Monday, September 7, 2020

മക്കള്‍ക്കായി ഉരുകിത്തീര്‍ന്ന മാതൃഹൃദയം


   വടക്കന്‍ കേരളത്തിലെ കുഗ്രാമത്തിലാണ് ഞാനവരെ കാണുന്നത്. നാട്ടിന്‍പുറത്തൊരു ഷൂട്ടിംഗ് നടക്കുമ്പോഴുണ്ടാകുന്ന ഉത്സവാന്തരീക്ഷം പറയേണ്ടല്ലോ. പഴയൊരു തറവാട്ടിലായിരുന്നു ഷൂട്ടിംഗ്. ആ വീട്ടിലെ തന്നെ വരാന്തയുടെ വശത്താണ് മേക്കപ്പ് ചെയ്യാനുള്ള സ്ഥലമൊരുക്കിയിരുന്നത്. ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത അവിടെ ചുറ്റുമായി ധാരാളം പേര്‍ നേരത്തേവന്നു സ്ഥാനം പിടിച്ചിരുന്നു.

   നാട്ടിന്‍പുറത്താകുമ്പോള്‍ അവരെ പിടിച്ചു പുറത്താക്കലൊന്നും നടക്കില്ല. തിരക്കിനിടയില്‍ പലരും സിനിമയിലെ ഡയലോഗുകള്‍ പറയുന്നുണ്ട്. 'ഇക്കാ' എന്നും 'ചേട്ടാ' എന്നും 'അണ്ണാ' എന്നുമെല്ലാം വിളിക്കുന്നുണ്ട്. ഇതിനിടയില്‍ എന്‍റെ പിറകില്‍നിന്നു കേട്ടത് മുമ്പെങ്ങും കേള്‍ക്കാത്ത വിളിയായിരുന്നു.

   ചിരപരിചിതനായ ഒരാള്‍ വിളിക്കുന്ന രീതിയില്‍ 'മോനേ' എന്നാണ് അവരെന്നെ വിളിച്ചത്. തിരിഞ്ഞുനോക്കിയപ്പോള്‍ എഴുപതു വയസ്സോളം പ്രായമുള്ളൊരു സ്ത്രീ. കാണാന്‍ നല്ല ഐശ്വര്യം. മുടിയില്‍ നരയുടെ തിളങ്ങുന്ന ഭംഗി. മല്ലുമുണ്ടുടുത്ത്, മല്ലുകൊണ്ട് തന്നെയുള്ള, ജാക്കറ്റും മാറിലൊരു തോര്‍ത്തുമുണ്ടുമായി ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. പല്ലുകളില്‍ മുറുക്കാന്‍ കറയുണ്ട്. മെലിഞ്ഞ ദേഹപ്രകൃതം.

   ചോദിക്കുകപോലും ചെയ്യാതെ അടുത്തുവന്നുനിന്ന് മുഖത്തും തലയിലും തലോടിക്കൊണ്ട് അവര്‍ ചോദിച്ചു: "നീയെന്താ ഇത്ര വൈകീത്? ഞാന്‍ നിരീച്ചു രണ്ടൂസം മുമ്പ് വരൂന്ന്‍."

   "ഇത്തിരി വൈകിപ്പോയി." - അവരെ ഒഴിവാക്കാനായി ഞാന്‍ പറഞ്ഞു. മേക്കപ്പ് ചെയ്യുമ്പോള്‍ തൊടുന്നതും ശ്രദ്ധ തിരിക്കുന്നതും എന്നെ അസ്വസ്ഥനാക്കിയിരുന്നു.

   സെറ്റ് റെഡിയായി എന്നെ കാത്തുനില്‍പ്പാണ്. പക്ഷെ, അവര്‍ തുടരുകയാണ് : "പയ്യിനെ കെട്ടാന്‍ പോലും ആളില്ല. സരോജിനിയുടെ കുട്ടി സ്ക്കൂളില്‍ പോയി. ഞാന്‍ തന്നെ വേണം എല്ലാം നോക്കാന്‍. വയ്യാണ്ടായി..."                                  

   അവരുടെ വീട്ടിലെ എല്ലാവരെയും എനിക്ക് പരിചയമുണ്ടെന്നപോലെയാണ് സംസാരം. എന്തുകൊണ്ടോ ഞാന്‍ അവര്‍ക്കൊരു കസേര വരുത്തിക്കൊടുത്തു.

      "അടുത്ത മാസാണ് അച്ഛന്‍റെ ശ്രാദ്ധം. എല്ലാവരും വര്വോന്ന്‍ അറിയില്ല. വിലാസിനി ഒന്‍പതും തികഞ്ഞിരിക്യാണ്. പണ്ടത്തെപ്പോലെ വയ്യെങ്കിലും എന്തെങ്കിലും കൊടുക്കണ്ടെ. നിയ്യ് വന്നിട്ട് തീരുമാനിക്കാന്നു വിചാരിച്ചു. നീയ്യെന്താ പറേണത്."

   ഇടയ്ക്ക് ഷോട്ടിനായി പോയി മടങ്ങിയത്തുമ്പോഴും അവര്‍ അവിടെത്തന്നെയുണ്ട്. കണ്ടതും വീണ്ടും സംസാരം തുടങ്ങി.

   "രാജന്‍റെ കത്ത് വരാറില്യ. ബാംഗ്ലൂരില്‍ സുഖാണ്ന്ന്‍ കണ്ടുവന്നോര് പറഞ്ഞു. അത് തന്ന്യാണല്ലോ വേണ്ടത്. അവനോന്‍റെ തെരക്ക് കഴിഞ്ഞിട്ട് ഒന്നിനും സമയമുണ്ടാവില്യ. പാവം കുട്ടി, വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവും."

   അവര്‍ പറയുന്നത് കഴിഞ്ഞ ഒരാഴ്ചത്തെ വിശേഷങ്ങള്‍ മാത്രമാണ്. അതിനുമുന്‍പുള്ള കാര്യങ്ങളെല്ലാം എനിക്കറിയാം എന്നവര്‍ വിശ്വസിക്കുന്നു. അവരെ ഞാന്‍ അറിയാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു. രണ്ടാം ദിവസം വന്നപ്പോള്‍ കയ്യിലൊരു സ്റ്റീല്‍ മൊന്തയുണ്ടായിരുന്നു. മടിയില്‍നിന്നൊരു ഗ്ലാസ്സെടുത്ത് അതില്‍ മൊന്തയിലെ പാലൊഴിച്ച് എനിക്കുനീട്ടി.

   "മ്മടെ പയ്യിന്‍റെ പാലാണ്. കുടിച്ച്വോക്ക്."

   പാലുകുടി പണ്ടേ തൃപ്തിയില്ലാത്ത ഞാന്‍ ആ പാല് കുടിക്കേണ്ടിവന്നു. തുടര്‍ച്ചയായ സംസാരത്തില്‍നിന്ന് എനിക്ക് അവരുടെ വീടിന്‍റെയൊരു ചിത്രം കിട്ടി. മൂത്തമകന്‍ ബാംഗ്ലൂരിലാണ്. ഇളയവന്‍ പട്ടാളത്തിലും. മൂത്ത പെണ്‍കുട്ടിയാണ് പ്രസവിക്കാനായി നില്‍ക്കുന്നത്. ഇളയ പെണ്‍കുട്ടിയെ അടുത്തെവിടെയോ കല്യാണം കഴിച്ചുകൊടുത്തിരിക്കുന്നു. ആ മകളുടെ മകളാണ് ഇടയ്ക്ക് കൂട്ടിന് കിടക്കുന്നത്. മിക്കപ്പോഴും തനിച്ചുതന്നെ.

   ഇതില്‍ ഏതോ ഒരു മകന്‍റെ ഓര്‍മ്മയിലാണ് ഞാനുള്ളത്. പട്ടാളക്കാരനായ മകനായിട്ടാണ് എന്നെ കരുതിയതെന്നു തോന്നുന്നു. ആ സിനിമയില്‍ എന്‍റെ വേഷം പോലീസ് ഓഫീസറുടേതായിരുന്നു.

   ഷൂട്ടിംഗിനിടയില്‍ ഒരു കഥാപാത്രം എന്നെ മുഖത്തടിക്കുന്ന സീനുണ്ടായിരുന്നു. ക്ലോസപ്പ് എടുക്കാനായി അടിച്ചയുടനെ ഞാന്‍ മുഖം തിരിച്ചതും നേരെ നോക്കിയത് ആ സ്ത്രീയുടെ മുഖത്തേക്കാണ്. എനിക്ക് ശരിക്കും അടികിട്ടിയെന്ന ധാരണയില്‍ അവര്‍ പകച്ചുനില്‍പ്പാണ്. കണ്ണുകള്‍ പതുക്കെ നിറയുന്നു. അടുത്തെത്തിയപ്പോള്‍ ചോദിച്ചു: "എന്തൊരു ജോല്യാടാ ഇത്. കുട്ടിക്ക് വല്ലാതെ വേദനിച്ച്വോ?"

   പിന്നീടവര്‍ കൂടുതല്‍ നേരം നിന്നില്ല. അടുത്ത ദിവസം വന്നയുടനെ മടിയിലെ പൊതിയെടുത്ത് എന്‍റെ കയ്യില്‍ വച്ചുതന്നു. നിറയെ ചുട്ടുതള്ളിയ കശുവണ്ടി. എനിക്ക് കശുവണ്ടി ഇഷ്ടമാണ്. അതുമുഴുവന്‍ ഞാന്‍ പോക്കറ്റിലിട്ട്പതുക്കെ കൊറിച്ചുകൊണ്ടിരുന്നു.

   കശുവണ്ടി വായിലിടുന്നതു കാണുമ്പോള്‍ അവര്‍ കൌതുകത്തോടെ എന്നെ നോക്കി ചിരിച്ചു. കഴിക്കുന്നത്‌ ഞാനാണെങ്കിലും സ്വാദ് അനുഭവിക്കുന്നത് അവരായിരുന്നുവെന്ന് മുഖം കണ്ടാലറിയാം.

   പിറ്റേ ദിവസം ഷൂട്ടിംഗ് പെട്ടെന്ന്‍ മാറ്റേണ്ടിവന്നു. രാത്രി ഞാന്‍ മടങ്ങുകയും ചെയ്തു. പോകുമ്പോള്‍ യാത്രപറയണമെന്നും അവരുടെ കൈകളില്‍ എന്തെങ്കിലും വച്ചുകൊടുക്കണമെന്നും വിചാരിച്ചിരുന്നെങ്കിലും നടന്നില്ല.


   നാലഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും അതേ സിനിമയുടെ രണ്ടാം ഭാഗം ഷൂട്ട്‌ ചെയ്യാന്‍ അവിടെയെത്തി. 

പേരുപോലുമറിയാത്ത ആ മുഖം ഞാന്‍ പരതി. 

'മോനേ' എന്ന വിളിയ്ക്ക് കാതോര്‍ത്തു.

ഫലമുണ്ടായില്ല.


   തിരക്കിനിടയില്‍ ഞാന്‍ കൊച്ചിയില്‍ വന്ന് മക്കളെ കണ്ടുപോകാറുണ്ട്. പക്ഷെ, ചെമ്പില്‍ പോയി ഉമ്മയെയും ബാപ്പയെയും കാണാറില്ല. ഒരിക്കല്‍ ബാപ്പ ചോദിച്ചു: "നീയെന്താ കൊച്ചിയില്‍ വന്നുപോകുമ്പോ ഇവിടെ വരാത്തത്?"

   "കുട്ടികളെ കാണാനുള്ള തിടുക്കംകൊണ്ട് വന്നതാണ്‌. സമയമുണ്ടായിട്ടല്ല."

   "അതുപോലെ മകനെക്കാണാന്‍ തിടുക്കമുള്ളൊരുമ്മയും ബാപ്പയുമാണല്ലോ ചെമ്പിലുമുള്ളത്."

   അതുകേട്ടതും സത്യത്തില്‍ ഞാന്‍ ഉരുകിപ്പോയി. നെഞ്ചിലെവിടെയോ ഒരു വെടിപൊട്ടിയതുപോലെ. എനിക്ക് ഓര്‍മ്മ വന്നത് ഷൂട്ടിംഗിനിടയില്‍ കണ്ട ആ 'അമ്മ'യെയാണ്. അവര്‍ക്ക് നാല് മക്കളുണ്ടായിട്ടും അവര്‍ അനാഥയായിരുന്നു. എന്‍റെ അമ്മയും നെഞ്ചുരുകി എന്നെ കാത്തിരിക്കുന്നുണ്ടാകില്ലേ?. അതിനുശേഷം ഞാന്‍ കൊച്ചിയില്‍ പോകുന്നുണ്ടെങ്കില്‍ ബാപ്പയെയും ഉമ്മയെയും കണ്ടേ മടങ്ങാറുള്ളു. പറ്റിയില്ലെങ്കില്‍ വിളിച്ചു സമ്മതം വാങ്ങും.


   നമ്മള്‍, കുട്ടികള്‍ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും നല്ല സൌകര്യങ്ങളുള്ള വൃദ്ധസദനങ്ങളൊരുക്കുന്ന തിരക്കിലാണ്. അതൊരു തെറ്റാണെന്ന് നാം കരുതുന്നതേയില്ല. 

   വീട്ടില്‍നിന്ന് പറിച്ചുനടുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് വീടല്ല, മറിച്ച് മക്കളുടെ സ്നേഹമാണെന്ന കാര്യം നാം മറന്നുപോകുന്നു.

   ഏതു വൃദ്ധസദനത്തിലാണ് മക്കളുടെ സ്നേഹം ഓഫര്‍ ചെയ്യാനാകുക! എത്ര കഷ്ടപ്പെടുത്തിയാലും അമ്മയുടെയും അച്ഛന്‍റെയും സ്നേഹത്തിന്‍റെ ഉറവ ബാക്കിനില്‍ക്കുകയും ചെയ്യുന്നു.

   വൃദ്ധസദനങ്ങളന്വേഷിക്കുന്നവരും തിരക്കില്‍ തിരിഞ്ഞുനോക്കാന്‍ മറക്കുന്നവരും ഓര്‍ക്കണം, നമുക്കായും എവിടെയെല്ലാമോ വൃദ്ധസദനങ്ങളൊരുങ്ങുന്നുണ്ടെന്ന്. ഏതോ വീട്ടില്‍ നമ്മളെയും കാലം ഒറ്റപ്പെടുത്തുമെന്ന്. അതില്ലാതിരിക്കാന്‍ ഇടയ്ക്കെങ്കിലും നമുക്ക് തിരക്കുകള്‍ മറന്ന് മക്കളാകാം.


[കറന്‍റ് ബുക്ക്സ് പ്രസിദ്ധീകരിച്ച, ശ്രീ.മമ്മൂട്ടിയുടെ ഓര്‍മ്മക്കുറിപ്പുകളായ 'കാഴ്ചപ്പാട്' എന്ന പുസ്തകത്തില്‍നിന്നും എടുത്തതാണ് ഇത്. 2002 നവംബര്‍ 8നാണ് ഈ ഓര്‍മ്മക്കുറിപ്പ്‌ എഴുതപ്പെടുന്നത്.]

[ഈ പുസ്തകം വായിച്ചതിനുശേഷം, ഈ ലേഖനത്തെ ഞാനൊരു കവിതയാക്കി മാറ്റിയിരുന്നു, 'ഉരുകുന്ന മാതൃഹൃദയം' എന്ന പേരില്‍] 

No comments: