്ച്, പഠിച്ചുവളർന്ന് ഉന്നതസ്ഥിതിയിലെത്തുക.'"

ഞങ്ങളുടെ മഠത്തിൽ വലിയമ്മാവാൻ ഇതുപോലെ ശ്രീരാമചന്ദ്രൻറെ കണ്ണാടിപ്പടത്തിനു മുമ്പിൽ ഭജനകൾ നടത്തിയിരുന്നതും ഞങ്ങളൊക്കെ അതിൽ പങ്കെടുത്തിരുന്നതും അനുസ്മരിച്ച് ആ അനുഭവരസത്തോടെ മേൽപ്പറഞ്ഞ സംഭവം കവിതയാക്കി എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. കഥയിലെ അച്ഛൻ, കവിതയിൽ അമ്മാവനായി എന്നുമാത്രം; മക്കൾ മരുമക്കളും...

ദീനശയ്യയിൽക്കിടന്നമ്മാവൻ-
             പറയുന്നു 
ഞാനൊരു കാര്യം ചൊല്ലാം,
             മരിക്കുന്നതിൻ മുമ്പേ
മൂത്തവർ ചെയ്തിട്ടുള്ള മൂഡതയി-
             ന്നേക്കാല 
മാദ്യമാം ശിശുപാഠമാകട്ടെ-
             നിങ്ങള്‍ക്കെല്ലാം.  

- എന്ന് തുടങ്ങുന്ന ആ കവിത, മിക്കവാറും എൻറെ സ്നേഹിതൻ പറഞ്ഞ കഥയുടെ പകർപ്പാണ്.

പരലോകത്തിൽ പുഞ്ചവാങ്ങു-
             വാൻ പണത്തിന് 
പുരയോടിളക്കുന്ന പുരുഷൻ-
             മഹാഭോഷൻ,
ഭോഷനായ് ജീവിച്ചേറെ-
             ജീവിതം കെടുത്തീ ഞാൻ 
ഈശനെ ദുരാഗ്രഹിയാക്കി-
             ഞാൻ ദീവാളിയായ് 
വെച്ചിരിക്കുന്നേൻ ഭദ്രം, തേ-
             വാരമുറിക്കുള്ളിൽ 
പിച്ചളക്കെട്ടുള്ളോരുശോണ- 
             വർണ്ണമാം പെട്ടി 
പൊക്കുവാൻ പ്രയാസമാണത്ര-
             മേൽ അതിന്നുള്ളിൽ 
തിക്കിവെച്ചിരിക്കുന്നു പൊൻ-
             പണം വെള്ളിക്കാശും 
എന്നുടെ കാലം തീർന്നാലപ്പ-
             ണമെല്ലാമെടു-
ത്തുണ്ണുവിൻ പഠിക്കുവിൻ ഉയർ-
             ച്ച കൊൾവിൻ നിങ്ങൾ...
- എന്നും മറ്റും....

കവിത പുറത്തുവന്നപ്പോൾ സ്ക്കൂളിൽ അദ്ധ്യാപക മണ്ഡലങ്ങളിൽ നിന്നുണ്ടായ വിമർശനവും പ്രതിഷേധവും പോകട്ടെ, ഉത്തരകേരളത്തിലെ ഒരു മാസികയിൽ എന്നെ ശകാരിച്ചുകൊണ്ട് ഏതോ ഒരു ശംഖനാഥൻ രണ്ടര പേജ് എഴുതിനിറച്ചിരുന്നു.

'അമ്മാവൻ എന്താണ് മിണ്ടാത്തത്? അമ്മാവൻ ചത്തു പോയോ?' - എന്നായിരുന്നു അവസാന വാക്യം. എൻറെ ഈ കവിതാവിപ്ളവം അദ്ധ്യാപകസംസ്കാരത്തിന് ചേർന്നതല്ല എന്ന് എൻറെ നാട്ടിൽ ഒരു പൊതുവിധിയും ഉണ്ണ്ടായി.
ഞാൻ ചിരിച്ചു....

ഈശ്വരനെ ഞാനാ കവിതയിൽ അധിക്ഷേപിച്ചില്ല. ഈശ്വരഭക്തിയുടെ പേരിൽ, ഉള്ള പണം മുഴുവൻ ദീവാളി കുളിച്ച് ഉറ്റവരെ വഴിയാധാരമാക്കുന്ന വിഡ്ഢികളെയാണ് ഞാൻ വിമർശിച്ചത്.

(ശ്രീ.വൈലോപ്പിള്ളി ശ്രീധരമേനോൻ തൻറെ കാവ്യലോകത്തെ ജീവിതാനുഭവങ്ങൾ പങ്കുവച്ച കാവ്യലോക സ്മരണകൾ എന്ന പുസ്തകത്തിലെ ഇരുപത്തിനാലാം അദ്ധ്യായത്തിലെ ആദ്യഭാഗമാണിത്.)