Saturday, July 4, 2020

വരുന്നു ഞാന്‍

- ഇടപ്പള്ളി രാഘവന്‍ പിള്ള

പാതിയും കഴിഞ്ഞതില്ലെന്‍ ഗ്രന്ഥപാരായണം
ഭീതിദമിതിന്നന്ത്യമെന്തിനായാരായേണം?
ജ്ഞാനതൃഷ്ണനാമെന്‍റെ നീടുറ്റ നിത്യദ്ധ്വാനം
പാനപാത്രത്തില്‍ വെറും കണ്ണുനീര്‍ നിറപ്പാനാം!
പാതയിലിളംകാറ്റുമിളകുന്നീലാ ചെറ്റും,
പാതിരാപ്പിശാചിന്‍റെ നര്‍ത്തനരംഗം ചുറ്റും!
അക്ഷരമോരോന്നും ഞാന്‍ വായിച്ചുതീര്‍ക്കുന്നേരം
അക്ഷികള്‍ ചുടുബാഷ്പാലന്ധമാകുന്നു പാരം!
ഏറുമെന്‍ നെടുവീര്‍പ്പിന്‍ നിശ്വാസനിപാതങ്ങള്‍
- നീറുമീ ഹൃദയത്തിന്‍ നിശ്ശബ്ദഞരക്കങ്ങള്‍-
മതി,യിബ്ഭയാനകമൂകത ഭഞ്ജിക്കുവാന്‍
മതിയില്‍ക്കുറേക്കൂടി തീക്കനല്‍ ചൊരിയുവാന്‍!

II

ആദ്യത്തെയദ്ധ്യായങ്ങളൊക്കവേയമൂല്യങ്ങള്‍
- ആനന്ദാര്‍ണവത്തിലെസ്സുന്ദരതരംഗങ്ങള്‍!
ആയതിന്നാന്ദോളനമേറ്റു ഞാന്‍ പോയിപ്പോയി
ആഴമറ്റിടും കയം തന്നിലാപതിക്കയായ്!
ഇനിയും മുന്നോട്ടേയ്ക്കോ?.... വേണ്ടിതിന്നവസാനം
ഇതിലും ഭയാനകമാകുവാനത്രേ നൂനം!
കത്തുകയാണെന്നാലുമെന്മുന്നില്‍ ഗതഭയം
കര്‍ത്തവ്യം നടത്തുവാനേതോരു ദീപം സ്വയം!
ഞാനതുമനാദരിച്ചെങ്ങനെ വിരമിക്കും?
കാണുവതസഹ്യമാ,ണെങ്ങനെ മുഴുമിക്കും!
അങ്ങതാ, മമ ഭാഗ്യപുഞ്ജമെന്‍ മലര്‍ശയ്യ
ഭംഗിയായൊരുക്കിയെന്നാഗമം കാക്കുന്നയ്യാ!
നിദ്രയും വെടിഞ്ഞു ഞാന്‍ വായനയാര്‍ന്നാലേവം
ഭദ്രയാമവളൊന്നു കണ്ണയ്ടക്കുമോ പാവം!
ഓമനേ, വരുന്നു ഞാന്‍, വായന നിറുത്തട്ടേ
ഈ മണിദീപാങ്കുരം ഞാന്‍ തന്നെ കെടുത്തട്ടേ!... 

No comments: