Thursday, June 17, 2010

നീറുന്ന തീച്ചൂള

ചങ്ങമ്പുഴ കൃഷ്ണപിള്ള  

ആയുരാരോഗ്യങ്ങളാശീര്‍വദിച്ചുകൊ -
ണ്ടായിരമായിരമെത്തുന്നു കത്തുകള്‍.
ഓരോ സുഹൃത്തുക്കളജ്ഞാതര്‍കൂടിയു-
മീരോഗശയ്യയിലെത്തിപ്പു സംഖ്യകള്‍.
ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാര്‍ത്ഥികള്‍.
തിങ്ങിത്തുടിപ്പൂ വികാരങ്ങളെന്‍ ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാന്‍?
ഏതൌഷധത്തിനേക്കാളുമാശ്വാസദം
ചേതസ്സില്‍ വീഴുമിസ്സാന്ത്വനാര്‍ദ്രാമൃതം.
എത്രയ്ക്കധമനാണെങ്കിലുമെന്നെയെന്‍
മിത്രങ്ങള്‍ നിങ്ങള്‍ വെടിഞ്ഞീലൊരിക്കലും.
ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാല്‍
ശപ്തമെന്‍ രോഗം;ചരിതാര്‍ത്ഥനാണു ഞാന്‍.

നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കല്‍ തിരശ്ശീല വീഴ്കിലും
അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ.
വീര്‍പ്പിട്ടു കണ്ണീരില്‍ മുങ്ങിനിന്നിന്നിതാ
മാപ്പുചോദിപ്പൂ ഞാന്‍ നിന്നോടു ലോകമേ!

ഒപ്പം തമസ്സും പ്രകാശവുമുള്‍ച്ചേര്‍ന്നൊ-
രപ്രമേയാത്ഭുതം തന്നെ നിന്‍ ഹൃത്തടം!
ചെമ്പനീര്‍പ്പൂക്കള്‍ വിടരുമതില്‍ത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പൂ നീ സഗര്‍വ്വനായ് സൌമ്യനായ്‌.
നിന്നെയെമ്മട്ടിലപഗ്രഥിക്കും കഷ്ട-
മെന്നിലുള്ളെന്നെശ്ശരിക്കറിയാത്ത ഞാന്‍?
നന്‍മ നേരുന്നു നിനക്കു ഞാന്‍-നീയെന്‍റെ-
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!

[06/08/1948]

(ശ്രീ.ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏറ്റവും അവസാനത്തെ കവിത.അദ്ദേഹത്തിന്‍റെ ആത്മകഥയായ 'തുടിക്കുന്ന താളുകള്‍' (ഡയറിക്കുറിപ്പുകള്‍ സമാഹരിച്ചത് ) എന്ന കൃതിയില്‍ ഈ കവിത ഉള്‍പ്പെടുത്തിയിരിക്കുന്നു.)

1 comment:

...sijEEsh... said...

നന്നായിട്ടുണ്ട്...നന്ദി