അറിയുന്നവരോടും അറിയാത്തവരോടും പറയുന്നതനാവശ്യമാണ്. അതിനാല്‍ അറിയണമെന്നുള്ളവരോടു മാത്രമാണ് ഞാന്‍ അനാവശ്യത്തെക്കുറിച്ച് അല്‍പം ചിലത് പറയാനുദ്ദേശിക്കുന്നത്.
ഇരുമ്പിടിക്കുന്നിടത്ത് ഈച്ചയ്ക്കും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കും എന്തുകാര്യം? ആ രണ്ട് പേരുടെയും അവിടെയുള്ള ഇരിപ്പ് അനാവശ്യമല്ലേ. ഈച്ച എച്ചിലില്‍ പോകട്ടെ പൂച്ച പാക്കലം തപ്പട്ടെ! അതല്ല, ഈച്ച ഇരുമ്പിടിക്കുന്നിടത്തും പൂച്ച പൊന്നുരുക്കുന്നിടത്തും തന്നെ ഇരിക്കാനാണ് ഭാവമെങ്കില്‍ ഇരുന്നോളിന്‍! പക്ഷെ, പഴഞ്ചൊല്ലുകാരന്‍ നിങ്ങളെ നോക്കി മൂക്കത്ത് വിരല്‍വച്ച് ഇങ്ങനെ പറയും: എള്ളുണങ്ങുന്നതെണ്ണയ്ക്കുവേണ്ടി, കുറുഞ്ചാത്തനുണങ്ങുന്നതോ?
അരച്ചുവച്ചത് എടുത്തുകൊണ്ടുപോയി ഇടിക്കുന്നതും എണ്ണിക്കണക്കാക്കിവച്ചത് അളന്നു നോക്കുന്നതും അനാവശ്യമല്ല എന്നു പറയുന്നവരോട് അളന്ന പയറെണ്ണരുത് എന്ന് പറയുന്നതനാവശ്യമാണ്.
അടുക്കളത്തൂണിന് ചായം തേച്ച് അഴകേറ്റുന്നത് അനാവശ്യമല്ലേ. അതെ, സംശയമില്ല. പക്ഷെ, അടുക്കളപ്പെണ്ണിനും അഴക് അനാവശ്യമാണെന്ന് പറയുന്നവരോട് എനിക്കെതിര്‍പ്പും വെറുപ്പുമാണ്. അതുപോലെതന്നെ ആനയ്ക്ക് മണി കെട്ടേണ്ട, പൊന്നുംകുടത്തിന് പൊട്ടു വേണ്ട എന്നൊക്കെ പറയുന്നവരോടും എനിക്ക് യോജിക്കാന്‍ സാധിക്കുന്നില്ല.
അപ്പം തിന്നാല്‍ പോരാ, കുഴിയെണ്ണി നോക്കണമെന്ന് വാശി പിടിക്കുന്നവരെക്കൊണ്ട് അപ്പക്കാരയുടെ കുഴി ആയിരം പ്രാവശ്യം എണ്ണി നോക്കിച്ചതിനുശേഷം ഒരപ്പം പോലും കൊടുക്കാതെ അവരുടെ വാശി നിരാശയാക്കി മാറ്റേണ്ടത് ആവശ്യമെന്നല്ല, അത്യാവശ്യമാണ്. ഓടം പോകുമ്പോള്‍ ഓലക്കെട്ട് വേറെ പോകണമെന്ന് ശഠിക്കുന്നവരോടും ഇതേമട്ടില്‍ത്തന്നെവേണം പെരുമാറാന്‍.
അങ്ങൂന്നെങ്ങാന്‍ വെള്ളമൊഴുകുന്നതിന് ഇങ്ങൂന്നുതന്നെ ചെരുപ്പഴിച്ച് തലയില്‍വച്ച് നടക്കുന്നവരും വരും ജന്മം ഒരുപക്ഷെ, നായയായി ജനിച്ചാലോ എന്നുകരുതി ഈ ജന്മം തന്നെ കുരച്ച് ശീലിക്കുന്നവരും ആകാശം ഇടിഞ്ഞുവീഴുമെന്ന് ഭയന്ന് മുട്ടുകൊടുക്കുന്നവരും പണ്ടു മാത്രമല്ല, ഇന്നുമുണ്ട്.
ഉരുളയ്ക്കുരുളയ്ക്കുപസ്തരിക്കുന്നതനാവശ്യമല്ലേ. അതുപോലെതന്നെ ഉരുളയ്ക്കുരുളയ്ക്കുപ്പേരി അപ്പപ്പോള്‍ ഈ രണ്ട് കഷ്ണമായി വിളമ്പിക്കൊടുത്ത് ബുദ്ധിമുട്ടുന്നത് എന്തിനാണ്. വേണ്ടത്ര, അതില്ലെങ്കില്‍ ഉള്ളത്ര, ആദ്യംതന്നെ ഒന്നിച്ചങ്ങ് വിളമ്പി കൊടുക്കുന്നത് തെറ്റാണെങ്കിലും ഒന്നാം ചോറിനും രണ്ടാം ചോറിനും എന്ന കണക്കില്‍ രണ്ട് പ്രാവശ്യമായി വിളമ്പി കൊടുക്കുന്നതുകൊണ്ട് എന്താണൊരു തരക്കേട്. പക്ഷെ, ഉപ്പേരി കൂട്ടിക്കുഴച്ച് ഉരുളയുരുട്ടി ഉപ്പേരിയില്‍ ഒപ്പി വായിലാക്കി മേലെ കുറച്ചുപ്പേരികൂടി വാരിത്തിന്നുന്ന ഉപ്പേരിക്കൊതിയനാണ് ഉണ്ണാനിരിക്കുന്നതെങ്കില്‍ പഴഞ്ചൊല്ലുകാരന്‍റെ പഴഞ്ചൊല്ലിനെ മാനിക്കാതെതന്നെ ഓരോ ഉരുളയ്ക്കുമുള്ളത് അപ്പപ്പോള്‍ വിളമ്പുകതന്നെയേ ചെയ്യാവൂ.
അനാവശ്യത്തെക്കുറിച്ച് ആവശ്യത്തിനുമാത്രം പറഞ്ഞുകഴിഞ്ഞു. ഇനി പറഞ്ഞാല്‍ അനാവശ്യമാകും എന്നതു കൊണ്ട് അത്യാവശ്യമായി പറയേണ്ട ഒരു കാര്യം കൂടി പറഞ്ഞ് ഈ അനാവശ്യപരാമര്‍ശത്തിന്‍റെ കലാശം കൊട്ടിക്കളയാം.
കാശനാവശ്യമായി ചെലവാക്കാതെ ചീനപ്പടക്കം വാങ്ങി കത്തിച്ചുകളയെടാ എന്ന് പറയുന്നവര്‍ വിഡ്ഢികളോ ഫലിതക്കാരോ പടക്കപ്രിയരോ എന്ന് തീരുമാനിക്കുന്നത് ആവശ്യമാണ്. എനിക്കാവശ്യം തനിക്കനാവശ്യം, തനിക്കാവശ്യം എനിക്കനാവശ്യം. അങ്ങനെയാണ് ആവശ്യത്തിന്‍റെയും അനാവശ്യത്തിന്‍റെയും സ്വഭാവം. എങ്കില്‍ അനാവശ്യമെന്ന് ഒന്നിനെക്കുറിച്ചും കണിശമായി പറയരുതോ! വയ്യ, ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന് ഒരേ വസ്തുവിനെക്കുറിച്ചും - ഒരേ കാര്യത്തെക്കുറിച്ചും - ഓരോ സമയത്ത് ഒരാള്‍ക്കുതന്നെ മാറിമാറിപ്പറയേണ്ടിവരും. സന്ദര്‍ഭം ആശ്രയിച്ചാണ് ആവശ്യവും അനാവശ്യവും തീരുമാനിയ്ക്കപ്പെടുന്നത്.
(കുഞ്ഞുണ്ണി മാഷ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ഊണുതൊട്ട് ഉറക്കം വരെ എന്നതില്‍ നിന്നുമെടുത്താണ് ഈ കൃതി ഇവിടെ ചേര്‍ത്തിരിക്കുന്നത്. കറന്‍റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.)
