Tuesday, October 27, 2020

വൃക്ഷം









വയലാര്‍ രാമവര്‍മ്മ 



മരമായിരുന്നൂ ഞാന്‍ 

   പണ്ടൊരു മഹാനദി-

ക്കരയില്‍; നദിയുടെ

   പേരു ഞാന്‍ മറന്നുപോയ്‌.

നയിലോ, യൂഫ്രട്ടീസോ

   യാങ്ങ്‌റ്റ്സിയോ യമുനയോ

നദികള്‍ക്കെന്നെക്കാളു-

   മോര്‍മ്മ കാണണ;മവര്‍

കഴലില്‍ ചിറകുള്ള

   സഞ്ചാരപ്രിയര്‍, നില-

ത്തെഴുതാന്‍ പഠിച്ചവര്‍,

   പറയാന്‍ പഠിച്ചവര്‍!


ഒന്നുമാത്രമുണ്ടോര്‍മ്മ;

   പണ്ടേതോ ജലാര്‍ദ്രമാം

മണ്ണിന്‍റെ തിരുനാഭി-

   ച്ചുഴിയില്‍ കിളിര്‍ത്തു ഞാന്‍!

കാലത്തിന്‍ വികസിക്കും

   ചക്രവാളങ്ങള്‍ തേടി

ഗോളകോടികള്‍ പൊട്ടി-

   ച്ചിതറിപ്പറക്കുമ്പോള്‍,

താരകാന്തരക്ഷീരപഥങ്ങള്‍

   സ്പെയ്സില്‍ വാരി-

വാരി വര്‍ഷിക്കും ജീവ-

   ജ്വാലകള്‍ തേടിത്തേടി.


എന്നിലായിരം കൈകള്‍

   മുളച്ചൂ; നഭസ്സിന്‍റെ

സ്വര്‍ണ്ണകുംഭങ്ങള്‍ വാങ്ങി-

   ക്കുടിച്ചു ദാഹം തീര്‍ക്കാന്‍!

പച്ചിലകളാലെന്‍റെ

   നഗ്നത മറച്ചു ഞാന്‍ 

സ്വച്ഛശീതളമായ

   മണ്ണില്‍ ഞാന്‍ വേരോടിച്ചു!

അസ്ഥികള്‍ പൂത്തു മണ്ണി-

   ന്നടിയിലിണചേര്‍ന്നു

നഗ്നരാമെന്‍ വേരുകള്‍ 

   പ്രസവിച്ചെഴുന്നേറ്റു!

മുലപ്പാല്‍ നല്‍കീ, നീല-

   പ്പൂന്തണല്‍ പുരകെട്ടി

വളര്‍ത്തീ, കുഞ്ഞുങ്ങളെ,

   വംശം ഞാന്‍ നിലനിര്‍ത്തീ.


ഇടത്തും വലത്തും നി-

   ന്നൃതുകന്യകള്‍ താലം

പിടിക്കും തേരില്‍, തിര-

   ക്കിട്ട യാത്രയില്‍പോലും.

ഒരു കാല്‍ക്ഷണം മുമ്പില്‍

   നില്‍ക്കാതെ, ചിരിക്കാതെ

ഒരു പൂമേടിക്കാതെ

   പോവുകില്ലെന്നും, കാലം!


വനദേവതയുടെ

   പുഷ്പമേടയില്‍ നിന്നോ

വസന്തസരോജത്തിന്‍ 

   പൊന്നിതള്‍ക്കൂട്ടില്‍ നിന്നോ 

പീലിപ്പൂംചിറകുള്ള

   രണ്ടിളം കിളികളെന്‍

തോളത്തു പറന്നിരു-

   ന്നൊരുനാ,ളെന്തോ പാടി!


കാതോര്‍ത്തുനിന്നൂ ഞാനും

   പൂക്കളു;മാപ്പാട്ടിന്‍റെ

ചേതോഹാരിയാം ഗന്ധം

   ഞങ്ങളില്‍ നിറയുമ്പോള്‍,

ഞാനറിയാതെ പൂക്കള്‍

   തേന്‍ ചുരത്തിപ്പോയ്, എന്‍റെ

താണചില്ലയില്‍ കാറ്റില്‍

   കിളികളൂഞ്ഞാലാടി.

എന്നിലക്കൈകള്‍ 

   കിളിക്കൂടുകളായീ; അന്ത-

രിന്ദ്രിയങ്ങളില്‍ മൌന-

   സംഗീതം കുളിര്‍കോരി.

ഉറക്കെപ്പാടാന്‍ തോന്നീ,

   പാട്ടുകളെന്നാത്മാവി-

ന്നറകള്‍ക്കുള്ളില്‍ കിട-

   ന്നങ്ങനെ ശ്വാസംമുട്ടീ!


അന്നൊരു ശരല്‍ക്കാല-

   പൌര്‍ണമിയൊഴുക്കിയ

ചന്ദനപ്പുഴ നീന്തി-

   ക്കടന്നു നടന്നൊരാള്‍, 

സൌമ്യഭാവനാ,യെന്‍റെ-

   യരികത്തെത്തീ, സ്വര്‍ഗ്ഗ

സൌകുമാര്യങ്ങള്‍ കട-

   ഞ്ഞെടുത്ത ശില്‍പ്പംപോലെ!


ആയിരം മിഴിപ്പൂക്കള്‍

   കൊണ്ടു ഞാനാ സൌന്ദര്യ-

മാസ്വദിക്കുമ്പോള്‍, എന്നെ

   രോമാഞ്ചം പൊതിയുമ്പോള്‍,

മറ്റൊന്നുമോര്‍മ്മിക്കാതെ

   നില്‍ക്കുമ്പോള്‍, എന്‍ കൈക്കൊരു

വെട്ടേറ്റു; മുറി,ഞ്ഞതു

   തെറിച്ചുവീണൂ മണ്ണില്‍!

ഞെട്ടിപ്പോയ്, അസഹ്യമാം

   നൊമ്പരം കൊ, ണ്ടെന്‍ നെഞ്ചു

പൊട്ടിപ്പോയ്, കണ്ണീര്‍ക്കണ്ണൊ-

   ന്നടച്ചു തുറന്നൂ ഞാന്‍!


നിര്‍ദ്ദയമവനെന്‍റെ-

   യൊടിഞ്ഞ കയ്യും കൊണ്ടു

നില്‍ക്കുന്നൂ; ഞെരിച്ചെനി-

   ക്കവനെക്കൊല്ലാന്‍ തോന്നി!

പിച്ചളപ്പിടിയുള്ള

   കത്തിയാലവനെന്‍റെ

കൊച്ചുകൈത്തണ്ടിന്‍ വിരല്‍-

   മൊട്ടുകളരിയുന്നൂ!

മുത്തുകെട്ടിയ മൃദു-

   സ്മേരവുമായെന്‍, എല്ലു

ചെത്തിയും മിനുക്കിയും

   ചിരിച്ചു രസിക്കുന്നൂ!


അപ്പോഴും പ്രാണന്‍ വിട്ടു-

   പോകാതെ പിടയുമെ-

ന്നസ്ഥിയിലവന്‍ ചില

   നേര്‍ത്ത നാരുകള്‍ കെട്ടി

നീണ്ട കൈനഖം കൊണ്ടു

   തൊട്ടപ്പോള്‍, എവിടന്നോ

നിര്‍ഗ്ഗളിക്കുന്നൂ നാദ-

   ബ്രഹ്മത്തിന്‍ കര്‍ണ്ണാമൃതം!


എന്‍റെ മൌനത്തിന്‍ നാദം,

   എന്‍റെ ദുഃഖത്തിന്‍ നാദം,

എന്‍റെ സംത്രാസത്തിന്‍റെ-

   യേകാന്തത്തുടിതാളം

അടഞ്ഞു കിടന്നൊരെ-

   ന്നാത്മാവിന്‍ ഗര്‍ഭഗൃഹ-

നടകള്‍ തുറക്കുമാ

   ദിവ്യമാം നിമിഷത്തില്‍, 

ഉറക്കെപ്പാടീ ഞാനാ

   വീണയിലൂടേ; കോരി-

ത്തരിച്ചുനിന്നൂ ഭൂമി,

   നമ്രശീര്‍ഷയായ് മുന്നില്‍!


മരത്തിന്‍ മരവിച്ച

   കോടരത്തിലും, പാട്ടി-

ന്നുറവ കണ്ടെത്തിയോ-

   രാ ഗാനകലാലോലന്‍

ശ്രീ സ്വാതിതിരുനാളോ,

   ത്യാഗരാജനോ, ശ്യാമ-

ശാസ്ത്രിയോ, ബിഥോവനോ,

   കബീറോ, രവീന്ദ്രനോ?


(1975ലെ ജനയുഗം ഓണം വിശേഷാല്‍പ്രതിയില്‍ വന്ന ഈ കവിതയാണ് അദ്ദേഹം അവസാനം എഴുതിയ  കവിത. 

'വയലാര്‍ രാമവര്‍മ്മയുടെ കവിതകള്‍' എന്ന സമാഹാരത്തില്‍ നിന്നാണ് ഇതിവിടെ എടുത്തിരിക്കുന്നത്.)

IMAGE Ⓒ Artsaus (painting : RIVERSIDE GUMS

No comments: