Monday, January 25, 2021

സര്‍ഗ്ഗസമീക്ഷയില്‍ നിന്നും...

 







- അക്ബര്‍ കക്കട്ടില്‍ 


( വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന VKNനുമായി നടത്തിയ അഭിമുഖം)    



? താങ്കള്‍ കുഞ്ചന്‍ നമ്പ്യാരുടെ പുനര്‍ജ്ജന്മമാണെന്ന് പറയപ്പെടാറുണ്ടല്ലോ. ഇത് കേള്‍ക്കുമ്പോള്‍ താങ്കള്‍ക്ക് എന്താണ് തോന്നാറുള്ളത്?

= ഒന്നു തുള്ളാന്‍


? സാഹിത്യത്തില്‍ വന്നത് എങ്ങനെയായിരുന്നു?

= അക്ഷരങ്ങള്‍ വഴി


? ഒരു 'വി.കെ.എന്‍ ശൈലി' ഉണ്ടായതെങ്ങനെയാണെന്ന് പറയാമോ?

= പോക്കറ്റടിച്ചാണ്


? ഹാസ്യം സ്ഥിരമായി കൈകാര്യം ചെയ്യുമ്പോള്‍ ആവര്‍ത്തനവിരസത വരില്ലേ? എന്താണനുഭവം? 

= ആര്‍ത്തവം നിന്നു.


? നിത്യജീവിതത്തില്‍ പലരും കാണാത്തത് എഴുത്തുകാര്‍ കാണുന്നു. അവരില്‍ പലരിലും കൂടുതല്‍ ചിലത് താങ്കള്‍ കാണുന്നു. ഈ നിരീക്ഷണ പാടവം ശീലിച്ചെടുത്തതാണോ?

= നാം മുക്കണ്ണനാണ്.


? ദേഷ്യം വന്നപ്പോള്‍ ഭര്‍ത്താവിനോട് തൂങ്ങിച്ചാകാന്‍ പറയുന്ന ഭാര്യ. ഭര്‍ത്താവ് തൂങ്ങിച്ചാവുകയും ചെയ്തു. അപ്പോള്‍ ഭാര്യയുടെ പ്രസ്താവം : 'ആള് പുത്തിമോശക്കാരനാര്‍ന്നൂങ്കിലും ഞാന്‍ പറഞ്ഞതിന് അപ്പറംണ്ടാര്‍ന്നീല്ല മീനാക്ഷ്യേ....അതല്ലേ എനിക്ക് ഒര്ദ്!" - ഈ ഭാര്യയ്ക്ക് മാതൃകയുണ്ടോ?

= മാതൃകാഭാര്യമാരില്ല.


? കഥാന്ത്യത്തില്‍ നല്‍കുന്ന ട്വിസ്റ്റിലൂടെ താങ്കള്‍ ഞങ്ങളെ ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഈ ട്വിസ്റ്റില്‍ താങ്കള്‍ എത്തുന്നതെങ്ങനെയെന്ന് 'പ്രേമവും വിവാഹവും' എന്ന കഥയെ ആസ്പദമാക്കി ഒന്നു പറഞ്ഞുതരാമോ?

= ഒലിവര്‍ ട്വിസ്റ്റ്‌ വായിച്ചിട്ടുണ്ട്.


? പ്രേമം ഹാസ്യത്തില്‍ കലര്‍ത്തിയപ്പോള്‍ കഥയിലോ സിനിമയിലോ കൂടുതല്‍ ഫലവത്തായത്?

= കഥകളിയില്‍.


? ഹാസ്യത്തിന് കാരിക്കേച്ചറുകള്‍ എത്രമാത്രം പ്രയോജനപ്പെട്ടിട്ടുണ്ട്?

= 'കാരിക്കേച്ചര്‍' എന്നുമതി. വേണ്ടത്ര.


? കഥാപാത്രത്തെ സൃഷ്ടിക്കുമ്പോഴോ വിവരണത്തിലോ സംഭാഷണത്തിലോ കൂടുതല്‍ ഹാസ്യം കലര്‍ത്താനാവുക?

= ഒരു പാത്രം കഥ എന്നേ പറയാവൂ. നളപാകത്തിന്.


? പാത്രങ്ങള്‍ വലുതാവുമ്പോള്‍ അവ സംഭവങ്ങളെ കടത്തി ഓടാറുണ്ടോ?

= ബാര്‍സിലോണ ഒളിംപിക്സ് കഴിഞ്ഞ് പറയാം.


? 'അതിശയോക്തി' എത്ര മാത്രം ചിരിക്കുപകരിക്കും?

= അല്പോക്തി വരെ.


? ത്രിവിക്രമനുണ്ണി നായരിലെ ചിരിയുടെ അടിസ്ഥാനമെന്തെന്നു ചോദിച്ചാല്‍ താങ്കള്‍ എന്തു പറയും?

= ഉണ്ണി നായരെപ്പറ്റി ചോദിക്കുന്നവനോട് ഒന്നും പറയില്ല. അവനെ പെരുമാറും.


? ഹാസ്യത്തെക്കുറിച്ച് താങ്കളുടെ സങ്കല്പം?

= അക്ബര്‍ പാദുഷായുടേത്.


? ബുദ്ധിപരമായ ഹാസ്യത്തെ കാണുന്നത്?

= കോങ്കണ്ണു കൊണ്ട്.


? ബൌദ്ധികമായ ആക്ഷേപഹാസ്യം സാധാരണക്കാരന് ഏശുമോ?

= സാധാരണക്കാരനെ പാംപറ.


? വി.കെ.എന്‍-ന്‍റെ രചനകള്‍ ഉള്‍ക്കൊള്ളാന്‍ അതിനുമുമ്പ് സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും സാഹിത്യവുമൊക്കെ അറിയണമെന്ന് പറയപ്പെടുന്നുണ്ടല്ലോ. എന്താണ് പ്രതികരണം?

= കരണക്കുറ്റിക്ക്.........


? കഥകളില്‍ ഒറ്റവാക്കിലോ വാക്യത്തിലോ ഒരു കാര്യം പറഞ്ഞുപോകുന്നത് ആസ്വാദകന് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാകുമോ?

= ആവില്ലെങ്കില്‍ വേണ്ട.


? 'ഒരു ദിവസത്തെ അത്താത്തുര്‍ക്കായിട്ടെന്തുകാര്യം നങ്ങേം' (നാണ്വാര്). ഇത് ഒരു സാധാരണ വായനക്കാരില്‍ നേരെ ചെല്ലുമോ?

= ചെല്ലുന്നില്ലെങ്കില്‍ ചെല്ലുംപോലെ ചെലുത്തുക.


? ഇതേകഥയില്‍ 'കാളിദാസന്‍ പറഞ്ഞ റൂട്ടിലൂടെയല്ലാതെ കണ്ണീരുകൊണ്ട് വയര്‍ നനയ്ക്കുന്നതില്‍ കവിതയില്ല.വര്‍ഷബിന്ദു, ത്രൂ പ്രോപ്പര്‍ ചാനലിലിറങ്ങി നാഭിയില്‍ നിന്ന് പൊട്ടിത്തെറിക്കണം.' - കാളിദാസനെയും ആ സന്ദര്‍ഭത്തെയുമറിയാതെ ഇതെങ്ങനെ ഏശും?

= കാളിദാസനെ വായിച്ചശേഷം മതി വേറെ വല്ലതും വിഴുങ്ങുന്നത്.


? അവന്‍സ്, ഉഷ്ണമാപിനിയമ്മ, ഫംഗസ് നായര്‍ - ഈ പുതിയ ഭാഷ സൃഷ്ടിക്കുന്നതിനു പിന്നില്‍?

= ഉന്മാദം.


? ഇംഗ്ലീഷല്ലാതെ ഫ്രഞ്ച് ഉദ്ധരിച്ച് കാണാറില്ല. ഫ്രഞ്ചറിയാമല്ലോ. പിന്നെ?

= ഫ്രഞ്ചിലെ പണി പഥ്യമല്ല.


? താങ്കളുടെ പയ്യന്‍ വളരെ പോപ്പുലറാണല്ലോ. എന്തായിരിക്കും കാരണം?

= ജനത്തിന്‍റെ ബുദ്ധിമോശം.


? പയ്യനെ ശരിക്കും പിടികിട്ടാന്‍ ആ കഥ മുഴുവന്‍ വായിക്കണ്ടെ?

= പോലീസില്‍ പരാതിപ്പെട്ടാലും മതി.


? പയ്യനു പിന്നിലെ പ്രേരണ? മാതൃക? പ്രോത്സാഹനം?

= കുന്തം, ചുരിക, കുറുവടി.


? പയ്യന്‍ കഥകള്‍ എഴുതുമ്പോള്‍ വല്ല പ്രത്യേക അനുഭൂതിയും?

= ഒരു ഭൂതവുമില്ല.


? പയ്യന്‍ കഥകളിലെന്നപോലെ നോവലിലുള്ള പരസ്പര പൂരകത്വത്തിന് കാരണം?

= ജ്‌ജാരാ ചോദിക്കാന്‍?


? ജനറല്‍ ചാത്തന്‍സും  സര്‍ ചാത്തുവുമൊക്കെ പറഞ്ഞാല്‍ തീരാത്ത കഥയാണോ?

= അതെ.


? സര്‍ ചാത്തുവും നാണ്വാരും മറ്റും ശരിക്കുള്ളോരല്ലേ? ആരാണ്?

= വടകരയടുത്തുള്ളവരാണ്.


? മഞ്ചല്‍, ആരോഹണം, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ് - ഇതില്‍ ഏതു നോവലെഴുതുമ്പോഴാണ് താങ്കള്‍ ഏറ്റവും കൂടുതല്‍ 'പെയിന്‍' എടുത്തത്?

= പേനെടുത്തത് തല ചൊറിഞ്ഞിട്ട്.


? ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂല്യത്തകര്‍ച്ച വിഷയമാക്കുമ്പോള്‍ 'അവസ്ഥകള്‍' ചൂണ്ടിക്കാണിക്കുക മാത്രമല്ലേ താങ്കള്‍ ചെയ്യുന്നുള്ളൂ? ഒരു പോംവഴിയും നിര്‍ദ്ദേശിക്കാനില്ലേ?

= ആ വഴി ഐ.എം.എഫിന് വിട്ടുകൊടുത്തിരിക്കുകയാണ്.


? തിരിഞ്ഞുനോക്കുമ്പോള്‍ ഏതെങ്കിലും അംശത്തില്‍ ദീര്‍ഘദൃഷ്ടിയില്‍ പിഴവുപറ്റി എന്നു തോന്നിയിട്ടുണ്ടോ? ശരിയായി എന്ന അഭിമാനമുണ്ടോ?

= തിരിഞ്ഞുനോക്കാറില്ല.


? താങ്കളുടെ കൃതികള്‍ സൂക്ഷിച്ചുവായിക്കുന്ന ആര്‍ക്കും താങ്കള്‍ ഒരു വലിയ ഭക്ഷണപ്രിയനാണെന്നു തോന്നും. ഇത് ശരിയാണോ? എപ്പോഴെങ്കിലും ഭക്ഷണമില്ലായ്മയോ കഴിച്ചുകൂടായ്മയോ ഉണ്ടായിട്ടുണ്ടോ?

= ഉറക്കത്തില്‍ പെരുത്ത്.


? താങ്കളുടെ കഥാപാത്രങ്ങള്‍ക്ക് പൊതുവെ ഭോഗാസക്തി കൂടുതലാണ്. ഇതിന്ന്‍ എന്തായിരിക്കും കാരണം?

= ഷണ്ഡനായതുകൊണ്ട്.


? മാര്‍ക്ക് ട്വയിന്‍, കര്‍ട്ടു വോണ്‍ഗട്ട്, വനഫൂല്‍ ഇവരിലാരോടാണ് കൂടുതല്‍ പ്രിയം? ഇവരോടോ മറ്റാരോടെങ്കിലുമോ മമതാബന്ധം തോന്നിയിട്ടുണ്ടോ? കാരണം?

= പേരുകള്‍ കഴിഞ്ഞോ?


? ചിരിപ്പിക്കുന്ന താങ്കള്‍ക്ക് ദുഃഖങ്ങളില്ലേ?  നിശ്ശബ്ദദുഃഖങ്ങളുടെ ചിരിയാണ് താങ്കളുടെ രചനകള്‍ എന്നുപറഞ്ഞാല്‍?

= പറയുന്നവന്‍റെ ആരോഗ്യത്തിന് ഹാനികരമാണ്.


? പുതിയ തലമുറയില്‍ ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന ആരെങ്കിലും ഉള്ളതായി തോന്നിയിട്ടുണ്ടോ? പൊതുവെ യുവകഥാകൃത്തുക്കളെക്കുറിച്ച് എന്താണഭിപ്രായം?

= മറ്റു പൈങ്കിളികളെക്കുറിച്ച് ചോദിക്കരുത്.


? 'വി.കെ.എന്‍ ആരാണ്?' എന്നു ചോദിച്ചാല്‍ വരുംതലമുറ എങ്ങനെ ഉത്തരം പറയണമെന്നാഗ്രഹം?

= എന്ത് പറഞ്ഞാലും വേണ്ടില്ല.                                             

                                          

(ശ്രീ.അക്ബര്‍ കക്കട്ടില്‍, മലയാളത്തിലെ തന്‍റെ മുന്‍ഗാമികളുമായി നടത്തിയ അഭിമുഖങ്ങളടങ്ങിയ പുസ്തകമാണ് DC Books പ്രസിദ്ധീകരിച്ച സര്‍ഗ്ഗസമീക്ഷ. സാഹിത്യരംഗത്തെ 23 പ്രമുഖരുടെ അതിരസകരവും വിലയേറിയതുമായ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിലേത്. ആ പുസ്തകത്തില്‍നിന്നുമാണ് VKNനുമായുള്ള ഈ അഭിമുഖം എടുത്തിരിക്കുന്നത്.)

Saturday, January 16, 2021

കവികള്‍ക്കുപദേശം






- കുമാരനാശാന്‍ 



മലവെള്ളം പോലീയിട കവിതകള്‍

പലവക വന്നു പരന്നു കവിഞ്ഞൊരു

നിലയില്ലാതെ ചമഞ്ഞതു നമ്മുടെ

മലയാം ഭൂമിയെ മുക്കുകയല്ലേ.

അവശതയതുകൊണ്ടണയായ്വ്വാനിനി-

യവരവരളവിതു ചെയ്യണമിത്തിരി

കവികള്‍ക്കുപദേശം ചൊല്‍വതിനിതൊ-

രവസരമെന്നിഹ കരുതീടുന്നേന്‍.

മംഗളമണവതിനരുളുവതാണിതി-

ലുണ്ടൊരഹംകൃതിയോര്‍ത്തല്ലതുമ-

ല്ലാംഗലകവിയാം ഡ്രൈഡന്‍ ചൊല്ലിയ-

തങ്ങിനെതന്നെ പകര്‍ത്തുകയത്രേ.

എഴുതും കൃതികളിലൊക്കെബ്ഭാഷയില്‍

വഴിയാംവണ്ണം ദൃഷ്ടി പതിക്കുവി-

നഴകെഴുമര്‍ത്ഥം വഴി മതിപൊങ്ങിയ

പൊഴുതിലുമണുവളവതു വെടിയായ്വ്വിന്‍

പാരമൊഴുക്കുണ്ടെങ്കിലുമര്‍ത്ഥം

ചേരുന്നേറ്റവുമെങ്കിലുമിഹ കൃതി

നീരസമാമപശബ്ദം തടവുകി-

ലാരിലുമറിക വെറുപ്പുണ്ടാക്കും.

കേള്‍ക്കുന്നവരശ്ലീലമതാമൊരു

വാക്യവുമിങ്ങു സഹിക്കാ കൃതികളില്‍

വായ്ക്കും ശബ്ദാഡംബരവും വക-

വയ്ക്കായ്വ്വിന്‍ കൃത്രിമഭംഗികളും

ചൊല്ലാം ഭാരം ഭാഷാസൗഷ്ഠവ-

മില്ലാതെഴുതിവിടും കവിതകളാല്‍

ഇല്ലൊരു ഗുണവും എന്നല്ല നമുക്കതു

തെല്ലൊരു സുഖവും തരികില്ലറിവിന്‍;

ചിന്തിച്ചീടാന്‍ സമയമെടുക്കാ-

തെന്തും ദ്രുതഗതിയായെഴുതായ്വ്വിന്‍

എന്തിനു വെറുതേ ദ്രുതകവിയാവാന്‍

ചിന്തയിതതിലൊരു കഥയില്ലറിവിന്‍!


('ലീല' എഴുതിയ നോട്ട്ബുക്കില്‍ ആശാന്‍ കുറിച്ചിട്ടിരുന്ന ഒരു തുള്ളല്‍ കൃതിയാണ് 'കവികള്‍ക്കുപദേശം' എന്ന ഈ കവിത. 1912ല്‍ എഴുതിയതാണെന്ന് കരുതപ്പെടുന്ന ഇത് DC Books പ്രസിദ്ധീകരിച്ച 'ആശാന്‍റെ പദ്യകൃതികള്‍' എന്ന പുസ്തകത്തില്‍ 'ആശാന്‍റെ അറിയപ്പെടാത്ത കവിതകള്‍' എന്ന ഭാഗത്തുനിന്നുമാണ് എടുത്തിരിക്കുന്നത്. ശ്രീ.ജി.പ്രിയദര്‍ശനന്‍ ആണ് സമ്പാദകന്‍.)