Sunday, October 11, 2020

വൃത്തം






- ചങ്ങമ്പുഴ കൃഷ്ണപിള്ള 


ആ നല്ല കാലമന്നര്‍പ്പണം ചെയ്തതെ-

ന്താനന്ദരംഗങ്ങളായിരുന്നൂ, സഖി!

മാരിവില്‍ മാതിരി പെട്ടെന്നവയൊക്കെ

മായുമെന്നന്നാരറിഞ്ഞിരുന്നൂ, സതി!

കഷ്ടം, ജലാര്‍ദ്രമായ്ത്തീരുന്നൂ, കണ്‍കളാ

നഷ്ടോത്സവത്തിന്‍ സ്മൃതികളിലിപ്പൊഴും!


ആവര്‍ത്തനത്തിനുമാവാതെ കാലമാ-

മാവര്‍ത്ത,മയ്യോ, വിഴുങ്ങുന്നു സര്‍വ്വവും!

മാറിമറയുമവയെ നാം നിഷ്ഫലം

മാടിവിളിപ്പൂ മമതയാല്‍പ്പിന്നെയും

എത്തായ്കി,ലെല്ലാം നശിച്ചു പോയെന്നോര്‍ത്തു

ചിത്തം തകര്‍ന്നുടന്‍ കണ്ണീര്‍ പൊഴിപ്പു നാം

വസ്തുസ്ഥിതികള്‍ത,ന്നാന്തര യാഥാര്‍ത്ഥ്യ-

മെത്തിപ്പിടിക്കാന്‍ ശ്രമിക്കായ്ക കാരണം,

എപ്പൊഴും ദുഃഖത്തിനല്ലാതെ മാര്‍ഗ്ഗമി-

ല്ലിപ്പാരിലെന്നോര്‍ത്തടിയുന്നിതല്ലില്‍ നാം!


ഒന്നിനൊന്നായൊക്കെ മാഞ്ഞുപോ,മെങ്കിലു-

മൊന്നും ജഗത്തില്‍ നശിക്കില്ലൊരിക്കലും.

ഹാ, പരിണാമവിധിക്കു വിധേയമായ്

രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ

എന്തുണ്ടുലകില്‍ നശിപ്പതെന്നേക്കുമാ-

യെന്തിനു പിന്നെപ്പരിതപിക്കുന്നു നാം?

കാലസ്രവന്തിതന്‍ ദുര്‍വ്വാരകല്ലോല-

മാലയില്‍ത്തത്തിത്തളര്‍ന്നലഞ്ഞങ്ങനെ,

പ്രജ്ഞയ്ക്കിരുട്ടെന്നു തോന്നുന്നതാകുമോ-

രജ്ഞാതരംഗത്തിലെത്തുന്നതെന്നിയേ,

എന്തുണ്ടു നഷ്ടപ്പെടുന്നതെന്നേക്കുമാ-

യെന്തിനു പിന്നെപ്പരിഭ്രമിക്കുന്നു നാം?


ജീവിതവ്യാസം ചുരുങ്ങിച്ചുരുങ്ങി,യ-

ക്കേവലത്വത്തിന്‍റെ കേന്ദ്രത്തിലെത്തുവാന്‍, 

കര്‍മ്മമല്ലാതില്ല മാര്‍ഗ്ഗ,മിന്നാകയാല്‍-

ക്കര്‍മ്മത്തെയാദ്യം പവിത്രീകരിക്ക നാം

മൃണ്മയമാകുമിക്കോവിലില്‍, ഭക്തിയാര്‍-

ന്നുണ്മയില്‍ച്ചിന്മയദ്ധ്യാനനിര്‍ല്ലീനയായ്

ആവസിപ്പൂ ജീവയോഗിനി, വെണ്മല-

രാവട്ടെ കര്‍മ്മങ്ങ,ളര്‍ച്ചനയ്ക്കപ്പൊഴും!

എങ്കില്‍ ക്ഷണപ്രഭാചഞ്ചലസ്വപ്‌നങ്ങള്‍

സങ്കടമേകുകി,ല്ലാശ്വസിക്കൂ, സഖി!

ജന്മാന്തരങ്ങളില്‍പ്പണ്ടുമിതുവിധം

നമ്മളൊരുമിച്ചിരുന്നൊരാ വേളയില്‍,

അന്നു നാം കണ്ടൊരപ്പൊന്നിന്‍കിനാക്കള-

ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞൂ, സതി!

ഇന്നവ മാഞ്ഞു മറഞ്ഞതു കണ്ടിട്ടു

ഖിന്നയാകായ്,കവ വന്നിടും പിന്നെയും!

വര്‍ത്തമാനം ഭൂതമായ് സ്വയം മാറുന്നു

വര്‍ത്തമാനത്തിലണയുന്നു ഭാവിയും

ഭൂതങ്ങള്‍ ഭാവിയായ് മാറുന്നി,താബ്ഭാവി

ഭൂതമായ്ത്തീരുന്നു വര്‍ത്തമാനം വഴി

വൃത്തമാണേവം സമസ്തവും- പോയവ-

യെത്തും, മറഞ്ഞുപോം നില്‍പ്പവയൊക്കെയും!


രാവും പകലും, യഥാര്‍ത്ഥത്തി,ലൊന്നുപോ-

ലാവശ്യമാണിജ്ജഗത്തിനെന്നോര്‍ക്ക നീ.

വേണമിരുട്ടും വെളിച്ചവും- ജീവിത-

മാണെങ്കില്‍, വേണം ചിരിയും കരച്ചിലും!

ഇല്ല നിയതിക്കു പക്ഷപാതം, പാഴി-

ലല്ലല്‍പ്പെടുന്നതെന്തി,ന്നാശ്വസിക്കു നീ!

നീ വിശ്വസിക്കൂ നിയതിയില്‍- നിശ്ചയം

നീറും ഹൃദയം ചിരിക്കുമെന്നെങ്കിലും!.... 


(1944 മെയ് 17നാണ് ചങ്ങമ്പുഴ ഈ കവിത എഴുതുന്നത്.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച, 'പ്രൊഫസര്‍ എം കെ സാനു തിരഞ്ഞെടുത്ത പ്രിയകവിതകള്‍' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എടുത്തിരിക്കുന്നത്.)

image Ⓒ Genady (Painting: CIRCLE OF LIFE)

No comments: