Monday, September 20, 2010

കഥയുടെ രൂപം

- എം ടി വാസുദേവന്‍ നായര്‍

   ആദ്യകാലത്ത് കഥ നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ വായനക്കാരനിലുളവാക്കാന്‍ കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു.എന്നാല്‍ ഇന്നതാവശ്യമില്ല.മുമ്പ് രസത്തിനുവേണ്ടി മാത്രമായിരുന്നു കഥ നിലകൊണ്ടിരുന്നതെങ്കില്‍ ഇന്ന് കഥയുടെ ലക്‌ഷ്യം രസം മാത്രമല്ല.വായിച്ചു രസിക്കുന്നതോടൊപ്പം കഥ വായിച്ചവനില്‍ മാറ്റമുണ്ടാകണം.അതായത് വായനക്കാരനെ മാറ്റിയെടുക്കാന്‍ കഥാകാരന് കഴിയണം.
   കഥ തിരഞ്ഞു നടക്കേണ്ട ആവശ്യമൊന്നുമില്ല.നിത്യജീവിതത്തില്‍ നിന്ന് കഥ കണ്ടെത്താനാവുന്നതാണ്.ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം-അനുഭവം-മനസ്സില്‍ പതിയുമ്പോള്‍ അതിലെന്തോ കഥയുണ്ടെന്ന് തോന്നാം.ഇത് മനസ്സില്‍ കിടന്ന് വളരും.ഒരു ഘട്ടത്തില്‍ ഇത് ശക്തമായ വികാരമായി കഥാകൃത്തിനെക്കൊണ്ട് എഴുതിക്കുന്നു.
   കഥയുടെ നിമിഷങ്ങള്‍ കണ്ടെത്താനാണ്‌ കഥാകൃത്ത്‌ ശ്രമിക്കേണ്ടത്.എനിക്ക് സിനിമയുമായി ബന്ധമുള്ളതുകൊണ്ട് പ്രേക്ഷകരില്‍ നിന്നൊക്കെ ധാരാളം കത്തുകള്‍ കിട്ടാറുണ്ട്.ചിലര്‍ അവരുടെ അനുഭവങ്ങള്‍ അറിയിച്ച് അതേക്കുറിച്ചൊരു കഥയെഴുതാന്‍ പറയാറുണ്ട്‌.പക്ഷെ പലപ്പോഴും അതൊന്നും അസംസ്കൃതവസ്തുവാകാറില്ല.കാരണം അതെന്നില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലെന്നതു തന്നെ.
   സാഹിത്യത്തിനു മറ്റു തോഴിലുകളെ അപേക്ഷിച്ച് യാതൊരു പരീക്ഷാ യോഗ്യതയും വേണ്ട.എഴുത്തുകാരനാവാണോ വേണ്ടയോ എന്ന് അവനവന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. സാഹിത്യ സാമ്രാജ്യത്തിലെ പ്രജാപതി എഴുത്തുകാരന്‍ തന്നെ.അവിടെ നിയമങ്ങളും കോടതിയുമൊക്കെ കൈകാര്യം ചെയ്യുന്നത് അയാള്‍ തന്നെയാണ്.അത് വലിയൊരു സ്വാതന്ത്ര്യമാണ്.ഈ സ്വാതന്ത്ര്യം വലിയൊരു ഉത്തരവാദിത്തവുമാണ്.ആ ഉത്തരവാദിത്തം ശരിയായ രീതിയില്‍ ഏറ്റെടുക്കുകയാണ് എഴുത്തുകാരന്റെ ധര്‍മ്മം.
   നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെയാണ് കഥാരചനയിലും ഉപയോഗിക്കേണ്ടത്.കടുകട്ടിയുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച് തന്റെ പാണ്ഡിത്യം വിളംബരം ചെയ്യാന്‍ കഥയുപയോഗിച്ചാല്‍ കഥ നിങ്ങളെ കൈവിടും,സംശയമില്ല.നമ്മുടെ ഗ്രാമത്തിലെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ പുതിയ താളങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.ഇടശ്ശേരിയുടെ കവിത നോക്കൂ.കവി ഉപയോഗിച്ചിരിക്കുന്നത് ഗ്രാമ്യമായ പദങ്ങളാണ്,ശൈലികളാണ്. പക്ഷേ അവയുടെ സങ്കലനത്തില്‍ കവി പുതിയ താളങ്ങള്‍ കണ്ടെത്തുന്നു.പുതിയ തലമുറയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഇത്തരമൊരു ഭാഷയിലൂടെ പുതിയ താളം കണ്ടെത്തിയ കവി.
   ടോണി മോറിസണ്‍ പറഞ്ഞതുപോലെ ഗ്രാമീണരായ വാക്കുകളെ നിങ്ങള്‍ക്ക് ചൊടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അഥവാ ജ്വലിപ്പിക്കാന്‍ കഴിഞ്ഞാല്‍,നിങ്ങളുടെ ഭാഷാരീതി ശ്രദ്ധിക്കപ്പെടും.അപ്പോള്‍ നിങ്ങള്‍ കാണാത്ത ഒരു തലം വായനക്കാര്‍ കണ്ടെത്തും.കാരണം ആത്മനിഷ്ഠമായ ചിലതു ചേര്‍ത്താണ് അയാള്‍ നിങ്ങളുടെ കഥ വായിക്കുന്നത്.ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കഥ വായിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനല്ല. വായിപ്പിക്കാന്‍ എഴുത്തുകാരനായ നിങ്ങള്‍ ബാധ്യസ്ഥനാണ്.

   തുടക്കക്കാരെ സംബന്ധിച്ച് ധാരാളം കടമ്പകള്‍ കടക്കാനുണ്ട്.കഥ എഴുതിയയച്ചാല്‍ പത്രാധിപര്‍ തിരിച്ചയയ്ക്കും എന്നതുതന്നെ പ്രധാനം.ഇതില്‍ നിരാശരാവേണ്ട കാര്യമില്ല.ഇത്തരം അനുഭവങ്ങളില്ലാത്ത ആര്‍ക്കും ഇന്നോളം കഥാകാരനാവാന്‍ കഴിഞ്ഞിട്ടില്ല.നിങ്ങള്‍ എഴുതുക.കഥയുടെ രൂപം വശമായാല്‍ തീര്‍ച്ചയായും കഥ ശ്രദ്ധിക്കപ്പെടും.അപ്പോള്‍ ലോകം പറയും:"നിങ്ങളുടെ കഥ കൊള്ളാം,തരക്കേടില്ല."
   ഇനി നിങ്ങളെന്ത് പറയുമെന്നാവും അടുത്ത ചോദ്യം.അവിടെ നിങ്ങളുടെ ഉത്തരവാദിത്തം കൂടുന്നു.
   ഞാന്‍ ചെറുപ്പകാലത്ത് രണ്ടു കഥകളെങ്കിലും എഴുതാത്ത ദിവസങ്ങളില്ല.എന്നില്‍ നിന്ന് കഥ ഒഴുകുകയായിരുന്നു.എനിക്കന്ന് തോന്നുന്നതെന്തും എങ്ങനെയും എഴുതാം.യാതൊരു ഉത്തരവാദിത്തവുമില്ലല്ലോ.പക്ഷെ,പിന്നീട് എഴുത്തിന്റെ പാതയില്‍ മുന്നേറിയപ്പോള്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു.
   അടുത്ത കാലത്ത് 'അമേരിക്കന്‍ റിവ്യൂ'വില്‍ വന്ന ഒരു കഥ എന്നെ ആകര്‍ഷിച്ചു.നിരവധി സിനിമകളില്‍ ഗറില്ലാവേഷം ധരിച്ചു ധാരാളം സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുള്ള ഒരു മനുഷ്യന്‍ ഒരു പുസ്തകപ്രസാധനസ്ഥാപനത്തിന് തന്റെ ആത്മകഥ പുസ്തകരൂപത്തിലാക്കിയാല്‍ ഉണ്ടാകാവുന്ന ഗുനാഗങ്ങള്‍ വര്‍ണിച്ചുകൊണ്ട് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് കഥ.ഇതൊരു പഴയ രീതിയാണ്.പഴയ രീതിയിലേക്ക് കഥ തിരിച്ചു പോകാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കാണിക്കാനാണ് ഞാനിത് പറയുന്നത്.എന്തൊക്കെയായാലും പുതിയ എഴുത്തുകാര്‍ പുതിയ രീതികള്‍ കണ്ടെത്തണം.കാര്‍വര്‍ ഇങ്ങനെ എഴുതി.,അല്ലെങ്കില്‍ ബോര്‍ഹെസ് അങ്ങനെ എഴുതി,അതിനാല്‍ ഞാനും അതുപോലെ എഴുതി നോക്കട്ടെ എന്ന് ചിന്തിക്കരുത്.കഥയുടെ ആയിരം രൂപമുണ്ടെങ്കില്‍ ആയിരത്തൊന്നാമത്തെ രൂപം നിങ്ങള്‍ കണ്ടെത്തണം.
   എല്ലാത്തിലും കഥ കണ്ടെത്തുന്നതുപോലെ പ്രധാനമാണ് കഥ തിരസ്കരിക്കുക എന്നതും.കഥാബീജം മനസ്സില്‍ കൊണ്ട് നടന്നു അത് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിഞ്ഞ്,തിരസ്കരിക്കേണ്ടത് തിരസ്കരിച്ചും സ്വീകരിക്കേണ്ടത് സ്വീകരിച്ചും പഠിക്കണം.മനനമാണ് ശക്തി.കഥാകാരന്‍ പ്രസിദ്ധനാവുന്നതും കഥ പുസ്തകമാകുന്നതുമൊന്നും നാമപ്പോള്‍ ചിന്തിക്കരുത്.അതൊക്കെ മറ്റുള്ളവര്‍ ചെയ്യേണ്ടതാണ്.
   പഴയ ക്ലാസിക്കിലേക്ക് നാം തിരിച്ചുപോകുന്നത് പുതിയ ചിലതു പറയാനാണ്. പുതുതായെന്തെങ്കിലും പറയാനാണ് നാം ഇപ്പോഴും ശ്രമിക്കേണ്ടത്.വായന ഒരുപരിധിവരെ പഴയവ മനസ്സിലാക്കാനും പുതിയത് പറയാനും സഹായിക്കും.
   മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്‌ കഥ കേള്‍ക്കാനും പറയാനുമുള്ള താല്പര്യം.മറ്റെന്തൊക്കെ മാധ്യമങ്ങളുണ്ടായിക്കൊ- ള്ളട്ടെ,അതൊന്നും കഥയെയോ കഥാകാരനെയോ തളര്‍ത്തില്ല.കഥ എക്കാലവും നിലനില്ക്കുമെന്നതിനാല്‍ സംശയമേതുമില്ല.



(1994 ഏപ്രില്‍ 27-ന് മയ്യഴിയില്‍ വച്ച് നടന്ന ചെറുകഥാകളരിയില്‍ നടത്തിയ പ്രസംഗം...
എച്ച് &സി ബുക്സ് പുറത്തിറക്കിയ 'വാക്കുകളുടെ വിസ്മയം-എംടി' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം.ചന്ദ്രിക ആഴ്ചപ്പതിപ്പിലും ഇത് വന്നിട്ടുണ്ട്[3/9/1994].)


No comments: