Thursday, March 31, 2022

പുതിയ വീട്





- മാധവിക്കുട്ടി


     അമ്മച്ചി മകന്‍ നീട്ടിയ കടലാസുകളില്‍ യാതൊരു സങ്കോചവും കൂടാതെ തന്‍റെ കയ്യൊപ്പ് പതിച്ചുകൊടുത്തു. തിരുവല്ലയിലെ പഴയ വീട് വിറ്റ്‌ കഴിയുന്നതും വേഗം, തന്നെയും അപ്പച്ചനെയും ഒരു പുതിയ വീട്ടില്‍ താമസിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കുറുവച്ചന്‍ പറഞ്ഞുവല്ലൊ.

     മഴക്കാലത്ത് പലയിടത്തും ചോര്‍ന്നിരുന്നു. കെട്ടുറപ്പില്ലാത്ത വീട്. പ്രിയപ്പെട്ടതെങ്കിലും തണുപ്പ് തട്ടാതെ അകത്തുകഴിയാന്‍ വിഷമം അനുഭവപ്പെട്ടിരുന്നു.

     മകന്‍റെ ഭാര്യ വടക്കേ ഇന്ത്യാക്കാരിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയും. എന്നിട്ടും തങ്ങളെ ഒരുമാസക്കാലം വിശ്രമിക്കാനായി പൂനയിലേക്ക് ക്ഷണിച്ചുവരുത്തി. ഭാഷ ഒരു പ്രശ്നമായിരുന്നു. പക്ഷെ, അന്യത്വം അനുഭവപ്പെട്ടതേയില്ല. ഇടയ്ക്കിടെ ആ സ്ത്രീ അപ്പച്ചനെയും തന്നെയും നോക്കി മനോഹരമായി പുഞ്ചിരിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. കുറുവച്ചന്‍ ഭാഗ്യവാനാണെന്ന് തോന്നിപ്പോയി.

     കുറുവച്ചന് ഉദ്യോഗം ഉണ്ടായിരുന്നില്ല. പലപ്പോഴും വര്‍ത്തമാനക്കടലാസുകളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു, എം ഐ വര്‍ഗീസ്‌ എന്ന യഥാര്‍ത്ഥനാമത്തില്‍. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെപ്പറ്റിയാണ് കുറുവച്ചന്‍ എഴുതിയത്. ലേഖനങ്ങള്‍ക്ക് കാര്യമായ പ്രതിഫലമൊന്നും കിട്ടിയില്ല. പക്ഷെ, ഭാര്യ ധനികയായിരുന്നു, സമൂഹത്തില്‍ ആദരണീയയും. കുരുവച്ചന്‍ ഭാഗ്യവാനാണെന്ന് തിരുവല്ലക്കാരും പറഞ്ഞിരുന്നു, പ്രത്യേകിച്ചും വികാരി സക്കറിയാ അച്ചന്‍.

     ദുബായ്ക്കാരന്‍ ഒരു മുസ്ലീമാണ് തങ്ങളുടെ വീട് വാങ്ങിക്കുന്നത് എന്ന്‍ കുറുവച്ചന്‍ പറഞ്ഞു. അതുപൊളിച്ച് അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും കേട്ടു. കുറുവച്ചനെ പിച്ചവയ്പ്പിച്ച മുറ്റത്ത് ഇനി കച്ചവടക്കാര്‍ ഇരിക്കും. അവര്‍ കൂടുതല്‍ ധനികരാവും. വര്‍ക്കത്തുള്ള സ്ഥലമാണ്‌. യാതൊരു വിപത്തും തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല.

     ഒരു മാസം പോയത് എത്ര വേഗത്തോടെയാണ്! സമയം പോയത് അറിഞ്ഞതേയില്ല.

     വീടുവിറ്റ കാശ് എവിടെയെന്ന് അമ്മച്ചി പലതവണയും ഭര്‍ത്താവിനോട് ചോദിച്ചു. ഉത്തരം പറഞ്ഞില്ല. മകനോട് ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. പുതിയ വീടിന് എത്ര വിലയായി എന്ന് ഒരിക്കല്‍ ചോദിച്ചു. 

മകന്‍ പറഞ്ഞു : ''അമ്മച്ചി അതിനെപ്പറ്റിയൊന്നും ചിന്തിക്കണ്ട. ഒരാഴ്ചയ്ക്കകം പൂനയില്‍നിന്ന് നമുക്ക് പുറപ്പെടാം.''

"വീട് തിരുവല്ലയില്‍ത്തന്നെയാണോ?" - അമ്മച്ചി ചോദിച്ചു.

"അടുത്താണ്. ഒന്നാംതരം കെട്ടിടം. അമ്മച്ചിയെയും അപ്പച്ചനെയും ശുശ്രൂഷിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്."

"അതൊന്നും വേണ്ട. ഞാന്‍ ഉണ്ടാക്കിയ ചോറും മത്സ്യക്കറിയും മാത്രമേ നിന്‍റെ അപ്പച്ചന്‍ കഴിക്കുള്ളു." - അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

     പൂനയില്‍നിന്ന് വിമാനത്തിലാണ് കുറുവച്ചന്‍ തന്‍റെ മാതാപിതാക്കളെ കൊച്ചിയിലേക്ക് എത്തിച്ചത്. ഒരു രാത്രി ഹോട്ടലില്‍ ഉറങ്ങി. രാവിലെ ടാക്സിയെടുത്ത് യാത്രയായി.

     തന്‍റെ പുതിയ ഗൃഹം കാണാന്‍ അമ്മച്ചി ധൃതി പിടിച്ചു.

"ഓടിട്ട പെരയാണോ കുറുവച്ചാ." - അവര്‍ ചോദിച്ചു.

     മകന്‍ ഒന്നും പറഞ്ഞില്ല.

     ഒടുവില്‍ ടാക്സി നിന്നത് വിശാലമായ ഒരു മാളികയ്ക്ക് പുറത്താണ്. കാവല്‍ക്കാരന്‍ ഓടിവന്ന് ഗേറ്റ് തുറന്നു. വൃദ്ധസദനം എന്നാ പേര് ഗേറ്റിന് മുകളില്‍ ആര്‍ക്കും വായിക്കാമായിരുന്നു.

"നമുക്ക് വഴി തെറ്റിയോ മോനേ?" - അമ്മച്ചി ചോദിച്ചു.

"ഇല്ല. ഇവിടെ കുറച്ചുകാലം താമസിച്ചാല്‍ മതി. മറ്റേ വീട് റെഡിയായിട്ടില്ല. മഴക്കാലം കഴിഞ്ഞാല്‍ ഉടനെ ആ വീട്ടിലേക്ക് താമസം മാറ്റാം." - കുറുവച്ചന്‍ പറഞ്ഞു.

     പിന്നീട് അമ്മച്ചിക്ക് തന്‍റെ മകനെ കാണാന്‍ ഭാഗ്യമുണ്ടായില്ല. അപ്പച്ചന്‍ മരിച്ചിട്ടും കുറുവച്ചന്‍ വന്നില്ല. കുറുവച്ചന്‍ ഭാര്യയോടൊപ്പം സ്വിറ്റ്സര്‍ലന്‍ഡില്‍ പോയിരിക്കയാണെന്ന് അച്ചനും കന്യാസ്ത്രീകളും അമ്മച്ചിയെ അറിയിച്ചു. 'ബന്ധുക്കളെ അറിയിക്കണ്ടേ?' എന്ന് അവരില്‍ ഒരാള്‍ ചോദിച്ചു. ബന്ധുക്കളുടെ പേരുകള്‍ ഓര്‍മ്മയില്‍ വന്നില്ല.

"എനിക്ക് ആരെയും ഓര്‍മ്മയില്ല." - അമ്മച്ചി ഒരു പകച്ച നോട്ടത്തോടെ പിറുപിറുത്തു.


(2007 ഓഗസ്റ്റ് 10നുള്ള സമകാലിക മലയാളം  വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥ മാധവിക്കുട്ടിയുടെ അസമാഹൃത കഥകളുടെയും നാടകങ്ങളുടെയും തിരക്കഥയുടെയും സമാഹാരമായ 'സ്ത്രീ'-യില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. D C Books ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Image 

No comments: