Saturday, December 30, 2023

മണ്‍തരി


 
 
 
 
 
 
 
 
 
 
 
എന്‍ തങ്കക്കുഞ്ഞിളം കൈവിരലാലൊരു
മണ്‍തരി നുള്ളിയെന്‍ കൈയില്‍ വച്ചു.
 
ചന്തം തിരളുമാച്ചെങ്കവിള്‍ ചുംബിച്ചാ-
നന്തിക്കതിരോനുമെന്നെപ്പോലെ.
 
കുട്ടി തന്‍ സമ്മാനം ദൃഷ്ട്യാ നുകര്‍ന്നതി-
ലൊട്ടിടയ്ക്കച്ഛനും കുട്ടിയായ്പ്പോയ്.
 
ആരെയും കൊച്ചുകിടാങ്ങളെപ്പോലാക്കാന്‍
പോരുമിന്നേതു പരമാണുവും.
 
ഭൂമണ്ഡലത്തിനെക്കൊഞ്ചിപ്പറയുന്നി-
തീ മഞ്ജുരൂപത്തിലീ മണ്‍തരി.
 
നമ്മെപ്പോലെത്രയോ ജീവികളുണ്ടാവാം
കര്‍മ്മത്താല്‍ കൈയ് നൊന്തുകൊണ്ടിതിലും.
 
അല്ലെങ്കിലംബരചാരിതന്‍ നക്ഷത്ര-
മല്ലിതോരോന്നുമെന്നാര്‍ക്കറിയാം?
 
അന്യസൗരഗ്രഹ മണ്ഡലമൊന്നിതി-
ലന്തര്‍ഭവിച്ചിട്ടുണ്ടെന്നും വരാം.
 
പപ്പടപ്രായമാര്‍ന്നേതിനോ പൂര്‍ണ്ണത-
യ്ക്കണ്ണിനൊക്കെച്ചെറുതു തന്നെ.
 
പാരിനിപ്പൈതങ്ങള്‍ തന്‍ കഴല്‍ തട്ടുമ്പോള്‍-
ക്കോരിത്തരിപ്പതോ മണ്‍തരികള്‍?
 
അപ്പരാശക്തി തന്‍ വാത്സല്യവായ്‌പ്പിനെ
തപ്പിക്കുറിച്ചിടുമക്ഷരങ്ങള്‍
 
ബ്രഹ്മാണ്ഡകോടിയെക്കൂടി വിളക്കിടും
നിര്‍മ്മാതാവിന്‍റെ പശപ്പൊടികള്‍.
 
കാരണരൂപത്തിന്‍ നല്‍പ്രതിബിംബത്തെ-
ക്കാണിക്കും കണ്ണാടിച്ചില്‍ത്തരികള്‍.
 
എമ്മട്ടു നിങ്ങളെത്തൊട്ടു തലോടേണ്ടു
ചുമ്മാ വലുതായ മല്‍ക്കരങ്ങള്‍?
 
അല്ലെങ്കിലേതൊരു മണ്‍തരിക്കുള്ളിലു-
മില്ലാഞ്ഞതൊന്നുമില്ലെങ്ങുമെങ്കില്‍
 
ഈയൊരു കാല്‍ക്ഷണത്തിങ്കലൊതുങ്ങാതെ-
യില്ലൊരു കാലാന്തരവുമെങ്കില്‍
 
ഇപ്പരമാണുവും ബ്രഹ്മാണ്ഡമൊക്കെയു-
മെപ്പോഴുമിങ്ങു ഞാന്‍ പുല്‍കി നില്‍പ്പൂ.

No comments: