Wednesday, September 16, 2020

വള്ളിയമ്മ

- ജി കുമാരപിള്ള 

വെള്ളയില്‍ സാക്ഷാല്‍ കറുപ്പിന്‍റെ കൈവിരല്‍
പുള്ളികുത്തുന്നൊരീസംക്രമസന്ധ്യയില്‍
ഉള്ളില്‍ തിളങ്ങും പുരാവൃത്തശോഭയായ്
വള്ളിയമ്മേ, നിന്നെയോര്‍ക്കുകയാണു ഞാന്‍.

താലിഭാഗ്യത്തിനായ് പെണ്ണായ പെണ്ണൊക്കെ
മോഹിച്ചിടും നറുംപ്രായത്തിലല്ലി നീ
കൂലിക്കു പേശാത്തൊരുച്ചക്കിറുക്കനാം
കൂലിവക്കീലിന്‍റെ വാക്കില്‍ ഭ്രമിക്കയാല്‍
മാനവസ്വപ്നം വിടര്‍ത്താനനുഷ്ഠിച്ചി-
താദിമമാകുമാ രക്തസന്തര്‍പ്പണം!

കൂടെപ്പിറപ്പിന്‍റെ സൂക്ഷിപ്പുകാരനോ
ഞാനെന്നു ക്രുദ്ധിച്ച കായന്‍റെ കിങ്കരര്‍
കാരാലയത്തില്‍ വിഷജ്ജ്വരജ്ജ്വാലയില്‍
പാതിയും വെന്ത വിസ്സര്‍ജ്ജ്യമായ് തള്ളവേ
കാലന്‍റെ കൈയിലെക്കൊക്കിറുക്കിക്കായി
നീളും കഴുത്തു കുനിച്ചവളല്ലി നീ!

റാണിയായ് വന്നുപിറന്നില്ല ജാന്‍സിയില്‍;
ബായായ് വളര്‍ന്നില്ല ; ശബ്ദഭാഗ്യത്തിനാല്‍
ഭാരതാരാമത്തെ നിര്‍വൃതി കൊള്ളിച്ച
കോകിലവാണിയായ് പാറിയതില്ല നീ.
എന്നിട്ടുമിന്നു ഞാനെന്‍റെയീ വാക്കിനാല്‍
നിന്നെ പ്രതിഷ്ഠിപ്പിതത്യുന്നതങ്ങളില്‍.

നീയോ മുനുസ്വാമിതന്‍പിള്ള; ചാപിള്ള.
ആരേ മുനുസ്വാമി? പട്ടിണിച്ചീട്ടുമായ്
ആഴക്കടല്‍ കടന്നേതോ വിദൂരമാ-
മൂരില്‍നിന്നെത്തിയോന്‍; സായുവിന്‍ കാല്‍ക്കലെ
ലേലച്ചരക്കായ് മറിച്ചിടപ്പെട്ടവന്‍;
ഊമപ്പടമായ് തിരിച്ചിടപ്പെട്ടവന്‍;
നേരം പുലര്‍ന്നാല്‍ കരിമ്പിന്‍വനങ്ങളില്‍
രാവില്‍ കൃമിക്കുന്ന ചാളയില്‍ കുറ്റിയില്‍
എണ്ണത്തിനെണ്ണം കിഴിച്ചും പെരുക്കിയും
എന്നേക്കുമായിത്തളച്ചിടപ്പെട്ടവന്‍.

നീയോ മുനുസ്വാമിതന്‍പിള്ള; പൊന്‍പിള്ള;
ചാപിള്ളയില്‍ നിന്നുയിര്‍ക്കൊണ്ട പൊന്‍പിള്ള-
അന്ധകാരത്തിന്‍റെ ചേറ്റിലുഷസ്സിന്‍റെ
ചെന്താമരപ്പൂ വിടര്‍ന്നതുമാതിരി
കല്‍ക്കരിക്കൂനതന്നുള്ളില്‍ പൊടുന്നനെ
അഗ്നിസ്ഫുലിംഗം ജ്വലിക്കുന്ന മാതിരി
ക്ഷുദ്രം കരിക്കട്ടയേതോ മുഹൂര്‍ത്തത്തില്‍
വജ്രമായ് വെട്ടിത്തിളങ്ങുന്ന മാതിരി.

പാവിന്‍ വെളുപ്പില്‍ കറുപ്പിന്‍ കരുത്തുറ്റൊ-
രൂടു ചുറ്റുന്നൊരീ സംക്രമസന്ധ്യയില്‍ 
സപ്തവര്‍ണ്ണങ്ങളും പുള്ളികുത്തുന്നൊരു
പുത്തനാം കംബളം ആഫ്രിക്കയാകവേ
ഉള്ളില്‍ വിതുമ്പും വികാരവൈവശ്യമായ്
വള്ളിയമ്മേ, നിന്നെയോര്‍ക്കുകയാണു ഞാന്‍.

[ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സത്യാഗ്രഹത്തില്‍ രക്തസാക്ഷിയായിത്തീര്‍ന്ന വ്യക്തിയാണ് വള്ളിയമ്മ. ആര്‍. മുനുസ്വാമി മുതലിയാര്‍ എന്ന 16 വയസ്സുകാരി. അവരെക്കുറിച്ച് ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹം എന്ന പുസ്തകത്തിന്‍റെ നാല്‍പ്പതാം അദ്ധ്യായത്തില്‍ വായിക്കാം.]

(നെല്‍സന്‍ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് ആയി സ്ഥാനമേറ്റ ദിവസം അതായത് 1994 മെയ് മാസം 5ന് രചിക്കപ്പെട്ട ഈ കവിത,  പൂര്‍ണ്ണോദയ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ശതാബ്ദങ്ങളുടെ ശബ്ദം എന്ന കവിതാസമാഹാരത്തില്‍ നിന്നുമാണ് ഇത് എടുത്തിരിക്കുന്നത്.) 

No comments: