Wednesday, August 31, 2022

ആനന്ദജീവിതം










- ഹെന്‍റി ഹൊവാഡ്, ഏള്‍ ഓഫ് സറി



ആനന്ദ ജീവിതം നേടാന്‍ സഹായക-

മായ കാര്യങ്ങളിവയാണെന്‍ സ്നേഹിതാ:

അത്തലില്ലാതെ ലഭിച്ച സ്വത്തും, ഫല-

വത്തായ ഭൂമിയും, ശാന്തചിത്തവുമേ;


തുല്യനാം ചങ്ങാതി; പോര്, പകയില്ല;

ഇല്ലാധിപത്യം, നിയമാനുവര്‍ത്തിത്വം;

വ്യാധിയില്ലാത്ത സുഖാവഹജീവിതം;

എന്നും തുടര്‍ന്നുപോം വീടും കുടിയുമേ.


സ്വാദിഷ്ഠമല്ലാത്ത സാമാന്യഭക്ഷണം;

ലാളിത്യമൊത്തുചേര്‍ന്നുള്ള വിജ്ഞാനവും;

ഉത്കണ്ഠയില്ലാത്ത രാത്രിയും, വീഞ്ഞിനാല്‍

വിക്ലിഷ്ടമാകാതെയുള്ള സംബുദ്ധിയും;


ദുസ്തര്‍ക്കമില്ലാത്ത വിശ്വസ്തപത്നിയും,

നക്തം സുഖപ്രദമാക്കും സുഷുപ്തിയും;

സംതൃപ്തിയെന്നും സ്വവസ്തുവകകളില്‍;

മൃത്യുവിന്നാശയോ ഇല്ല ആശങ്കയോ.



                                        

(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ആംഗലേയ കാവ്യലോകം എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ആംഗലേയ കവിതകള്‍ സമാഹരിച്ച് ഈ മലയാള വിവര്‍ത്തനം നടത്തിയത് ശ്രീ.പി കെ ആര്‍ നായര്‍ ആണ്.)    

Tuesday, August 30, 2022

തുറന്ന ജാലകം








- അനാ ബ്ലാദിയാന


     കഴിഞ്ഞുപോയ ആ ദിനങ്ങളില്‍, ചിത്രകാരന്മാര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോഴൊക്കെ, ജയിലിനുള്ളിലേക്ക് അവരുടെ ചായങ്ങളും ബ്രഷുകളും കൊണ്ടുപോകുവാന്‍ അധികാരികള്‍ അവരെ അനുവദിക്കാറുണ്ടായിരുന്നു. ഗോപുരത്തിന് മുകളിലുള്ള ഇരുണ്ട അറയില്‍ പ്രവേശിക്കുമ്പോള്‍, തടവിലാക്കപ്പെട്ട ചിത്രകാരന് ആദ്യമായി തോന്നിയ വിചാരമെന്താണെന്നോ....? ചുമരുകളിലൊന്നില്‍ ഒരു ജാലകത്തിന്‍റെ ചിത്രം വരയ്ക്കുക.

     ഒട്ടും താമസിയാതെ അയാളതില്‍ മുഴുകുകയും ചെയ്തു. തെളിഞ്ഞ നീലാകാശം വളരെ വ്യക്തമായി കാണാവുന്ന ഒരു തുറന്ന ജാലകമായിരുന്നു അത്. തടവറക്കുള്‍ഭാഗം കൂടുതല്‍ പ്രകാശമാനമായിത്തീര്‍ന്നു. അതിനടുത്ത ദിവസം പ്രഭാതത്തില്‍, റൊട്ടിയും ജലവുമായി കടന്നുവരുമ്പോള്‍, പെയിന്‍റ് ചെയ്ത ജാലകത്തിലൂടെ വന്നിരുന്ന പ്രകാശത്തിന്‍റെ തീക്ഷണതയാല്‍ ജയിലര്‍ക്ക് കണ്ണുകള്‍ അടയ്ക്കേണ്ടതായി വന്നു.

     "ഇവിടെ എന്താണ് നടന്നു കൊണ്ടിരിക്കുന്നത്...?" - ഭയത്തോടെ ആക്രോശിച്ചുകൊണ്ട് അയാള്‍ ജാലകപ്പാളികള്‍ വലിച്ചടയ്ക്കുവാന്‍ മുന്നോട്ടാഞ്ഞു. പക്ഷെ ഭിത്തിയില്‍ തലയിടിച്ച് അയാള്‍ താഴെ വീണുവെന്നതല്ലാതെ മറ്റൊന്നുംതന്നെ സംഭവിച്ചില്ല.

     "ഞാനൊരു ജാലകം തുറന്നിട്ടു." - ഒട്ടും നിയന്ത്രണം വിടാതെ ചിത്രകാരന്‍ പറഞ്ഞു - "ഇവിടെ വല്ലാത്ത ഇരുട്ടായിരുന്നു."

     ജയിലര്‍ ഇതുകേട്ട് പൊട്ടിച്ചിരിച്ചു. താന്‍ അപമാനിതനായി എന്ന ബോധം മറയ്ക്കുവാന്‍ വേണ്ടിയാണ് അയാള്‍ അങ്ങനെ ചെയ്തത്. സ്വയം അയാള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ നീറിയെരിയുകയും ചെയ്തു.

     പിന്നീടയാള്‍ ചിത്രകാരനെ നോക്കി കളിയാക്കുവാന്‍ തുടങ്ങി.

     "നിങ്ങളൊരു ജാലകം തുറന്നിരിക്കുന്നു അല്ലേ...! നിങ്ങളൊരു ജാലകം ചിത്രീകരിച്ചിരിക്കുകയാണ്. നീയൊരു വിഡ്ഢി തന്നെ.... ഇതൊരു യാഥാര്‍ത്ഥ്യമല്ല. അതൊരു ജാലകമാണെന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കുന്നു, അത്രമാത്രം."

     അക്ഷോഭ്യനായി ചിത്രകാരന്‍ തുടര്‍ന്നു: "ഈ തടവറയ്ക്കുള്ളില്‍ പ്രകാശം വേണമെന്നേ എനിക്കുണ്ടായിരുന്നുള്ളു. അത് ഞാന്‍ നിര്‍വഹിക്കുകയും ചെയ്തു. എന്‍റെ ജാലകത്തിലൂടെ നോക്കൂ... ആകാശം കാണാന്‍ കഴിയും. നിങ്ങള്‍ കടന്നുവരുമ്പോള്‍, ഓര്‍ക്കുന്നില്ലേ, നിങ്ങള്‍ക്ക് കണ്ണുകള്‍ പ്രകാശകിരണങ്ങള്‍ക്കുമുമ്പില്‍ അടച്ചുപിടിക്കേണ്ടി വന്നു."

     ഇത്തവണ ജയിലര്‍ വല്ലാതെ ക്ഷുഭിതനായി : "നിങ്ങള്‍ എന്നെ കബളിപ്പിക്കാന്‍ നോക്കുകയാണ് അല്ലേ? ഈ ഗോപുരത്തിന് ജാലകങ്ങള്‍ ഒന്നും തന്നെയില്ല. ഇവിടേക്ക് കടന്നുവരുന്നവന്‍ ആരാണെങ്കിലും വീണ്ടും വെളിച്ചം കാണുന്നതിനായി അയാള്‍ ജീവിച്ചെന്നുവരില്ല. ഇത് സത്യം മാത്രം."

     "എന്നിട്ടും പകല്‍വെട്ടം എന്‍റെ ഈ അറയ്ക്കുള്ളിലേക്ക് തുറന്ന ജാലകത്തിലൂടെ പ്രവഹിക്കുകയാണ്." - ചിത്രകാരന്‍ പറഞ്ഞു.

     "ഓ..അതെ.. അതെ.." - ജയിലര്‍ അയാളെ കളിയാക്കി പറഞ്ഞു - "അങ്ങനെയാണെങ്കില്‍ നിനക്കെന്തുകൊണ്ട് രക്ഷപ്പെട്ടുകൂടാ? ആ രീതിയില്‍ നിങ്ങളുടെ ജാലകം ഒരു യാഥാര്‍ത്ഥ്യമാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാമല്ലോ."

     ചിത്രകാരന്‍ അല്‍പനേരം അയാളെ ഒന്ന് നിരീക്ഷിച്ചതിനുശേഷം ചുമരിനുനേര്‍ക്ക് രണ്ടുമൂന്നു കാലടികള്‍ വച്ചു.

     അവസാനം ജാലകത്തിലൂടെ അയാള്‍ പുറത്തേക്കുചാടി.

     "നില്‍ക്കൂ" - ജയിലര്‍ അവന്‍റെ പിന്നാലെ പാഞ്ഞുചെന്നു. എങ്ങനെയും അവനെ തടയണമേന്നേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. പക്ഷെ വീണ്ടുമയാളുടെ ശിരസ്സ് ചുമരില്‍ തട്ടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

     "ജാഗ്രത...അവന്‍ രക്ഷപ്പെട്ടിരിക്കുന്നു." - അയാള്‍ ഉച്ചത്തില്‍ അലറിവിളിക്കാന്‍ തുടങ്ങി.

     അന്തരീക്ഷത്തിലൂടെ ചിത്രകാരന്‍റെ ശരീരം അതിവേഗം കടന്നുപോകുമ്പോഴും അയാള്‍ ആക്രോശിച്ചുകൊണ്ടിരുന്നു.

     അവസാനം ഗോപുരത്തിനുതാഴെ കല്‍പ്പാളിയില്‍ അത് വീഴുന്നതുവരെ ആ നില തുടര്‍ന്നു.


(റുമേനിയന്‍ സാഹിത്യകാരിയായ അനാ ബ്ലാദിയാന രചിച്ച്, 1990ല്‍ പ്രസിദ്ധീകരിച്ച THE OPEN WINDOW എന്ന കഥയുടെ ഈ വിവര്‍ത്തനം നടത്തിയിരിക്കുന്നത് വൈക്കം മുരളി ആണ്. SIGN BOOKS പുറത്തിറക്കിയ ലോകകഥകളുടെ ലഘുസമാഹാരമായ തുറന്ന ജാലകം എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്.)