Showing posts with label സി വി ശ്രീരാമന്‍. Show all posts
Showing posts with label സി വി ശ്രീരാമന്‍. Show all posts

Wednesday, April 4, 2012

ശീമത്തമ്പുരാന്‍


-സി വി ശ്രീരാമന്‍

     പഴയ ആനവാതില്‍ക്കല്‍ മാട നിന്നു.ഇന്ന് ആനവാതിലിനു മേല്ക്കൂരയില്ല.കരിങ്കല്‍ വിരിച്ച പടവുകള്‍ അതുപോലെ തന്നെയുണ്ട്.ആനവാതില്‍ കടന്നാല്‍ ഇരുവശവും ചെങ്കല്‍മതിലാണ്.കൈയട്ടള വഴി.വല്ലാതെ കിതപ്പുതോന്നി. മാട അവിടെത്തന്നെ ഇരുന്നു.പൂമുഖത്തേയ്ക്കു നോക്കി.പൂമുഖം ഒഴിഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ മാടയ്ക്കു ഭയം തോന്നി.മാട ഇന്നുവരെ പൂമുഖത്തു കാലുകുത്തിയിട്ടില്ല.തമ്പ്രാന്‍ സ്ഥാനമുള്ള നായന്മാരു വീടാണ്.എന്നാലും നമ്പൂരിത്തമ്പ്രാക്കന്മാരുപോലും പൂമുഖത്തു കയറിയാല്‍ ഇരിക്കാന്‍ ഭയപ്പെട്ടിരുന്നു. തീണ്ടലിലൊന്നും ശീമത്തമ്പുരാന്‍ വിശ്വസിച്ചിരുന്നില്ല. എന്നിട്ടും ശീമത്തമ്പുരാന്റെ കാലത്തും പഴയതിനൊന്നും മാറ്റം സംഭവിച്ചില്ല.ശീമത്തമ്പുരാന്‍ ശീമയില്‍വെച്ചു മാര്‍ഗം കൂടിയിരുന്നു എന്നൊരു കേട്ടുകേള്‍വിയുണ്ട്.നേരോ നൊണയോ...മാടയ്ക്ക് ഇന്നും സംശയമുണ്ട്.ശീമത്തമ്പുരാന്‍ എന്നും സന്ധ്യക്കു മേലുകഴുകിവന്നു ഭസ്മം തൊടുമായിരുന്നു. മുറിയിലിരുന്നു നാമം ചൊല്ലുന്നത് ആ വീടാകെ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.ഇന്നും ആ ശബ്ദം അവിടെ മുഴുവന്‍ മുഴങ്ങുന്നതായി മാടയ്ക്കു തോന്നി;ഇപ്പോഴും ശീമത്തമ്പുരാന്‍ വിളിക്കുന്നതായി... രാത്രികാലങ്ങളില്‍ വിളികേട്ടുകൊണ്ട് മാട ഉണരും. അപ്പോഴൊക്കെ ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ മണമേല്‍ക്കാറുണ്ടായിരുന്നു. ശീമത്തമ്പുരാന്റെ തല്ലുവാങ്ങാത്ത ഒരൊറ്റ വല്ലി ആളരും ഉണ്ടായിരുന്നില്ല.പുഞ്ചപ്പടവിന്റെ മേല്‍വരമ്പു പൊട്ടി കൃഷി ആകെ നശിച്ചു.ഉണ്ടായത് മാടയുടെ നോട്ടക്കുറവു കൊണ്ടാണെന്നു ശീമത്തമ്പുരാന്‍ മനസ്സിലാക്കി.എന്നിട്ടും മാടയെ തല്ലിയില്ല.ഒരിക്കല്‍ മാത്രം...കാക്കാത്തുരുത്തിലെ വയലിലേയ്ക്ക് ഊരാളന്‍ ചെറുങ്ങോരന്‍ പ്രത്യേകം ക്ഷണിച്ചിരുന്നു.മാട പനങ്കള്ളും തെങ്ങിന്‍താവരവും മൂക്കറ്റം കുടിച്ചു.നാലുകാലിന്മേലാണ് തിരിച്ചെത്തിയത്. ശീമത്തമ്പുരാന്റെ ചെവിയിലുമെത്തി.
അടുത്തേക്കുവിളിച്ച് ഇടയറിയാതെ ഒരൊറ്റ അടി.  
   "ഇനി കുടിക്ക്വോ......"
   കണ്ണും ചെവിയും പൊത്തി ഒരൊറ്റ അടി.തോട്ടുവരമ്പത്തുനിന്ന് ഉരുണ്ട് നെല്ലിന്‍ കണ്ടത്തില്‍ ചെന്നുവീണു.എട്ടുനാഴികനേരം ചെന്നപ്പോഴാണു ബോധം വീണത്‌.ശീമത്തമ്പുരാന്‍ ശീമനാടുകളില്‍ എത്രയോകാലം കഴിഞ്ഞതാണ്.ജീവിതത്തില്‍ ഒരിക്കല്‍പ്പോലും മദ്യപിച്ചിട്ടില്ല.മാട കൊടുങ്ങല്ലൂരെ ഭരണിക്കു പോകുമ്പോള്‍ ശീമത്തമ്പുരാന്‍ കുടിക്കാനുള്ള കാശും അനുവാദവും തന്നിരുന്നു.എന്നിട്ടും കുടിക്കാനുള്ള ധൈര്യം മാടയ്ക്കുണ്ടായിരുന്നില്ല.ഒരിക്കലും പിന്നെ കുടിച്ചിട്ടുമില്ല.
   ഇന്ന് ഈ തറവാടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ മാട എന്തെല്ലാം ഓര്‍ത്തുപോകുന്നു.
   വീടിനകത്തുനിന്ന് ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ പുക വരുന്നു.മണം മൂക്കില്‍ ഇരമ്പിക്കയറുന്നു.
   മാട പൂമുഖത്തേക്കു നോക്കി.ഒരു ഈച്ച പോലും പറക്കാന്‍ ധൈര്യപ്പെടാത്ത ആദ്യകാലത്തെ പൂമുഖം.പിന്നെപ്പിന്നെ കുടുംബഛിദ്രം വന്നു.കാളി ദാരികന്മാരുടെ വേലപ്പറമ്പുപോലെ ഈ പൂമുഖം അങ്കക്കലികളും കണ്ടിട്ടുണ്ട്.ഈ പൂമുഖത്തിന്റെ മുകളില്‍ നീലച്ചില്ലുകളുടെ പാളികളുള്ള ജനാലകളുണ്ടായിരുന്നു.ഇന്നില്ല.അതിന്റെ കിഴക്കുവശത്തായിരുന്നു ശീമത്തമ്പുരാന്റെ മുറി.മാട ആ മുറിയുടെ ഭാഗത്തേക്കുനോക്കി.രാത്രിയില്‍ എപ്പോഴെങ്കിലും ഒരു വിളി:
   "മാടേ..... "       
   മാടയ്ക്കു മുറ്റത്തൊന്നും ചവിട്ടാന്‍ പാടില്ലായിരുന്നു. ശീമത്തമ്പുരാന്റെ മുറിയുടെ പിന്നില്‍ നില്‍ക്കുന്ന കവുങ്ങില്‍ കയറി മുറിയുടെ എകരംവരെ എത്തി തളപ്പിട്ട കാലുകള്‍ ഇറുക്കി കവുങ്ങില്‍ത്തന്നെ ഇരിക്കും.പിറ്റേന്നാള്‍ ചെയ്യേണ്ട പനിയുടെ വിവരം ശീമത്തമ്പുരാന്‍ പറഞ്ഞുതരും.എല്ലാം പറഞ്ഞുതീരുമ്പോള്‍ ശീമത്തമ്പുരാന്‍ പറയും,'ഇനി മാട പോയി കിടന്നോ...'.ആ നേരം മുഴുവന്‍ മാട കവുങ്ങില്‍ത്തന്നെ ഇരിക്കും.അതൊരു പതിവായി മാറി.
   ശീമത്തമ്പുരാനു രാത്രികാലങ്ങളില്‍ ഉറക്കം ഉണ്ടായിരുന്നില്ല. പാട്ടുപെട്ടിയില്‍ പാട്ടുവയ്ക്കും.ഒരു പുസ്തകം ഏടുമറിച്ചുകൊണ്ടിരുന്നു.അതില്‍ നിറയെ ഒട്ടിച്ച പോട്ടങ്ങളായിരുന്നു.അതും നോക്കി ഖേദിച്ചുകൊണ്ടിരിക്കും.ചിലപ്പോള്‍ തമ്പുരാന്‍ പൊട്ടിക്കരയാറുമുണ്ടായിരുന്നു.
   മാട ഇതൊക്കെ ഓര്‍ക്കുമ്പോഴും നോട്ടം വീടിനകത്തേക്കായിരുന്നു.ജനാലയില്‍ക്കൂടി പുക വരുന്നു.ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ മണം.ഇപ്പോള്‍ ചുരുട്ടിന്റെ പുക പൂമുഖത്തു പരക്കുന്നു.മാട നടുങ്ങി.പൂമുഖത്ത്‌ ഒരാള്‍ നില്‍ക്കുന്നു.ശീമത്തമ്പുരാന്റെ  അതേ ചുരുട്ട് വലിക്കുന്നു.ഒരു മുഴം ചുരുട്ട്.ആ മനുഷ്യന്‍ തിണ്ണയുടെ അറ്റം വരെ വന്നു.
   "എന്താടോ പേടിച്ചു നില്‍ക്കുന്നത്?ഇങ്ങട് അടുത്തുവാടോ..."
   "ഇബടെ ഒരു തമ്പ്രാനുണ്ടായിരുന്നു.മൂപ്പര് ഈ ചുരുട്ടാ വലിക്ക്യാ.....ആ തമ്പ്രാനെ ഓര്‍ത്തുനിന്നതാ...."
-മാട പറഞ്ഞു.
   "ഈ ചുരുട്ടോ?ഈ ചുരുട്ടൊന്നും ഇപ്പോള്‍ ഇവിടെ കിട്ടില്ല.ചെക്കന്മാര് ഗള്‍ഫില്‍നിന്നു കൊണ്ടുവന്നതാ."
   ചുരുട്ട് വലിക്കുന്ന ആള്‍ ഈ വീടിന്റെ പുതിയ ഉടമസ്ഥനായിരിക്കും.മാട കരുതി.
   "തന്റെ പേരെന്താ?"
   "എന്റെ പേര് മാട."
   "ഓ....മാടയോ?ഇവിടത്തെ ഏറ്റവും പഴയ പണിക്കാരന്‍,അല്ലേ?"
-മാട മിഴിച്ചു നിന്നു.
   "എടോ മാടേ,ഇങ്ങട് അടുത്തുവരൂ.എനിക്ക് ഒച്ച ഇടാന്‍ വയ്യ."
   മാട ഇന്നുവരെ പൂമുഖത്തൊന്നും കാലുകുത്തിയിട്ടില്ല. ശങ്കിച്ചുനിന്നു.
   "അതൊക്കെ പഴയകാലത്ത്.ഇപ്പൊ തനിക്ക് ഇങ്ങട് അടുത്തുവരാം."
   മാട എഴുന്നേറ്റു.കടക്കാന്‍ പാടില്ലാത്തിടത്തു കടക്കുന്നു എന്നു തോന്നിയതുകൊണ്ടാവാം,മാട ഊന്നുവടിയില്‍ കൂടുതല്‍ അമര്‍ത്തി.ആവശ്യത്തിലേറെ ഊന്നിയതുകൊണ്ടാവാം മാട വല്ലാതെ കിതച്ചിരുന്നു.മാട പൂമുഖത്തിണ്ണയില്‍ കൈയമര്‍ത്തി നിന്നു.കിതച്ചുകൊണ്ടു ചോദിച്ചു:        
   "എന്തിനാ എനിക്ക് ആളെ അയച്ചത്?...."
   "ആളു വന്നിരുന്നു അല്ലേ?തന്നെ കണ്ട് ഒരു നൂറുകൂട്ടം കാര്യങ്ങള്‍ അറിയാനുണ്ട്."
   മാട അന്തംവിട്ടു തിണ്ണയില്‍ രണ്ടുകൈകളും ഊന്നിനിന്നു.
   "എടോ മാടേ,ഈ വീട് വാങ്ങിക്കാന്‍ വിചാരിച്ചപ്പോ എനിക്ക് എന്താ തോന്നീന്നോ?ഈ വീട് പൊളിച്ചാല്‍ ഒരു നാലു വീടിനുള്ള ചെങ്കല്ലും മരവും കിട്ടും.ഇതൊക്കെ പൊളിച്ച് നാലു വീടു വയ്ക്കണംന്ന്തന്ന്യാ ഞാന്‍ പ്ലാനിട്ടത്.ഇപ്പോള്‍ ചാടിയാല്‍ പൊന്താതെയായി.മൂന്നു മക്കളും വിസ കാന്‍സലാക്കി പോന്നു.ഒരു ബസ് ഉണ്ടായിരുന്നത് പുഴയ്ക്കല്‍ പാലത്തിന്മേല്‍ ചെന്ന് ഇടിച്ചു തോട്ടില്‍ മറിഞ്ഞു.മൂന്നാള് മരിച്ചു.കൈയ്യൊടിഞ്ഞോരും കാലൊടിഞ്ഞോരും വേറെ.ബസ് വിറ്റാല്‍ നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കാന്‍ പറ്റില്ല.എല്ലാംകൊണ്ടും പൊറുതിമുട്ടിയപ്പോഴാണ് ഇവിടെ വന്നു താമസിക്കുവാന്‍ തീരുമാനിച്ചത്.അത് അതിലേറെ തകരാറിലായി."
   അയാള്‍ തിണ്ണയിലിരുന്നിട്ടു വര്‍ത്തമാനം തുടര്‍ന്നു:
   "ഇവിടെ താമസം തുടങ്ങിയപ്പോഴല്ലേ വിവരം അറിഞ്ഞത്."
   മാട തരിച്ചു നിന്നു.വളരെ വിഷമത്തോടെ ചോദിച്ചു.
   "എന്താണാവോ ഇബടംകൊണ്ട് ഒരു ദോഷം കണ്ടത്?"
   "ദോഷം ചില്ലറയൊന്നുമല്ല.ആദ്യം കണ്ടത് എന്റെ മൂത്ത മകന്റെ മോള് കുന്നൂര് പഠിക്കുന്ന കുട്ട്യാ.ആ കുട്ടിക്ക് ഇവിടെ വന്നാല്‍ ഉറക്കം തീരെ ഉണ്ടാവില്ല.ഇംഗ്ലീഷ് പാട്ട് പാടണുണ്ട്.അത് ഏറ്റുപാടാനും പറഞ്ഞു.നേരം പുലരോളം പാട്ടുതന്നെ..."
   മാട മിഴിച്ചുനിന്നു.
   "എടോ മാടേ,ഈ പൂമുഖത്തിനു നേരെമുകളില്‍ സൈഡ് മുറിയില്ലേ?അതിന്റെ താക്കോല്‍ ആരുടെ കയ്യിലാ?വീട് തന്നപ്പോഴ്‌ ആ മുറീടെ താക്കോലുമാത്രം കിട്ടിയില്ല.'ആരുടെയോ കയ്യിലുണ്ട്.വാങ്ങിത്തരാം' എന്ന് പറഞ്ഞു."
   മാട നെഞ്ചുതടവിക്കൊണ്ട് എല്ലാം ഓര്‍ത്തുപോകുകയാണ്.ഒടുവിലൊടുവില്‍,ശീമത്തമ്പുരാന്റെ അമ്മയ്ക്ക് തലയ്ക്ക് ഒട്ടും വെളിവുണ്ടായിരുന്നില്ല.ഒരിക്കല്‍ ആ മുറിയുടെ താക്കോല്‍ മാടയ്ക്കു തന്നിരുന്നു.
   "ഈ മുറീടെ ശരിക്കുള്ള അവകാശി നീ തന്ന്യാ.നീ സൂക്ഷിച്ചോ.അവള് വരുമ്പോ തുറന്നുകൊടുത്തോ..."
   മാട എന്തോ സൂത്രംപറഞ്ഞ് താക്കോലുവാങ്ങാതെ ഒഴിഞ്ഞുമാറി.
   പുതിയ വീട്ടുടമസ്ഥന്‍ ഒരു പരാതിപോലെ പറയാന്‍ തുടങ്ങി:
   "ഇതുവരെ താക്കോല്‍ കിട്ടിയില്ല.വാതിലില്‍ ഉറപ്പിച്ച ഇരട്ടപ്പൂട്ടാണ്.ആ വാതില്‍ ആകെ പൊളിച്ചാലേ മുറിതുറക്കാന്‍ പറ്റൂ.ആ പൂട്ടിനെപ്പറ്റി അറിയുന്ന ഒരു പഴയ കരുവാനെ കണ്ടു.താക്കോല്‍ ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്."
   മാട അപ്പോഴും ശീമത്തമ്പുരാന്റെ അമ്മയെ കണ്മുന്നില്‍ കാണുകയായിരുന്നു.ആ വീട്ടില്‍ നിന്നും ഒറ്റപ്പെട്ടുപോയ സ്ത്രീ...!
പുതിയ വീട്ടുടമസ്ഥന്‍ പൊടുന്നനെ ഒരു ചോദ്യം:
   "താന്‍ ഇവിടത്തെ പഴയ ആളല്ലേ?ഇവിടെ വല്ല ദുര്‍മരണവും ഉണ്ടായിട്ടുണ്ടോ?"
   "ഇവിടെ കൊലപാതകൊന്നും ഉണ്ടായതായിട്ടു എന്റെ ഓര്‍മ്മേലില്ല..."
   "കൊലപാതകം മാത്രമാണോ ദുര്‍മരണം.ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ?"
   മാട അറിയാതെതന്നെ പൂമുഖത്തിണ്ണയില്‍നിന്നു കയ്യെടുത്തു.കുന്തക്കാലില്‍ ഇരിക്കാന്‍ ശ്രമിച്ചു.സാധിച്ചില്ല.മൂടു നിലത്തുകുത്തി കാലുകള്‍ നീട്ടി ഇരുന്നു.എന്നിട്ടും ഇരുപ്പിന് ഊന്നുവടിയുടെ സഹായം വേണ്ടിവന്നു.
   പെട്ടെന്ന് വീട്ടിനകത്തുനിന്ന് തുരുതുരാ മണിയൊച്ച മുഴങ്ങി.പുതിയ വീട്ടുടമസ്ഥന്‍ അകത്തേക്കുപോയി.
   മാട അവിടെത്തന്നെ ഇരുന്നു.നല്ല ചന്തമുള്ള ഒരു പയ്യന്‍ പൂമുഖത്തേക്ക്‌ വന്നു.അമ്പലപ്പറമ്പില്‍ ഇപ്പോള്‍ കുട്ടികള്‍ കളിക്കാറുള്ള കനംകുറഞ്ഞ പിടിയുള്ള മാന്തന്‍വടി തിണ്ണയില്‍ ചാരിവച്ചു.കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല.എന്നിട്ടും എന്തോ ചുഴറ്റിയെറിയുന്നതുപോലെ രണ്ടുമൂന്നു തവണ ആംഗ്യം കാണിച്ചു.അപ്പോഴാണ്‌ മാടയെ കണ്ടത്.
   "ഹലോ,നിങ്ങളാണോ മാട?"
   മാട തലയാട്ടി.
   "ഹലോ മാട,നിങ്ങള്‍ ശീമത്തമ്പുരാനെ കണ്ടിട്ടുണ്ടോ...?"
   "എന്നെ വളര്‍ത്ത്യേത് ശീമത്തമ്പ്രാനാ..."
   "ശീമത്തമ്പുരാന്‍ ഐറിഷ് ഫ്രീഡം മൂവ്മെന്റില്‍ പങ്കെടുത്തതുകൊണ്ട്  ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലേക്ക് റീ പേട്രിയേറ്റ് ചെയ്തതാണോ...?അതായത് ഇംഗ്ലണ്ടില്‍നിന്നും ഇങ്ങോട്ടു കയറ്റി അയച്ചതാണോ?"
   മാടയ്ക്ക് ഒന്നും മനസ്സിലായില്ല.ഏതോ ലഹളയില്‍ ശീമത്തമ്പുരാന്‍ പങ്കെടുത്തുവെന്നും ഇനി ഒരിക്കലും ശീമയിലേക്ക് തമ്പുരാന് പോകാന്‍പറ്റില്ലെന്നും തമ്പുരാന്‍തന്നെ പറഞ്ഞ അറിവ് മാടയ്ക്കുണ്ടായിരുന്നു.എന്നിട്ടും മാട ഒന്നുംമിണ്ടിയില്ല.തുടര്‍ന്ന് ഒന്നും ചോദിക്കാതെ ആ പയ്യന്‍ വണ്ണംകുറഞ്ഞ പിടിയുള്ള മന്തന്‍വടിയുമെടുത്ത് സൈക്കിളില്‍ കയറിപ്പോയി.
   മാട അവിടെത്തന്നെ ഇരുന്നു.ഒരു ഓര്‍മ്മമാത്രം മാടയെ  അലട്ടിയിരുന്നു.
   'അതൊരു ദുര്‍മരണമായിരുന്നുവോ!!!?'
   മാട ചിന്തിക്കുന്നു,ഓര്‍മ്മയും യുക്തിയുമെടുത്ത്...                

 (ശ്രീ.സി വി ശ്രീരാമന്‍ എഴുതിയ ഈ കഥയും അദ്ദേഹത്തിന്റെ തന്നെ 'പൊന്തന്‍മാട' എന്ന കഥയുമാണ് ശ്രീ.ടി വി ചന്ദ്രന്‍ രചിച്ച,1993-ല്‍ പുറത്തിറങ്ങിയ 'പൊന്തന്‍മാട' എന്ന ചലച്ചിത്രത്തിന് ആധാരം.)  
         

          

Tuesday, February 23, 2010

പുറംകാഴ്ചകള്‍

- സി വി ശ്രീരാമന്‍


ഈറ്റക്കാടുകള്‍ ഒന്നകന്നപ്പോള്‍ അയാള്‍ താഴെ, വളരെ താഴെ കണ്ണുകള്‍ ഓടിച്ചു.

മലനിരകള്‍ക്കിപ്പോള്‍ ഇളംനീലനിറമാണ്. ഉള്‍ക്കടലിന്‍റെ നീലിമ. ഗിരിശിഖരങ്ങളിലെ വെളുത്തമഞ്ഞിന് നുരയുടെ ദൃശ്യമുണ്ടായിരുന്നു.

ബസ്സിന്‍റെ ചക്രങ്ങളുടെ ഇരമ്പം. വിരസമെങ്കിലും ഒരു വാദ്യസ്വരം പോലെ ശ്രവണേന്ദ്രിയത്തോട് ഇണങ്ങുന്നു. ഇരുപുറം കാഴ്ചകള്‍ ഭിന്നങ്ങളാണ്. പക്ഷെ, നേരെ മുന്നില്‍ കാണുന്നത് ഒന്നുമാത്രം. കാട്ടുപാത… ഭയന്നോടുന്ന ഉടുമ്പിനേപ്പോലെ വണ്ടിച്ചക്രങ്ങള്‍ക്ക് മുന്നില്‍ കാട്ടുപാത ഓടിയോടിയകലുന്നു.

പുറംകാഴ്ചയിലെ പുതുമ നശിക്കുമ്പോഴൊക്കെ അയാള്‍ കണ്ണുകള്‍ അടച്ച് ഇരിക്കും. ഏതെങ്കിലും വളവു തിരിയുമ്പോള്‍ വെളിച്ചത്തിന്‍റെ അനുഭൂതി തോന്നും. കണ്ണുകള്‍ തുറന്നു നോക്കും. വീണ്ടും ഇളംനീലമഞ്ഞും മലയും മലയിടുക്കുകളില്‍ തിരുകിവെച്ച കനത്ത മഞ്ഞിന്‍ചീളും കാണാം…. പുതുമക്ക് മാത്രം ചിലപ്പോള്‍ മലയുടെ മുതുകിലോ പള്ളയിലോ വിവിധ നിറത്തിലോ ആകൃതിയിലോ പാറകള്‍ കാണാം.

ഇന്നും ഈ ഭൂപ്രദേശം അറിയപ്പെടുന്നത് തന്നെ അങ്ങനെയല്ലേ, അനേകം പാറകളുടെ പേരില്‍. വാല്‍പ്പാറ, മലക്കപ്പാറ, വെറ്റിലപ്പാറ… അങ്ങനെ പോകുന്നു പേരുകള്‍.

ഈ പേരുകളോരോന്നും നല്‍കിയത് ആരായിരിക്കും?

വളരെ പണ്ട്, ഈ പ്രദേശം സമതലത്തിലെ മനുഷ്യന് അപ്രാപ്യമായിരുന്ന ദിശയില്‍… അന്ന് സമതലത്തിലെ മനുഷ്യര്‍ വിസ്മയത്തോടെ നോക്കിനിന്ന് ഈ മലകളെ പരിചയപ്പെടുത്തിയിരുന്നത് ഈ പേരുകളിലൂടെയാണോ… ഓരോ മലകളുടെയും മറു നോക്കി അതിന്നനുയോജ്യമായ പേരുകള്‍…

അതോ പേരുകള്‍ നല്‍കിയത് പിന്നെ വന്ന കാട്ടുമര കവര്‍ച്ചക്കാരോ…?

അല്ലെങ്കില്‍ കാട്ടുമര കവര്‍ച്ചക്കാരും വനം വകുപ്പും ചേര്‍ന്ന് കോഡുവാക്കുകള്‍ ഉണ്ടാക്കിയപ്പോള്‍ ഈ പേരുകള്‍ സ്ഥായീകരിക്കപ്പെട്ടതാണോ….?

ബസ്സിന്‍റെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഒഴിഞ്ഞ സീറ്റുകള്‍ കലിതുള്ളുന്നു. തണുപ്പ് അരിച്ചുവരുന്നു. ഒഴിഞ്ഞ സീറ്റില്‍ തണുപ്പാണോ ഇരിപ്പിടമുറപ്പിച്ചത്.

ഉച്ചവെയിലേറ്റ് തിളങ്ങുന്ന ബസ്സിന്‍റെ കമ്പികള്‍ക്കു പോലും കടുത്ത തണുപ്പ്. പുറത്തു തെളിഞ്ഞ ഉച്ചവെയില്‍. ഇടതൂര്‍ന്ന ഈറ്റക്കാടുകളില്‍ ഉരസിക്കൊണ്ട് ബസ്‌ നീങ്ങുന്നു. തടിലോറികളുമായി നിരന്തരം ഏറ്റുമുട്ടിയതുകൊണ്ടാവാം റോഡരികിലെ ഈറ്റകളില്‍ നെടുനീളത്തില്‍ ഒരു പച്ചവര കാണാമായിരുന്നു. ചിലേടത്ത്‌ ഈറ്റകള്‍ ചിറകൊടിഞ്ഞ് തൂങ്ങുന്നു.

വനാപഹരണത്തിനെ തടയാന്‍ ചെന്ന ജടായുവാണോ ആ ഈറ്റക്കാടും?

ഉച്ചവെയിലില്‍ കാട് ആലസ്യത്തിലാണ്. കാട്ടുപക്ഷികള്‍ ഏകസ്വരത്തിലല്ല. വിവിധ സ്വരത്തില്‍ കാടിനെ വിളിച്ചുണര്‍ത്തുന്നു.

കണ്ണട ഊരി കീശയില്‍വെച്ചിട്ട് അയാള്‍ സീറ്റില്‍ ചാരിയിരുന്നു. ഒന്ന് മയങ്ങാന്‍ ശ്രമിച്ചു. അപ്പോള്‍ ബസിന്‍റെ ഇരമ്പത്തിന് മറ്റൊരു അനുഭൂതി തോന്നി. വിജനതയെ ഭയന്ന് കരഞ്ഞുകൊണ്ട്‌ ഓടുന്ന ഒരു കുഞ്ഞിന്‍റെ സ്വരം. അതുമായി ഇടപഴകിയപ്പോള്‍ ഒരപശബ്ദം മുഴങ്ങുന്നു. അത് സ്വന്തം കൂര്‍ക്കംവലി ആയിരുന്നു. അയാള്‍ ശിരസ്സ് ഉയര്‍ത്തി. കണ്ണടവെച്ചു. ഉറങ്ങാന്‍ ഭാവിച്ചതില്‍ ഖേദിച്ചു. ഉറങ്ങാനല്ലല്ലോ ഈ യാത്ര; പുറംകാഴ്ചകള്‍ കാണാനല്ലേ? അയല്‍സംസ്ഥാനത്തിലെ ആ കാര്‍ഷിക പട്ടണത്തില്‍ നിന്ന് തീവണ്ടിമാര്‍ഗം പോരാമായിരുന്നു. അല്ലെങ്കില്‍ സമതലത്തിലൂടെതന്നെ സഞ്ചരിച്ചെത്താവുന്ന കൂടുതല്‍ ബസ്സുകളുണ്ട്... എന്നിട്ടും യാത്ര ചെയ്യാന്‍ തിരഞ്ഞെടുത്തത് ഈ ഇടുങ്ങിയ കാട്ടുപാതയാണ്.

അയാള്‍ വീണ്ടും പുറത്തേക്ക് നോക്കി.

വൃക്ഷനിബിഡമല്ലാത്ത ഒരു മലഞ്ചെരുവ്. റോഡരികിലെ നാഴികക്കള്ളില്‍ കൊത്തിയിരിക്കുന്നു: അമ്പലപ്പാറ. ദൂരം എത്രയെന്ന് അറിയുന്നതിന് മുന്‍പ് അത് മറഞ്ഞു. 'അമ്പലപ്പാറ'. വായിച്ചപ്പോള്‍ എന്തൊക്കെ തോന്നേണ്ടതായിരുന്നു. ഒന്നും ഉടനെ തോന്നിയില്ല. ഒരു കല്ല്‌, അതില്‍ കൊത്തിയ ഏതാനും അക്ഷരങ്ങള്‍.

മറ്റൊരു വളവു തിരിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ബോധ്യമായി, അണക്കെട്ടിനോട് അടുക്കുന്നു.

മല തുരന്നു തുരന്നുപോയ മനുഷ്യയത്നം ഈ ഭാര്‍ഗവക്ഷേത്രത്തില്‍ ഓടിനടന്നു വിളിച്ചുപറയുന്നു - ദീപം,ദീപം....

അന്ന് ആദ്യമായി അയാള്‍ ഇവിടെ വന്നപ്പോള്‍ ഈ അണക്കെട്ടിന്‍റെ പണി പൂര്‍ത്തിയായിരുന്നില്ല. അന്ന് ഇവിടെ നടന്നു കാണുമ്പോള്‍ ഇവിടത്തെ പുതുമ പങ്കുവെയ്ക്കുവാന്‍ അവളും കൂടെയുണ്ടായിരുന്നു. അവള്‍ ഇവിടെ ജോലിക്ക് ചേര്‍ന്നിട്ട് ആദ്യത്തെ എഴുത്തു കിട്ടി അയാള്‍ ചെന്നതായിരുന്നു.

തുരങ്കത്തിലെ പൊട്ടിത്തെറിയില്‍ ഹോമിക്കപ്പെട്ടവരുടെ പേരുകള്‍ കൊത്തിയ സ്തൂപത്തിന്‍റെ മുന്നില്‍ നിന്ന് പേരുകളോരോന്നും വായിച്ചു. പ്രധാന ജലസംഭരണിയിലേക്കുള്ള കവാടത്തിന്‍റെ എതിര്‍വശത്തുള്ള കൊച്ചുപൂന്തോട്ടത്തില്‍ വളരെ നേരം ഇരുന്നു. എന്നിട്ടും എത്രമാത്രം വിതുമ്പലോടെയാണ് അന്ന് പിരിഞ്ഞത്! 

തിരിച്ചു നാട്ടില്‍ വന്നിട്ടും എത്രയോ സന്ധ്യകളില്‍ കിഴക്കോട്ടും നോക്കി ഇരുന്നിട്ടുണ്ട്. ഈ മലനിര ഇരുട്ടില്‍ അശേഷം അലിയുന്നതുവരെ.

പിന്നെപ്പിന്നെ അയയ്ക്കുന്ന എഴുത്തുകള്‍ക്ക് അവളുടെ മറുപടി വിരളമായി... ഒടുവില്‍ ഒട്ടും മറുപടി ഇല്ലാതെയായി. അങ്ങനെയാണ് വീണ്ടും അന്ന് ഇവിടെ വന്നത്...

പൊടുന്നനെ കണ്ടതില്‍ ഒരത്ഭുതവും അയാള്‍ പ്രകടിപ്പിച്ചില്ല. അവള്‍ ജോലിയില്‍ മുഴുകിയിരിക്കുന്നു. ഒരു പരന്ന കടലാസിലെ ചെറിയ കള്ളികളില്‍ മറ്റൊരു പുസ്തകത്തില്‍നിന്ന് അക്കങ്ങള്‍ പകര്‍ത്തുന്നു. മുന്നില്‍ ഒരു കസേര ഒഴിഞ്ഞു കിടന്നിട്ടും അവള്‍ ഇരിക്കാന്‍ പറഞ്ഞില്ല. പകരം അയാളെയും കൂട്ടി പുറത്തേക്ക് നടന്നു. തിരക്കൊഴിഞ്ഞ സര്‍ക്കാര്‍ ആപ്പീസ് ഒരു ഗോഡൌണ്‍ പോലെ തോന്നി. ആ വരാന്തയില്‍നിന്ന് കൈമാറിയ വാക്കുകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്.

"എന്തേ എഴുത്തിനൊന്നും മറുപടി അയക്കാത്തേ?"

"എഴുതാന്‍ സമയം കിട്ടേണ്ടെ!"

പേനത്തുമ്പില്‍ പൊടിഞ്ഞുനിന്ന മഷി തലമുടിയില്‍ തുടച്ചിട്ട് അവള്‍ പേനയുടെ ടോപ്പ് മുറുക്കി. എന്നിട്ട് മിഴിച്ചു നിന്നു.

"ഈ പ്രദേശം പോലെ നിയ്യും ആകെ തണുത്തിരിക്കുന്നു."

അതിനവള്‍ മറുപടി പറഞ്ഞില്ല.

"നീ മറ്റെവിടേക്കെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങിക്കണം."

"അതിന് ശ്രമിക്കാനൊക്കെ എനിക്ക് ആരുണ്ട്‌?"

"എന്നാലും ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിലും ഭേദം ഇത് വേണ്ടെന്ന് വെയ്ക്കാണ്."

"ഒറ്റയ്ക്കല്ലല്ലോ, എന്‍റെ കൂടെ ജൂനിയര്‍ സൂപ്രണ്ട് ദേവകിയമ്മയും ഉണ്ടല്ലോ."

"എന്നാലെന്താ. ഈ കാടിന്‍റെ നടുവില്‍ രണ്ടു സ്ത്രീകള്‍ മാത്രം ഒരു വീട്ടില്‍....."

"ഇവിടെ ഒരു വീടല്ലല്ലോ. നൂറുകണക്കിന് ക്വാര്‍ട്ടേഴ്സ് ഉണ്ട്. അതില്‍ ജീവിക്കുന്നവരൊക്കെ മനുഷ്യര്‍ തന്നെയാണ്."

അവള്‍ പേന ചുണ്ടില്‍ ഉരസിയിട്ടു നിന്നു. തുടര്‍ന്നു പറയാനുള്ള വാക്കുകള്‍ നെയ്തെടുക്കുകയായിരുന്നുവോ? എന്നിട്ട് പറഞ്ഞത് ഘനമേറിയ വേഗത്തിലായിരുന്നു.

"ഓരോരുത്തരും അവര്‍ക്കു വിധിച്ചതുപോലെ ഒക്കെ ജീവിക്കും. അത്രതന്നെ...."

ആ വാക്കുകള്‍ അയാളുടെ മനസ്സില്‍ ഒരു വലിയ മഞ്ഞിന്‍കട്ട ഉയര്‍ത്തിവെച്ചു. അത് ഒട്ടും അലിയാതെ അവിടെത്തന്നെ 
ഇ
രിക്കുന്നു ഇന്നും.

 
അന്ന് പിന്നീടവള്‍ പറഞ്ഞു:
"ഇപ്പോള്‍ പഴയ പോലെയൊന്നും ഇങ്ങോട്ട് ബസ്സില്ല. രണ്ടരമണി കഴിഞ്ഞാല്‍ ബസ്സ്‌ ഇല്ല."

അന്നൊക്കെ അയാള്‍ക്കോ അവള്‍ക്കോ സ്വന്തമായി വാച്ച് ഉണ്ടായിരുന്നില്ല. ആപ്പീസിലെ ടൈംപീസില്‍ നോക്കിയിട്ടാണ് സമയം അറിഞ്ഞത്.

പിന്നേയും അവശേഷിക്കുന്നു അരമണിക്കൂര്‍ നേരം. പക്ഷേ അരമണിക്കൂര്‍ നേരത്തേക്കുള്ള വാക്കുകള്‍ അയാള്‍ക്കുണ്ടാവാന്‍ ഇടയില്ലെന്നറിഞ്ഞപ്പോള്‍ മാത്രം ദുഃഖം തോന്നി.

ആ അപ്പീസിന്‍റെ മുറ്റത്ത്‌ കുന്നുകൂടി കിടക്കുന്ന അനേകം ലോഹ ഉരുപ്പടികളുടെ നടുവില്‍ അവളും ഒരു ലോഹപ്രതിമ പോലെ നിന്നു.

ഡാമില്‍ത്തന്നെ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ അവള്‍ കല്യാണം കഴിച്ചുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.

ഇയ്യിടെ അറിഞ്ഞത് ഇത്രയുമാണ്- പിള്ളപ്പാറ എന്ന സ്ഥലത്ത് നാലഞ്ച് ഏക്കര്‍ സ്ഥലം വാങ്ങി ഒരു ടെറസ്സ് വീട് വെച്ച് സുഖമായി കഴിയുന്നു.

ഇന്ന് കാലത്തിന്‍റെ ചീട്ട് വീണ്ടും കശക്കി പകുത്തിട്ട്‌ എണ്ണിനോക്കുമ്പോള്‍ അറിയുന്നു:

അവള്‍ ചെയ്തതല്ലേ ശരി? ഒരിക്കലും വളരാന്‍ ആഗ്രഹമില്ലാത്ത മരത്തില്‍ ഒരു പാഴ്വല്ലി കണക്കെ അവള്‍ ഒതുങ്ങി നിന്നില്ല. അത്രതന്നെ. ഈ വനഭൂമിയാണ്‌ അവള്‍ക്കതിന് കരുത്തു നല്‍കിയത്.

ഇന്ന് ഒന്നുമാത്രം കാംക്ഷിക്കുന്നു.

ദുര്‍ബലമായ ഒരാഗ്രഹം. ഈ യാത്രക്കിടയില്‍ അവളെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍. അനേകം പുറംകാഴ്ചകള്‍ കാണുന്ന കൂട്ടത്തില്‍, വളരെ അകലെ നിന്നൊരു ദൃശ്യം. 
എതിരെ വരുന്ന ഒരു വാഹനത്തില്‍ അവള്‍ കടന്നു പോകുന്നതായി...
ഒരു ബസ്സ്‌സ്റ്റോപ്പില്‍ അവള്‍ ബസ്സ്‌ കാത്തു നില്‍ക്കുന്നതായി...

ഇന്ന് ബസ്സ്‌സ്റ്റോപ്പില്‍ നില്‍ക്കില്ലായിരിക്കും. ഒരു മേലുദ്യോഗസ്ഥനെയല്ലേ വിവാഹം കഴിച്ചിട്ടുള്ളത്‌. സ്വന്തമായി എന്തെങ്കിലും വാഹനം കാണുമായിരിക്കും. അപ്പോള്‍ ബസ്സ്‌സ്റ്റോപ്പില്‍ കാണേണ്ട. പിള്ളപ്പാറയിലുള്ള സ്വന്തം വീടിന്‍റെ പൂമുഖത്ത് ചൂരല്‍ കസേരയില്‍ ഇരിക്കുന്ന അവളെ വളരെ ദൂരെ നിന്ന് ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍...

പിള്ളപ്പാറ എന്ന സ്ഥലത്തുകൂടെയാണോ ഈ ബസ്സ്‌ പോകുക?!

ബസ്സ്‌ ഒരു ചെക്ക് പോസ്റ്റിന്‍റെ അടുക്കല്‍ വന്നപ്പോള്‍ വേഗത കുറച്ചു. വനംവകുപ്പിന്‍റെ ചെക്ക്‌ പോസ്റ്റ്‌. ബസ്സ്‌ അവിടെ നിന്നില്ല. കുറച്ചുകൂടെ മുന്നോട്ടു പോയി.

അമ്പലപ്പാറ.

അണക്കെട്ടിന്‍റെ അധികാരം നിശ്ചയിക്കുന്ന കൂറ്റന്‍ ഗെയിറ്റ്. പഴയ വാച്മേന്‍ തന്നെ. പേര് ഇന്നും ഓര്‍ക്കുന്നു- വേലായുധന്‍ നായര്‍. കാക്കിഷര്‍ട്ടും കറുപ്പുമുണ്ടും. തലമുടിയും താടിരോമങ്ങളും നന്നേ നരച്ചിട്ടുണ്ട്.

അന്ന് അവളെ കാണാന്‍ പോകുമ്പോള്‍ ഡാമിനകത്ത് കയറാന്‍ ഈ വാച്ച്മാന്‍റെ അനുവാദം തേടിയിരുന്നു.

"പറഞ്ഞ കൊച്ചിനെ മനസ്സിലായി. ദേവകിയമ്മസാറ് ജെ.എസ്സിന്‍റെ കൂടെ ക്വാര്‍ട്ടേഴ്സ്സില്‍ താമസിക്കുന്നു. അല്ലെ, നമ്മള് അവരുടെ ആരാ?"

സ്വന്തക്കാരാണെന്ന് പറയാന്‍ മുതിര്‍ന്നു. ഒടുവില്‍ തീര്‍ത്തു പറഞ്ഞു:

"ആങ്ങളയാണ്."

അന്ന് മനസ്സിലെ മഞ്ഞിന്‍കട്ടയുമായി മലയിറങ്ങി വന്നിവിടെ ബസ്സ്‌ കാത്ത് ഇരിക്കുമ്പോള്‍ വാച്ച് മാൻ  വീണ്ടും ചോദിച്ചു:

"ആളെ കണ്ടില്ലേ.എന്താ മുഖത്തിനൊരു വല്ലായ്മ."

ബസ്സ്‌ നിര്‍ത്തിയിട്ടു ഡ്രൈവര്‍ ഇറങ്ങിച്ചെന്ന് വാച്ച്മാന്‍റെ 
കയ്യില്‍നിന്നു തീപ്പെട്ടി വാങ്ങി സിഗരറ്റ് കത്തിച്ചു. എന്നിട്ട് ബസ്സിന്‍റെ ചുറ്റും ഒന്നുനടന്ന് നോക്കി. എന്തിനാണെന്നറിയില്ല... ബസ്സ്‌ നിര്‍ത്തുമ്പോഴൊക്കെ ഡ്രൈവര്‍ ഇറങ്ങി ചുറ്റും ഒന്ന് നടന്ന് നോക്കും. 
 
അമ്പലപ്പാറയില്‍ ഒന്ന് രണ്ട് യാത്രക്കാര്‍ ഇറങ്ങി.

ഒരു യാത്രക്കാരന്‍ മാത്രം ബസ്സില്‍ കയറി. യാത്രക്കാരന്‍ ഡ്രൈവറോട് കയര്‍ക്കുന്നതു കേട്ടു.

"ചുറ്റും വലംവെക്കാതെ ബസ്സ്‌ ഒന്ന് വിടാന്‍ നോക്കൂ..."

വളരെ ശാസനാരൂപത്തിലുള്ള ശബ്ദം ഡ്രൈവര്‍ക്കെന്നല്ല മറ്റു യാത്രക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല.

അയാള്‍ ആ മനുഷ്യനെ ശ്രദ്ധിച്ചുനോക്കി. കറുത്ത് നീണ്ട് മെലിഞ്ഞ മനുഷ്യന്‍. ഒരു പഴകിയ പോളിസ്റ്റര്‍ ഷര്‍ട്ടും പരുക്കന്‍ കാക്കി പേന്‍ട്സും ധരിച്ചിരിക്കുന്നു. കണ്ണുകള്‍ ആഴത്തിലാണ്; ദൃഷ്ടി ഒരിടത്തും ഉറയ്ക്കുന്നില്ല. ഒരു 'അപദൃഷ്ടി'. അയാള്‍ ഉള്ളുകൊണ്ടു പേരിട്ടു. നേരെവന്ന്   ഇരുന്നതോ അയാളുടെ അരികിലെ സീറ്റില്‍തന്നെ.

ഡ്രൈവര്‍ വാച്ച്മാന്‍റെ അടുക്കല്‍ പോയി തമാശ പറഞ്ഞ് ചിരിക്കുന്നു. അതില്‍ അരിശം തോന്നിയ 'അപദൃഷ്ടി' എന്തൊക്കെയോ വിളിച്ചുപറയുന്നു.

ബസ്സ്‌ നീങ്ങിയപ്പോള്‍ വല്ലാതെ കുളിരുതോന്നി.

ഇതാണോ ഈ മലനിരയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലം. അതറിയാന്‍ അയാള്‍ അടുത്തിരുന്ന അപദൃഷ്ടിയുള്ള മനുഷ്യനോട് ചോദിച്ചു:

"ഈ പ്രദേശത്തിന് എത്ര ഹൈറ്റ് ഉണ്ടാകും എബൌ സീ ലെവല്‍...."

അപദൃഷ്ടിയില്‍ നിന്ന് മറുപടിയും കിട്ടിയില്ല - വീണ്ടും ചോദിച്ചു:

"കടല്‍ നിരപ്പില്‍ നിന്ന് എത്ര ഉയരംകാണും?"

'അപദൃഷ്ടി' പുറത്തേക്കു നോക്കിയിരുന്നിട്ട്‌ പറഞ്ഞു:

"എനിക്കറിയില്ല."

ഒരുപക്ഷേ, ആ മനുഷ്യന് താല്പര്യമില്ലാത്ത വിഷയമായിരിക്കും, ഹൈറ്റും എബൌ സീ ലെവലുമൊക്കെ. അണക്കെട്ടില്‍നിന്ന് വരുന്ന ആളല്ലേ. പവര്‍ക്കട്ടിന്‍റെ ഭീഷണിയുമുണ്ടല്ലോ. ആ മനുഷ്യന് താത്പര്യമുള്ള വിഷയം എടുത്തിട്ട് കളയാം.

"എങ്ങനെ ഈ വര്‍ഷം സംഭരണിയിലെ വെള്ളത്തിന്‍റെ ലെവല്‍?"

"ഇറങ്ങി നോക്കിയിട്ട് പോരാമായിരുന്നില്ലേ."

മറ്റ് എവിടെക്കോ നോക്കിയിട്ട് 'അപദൃഷ്ടി' മറുപടി പറഞ്ഞു.

പിന്നെ അയാള്‍ക്കൊന്നും ചോദിക്കുവാന്‍ തോന്നിയില്ല.

ഭൂപ്രകൃതിക്ക് പെട്ടെന്ന് ഒരു മാറ്റം വന്നിരിക്കുന്നു. പാതവക്കില്‍ നിന്നും ആരംഭിച്ച് മലമുകളിലേക്ക് കയറിപ്പോകുന്ന ഒരുതരം മഞ്ഞപ്പൂക്കളുള്ള ചെടികള്‍. ബസ്സ്‌ നീങ്ങും തോറും അതൊരു അസുലഭദൃശ്യമായി മാറുന്നു. മലകൊണ്ടൊരു മലര്‍ച്ചെണ്ട്- അയാള്‍ ഓര്‍ത്തു; ഇതാണോ പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ചെടികള്‍. ഒന്ന് ചോദിച്ച് മനസ്സിലാക്കണമെന്നുണ്ടായിരുന്നു. അടുത്തിരിക്കുന്ന 'അപദൃഷ്ടി'യോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി, ഒരുപക്ഷേ, വഴക്കില്‍ ചെന്നവസാനിക്കും.

അയാള്‍ പുതുമ മനസ്സില്‍ ഒതുക്കി മഞ്ഞപ്പൂക്കളും നോക്കി ഇരുന്നു.

ആ മലനിര അവസാനിച്ചപ്പോള്‍ വീണ്ടും കാട്. പുറംകാഴ്ചകള്‍ക്ക് പുതുമ നശിക്കുന്നു. കാടുകള്‍ കരുപ്പിടിപ്പിച്ചുണ്ടാക്കിയ കരങ്ങള്‍ക്ക് ആവര്‍ത്തനദോഷം വന്നതാണോ?

അറിയാതെതന്നെ അയാള്‍ ഒന്ന് മയങ്ങിപ്പോയി. ഒരു വലിയ ബഹളം കേട്ടാണ് ഉണര്‍ന്നത്.

ഒരു ചായക്കടയുടെ മുമ്പില്‍ ബസ്സ്‌ നില്‍ക്കുന്നു.

"താന്‍ കണ്ടേടത്തൊക്കെ ബസ്സ്‌ നിര്‍ത്തി പഴം വാങ്ങിത്തിന്നാന്‍ നടക്കാതെ ഒന്നു വിടാന്‍ പറയെടോ...."
- അപദൃഷ്ടി കുഴിഞ്ഞ കണ്ണുകള്‍ കണ്ടക്ടറുടെ നേരെ ഉരുട്ടുന്നു.

"ഇയാള്‍ ഏതു കാട്ടില്‍ കിടക്കുന്ന മനുഷ്യനാ."

- ഇതിനകം യാത്രക്കാര്‍ മുഴുവനും അപദൃഷ്ടിക്ക് എതിരായിക്കഴിഞ്ഞിരുന്നു.

ബസ്സ്‌ നീങ്ങുന്നു.

പുറംകാഴ്ച്ചകള്‍ക്കു വീണ്ടും പുതുമ. കാട് കനം കുറയുന്നു.

ഒറ്റപ്പെട്ട വീടുകളും നാട്ടുമരങ്ങളും ജനവാസം തെളിയിക്കുന്നു.

പിള്ളപ്പാറ എവിടെയാണ്? ആരോടെങ്കിലും ഒന്നു ചോദിച്ചാലോ?

എന്തിന്? എന്തു നേടാന്‍? അയാളുടെ മനസ്സ് വിലക്ക് കല്‍പ്പിച്ചു.

ബസ്സില്‍ തിരക്ക് വര്‍ദ്ധിക്കുന്നു. ഒരുകൂട്ടം തൊഴിലാളി സ്ത്രീകള്‍ കയറി. അവരുടെ കൈകളില്‍ കൊച്ചുകൊച്ചു മാറാപ്പുകളുണ്ടായിരുന്നു. കൊറ്റും കൊക്കിലാക്കി കൂടണയാന്‍ പോകുന്ന പക്ഷികളുടെ വെമ്പല്‍ അവര്‍ക്കുമുണ്ടായിരുന്നു.

"അതേ,ഡ്രൈവറേ,ആ വെള്ളച്ചാട്ടത്തിന്‍റെ അടുക്കല്‍ വരുമ്പോള്‍ ഒന്ന് നിര്‍ത്തണം. നല്ലോണം കാണാനാ."

ആരോ ഉറക്കെ വിളിച്ചു പറഞ്ഞു.

വാച്ചില്‍ നോക്കുകയും കൈവിരലുകളില്‍ എന്തോ കണക്കു കൂട്ടുകയും ചെയ്യുന്നതിനിടയില്‍ അപദൃഷ്ടി പറഞ്ഞു:

"വെള്ളച്ചാട്ടം കാണാന്‍ പോണോരോക്കെ ടാക്സി പിടിച്ച് പോണം. ഇത് ലൈന്‍ ബസ്സാണ്. കണ്ടേടത്തൊക്കെ നിര്‍ത്താനുള്ളതല്ല."

"തൊടങ്ങി ആ കാട്ടുമനുഷ്യന്‍ പിന്നെയും....."

യാത്രക്കാര്‍ക്ക് അപദൃഷ്ടിയോടുള്ള പക തീര്‍ന്നിട്ടില്ല.

"വെള്ളച്ചാട്ടം അടുക്കാറാകുമ്പോള്‍ ഞാന്‍ ഒന്ന് പതുക്കെ വിടാം....."

ഡ്രൈവര്‍ അത്രയും സമ്മതിച്ചു.

ഒരിക്കലും പുതുമ നശിക്കാതെ തന്നെ അയാള്‍ വെള്ളച്ചാട്ടം നോക്കി ഇരുന്നു. ചെങ്കുത്തായ പാറയില്‍നിന്ന് താഴോട്ട് ഒരു വെളുത്ത പരവതാനി ഉണക്കാനിട്ടതുപോലെ തോന്നി. കുറച്ചു കൂടെ ബസ്സ്‌ താഴോട്ട് ഇറങ്ങിയപ്പോള്‍ മറ്റൊരു ദൃശ്യം. പാറയുടെ ഭിത്തിയില്‍ പടര്‍ന്നു സദാസമയവും കാറ്റില്‍ ഇളകുന്ന ഒരു വെളുത്ത ക്രീപ്പര്‍.

ബസ്സ്‌ നിരപ്പിലേക്ക്‌ ഇറങ്ങുന്നു. മറ്റ് മലഞ്ചെരിവിലെ പാതകളെപ്പോലെ എടുത്തുമറയ്ക്കുന്ന കൊടും വളവുകളൊന്നും ഇവിടെ കാണുന്നില്ല. റോഡരികെതന്നെ ഒപ്പം ഒഴുകുന്ന പുഴ ബസ്സിനോട്‌ പന്തയം വെച്ച് ഒഴുകുന്നു. ആഴം കുറഞ്ഞ പുഴയില്‍ ആരോ വിതച്ച ഉഴുന്നുമണികള്‍ കണക്കെ കരിമ്പാറകള്‍. പിന്നെ വാശി മതിയാക്കിയിട്ട് പുഴ വഴിമാറിപ്പോയി. ദൂരെ നെല്‍പ്പാടങ്ങള്‍,ഒപ്പം വൃശ്ചികക്കാറ്റും. കാടിനോട്‌ എപ്പോഴോ വിടപറഞ്ഞ പകല്‍വെളിച്ചം ഇറങ്ങിച്ചെന്നു നെല്‍പ്പാടങ്ങളില്‍ ചുറ്റി നടക്കുന്നു. നെല്‍പ്പാടം ഇളം മഞ്ഞപ്പട്ട് ഉടുത്തിരിക്കുന്നു. നെല്‍പ്പാടങ്ങളിലേക്ക് ഒഴുകുന്ന തിളങ്ങുന്ന കനാലുകള്‍.

കനാലില്‍ കുട്ടികള്‍ കൂത്താടുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് അസൂയ തോന്നി. സന്ധ്യാ നേരത്തെ തണുത്ത വെള്ളം കാണുമ്പോള്‍ ഒരു ആസ്ത്മക്കാരന് തോന്നുന്ന അസൂയ.

വഴിവക്കിലെ ചെറിയ അമ്പലത്തിന്‍റെ മുറ്റത്ത്‌ വാഴപ്പിണ്ടികളും കുരുത്തോലയും കുന്നുകൂടി കിടക്കുന്നു. കാക്കകള്‍ അവയില്‍നിന്ന് കരിഞ്ഞ തിരികള്‍ ചികഞ്ഞെടുക്കുന്നു. ഇത്രമാത്രം വാഴപ്പിണ്ടികളോ! ഇവിടെ ഇന്നലെ നടന്നത് മുഴുവന്‍ വിളക്കായിരുന്നുവോ!

ബസ്സ്‌ നിന്നു. അയാള്‍ പുറത്തേക്കു നോക്കി. ഒരു പുരാതന വീടിന്‍റെ മുന്‍വശം. വീടിന്‍റെ മുറ്റം ചത്തബസ്സുകളുടെ ശവപ്പറമ്പുപോലെ തോന്നി. ബസ്സുകള്‍ക്ക് അംഗഭംഗവും വന്നിരിക്കുന്നു. മരക്കട്ടയില്‍ കയറ്റിനിര്‍ത്തിയിരിക്കുന്നു. നെറ്റിയില്‍ ഇന്നും പേരുകള്‍ തെളിഞ്ഞു കാണാം ഒരു കാലത്ത് ഈ മലഞ്ചെരുവില്‍ ഓടിതിമിര്‍ത്ത ബസ്സുകള്‍. ഈ മലഞ്ചെരുവിലെ മുഴുവന്‍ ബസ്സുകളും അന്നൊക്കെ ഈ ഒരൊറ്റ കമ്പനിക്കാരുടേതായിരുന്നു. മുറ്റത്തെ മുരടിച്ച മാവിന്‍റെ ചുവട്ടില്‍ കിടക്കുന്ന ബസ്സിന്‍റെ സെറ്റില്‍ പ്രൌഡി മങ്ങിയ മുഖവുമായി ഇരിക്കുന്ന ഈ മനുഷ്യന്‍ ആരായിരിക്കാം. പഴയ ഫ്ലീറ്റ് ഓണറോ? ആണെങ്കില്‍…. ഈ പോക്കുവെയിലില്‍ ഇരുന്നുകൊണ്ട് എന്തൊക്കെയാവാം ഇന്ന് പഴയ ഫ്ലീറ്റ് മുതലാളി മനസ്സില്‍ കുത്തിക്കുറിക്കുന്നത്?അനുഭവങ്ങളോ,പാളിച്ചകളോ. ഒരു കാര്യം കണിശമാണ്.... താന്‍ പെര്‍മിറ്റുകള്‍ക്കു വേണ്ടി മെരുക്കിയെടുത്ത ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ പഴയ മുഖങ്ങള്‍ ഇന്ന് മനസ്സില്‍ കാണുമ്പോള്‍ എന്താണ് തോന്നുക? അനുകമ്പയോ വ്യര്‍ത്ഥതയോ? പിന്നിട്ട കൊടുമുടികളെക്കുറിച്ചോര്‍ക്കുന്നുണ്ടായിരിക്കും. റസ്റ്റ്‌ഹൌസുകളെക്കുറിച്ചോര്‍ക്കുന്നുണ്ടായിരിക്കും.
റസ്റ്റ്‌ഹൌസിലെ കിടക്കകളില്‍ മാറിമാറിവരുന്ന തീനാളങ്ങളെക്കുറിച്ച്...

ഒരു വലിയ ഞരക്കത്തോടെ ബസ്സ്‌ നീങ്ങി. അപ്പോഴാണ്‌ പഴയ ഫ്ലീറ്റ് മുതലാളിയുടെ കാല്‍ക്കീഴിലെ ടയറിനകത്ത് കിടന്നിരുന്ന വൃദ്ധന്‍ നായ ഒന്ന് എഴുന്നേറ്റു നിന്നത്. ഉടല്‍ ഒന്ന് വിറപ്പിച്ചു. ആ വൃദ്ധന്‍നായക്ക് കുടയാന്‍ സടയൊന്നും ഉണ്ടായിരുന്നില്ല. അത് വീണ്ടും ടയറിനകത്ത്‌ ചുരുണ്ടു കിടന്നു. ബസ്സ്‌ ഒരു പുതിയ ഉണര്‍വോടെ ഓടിക്കൊണ്ടിരിക്കുന്നു.

'അപദൃഷ്ടി' വെകിളിയെടുക്കുന്നതുപോലെ ചാടി എഴുന്നേറ്റു.

"കണ്ടക്ടര്‍, ഈ തിരിവില്‍ ഒന്നു നിര്‍ത്തണം."

പറഞ്ഞുതീര്‍ന്നില്ല, യാത്രക്കാരെ തള്ളിമാറ്റി ബസ്സിന്‍റെ ഡോര്‍വരെ എത്തിയിരിക്കുന്നു.

"എടോ മനുഷ്യാ...എന്‍റെ കാല്...എന്‍റെ കാല്...."
- ആരുടെയോ കാലില്‍ ചവുട്ടി ഞെരിച്ചിട്ടാണ് അപദൃഷ്ടി ഓടിയെത്തിയത്.

ചെത്തിത്തേയ്ക്കാത്ത ഒരു ചെറിയ വീടിന്‍റെ മുമ്പില്‍ ബസ്സ്‌ നിന്നു. വീടിന്‍റെ മുന്‍വശം റോഡരുകില്‍ ഒരു ആംബുലന്‍സ് നില്‍ക്കുന്നു. അവിടെ കൂടിയ മനുഷ്യര്‍ മുഴുവനും ബസ്സിനെത്തന്നെ ഉറ്റുനോക്കുന്നുണ്ട്. അപദൃഷ്ടി ചാടിയിറങ്ങിയപ്പോള്‍ എതിരേറ്റത് ഒരു കൂട്ടനിലവിളിയായിരുന്നു... ആ മനുഷ്യന്‍ ഇറങ്ങി വീട്ടിലേക്ക് ഓടി.

ബസ്സിലെ യാത്രക്കാര്‍ ആരും ഒന്നും ശബ്ദിക്കാതെ മറ്റൊന്നുകൂടെ ശ്രദ്ധിച്ചിരുന്നു. എതിര്‍വശത്തുകൂടെ വരുന്ന കാറിന്‍റെ കേരിയറില്‍ ഒരു ശവപ്പെട്ടി.

കാറ് റോഡില്‍ നിന്ന് വീട്ടു മുറ്റത്തേക്ക് തിരിഞ്ഞു. മറ്റ് യാത്രക്കാര്‍ അത് ശ്രദ്ധിച്ചുവോ എന്നറിയില്ല. അതൊരു കൊച്ചു ശവപ്പെട്ടിയായിരുന്നു - വളരെ ചെറിയ ശവപ്പെട്ടി.

അപ്പോള്‍, അതുവരെ വെറുപ്പു മാത്രം ജനിപ്പിച്ച അജ്ഞാതനായ ആ മനുഷ്യനുവേണ്ടി അയാളുടെ മനസ്സ് ഒരിറ്റ് കണ്ണീര്‍ വാര്‍ത്തു.

('കേരള കഫെ' എന്ന കൂട്ടായ്മയില്‍ ശ്രീ.ലാല്‍ ജോസ് അവതരിപ്പിച്ച 'പുറംകാഴ്ചകള്‍' എന്ന ചലച്ചിത്രത്തിന് ആധാരമായ കഥ...)