
ഫോണില്‍ മണിയടിച്ചു.
"കിണി.....കിണി....കിണികിണീ!"
അച്ഛന് ആഫീസിലാണ്; അമ്മ ഉറങ്ങുന്നു; വേലക്കാരി അയല്‍വീട്ടില്‍; നേരം ഉച്ച മൂന്നുമണി. കുറെ നാളായി എന്നും കുട്ടി കാണുന്നതാണ്. ഈ സമയത്ത് ഫോണില്‍ മണിയടിക്കും. വല്യേട്ടന് എടുക്കും. പതുക്കെ, വളരെ പതുക്കെ, സംസാരിക്കും. ചിരിക്കും.
ആ സമയത്ത് വല്യേട്ടന്റെ മുഖഭാവമൊന്നു കാണണം. കവിളുകള്‍ ചുവന്ന്, കണ്ണുകള്‍ കൂമ്പി, ചുണ്ട് കൂര്‍പ്പിച്ചും വിടര്‍ന്നും കോടിയും - എന്തെല്ലാം ഭാവങ്ങളാണ് മാറിമാറി വരുന്നത്! പറയുന്നതിന്റെയോ കേള്‍ക്കുന്നതിന്റെയോ ഒരക്ഷരം പോലും മനസ്സിലാവുകയില്ല. അത്ര മെല്ലെയാണ്; ഇംഗ്ലീഷുമാണ്. എന്നാലും ഈ സമയത്ത് ഏട്ടനെ നോക്കിയിരിക്കാന്‍ ബഹുരസം തോന്നും. അന്ന് സ്ക്കൂളില്‍ വച്ച് ഒരു മിണ്ടാത്ത പടം കണ്ടപോലെ.
ഇങ്ങനെ തന്നത്താന്‍ മറന്ന് വളരെനേരം ഇരിക്കും, ഫോണില്‍ ചുണ്ടടുപ്പിച്ചുകൊണ്ട് ഏട്ടനും ഏട്ടനെ നോക്കിക്കൊണ്ട് താനും. പിന്നെ അമ്മ എണീറ്റുവന്ന് കാപ്പി തിളപ്പിച്ച് വിളിക്കുമ്പോള്‍ പൂച്ച പാലുകുടിക്കുംപോലെ കണ്ണും ചിമ്മി ഒന്നുമറിയാതെ എണീറ്റു പോകും.
ഒരു ദിവസം താന്‍ ചോദിച്ചു :
"എന്താ ചേട്ടാ! ഫോണിനകത്തെ പടം എന്നേക്കൂടി കാണിക്കുമോ?"
"പടമോ" - ഏട്ടന് കണ്ണുരുട്ടി - "ആര് പറഞ്ഞു ഫോണിനകത്ത് പടമുണ്ടെന്ന്? ഞാന്‍ ഒരു കൂട്ടുകാരനോട് സംസാരിക്കുകയാണ്."
ഇതുംപറഞ്ഞ് ചേട്ടന് തന്റെ ചെവിക്ക് പിടിച്ച് തിരുമ്മി.
"വന്നിരിക്കുന്നു ഒരു സിഐഡി! ഇനി ഇതുചെന്ന് അച്ഛനോടോ അമ്മയോടോ പറഞ്ഞാലുണ്ട്. കുട്ടിയാണെന്ന് നിരീക്കില്ല. ചെവി ഞാന്‍ പൊന്നാക്കിക്കളയും!"
ചേട്ടന് പറഞ്ഞാല്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് കുട്ടിക്കറിയാം. ചെവി പൊന്നാവുന്നതില് വിരോധമില്ല. പൊന്നിന് വലിയ വിലയാണെന്നാണല്ലോ അച്ഛന് പറയുന്നത്. പക്ഷെ നോവും. നൊന്തുനൊന്ത് താനാകെ ചുവന്ന് വിയര്‍ത്തുപോകും. അതുകൊണ്ട് അത് വേണ്ട. മാത്രമല്ല,
"മണിക്കുട്ടീ! ചേട്ടനെ ഭീരി പിടിപ്പിക്കല്ലേ! അവനിപ്പോള്‍ ജോലിയൊന്നും കിട്ടാതെ വിഷമിച്ചിരിക്കുന്ന കാലമാണ്. അതുമിതും പറഞ്ഞ് അവനെ ദേഷ്യപ്പെടുത്തല്ലേ!" -
എന്ന് അമ്മ കൂടെക്കൂടെ പറയാറുമുണ്ടല്ലോ.
ഏതായാലും മണിക്കുട്ടി ഈ കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാലും അവള് ഒളിച്ചുനിന്ന് ചേട്ടന്റെ ഈ സിനിമാഭിനയം കാണും, ചിരിക്കും. എന്നിട്ട് അകത്തെ മുറിയിലേക്ക് വലിഞ്ഞു കളയും.
ഇന്ന് വല്യേട്ടന് വീട്ടിലില്ല. രാവിലെ ഒരു കമ്പി വന്നതനുസരിച്ച് അത്യാവശ്യമായി എവിടെയോ പോയിരിക്കുന്നു. ഉദ്യോഗക്കാര്യമായിരിക്കുമെന്നാണ് അമ്മ പറഞ്ഞത്. അവര്‍ക്കെപ്പോഴും ഇതേ വിചാരമുള്ളല്ലോ.
പാവം ഫോണ്‍! ആരെടുക്കും! അമ്മയോട് പറയാനും വയ്യ. അവള് പതുങ്ങിപ്പതുങ്ങി അടുത്തുചെന്ന് റിസീവര്‍ കയ്യിലെടുത്തു.
"ഹലോ.." - അപ്പുറത്ത് നിന്നും അതിമൃദുലമായ ശബ്ദം ഒഴുകിവരുന്നു.
മണിക്കുട്ടിയും പറഞ്ഞു :
"ഹലോ..."
അപ്പുറത്ത് അമ്പരപ്പോടെയുള്ള ചോദ്യം : "ആരാണ് സംസാരിക്കുന്നത്?"
മണിക്കുട്ടി പറഞ്ഞു : "ഞാന്‍! മണിക്കുട്ടി എന്ന് വിളിക്കുന്ന എസ് ജയലക്ഷ്മി. കോണ്വെന്ടില് പഠിക്കുന്നു."
മണിനാദം പോലെയുള്ള ചിരി ചെവിയില്‍ മുഴങ്ങി :
"ഓ.. അപ്പോള്‍ മണിക്കുട്ടിയാണല്ലേ..? ഏട്ടന്റെ പുന്നാര അനിയത്തി... ശരി... ഞാന്‍ ഒരമ്മൂമ്മയാണ്. വല്യേട്ടനെവിടെപ്പോയി?"
"അതോ.." - മണിക്കുട്ടി പറഞ്ഞു - "ചേട്ടന് രാവിലെ ഒരു കമ്പി വന്നു. ഉദ്യോഗത്തിനായിരിക്കുമെന്നാണ് അമ്മ പറഞ്ഞത്.... അമ്മൂമ്മ, ആരുടെ അമ്മൂമ്മയാ? വല്യേട്ടന്റെയോ അതോ...!"
മറുഭാഗത്ത് നിന്നും ഇമ്പമുള്ള ചിരി വീണ്ടും തുളുമ്പി വന്നു... :
"ഹാ ഹ ഹ ഹാ... അല്ല.. മണിക്കുട്ടിയുടെ അമ്മൂമ്മ! മണിക്കുട്ടിക്കെന്നെ ഇഷ്ടമല്ലേ?" - അവള് ചിരിച്ചു.
"രസം... ഹായ്!! മണിക്കുട്ടിയുടെ അമ്മൂമ്മയേയ് മരിച്ചുപോയല്ലോ! അതുകൊണ്ട് മണിക്കുട്ടിയോടാരും ഈയിടെ കഥ പറയാറുമില്ല. അമ്മയ്ക്ക് നേരമില്ല, അച്ഛന് നേരമില്ല, വല്യേട്ടനാണെങ്കില്‍ എപ്പഴും ദേഷ്യവുമാ... മണിക്കുട്ടീടമ്മൂമ്മയെന്താ കഥ പറയാത്തെ? ഫോണില്‍ കേറി ഒളിച്ചിരിക്കുന്നതെന്താ?"
"അതോ... അമ്മൂമ്മ ഒളിച്ചു കളിക്കുകയല്ലേ മോളേ?.." - ഫോണിലെ സ്വരം ചിരിക്കിടയില്‍ മറുപടി പറഞ്ഞു- "അമ്മൂമ്മയോട് മിണ്ടിയെന്ന് മോളാരോടും പറയരുത്. വല്യേട്ടനോട് പോലും പറയരുത്. എന്നാല്‍ അമ്മൂമ്മ നാളെ ഈ നേരത്ത് നല്ല കഥ പറഞ്ഞുതരാം."
"അതിന് വല്യേട്ടന് നാളെ വരുമല്ലോ. പിന്നെ ഫോണിന്റെയടുക്കേന്ന് മാറുകയുമില്ല. മണിക്കുട്ടിയെങ്ങാനും അടുത്തുവന്നാല്‍ ചെവി പിടിച്ച് പൊന്നാക്കിക്കളയും."
"ഹൊ...ഹൊ...ഹൊ..."
എന്ന് പിന്നെയും ആര്‍ത്തുവിളിച്ച ചിരി...
"അപ്പോള്‍ വല്യേട്ടനെ പിടിച്ചുമാറ്റി തലയ്ക്ക് ഒരു കിഴുക്കും കൊടുത്ത് മണിക്കുട്ടി സംസാരിക്കൂ. മണിക്കുട്ടി സംസാരിക്കുന്നതേ അമ്മൂമ്മ കേള്‍ക്കൂ. മണിക്കുട്ടിയോടേ അമ്മൂമ്മ സംസാരിക്കൂ. വല്യേട്ടന് പോയി വല്ല ഉദ്യോഗവും ഭരിക്കട്ടെ."
മണിക്കുട്ടിയ്ക്ക് ആകപ്പാടെ സംശയമായി.
"സത്യമാണല്ലോ ഇത്? സത്യം! പിന്നെ വാക്കു മാറി മണിക്കുട്ടിയെ തല്ലുകൊള്ളിക്കരുത്."
ഫോണിലെ ശബ്ദം ഗൌരവപൂര്‍ണ്ണമായി:
"ഗുരുവായൂരപ്പനാണേ സത്യം! കൊടുങ്ങല്ലൂരമ്മയാണേ സത്യം! ഇനി മേലാല്‍ അമ്മൂമ്മ മണിക്കുട്ടിയോടു മാത്രം സംസാരിക്കാന്‍ പോകുന്നു; കഥ പറയാന്‍ പോകുന്നു. ഇത് സത്യം! ഓകെ! എന്നാല്‍ ഇനി ഫോണ്‍ വയ്ക്കാം. നാളെ മൂന്നുമണിക്ക്... നാളെ മൂന്നുമണിക്ക്... റ്റാറ്റാ..."
"റ്റാറ്റാ.."
ഫോണ്‍ താഴെ വയ്ക്കുന്ന കിരുകിര ശബ്ദം കേട്ടു. മണിക്കുട്ടി അത്യന്തം ആഹ്ലാദത്തോടെ നൃത്തം ചവിട്ടിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.
അമ്മ ചോദിച്ചു :
"ഈ പെണ്ണിന് എന്താ ഇന്ന് ഇത്ര നെഗളിപ്പ്? വല്യേട്ടനില്ലാത്തതുകൊണ്ട് പേടിക്കാനാളില്ല!"
വല്യേട്ടനേം ഞാനിനി പേടിക്കില്ല എന്ന് പറയാന്‍ വന്നതാണ് മണിക്കുട്ടി. പക്ഷെ, പറഞ്ഞില്ല. സംഗതി രഹസ്യമാണല്ലോ!
പിറ്റേന്ന് രാവിലെ വല്യേട്ടന് വന്നു. വലിയ ഗമയിലാണ് വരവ്. പെട്ടിയെടുക്കണം. ഉടുപ്പുതേക്കണം. ബെഡ്ഡിങ്ങ് കെട്ടണം. അമ്മ അമ്പലത്തില്‍ വഴിപാട് കഴിച്ചു.
അച്ഛന് പറഞ്ഞു :
"അങ്ങനെ അവനും ഒരു വഴിയായല്ലോ! ശമ്പളം വലിയ തരക്കേടില്ല. ഉയരാനുള്ള ചാന്സുമുണ്ട്. പിന്നെ ഭാഗ്യമുണ്ടെങ്കില്‍...."
അന്നും പതിവുപോലെ കൃത്യം മൂന്നുമണിയ്ക്ക് ഫോണ്‍ ബെല്‍ ചിലച്ചു....
കിണി...കിണി...കിണി...
മണിക്കുട്ടി ഓടിച്ചെന്നപ്പോഴേക്കും ചേട്ടന് അത് എടുത്തുകഴിഞ്ഞിരുന്നു.
"രാജകുമാരീ! പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി. സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. ഇനി മാല കരുതിക്കോളൂ."
ഇതിന്റെ മറുപടി പൂര്ണ്ണമാവുംമുമ്പ് മണിക്കുട്ടി ചേട്ടനെ ഉന്തിമാറ്റിക്കൊണ്ടു പറഞ്ഞു:
"രാജകുമാരീടെ കഥ എന്നോടാണ് പറയുന്നത്. ഞാനും അമ്മൂമ്മേമാണ് കൂട്ടുകാര്‍. ചേട്ടനോട് മിണ്ടില്ല. അമ്മൂമ്മ പറഞ്ഞല്ലോ."
പതിവുപോലെ കണ്ണുരുട്ടുകയോ ചെവിക്കു പിടിക്കുകയോ ചെയ്യാതെ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ചേട്ടന് ചോദിച്ചു :
"അമ്മൂമ്മയോ? ആര് പറഞ്ഞു ഇത് അമ്മൂമ്മയാണെന്ന്?"
മണിക്കുട്ടി ചിരിച്ചില്ല. ഗൌരവത്തില്‍ പറഞ്ഞു :
"ആര് പറഞ്ഞൂന്ന് ചോദിച്ചുനോക്കൂ.. അമ്മൂമ്മ തന്നെയാ ഇന്നലെ പറഞ്ഞത്. ഇനി ഏട്ടനോട് മിണ്ടില്ല. എന്നോടേ കഥ പറയൂന്ന് ഗുരുവായൂരപ്പനെക്കൊണ്ട് സത്യോം ചെയ്തു."
ചേട്ടന് ചിരിച്ചുകൊണ്ടുതന്നെ ഫോണില്‍ സംസാരിച്ചു :
"എങ്കില്‍ അമ്മൂമ്മേ... ഈ വിനീതവിധേയന്‍ ഇതാ വിരമിക്കുന്നു. പറയാനുള്ളത് എഴുതിക്കൊള്ളാം. ഇനി നിങ്ങള്‍ അമ്മൂമ്മയും കുഞ്ഞുമോളുമായി സൊള്ളിക്കൊണ്ട് കുറച്ചുകാലം കഴിക്കുവിന്‍... അതുകഴിഞ്ഞാല്‍.. ഈ ഫോണ്‍ ഞാന്‍ തല്ലിയുടച്ചുകളയും.."
മറുപടി എന്താണുണ്ടായതെന്ന് മണിക്കുട്ടി കേട്ടില്ല. ചേട്ടന് ചിരിച്ചുകൊണ്ട് ഫോണ്‍ അവളുടെ കൈയ്യില്‍ കൊടുത്തിട്ടുപോയി. അവള് വളരെ നേരം സംസാരിച്ചു. അവര്‍ ഉറ്റതോഴരായി. പിരിയാനരുതാത്തപോലെയായി...
മണിക്കുട്ടിക്ക് ഉച്ചവരെയേ സ്ക്കൂള് ഉള്ളല്ലോ. എന്നും ഉച്ച തിരിഞ്ഞാല്‍ ഫോണ്‍ ബെല്ലടിക്കും. അത്ഭുത നാഗത്തിന്റെ കഥ; ഏഴു കടലിനപ്പുറമുള്ള രാജകുമാരിയുടെയും രാക്ഷസന്റെയും കഥ; പറക്കും കുതിരയുടെ കഥ.. ഒക്കെ അമ്മൂമ്മ അവളോട് പറഞ്ഞുകൊടുക്കും.
അമ്മൂമ്മയുടെ സ്വരം എത്ര നല്ലത്! അമ്മൂമ്മയ്ക്ക് എത്ര വയസ്സായി? അമ്മൂമ്മ എന്താണ് വീട്ടില്‍ വരാത്തത്? എന്നൊക്കെ അവള് ചോദിക്കും. ചിരിച്ചുള്ള മറുപടി :
"ഞാന്‍ വരാം കുട്ടീ. വന്നാല്‍ മണിക്കുട്ടി എന്നെ തിരിച്ചറിയുമോ?"
"പിന്നെയില്ലേ?" - മണിക്കുട്ടിയും ചിരിച്ചു - "അമ്മൂമ്മയുടെ തല നരച്ചു വെളുത്തത്; കാത് നീണ്ട് തോളുവരെ; പല്ലുപോയ വായ; ഊന്നുവടി..പിന്നെ അറിയാനെന്താ വിഷമം? അമ്മൂമ്മയ്ക്ക് ഞാന്‍ വെറ്റിലപ്പാക്ക് ഇടിച്ചുതരുമല്ലോ."
ഫോണിലെ സ്വരം ചിരിച്ചുചിരിച്ച് കുഴഞ്ഞു. ആ ശബ്ദം വന്ന് അവളുടെ നെറ്റിയില്‍ ഉമ്മവയ്ക്കുംപോലെ തോന്നി.
'വരാം കുട്ടീ... വരാം... അമ്മൂമ്മ വരാം..അതിന് സമയമാവട്ടെ' എന്ന് പറയുംപോലെ.
ആയിടയ്ക്ക് മണിക്കുട്ടിയ്ക്ക് ചിരിയ്ക്കാനേ നേരമുണ്ടായിരുന്നുള്ളു.
വീട്ടില്‍ ചേട്ടന് കല്യാണാലോചനയുടെ തിരക്ക്. ചേട്ടന്റെ ക്ലാസ് മേറ്റാണ് പെണ്ണ്. നല്ല പെണ്ണ്. അച്ഛനും അമ്മയ്ക്കും നല്ല സന്തോഷമായി.
എന്നാലും അവളുടെ ചിന്ത മുഴവന്‍ അമ്മൂമ്മയെപ്പറ്റിയായിരുന്നു. അന്നന്നത്തെ കാര്യങ്ങള്‍ അവള് അമ്മൂമ്മയോട് പറയും.
അമ്മൂമ്മ ചോദിച്ചു :
"മണ്ടിപ്പെണ്ണേ.. ഏട്ടത്തി വന്നാല്‍പ്പിന്നെ അമ്മൂമ്മയെ മറക്കുമോ?"
അവള് ആലോചിച്ചു. ആത്മഗതംപോലെ പറഞ്ഞു:
"ഈ ഏട്ടത്തിയ്ക്ക് കഥ പറയാന്‍ അറിയാമോ എന്തോ! അമ്മൂമ്മ മതിയായിരുന്നു ഏട്ടത്തിയായി. അമ്മൂമ്മേപ്പോലൊരു പെണ്ണ്."
ഫോണില്‍നിന്ന് കിലുക്കിക്കുത്തുംപോലുള്ള ചിരി ഉതിര്‍ന്നുവീണു.
"മണ്ടിപ്പെണ്ണേ...മണ്ടിപ്പെണ്ണേ... അമ്മൂമ്മമാര് എന്നെങ്കിലും കല്യാണപ്പെണ്ണാവുമോ? അതുവേണ്ട.. അതുവേണ്ട.. അമ്മൂമ്മയ്ക്ക് കല്യാണത്തിന് ഒന്ന് വന്നാല്‍ മതി. അമ്മൂമ്മേ ക്ഷണിക്കുമോ കുട്ടീ?"
മണിക്കുട്ടി പറഞ്ഞു : "ഞാന്‍ വല്യേട്ടനോട് പറയാം"
"വേണ്ട, വല്യേട്ടന് ചീത്തയാ. ഏട്ടത്തിയമ്മയും ചീത്തയാ. മണിക്കുട്ടി നോക്കിക്കോളൂ. പുതുപ്പെണ്ണ് വന്നാല്‍പ്പിന്നെ ചേട്ടന് മണിക്കുട്ടിയോട് മിണ്ടുക പോലുമില്ല."
വല്യേട്ടന് ചീത്തയാണെന്ന് മണിക്കുട്ടിയ്ക്കഭിപ്രായമില്ല. പക്ഷെ ഈയിടെയായി പുള്ളിക്കാരന് വലിയ മനോരാജ്യമാണെന്ന് അവള് ഓര്‍ത്തു.
അവധിയ്ക്ക് വന്നിട്ട് ഒരാഴ്ച്ചയായി. എപ്പോഴും മുറിക്കകത്തിരുന്ന് എഴുത്തെഴുതല്‍ തന്നെ. എഴുത്തെഴുതല്‍! ആര്‍ക്കാണാവോ ഇത്ര വലിയ കത്ത്! മണിക്കുട്ടി ചോദിച്ചു:
"ഏട്ടാ.. ഒരു ക്ഷണക്കത്ത് തരാമോ?"
"എന്തിനാ മണിക്കുട്ടീ?"
"അതോ.. നമ്മുടെ ഫോണിലെ അമ്മൂമ്മയ്ക്ക് അയയ്ക്കാനാ.. അമ്മൂമ്മ പറഞ്ഞു, ചേട്ടന് തന്നെ ക്ഷണിച്ചാലേ അവര്‍ വരൂ എന്ന്. ക്ഷണിക്കുമോ ചേട്ടാ?"
ഇതെന്താ ഈ വല്യേട്ടനും കിലുക്കിക്കുത്തുപോലെ ചിരിക്കുന്നത്?!
ചിരിച്ചുചിരിച്ച് ശ്വാസംമുട്ടിക്കൊണ്ട് ചേട്ടന് പറഞ്ഞു :
"വേണ്ടാ.. അങ്ങനെ കളിക്കണ്ട.. അവരെ ഈ വിവാഹത്തിന് ക്ഷണിക്കുന്നതേയില്ല. അവര്‍ വരുമോ എന്ന് നോക്കട്ടെ. അവര്‍ വന്നില്ലെങ്കില്‍ നമുക്ക് അമ്മൂമ്മയില്ലാതെ കല്യാണം കഴിയുമോ എന്ന് നോക്കാം മണിക്കുട്ടീ.."
പറഞ്ഞതുപോലെ കല്യാണം പൊടിപൂരമായിത്തന്നെ കഴിഞ്ഞു.
നല്ല ഏട്ടത്തിയമ്മ.
പക്ഷെ അമ്മൂമ്മ വന്നില്ലല്ലോ! അമ്മൂമ്മയെ കണ്ടില്ലല്ലോ! എന്ന വിഷമമായിരുന്നു മണിക്കുട്ടിയ്ക്ക്.
കണ്ടാല്‍ പറയണം... ചുരുണ്ട മുടിയുള്ള, വെളുത്ത നിറമുള്ള, ചിരിക്കുമ്പോള്‍ കവിളില്‍ തുടുത്ത നുണക്കുഴി തെളിയുന്ന ഈ ഏട്ടത്തിയമ്മയാണോ ചീത്തയാണെന്ന് അമ്മൂമ്മ പറഞ്ഞത്? നുണ... നുണ... പെരുംനുണ...
എന്നാലും.......
സദ്യ കഴിഞ്ഞു. പാര്‍ട്ടി കഴിഞ്ഞു. വിരുന്നുകാരെല്ലാം പിരിയുകയും ചെയ്തു.
വല്യേട്ടനും ഏട്ടത്തിയമ്മയും കൂടി സ്വന്തം മുറിയില്‍ നില്‍ക്കുകയായിരുന്നു. ഏട്ടത്തിയമ്മ മണിക്കുട്ടിയെ അടുത്തുവിളിച്ച് ചുംബിച്ചു.
"മണിക്കുട്ടിക്ക് എന്നെ ഇഷ്ടമാണോ?"
അവള് മുഖം വീര്‍പ്പിച്ച് പറഞ്ഞു : "അല്ല"
"അതെന്തേ...? ഏട്ടത്തിയമ്മ ഒരു കുറ്റവും ചെയ്തില്ലല്ലോ!"
മണിക്കുട്ടി പറഞ്ഞു : "അമ്മൂമ്മ പറഞ്ഞുവല്ലോ, ഏട്ടത്തിയമ്മ ചീത്തയാണ്. ഏട്ടത്തിയമ്മമാരെല്ലാം ചീത്തയാണ്. ഏട്ടനെ തട്ടിയെടുത്തു. ഇനി മണിക്കുട്ടിയോട് ഇഷ്ടമേ ഉണ്ടാവില്ല എന്നാണ് അവര്‍ പറഞ്ഞത്."
ഏട്ടത്തിയമ്മ പൊട്ടിച്ചിരിച്ചപ്പോള്‍ അതിന് ഫോണിലെ കിലുക്കിക്കുത്തിന്റെ സ്വരമുണ്ടായിരുന്നു എന്ന് അവള്‍ക്ക് തോന്നി.
ഫോണിലെ അമ്മൂമ്മയെപ്പോലെ അതേമട്ടില്‍ അവള് പറഞ്ഞു:
"മണ്ടിപ്പെണ്ണേ... മണ്ടിപ്പെണ്ണേ... അത് നിന്നെ പറ്റിക്കാന്‍ പറഞ്ഞതല്ലായിരുന്നോ...! ആ അമ്മൂമ്മ പോവട്ടെ. ഇനി മണിക്കുട്ടിയ്ക്ക് കഥ കേള്‍ക്കണമെങ്കില്‍ ഏട്ടത്തി പറയാം. അത്ഭുതനാഗത്തിന്റെയും പറക്കും കുതിരയുടെയും രാജകുമാരിയുടെയും കഥ പറയാം. ഏട്ടനെപ്പോലും കേള്‍പ്പിക്കാതെ പറയാം... പോരേ?"
മണിക്കുട്ടി ഏട്ടത്തിയമ്മയുടെ മുഖത്ത് പ്രശ്നസൂചകമായി നോക്കി, 'ഇതൊക്കെ ഇവര്‍ എങ്ങനെയാണ് അറിഞ്ഞത്' എന്ന മട്ടില്‍.
ഏട്ടന് പറഞ്ഞു:
"നാളെ മുതല്‍ അമ്മൂമ്മയ്ക്ക് ഫോണ്‍ ചെയ്യണമെങ്കില്‍ ഏട്ടത്തിയമ്മയോട് പറയണം. അവര്‍ക്ക് മാത്രമേ ആ നമ്പര്‍ അറിയാവൂ."
"പാവം കുട്ടി!"
ഏട്ടത്തിയമ്മ ചിരിച്ചു. അവളെ നിലത്തുനിന്നും എടുത്തുയര്‍ത്തി കവിളില്‍ ചുംബിച്ചു. തലമുടി ഒതുക്കിക്കൊടുത്തു. ഈ ലാളനകളെല്ലാം ഏറ്റുകൊണ്ട് നാണിച്ച് ഒതുങ്ങിയിരുന്നപ്പോഴും അവള് അകമേ വിചാരിക്കുകയായിരുന്നു...
'ഈ ഏടത്തീടെ ഒച്ചയെന്താ അമ്മൂമ്മേടെപോലെയായത്?!'