- എന്‍ എന്‍ കക്കാട്
ഇരമ്പും പകൽച്ചൂടും പൊടിയും
ദാഹങ്ങളുമിരവേട്ടയും ക്രൗരങ്ങളുമൊഴിഞ്ഞും
ഒളിഞ്ഞും പതുങ്ങിയും നഗരം കടന്നേൻ ഞാൻ.
താന്തനായ്
നിശ്ചിന്തനായ്
നഗരപ്രാന്തത്തിലെ
ചെമ്മൺപാതയിലിറങ്ങീ ഞാൻ.
(ഭാഗ്യമാരുമേ പിന്തുടരുന്നീലിപ്പോളെന്നെ!)
പാതിവറ്റിയ ജീവനാഡികൾതോറും
ആ തിരമണം ചേർന്ന
വെൺ-
കുളിർ-
തെന്നൽ
നിറഞ്ഞും
ചുറ്റിപ്പിണഞ്ഞും
തളിർത്തും തഴയ്ക്കവെ,
ശാന്തവുമുദാരവുമായൊരെൻ വീട്ടിൽ
അഭയം പ്രാപിച്ചു ഞാൻ!
(ഹാവൂ, പിന്നിലില്ലാരും!)
സ്വേച്ഛമാമൊരു രാത്രിയും കൂടി
മോഷ്ടിച്ചു പാതാളത്തിൽനിന്ന്
സൂത്രത്തിൽ കൊണ്ടിങ്ങു പോന്നേൻ,
വിയർപ്പും പൊടിയുമായ്
ചളികെട്ടിയ ഫയൽക്കെട്ടുകൾ
ഇപ്പടിപ്പുരതൻ ചുമർപൊത്തിൽ
ഇറക്കിസ്സൂക്ഷിക്കട്ടെ.
ഇതിലുണ്ടേറെ കദ്രുപുത്രന്മാരുറങ്ങുന്നു.
നോട്ടുകൾ
താക്കീതുകൾ
വിശദീകരണങ്ങൾ...
(ശാന്തവുമുദാരവുമായ വീടശുദ്ധപ്പെടരുതല്ലോ!)
ചുട്ട കൽപ്പടവുകൾതോറും
മഞ്ഞുവീണുയരുന്ന ഗന്ധവും
കാട്ടുപൊന്തകളുടെ ശ്യാമച്ഛായയും
കുളത്തിലെ
സ്വച്ഛമാം ജലത്തിന്റെ കുളിരും-
ഞാനീ ശുദ്ധിയിൽ മുഴുകട്ടെ.
കത്തുമീ നിലവിളക്കിന്‍റെ
ശോണച്ഛായയിൽ
തിളങ്ങുമോട്ടുകിണ്ണത്തിലെ
ചൂടുകഞ്ഞിത,ന്നാവിയും
ചുന നീലിച്ച കണ്ണിമാങ്ങതൻ സ്വാദും
ഈറനാം ചുരുൾമുടിച്ചാർത്തിലെ
കൈതപ്പൂവിൻ ഗന്ധവും
കൈത്തണ്ടകളിലെ വർണ്ണരാജിയും
നിർദ്ദന്തമാം ശിശുവിന്‍റെ
വളയും ചുണ്ടിൽ പൂക്കും സ്മിതവും
ഉറങ്ങും കുഞ്ഞിൻ
കൺപോളകളിൽ
വിരിയും സംശുദ്ധിയും-
ഇതല്ലെങ്കിൽ സ്വർഗ്ഗമെന്തിനി വേറെ?
(മോഷ്ടിച്ച മുതലിന്റെ വിലയിന്നറിയുന്നു ഞാൻ).
- എന്‍. എന്‍. കക്കാട്
ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതി.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍.
വഴിവെട്ടാന്‍ പോകുന്നവനോ
പല നോമ്പുകള്‍ നോല്‍ക്കേണം;
പല കാലം തപസ്സു ചെയ്ത്
പല പീഡകളേല്‍ക്കണം.
കാടുകളില്‍ കഠിനത കുറുകിയ
കല്ലുകളും കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരക്കൊതി കത്തിച്ച്
ഇതളു പുതച്ചരളുന്നു
പശിയേറും വനവില്ലികള്‍.
വഴിവെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരു കുന്നായ്
മരുവുന്നു ചങ്ങാതി.
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ.
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ.
ഒരുമട്ടാ കുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ.
വിരല്‍ വെച്ചാല്‍ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകള്‍ ചീങ്കണ്ണികളുണ്ടതില്‍
അതു നീന്തണമക്കരെയെത്താന്‍.
അതു നീന്താമെന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം.
കടുവിഷമാണൊന്നില്‍, മറ്റതി-
ലെരിതീയും ചങ്ങാതി.
കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവിവിടും പൂതത്താന്‍,
മറ്റതിലോ തീക്കനല്‍ കാറി-
ത്തുപ്പും നെടുനെട്ടനരക്കന്‍
ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി.
പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍
ആ വഴിയേ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊന്‍പട്ടം കെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുനള്ളിപ്പോം നിന്നെ.
വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോല്‍ മാനിക്കണമല്ലോ.
പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും.
നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പാലകാഞ്ഞിരം പൂത്തുചൊരിഞ്ഞ്
ചരലുകളില്‍ മണമിഴയുമ്പോള്‍
വഴിവില്ലിയൊഴിക്കാന്‍ നിന്നെ
ബലി ചെയ്'വോം കാളിക്കൊടുവില്‍.
ദീവെട്ടിച്ചോപ്പിലിരുട്ടില്‍
നെഞ്ചു കുളിര്‍ത്തമ്മ രസിക്കും.
അമ്മ തകും പാലച്ചോട്ടില്‍,
നന്‍മ തകും പാറക്കൂട്ടില്‍,
വഴിവെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാക്കും.
വഴിപാടായ് കാലാകാലം
'വഴിവെട്ടും വേല' കഴിക്കും.
പലവഴിയില്‍ പെരുവഴിയേതെ-
ന്നെങ്ങള്‍ക്കു പകപ്പു പെടായ്'വാന്‍
പെരുമൂപ്പന്‍വഴി,യെന്നതിനെ
തൃപ്പേരു വിളിപ്പാമല്ലോ.
നീ വെട്ടിയ വഴിയിലൊരുത്തന്‍
കാല്‍കുത്തി,യശുദ്ധി വരുത്താന്‍
ഇടയാകാതെങ്ങളു കാപ്പോം
ഇനി നീ പോ ചങ്ങാതി.
പെരുവഴിയേ പോകും ഞങ്ങള്‍
പുതുവഴി വഴിപാടിനു മാത്രം.
- എന്‍ എന്‍ കക്കാട്
ചത്തകാലത്തിന്‍
തളം കെട്ടിയ ചളിക്കുണ്ടില്‍
ശവംനാറിപ്പുല്ലുതിന്നാവോളവും
കൊഴുത്ത മെയ്യാകവേ താഴ്ത്തി
നീയെത്ര ശാന്തനായ് കിടക്കുന്നൂ.
വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച
മന്തന്‍ കണ്ണാല്‍ നോക്കി
കണ്ടതും കാണാത്തതുമറിയാതെ
നീയെത്ര തൃപ്തനായ് കിടക്കുന്നൂ.
നിന്‍റെ ജീവനിലഴുകിയ
ഭാഗ്യ,മെന്തൊരു ഭാഗ്യം!