Thursday, June 7, 2012

പാറ്റകളുടെ ലോകം

                          




-മലയാറ്റൂര്‍ രാമകൃഷ്ണന്‍. 

പുതിയ കൂറത്തമ്പുരാന്‍,പാറ്റജ്ഞന്‍ മുപ്പത്തെട്ടാമന്റെ അരിയിട്ടുവാഴ്ച അഴുക്കുചാല്‍ തീരത്തില്‍വച്ച് നടന്നു, മന്ത്രതന്ത്രവിധികളനുസരിച്ച്.മഹാപണ്ഡിതനും,അഞ്ഞൂറുവയസ്സ് പ്രായമുള്ളവനുമായ തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍, കൂടിയിരുന്ന പാറ്റമഹാജനങ്ങളോട് തദവസരത്തില്‍ ഇപ്രകാരം പറഞ്ഞു:                                 "പാറ്റകളേ...കൂറകളേ...ഈ ഭൂമിയും ഇതിലുള്ള സമസ്ത മാലിന്യങ്ങളും നമുക്ക്,നമുക്കുമാത്രം, അവകാശപ്പെട്ടതത്രേ. ഈ സമസ്തമാലിന്യങ്ങളെയും ഈ ഭൂമിയെത്തന്നെയും മുപ്പത്തേഴാം പാറ്റജ്ഞന്‍ തമ്പുരാനെപ്പോലെ ഭരിക്കാനും, മാലിന്യത്തില്‍ നിന്ന് മാലിന്യത്തിലേക്ക് നയിക്കാനും ഇന്ന് കിരീടമണിഞ്ഞ മുപ്പത്തെട്ടാമാനും സാധിക്കട്ടെ!"
"സാധിക്കട്ടെ...സാധിക്കട്ടെ...!"-കൂറക്കൂട്ടം ആര്‍ത്തു വിളിക്കുകയും കുരവയിടുകയും ചെയ്തു.
"റന്നുകൂടാ!മറന്നുകൂടാ!"
"പ്രബുദ്ധരായ പാറ്റകളേ,കൂറകളേ!നമ്മുടെയിടയില്‍ ചിന്താക്കുഴപ്പമുണ്ടാക്കാന്‍ ചില രാജ്യദ്രോഹികള്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം മറന്നുകൂടാ!"-തന്ത്രി തന്റെ നീളന്‍ തലക്കൊമ്പുകള്‍ ചലിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.
"പാറ്റജ്ഞന്‍ വംശത്തിനുമുമ്പ് ഈ ഭൂമിയില്‍ വാണിരുന്നത് മറ്റൊരു വര്‍ഗമാണെന്ന് ഈ രാജ്യദ്രോഹികള്‍ പറയുന്നു-മനുഷ്യവര്‍ഗ്ഗം പോലും!അങ്ങനെയൊന്നുണ്ടോ?"-തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ചോദിച്ചു.
"ഹില്ലാ!ഹില്ലാ!"
"ആദിയില്‍ ഭൂമിയുണ്ടായി;പിന്നെ പാറ്റകളുണ്ടായി.അതല്ലേ നമ്മുടെ വിശ്വാസം?അതല്ലേ നേര്?"-തന്ത്രി ശര്‍മ്മന്‍ ചുറ്റും നോക്കി.
"ഹതെ!ഹതെ!"
"പാറ്റശാസ്ത്രത്തില്‍ നമ്മുടെ ഡോക്ടര്‍ കുറാന്യോസിസ് പറഞ്ഞുവച്ചിരിക്കുന്നതും ഇതുതന്നെയല്ലേ?"-തന്ത്രി ശര്‍മ്മന്‍ ചോദിച്ചു.
"ഹതെ!ഹതെ!" എന്ന് പാറ്റക്കൂട്ടം.                                     അപ്പോള്‍ ഒരു ഒറ്റയാന്‍ ശബ്ദമുയര്‍ന്നു:"ഗുരോ,ഒരു സംശയം..."
തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ മുന്‍കാലുകൊണ്ട് ചുണ്ടു തുടച്ചശേഷം പറഞ്ഞു:
"സംശയം പാറ്റകള്‍ക്ക് വിധിക്കപ്പെട്ടതല്ല!എങ്കിലും ചോദിക്ക്..."
"നാം ഒരു ആദിരൂപത്തെ വന്ദിക്കുന്നില്ലേ,ഗുരോ?"-ഒറ്റയാന്‍ ശബ്ദമുയര്‍ത്തിയ പാറ്റ നിവര്‍ന്നുനിന്നു.
"ഉവ്വ്.നാം ഒരു പുരാതന സംസ്കാരത്തിന്റെ ഉടമകളാണ്.നമുക്ക് നമ്മുടേതായ മിത്തുകള്‍ ഉണ്ട്."
"ഗുരോ,ആ ആദിരൂപമല്ലേ ഈ ദുനിയാവിനെ പാറ്റലോകമാക്കിയത്?"
"അതെ,വത്സാ!ആദിരൂപം തീ തുപ്പി.ആകാശം ചുട്ടുപഴുത്ത ചെമ്പു തകിടായിത്തീര്‍ന്നു.എങ്ങും വന്‍കൂണുകള്‍ മുളച്ചു.അവ എങ്ങും വ്യാപിച്ചു.മണ്ണിലും വിണ്ണിലും അവ പ്രസരിച്ചു. ഒടുങ്ങാത്ത ചൂടിനുശേഷം വന്നത് നിത്യമായ ഇരുട്ടാണ്‌. സംവത്സരങ്ങള്‍ കഴിഞ്ഞു.മറ്റെല്ലാം മാഞ്ഞുപോയപ്പോഴും നാം മണ്ണിനടിയില്‍ പുതഞ്ഞുകിടന്നു.ഒടുവില്‍ മാനം തെളിഞ്ഞു. നാം പുറത്തുവന്നു.ഈ ഗോളം നമ്മുടേതു മാത്രമായി. അങ്ങനെയാണ് മകനേ,ആദിരൂപം നമുക്കീ സ്വര്‍ഗരാജ്യം തന്നത്."
"ഗുരോ,പാറ്റജ്ഞന്‍ മുപ്പത്തേഴാമന്റെ അരിയിട്ടുവാഴ്ച നടക്കുമ്പോള്‍ ഞാന്‍ വെറും മുട്ടയായിരുന്നു.അതിനാല്‍ കണ്ടിട്ടില്ല...കേട്ടിട്ടേയുള്ളൂ..."
"എന്ത്?"
"ആദിരൂപം ഹാജരായെന്നും മുപ്പത്തേഴാമന്‍ തമ്പുരാനെ അനുഗ്രഹിച്ചെന്നും..."
"വത്സാ,അങ്ങനെ നടന്നു."
"ഗുരോ ഇന്നെന്താണ് ആദിരൂപം ഹാജരാകാത്തത്?"
"മടയാ!അതിന്റെ മുഹൂര്ത്തമാടുക്കുന്നു."-തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ചുറ്റും നോക്കി.'ആരവിടെ?' എന്നു വിളിച്ചു.
കാവിനിറമുള്ള നൂറ്റൊന്നു കൂറകള്‍ ഒരു അഴുക്കുചാലില്‍ നിന്നും പുറത്തുവന്ന്,അണിനിരന്നു.
"മന്ത്രോച്ചാരണം നടക്കട്ടെ!"-തന്ത്രി കല്‍പ്പിച്ചു.
കാവിനിറമുള്ള നൂറ്റൊന്നു കൂറകളും ഒന്നിച്ചു വിളിക്കാന്‍ തുടങ്ങി-
"റേയ്ഗാ....റേഗാ...!
റേയ്ഗാ....റേഗാ...!"
വിളി,ദിഗന്തങ്ങളെ കുലുക്കുന്ന കോറസ്സായി വളര്‍ന്നപ്പോള്‍ അഴുക്കുപറ്റിയ തറ പിളര്‍ന്നുകൊണ്ട് ഒരു മുതുക്കന്‍ പാറ്റ പുറത്തുവന്നു.അതിന്റെ ഉടലില്‍ സ്ട്രൈപ്പുകളും നക്ഷത്രപ്പുള്ളികളുമുണ്ടായിരുന്നു. മുതുക്കന്‍ പാറ്റ ഒരു കാല്‍ വാളെന്നപോലെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുള്ളാന്‍ തുടങ്ങി.
മുതുക്കന്‍ അലറി - 
"ഹി...ഹി...!ഞാന്‍ ആദിരൂപം! റേയ്ഗന്‍..."
തന്ത്രി പാറ്റക്കൂട്ടത്തോടു പറഞ്ഞു:
"മുട്ടുകുത്തുവിന്‍!ഈ സ്വര്‍ഗ്ഗരാജ്യം നമുക്കുതന്ന റേഗസ്വരൂപത്തെ വന്ദിക്കുവിന്‍!"
എല്ലാ പാറ്റകളും മുട്ടുകുത്തി,കാവിനിറമുള്ള നൂറ്റൊന്നു പാറ്റകളടക്കമുള്ളവ.
പുതിയ തമ്പുരാനായ പാറ്റജ്ഞന്‍ മുപ്പത്തെട്ടാമന്റെ ശിരസ്സില്‍ മുതുക്കന്‍ പാറ്റ കയറി;കുറേനേരം തുള്ളിക്കൊണ്ട് നിന്നു.
"സര്‍വ്വാനുഗ്രഹങ്ങളും!എല്ലാ ആശ്ശിസ്സുകളും!"-മുതുക്കന്‍ പാറ്റ ആശീര്‍വദിച്ചു.പിന്നെ കിതച്ചുകൊണ്ട് താഴെയിറങ്ങി; ബോധംകെട്ട് വീണു.
തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ആജ്ഞാപിച്ചു:
"ഭക്തന്മാരേ...ഉണരുവിന്‍!"
പാറ്റക്കൂട്ടം നിവര്‍ന്നു നിന്നു.
എല്ലാ പാറ്റകളും കണ്ടുനില്‍ക്കെ,തന്ത്രി ലേശം അഴുക്കും ലേശം മലിനജലവും കലര്‍ത്തി മുതുക്കന്‍പാറ്റയുടെ വായിലൊഴിച്ചു കൊടുത്തു.
മുതുക്കന്‍ പാറ്റയ്ക്ക്‌ ബോധം തെളിഞ്ഞു.
സ്ട്രൈപ്പുകളും നക്ഷത്രപ്പുള്ളികളുമുള്ള മുതുക്കന്‍ ഓടി, ഏറ്റവുമടുത്ത അഴുക്കുചാലിലേക്ക്.മുതുക്കന്‍ അന്തര്‍ദ്ധാനം ചെയ്തപ്പോള്‍,തന്ത്രി കോക്ക്റോച്ച് വര്യന്‍ അരിയിട്ടുവാഴ്ച്ചയുടെ മിച്ചം നടപടികളിലേക്കു കടന്നു.



അടിക്കുറിപ്പ് : പണ്ടേ ബര്‍ട്രന്‍ഡ് റസ്സല്‍ പറഞ്ഞുവച്ചിട്ടുണ്ട്,ഒരു അണുയുദ്ധം നടന്നാല്‍....പിന്നെ ഈ ഭൂമി,പാറ്റകള്‍ക്കു മാത്രമുള്ളതാണെന്ന്. 

No comments: