Monday, March 29, 2010

ആനന്ദധാര

- ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചൂടാതെ പോയ്‌ നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍...
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍...
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.

Tuesday, March 9, 2010

കുഷ്ഠരോഗി

- മാധവിക്കുട്ടി

തന്‍റെ ജനലിനരികെനിന്നുകൊണ്ട് ചന്ദ്രന്‍ ചുവട്ടിലേക്കു നോക്കി.ആ കുഗ്രാമത്തിലെ ചെറിയ പള്ളിക്കൂടം വിട്ടു വീട്ടിലേക്കു മടങ്ങിപ്പോകുന്ന ഒരു കൂട്ടം ബാലികാബാലകന്‍മാര്‍ ആ വഴിയെ പോയിരുന്നു.ദാരിദ്രരെങ്കിലും ആരോഗ്യവാന്‍മാരായ അവരെ നോക്കി അവനൊരു നെടുവീര്‍പ്പിട്ടു."ഈശ്വരാ!എന്നെ അവരെപ്പോലെ ആക്കണേ!" കരളലിയിക്കുന്ന ഒരു പ്രാര്‍ത്ഥന ആ പിഞ്ചുഹൃദയത്തില്‍നിന്നുയര്‍ന്നു.

തന്‍റെ രോഗശയ്യയില്‍ ചെന്നുകിടന്ന് ചന്ദ്രന്‍ ചുറ്റുപാടും നോക്കി.അസ്തമനസൂര്യരശ്മികള്‍ അവന്‍റെ കിടപ്പുമുറിയുടെ ചുമരിന്‍മേല്‍ ചാഞ്ചാടിക്കൊണ്ടിരുന്നു.

ചന്ദ്രന്‍ കേവലം പത്തു വയസ്സുമാത്രം ചെന്ന ഒരു കുഷ്ഠരോഗിയായിരുന്നു.

അവന്‍റെ മുറിയില്‍ ക്രമേണ ഇരുട്ടുവ്യാപിച്ചു.ജനാലയില്‍ക്കൂടിവന്ന ഒരു മന്ദമാരുതന്‍ ഉറങ്ങിക്കിടന്ന ആ ബാലന്‍റെ ചുരുണ്ട തലമുടിയെ പറപ്പിച്ചു.ആ ഭയങ്കര വ്യാധി കവര്‍ന്നുതിന്ന അവന്‍റെ കൈകാല്‍കളില്‍ കെട്ടിയിരുന്ന വെളുത്ത കെട്ടുകള്‍ നിലാവെളിച്ചത്തില്‍ തിളങ്ങി.

പ്രഭാതസൂര്യന്‍റെ രശ്മികള്‍ അവന്‍റെ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് ചന്ദ്രന്‍ കണ്ണുതുറന്നത്.മരുന്നുവച്ചുകെട്ടിക്കൊണ്ടിരുന്ന തന്‍റെ നേഴ്സിന്‍റെ ശബ്ദമാണ് അവനെ ഉണര്‍ത്തിയത്.ആ സ്ത്രീ തന്നെത്താന്‍ പിറുപിറുത്തു:"പഴുപ്പ് കേറുന്നു."

പതിവുപോലെ,സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കിക്കൊണ്ട്‌ ചന്ദ്രന്‍ ജനാലയുടെ അരികെ ചെന്നിരുന്നു.ഒരുകെട്ടു പുസ്തകവും സ്ലേറ്റും കക്ഷത്തു കൂട്ടിപ്പിടിച്ചുകൊണ്ടുപോയിരുന്ന ഒരു ദരിദ്രബാലന്‍ ആ വഴിയെ വന്നു."എങ്ങട്ടാ പോണ്?" ചന്ദ്രന്‍ ചോദിച്ചു.

"സ്കൂളില്‍യ്ക്ക്." ആ കുട്ടി ഗര്‍വ്വോടെ പറഞ്ഞു.ഒരു സ്നേഹിതനെ കിട്ടിയപ്പോഴുണ്ടായ സന്തോഷത്തോടുകൂടി ചന്ദ്രന്‍ ചോദിച്ചു:

"എന്താ പേര്?"

"കൃഷ്ണന്‍കുട്ടി."

അവന്‍ ജനാലയുടെ ചുവട്ടിലുള്ള പുല്ലില്‍ ഇരുന്നു.ചന്ദ്രന്‍ തന്‍റെ മുഖം ജനാലയുടെ ഇരുമ്പഴികളോടടുപ്പിച്ചു.അവര്‍ ചിരിച്ചു.

"താന്‍ സ്കൂളിലൊന്നും പൂവാറില്യേ?" കൃഷ്ണന്‍കുട്ടി ചോദിച്ചു.

"ഇല്ല." ചന്ദ്രന്‍ വിഷാദത്തോടെ പറഞ്ഞു.ഹൃദയം നീറ്റുന്ന ചിന്തകള്‍ അവന്‍റെ കൊച്ചുഹൃദയത്തില്‍ക്കൂടി പാഞ്ഞുപോയി.

പതിവായി കൃഷ്ണന്‍കുട്ടി സ്കൂള്‍വിട്ടു മടങ്ങിവരുന്നതും കാത്തു ചന്ദ്രന്‍ ജനാലയ്ക്കരികെ ചെന്നിരിക്കും.സ്കൂള്‍വിട്ടു ക്ഷീണിച്ചു മടങ്ങിയെത്തുന്ന കൃഷ്ണന്‍കുട്ടി ആ പുല്ലില്‍ ഇരുന്ന് അന്ന് സ്കൂളില്‍വച്ചുണ്ടായ സംഭവങ്ങള്‍ മുഴുവന്‍ പറയും.മാസ്റ്റര്‍മാരുടെ ചൂരലിന്‍റെയും വിഷമംപിടിച്ച കണക്കിന്‍റെയും മറ്റും ഓരോ വര്‍ത്തമാനം.തനിക്കു കിട്ടിയ ചൂരല്‍പ്രഹരത്തിന്‍റെയും ശകാരവര്‍ഷത്തിന്‍റെയും വര്‍ത്തമാനങ്ങള്‍ അവന്‍ തന്‍റെ സ്നേഹിതനോട് വിവരിച്ചു പറഞ്ഞുകൊടുക്കും.ചന്ദ്രന്‍റെ സഹതാപം കലര്‍ന്ന ആ വരണ്ട പുഞ്ചിരി അവന്‍റെ മനസ്സിനു ധൈര്യം കൊടുത്തിരുന്നു.

ദിവസങ്ങള്‍ നീങ്ങി.കൃഷ്ണന്‍കുട്ടി ചന്ദ്രനെ അതിരറ്റു സ്നേഹിച്ചു.ചന്ദ്രന്‍റെ കൈയ്യിന്‍മേലുള്ള കെട്ടുകള്‍ അവന്‍ കാണാറുണ്ടായിരുന്നു.അതെന്താണെന്ന് അവന്‍ ചോദിച്ചില്ല.തന്‍റെ സ്നേഹിതന്‍ എന്തോ വലിയ വേദന അനുഭവിക്കുന്നുണ്ടെന്ന് അവനറിഞ്ഞിരുന്നു.പക്ഷെ,ചന്ദ്രന് കുഷ്ഠരോഗമാണെന്നവന്‍ മനസ്സിലാക്കിയിരുന്നില്ല.

പതിവുപോലെ ഒരുദിവസം ചന്ദ്രനെ കണ്ടു വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോള്‍ കൃഷ്ണന്‍കുട്ടി കുപിതയായ തന്‍റെ അമ്മയെയാണ് കണ്ടത്.ആ സ്ത്രീ അവനെ നോക്കി ഗര്‍ജ്ജിച്ചു:"എടാ!നീയ്യ്‌ ആ കുഷ്ഠം പിടിച്ച കുട്ടിയുടെ വീട്ടില്‍യ്ക്കായിരുന്നു പോയിരുന്നത്;അല്ലേ?കുഷ്ഠരോഗം പകരണതാ.അതു മനസ്സിലാക്കിക്കോ!ഇനീ നീയ്യവിടെയെങ്ങാനും പോയിട്ടുണ്ടെങ്കില്‍ ഞാന്‍ നിന്‍റെ തോലിയൂരും.നോക്കിക്കോ!" കൃഷ്ണന്‍കുട്ടി അമ്പരന്നു.

അവന്‍ തന്‍റെ മിത്രത്തിനു പകര്‍ച്ച വ്യാധിയുണ്ടെന്നു മനസ്സിലാക്കിയിരുന്നില്ല.ആ വെളുത്ത കെട്ടുകള്‍ അവനോര്‍മ്മവന്നു.

പാവം!ചന്ദ്രന്‍ തന്നെ കാണാതെ എത്ര വ്യസനിക്കുമെന്നോര്‍ത്തപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു.ആ മൈത്രീബന്ധത്തിന്‍റെ
ഏകചിഹ്നം!കുഷ്ഠം!അതു ഭയങ്കരമാണ്.കൃഷ്ണന്‍കുട്ടിക്കു ഭയം വര്‍ദ്ധിച്ചു.അവന്‍ ഇനിമേലില്‍ ആ വഴിയില്‍ക്കൂടെ പോവില്ലെന്നു തീര്‍ച്ചയാക്കി.

ആ വിദ്യാലയത്തിലെ ഘടികാരം നാലടിച്ചു.ചന്ദ്രന്‍ ജനാലയഴിയും പിടിച്ചുകൊണ്ടു ചുവട്ടിലേക്കു നോക്കി.കൃഷ്ണന്‍കുട്ടി ആ വഴിയില്‍ക്കൂടി വരുന്നുണ്ട്.അവന്‍റെ തലമുടി കാറ്റത്തു പറന്നിരുന്നു.അവന്‍ ജനാലയുടെ ചുവട്ടിലെത്തിയപ്പോള്‍ മുകളിലേക്കു നോക്കി.ചന്ദ്രന്‍ അവനെ നോക്കി ചിരിച്ചു.കൃഷ്ണന്‍കുട്ടി നിന്നില്ല.അവന്‍ പുസ്തകങ്ങളും കൂട്ടിപ്പിടിച്ചു വേഗത്തില്‍ നടന്നുതുടങ്ങി. പതിവില്ലാതെ ഈ നടത്തം കണ്ടിട്ട് ചന്ദ്രന്‍ ചോദിച്ചു.

"എന്താ,കൃഷ്ണന്‍കുട്ടീ,ഒന്ന് നില്‍ക്കാത്തത്?"

കൃഷ്ണന്‍കുട്ടി തിരിഞ്ഞു നോക്കി.അവനു ചന്ദ്രനോടു ദയ തോന്നി.പക്ഷെ,ആ ഭയങ്കര വ്യാധി ഓര്‍ത്തപ്പോള്‍ ഭയം മുന്നിട്ടുനിന്നു.അവനു വ്യസനത്താല്‍ മിണ്ടുവാന്‍ കഴിഞ്ഞില്ല.ഒരു മൂകനെപ്പോലെ അവന്‍ മുമ്പോട്ടു നീങ്ങി.

ചന്ദ്രന്‍റെ മുഖം വാടി.അവന്‍റെ ശരീരമൊന്നു വിറച്ചു.കൃഷ്ണന്‍കുട്ടിക്ക് തന്‍റെ രോഗം എന്തെന്നു മനസ്സിലായിരിക്കുന്നുവെന്നുള്ളത് അവനു ബോദ്ധ്യമായി.ജനാലയഴി മുറുക്കിപ്പിടിച്ചുകൊണ്ട് അവന്‍ നിസ്സഹായനെപ്പോലെ നിന്ന്.അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.കൃഷ്ണന്‍കുട്ടി ഇടയ്ക്കിടയ്ക്കു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.ഒരു നെടുവീര്‍പ്പോടെ അവന്‍ കിടക്കയ്ക്കുമേല്‍ ചെന്നുവീണു.

ചന്ദ്രന്‍റെ രോഗം വര്‍ദ്ധിച്ചുവന്നു.കൈകാല്‍കള്‍ വീര്‍ത്തുപൊട്ടി.കടുത്ത നൈരാശ്യം അവന്‍റെ മുഖത്തു നിഴലിച്ചിരുന്നു.

ഒരു കുളിര്‍കാറ്റ് അവന്‍റെ മുഖത്തു വീശി.അവനു കലശലായ വേദന തോന്നി.തന്‍റെ ചുറ്റുപാടും അനവധി ആളുകള്‍ നിന്നിരുന്നു.ചന്ദ്രന്‍ അവരെ തിരിച്ചറിഞ്ഞില്ല.എന്തോ ഒരു മൂടല്‍ അവന്‍റെ ചുറ്റും വ്യാപിക്കുന്നതായി അവനു തോന്നി.ജനല്‍വാതിലിലൂടെ വന്ന ഒരു കാറ്റ് അവിടെയുണ്ടായിരുന്ന ഒരു വിളക്കു കെടുത്തി.തന്‍റെ ചുറ്റുമുള്ളവര്‍ പിറുപിറുക്കുന്നുണ്ടെന്ന് ചന്ദ്രനു മനസ്സിലായി.

കൃഷ്ണന്‍കുട്ടിയുടെ മുഖം അവന്‍റെ കണ്ണിന്‍റെ മുമ്പില്‍ അവ്യക്തമായി നിഴലാടി.തൊണ്ടയിടറിക്കൊണ്ട് അവന്‍ വിളിച്ചു:"കൃഷ്ണന്‍കുട്ടീ,താനിനി വരില്ലേ?"

അവന്‍റെ കണ്ണുകള്‍ അടഞ്ഞു.ഒരു കാലന്‍കോഴി ശബ്ദിച്ചു.ആ ഭയങ്കരവ്യാധി കാര്‍ന്നുതിന്ന അവന്‍റെ കരിവാളിച്ച കൈകാലുകള്‍ നിലാവെളിച്ചത്തില്‍ ഭയങ്കരമാംവണ്ണം ഒന്നു തിളങ്ങി.

അവന്‍റെ മുഖം വിളര്‍ത്തിരുന്നു.

പതിവുപോലെ അസ്തമനസൂര്യന്‍റെ രശ്മികള്‍ ആ ചുമരിന്‍മേല്‍ തട്ടി ചാഞ്ചാടി.ആ മുറി ശൂന്യമായിരുന്നു.

(മാധവിക്കുടിയുടെ രണ്ടാമത്തെ കഥ.1946 നവംബര്‍ 10-ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

Monday, March 1, 2010

അവളുടെ വിധി

 - മാധവിക്കുട്ടി

'കുട്ടീ കരയാതിരിക്കൂ' അവള്‍ തന്‍റെ മടിയില്‍ കിടക്കുന്ന പൈതലിനെ തലോടിക്കൊണ്ടു പറഞ്ഞു. ആ ചെറിയ പൈതല്‍ തന്‍റെ അമ്മയുടെ അനുലംഘ്യമായ ശാസനയെ അനുസരിച്ചു എന്ന ഭാവത്തില്‍ കരച്ചില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു :
"എനിക്ക് അച്ഛനുണ്ട് എന്ന് അമ്മ പറഞ്ഞുവല്ലോ. അച്ഛനെവിടെയാണ്!എനിക്ക് കാണണം,അമ്മേ!" 

അവള്‍ തേങ്ങിക്കരഞ്ഞു കൊണ്ടുപറഞ്ഞു: "അച്ഛന്‍...അദ്ദേഹം മരി...."
ഈ വാചകം പൂര്‍ത്തിയാവുന്നതിനു മുമ്പ് അവള്‍ വിലപിച്ചു തുടങ്ങി. ബാല്യകാലം മുഴുവന്‍ ഒരു പ്രഭുകുമാരിയായി വളര്‍ന്ന സുമുഖി(അതായിരുന്നു അവളുടെ പേര്) ഇപ്പോള്‍ ഇതാ ദാരിദ്ര്യത്തിന്‍റെ അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

ബാല്യകാലത്ത്‌ സ്കൂളില്‍ പഠിക്കുവാന്‍ സുമുഖിയെ(അവരുടെ ഏകപുത്രിയെ) അവളുടെ അച്ഛനമ്മമാര്‍ അയച്ചിരുന്നു. അത്യധികം ലാളിച്ചു വളര്‍ത്തിയ തങ്ങളുടെ പുത്രി സ്കൂളുകള്‍, കോളജുകള്‍ ഇവയിലെല്ലാം പഠിച്ചു വിദുഷിയായി ഒരു ധനവാനായ പ്രഭുകുമാരനെ കല്യാണംകഴിച്ചു സുഖമായി താമസിക്കണമെന്നായിരുന്നു അവളുടെ അച്ഛനമ്മമാരുടെ ആശ. എന്നാല്‍ അവരുടെ ആഗ്രഹം നിഷ്ഫലമായിത്തന്നെ ഭവിച്ചു. സുമുഖിക്ക് 12 വയസ്സായപ്പോള്‍(ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍) വിദ്യാലയത്തിലുള്ള ഒരു ദരിദ്രബാലനില്‍ അവള്‍ക്ക് അനുരാഗവിത്ത് മുളച്ചു. ഇങ്ങനെ അവനെ എനിക്ക് ഇഷ്ടമാണെന്ന് അച്ഛനമ്മമാരോട് ഒട്ടു പറഞ്ഞതുമില്ല.

മകരമാസത്തില്‍ രമണീയമായ ഒരു സമയം. ഉച്ച തിരിഞ്ഞിരിക്കുന്നു. അന്ന് സ്കൂളില്‍ ഒരു നാടകമായിരുന്നു. രാത്രിയായിരുന്നു ആ വിശേഷം. സുമുഖിയും അതിനു പോയിരുന്നു. ആ ദിവസം അവള്‍ നല്ല വില്ലീസുസാരിയും മറ്റും ധരിച്ച് നിബിഡമായ കേശത്തില്‍ വിരിഞ്ഞുതുടങ്ങുന്ന റോജാപ്പൂ കുത്തി പൂര്‍ണചന്ദ്രനെപ്പോലെ സ്കൂളിലേക്ക് ചെന്നു. അന്ന് അവള്‍ എന്തുകൊണ്ടാണ് അത്ര സന്തോഷമായിരിക്കുന്നത് എന്നു മറ്റു സഖിമാര്‍ വിചാരിച്ചു. രാത്രി പതിനൊന്നരമണി സമയം.സുമുഖി പഠിക്കുന്ന സ്കൂളില്‍ നാടകത്തിന്‍റെ ഘോഷംതന്നെയായിരുന്നു.ചെറിയ കുട്ടികള്‍ ചിലര്‍ കൈകൊട്ടിച്ചിരിക്കുകയും മറ്റും ചെയ്തിരുന്നു. കാറ്റത്താടിക്കളിക്കുന്ന വൃക്ഷങ്ങളുടെ ഇലകള്‍ 'കിലകിലാ' എന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നു.

കടലിന്‍റെ ഭയങ്കരമായ ഗര്‍ജ്ജനം അകലെ നിന്ന് കേള്‍ക്കുന്നുണ്ട്. ആ സമയത്ത് സുമുഖി ആശാസ്യന്‍റെ(ആ ദരിദ്രബാലന്‍) ഒരുമിച്ചു തന്‍റെ നാടു വിട്ടു ചാടിപ്പോയി. അന്യരാജ്യത്ത് അവര്‍ വിവാഹം ചെയ്തു കഴിച്ചുകൂട്ടി. സ്കൂളില്‍ അപ്പോഴേക്കും ബഹളമായിത്തീര്‍ന്നു.
'സുമുഖിയെ കാണാനില്ല' ഈ ശബ്ദം അവിടെ മാറ്റൊലിക്കൊണ്ടു. നാടകം നിന്നു. അപ്പോഴേക്കും ഒരു കുട്ടി 'ആശാസ്യനേയും കാണാനില്ല' എന്നുപറഞ്ഞു. ഇത് രണ്ടും തമ്മില്‍ എന്താണു ബന്ധം എന്നു വിചാരിച്ച് എല്ലാവരും നില്‍ക്കുമ്പോള്‍ ഒരു കുട്ടി സുമുഖിയും ആശാസ്യനുംകൂടി ചാടിപ്പോയി എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും സുമുഖിയുടെ അച്ഛനമ്മമാര്‍ വളരെ അന്വേഷിച്ചു. ഒരു തുമ്പുമുണ്ടായില്ല.

കൊല്ലങ്ങള്‍ നാലഞ്ചെണ്ണം ഇഴഞ്ഞുപോയി. സുമുഖിയുടെ അച്ഛനമ്മമാര്‍ മരിച്ചു. സുമുഖി ഇന്ന് ഒരു ചെറുബാലന്‍റെ(2 വയസ്സ്) അമ്മയായിത്തീര്‍ന്നിരിക്കുന്നു. അവന് ആശാസ്യനും സുമുഖിയും കൂടി നല്‍കിയ പേരാണ് ഉമേശന്‍. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാവിലെ രണ്ടു പോലീസുകാര്‍ വന്ന് ആശാസ്യനെ ഏതോ ഒരു കുറ്റം ചെയ്തതിനാല്‍ പിടിച്ചു തൂക്കിലിട്ടു കൊന്നു. സുമുഖി അസ്വസ്ഥയായി. ഇങ്ങനെ ഇരിക്കുമ്പോഴാണ്‌ നാം സുമുഖിയെ ഒരു കുടിലിന്‍റെ ഉമ്മറത്ത്‌ ഉമേശനെയും എടുത്തുകാണുന്നത്. പിറ്റേദിവസം രാവിലെ അയല്‍പക്കത്ത് പാര്‍ക്കുന്ന കല്യാണിയമ്മ വന്ന് സുമുഖിയോടു കുറച്ചു പണം വേണമോ എന്നു ചോദിച്ചു. അവള്‍ വേണ്ട എന്ന് തല്‍ക്ഷണം പറഞ്ഞു.

കല്യാണിയമ്മ:"നിങ്ങളുടെ കുട്ടിക്ക് കഞ്ഞികൊടുക്കുവാന്‍ കാശ് ആര്‍ തരും?"
സുമുഖി:"ദൈവം തരും."

പിറ്റേ ദിവസം രാവിലെ എല്ലാവരും ഉണര്‍ന്നപ്പോള്‍ കിണറ്റില്‍ സുമുഖിയുടെ ശവം കണ്ടെത്തി. മുറ്റത്തുകിടന്നു നിലവിളിക്കുന്ന ഉമേശനെ അയല്‍പക്കക്കാര്‍ കൊണ്ടുപോയി രക്ഷിച്ചുപോന്നു. എല്ലാം അവളുടെ വിധി. അത്രയേ പറയാനുള്ളു.

(മാധവിക്കുട്ടിയുടെ ആദ്യത്തെ കഥ.പത്താം വയസ്സിലാണ് ഇത് എഴുതിയത്.)

ഒരു മനുഷ്യന്‍

- വൈക്കം മുഹമ്മദ്‌ ബഷീര്‍

നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല. ദൂരദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല; ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക്‌ ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍,ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും. പലേ സാഹസപ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു... കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ ഞങ്ങള്‍ ഓര്‍ക്കും... അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞുവരുന്നത് എന്‍റെ ഒരനുഭവമാണ്. എന്‍റെ ഒരനുഭവമാണ്.ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യ വര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്‍റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്,മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്;സാംക്രമിക രോഗമുള്ളവരുണ്ട്‌, ഭ്രാന്തന്‍മാരുണ്ട്- പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍,ഇതു നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാന്‍ ആ വളരെ വളരെ പഴയ കൌതുകമുള്ള നിസ്സാര സംഭവം ഇവിടെ പറയാം:

ഇവിടെനിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂറോ രണ്ടായിരത്തിയഞ്ഞൂറോ മൈല്‍ ദൂരെ പര്‍വതനിരകളുടെ
താഴ് വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടുകാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരുകേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകള്‍,കൂട്ടക്കവര്‍ച്ച,പോക്കറ്റടി-ഇതെല്ലാം നിത്യസംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ ദൂരെ പുറംരാജ്യങ്ങളില്‍ പണം പലിശയ്ക്ക്‌ കൊടുക്കുന്നവരായും മില്ലുകള്‍,വലിയ ആഫീസുകള്‍,ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനുവേണ്ടി എന്തും ചെയ്യും;ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട്- രാത്രി ഒമ്പതര മണിമുതല്‍ പതിനൊന്നു മണിവരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു കാല്‍രൂപാ മുതല്‍ അരരൂപാവരെ ഫീസാണ്.

അതില്‍നിന്നു രക്ഷനേടാനും വേണ്ടിവന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലുമണിക്കേ ഉണരൂ,ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ,ഉച്ചയ്ക്കൂണ്.

അങ്ങനെ പതിവുപോലെ ഞാന്‍ നാലുമണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്‍റെ കോട്ടുപോക്കറ്റില്‍ ഒരു പേഴ്സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്‍റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍-വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതുകൊടുക്കാനായി കോട്ടുപോക്കറ്റില്‍ കയ്യിട്ടു. ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദഹിച്ചുപോയി. എന്താണെന്നുവെച്ചാല്‍ കോട്ടുപോക്കറ്റില്‍ പേഴ്സ്  ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:

'എന്‍റെ പേഴ്സ് ആരോ പോക്കറ്റടിച്ചു!'

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്‍റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:

'ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ... നിന്‍റെ കണ്ണുഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍!'

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു;

'എന്‍റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടുവരാം.'

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.

ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.

ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചുവെക്കാന്‍ പറഞ്ഞു.

ഞാന്‍ ഷൂസു രണ്ടും അഴിച്ചുവെച്ചു.

ഒടുവില്‍ ട്രൌസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:

'അടിയിലൊന്നുമില്ല.'

എല്ലാവരുംചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:

'എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!'

ഒരു അന്‍പതുപേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: 'അടിയിലെന്തെങ്കിലും കാണും!'

എന്‍റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്നനായ ഒരുവന്‍ ആള്‍ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ...ഞാന്‍ ഈ സംഭവത്തിന്‌ ഓ...പോട്ടെ!ലോകങ്ങളുടെ സ്രഷ്ടാവേ!എന്‍റെ ദൈവമേ ...! ഒന്നും പറയാനില്ല.സംഭവം ശുഭം. ഓ...എല്ലാം ശുഭം...മംഗളം!

ഞാന്‍ ട്രൌസറിന്‍റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

'നില്‍ക്കൂ; ഞാന്‍ പണം തരാം!'

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്നതലപ്പാവും കറുത്തകോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടിപ്പൊക്കക്കാരന്‍. കൊമ്പന്‍മീശയും നീലക്കണ്ണുകളും....

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടുവന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

'എത്രയുണ്ടെന്നാ പറയുന്നത്?'

'മുക്കാല്‍രൂപയോളം!'

അത് അയാള്‍ കൊടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു:

'എല്ലാം ധരിക്കൂ.'

ഞാന്‍ ധരിച്ചു.

'വരൂ.' അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്‍റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ?

ഞാന്‍ പറഞ്ഞു:
'അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!'

അയാള്‍ ചിരിച്ചു.

'പേരെന്താ?' അയാള്‍ ചോദിച്ചു. 
ഞാന്‍ പേര്,നാട്-ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്‍റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു:
'എനിക്ക് പേരില്ല!'

ഞാന്‍ പറഞ്ഞു:

'എങ്കില്‍....ദയവ്, എന്നായിരിക്കും പേര്.'

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നുനടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നുചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:

'നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!'

എനിക്ക് കാര്യം മനസ്സിലായി.

അയാള്‍ രണ്ടുമൂന്നു പോക്കറ്റുകളില്‍നിന്ന് അഞ്ചു പേഴ്സുകള്‍ എടുത്തു! അഞ്ച്....! കൂട്ടത്തില്‍ എന്‍റെതും.

'ഇതില്‍ ഇതാണ് നിങ്ങളുടേത്?'

എന്‍റെതു ഞാന്‍ തൊട്ടുകാണിച്ചു.

'തുറന്നുനോക്കൂ.'

ഞാന്‍ തുറന്നുനോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്‍റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:

'പോ,ദൈവം നിങ്ങളെ രക്ഷിക്കട്ടെ!'

ഞാനും പറഞ്ഞു:

'ദൈവം....നിങ്ങളെയും....എന്നെയും....എല്ലാവരെയും രക്ഷിക്കട്ടെ!'

മംഗളം.