Friday, May 4, 2012

ആനവേലി


-കാവാലം നാരായണപ്പണിക്കര്‍ 



കാട്ടാനെ മെരുക്കാന്‍ താപ്പാനയുണ്ട്...
താപ്പാനെ മെരുക്കാന്‍ പാപ്പാനുണ്ട്...
പാപ്പാനെ മെരുക്കാന്‍ പടച്ചോനുണ്ട്...
പടച്ചോനെ മെരുക്കാനാരുണ്ട്...?    
പടച്ചോന്‍ പോട്ടക്കള്ളു കുടിച്ചിട്ട് 
പരണപ്പുറത്തങ്ങിരുന്നാലോ?
താണനിലത്തെത്താരിപ്പറിയാതെ-
യില്ലാവലിപ്പം വെച്ചാലോ?
വേണ്ടാതനത്തിനു കോപ്പിട്ടിരുന്നാല്‍
വേറെ പടച്ചോനെ നോക്കണ്ടേ?
ചെവിമറയാലേ ദേഹം കാണാതെ 
ആനയറിഞ്ഞില്ലാനവലിപ്പം.    
ആനയ്ക്കു പാപ്പാന്‍‌ തുമ്പിക്കൈവഴി 
ഒരുപറക്കള്ളു ചെരിക്കുന്നു.   
കള്ളുകുടിച്ചിട്ടു തടിപിടിച്ചിട്ടും  
വക്കയിലെപ്പിടി വഴുതിയില്ലാ.
ആനപ്പാപ്പാന്‍ കള്ളില്‍ക്കുളിച്ചപ്പോള്‍    
ആനപ്പുറത്തു പടച്ചോനായി... 
മോളിലിരുന്നു തോട്ടിപിടിച്ചാല്‍ 
ചെങ്കോലെടുത്ത ഗമയുണ്ട്.
ഗമകൊണ്ടു കാല്‍നടക്കാരെ വിരട്ടുന്നു,
ആനയെത്തന്നെ വിരട്ടുന്നു.
മേലെമാനത്തു വലിയപടച്ചോനെ
മേല്‍പ്പോട്ടു നോക്കി വിരട്ടുന്നു.
കള്ളിന്റെ ലഹരിയില്‍ ചെങ്കോലെടുത്തിട്ട്
ചെങ്കോല്‍പ്പിടിയോ വഴുതുന്നു.
നാട്ടില്‍പ്പടച്ചോന്‍ നായകവേഷത്തി-
ലാടുന്നു തിരിയുന്നു മറിയുന്നു.
ആനപ്പുറമൊരു പൂനപ്പുറമാക്കി
ആഴക്കുണ്ടില്‍ വീഴുന്നു.
വീഴില്ലെന്നു വീമ്പു പറഞ്ഞവന്‍
വീണേ,വീണെന്നാനയറിഞ്ഞേ...
ചെവിമറപ്പിന്നില്‍ക്കാലുണ്ടെന്ന്
ആനയറിഞ്ഞു തൊഴിക്കുന്നു.
നാട്ടില്‍പ്പടച്ചോന്‍ കാലൊടിഞ്ഞിട്ട്
കള്ളിറങ്ങീട്ടു കരയുന്നു.
ആനയ്ക്കാന ബലമറിയാഞ്ഞാ-
ലണ്ടനടകോടന്‍ പാപ്പാനാകും.
അണ്ടനടകോടനല്ലാതെവനെയും
പാപ്പാന്‍‌വേലയ്ക്കു കിട്ടുകില്ലാ.
പാപ്പാനായവന്‍ കള്ളുകുടിക്കും;
കള്ളുകുടിച്ചാല്‍ കാലുറയ്ക്കില്ലാ;
കാലുറയ്ക്കാതെ പിമ്പിരികൊണ്ടാല്‍
ആനപ്പുറത്തൂന്നു താഴെവീഴും.
താഴത്തുവീണാല്‍ തിരിഞ്ഞുനോക്കാന്‍
നായക്കുട്ടിയും കാണില്ലാ.
ആനയ്ക്കു പാപ്പാന്‍‌ കൂടിയേ തീരൂ...
ആനയ്ക്കു പൂനയായ്ത്തീരാനും വയ്യാ...
വയ്യാത്ത വേലയ്ക്കാനേ നടത്താന്‍
അയ്യയ്യോ പാപ്പാനെക്കൊണ്ടേ നടക്കൂ...
പാപ്പാനെ കണ്ടുപിടിച്ചെന്നു വന്നാല്‍
പാപ്പാനു കള്ളുകുടിക്കാണ്ടു വയ്യാ...
കുടിച്ചാല്‍ പടച്ചോനാകാണ്ടും വയ്യാ;
പടച്ചോനാന കയാറാണ്ടും വയ്യാ...
പമ്പരംപോലെ കറങ്ങാണ്ടും വയ്യാ; 
തലച്ചുറ്റില്‍ വയ്യാതെയാകാണ്ടും വയ്യാ...
വയ്യാതെയായാല്‍ പടച്ചോനായാലും 
വയ്യാവേലിക്കല്‍,ആനവേലിക്കല്‍       
ഇന്തത്തുടിനോന്നു വീഴാണ്ടും വയ്യാ....!

(22/06/1984)                         

    

No comments: