Thursday, July 30, 2020

സദ്‌ഗതി










-
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒടുവിലമംഗളദര്‍ശനയായ്
ബധിരയായന്ധയായ് മൂകയായി
നിരുപമ പിംഗലകേശിനിയായ്
മരണം നിന്മുന്നിലും വന്നുനില്‍ക്കും.

പരിതാപമില്ലാതവളൊടൊപ്പം
പരലോകയാത്രയ്ക്കിറങ്ങും മുമ്പേ
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ നിന്‍ ഹൃദയം
പരതിപ്പരതിത്തളര്‍ന്നുപോകെ,
ഒരുനാളും നോക്കാതെ മാറ്റിവച്ച 
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും.
അതിലന്നു നീയെന്‍റെ പേരു കാണും
അതിലെന്‍റെ ജീവന്‍റെ നേരു കാണും.

പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാ നിമിഷം
ഉദിതാന്തരബാഷ്പപൌര്‍ണ്ണമിയില്‍ 
പരിദീപ്തമാകും നിന്നന്തരംഗം.
ക്ഷണികേ ജഗല്‍സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും.

(1991ലാണ് ഈ കവിത പിറക്കുന്നത്)      
                                               
  

Wednesday, July 15, 2020

മാധ്യമം വിധി പറയുമ്പോള്‍















- എം ടി വാസുദേവന്‍ നായര്‍


     ഇബ്സന്‍റെ പ്രസിദ്ധമായ ഒരു നാടകമുണ്ട് : ജന്മശത്രു. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാനത് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി, ഒരു രസത്തിന്. ഒരു ചെറിയ പട്ടണത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുടെ ധര്‍മ്മസങ്കടമാണ് പ്രമേയം. എല്ലാവര്‍ക്കും ഡോക്ടറെ ഇഷ്ടമാണ്. ഭാര്യയും മകളും മകനുമുള്ള സംതൃപ്തകുടുംബം. ഭാര്യയുടെ സഹോദരന്‍ ആ നോര്‍വീജിയന്‍ നഗരത്തിലെ മുന്‍സിപ്പല്‍ കമ്മീഷണറാണ്. മകള്‍ക്ക് ചില കല്യാണാലോചനകള്‍ വന്നിരിക്കുന്നു. ഒന്ന് ഉറപ്പിക്കാമെന്നായിട്ടുണ്ട്.

     ഡോക്ടര്‍ തന്‍റെ കേസുകളില്‍ കുറേയേറെ ചര്‍മ്മരോഗക്കാരുള്ളത് ശ്രദ്ധിച്ചു. അവരുടെ കണക്കെടുത്തു. അവരെല്ലാം ഒരു പ്രത്യേക സ്ഥലത്തുനിന്ന് വരുന്നവരാണ് എന്ന്‍ മനസ്സിലാക്കി. ഒരു ജലാശയത്തിന്‍റെ പരിസരത്ത് താമസിക്കുന്നവര്‍. വെള്ളത്തില്‍ രോഗാണുക്കളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ആ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന്‍ ഡോക്ടര്‍ പ്രചരണം തുടങ്ങി.


     മുന്‍സിപ്പല്‍ കമ്മീഷണറായ അളിയന്‍ ക്ഷോഭിച്ചുകൊണ്ട് വന്നു : "മിണ്ടിപ്പോകരുത്. അവിടെ സ്നാനഘട്ടങ്ങള്‍ പണി ചെയ്തുകഴിഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. വെള്ളം ഞങ്ങള്‍ ശുദ്ധീകരിച്ചുകൊള്ളാം. മിണ്ടിപ്പോകരുത്."


     പക്ഷെ ഡോക്ടര്‍ അതിന് തയ്യാറായില്ല. ഡോക്ടര്‍ നോട്ടീസുകള്‍ പ്രചരിപ്പിച്ചു. മുന്‍സിപ്പല്‍ കമ്മീഷണറുടെ സ്വാധീനം കൊണ്ട് പത്രങ്ങള്‍ ഡോക്ടറുടെ സഹായത്തിന് എത്തിയില്ല. ഭാര്യകൂടി ഡോക്ടര്‍ക്ക് എതിരായിരുന്നു. മകളുടെ കല്യാണക്കാര്യം മുടങ്ങി. രോഗികള്‍ ഭ്രാന്തന്‍ ഡോക്ടറെ കാണാന്‍ വരാതായി. ഭരണാധിപന്മാരും പത്രങ്ങളും എല്ലാം ചേര്‍ന്ന് ഡോക്ടറെ ജനശത്രുവായി പ്രഖ്യാപിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം വീടു വളഞ്ഞു. കല്ലെറിഞ്ഞു തകര്‍ത്തു.


     നാല്‍പ്പത്തഞ്ചുകൊല്ലം മുമ്പ് വായിച്ചതായതുകൊണ്ട് വിശദാംശങ്ങളില്‍ വല്ല തെറ്റുകളും വന്നിരിക്കാം. ക്ഷമിക്കുക. നാടകത്തിന്‍റെ അവസാനം ഞാന്‍ ഓര്‍മ്മിക്കുന്നു. അകത്തു വന്നുവീണ കല്ലുകള്‍ അവര്‍ പെറുക്കിക്കൂട്ടുകയാണ്. 'അച്ഛാ, ഇതാ എനിക്ക് വലുതൊന്ന് കിട്ടി.' മകന്‍ പറയുന്നുണ്ട്. 'നോക്കൂ, അവരെല്ലാവരെക്കാളും ശക്തന്‍ നിങ്ങളാണ്' എന്ന് അചഞ്ചലനായി നില്‍ക്കുന്ന ഭര്‍ത്താവിനോട് ഭാര്യ പറയുന്നേടത്താണ് നാടകം അവസാനിക്കുന്നത്.


     ഇതിന് എക്കാലവും പ്രസക്തിയുണ്ട്. അതുകൊണ്ടായിരിക്കണം സത്യജിത്ത് റേ 'ഗണശത്രു' എന്ന പേരില്‍ തന്‍റെ അവസാനകാലത്ത് ഇത് ചലച്ചിത്രമാക്കിയത്.


     ആള്‍ക്കൂട്ടത്തിന് വിവേചനമില്ല. ചില നൈമിഷിക വികാരങ്ങളേയുള്ളു. ആള്‍ക്കൂട്ടത്തിന്‍റെ കൂടെച്ചേര്‍ന്ന്‍ കോലാഹലമുണ്ടാക്കാന്‍ ശരാശരി വ്യക്തിക്കും ഇഷ്ടമാണ്. കൂടുതല്‍ ഉച്ചത്തില്‍ ആക്രോശിച്ചാല്‍ താല്‍ക്കാലികമായി കൂട്ടത്തിലൊരാള്‍ ശ്രദ്ധേയനായിത്തീരുന്നു.


     തൊട്ടുമുമ്പില്‍ പ്രത്യക്ഷത്തില്‍ ഉടന്‍ കാണുന്നതാവണം തന്‍റെ വിക്രിയ എന്ന്‍ ആള്‍ക്കൂട്ടത്തിന് നിര്‍ബന്ധമാണ്‌. കല്ലേറില്‍ ചില്ലുകള്‍ ഉടന്‍ തകര്‍ന്നു വീഴും. തീവെയ്പില്‍ ഉടന്‍ കത്തിച്ചാമ്പലാവും.


     സത്യത്തിന്‍റെ ശബ്ദം ഒറ്റപ്പെട്ടതാണ്. ചിലപ്പോള്‍ ക്ഷീണിതവുമായിരിക്കും. എങ്കിലും ഇത് കേള്‍പ്പിച്ചേതീരൂ എന്ന പ്രതിബദ്ധതയാണ്. പത്രങ്ങള്‍ക്കും മീഡിയകള്‍ക്കും വേണ്ടത്. കൂടെ ഏറ്റുപറയാന്‍ ആളുണ്ടാവില്ല. ഭ്രാന്തവചനമെന്ന് ആള്‍ക്കൂട്ടം വിധിയെഴുതിയേക്കാം. ഇബ്സന്‍റെ ഡോക്ടറുടെ അവസ്ഥ. ആരും കൂടെയില്ലെങ്കിലും കാലഘട്ടത്തിനും സമൂഹത്തിനും മനുഷ്യരാശിയ്ക്കും ആവശ്യമാണ് എന്ന് തോന്നി നിലപാടുകള്‍ സ്വീകരിക്കുമ്പോഴേ ക്രിയാത്മകമായ പത്രപ്രവര്‍ത്തനം രൂപമെടുക്കൂ.


     ജനാധിപത്യവ്യവസ്ഥയില്‍ സാധാരണക്കാരന്‍റെ നീതിപീഠമായി നാം മീഡിയയെ കാണുന്നു. ഈ കടമ നിര്‍വഹിച്ച അവസരങ്ങളെ നാം നന്ദിപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നു. പക്ഷെ, നീതിനിര്‍വഹണം എന്നത് ഇപ്പോള്‍ അപൂര്‍വ്വസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.


     ISRO ചാരക്കേസിന്‍റെ കാര്യമെടുക്കാം. പത്രങ്ങള്‍ പ്രതികളെ ആദ്യം തന്നെ കുറ്റവാളികളായി മുദ്രകുത്തി തുടര്‍ക്കഥകള്‍ എഴുതിക്കൊണ്ടേയിരുന്നു. 'A പത്രം' അരപ്പേജ് കൊടുക്കുമ്പോള്‍ 'B പത്രം' മുക്കാല്‍പ്പേജ്. കാറ്റും കോളും കലാപവുമടങ്ങിയപ്പോള്‍ അവശേഷിച്ചത് കുറേ തകര്‍ന്ന കുടുംബങ്ങള്‍, മനസ്സിന്‍റെ സമനില തെറ്റിയ വീട്ടമ്മമാര്‍, പഠിപ്പുപേക്ഷിക്കാന്‍ പ്രേരിതരായ മക്കള്‍! പാപത്തിന്‍റെയും ശാപത്തിന്‍റെയും ഫലങ്ങള്‍ തുടര്‍ക്കഥകള്‍ സൃഷ്ടിച്ചവരെ, അതിന് പ്രേരിപ്പിച്ചവരെ, വേട്ടയാടില്ലെന്നുണ്ടോ?


     ബിസ്ക്കറ്റ് രാജാവായ രാജന്‍പിള്ള വ്യാവസായിക സാമ്രാജ്യം വിദേശത്ത് പടുത്തുയര്‍‍ത്തിയെന്നുകേട്ട നാം വീരകഥകള്‍ പറഞ്ഞു. കേരളത്തിന്‍റെ വിജയമായി വാഴ്ത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ അധോലോകത്തിലേയ്ക്ക് തപ്പുകൊട്ടി ഇറക്കി. കൂവിയാര്‍ത്തു. നിയമത്തിന്‍റെ കുടുക്കുകള്‍ മുറുകുന്നതു കണ്ട് ആഹ്ലാദിച്ചു. ജയിലില്‍ മരിച്ചപ്പോള്‍ വീണ്ടും വീരനായകപദവിയിലേക്കുയര്‍ത്തി. നിയമത്തിനെ മാത്രം നാമെന്തിനു കുറ്റം പറയുന്നു? മനസ്സാക്ഷി എന്നത് എന്നോ നഷ്ടപ്പെട്ട ഒരു ജനതയാണ് നമ്മള്‍. നമ്മുടെ വികാരങ്ങള്‍ വായിച്ചറിഞ്ഞ് ആ പാകത്തിലാണല്ലോ പത്രങ്ങളും മീഡിയകളും ഒരുക്കപ്പെടുന്നത്.


     രാജീവ്ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പോയ ശേഷം അദ്ദേഹത്തിനു വേണ്ടി സെക്യൂരിറ്റി വകയില്‍ ചെലവാക്കുന്ന തുകകളുടെ കണക്കുകള്‍ ഉദ്ദരിച്ച് വി പി സിംഗിന്‍റെ ഭരണകാലത്ത് എല്ലാ പത്രങ്ങളും ആനുകാലികങ്ങളും പരിഹാസരൂപത്തില്‍ ഫീച്ചറുകള്‍ എഴുതി. ശ്രീപെരുംപുതൂരില്‍ മനുഷ്യബോംബ് പൊട്ടി അദ്ദേഹം മരിച്ചപ്പോള്‍ ഇതേ പത്രങ്ങള്‍, ഇതേ കോളമിസ്റ്റുകള്‍, സെക്യൂരിറ്റിയുടെ അപര്യാപ്തതയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ദീര്‍ഘമായി എഴുതി. നേരത്തെ പരിഹസിച്ച നേതാക്കളും ഇപ്പോള്‍ ആ പക്ഷത്തു ചേര്‍ന്നു.


     ജനവും പത്രക്കാരും എളുപ്പത്തില്‍ മറന്ന ഒരു കേരള സംഭവം - കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. പ്രശസ്ത നടനും നിര്‍മ്മാതാവും ഒക്കെയായ ഒരു മാന്യസുഹൃത്തിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ ഒരു പയ്യന്‍ ജോലിക്ക് നിന്നിരുന്നു. അവനെ കാണാതായി. കഥകള്‍ പരന്നു. പയ്യനെ കൊന്ന് കുഴിച്ചു മൂടിയതാണ്. കഥകള്‍ പെരുകിയപ്പോള്‍ കൊലയ്ക്കു കാരണങ്ങളായി സൂചനകളിലൂടെ ഒളിയമ്പുകള്‍. പയ്യന് വീട്ടിലെ സ്ത്രീകളിലാരോടോ അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നുവരെ പരോക്ഷമായി ആരോപിച്ചു. ഗൃഹനാഥന്‍ അതുകണ്ടു, കൊന്നു! നിഗൂഡമായി എവിടെയോ ശവം കൊണ്ടുപോയി കത്തിച്ചുകളഞ്ഞു! ജനം, കൊല്ലപ്പെട്ട പയ്യന്‍റെ ആത്മാവിന് നീതി കൊടുക്കാനിറങ്ങി. സത്യഗ്രഹം, ധര്‍ണ, ജാഥ. പൊറുതിമുട്ടിയ നടന്‍ രാത്രിയില്‍ കുടുംബവുമായി ഒളിച്ചുപോയി. മറുനാട്ടില്‍ കഴിയുമ്പോഴും കലാപം തുടര്‍ന്നു. അച്ഛന്‍റെ അന്ത്യനാളുകളില്‍ സമീപമെത്താന്‍കൂടി കഴിഞ്ഞില്ല. ധര്‍മ്മപുത്രന്മാര്‍ കുറുവടികളേന്തി കാത്തുനില്‍ക്കുകയല്ലേ?


     ഒന്നരവര്‍ഷത്തിനുശേഷം ആ പയ്യനെ കല്ലായില്‍ ഒരു ചായക്കടയില്‍ കണ്ടെത്തി. പത്രങ്ങളിലെ കോലാഹലമൊന്നും അവനറിയില്ല. വീട്ടുപണിയെക്കാള്‍ നല്ല ഒരു ജോലി തേടിയിറങ്ങിയതാണ്. വീട്ടുകാരോട് പറയാന്‍ മടിതോന്നി. അവന് ഗൃഹനാഥനെ ഇഷ്ടമാണ്; വീട്ടുകാരെയും. ജോലി വിട്ടുപോകുന്നു എന്നു പറയാനുള്ള മടി. അതുകൊണ്ട് ചെറിയ സഞ്ചിയില്‍ ഉടുപ്പുകളും തിരുകി ശമ്പളം വാങ്ങിയതിന്‍റെ മൂന്നാം ദിവസം ഇറങ്ങിപ്പോന്നതാണ്.


     പയ്യനെ കണ്ടെത്തിയ വാര്‍ത്ത നീണ്ട കോളങ്ങള്‍ കൊലയ്ക്കുവേണ്ടി നീക്കിവച്ച പത്രങ്ങള്‍ ഒന്നില്‍ മാത്രം അഞ്ചാം പേജില്‍ ഏഴാം കോളത്തിനിടയില്‍ എട്ടുവരിയില്‍ വന്നു - സത്യം പറയണമല്ലോ!


     1989 മെയ്. കല്‍ക്കത്തയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് ജനങ്ങള്‍ തകര്‍ക്കുന്നു. വീട്ടുകാരെ ഇടത്തരക്കാരുടെ ആ കോളനിയില്‍നിന്നും ഓടിക്കുന്നു. പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. വിലാസം തെറ്റിയ വാര്‍ത്തയാണ് ഇതിനു കാരണം : മറ്റൊരു ചൌധരി, മറ്റൊരു കോളനി!


     ഒരു ആസ്ത്രേലിയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ 'ഈവിള്‍ ഏഞ്ചല്‍സ്' എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഒരു മധ്യവയസ്ക്കനായ പുരോഹിതനും ഭാര്യയും മൂന്നു മക്കളും കൂടി അയല്‍ക്കാരോടൊപ്പം  ഒരു മലഞ്ചെരുവിലെ പ്രശസ്തമായ പിക്നിക് സങ്കേതത്തിലേക്ക് പോയി. വിവാഹം കഴിക്കാവുന്ന ഒരു സഭയിലെ ഒരു പുരോഹിതനാണദ്ദേഹം. ഇളയകുഞ്ഞിന് മൂന്നുമാസം.


കുടുംബങ്ങളെല്ലാം ചേര്‍ന്ന്‍ ആടിപ്പാടി. ഇടയ്ക്ക് നോക്കുമ്പോള്‍ താല്‍ക്കാലിക കൂടാരത്തില്‍ തുണിത്തൊട്ടിലില്‍ കിടത്തിയ കുട്ടിയെ കാണുന്നില്ല. ഒരു കാട്ടുനായ ഇരുട്ടിലൂടെ പോകുന്നത് ചിലര്‍ കണ്ടിരുന്നു. ചൂട്ടും പന്തവുമായി രാത്രിയും പകലും തിരഞ്ഞു. കുട്ടിയെ കണ്ടില്ല.

     ദുഃഖിതമായ കുടുംബം തിരിച്ചെത്തി. സമൂഹം മുഴുവന്‍ അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ടു. അപ്പോഴാണ് ഒരു ജന്തുശാസ്ത്രജ്ഞന്‍ പ്രസ്താവന ഇറക്കുന്നത് : കാട്ടുനായയ്ക്ക് പത്ത് റാത്തല്‍ തൂക്കം വരുന്ന കുട്ടിയെ കടിച്ചെടുത്ത് ഓടിമറയാനാവില്ല.

     പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും വിദഗ്ദ്ധനെ തലങ്ങും വിലങ്ങും അഭിമുഖം നടത്തി. 
ആരോ ഒരു സൂചന കൊടുത്തു : കുട്ടിയെ തള്ള കൊന്നതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ രമ്യതയിലല്ല. മറ്റൊരു വാദഗതി കൂടി വന്നു : ബലി കൊടുക്കലില്‍ വിശ്വസിക്കുന്ന ഒരു പ്രത്യേക അവാന്തരവിഭാഗങ്ങളില്‍പ്പെട്ട വൈദികനാണദ്ദേഹം. രണ്ടുപേരും ചേര്‍ന്നാണ് കുറ്റം ചെയ്തത്. 
പത്രങ്ങളേക്കാള്‍ പ്രചരണത്തിന് മുന്‍കൈ എടുത്തത് ടെലിവിഷന്‍ കമ്പനികളാണ്.

     അച്ഛനും അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടു. കോടതിയിലെ വിചാരണവേളയില്‍ അമ്മയുടെ മൊഴികളില്‍ പൂര്‍വ്വാപരവൈരുദ്ധ്യം കണ്ടെത്തി. കോടതി അമ്മയെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു.

     എട്ട് വര്‍ഷത്തിനുശേഷം നായാട്ടുകാര്‍ മണ്ണില്‍ പൂഴ്ന്നുകിടക്കുന്ന കുട്ടിയുടെ ഉടുപ്പ് കണ്ടെത്തി. അതില്‍ കാട്ടുനായയുടെ പല്ല് കോര്‍ത്തുവലിച്ച കീറലുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു. അമ്മയെ മോചിപ്പിച്ചു. ഗവണ്മെന്‍ മാപ്പ്റ് പറഞ്ഞു.

     മാനസികപീഡനത്തിന്, ചവിട്ടിയരയ്ക്കപ്പെട്ട നിഷ്കളങ്കതയ്ക്ക് അധികൃതമോ അനധികൃതമോ ആയ ഒരു മാപ്പ് പരിഹാരമാവുമോ?

     ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെ നിരപരാധിയായി കാണണം എന്നാണ് ഇന്ത്യയിലെ നിയമവ്യവസ്ഥ. കുറ്റം ചാര്‍ത്തുന്നതും വിധി പറയുന്നതും മീഡിയടാവുമ്പോഴോ? സത്യം മുഴുവന്‍ പറയണമെന്നില്ല, പറയുന്നത് സത്യമായിരിക്കണം എന്നായിരുന്നു ഇവിടത്തെ സ്വാതന്ത്ര്യാനന്തര ദശകങ്ങളിലെ പത്രധര്‍മ്മം. പിന്നീടാകട്ടെ നമ്മളതും പരിഷ്കരിച്ചു. പത്രം കൂടുതല്‍ ചെലവാകുമെങ്കില്‍ അര്‍ദ്ധസത്യത്തെയും അസത്യത്തെയും മൂടുപടമണിയിച്ച് സത്യമാക്കി അവതരിപ്പിച്ചാലും തെറ്റില്ല എന്ന്‍ പുതിയ ധര്‍മ്മശാസ്ത്രം വളര്‍ത്തി.

     സത്യം കോലാഹലമല്ല. സത്യാന്വേഷണം പ്രകടനവുമല്ല. സത്യം തേടുന്ന യാത്രയില്‍ ഒരാള്‍ ഒറ്റപ്പെട്ട പഥികനായിരിക്കും. സമസൃഷ്ടികളോടുള്ള സഹാനുഭൂതിയാണ് ഇരുട്ടില്‍ അയാളുടെ വഴിവിളക്ക്. പത്രവും ടി വി പരിപാടിയുമൊക്കെ ഒരു ഉപഭോഗവസ്തു ആവുമ്പോള്‍ ഒരുപക്ഷെ, ഈ വലിയ സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല. എങ്കിലും പത്രരംഗത്തെ നവാഗതര്‍ മനസ്സാക്ഷി നഷ്ടപ്പെടുത്താത്ത ഒരു തലമുറയാവട്ടെ എന്ന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

(തിരുവനന്തപുരം പ്രസ്സ് ക്ലബിന്‍റെ ബിരുദദാനചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്‍റെ സംഗ്രഹമാണ് ഇത്.  H&C ബുക്ക്സ് പ്രസിദ്ധീകരിച്ച വാക്കുകളുടെ വിസ്മയം എന്ന പുസ്തകത്തില്‍ നിന്നാണ് ഇത് കിട്ടിയത്.)                       

Sunday, July 5, 2020

എന്‍റെ ചരമക്കുറിപ്പ്

- വൈക്കം മുഹമ്മദ്‌ ബഷീര്‍


     സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ചുതന്ന സമയം പരിപൂര്‍ണ്ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്‍റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ സമയം.

     ഇതുവരെ ദിവസവും രാവിലെ കിടക്കപ്പായില്‍നിന്ന് എണീക്കുമ്പോള്‍ -- രാവിലെ എന്നൊന്നും പറയാന്‍ ഒക്കുകില്ല കേട്ടോ -- ഞാന്‍ പറയുമായിരുന്നു : സലാം. സമയകാലങ്ങളുടെ അനന്തതയില്‍നിന്ന് ഒരു ദിവസം കൂടി അനുവദിച്ചുതന്നല്ലോ. നന്ദി!

     ഞാന്‍ ഹൈന്ദവസന്യസിമാരുടെ കൂടെയും മുസ്ലീം സന്യാസിമാരായ സൂഫികളുടെ കൂടെയും കഴിച്ചുകൂട്ടിയ നാളുകള്‍ ഓര്‍മ്മയില്‍ വരുന്നു. അന്വേഷണമായിരുന്നു. ദൈവനാമങ്ങള്‍ ഉരുവിടുമായിരുന്നു. നിരന്തരമായ ധ്യാനമായിരുന്നു. താടിയും മുടിയും നീട്ടി ഏതാണ്ട് പരിപൂര്‍ണ്ണ നഗ്നതയിലുള്ള ഇരിപ്പ് -- പത്മാസനം , യോഗദണ്ഡ്, ദൈവം തമ്പുരാനേ, ഓര്‍ക്കുന്നു. പ്രപഞ്ചങ്ങളായ സര്‍വപ്രപഞ്ചങ്ങളെയും ബോധമണ്ഡലത്തില്‍ കേന്ദ്രീകരിച്ചു ധ്യാനത്തില്‍നിന്നുണര്‍ന്നു ഭൂഗോളവും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും സൌരയൂഥങ്ങളും അണ്ഡകടാഹങ്ങളും എല്ലാ പ്രപഞ്ചങ്ങളും കേള്‍ക്കുമാറ് വളരെ പതുക്കെ മനസ്സു മന്ത്രിക്കുന്നു: അഹം ബ്രഹ്മാസ്മി. അതുതന്നെ ധ്യാനത്തില്‍നിന്നുണര്‍ന്നു സൂഫികള്‍ മന്ത്രിക്കുന്നു : അനല്‍ഹഖ്!

     'അനര്‍ഘനിമിഷം' എന്ന എന്‍റെ ചെറുപുസ്തകത്തില്‍ 'അനല്‍ഹഖ്' ഉണ്ട്. അന്നൊരു ദിവസം ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന്‍ എനിക്കുതോന്നി. ഞാന്‍ ഇല്ലാതാകാന്‍ പോകുകയാണല്ലോ! ഞാനും നീയും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍നിന്നു നീ മാത്രം അവശേഷിക്കാന്‍ പോവുകയാണ്. അതാണ് അനര്‍ഘനിമിഷം.

     മരണം എന്നെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുകയോ ചെയ്തിട്ടില്ല. മരണം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണല്ലോ. അതുവരുമ്പോള്‍ വരട്ടെ. 

     ജനനം മുതല്‍ കുറെ അധികം പ്രാവശ്യം മരണത്തെ തൊട്ടുരുമ്മി. എന്‍റെ ഇടതുകാലില്‍ കൊടിയ വിഷമുള്ള ഒരു പാമ്പു ചുറ്റി. വലതുകാലിന്‍റെ പത്തിയിലൂടെ ഒരു വലിയ മൂര്‍ഖന്‍പാമ്പ്‌ പതുക്കെ, വളരെ പതുക്കെ ഇഴഞ്ഞുപോയി. ഞങ്ങളുടെ വീട്ടില്‍ മൂന്നുനാല് പ്രാവശ്യം മൂര്‍ഖന്‍പാമ്പ്‌ കയറി. രാത്രിയാണ് ഒടുവിലത്തെ പ്രാവശ്യം മരണവുമായി നാലുവിരല്‍ അകലെ. ഞാന്‍ പാമ്പിനെ ചവിട്ടുമായിരുന്നു.

     ഞാന്‍ മരിച്ചു. ഇനി എന്നെ ആരെങ്കിലും ഓര്‍മ്മിക്കേണമോ. എന്നെ ആരും ഓര്‍മ്മിക്കേണ്ട എന്നാണ് എനിക്കു തോന്നുന്നത്. എന്തിനോര്‍മ്മിക്കുന്നു? കോടാനുകോടി അനന്തകോടി സ്ത്രീപുരുഷന്മാര്‍ മരിച്ചുപോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓര്‍മ്മിക്കുന്നുണ്ടോ?

     എന്‍റെ പുസ്തകങ്ങള്‍. അതെല്ലാം എത്രകാലം നിലനില്‍ക്കും? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയില്‍ മറയേണ്ടതുമാണല്ലോ. എന്‍റെത് എന്നുപറയാന്‍ എന്താണുള്ളത്? എന്‍റെതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന്‍ സംഭാവന ചെയ്തിട്ടുണ്ടോ? അക്ഷരങ്ങള്‍, വാക്കുകള്‍, വികാരങ്ങള്‍ -- ഒക്കെയും കോടി മനുഷ്യര്‍ ഉപയോഗിച്ചിട്ടുള്ളതാണല്ലോ.

     പൂര്‍ണ്ണചന്ദ്രനും അനന്തകോടി നക്ഷത്രങ്ങളും തെളിഞ്ഞ ഏകാന്തഭീകരാത്ഭുതസുന്ദരരാത്രിയില്‍ ചക്രവാളത്തിനകത്ത് തനിച്ചു ഞാന്‍ രണ്ടുമൂന്നു തവണ നിന്നിട്ടുണ്ട്. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പേടിച്ചുകരഞ്ഞുകൊണ്ട്‌ ഞാന്‍ ഓടിപ്പോന്നിട്ടുണ്ട്. മരുഭൂമിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഞാന്‍ മരിക്കേണ്ടതായിരുന്നു.

     അത് അജ്മീറിന് അടുത്തുവച്ചാണ്. ഒരുച്ച സമയം. ഞാന്‍ തിരിച്ചു. മരുഭൂമിയുടെ ഒരു മൂലയില്‍ക്കൂടിയാണ് വഴി. പണ്ട് വെട്ടുകല്ലുകള്‍ മാതിരി അടയാളങ്ങള്‍ ഉണ്ടായിരുന്നു, വഴിതെറ്റിപ്പോകാതിരിക്കാന്‍. കാലത്തിന്‍റെ പോക്കില്‍ കല്ലുകള്‍ മിക്കതും കാറ്റടിച്ചു മണ്ണില്‍ മൂടിപ്പോയി. എനിക്ക് വഴിതെറ്റി. ഭയങ്കര ചൂട്. നല്ല ദാഹവും. വലതുവശത്തേക്കാണ് പോകേണ്ടത്. ഞാന്‍ പോയത് ഇടതുവശത്തേക്ക്. അന്തമില്ലാത്ത മരുഭൂമി. ചുട്ടുപൊള്ളുന്നു. മുകളില്‍ ഭീകരസൂര്യന്‍ തലയുടെ അടുത്ത്. ലക്കില്ലാതെ നടക്കുകയാണ്. കാലുകള്‍ പൂണ്ടുപോകുന്നു. തോന്നുന്നത് തണുപ്പു മാതിരി. ചൂടില്‍ ഞാന്‍ വേവുകയാണ്. കൊടിയ ദാഹം. അവശനായി ഞാന്‍ വീണു. നീളത്തിലുള്ള ഒരു കരിക്കട്ടയാണ് ഞാന്‍. ഒത്ത നടുക്ക് അകത്ത് ചെറിയൊരു ചോപ്പുവെളിച്ചം. അല്ലാഹ്, എന്താണത്?

     അതുമറഞ്ഞു. ബോധം തീരെ ഇല്ല. അങ്ങനെ ചുട്ടുപഴുത്ത് എത്രനേരം കിടന്നു? ദിവസങ്ങളോ മണിക്കൂറുകളോ? അറിഞ്ഞുകൂടാ.

     അവിടെക്കിടന്നു മരിച്ചിരുന്നെങ്കിലോ?

     ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു തമാശ പോലെ. ഇഹലോകജീവിതം ഒരു വന്‍ തമാശയാണ്. ഭഗവാന്‍റെ ലീലാവിലാസം.

     ഒരിക്കല്‍ വി.കെ.എന്‍ എന്നോടു മരണത്തെപ്പറ്റിയുള്ള പ്രതികരണം ചോദിച്ചു. ഞാന്‍ പറഞ്ഞു : He puts off till the last moment (അവസാന നിമിഷംവരെ ബേജാറില്ല). വൈക്കം മുഹമ്മദ്‌ ബഷീര്‍ മരിച്ചു- വാര്‍ത്ത വരുന്നു. എന്തിനാണ് മരിച്ചത്? അപ്പോള്‍ ഒരു കാരണം വേണം. അത്രതന്നെ.

     ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്നു നിങ്ങള്‍തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്‍റെ പക്കല്‍ അനന്തമായ സമയം ഒട്ടുംതന്നെയില്ല.

     എല്ലാവര്‍ക്കും സലാം. മാങ്കോസ്റ്റൈന്‍ മരത്തിനും സര്‍വ്വമാന ജന്തുക്കള്‍ക്കും സലാം. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം.                    

Saturday, July 4, 2020

വരുന്നു ഞാന്‍

- ഇടപ്പള്ളി രാഘവന്‍ പിള്ള

പാതിയും കഴിഞ്ഞതില്ലെന്‍ ഗ്രന്ഥപാരായണം
ഭീതിദമിതിന്നന്ത്യമെന്തിനായാരായേണം?
ജ്ഞാനതൃഷ്ണനാമെന്‍റെ നീടുറ്റ നിത്യദ്ധ്വാനം
പാനപാത്രത്തില്‍ വെറും കണ്ണുനീര്‍ നിറപ്പാനാം!
പാതയിലിളംകാറ്റുമിളകുന്നീലാ ചെറ്റും,
പാതിരാപ്പിശാചിന്‍റെ നര്‍ത്തനരംഗം ചുറ്റും!
അക്ഷരമോരോന്നും ഞാന്‍ വായിച്ചുതീര്‍ക്കുന്നേരം
അക്ഷികള്‍ ചുടുബാഷ്പാലന്ധമാകുന്നു പാരം!
ഏറുമെന്‍ നെടുവീര്‍പ്പിന്‍ നിശ്വാസനിപാതങ്ങള്‍
- നീറുമീ ഹൃദയത്തിന്‍ നിശ്ശബ്ദഞരക്കങ്ങള്‍-
മതി,യിബ്ഭയാനകമൂകത ഭഞ്ജിക്കുവാന്‍
മതിയില്‍ക്കുറേക്കൂടി തീക്കനല്‍ ചൊരിയുവാന്‍!

II

ആദ്യത്തെയദ്ധ്യായങ്ങളൊക്കവേയമൂല്യങ്ങള്‍
- ആനന്ദാര്‍ണവത്തിലെസ്സുന്ദരതരംഗങ്ങള്‍!
ആയതിന്നാന്ദോളനമേറ്റു ഞാന്‍ പോയിപ്പോയി
ആഴമറ്റിടും കയം തന്നിലാപതിക്കയായ്!
ഇനിയും മുന്നോട്ടേയ്ക്കോ?.... വേണ്ടിതിന്നവസാനം
ഇതിലും ഭയാനകമാകുവാനത്രേ നൂനം!
കത്തുകയാണെന്നാലുമെന്മുന്നില്‍ ഗതഭയം
കര്‍ത്തവ്യം നടത്തുവാനേതോരു ദീപം സ്വയം!
ഞാനതുമനാദരിച്ചെങ്ങനെ വിരമിക്കും?
കാണുവതസഹ്യമാ,ണെങ്ങനെ മുഴുമിക്കും!
അങ്ങതാ, മമ ഭാഗ്യപുഞ്ജമെന്‍ മലര്‍ശയ്യ
ഭംഗിയായൊരുക്കിയെന്നാഗമം കാക്കുന്നയ്യാ!
നിദ്രയും വെടിഞ്ഞു ഞാന്‍ വായനയാര്‍ന്നാലേവം
ഭദ്രയാമവളൊന്നു കണ്ണയ്ടക്കുമോ പാവം!
ഓമനേ, വരുന്നു ഞാന്‍, വായന നിറുത്തട്ടേ
ഈ മണിദീപാങ്കുരം ഞാന്‍ തന്നെ കെടുത്തട്ടേ!...