Wednesday, November 11, 2009

പഥികന്‍റെ പാട്ട്

-ജി.ശങ്കരക്കുറുപ്പ് 

മുകളില്‍ മിന്നുന്ന താരമേ,ചൊല്‍ക നീ-
യകലെയെങ്ങാനും പ്രഭാതമുണ്ടോ?
അരിമ കോലുന്ന നിന്നാനനമിങ്ങനെ
വിരിവതെന്തത്ഭുതഹര്‍ഷവായ്പാല്‍?
കുളിര്‍ കോരിയിട്ടിട്ടും നിന്നോടൊപ്പം കിട-
ന്നിളകുകയാണെന്നുണര്‍ന്ന ജീവന്‍.
തരളമാം നിന്‍കണ്ണിലോമനേ,കാണ്മു ഞാന്‍
ചിരിയോ,തിളങ്ങുന്ന കണ്ണുനീരോ?

ഇരുളില്‍നിന്നെന്നുമിരുളിലേക്കും സ്വയം
മരുവില്‍ നിന്നെന്നും മരുവിലേയ്ക്കും
പലയുഗമായിക്കടന്നു ചുറ്റിത്തിരി-
ഞ്ഞലയും മനസ്സിന്‍ ദുരന്തദാഹം.
ഉലകിലെ വേര്‍പ്പും പൊടിയുമേലാതെ മേല്‍-
നിലയില്‍ നില്‍ക്കുന്ന നീയറിയുകയില്ല.
അഴലിന്‍ കഥകളെ വിസ്തരിച്ചീടുന്ന
പഴയ കാലത്തിന്‍ സ്മരണ മാത്രം
ഉടനീളമാര്‍ന്ന വഴികളില്‍ക്കാല്‍ കുഴ-
ഞ്ഞിടറുമെന്നൊട്ടകം നീങ്ങിടുന്നൂ .
പിറകിലും മുന്‍പിലും രണ്ടു പാര്‍ശ്വത്തിലും
മുറവിളിയല്ലാതെ കേള്‍പ്പതില്ല!
ചിലരുടെ തൃഷ്ണ കുറയ്ക്കുവാന്‍ കുത്തുന്നു
പലരുടെ കണ്ണു തണ്ണീരിനായി!
അതിലെഴുമുപ്പിനാല്‍പ്പിന്നെയും പിന്നെയു-
മവരുടെ തൊണ്ട വരണ്ടിടുന്നു!
കരളിന്‍റെ സന്‍ചിയിലാര്‍ദ്രതതന്‍ ചെറു-
കണികയുമില്ലാതെയായ്ക്കഴിഞ്ഞു .
കുളിരും മണവും കലര്‍ന്നൊരു തെന്നലിന്‍
തെളി കൊതിച്ചെരിപൊരിക്കൊള്‍വൂ ഞങ്ങള്‍;
കൊലനിലത്തിങ്കലെച്ചോരതന്‍ പാഴ്മണം
കലരുന്ന കാറ്റേ വരുന്നതുള്ളൂ.
ഒരു മുഖമൂടി വെയ്ക്കാത്ത ചങ്ങാതിയെ-
യരികിലുമകലെയും കാണ്മതില്ല.
നിപുണരാം തസ്ക്കരഘാതകന്മാരുടെ
നിഴലുകളെങ്ങുമനങ്ങിടുന്നു.
അലയുകയാണെന്‍റെയൊട്ടകമീ വഴി-
യ്ക്കലഘുവാം ജീവിതഭാരമേന്തി.

കൊലവിളി കേള്‍ക്കാതെ,കൊലനിലം കാണാതെ,
കലഹവിദൂരമാം വിണ്‍പരപ്പില്‍
ഇരുള്‍ ചുഴന്നീടാതെ,കരളുഴന്നീടാതെ,
ദുരിതദുര്‍ഗന്ധം ശ്വസിച്ചീടാതെ,
അടിമയാക്കീടാതെ,യടിമയായീടാതെ-
യനുജന്‍റെ കണ്ണീര്‍ കുടിച്ചിടാതെ
ഉലകിന്‍റെ സര്‍ഗ്ഗകാലം മുതല്‍ക്കൊന്നിലു-
മുലയാതെ മേവുന്ന മോഹനാത്മന്‍!
ഗഗനകൂടാരം തുറന്നു നീ നൊക്കുകൊ,-
ന്നകലെയെങ്ങാനും പ്രഭാതമുണ്ടോ?
നിരുപമസ്നേഹത്തിന്‍ ചിറ്റോളമോലുന്ന
നിറവെഴും പോയ്കയെങ്ങാനുമുണ്ടോ?
തളരുമെന്നൊട്ടകത്തിന്നിളവേകുവാന്‍
തഴമരുപ്പച്ചയില്ലെങ്ങുമെന്നോ!

(1951- ല്‍ രചിക്കപ്പെട്ട 'പഥികന്‍റെ പാട്ട്' തന്‍റെ കാവ്യജീവിതത്തിലെ സ്പഷ്ടടമായ മാറ്റം കുറിക്കുന്ന കവിതയാണെന്ന് കവി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു)

2 comments:

Unknown said...

ഒമ്പതാം ക്ലാസില്‍ പഠിച്ച പഥികന്‍റെ പാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതീവ താല്‍പര്യത്തോടെ വായിച്ചു. ബളോഗൊരുക്കിയ കൂട്ടുകാരന് സന്തോഷങ്ങള്‍

maanasi said...

വായന അന്യം നിന്ന് പോകുന്ന കാലത്ത് ഇത്തരം ഒരു ബ്ലോഗിന് നന്ദി