Thursday, October 15, 2020

കരതലാമലകം






- അക്കിത്തം അച്യുതന്‍ നമ്പൂതിരി


ഈ യുഗത്തിന്‍റെ പൊട്ടിക്കരച്ചിലെന്‍

വായില്‍നിന്നു നീ കേട്ടുവെന്നോ സഖീ?

ഒരു യുഗത്തിന്‍റെ വൈരൂപ്യദാരുണ-

ഛായയെന്‍ കണ്ണില്‍ കണ്ടുവെന്നോ സഖീ?

ഈ യുഗത്തിന്‍റെ ദുര്‍ഗന്ധമെന്‍ ശ്വാസ-

വായുവിങ്കല്‍ നിന്നുള്‍ക്കൊണ്ടു നീയെന്നോ?

ഈ യുഗത്തിന്‍റെ ഞെട്ടിത്തെറിക്കലെന്‍-

സ്നായുവില്‍നിന്നു നിന്‍ നെഞ്ചറിഞ്ഞെന്നോ?       

നീയഹോ രുചിച്ചാളെന്‍റെ ചുണ്ടില്‍ നി-

ന്നീയുഗത്തിന്‍റെ കയ്പുമെന്നോ സഖീ?


എങ്കില്‍ ഞാനീബ്ഭയങ്കര യാഥാര്‍ത്ഥ്യ-

മെന്തിനിന്നിയും മിണ്ടാതിരിക്കുന്നു?

ഹന്ത, 'ഗൃഭ്ണാമിതേ സൌഭഗത്വായ

ഹസ്ത'മെന്നു ഞാന്‍ പണ്ടു ജപിച്ചപ്പോള്‍

നിന്‍റെ കയ്യെന്‍റെ കയ്യാല്‍ ഗ്രഹിച്ചപ്പോ-

ളെന്‍റെ ദേഹം വിയര്‍ത്തുപോയോമനേ!


പൂവുപോലെ പരിശുദ്ധമായ നിന്‍-

ജീവിതത്തിന്‍ മൃദുലദളങ്ങളില്‍ 

ഞാനറിയാതെയെന്‍ ചളിക്കൈ നഖ-

പ്രീണനം കൊണ്ടു വാറിക്കളഞ്ഞാലോ?

ആ വിയര്‍പ്പിന്‍റെ തുള്ളിയുണ്ടിന്നുമെ-

ന്നാത്മശക്തിതന്‍ മുത്തുക്കിരീടമായ്,

ഉജ്ജ്വലപ്രഭ തൂകിത്തിളങ്ങുന്നി-

തുഗ്രമാമെന്നബോധാന്ധകാരത്തില്‍.


ഈയനുഗ്രഹമില്ലായിരുന്നെങ്കി-

ലീഷലെന്നിയേ ചൊല്ലേണ്ടി വന്നേനേ.

പണ്ടു 'ഗൃഭ്ണാമി' ചൊല്ലി നിന്‍ കൈമലര്‍-

ച്ചെണ്ടു കയ്യിലുടക്കിയ പൂരുഷന്‍,

ഏതമൂല്യ സ്യമന്തകരത്നവു-

മേതപൂര്‍വ്വ സൌഗന്ധികപുഷ്പവും

നേടുമെന്നു പെരുമ്പറ താക്കുന്ന

മൂഢതയാല്‍ കവചിതപ്രത്യയന്‍,

നൂറുവട്ടം ദഹിച്ചു കഴിഞ്ഞതിന്‍

ചാരമാണിന്നു നിന്‍മുമ്പില്‍ നില്‍പവന്‍.


അന്നുപാടിയ പാട്ടുകള്‍ പാടുവാ-

നന്നു ചൊല്ലിയ നര്‍മ്മങ്ങള്‍ ചൊല്ലുവാന്‍

അന്നുതൂകിയ പുഞ്ചിരി തൂകാനു-

മിന്നെനിക്കു പടുത്വമില്ലോമനേ!

ഇന്നു കണ്ണീരില്‍ നിഷ്പന്ദവൃത്തിയാം

കണ്ണുകൊണ്ടറിയുന്നു ഞാന്‍ സുസ്പഷ്ടം.

എന്‍റെ കയ്യിലിരിക്കുന്ന നെല്ലിക്ക-

യെന്നപോലീപ്രപഞ്ചം മുഴുവനും.

ഇച്ചെറുഫലം കുത്തിച്ചതയ്ക്കാനോ

ഇച്ചെറുഫലം വെട്ടിപ്പൊളിയ്ക്കാനോ

ഇല്ലെനിക്കു കരുത്തീ ഫലത്തിന്മേല്‍

പല്ലുകൊണ്ടൊന്നു പോറുവാന്‍ പോലുമേ.


നേരുതാ,നൊറ്റക്കാലടിവെപ്പില്‍ ഞാന്‍

പാരിതൊട്ടുക്കളന്നിട്ടുമുണ്ടാവാം.

ആഴിയൊട്ടുക്കോരൊറ്റക്കുടന്നയി-

ലാക്കി ഞാ,നാചമിച്ചിട്ടുമുണ്ടാവാം.

എങ്കിലും സഖീ, രാത്രികളില്ലാത്ത

ചെങ്കനലുചൊരിയും മിഹിരനില്‍,

രിക്തവാതമാമീ ബഹിരാകാശ-

വിപ്രവാസദുഃഖത്തില്‍ വെന്തെന്‍ ജഡം

എത്രമാത്രം വിലക്ഷണമായിട്ടു-

ണ്ടെന്നറിയുന്നു ഞാന്‍ മാത്രമോമനേ!


ചാരമാമെന്നെ കര്‍മ്മകാണ്ഡങ്ങളില്‍

ധീരനാക്കുന്നതെന്തൊക്കെയാണെന്നോ?

നിന്‍റെ രൂപവും വര്‍ണ്ണവും നാദവും

നിന്‍റെ പൂഞ്ചായല്‍ തൂകും സുഗന്ധവും.

നിന്നിലെന്നും വിടരുമനാദ്യന്ത-

ധന്യചൈതന്യ നവ്യപ്രഭാതവും.

നിന്‍ തളര്‍ച്ചയും നിന്നശ്രുബിന്ദുവും

നിന്‍റെ നിര്‍മ്മല പ്രാര്‍ത്ഥനാഭാവവും. 


[ ഈ കവിത അക്കിത്തം ചൊല്ലുന്നത് ഇവിടെ കേള്‍ക്കാം.                              youtube Ⓒ ഇറയം ]

image Ⓒ manoramaonline

No comments: