Tuesday, November 3, 2009

അന്നത്തെ കൂലി

-കാരൂര്‍ നീലകണ്ഠപ്പിള്ള
  
  അവന്‍ മാടത്തിലേക്ക് ചെന്ന് കേറി-പടുകാലം പിടിച്ച തള്ള,പേറടുത്ത കെട്ടിയവള്‍,വയറു കത്തി തളര്‍ന്ന കിടാങ്ങള്‍...ഇവരുടെ ഇടയിലേക്ക്...
  തറ വെളുത്തപ്പോള്‍ തുടങ്ങി അന്തിമയങ്ങുന്നതുവരെ അവന്‍ കിളച്ചു.ആദിത്യന്‍ അവനെ മുത്തുമണികളണിയിച്ചു സല്ക്കരിച്ചതും അലസനായ പവനന്‍ അവയെ അപഹരിച്ചതും അവനറിഞ്ഞില്ല.അങ്ങ് പടിഞ്ഞാറ് മാനത്ത് ചെങ്കൊടി ഉയര്‍ന്നതും രാത്രി അതു മാറ്റിക്കളഞ്ഞതും ആ വേലക്കാരന്‍ ശ്രദ്ധിച്ചില്ല. "കൂലി നാളെ..." എന്ന് തന്‍റെ തമ്പുരാന്‍ പറയുന്നതും കേട്ട് നാളത്തേക്കുള്ള വേല വിവരം തമ്പുരാനോട്‌ ചോദിച്ചു മനസ്സിലാക്കിക്കൊണ്ട് അവന്‍ നടന്നു.ഇരുട്ട് അവനെ വിഴുങ്ങി.ഒരു പീടികയുടെ മുമ്പില്‍ അവന്‍റെ ശബ്ദം കേട്ടു;അതുകഴിഞ്ഞ് ഒരു പുലമാടത്തിന്‍റെ മുറ്റത്തും.അവിടന്ന് അവന്‍ മാടത്തില്‍ ചെന്നു.
"അമ്മന്‍റെ കയ്യിലൊന്നുവില്ല"-എന്ന തേവയുടെ പരാതിയും  
"ഇതെന്നാ ഇങ്ങനെ?"-എന്ന പുലയിയുടെ അന്വേഷണവും ഒന്നിച്ചു അവന്‍റെ നേരെ ചാടി.
"ഇന്ന് കൂലി കിട്ടിയില്ലേ?"-പുലയി ആവര്‍ത്തിച്ചു.
"വെള്ളിയാഴ്ചേം ആയിക്കൊണ്ട്‌ അറേന്നു നെല്ലെടുത്ത് കൊടുക്കുവോടീ വല്ലോരും?"
"ഒരു പിടി താവല്.അതു പടിക്കെ ചോദിക്കാര്‍ന്നല്ലോ,അമ്മിക്ക് വല്ലോം വെച്ച് കൊടുക്കണ്ടേ?"
"ആ കൊച്ചമ്പിരാന്‍ പറഞ്ഞെടീ,അരിപ്പെട്ടി പൂട്ടി താക്കോല് തമ്പിരാട്ടി എങ്ങാണ്ട് വെച്ചിരിക്കുവാന്ന്."
"ആ കടേന്നെങ്ങാനും നാഴിയരി കടം മേടിച്ചോണ്ട് പോന്നില്ലല്ലോ."
"ഒന്നാന്തിയാ പോലും ഇന്ന്.ഒന്നാന്തിയായിട്ടു കടം കൊടുക്കതില്ല പോലും."
"അമ്മീ...കുഞ്ചി!"-ഒരു കൊച്ചു പറഞ്ഞു.
"ഒന്നാന്തിയായകൊണ്ട് കടം കൊടുക്കത്തില്ല.വെള്ളിയാഴ്ചയായ കൊണ്ട് കൂലി കൊടുക്കത്തില്ല,ഒന്നാന്തീം വെള്ളിയാഴ്ചേം ആയിട്ട് പെലമാടത്തി തീ പൂട്ടുകേം വേണ്ട.ഇതെന്തിര് മൊറ!"-എന്ന് പറഞ്ഞു മാല
"നമ്പട തലേലെഴുത്താടീ!"-ആ മാടത്തിലെ തലവന്‍ പറഞ്ഞു.
"അന്തിയോളം പണിയിച്ചിട്ടു കൂലി കൊടുക്കാതെ പറഞ്ഞയക്കുന്നോര്‍ക്കറിയാവോ പാവങ്ങടെ വെഷമം"-മാല പൊറുപൊറുത്തു .
"എനിക്കൊന്നുമ്മേണ്ടാടീ "-കിഴവി പറഞ്ഞു.
"വെള്ളിയാഴ്ചേം ആയിട്ട് നെല്ലും ചക്രോം കൊടുത്താ പടിക്കലേക്കു നശിപ്പാടീ"-കേരുളന്‍കര്‍ത്താവിന്‍റെ അടിയാന്‍ സഗൌരവം പറഞ്ഞു.
"ഒരു മാടത്തിലൊള്ളോരൊക്കെ പട്ടിണികെടന്നാ നശിപ്പൊന്നും വരികേലപോലും" -വിശന്നിട്ടു ലഹളകൂട്ടുന്ന കിടാങ്ങടെ തള്ള പറഞ്ഞു.
കുറച്ചുനേരം കഴിഞ്ഞ് അവള്‍ പുലയനോട് പറഞ്ഞു:"അമ്മിക്കെന്നാ കൊടുക്കുവെന്നു പറ .അങ്ങേ മാടത്തിച്ചെന്നാ വല്ലോം കാണുവാവോ !"
കൊച്ചാത്തന്‍:"ഒവ്‌വേ,ഞാനിങ്ങു പോന്നപ്പം ചോതീടെ മാടത്തി ചോതിക്കാണ്ടാ?അവന്‍ നടുവെട്ടലായിട്ടിന്നു വേലയ്ക്കു പോയില്ല"
"എനക്കൊന്നും മേന്ടെന്നു പറഞ്ഞില്ലേടി?നീ വല്ല കപ്പയോ മറ്റോ ഒണ്ടേ തെകത്തി കിടാങ്ങക്ക് കൊട്"-മുതുക്കി പറഞ്ഞു.
"കപ്പയെവിടിരിക്കിണ്?"-മാലയുടെ ഈ വാക്ക് ഉറങ്ങാനുള്ള സൂചനയായി മനസ്സിലാക്കിയ കുട്ടികള്‍ അവിടെയൊരു സ്വൈര്യക്കേടുണ്ടാക്കി-ഒന്നിന്‍റെ പായ്ക്കഷ്ണം മറ്റൊരു കൊച്ചെടുത്തു.മൈലന്‍ കിടക്കാറുള്ള അരികില്‍ കണ്ണന് കിടന്നേ കഴിയൂ.അങ്ങനെ വാശിയും വഴക്കും കരച്ചിലും; ഇതിനെയെല്ലാം താങ്ങി നിറുത്തിക്കൊണ്ടു അനുസരണക്കേടും ." കുറെക്കഴിഞ്ഞപ്പോള്‍ മാല തണ്ടിന് കേടുവരാതെ നാലഞ്ചു കപ്പക്കിഴങ്ങ്‌ മാന്തിയെടുത്തു.
കണ്ണനും തേവയും കൂടി കപ്പയരിഞ്ഞുതുടങ്ങി.
കൊച്ചാത്തന്‍ :"എന്‍റെ ദൈവേ! ഇതെന്നാടീ ഈ ചെയ്തെ?നെനക്കന്നത്തേടം കഴിയണന്നേ ഒള്ളോ."
മാല:"നിങ്ങക്ക്‌ അന്നത്തേടം കഴിയണ്ടെന്നും."
കണ്ണന്‍:(തേവയോട്)"ഇത് മുഴുവന്‍ ഞാന്‍ വേണേല്‍ തിന്നാം."
തേവ:"ഒറങ്ങുന്നോര്‍ക്ക് കൊടുക്കേണ്ട "
മൈലന്‍ കിടന്നകിടപ്പില്‍ വിളിച്ചു പറഞ്ഞു : "എന്നാല് നീ കെടന്നൊറങ്ങിക്കോ."
അരിഞ്ഞ കപ്പ അടുപ്പത്തായി .
"പൂ -ഹേയ് "-എന്നൊരു വിളി അതിരിന് വെളിയില്‍ കേട്ടു.പുറകെ  
"കടമ്പയെവിടെയാ?" എന്നൊരു ചോദ്യവും. "വടക്കോട്ടു നീങ്ങി-ആ കോട്ടമാവിന്‍റെയടുത്ത് " എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആ വലിയ പുരയിടത്തില്‍ക്കൂടി കടമ്പയ്ക്കലേക്ക് ചെന്നു വിരുന്നുകാരുമായി കൊച്ചാത്തന്‍ തിരിച്ചു വന്നു.
"അഴകിയോ?" എന്ന ചോദ്യം കൊണ്ട് മാല അവരെ സ്വീകരിച്ചു.
"അമ്മയെന്തിയെ?" എന്ന് ചോദിച്ചു കൊണ്ട് അഴകി മാടത്തിലേയ്ക്ക് കുനിഞ്ഞു കയറി.
അതിഥികളെ കാണാന്‍ കിടാങ്ങള്‍ പിടഞ്ഞെഴുന്നേറ്റു.തിന്നാന്‍ വല്ലതുമുണ്ടോ എന്ന് അവര്‍ കൊതിയോടെ കണ്ണോടിച്ചു.
മകളെ കാണാന്‍ കിഴവി എഴുന്നേറ്റിരുന്നു.
നാത്തൂന്‍റെ മകനെ മാല പുണര്‍ന്നു.
"അമ്മയുടെ ദെണ്ണം പൊറുത്തില്ലേ?" എന്ന് ചോദിക്കുന്നത്തിനിടയില്‍ അഴകി ആങ്ങളയുടെ മക്കളെ തഴുകി.
വിരുന്നുകാരു കൊണ്ടുവന്ന ഒരു പഴുത്ത കപ്ലങ്ങാ ഒരു കലശലിന്‍റെ ഇടയ്ക്ക്‌ ആ കൊച്ചുങ്ങള്‍ പങ്കുവെച്ച് തിന്നു.എന്നിട്ട് അവര്‍ , അതുകൊണ്ടു വന്ന കുഴിയനെ വര്‍ത്തമാനം കൊണ്ട് രസിപ്പിച്ചു.
അളിയനും അളിയനും ആണുങ്ങള്‍ക്ക് ചേരുന്ന വര്‍ത്തമാനങ്ങള്‍ പറയാനാരംഭിച്ചു.
മാല ഒറ്റയ്ക്കിരുന്നു ആലോചിക്കാനും തുടങ്ങി -'വിരുന്നുകാര്‍ക്ക് വയറിനു വല്ലോം കൊടുക്കണ്ടേ?' "അഴകിയെപ്പോളാടീ പോന്നെ മാടത്തീന്നു?"-തള്ള ചോദിച്ചു.
"ഉച്ചയ്ക്ക് മിന്നം പോന്നതാ.ഈ കുഴിയന്‍ നടക്കുകേല.പിന്നെ എടുത്തും നടത്തീം ഇരുന്നും ഇങ്ങെത്തി."
കിഴവി :"കൊയ്ത്തു തുടങ്ങിയില്ലേ അവിടെയൊക്കെ?"
അഴകി:"തിങ്കളാഴ്ച തൊടങ്ങും.കൊയ്ത്തു തൊടങ്ങിയാപ്പിന്നെ പോരാനൊക്കത്തില്ല.അതാ ഇന്ന് പോന്നെ.കാലത്തെ പോണം. ഇവിടെ പടിക്കലേക്ക് കൊയ്യാറായില്ലേ ?"
കിഴവി:"ഇവിടെ കൊയ്യാനാരാ?മാലയ്ക്കു പോയതാ മാസവെന്നു പറഞ്ഞോണ്ടിരുന്നു.ഇന്ന് ഒന്നാന്തിയായില്ലേ?അവളു വേലയ്ക്കു പോകാതെയായിട്ടിന്നു നാലഞ്ചായി."
അഴകി:"അമ്മിക്കാണേത്തെണ്‍ണോം."
കിഴവി:"എല്ലാം കൂടെയൊത്തു.എന്നാ ചെയ്യും?"
തേവ ചെന്ന് മാലയോട് പറഞ്ഞു:"രണ്ടുമൂട കപ്പകൂടെ പറിക്കമ്മീ"
അതിനു മറുപടിയുണ്ടാകാഞ്ഞ് അവളതു തന്നെ വീണ്ടും പറഞ്ഞു:"ഈ കിടാത്തിയെന്നാപ്പിന്നെ!" എന്ന മാലയുടെ ശാസന കേട്ട് അവളടങ്ങി .
"കാലത്തും നേരത്തും മഴ പെയ്യാഞ്ഞാപ്പിന്നെ നെല്ലെങ്ങനെയൊണ്ടാകുമെന്ന് പറ" എന്ന് അതിഥിയും "അതല്ലേ പറഞ്ഞെ,പടിക്കലാണേല് ഈ പൂവില് രണ്ടായിരപ്പറ നെല്ല് കാണേണ്ടതാ.ഈ വെഴം കുത്തിമറിഞ്ഞാ വിത്തും കൂലീം കിട്ടിയേലായി.തമ്പിരാന്‍മാര്‍ക്കൊണ്ടായാലല്ലാതെ, വേലയെടുത്തിട്ടായാലും അടിയാര്‍ക്ക് വല്ലോം കിട്ടുവോന്ന്?" എന്ന് വീട്ടുകാരനും.  
"പെലേര്‍ക്ക് ചെരിക്ക് കൂലി കൊടുക്കാഞ്ഞാ നേരത്തും കാലത്തും മഴ പെയ്യാത്തെ" എന്ന് അഴകിയും പറഞ്ഞു.
പുലയനെ അടുത്ത് വിളിച്ചു മാല മന്ത്രിച്ചു:"അവരുച്ചയ്ക്കുമിന്നം പോന്നതാന്നു പറയണ കേട്ടില്ലേ?അവര്‍ക്കെന്നാ കൊടുക്കുന്നെ ?"
"ഇവിടെ കപ്പയരിയണ കണ്ടിട്ട് ?"
"കപ്പ തന്നെ കൊടുക്കാനോ?ഈ വഴിയൊക്കെ നടന്നു വന്നിട്ട് ഇത്ര കഞ്ഞിവെള്ളം കുടിക്കാണ്ടവരെങ്ങനെ കെടക്കും?"
"അല്ലാണ്ടിപ്പപ്പിന്നെ എന്നായെടുക്കാനാന്നു പറ."
"വല്ലടോം ഒന്നു പോയേച്ചു വന്നെ!"
"എവിടെപ്പോകാനാടീ ?"
"ചേട്ടത്തി എന്നാ ഒന്നും മിണ്ടാത്തെ?"-അഴകി ചോദിച്ചു .
"മിണ്ടാമ്മരുന്നു" എന്ന് അഴകിയോടു പറഞ്ഞിട്ട് കൊച്ചാത്തനോട് പറഞ്ഞു:"അങ്ങേ മാടത്തിലെങ്ങാനും ചെന്ന് നാഴിയരി കിട്ടുവോന്ന് നോക്കാനേ."
"ചോതിയേടെ മാടത്തിപ്പോയേച്ചല്ലേ വന്നെ? ഇനി പാറക്കൂട്ടത്തില്ലൊന്നു പോയി നോക്കാം.പെലമാടത്തിലെവിടുന്നു കാണാനാടീ?"
"കാണും.ചെന്നേച്ചു വരിന്‍"
"അളിയാ,പാടത്ത് ഒന്നു നോക്കിയേച്ചിപ്പം വന്നേക്കാം.ഇരി"എന്ന് പറഞ്ഞിട്ട് കൊച്ചാത്തന്‍ പോയി,അങ്ങേ കുന്നിലെ മാടത്തിലേയ്ക്ക്‌.വേഗം തിരിച്ചു വരികയും ചെയ്തു,പോയതുപോലെ തന്നെ.
ആ പുലയനും പുലയിയും ഇരുട്ടത്ത്‌ നിന്നാലോചിച്ചു.ഒടുവില്‍ പുരുഷന്‍ കൈയ്യൊഴിഞ്ഞു :"ഒക്കാത്ത കാര്യത്തിനു എന്നായെടുക്കാനാ?"
"എന്‍റെ ദൈവം തമ്പുരാനെ!അവരുടെ കൂട്ടത്തിലൊരു കൊച്ചുവൊണ്ടല്ലോ .ദൈവത്തിനു നെരക്കണ്ടേ ?"
കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടാത്തെ നിന്നു.കൊച്ചാത്തന്‍ വിരുന്നുകാരനുമായി വര്‍ത്തമാനം പറഞ്ഞു തുടങ്ങി.
മാലയുടെ തല പുകഞ്ഞു.അവള്‍ നോക്കുന്ന വഴിക്കെല്ലാം ഒടുങ്ങാത്ത ഇരുട്ട്.
ആ കുന്നിന് താഴെയുള്ള പാടത്തിന്‍റെ അരികിലിരുന്നു തവളക്കൂട്ടം അവളെ 'വാ!വാ!' എന്നു വിളിച്ചു.  
"എന്തിരുട്ടാ...എന്നാപ്പിന്നെ.കുറ്റാണോ വല്ലോം നട്ടാലൊടേനൊന്നും കിട്ടാത്തെ!ഈ ഇരുട്ടത്ത്‌ ആര് കാണാനാ?" അഴകിയുടെ പുലയന്‍ പറഞ്ഞു.
"നിങ്ങടങ്ങു കള്ളന്മാരുണ്ടോ?"കൊച്ചാത്തന്‍ ചോദിച്ചു.
"ഒണ്ടോന്ന് ! പണ്ടെങ്ങും കേട്ടിട്ടില്ല കട്ടുകൊയ്തെന്ന്.ഇപ്പളതു നടപ്പായി" എന്നു പറഞ്ഞു അവന്‍റെ അളിയന്‍. "എങ്ങനെ കട്ടുകൊയ്യാതിരിക്കുവെന്നു പറ.പക മുപ്പതും വേല ചെയ്താ ഒരു കൂലിയാന്‍ നെല്ലേയൊള്ളു അടിയാര്‍ക്കു കൂലി. വേലയെടുക്കുന്നോര്‍ക്കു കൊടുത്തില്ലേ കള്ളന്മാരു കൊണ്ടുപോം." അഴകി പറഞ്ഞു.
മാല മൌനമായി ഇരുട്ടത്ത്‌ നിന്നു.
തിങ്കളാഴ്ച ആ പാടത്ത് കൊയ്യാന്‍ കാച്ചിച്ചു വച്ചിരിക്കുന്ന അരിവാള്‍ അവള്‍ കയ്യിലെടുത്തു.അവളുടെ കൈ വിറച്ചതവള്‍ വകവെച്ചില്ല. ആ പാടത്തിന്‍റെ ചൊവ്വിനു നോക്കിയാ അവളുടെ കണ്ണിരുണ്ടു.'എന്‍റെ ദൈവംതമ്പുരാനേ!' എന്നു പൊറുപൊറുത്തുകൊണ്ടു മാല കാല്‍വച്ചു . ആ പെണ്ണാളിന്‍റെ കാലിടറി.
'ഒടേതമ്പുരാന്‍ പൊറുക്കും' എന്നു മുരണ്ടുകൊണ്ട് അവള്‍ നടന്നു.അവള്‍ പാടത്തിന്‍റെ കരയിലായി.എന്തോ പറഞ്ഞുകൊണ്ടു തോട്ടിലെ വെള്ളം പാഞ്ഞു പോയി. തങ്ങളുടെ കാവിലുള്ള ആ വിശാലമായ വയലിന്‍റെ അരികിലേയ്ക്ക്‌ ആ പൂര്‍ണഗര്‍ഭിണി ഇറങ്ങി.'അരുത്‌' എന്നാരോ പറഞ്ഞെന്നവള്‍ക്ക് തോന്നി.ചുറ്റും നോക്കി.അവള്‍ കണ്ടു,വയലിന് ചുറ്റും കരിങ്കുപ്പായം ധരിച്ചു കാവല്‍ നില്‍ക്കുന്ന രാക്ഷസന്മാരെ-നിശ്ചലം നിലകൊള്ളുന്ന വന്‍വൃക്ഷങ്ങളെ.അവളൊന്നു നോക്കി നിന്നുപോയി.
വരമ്പിന്‍റെ വക്കിലിരുന്നു തവളകള്‍ 'പോ,പോ' എന്നു അവളെ ശാസിച്ചു.മരക്കൊമ്പിലിരുന്ന ഒരുപക്ഷി ചിറകിട്ടടിച്ച്‌ അവളെ പേടിപ്പിച്ചു.അവള്‍ കരയ്ക്ക്‌ കയറി ;വന്ന വഴി തിരിച്ചു;മാടത്തിലേക്കുള്ള ദൂരം അളക്കുന്ന മട്ടില്‍ നടന്നു;ആ വിശപ്പിന്‍റെ കുടില്‍ നോക്കി.'സാരമില്ല' എന്നു നക്ഷത്രങ്ങള്‍ കണ്ണടച്ചുകാണിച്ചു.അവള്‍ തിരിച്ചു നടന്നു;അതിവേഗം വയലിലെത്തി.
കേരുളന്‍ കര്‍ത്താവിന്‍റെ കണ്ടത്തിനരികില്‍നിന്ന് ആ പുലയി കുറെ കതിരുകള്‍ കൊയ്തെടുത്തു.ആ പാടത്തെ പണിക്കാരില്‍ മൂപ്പനായ കൊച്ചാത്തന്‍റെ പുലയി ഒരു ചെറിയ കറ്റയ്ക്കു മാത്രം കൊയ്തെടുത്തു.തിങ്കളാഴ്ചയ്ക്കു മുന്‍പ്‌ അവള്‍ പ്രസവിച്ചുപോയാല്‍ ഇത്തവണത്തെ അവസാനത്തേതായ കൊയ്ത്ത്‌! മരക്കൊമ്പിലിരുന്നു മൂങ്ങാ മൂളി.കുറുക്കന്‍ ഇക്കാര്യം വിളിച്ചു കൂവി.
പ്രഭുവായ കര്‍ത്താവിന്‍റെ ഗൃഹത്തിലെ പട്ടിയും മൃഷ്ട്ടാന്നഭോജനം കഴിച്ചു വീര്‍പ്പുമുട്ടി വിഷമിക്കുമ്പോള്‍ മാല കതിരുകളും കൊണ്ടു മാടത്തിലെത്തി.അത് ചവിട്ടി.പാറ്റി.അളന്നു."ഇന്നത്തെ കൂലി പടിക്കേന്നിത്രേം കിട്ടാനുമുണ്ട് " എന്നു അവള്‍ തന്നത്താന്‍ പറഞ്ഞു.
ആ പച്ചനെല്ല് ആവികൊള്ളിച്ചു. വറത്തുകുത്തി; കഞ്ഞിവെച്ചു. ഇതെല്ലാം അതിവേഗം കഴിഞ്ഞു.
എല്ലാവരും വട്ടത്തിലിരുന്നു.കപ്പപ്പുഴുക്കും കൂട്ടി ആ പുലയര്‍ നേര്‍ത്ത കഞ്ഞി കുടിച്ചു,കൊച്ചാത്തനൊഴികെ. കുറച്ചുകഴിഞ്ഞ് കൊച്ചാത്തന്‍ മാലയോട് പറഞ്ഞു:"എന്‍റെടീ നീ ചെയ്ത പെഴ തമ്പിരാന്‍ പൊറുക്കത്തില്ല"
"ദൈവം പൊറുക്കും" എന്നവളും.
"തമ്പുരാനും പൊറുക്കണ്ടേ?തമ്പുരാന്‍റെയല്ലേടീ മൊതല്?"
"വെളുക്കുമ്പം പടിക്കച്ചെന്ന്,പൊറുക്കണേന്ന് പറയണം."
"എങ്ങനെ പറയാനാടീ? പെലേര് സത്യവിരോതം ചെയ്യാവോടീ?ഇന്നു വെള്ളിയാഴ്ച്ച ആയിട്ട് കതിര് തൊടാവോന്ന്"
"എന്നാപ്പടിക്കെ അറിയെണ്ട."
"എനിക്കൊന്നും അറിയാമ്മേല." എന്നു കൊച്ചാത്തന്‍ ഉപസംഹരിച്ചു.
ആ വേലക്കാര്‍ സര്‍വംസഹയുടെ മാര്‍ത്തട്ടിലങ്ങു മയങ്ങി.
മാല പലതവണ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്തു.
മെലിഞ്ഞ ചന്ദ്രന്‍ ആ വൃത്തിഹീനരെ തിരക്കിവന്ന് ദുര്‍ബല കരങ്ങളാല്‍ തലോടി.
കൊച്ചാത്തന്‍ ഉറക്കത്തില്‍ പേയും പിച്ചും പറഞ്ഞു.പുലര്‍കാലേ മാല പെറ്റു.കിഴക്കെക്കുന്നിന്‍റെ അപ്പുറത്തുനിന്ന് സൂര്യന്‍ എത്തിനോക്കി,ആ പുലയരുടെ ആഹ്ലാദം കാണാന്‍.
കൊച്ചാത്തനു കുറെ തിരക്കുണ്ട്.പുലയിയുടെ പേറ്റിനുവേണ്ടതൊക്കെ ഇനിയാണന്വേഷിക്കേണ്ടത്.ഏതായാലും കട്ടുകൊയ്തകാര്യം കര്‍ത്താവറിഞ്ഞു, കൊച്ചാത്തന്‍ അറിയിക്കാതെ തന്നെ.
നിഴല്‍ കിഴക്കോട്ടു തിരിഞ്ഞപ്പോഴേക്ക് കൊച്ചാത്തന്‍ ബന്തവസ്സിലായി.പച്ചക്കച്ചിയുമെടുപ്പിച്ചുകൊണ്ടു അവനെ കച്ചേരിയിലേയ്ക്ക്‌ കൊണ്ട് പോയി. മാല കിടന്ന കിടപ്പില്‍ എന്തോ വിളിച്ചു പറഞ്ഞതാരും ഗൌനിച്ചില്ല.തമ്പുരാന്‍ അടിയാനോടോന്നും ചോദിച്ചില്ല.അവന്‍റെ കരച്ചില്‍ അദ്ദേഹം കേട്ടുമില്ല.
കോടതി മുന്‍പാകെ കൊച്ചാത്തന്‍ കളവു പറഞ്ഞു,താന്‍ കുറ്റം ചെയ്തെന്ന്.
ന്യായാധിപന്‍ അവനു ഒരുമാസത്തെ തടവുശിക്ഷ നല്‍കി,വിളവു മോഷ്ടിച്ചതിന്.


No comments: