Friday, April 26, 2013

ഗാന്ധിയും കാക്കയും ഞാനും

-ഓ എന്‍  വി കുറുപ്പ്











"കാണാന്‍ ചേലില്ലെന്നാലും കറു-
പ്പാണല്ലോ നിറമെന്നാലും,
നോട്ടം ചരിഞ്ഞിട്ടെന്നാലും,സ്വര-
മേറ്റം പരുഷമാണെന്നാലും
കാക്കകള്‍ പാവങ്ങള്‍!"അമ്മ പറഞ്ഞൊരാ
വാക്കുകളിന്നും ഞാനോര്‍ക്കുന്നൂ.
എങ്കിലുമിന്നൊരു കാക്കയെ കല്ലെറി-
ഞ്ഞെന്നതിന്‍ പാപം ഞാന്‍ പേറുന്നു!

"മുട്ടോളമെത്തുന്ന മുണ്ടുടുത്തേ,വടി
കുത്തി നടന്നൊരു മുത്തച്ഛന്‍;
മുന്‍വരിപ്പല്ലു രണ്ടില്ലേലും
പുഞ്ചിരിച്ചേലുള്ള മുത്തച്ഛന്‍;
സ്വാതന്ത്ര്യത്തിരുമന്ത്രം നമ്മുടെ
നാവില്‍ കുറിച്ചതു ചൊല്ലിച്ചു;
നമ്മെ പിച്ച നടത്തിച്ചു;
നമ്മള്‍ക്കായി പ്രാര്‍ത്ഥിച്ചു;
നമ്മള്‍ക്കായ് വെടികൊണ്ടു മരിച്ചൂ!
നമ്മള്‍ മറക്കൊരുനാളും!...

അക്കഥയങ്ങനെയച്ഛന്‍ ചൊല്ലിയ-
തൊക്കെയുമെന്നും ഞാനോര്‍ക്കുന്നൂ!
എങ്കിലും ഗാന്ധിപ്രതിമയില്‍ കല്ലെറി-
ഞ്ഞെന്നതിന്‍ പാപം ഞാന്‍ പേറുന്നൂ!          

നഗരത്തിലെ നാല്‍ക്കവലയില്‍ നാലാ-
ളെകരമെഴുന്നൊരു കല്‍ത്തറമേല്‍
പോയ ജയന്തിക്കാരോ ചാര്‍ത്തിയൊ-
രായതമാല്യച്ചരടോടെ
ഒട്ടുകുനിഞ്ഞും മുന്നോട്ടാഞ്ഞും
നില്‍ക്കും ഗാന്ധിജിതന്‍ ശിരസ്സില്‍
കാക്കയിരിപ്പു-പുരീഷമൊലിച്ചൂ-!
നാല്‍ക്കവലയിലീ ഞാന്‍ നില്‍പൂ!

ഓർക്കാനെന്തിനി? ഇക്കൈയാലെയാ
കാക്കതൻ നേർക്കൊരു കല്ലെറിഞ്ഞൂ!
കാക്ക കരഞ്ഞു പറന്നേ പോയതിൻ 
കാഷ്ഠമൊലിക്കും ശിരസ്സിൻമേൽ
കല്ലുപതിക്കുന്നു;താഴേ നിന്നിതു 
കണ്ടു ഞാൻ കൈകൾ ഞെരിക്കുന്നു!
അപ്പൊഴും ഗാന്ധി ചിരിക്കുന്നു!
അപ്പുറം കാക്കയിരിക്കുന്നു!

എങ്കിലുമിന്നൊരു കാക്കയെ കല്ലെറി-
ഞ്ഞെന്നതിൻ പാപം ഞാനേൽക്കുന്നു!
എങ്കിലും ഗാന്ധിപ്രതിമയിൽ കല്ലെറി-
ഞ്ഞെന്നതിൻ പാപം ഞാൻ പേറുന്നു! 

No comments: