Showing posts with label കുമാരനാശാന്‍. Show all posts
Showing posts with label കുമാരനാശാന്‍. Show all posts

Thursday, January 16, 2025

ഗുരു

 


 

 

 

 

 

- കുമാരനാശാന്‍

 

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ! ഗുരു നാരായണമൂർത്തേ!

അൻപാർന്നവരുണ്ടോ പരവിജ്‌ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരു നാരായണമൂർത്തേ!

അന്യർക്കു ഗുണം ചെയ്‌വതിന്നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ!

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്‌ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ!

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽക്കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ!

അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ 'യോഗം'
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീ ഗുരുമൂർത്തേ!

തൻപോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ-
ക്കൻപോടുലകർത്ഥിപ്പു ചിരായുസ്സു ദയാബ്ധേ!
മുൻപോൽ സുഖമായ് മേന്മ തൊടുന്നോർക്കരുളും കാൽ-
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ!

(1916ല്‍ എഴുതിയ ഈ കവിത, ശ്രീനാരായണ ഗുരുദേവനെ കുമാരനാശാന്‍ പ്രത്യക്ഷമായി പരാമര്‍ശിക്കുന്ന അപൂര്‍വ്വം രചനകളില്‍ ഒന്നാണ്.)   

Tuesday, January 16, 2024

സങ്കീര്‍ത്തനം


 

 

 

 

- കുമാരനാശാന്‍

 

ചന്തമേറിയ പൂവിലും ശബളാബമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!
 
സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍ക്കടനാഭികൊണ്ടു മൃഗം കണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാര്‍ദ്ദഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
 
നിത്യനായക, നീതിചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്‌
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്നപാവന കര്‍മ്മ-
ശക്തി കളിക്കുക!
 
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വ്വവുമേകമായ്
മോഹമാമിരുള്‍ നീങ്ങി നിന്‍റെ മഹത്വ-
മുള്ളില്‍ വിളങ്ങണേ!
 
ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന
വൈരികളഞ്ചവേ,
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗ-
മേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാ-
നരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം
മണിനൗകയില്‍

 

(കൊല്ലവര്‍ഷം 1905 വൃശ്ചികമാസക്കാലത്ത് ഒരു സംഘത്തിനുവേണ്ടി എഴുതി പ്രതിഭ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിത ഒരുപാട് വിദ്യാലയങ്ങളില്‍  പ്രാര്‍ത്ഥനാഗാനമായിചൊല്ലിയിരുന്നു. ആശാന്‍റെ, ബാലസാഹിത്യകൃതിയായ പുഷ്പവാടിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

കേള്‍ക്കാം, ആകാശവാണിയ്ക്ക് വേണ്ടി എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് ജി വേണുഗോപാലും സംഘവും ചൊല്ലിയത്.

കേള്‍ക്കാം, ഈ കവിതയുടെ തുടക്കഭാഗം, 1984ല്‍ പുറത്തിറങ്ങിയ സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിലെ, ശ്യാം സംഗീതം നിര്‍വഹിച്ച് എസ് ജാനകി പാടിയത്. ഇതിന്‍റെ തുടക്കത്തില്‍ 'ചന്തമേറിന' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.   

Saturday, December 31, 2022

തോട്ടത്തിലെ എട്ടുകാലി


 

 

 

 

 

 

- കുമാരനാശാന്‍

 

തളിര്‍ത്തലഞ്ഞു നിന്നിടും തരുക്കള്‍

തന്‍റെ ശാഖയില്‍

കൊളുത്തി നീണ്ട നൂലു രശ്മിപോലെ

നാലു ഭാഗവും,

കുളത്തിനുള്ളു കാണുമര്‍ക്കബിംബ-

മൊത്തു കാറ്റിലി-

വെളുത്ത കണ്ണിവച്ചെഴും വിചിത്ര-

രൂപനാരിവന്‍!

 

അടുത്തിടുന്നൊരീച്ച പാറ്റയാദി-

യായ ജീവിയെ-

പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചി-

രുന്നുകൊള്ളുവാന്‍

പഠിച്ച കള്ളനാരു നീ പ്രഗല്‍-

നായ മുക്കുവ-

ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള

കൊച്ചു വേടനോ?

 

മിനുത്തു നേര്‍ത്ത നൂലിതെങ്ങുനിന്നു?

മോടി കൂടുമീ-

യനര്‍ഘമാം നെയിത്തു തന്നെയഭ്യ-

സിച്ചതെങ്ങു നീ?

നിനയ്ക്ക നിന്‍റെ തുന്നല്‍ കാഴ്ചവേല

തന്നിലെത്തിയാല്‍

നിനക്കു തങ്കമുദ്ര കിട്ടുമെട്ടു-

കാലി, നിശ്ചയം!

 

ImageⒸ

Monday, April 12, 2021

മനഃശക്തി






- കുമാരനാശാന്‍ 


   മനസ്സിനെ വശത്തു നിറുത്താന്‍ കഴിയുമെങ്കില്‍ അത്ഭുതകരങ്ങളായ പല പ്രവൃത്തികളും ചെയ്യാമെന്നുള്ള യോഗികളുടെ സിദ്ധാന്തം പ്രയോഗയോഗ്യമല്ലാത്ത വെറും പ്രതിജ്ഞകളുടെ കൂട്ടത്തില്‍ ഒന്നല്ല.

   വിയന്നാ പട്ടണത്തിലെ ഒരു ആസ്ത്രിയന്‍ ഡോക്ടറുടെ പരീക്ഷയില്‍ പെട്ട ഒരു മനുഷ്യന്‍റെ അസാധാരണമായ മനശക്തിയെപ്പറ്റി അദ്ദേഹം ഈയിടെ ചില ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതിയിരിക്കുന്ന സംഭവം രസകരമാണ്. ഈ മനുഷ്യന് തന്‍റെ മനസ്സുപോലെ ഹൃദയത്തിന്‍റെ വലിപ്പത്തെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനും അതിന്‍റെ സ്ഥാനത്തില്‍ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അതിനെ മാറ്റി വയ്പാനും കഴിയുമത്രേ. ഹൃദയത്തിന്‍റെ അടി മിനുട്ടില്‍ എണ്‍പതു വീതമുള്ളതു കുറച്ച് അന്‍പതാക്കുന്നതിനും, ഹൃദയപഞ്ജരത്തിന്‍റെ വലത്തേ കക്ഷ്യയിലോ മദ്ധ്യരേഖയിലോ ഹൃദയത്തെ ഇഷ്ടംപോലെ കൊണ്ടുവരുന്നതിനും അയാള്‍ക്ക് കഴിയും. ആദ്യത്തേതിന് അയാള്‍ അതിവേഗത്തില്‍ പോകുന്നു എന്നും രണ്ടാമത്തേതിന് തന്‍റെ ശ്വാസകോശത്തിന്‍റെ ഇടത്തേ ദളം മുറിഞ്ഞുപോകുന്നു എന്നും തന്നത്താന്‍ വിചാരിച്ചാല്‍ മതി. ശരീരത്തില്‍ ഏതു ദിക്കിലെങ്കിലും ചോര ഒലിപ്പിക്കാനും വീക്കമുണ്ടാക്കാനും അയാള്‍ക്ക് ഒരു പ്രയാസവുമില്ല. അവിടം തീപ്പെട്ടു പൊള്ളിയിരിക്കുന്നു എന്ന ഒരു വിശ്വാസം ബലമായി മനസ്സില്‍ അടിച്ചുകേറ്റിയാല്‍ മതി. ഈ അസാധാരണ മനുഷ്യന് തന്‍റെ കണ്മണികള്‍ രണ്ടും ഒരുമിച്ചോ വെവ്വേറെയായോ ഇഷ്ടം പോലെ ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യാനും കഴിയുമത്രേ.

   ഈ വിദ്യയെ ശാസ്ത്രീയരീതിയില്‍ ക്രമപ്പെടുത്തി അഭ്യസിച്ചാല്‍ മനുഷ്യവര്‍ഗ്ഗത്തിന് അളവറ്റ ഗുണങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്.


('കുമാരനാശാന്‍റെ സമ്പൂര്‍ണ്ണകൃതികള്‍ ഭാഗം : നാല്' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ചെറുലേഖനം എടുത്തിരിക്കുന്നത്. 'കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ട്' ആണ് ഈ സമാഹാരത്തിന്‍റെ പ്രസാധകര്‍. ആശാന്‍ ആരംഭിച്ച വിവേകോദയം മാഗസിനില്‍ കൊല്ലവര്‍ഷം 1086 മീനമാസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇത്.)

Saturday, January 16, 2021

കവികള്‍ക്കുപദേശം






- കുമാരനാശാന്‍ 



മലവെള്ളം പോലീയിട കവിതകള്‍

പലവക വന്നു പരന്നു കവിഞ്ഞൊരു

നിലയില്ലാതെ ചമഞ്ഞതു നമ്മുടെ

മലയാം ഭൂമിയെ മുക്കുകയല്ലേ.

അവശതയതുകൊണ്ടണയായ്വ്വാനിനി-

യവരവരളവിതു ചെയ്യണമിത്തിരി

കവികള്‍ക്കുപദേശം ചൊല്‍വതിനിതൊ-

രവസരമെന്നിഹ കരുതീടുന്നേന്‍.

മംഗളമണവതിനരുളുവതാണിതി-

ലുണ്ടൊരഹംകൃതിയോര്‍ത്തല്ലതുമ-

ല്ലാംഗലകവിയാം ഡ്രൈഡന്‍ ചൊല്ലിയ-

തങ്ങിനെതന്നെ പകര്‍ത്തുകയത്രേ.

എഴുതും കൃതികളിലൊക്കെബ്ഭാഷയില്‍

വഴിയാംവണ്ണം ദൃഷ്ടി പതിക്കുവി-

നഴകെഴുമര്‍ത്ഥം വഴി മതിപൊങ്ങിയ

പൊഴുതിലുമണുവളവതു വെടിയായ്വ്വിന്‍

പാരമൊഴുക്കുണ്ടെങ്കിലുമര്‍ത്ഥം

ചേരുന്നേറ്റവുമെങ്കിലുമിഹ കൃതി

നീരസമാമപശബ്ദം തടവുകി-

ലാരിലുമറിക വെറുപ്പുണ്ടാക്കും.

കേള്‍ക്കുന്നവരശ്ലീലമതാമൊരു

വാക്യവുമിങ്ങു സഹിക്കാ കൃതികളില്‍

വായ്ക്കും ശബ്ദാഡംബരവും വക-

വയ്ക്കായ്വ്വിന്‍ കൃത്രിമഭംഗികളും

ചൊല്ലാം ഭാരം ഭാഷാസൗഷ്ഠവ-

മില്ലാതെഴുതിവിടും കവിതകളാല്‍

ഇല്ലൊരു ഗുണവും എന്നല്ല നമുക്കതു

തെല്ലൊരു സുഖവും തരികില്ലറിവിന്‍;

ചിന്തിച്ചീടാന്‍ സമയമെടുക്കാ-

തെന്തും ദ്രുതഗതിയായെഴുതായ്വ്വിന്‍

എന്തിനു വെറുതേ ദ്രുതകവിയാവാന്‍

ചിന്തയിതതിലൊരു കഥയില്ലറിവിന്‍!


('ലീല' എഴുതിയ നോട്ട്ബുക്കില്‍ ആശാന്‍ കുറിച്ചിട്ടിരുന്ന ഒരു തുള്ളല്‍ കൃതിയാണ് 'കവികള്‍ക്കുപദേശം' എന്ന ഈ കവിത. 1912ല്‍ എഴുതിയതാണെന്ന് കരുതപ്പെടുന്ന ഇത് DC Books പ്രസിദ്ധീകരിച്ച 'ആശാന്‍റെ പദ്യകൃതികള്‍' എന്ന പുസ്തകത്തില്‍ 'ആശാന്‍റെ അറിയപ്പെടാത്ത കവിതകള്‍' എന്ന ഭാഗത്തുനിന്നുമാണ് എടുത്തിരിക്കുന്നത്. ശ്രീ.ജി.പ്രിയദര്‍ശനന്‍ ആണ് സമ്പാദകന്‍.)

Wednesday, January 17, 2018

കപോതപുഷ്പം

- കുമാരനാശാന്‍

ഇതരസൗരഭവീചിയെ മേന്‍മയാല്‍
വിധുരമാക്കിയിളം കുളിര്‍വായുവില്‍
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം

ഭ്രമരനീലദലാവലികള്‍ക്കുമേല്‍
വിമലമായ് മലര്‍മഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കുളത്തില്‍ നീര്‍-
ക്കുമിളതന്‍ നിരപോല്‍ വിലസുന്നുതേ!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാര്‍ന്നതി നിര്‍മ്മല-
ച്ഛവിയൊടും പുതുചിപ്പി വിടര്‍ന്നതോ?

അതിവിചിത്ര മനോഹര ശില്‍പ്പമി-
പ്പുതിയ പൂംകരകൌശലശാലയില്‍
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭുതന്നെ നീ!

അഹഹ! നിര്‍മ്മല ലോല മനോജ്ഞമീ-
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട പിറാവിതില്‍
സഹജമോ, നിഴലോ, മിഴിമായയോ!

ഒരു വികാരവുമെന്നിയഹോ! ഖഗം
മരുവിടുന്നിതു മൌനസമാധിയില്‍
പറവയില്‍ ചിലതുണ്ടവതാരമായ്,
പറയുമങ്ങനെയാഗമവേദികള്‍

ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെന്‍ പരിശുദ്ധ കപോതികേ,
ഭവതിയോരുകിലമ്പിനോടോതണേ!                

(DOVE ORCHID എന്ന പുഷ്പത്തെപ്പറ്റി എഴുതി 10-03-1092(കൊല്ലവര്‍ഷം)ല്‍, ആത്മപോഷിണിയില്‍ പ്രസിദ്ധപ്പെടുത്തിയതാണ്‌ ഈ കവിത)               
                                            

Tuesday, January 31, 2017

മിന്നാമിനുങ്ങ്‌

- കുമാരനാശാൻ

ഇതെന്തൊരാനന്ദമിതെന്തു കൌതുകം!
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം;
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതൻറെ തുമ്പിതിൽ;
ചുടുന്നതില്ലിച്ചെറു തീയതൊന്നുമേ!
കെടുന്നുമില്ലീ മഴയത്തു പോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചി പോൽ.

സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞു പോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞു പാറും പൊടിയോ, നിലാവതോ

പുളച്ചിടുന്നെന്മനതാരഹോ! വെറും 
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചുകേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!              

പിലാവിലും തെങ്ങിലുമക്കവുങ്ങിലും 
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ 
വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ 
നിലാവുപൂമ്പട്ടിനു പാവു നെയ്‌ കയോ?

മിനുങ്ങി നീ ചെന്നിടു മാറണയ്ക്കുവാൻ 
കനിഞ്ഞതാ കൈത്തളിരാർന്ന ഭൂരുഹം 
അനങ്ങിടാതങ്ങനെ നിൽപ്പിതാർക്കുമേ 
മനം കൊതിക്കും മൃദുവെത്തൊടാനെടോ!

അതാ വിള ങ്ങുന്നു ഭവദ്ഗണങ്ങളാൽ
സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;
അതിന്നൊടൊക്കുകില്ലൊരു ചക്രവർത്തിത-
ന്നതിപ്രകാശം കലരും കിരീടവും.

പരന്ന വൻശാഖകൾമേലിവറ്റയാർ-
ന്നിരുട്ടിൽ മിന്നുന്ന മരങ്ങളാകവേ,
നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാർ-
ന്നിരട്ടിയായ്ത്തീർന്നൊരു വിണ്ണുപോലവേ.

വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും
തളർന്നുവീണും - ചെറുതാരമൂഴിതാൻ
വളർപ്പതാമിങ്ങിതു തള്ള വാനിലാം.

മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിള ക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.

കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നുംപടി തന്നെയെങ്ങും
മിനുങ്ങി മങ്ങും ചൊടിയാർന്ന മിന്നാ-
മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?

Saturday, December 12, 2009

പരിക്കേറ്റ കുട്ടി

- കുമാരനാശാന്‍ 

അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്‍
കരയായ്കോമനേ,കരള്‍ വാടി.
പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ,വരുന്നു ഞാന്‍.

പനിനീര്‍ച്ചെമ്പകചെറുമുള്ളേറ്റു നിന്‍
കുരുന്നു കൈവിരല്‍ മുറിഞ്ഞിതേ!
തനിയേ തൈമാവില്‍ കയറിവീണോമല്‍
ചെറുകാല്‍മുട്ടുകള്‍ ചതഞ്ഞിതേ!

മറിച്ചിട്ടിപ്പടം മുകളില്‍നിന്നയ്യോ
മുറിച്ചിതേ പൊന്നിന്‍ നിറുകയും.
മുറിയില്‍ കട്ടിന്മേല്‍ കയറിചാഞ്ചാടി-
തറയില്‍ വീണിപ്പൂങ്കവിളും നീ.

കരുതേണ്ട തല്ലുമിതിനായ് ഞാനെന്നു,
കരയേണ്ട നോവുമകന്നു പോം.
അറിയാപ്പൈതല്‍ നീ കളിയാടിയേറ്റ
മുറിവു ഭൂഷണം നിനക്കുണ്ണീ.

ഉരച്ചിവണ്ണമക്ഷതമോരോന്നുമേ
തിരിച്ചുചുംബിച്ചാളുടനമ്മ,
സ്ഫുരിച്ച പുഷ്പത്തെയളിപോല കുട്ടി
ചിരിച്ചാന്‍ കാര്‍നീങ്ങും ശശിപോലെ.

Thursday, December 10, 2009

പൂക്കാലം

- കുമാരനാശാന്‍ 

പൂക്കുന്നിതാ മുല്ല,പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു,പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍,പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ!

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവുതേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍ നിറം പൂണ്ടു,നീളെ-
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു,ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം!

നാകത്തില്‍ നിന്നോമനേ നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്‍റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റു തന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു" വെന്നല്ലയല്ലീ?