Sunday, September 26, 2010

പ്രേതം

- പി പദ്മരാജന്‍

എട്ടാമത്തെ ആളും മറുപടി പറഞ്ഞു : 
    "ഞാന്‍ ആ വഴിക്കല്ല."
അയാളും നടന്നു പോയി...

    കുട്ടി വീണ്ടും കവലയില്‍ കാത്തുനിന്നു. ആരെങ്കിലും വരും. പാടത്തിന്റെ നടുവിലൂടെ,നടന്നു അക്കരെയെത്തേണ്ടവരായി ആരെങ്കിലും ഉണ്ടാകാതെ വരില്ല.
    വീട്ടില്‍ ചെന്നാല്‍ അടികിട്ടും. പക്ഷെ,അന്നേരം അവന്റെ മനസ്സില്‍ അതേച്ചൊല്ലി പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. സന്ധ്യക്കു മുന്‍പ് കടയിലേക്കയച്ചതാണ്. മുക്കിലെ സൈക്കിള്‍വേല കണ്ട് നിന്നുപോയി. നല്ലവണ്ണം ഇരുട്ടുവീഴുകയും സൈക്കിള്‍യജ്ഞത്തിന്റെ കാണികള്‍ പിരിയാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ബീഡി വാങ്ങാനാണ് താന്‍ വന്നതെന്ന വിവരം ഓര്‍ത്തതുതന്നെ.
ഇവിടെവരെ കുഴപ്പമില്ല. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ താഴേക്കു ഒരു ഓട്ടം വച്ചുകൊടുത്തേനെ. പക്ഷെ, ഇപ്പോഴതിന് ധൈര്യം വരുന്നില്ല.
    പാടം കഴിഞ്ഞു കയറുന്ന ഇടവഴിയുടെ തൊട്ടടുത്താണ് വസൂരി വന്ന് മരിച്ച തേവിത്തള്ളയെ കുഴിച്ച് താഴ്ത്തിയത്.
കഴിഞ്ഞയാഴ്ച.
    രാത്രിയിലതുവഴി നടന്നുകൂടാ. ദുര്‍മ്മരണമാണ്. അതും അമ്മവിളയാട്ടം.
    രാത്രിയില്‍ ആ പറമ്പിലൂടെ ആലംബമില്ലാത്ത ഒരു പന്തം അലഞ്ഞുതിരയുന്നുണ്ടാവും എന്ന കാര്യത്തില്‍ കുട്ടിക്ക് സംശയമേതുമില്ല. അതുവഴി ഒറ്റയ്ക്ക് നടന്നു പോകുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍കൂടി വയ്യ.
വീട്ടില്‍ച്ചെന്നുപറ്റിയാല്‍ മാത്രംമതി. അടിയോ ഇടിയോ എന്തുവേണമെങ്കിലും അച്ഛന്റെ ഇഷ്ടംപോലെ തന്നുകൊള്ളട്ടെ.
    ഒരാള്‍ നടന്നു വരുന്നു. അലസമായ വേഷം.


"പാടം വഴിക്കാണോ?"- അടുത്തെത്തിയപ്പോള്‍ കുട്ടി ധൈര്യത്തോടെ ചോദിച്ചു.
"അല്ല."-അയാള്‍ നടന്നു. നടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കി ചോദിച്ചു : "എന്താ?"
"ഛെ!"-കുട്ടി അറിയാതെ പറഞ്ഞുപോയി :"ഒന്നുമില്ല."
അവനു നിരാശമുറ്റി.
"കുട്ടിക്ക് അതുവഴിക്കാണോ പോവണ്ടത്?."-അയാള്‍ അടുത്തുവന്ന് ചോദിച്ചു.
കുട്ടി തലയാട്ടി.
"പിന്നെന്താ പോകാത്തത്?"-സ്നേഹത്തോടെയുള്ള അന്വേഷണം.
"ഒറ്റയ്ക്ക് പോവാന്‍ പേടി."
അയാള്‍ ഒരുനിമിഷം നിന്ന് എന്തോ ആലോചിച്ചു.
പിന്നെ ചോദിച്ചു : "ഇപ്പോള്‍,ഈ സമയത്ത് എവിടെ പോയിരുന്നു?"
"കടയില് ബീഡി വാങ്ങിക്കാന്‍."
"ആര്‍ക്ക്?"
"അച്ഛന്."
"ഈ രാത്രീല് നിന്നെ ഒറ്റയ്ക്ക് അയച്ചു?"
വല്ലായ്മയോടെ ഒരു കള്ളം പറഞ്ഞു : "അതേ."
അയാള്‍ നടന്നുപോകുമോ എന്ന് ഭയം തോന്നി,
ധൈര്യം അവലംബിച്ച് കുട്ടി കടന്നുകയറി ചോദിച്ചു : "എന്നെ ആ പാടത്തിന്റെ അക്കരെയുള്ള ഇടവഴിവരെ കൊണ്ടാക്കിയാല്‍ മതി."
"ശരി."
അയാള്‍ മുമ്പേ നടന്നു.
"വരൂ."
ഒപ്പം നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു : "ഇടവഴിയുടെ അടുത്താണോ വീട്?"
"അല്ല. അവിടന്നും ഒരുപാട് പോണം."
"പിന്നെ അവിടംവരെ കൊണ്ടാക്കിയാല്‍?"
"അവിടന്നങ്ങോട്ട് ഞാന്‍ തനിച്ചുപൊയ്ക്കൊള്ളാം."
അയാള്‍ ഒന്നും മിണ്ടിയില്ല.
പാടത്തിന്റെ നടുവിലുള്ള വരമ്പിലൂടെ അയാള്‍ മുമ്പെയും അവന്‍ പിറകെയുമായി നടന്നു.
"ഇടവഴിയുടെ അടുത്താണ് തേവിത്തള്ളയെ കുഴിച്ചിട്ടത്."-കുട്ടി പറഞ്ഞു.
"ഏതു തേവിത്തള്ള?"
"വസൂരിദീനം പിടിച്ച് ചത്തുപോയില്ലേ?"
"ആ."-അയാള്‍ അലസമായി മൂളി.
"മണ്ടപോയ തെങ്ങിന്റെ ചുവട്ടിലാ അവരെ കുഴിച്ചിട്ടത്."-കുട്ടി വിശദീകരിച്ചു :"അവിടംവരെ കൊണ്ടാക്കിയാല്‍ മതി പിന്നെനിക്ക് പേടിയില്ല."
"ചത്തുപോയവരെ കുട്ടിക്ക് പേടിയാണോ?"
"അതെ."
അയാള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
പാടം ഏതാണ്ട് അവസാനിക്കാറായി.വരമ്പിനു നടുവില്‍ അയാള്‍ പെട്ടെന്നുനിന്നു.
"ഇവിടമല്ല. കുറേക്കൂടി അങ്ങുപോണം."- കുട്ടി പറഞ്ഞു.
അയാള്‍ അതു കേള്‍ക്കാത്തഭാവത്തില്‍ പറഞ്ഞു : "നിന്റെ കൈയ്യിലുള്ള പൈസാ ഇങ്ങെട്."
അടിയേറ്റതുപോലെ പകച്ചു നിന്നുപോയി.
"ഉം."- അയാള്‍ കൈനീട്ടിക്കാണിച്ചു.
കുട്ടി അറച്ചുനിന്നു.
"മര്യാദയ്ക്കെടുത്തു താ. ഇല്ലെങ്കില്‍ നിന്റെ കഴുത്തു ഞെരിച്ച് ഉള്ള പൈസയും എടുത്ത് ഞാനങ്ങുപോകും."-അയാളുടെ സ്വരം മാറിയിരുന്നു.
ഒരു രൂപയാണ് കൊടുത്തയച്ചത്. ബാക്കി എണ്‍പത് പൈസയുണ്ട്. ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും അതെടുത്തുകൊടുത്തു. കൈ വിറച്ചു.
"ബീഡിയെവിടെ?"
കുട്ടി കൈതുറന്ന് കാണിച്ചു.
മറ്റൊന്നും പറയാതെ അയാള്‍ അതു കടന്നെടുത്തു.
"ഓടിക്കോ.ഞാനിവിടെനിന്നു നോക്കിക്കോളാം."
അയാള്‍ വരമ്പിന്റെ ഒരറ്റത്തേയ്ക്ക് നീങ്ങിനിന്നു.
കരച്ചില്‍ വന്നു. ഭീതിയുടെയും പരിഭ്രമത്തിന്റെയും വന്‍കാട്ടില്‍ അറിയാതെ വന്നു ചാടിയതുപോലെ തോന്നി.
കിട്ടിയ അവസരം കളയാതെ ഓടി.
കണ്ണുകള്‍ നിറഞ്ഞിരിന്നു.
ഇടവഴിയിലൂടെ ഓടി. തിരിഞ്ഞു നോക്കാന്‍ ധൈര്യം വന്നില്ല. അയാള്‍ ഒരുപക്ഷെ പിറകിലുണ്ടാവുമോ?
തേവിത്തള്ളയുടെ പ്രേതത്തെക്കുറിച്ചും മണ്ടപോയ തെങ്ങിനെക്കുറിച്ചും ഓര്‍മ്മ വന്നില്ല. അവിടം കടന്നപ്പോഴാണ് അതു ഓര്‍മ്മ വന്നതുതന്നെ.
അല്പം കൂടി ഓടിയിട്ട് കിതപ്പോടെ നിന്നു. വല്ലാതെ അണയ്ക്കുന്നുണ്ട്.
അവിടെ നില്‍ക്കുമ്പോള്‍ ഭയം തോന്നിയില്ല. പകരം ആ മനുഷ്യനില്‍ നിന്നു രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമായിരുന്നു.
തേവിത്തള്ള എന്തു പാവം!
തിരിഞ്ഞു നോക്കി. ആരും പിറകെ വരുന്നില്ല.
ഇരുട്ടില്‍,ദൂരെ,പാടത്തിനു നടുവിലൂടെ,ആലംബമില്ലാത്ത ഒരു പന്തം പോലെ ബീഡിയുടെ ചുവന്ന കണ്ണ് അകന്നകന്നു പോകുന്നു.

1 comment:

Final frontier said...

Very good... Fear creates ghost and other fear full creatures. When the boy felt a great risk to his life he forgot the ghost and run for his life.