Thursday, December 10, 2009

പാഥേയം

- ഓ എന്‍ വി കുറുപ്പ്

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ടത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

(1982-ല്‍ വയലാര്‍ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ടുചെയ്ത
പ്രസംഗത്തിന്‍റെ സമാപനമായി ചൊല്ലിയ കവിത)

No comments: