Thursday, October 8, 2020

ആദ്യത്തെ തീവണ്ടി

 





- തിരുനല്ലൂര്‍ കരുണാകരന്‍  


ഉത്സവമാണിന്നെന്‍റെ

   നാട്ടുകാര്‍ക്കെല്ലാം ; തമ്മില്‍

മത്സരിക്കുന്നൂ നവാ-

   ഹ്ലാദവുമുത്സാഹവും.


എന്തുകൊണ്ടെന്നോ? ഞങ്ങള്‍ 

   നിര്‍മ്മിച്ച പാലത്തിലൂ-

ടെത്തുന്നതിന്നാണാവി-

   വണ്ടിയുമാഘോഷവും.


ചെന്നപാരതയുടെ

   കൈകളില്‍പ്പിടിക്കുവാ-

നെന്നപോല്‍ സമാന്തരം

   പായുന്ന പാളങ്ങളെ,

പുലരിക്കതിര്‍വന്നു

   മുത്തവേ പരക്കുന്ന

പുതിയ തിളക്കമീ

   ഞങ്ങളില്‍പ്പകരുന്നു.


അത്തിളക്കത്തില്‍ക്കാണാം

   ഞങ്ങള്‍ തന്‍ പതറാത്ത

ശക്തിയും മനസ്സിന്‍റെ

   ദീപ്തിയും വിശ്വാസവും.


കുന്നുകളറഞ്ഞറ-

   ഞ്ഞൊക്കെയും നിരപ്പാക്കി,

മണ്ണുകൊണ്ടകലത്തെ-

   ക്കായലില്‍ച്ചിറ കെട്ടി,

കാരുരുക്കുരുക്കുന്ന

   വേനലോടടരാടി, -

ക്കാത്തുകാത്തവസാനം

   ഞങ്ങളീ ജയം നേടി.


എല്ലിനോടവിരാമ-

   മേറ്റുമുട്ടിയ കരി-

ങ്കല്ലുകളെല്ലാം വേര്‍പ്പു-

   നീരു വീണലിഞ്ഞേപോയ്‌.


ഓര്‍മ്മയിലദ്ധ്വാനത്തിന്‍

   വേദന ചിരിക്കവേ

കോള്‍മയിര്‍ക്കൊള്ളുന്നിതാ

   ഞങ്ങളും ഗ്രാമങ്ങളും.


ആരുമില്ലിതുമായി-

  ബ്ബന്ധമില്ലാത്തോര്‍ ; വേല-

ക്കാരുടെ നാട്ടില്‍ ഞങ്ങ-

   ളൊക്കെയുമൊന്നാണല്ലോ.


അക്കരെ റോഡില്‍ക്കൂടി-

   ക്കാളവണ്ടികളെങ്ങാന്‍

'കക്കടം കടകടം'

   ശബ്ദമുണ്ടാക്കുമ്പൊഴേ

ആയിരം നയനങ്ങള്‍

   വിരിയുന്നുല്‍ക്കണ്ഠയാ; -

ലാവതും വേഗം കൂമ്പി-

   പ്പോകുന്നു നൈരാശ്യത്താല്‍.


പൈക്കളെക്കറക്കാതെ,

   മുറ്റവുമടിക്കാതെ-

യെത്രയും തിടുക്കത്തി-

   ലെത്തിയ വീട്ടമ്മമാര്‍

എത്രമേല്‍ നിയന്ത്രിച്ചു

   നിര്‍ത്തിടുമവരുടെ

മുഗ്ദ്ധമാം കണ്ഠങ്ങളില്‍-

   ക്കുരവക്കുളിര്‍നാദം!


തീവണ്ടി കാണാന്‍ വെമ്പ-

   ലാര്‍ന്നിടും കുഞ്ഞുങ്ങളെ-

ത്തായമാരുടെ ചുണ്ടും

   സൂര്യനും ചുവപ്പിച്ചു.


ബീഡിയാല്‍ ക്ഷമകേടു

   ചുട്ടെരിക്കുവോര്‍, ജയം

നേടിയ സേനാനികള്‍

   പോലെഴും ചെറുപ്പക്കാര്‍

ഇളകും ജനങ്ങളെ

   വേണ്ടപോല്‍ നിയന്ത്രിച്ചു-

മിടയില്‍ സമാശ്വസി-

   പ്പിച്ചുമങ്ങനെ നില്‍പ്പൂ.


കണ്ണിനു കയ്യാല്‍ത്തണ-

   ലേകിയും വിറയ്ക്കുന്ന

തൊണ്ടയാല്‍ച്ചെറുപ്പത്തെ-

   യെപ്പൊഴും ശകാരിച്ചും

കാത്തുനില്‍ക്കുന്നൂ പുത്തന്‍

   കൂത്തു കാണുവാനേറെ

വേര്‍പ്പുനീരൊഴുക്കിയ

   പണ്ടത്തെയദ്ധ്വാനങ്ങള്‍.


വിണ്ണിനെക്കുലുക്കുന്ന

   ശബ്ദമൊന്നതാ കേള്‍പ്പൂ ;

കുന്നുകള്‍, കലുങ്കുക-

   ളൊക്കെയും തകരുന്നോ!


മാറിനില്‍ക്കുവിന്‍, പരി-

   ഭ്രാന്തരാകൊല്ലാ, കൊടി-

ക്കൂറകള്‍ പാറിക്കുവി-

   നാര്‍ക്കുവി,നാഹ്ലാദിപ്പിന്‍.


ധൂമരേഖകളതാ

   വാനിനെത്തഴുകുന്നൂ ;

ഗ്രാമചേതന ചൂളം-

   വിളികേട്ടുണരുന്നു.


ഹാ! നിമിഷങ്ങള്‍ക്കിത്ര

   വേഗമോ? മുഴങ്ങുന്ന

പാലവും കടന്നാവി-

   വണ്ടി ദാ! പറക്കുന്നു.


ആവിയും ചക്രങ്ങളും

   പാളവു,മവയുടെ

ഭൂവിനെ പ്രകമ്പനം-

   കൊള്ളിച്ച നിര്‍ഘോഷവും!


നീണ്ടുപോകുന്നൂ ശബ്ദ-

   വീചികള്‍ പാടങ്ങളില്‍,

നീലമൈതാനങ്ങളില്‍,

   കുന്നടിവാരങ്ങളില്‍.


അവയോടിടകലര്‍-

   ന്നൊന്നിച്ചുപൊങ്ങുന്നെങ്ങു-

മഭിമാനത്തിന്‍ ഭേരി

   മുഴക്കും ഹൃല്‍സ്പന്ദങ്ങള്‍.


മാറിലൂടനവധി-

   യാനകള്‍ക്കൊപ്പം കരു-

ത്തേറിടുമുരുക്കിന്‍റെ

   ഭാരങ്ങള്‍ പായുമ്പൊഴും

ഒറ്റ മണ്‍തരിപോലു-

   മിളകീ;ലവയിലേ-

ക്കിറ്റുവീണതാം വേര്‍പ്പിന്‍

   ശക്തിയത്ഭുതശക്തി. 


(1957ലാണ് അദ്ദേഹം ഈ കവിത രചിക്കുന്നത്. 'തിരുനല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എടുത്തു ചേര്‍ത്തിരിക്കുന്നത്.)

image Ⓒ Shantanu Pandit (Painting: THE TRAIN)

2 comments:

Daffodils never die said...

അതിസുന്ദരമായ കവിത , സ്‌കൂൾ കാലത്തെ ഒരിക്കലും മറക്കാത്ത കവിത , അതിസുന്ദരമായ വരികൾ , അപൂർവ്വമായ കവിത്വസിദ്ധി ,

Anonymous said...

ഈ കവിത 5ആം ക്ലാസ്സിലോ മറ്റോ പഠിക്കാൻ ഉണ്ടായിരുന്നു 1983