Sunday, December 31, 2023

നാന്ദി


 
 
 
 
 
 
 
 
 
 
     പുത്തനായിട്ട് ഒരു മാസിക തുടങ്ങുമ്പോള്‍ പേരെടുത്ത ആംഗലമാസികകളില്‍ ഏതെങ്കിലും ഒന്നിനെ ചൂണ്ടിക്കൊണ്ട് 'ആ മാതൃകയില്‍ ഇതാ ഞങ്ങളും ഒന്നുതുടങ്ങുന്നു' എന്ന് പറയുന്ന ഒരു പതിവ് നമ്മുടെ നാട്ടില്‍ സാധാരണയായിട്ടുണ്ട്. അങ്ങനെ, മോഡേണ്‍ റിവ്യൂ-വിന്‍റെയും ഇന്ത്യന്‍ റിവ്യൂ-വിന്‍റെയും ഒക്കെ മാതൃക പിടിച്ച് ആരംഭിച്ച മലയാളമാസികകള്‍ എല്ലാവരും ധാരാളം കണ്ടിട്ടുണ്ടാകും. പക്ഷെ നമ്മുടെ ഭാഗ്യദോഷമെന്ന് വിചാരിച്ചാല്‍ മതി; കാലം അധികം ചെല്ലാതെ തന്നെ മാതൃകയും പോയി മാസികയും പോയി എന്നായിത്തീര്‍ന്നു കലാശം.
 
     അതുകൊണ്ട് ഇന്ന് ആരെങ്കിലും ആ പഴയ ചിട്ടയില്‍ 'ഞങ്ങള്‍ മാസിക തുടങ്ങാന്‍ പോകുന്നു' എന്നൊക്കെ പറഞ്ഞാല്‍ അത് വായനക്കാരില്‍ ഒരു അല്‍പഹാസം മാത്രമേ ഉളവാക്കൂ. എങ്കിലും ആ മട്ടില്‍ ഒരു പ്രസ്താവന ചെയ്യാന്‍ ഞങ്ങള്‍ മുതിരുന്നു. അതൊരു ബലഹീനത തന്നെയാണെന്ന് വയ്ക്കുക. എന്നാലും പറയട്ടെ, ടൈംസ്‌ ലിറ്റററി സപ്ലിമെന്‍റ് എന്നൊരു വാരികയുണ്ടല്ലോ, ലണ്ടന്‍ ടൈംസ്‌-ന്‍റെ ഒരു അനുബന്ധമെന്ന നിലയ്ക്ക്. അത്തരത്തിലൊന്നാണ് ഞങ്ങളുടെ ധ്യാനത്തിലിരിക്കുന്ന രൂപം.
 
     ഇപ്പോള്‍ ടൈംസ്‌-ന്‍റെ ആ വാരിക കണ്ടിട്ടുള്ളവര്‍ വിചാരിക്കുകയാണ് - 'ഓഹോ, ഗ്രന്ഥനിരൂപണം മാത്രമുള്ള ഒരു മാസിക, അല്ലേ?'. അല്ല, അതുമാത്രമല്ല, ഗ്രന്ഥനിരൂപണങ്ങള്‍ ഉണ്ട്. എന്നാലും അതുകൊണ്ടുമാത്രം ഒരു മലയാള മാസികയ്ക്ക് കഴിഞ്ഞുകൂടാനൊത്തുവെന്ന് വരികയില്ല.  ഒന്നാമത്, അത്ര വളരെ ഗ്രന്ഥങ്ങൾ മലയാളത്തിൽ മാസാമാസം ഉണ്ടാകുന്നില്ല. രണ്ടാമത്, ഭിന്നരുചികളായ വായനക്കാരെ രസിപ്പിക്കുക എന്നത് ഒരാവശ്യവുമാണ്. അതുകൊണ്ട് മലയാളഗ്രന്ഥങ്ങളുടെ നിരൂപണങ്ങൾക്കു പുറമേ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെപ്പറ്റിയുള്ള ലഘുചർച്ചകൾ, ചിരപ്രതിഷ്ഠിതങ്ങളായ വിശ്വസാഹിത്യ കൃതികളെപ്പറ്റിയുള്ള വിസ്തൃതമായ പഠനങ്ങൾ ഇങ്ങനെ പലതും ഞങ്ങൾ ഉദ്ദേശിക്കുന്നു. പിന്നെ നിങ്ങൾക്കു സുപരിചിതരും ഈഷല്‍ പരിചിതരും ആയ വിദേശീയ സാഹിത്യകാരന്മാരെപ്പറ്റിയുള്ള ലേഖനങ്ങളും മുറയ്ക്ക് ഉണ്ടായിരിക്കും. ഈ മട്ടില്‍ ഗ്രന്ഥനിരൂപണത്തിന് പ്രാമുഖ്യം കൊടുത്തു കൊണ്ട് ഒരു മാസിക, കേരള ഗ്രന്ഥാലയ സംഘത്തിന്‍റെ മേൽനോട്ടത്തിലും എം.ആർ.കെ.സി-യുടെ (സി കുഞ്ഞുരാമ മേനവൻ) ചുമതലയിലും ഒരിക്കൽ നടത്തിത്തുടങ്ങിയതാണ്. പക്ഷേ ഒരു ലക്ഷത്തിലധികം അത് മുന്നോട്ടു പോയിട്ടില്ല എന്നാണ് ഓർമ്മ.
 
     ഈ മാസികയിൽ സഹജീവികൾ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ചില ലേഖനങ്ങളുടെ തർജ്ജമകളും സംഗ്രഹങ്ങളും ചേർത്തിട്ടുണ്ട്. തുടരെ ചേർക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്. അതെന്തിന് എന്നാണെങ്കിൽ, പറയാം. മനുഷ്യർക്ക് പൊതുവേ വിശ്രമം കുറഞ്ഞും തിരക്കുകൾ കൂടിയും വരുന്ന ഒരു കാലമാണല്ലോ ഇത്. മാസികകളുടെ എണ്ണമാണെങ്കിൽ വളരെ വർദ്ധിച്ചുമിരിക്കുന്നു. ഈ പരിതസ്ഥിതിയിൽ കാണേണ്ടതെല്ലാം ഒരാൾ കാണുമെന്നോ കണ്ടാൽ തന്നെയും എല്ലാം വായിക്കുമെന്നോ ഒന്നും നാം പ്രതീക്ഷിച്ചുകൂടാ. അതുകൊണ്ട് സാരഗ്രാഹികളായ വായനക്കാർക്ക് ഒരെണ്ണത്തിന്‍റെ പാരായണം കൊണ്ട് കിട്ടാവുന്നത്ര ഗുണം കിട്ടട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം.
 
    
ഈ മാസിക ഗ്രന്ഥശാലാസംഘത്തിന്‍റെ മുഖപത്രമാണെന്ന് പൊതുജനങ്ങൾ ഇതിനകം ധരിച്ചിരിക്കുമല്ലോ. അതുകൊണ്ട് ഗ്രന്ഥശാലാ കാര്യങ്ങൾക്ക് ഇതിൽ വിശേഷാൽ സ്ഥാനം ഉണ്ടായിരിക്കും. തന്നെയുമല്ല, ഗ്രന്ഥാലയക്കാർക്ക് ഇതൊരു നിർദ്ദേശിക കൂടിയായിരിക്കും; പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ എല്ലാ കാര്യങ്ങളിലും.
 
     ചുരുക്കത്തിൽ നന്നായി നടത്തണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അതിന് സഹൃദയ ലോകത്തിന്‍റെ പിന്തുണ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

 

(ഗ്രന്ഥാലോകം മാസികയുടെ ആദ്യത്തെ മുഖപ്രസംഗമാണ് ഇത്. മാസികയുടെ ആദ്യ പത്രാധിപനായിരുന്ന എസ് ഗുപ്തൻ നായർ 1949 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലത്താണ്  എഴുതിയിരിക്കുന്നത്. ഗ്രന്ഥാലോകം മാസികയുടെ 2018 ഡിസംബര്‍ ലക്കത്തിലെ, ചരിത്രപഥം എന്ന ഭാഗത്ത് നിന്നുമെടുത്താണ് ഈ മുഖപ്രസംഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

No comments: