Showing posts with label ഗിരീഷ്‌ പുത്തഞ്ചേരി. Show all posts
Showing posts with label ഗിരീഷ്‌ പുത്തഞ്ചേരി. Show all posts

Saturday, March 21, 2026

കാവ്യം സുഗേയം

 






- ഗിരീഷ് പുത്തഞ്ചേരി


മണ്‍പുറ്റടര്‍ന്നു മനസ്സിന്‍റെയുള്ളില്‍

കണ്‍മിഴിച്ചുണരുന്ന കവിതേ നിന്‍റെ-

യേകാന്ത യാഗാശ്രമത്തില്‍ജ്ജ്വലിക്കുന്ന

മന്ത്രമണി ദീപത്തെയര്‍ത്ഥിച്ചുണര്‍ത്തി ഞാന്‍!


രാമപാദം കാത്തുകല്ലായ്ക്കിടന്നും

ബാലരാമനുയിരിന്‍റെ ഹലമായ്പ്പുലര്‍ന്നും

കലികാലശാപമായ്, കാളിയന്‍ ചീറ്റുന്ന-

കാകോളമാവോളമൂറ്റിക്കുടിച്ചും...

നേരിന്‍റെ ജനകജയെ നെറികേടു പേടിച്ചു

കാടിന്‍റെ നടുവില്‍ക്കളഞ്ഞും...

ആര്‍ത്തയാ,യശരണയായ് നെഞ്ചത്തടിക്കുന്നൊ-

രബലയാം കൃഷ്ണയെക്കാത്തും...

മന്വന്തരങ്ങളായ് വന്നുണര്‍ത്തീലയോ

വരസിദ്ധിയാര്‍ന്ന നിന്‍ വറ്റാത്ത നിര്‍ഝരി!


ഹിമഗിരിയി,ലുടജത്തി-

ലുണരുന്നൊരുമതന്‍റെ

തരളമാം തപസ്സില്‍പ്പുലര്‍ന്നും...

ഡമരുവിലൊരു ചടുലതാളപ്രമാണമായ്

താണ്ഡവത്തീയില്‍ ദഹിച്ചും...

കുളിരുരുകുമുഷ്ണപ്രവാഹമായ് വന്നു നീ

കാളിദാസന്‍റെയും നെഞ്ചില്‍...


ഭയരഹിത വരമുദ്രയായിത്തെളിഞ്ഞു നീ

ഭരതന്‍റെ വരദയാം വിരലില്‍...

കടല്‍ നടുവില്‍ നാവികന്‍ ദിക്കറ്റുനില്‍ക്കവേ

കനിവിന്‍റെ നൌകയായ് തീര്‍ന്നു...

പ്രാചീനഗോപുരദ്വാരത്തില്‍,  നീ നിന്‍റെ

പ്രാക്തനസ്മൃതികള്‍ കുടഞ്ഞൂ!

ഗയയില്‍ നീ ബുദ്ധന്നു ബോധം പകര്‍ന്നൂ,

ഗമകമായ് രാഗം പൊതിഞ്ഞൂ...

നഗരത്തിലുയരുന്ന ചത്വരത്തില്‍ നേര്‍ത്ത

നരകപടമൂരിക്കളഞ്ഞൂ...


യുദ്ധകാണ്ഡങ്ങളില്‍, ശാന്തിസന്ദേശവും

പേറി നീ, പ്രാവായ്‌ പറന്നൂ...!

തിന വിളയുമോര്‍മ്മ തന്‍ പാതിരാപ്പാടത്തു

തേക്കുപാട്ടായിക്കുതിര്‍ന്നു!


(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ, 'ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Tuesday, August 29, 2023

ആവണിത്തിങ്കള്‍


 

 

 

- ഗിരീഷ്‌ പുത്തഞ്ചേരി

 

 

അമ്പിളിവട്ടത്തില്‍...

ആലവട്ടത്തില്‍...

അമ്പാരിച്ചന്തമോടെ...

അത്തപ്പൂച്ചമയമിണക്കി

തൃക്കാക്കര വന്നിറങ്ങീ

തിരുവോണം നാള്!

തകതരികിട ധിമിധിമിതോം

തിരുതുടിയുടെ മേളത്തില്‍

തമ്പേറിന്‍ തൃത്താളം

തകൃതത്തിമൃതത്തോം!

 

നാക്കിലയില്‍ച്ചന്ദനവും

നറുകദളിപ്പൊന്‍പഴവും

നന്നാഴിപ്പുന്നെല്ലും

പൂത്തുണര്...

പൂവട്ടി പൊലിച്ചുണര്...

പൂപ്പാട്ടിന്‍ ശ്രുതിയുണര്...

കളമെഴുതാന്‍ കൈവിരലുണര്...

കിളിമകളേ തുയിലുണര്!

 

ചിറ്റാമ്പല്‍ പൂത്തുവിണര്‍ത്തും

ചിത്തിരയുടെ പാല്‍ക്കടലാടി...

തൃക്കാക്കരയമ്പലനടയില്‍

തിരുശംഖില്‍ തീര്‍ത്ഥമൊരുങ്ങി!

മലയാളപ്പഴമകളുണര്...

മാവേലിപ്പാട്ടുകളുണര്...

നിറയോ നിറ നിറ നിറ

പൊലിയുടെ

കണിമലരേയുണരുണര്!

 

(മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു കവിത എന്നതിലപ്പുറം, പല്ലവി, അനുപല്ലവി, ചരണം എന്ന മട്ടില്‍ ഒരു ഗാനം കണക്കെയാണ് അദ്ദേഹം ആവണിത്തിങ്കള്‍ എന്ന ഈ കവിത രചിച്ചിരിക്കുന്നത്.)

Monday, May 1, 2023

പ്രണയമെഴുതുക...


 

 

 

- ഗിരീഷ്‌ പുത്തഞ്ചേരി

 

 

പ്രണയമെഴുതുക...

വിരലിന്‍റെ തൂവലാല്‍-

ക്കരളിന്‍റെ ഭിത്തിമേല്‍,

കറ കലരുമന്തരാത്മാവിന്‍റെ പാറമേല്‍!

 

മുറുകുന്ന മുജ്ജന്മബന്ധങ്ങളില്‍, നമ്മ-

ളുരുകുന്ന സൂര്യസംഗീതക്കിടക്കമേല്‍...

അന്ധമാക്കപ്പെടുന്നെന്നു തോന്നിക്കുന്ന

രതിബന്ധനത്തിന്‍റെ താളക്കുടുക്കമേല്‍...

കല്ലേറ്റു മുറിയുന്ന കാലടിപ്പൂക്കളില്‍...

കല്യാണസൌഗന്ധികത്തിന്‍ ദളങ്ങളില്‍!

 

പ്രണയമെഴുതുക...

തൂവെളിച്ചത്തിന്‍റെ-

തുടുമുഖശ്രീകളില്‍,

തുയിലുണരൂ മഹസ്സിന്‍റെയശ്വവേഗങ്ങളില്‍!

 

ഏകാന്തയാമങ്ങളിറ്റുവീഴുന്നൊരീ-

യവസാനരാവിന്‍റെയാകാശനാഭിയില്‍...

ധ്യാനിച്ചു നില്‍ക്കും നിലാവിന്‍റെ നെറ്റിമേല്‍

നാദം വിതുമ്പുന്ന നഗ്നസാരംഗിയില്‍...

കനിവാര്‍ന്നു നില്‍ക്കുന്ന, കടലാവുമോര്‍മ്മയില്‍...

കല്പാന്തമേഘം പിളര്‍ക്കുന്ന മിന്നലില്‍...!

 

പ്രണയമെഴുതുക...

വിറകൊണ്ട വിരലിനാല്‍ നീ നിന്‍റെ

വിരഹസന്താപത്തിന്‍റെ വീണാമുഖങ്ങളില്‍...

പ്രണയമെഴുതുക... പ്രണയമെഴുതുക...!

 

(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Tuesday, March 21, 2023

ഗുരുപ്രണാമം


 

 

 

 

 

 

- ഗിരീഷ് പുത്തഞ്ചേരി

 

പാടാന്‍ പാടവമുള്ളൊരാള്‍...

പരശ്ശതം ഗാനത്തിന്‍റെ ജീവതന്ത്രിയില്‍

പ്രണവം ജനിച്ചൊരാള്‍...

 

സാരസ്വതത്തിന്‍റെയഗ്നികാണ്ഡങ്ങളില്‍

സാന്ദ്രാനന്ദാവബോധം തിരഞ്ഞൊരാള്‍...

 

കര്‍മ്മമാര്‍ഗ്ഗത്തിങ്കല്‍ കരുത്തുറ്റ കവിതയുടെ

ബ്രഹ്മസാക്ഷാത്കാരം ലഭിച്ചൊരാള്‍...

 

ദിഗ്ഭ്രമം ബാധിക്കും മനസ്സിന്‍റെയിരുളാര്‍ന്നൊ-

രഭ്രപാളിയില്‍ച്ചിത്രം വരച്ചൊരാള്‍...

 

സന്ധ്യാംബരച്ചെരുവില്‍ നില്‍ക്കുമ്പോഴും

സാധനയുടെ സാഗരത്തിരയ്ക്കുമേല്‍

സപ്തതിനിലാവുദിപ്പിച്ചൊരാള്‍...

 

ഏതോ പൂര്‍വ്വബന്ധത്താലെന്നെ

കവിതയുടെ ഗണിതം പഠിപ്പിച്ചൊരാള്‍...

ആ കര്‍മ്മയോഗിയുടെ കാല്‍ക്കലെന്‍ സാഷ്ടാംഗപ്രണാമം!

 

(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്‌. അതുല്യകവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരിയുടെ സപ്തതിയാഘോഷ സ്മരണയ്ക്ക് എഴുതിയ കവിതയാണ് ഇത്.)

Thursday, February 10, 2022

ദലമര്‍മ്മരങ്ങള്‍

 







- ഗിരീഷ് പുത്തഞ്ചേരി 



പാടുന്നൂ വിഷുപ്പക്ഷികള്‍, മെല്ലെ

മേടസംക്രമസന്ധ്യയില്‍...

ഒന്നു പൂക്കാന്‍ മറന്നേപോയൊരു

കൊന്നതന്‍ കുളിര്‍ച്ചില്ലമേല്‍...


കാറ്റു തൊട്ടുവിളിച്ചു മെല്ലെ നിന്‍

കാതിലോരോന്നു ചൊല്ലവെ...

കേട്ടുവോ, നിന്‍റെ ബാല്യകാലത്തിന്‍

കാല്‍ച്ചിലമ്പിലെ മര്‍മ്മരം...


മാവുപൂത്ത തൊടികളും, മുറ്റ-

ത്താദ്യം പൂവിട്ട മുല്ലയും...

ആറ്റുതീരത്തിലഞ്ഞിക്കാവിലെ

ആര്‍ദ്രമാം ശംഖനാദവും...


നന്മ തോറ്റുവാനെത്തും പാണന്‍റെ

നന്തുണിപ്പാട്ടിന്നീണവും...

ഒറ്റത്താമര മാത്രം പൂവിടും

പുണ്യകാലപ്പുലരിയും...


രാത്രിയില്‍, മുളംകാട്ടില്‍ നിന്നാരോ-

മൂളും, ഹിന്ദോളരാഗവും...

സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍

സത്യത്തില്‍, മുന്നില്‍ നില്‍പ്പതും...


ഏതോ ലജ്ജയാല്‍, നീ മുഖം, തുടു-

ത്താകെ വാടിത്തളര്‍ന്നതും...

ഓര്‍മ്മകള്‍, മഞ്ഞുപാളികള്‍ മാറ്റി

ഇന്നും നിന്നെ വിളിക്കവേ...

സ്നേഹസാന്ദ്രമായ് പൂക്കുന്നു, നീയീ

പാഴ്ത്തൊടിയിലെ കൊന്നപോല്‍...


(ശ്രീ. V K പ്രകാശ്‌ സംവിധാനം നിര്‍വഹിച്ച്, 2000ല്‍ പുറത്തിറങ്ങിയ പുനരധിവാസം എന്ന ചിത്രത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംഗീതം നല്‍കി ആലപിച്ചത് ശ്രീ. G വേണുഗോപാല്‍ ആണ്. അദ്ദേഹവും മകന്‍, അരവിന്ദ് വേണുഗോപാലും ചേര്‍ന്ന് ഈ കവിത (ഗാനം) ആലപിക്കുന്ന മറ്റൊരു വേര്‍ഷന്‍ ഇവിടെ ആസ്വദിക്കാം.)

Thursday, February 11, 2021

നിള






 

- ഗിരീഷ്‌ പുത്തഞ്ചേരി



അമ്മേ... നിളേ... 

നിനക്കെന്തുപറ്റി?

മനസ്സിന്‍റെ-

ജാലകക്കാഴ്ചകള്‍ മങ്ങി...

കണ്ണുനീര്‍ വറ്റി...

പൊള്ളുന്ന നെറ്റിമേല്‍

കാലം തൊടീച്ചതാം

ചന്ദനപ്പൊട്ടിന്‍റെ-

യീര്‍പ്പവും മാഞ്ഞു...


ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ

നവയൌവനം, പൂത്ത

പാരിജാതം പോലെ

ഋതുശോഭയാര്‍ന്നതും...

പാലില്‍ക്കുടഞ്ഞിട്ട

തങ്കഭസ്മം പോലെ

പാരം വിശുദ്ധയായ്

നീ പുഞ്ചിരിച്ചതും...


കളിവിളക്കിന്‍റെ

പൊന്‍നാളത്തിനരികത്തു

ശലഭജന്മംപോലെ-

യാടിത്തിമിര്‍ത്തതും...


രാത്രികാലങ്ങളില്‍-

ച്ചാറും നിലാവിന്‍റെ

നീരവശ്രുതിയേറ്റു

പാടിത്തുടിച്ചതും...


ഓര്‍മ്മയുണ്ടോ നിന-

ക്കന്നത്തെ മിഥുനവും

തുടിമുഴക്കും തുലാ-

വര്‍ഷപ്പകര്‍ച്ചയും...


കൈയിലൊരു മിന്നലിടി-

വാളുമായലറി നീ

കുരുതിക്കു മഞ്ഞളും

നൂറും കലക്കി നീ...


തടമറ്റ വിടപങ്ങള്‍

കടപുഴകി വീഴവേ

സംഹാരരുദ്രയാ-

യെങ്ങോ കുതിച്ചു നീ...


വേനല്‍ക്കാറ്റു-

പാളുന്നു പന്തം പോല്‍...

ഉടയാടയ്ക്കു

തീ പിടിച്ചപോ-

ലെരിയുന്നൂ പകല്‍...


അന്തിമങ്ങുന്നു ദൂരെ

ചെങ്കനലാവുന്നു സൂര്യന്‍...

എന്തിനെന്നമ്മേ നീ നിന്‍

അന്ധമാം മിഴി നീട്ടി-

ക്കൂട്ടിവായിക്കുന്നൂ, ഗാഢ

ശോകരാമായണം?


വരാതിരിക്കില്ല

നിന്‍മകന്‍ രഘുരാമന്‍...

പതിനാലു സംവത്സരം വെന്ത

വനവാസം തീരാറായി!



(മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍' എന്ന കൃതിയില്‍ നിന്നുമാണ് ഈ കവിത എടുത്തിരിക്കുന്നത്.)

ശ്രീ.ഷാജികൈലാസ് സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന സിനിമയുടെ തുടക്കത്തില്‍ ടൈറ്റില്‍സ് കാണിക്കുമ്പോള്‍ ഈ കവിത കേള്‍ക്കാം, ശ്രീ.എം.ജി.രാധാകൃഷ്ണന്‍റെ സംഗീതത്തില്‍, ശ്രീ,കെ.ജെ,യേശുദാസിന്‍റെ ശബ്ദത്തില്‍. എന്നാല്‍ അതില്‍ ചിലയിടങ്ങളില്‍ ചില വാക്കുകള്‍ മാറ്റിയിട്ടുണ്ട്. 

കേള്‍ക്കാം ആ ഗാനം ഇവിടെ

ശ്രീ. എം.ജി.ശ്രീകുമാറിന്‍റെ ശബ്ദത്തിലും അതേ ഗാനം കേള്‍ക്കാം, ഇവിടെ.