Friday, December 3, 2010

കുഞ്ഞുണ്ണിക്കവിതകള്‍

-കുഞ്ഞുണ്ണി


1
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊ-
ണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകള്‍...

2
കവിതയെഴുത്ത് കണ്ടുകിട്ടലാണ് ;
കവിതവായന കണ്ടുപിടിത്തവും...

3
വരുന്നകാലത്തിനെ വിരുന്നൂട്ടുവാനായി-
റ്റൊരുക്കുകൂട്ടുന്നു നാ,മിന്നിനെപ്പഷ്ണിക്കിട്ടും...

4
ആകാശമിടയ്ക്കലറും
കടലിടയ്ക്കലറാതെ കിടക്കും...

5
എനിക്കു തലയില്‍ കൊമ്പില്ല;
എനിക്കു പിന്നില്‍ വാലില്ല;
എങ്കിലുമില്ലൊരു വിഷമം-വായയി-
ലെല്ലില്ലാത്തൊരു നാവില്ലേ?

6
കലപിലകൂട്ടും പത്രങ്ങള്‍
കലഹിക്കില്ല കുസുമങ്ങള്‍...

7
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം.

8
ഏബീസീഡിയിലുണ്ടൊരു തത്ത്വം;
കാലത്തിന്‍ തത്ത്വം...
'ഏഡിയ്ക്കുള്ളില്‍ ബീസി'
എന്നാണത്തത്ത്വം.

9
പഴവങ്ങാടി വടക്ക്
തെക്കതു പഴയങ്ങാടി

തെക്കുവടക്കുകള്‍ തമ്മില്‍
വായില്‍ വ്യത്യാസം
വായയില്‍ വ്യത്യാസം.

10
അനുകൂലിയാകാം ഞാന്‍;
പ്രതികൂലിയാകാം ഞാന്‍;
രണ്ടും വെറും കൂലിയാകയാലേ...

11
എനിക്കു നാക്കുണ്ടെന്നതുകൊണ്ടോ
തനിക്കു കാതുണ്ടെന്നതുകൊണ്ടോ
സംസാരത്തിലെനിക്കു രസം...

12
വലിയൊരീ ലോകം മുഴുവന്‍ നന്നാകാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍:
'സ്വയം നന്നാവുക.'

13
സ്വര്‍ഗമുള്ളതുകൊണ്ടല്ലോ
നരകിക്കുന്നു മാനുഷര്‍...

14
പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു.

15
കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി.

16
നല്ല വാക്കുള്ളപ്പോള്‍
ചീത്ത വാക്കോതുന്നോന്‍
നല്ലൊരു വിഡ്ഢിയാണല്ലോ...

17
വിരിഞ്ഞ പൂവേ കണ്ടിട്ടുള്ളു
പൂവിരിയുന്നതു കണ്ടിട്ടില്ലാ ഞാന്‍
എന്നിട്ടും ഞാന്‍ ഞെളിയുന്നു
ഞാനൊരു കവിയെന്ന്.

18
മഴയേക്കാള്‍ മഹത്തായി
മാനമെന്തൊന്നു നല്കിടാന്‍!

19
ഭാഷയല്ലാതെ മറ്റൊന്നും
പറയാന്‍ വയ്യ മര്‍ത്യന്.

20
സ്പര്‍ശനസുഖത്തേക്കാള്‍
ദര്‍ശനസുഖം നല്ലൂ...
ദര്‍ശനസുഖത്തേക്കാള്‍
സ്മരണസുഖം നല്ലൂ...
സ്മരണസുഖത്തേക്കാള്‍
സങ്കല്പസുഖം നല്ലൂ...

21
കുരുത്തമില്ലാത്തോന്
കരുത്തുണ്ടെന്നാലയാള്‍
കരുതിക്കൂട്ടിത്തന്നെ
വരുത്തും വിനയേറെ.

22
അറിയാതെ ചെയ്തോരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിക്കാമാരോടുമാര്‍ക്കും
അറിവോടെ ചെയ്തൊരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിപ്പതുമൊരു കുറ്റം.

23
എന്‍തല എനിക്കൊരു തണലായ്‌ തീരും വരെ
എന്‍നില മറ്റുള്ളോര്‍ തന്‍ കാലിന്റെ ചോട്ടില്‍ത്തന്നെ.

24
ഇനി ഞാനുറങ്ങട്ടെയെന്നല്ലാതൊരാളുമേ
ഇനി ഞാനുണരട്ടെയെന്നു ചോല്ലാറില്ലല്ലോ;
എന്തുകൊണ്ടാവാം?
ഉണര്‍വെന്നതിനേക്കാള്‍ സുഖ-
മുറക്കമാണെന്നതുകൊണ്ടാണെന്നാകില്‍ കഷ്ടം!

25
ഏബീസീഡീ അടിപിടികൂടി
ഈഎഫ് ജീയെച്ചതിനൊടു കൂടി
ഐജേക്കെയെല്ലതു കണ്ടെത്തി
എമ്മെന്നോപ്പീയമ്മയൊടോതീ
ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു
യൂവീഡബ്ല്യൂ വടിയുമെടുത്തു
എക്സ് വൈസെഡ്ഡങ്ങടിയോടടിയായ്.

Monday, October 25, 2010

മരക്കഥ

- കാവാലം നാരായണപ്പണിക്കര്‍

ഞാനൊരു മാമരമായിരുന്നു... 
തീ വെയ് ലത്തും വാടിത്തളരാതെ
ദിനംതോറും മലര്‍ന്നുണരും പൂക്കളുമായ്‌
ഭൂമിക്കഭിമാനത്തിന്‍ കുട നീര്‍ത്തിയ
ഞാന്‍ ഒരു മാമരമായിരുന്നു...!

ഏതുകൊടും കാറ്റത്തും വീഴാതെ
ജനിക്കാനിടമേകിയ മണ്ണിന്‍ മാറ-
ത്തള്ളിപ്പിടിച്ചു ജീവിതമൊരു
ലഹരിയാക്കി ഞാന്‍.

വാടിത്തളര്‍ന്ന വനയാത്രികരെന്‍
ചോടൊരു കുളിര്‍നിലമാക്കി...
ചില്ലക്കൊമ്പത്തൊരു ചെല്ലമണിക്കുയില്‍
ചേക്കേറിക്കാടിനു സ്വര്‍ലോകസുഖം ചാറ്റീ...
കാട്ടാന പുറംചൊറിയാനെന്‍
മേനിയില്‍ മുട്ടുമ്പോള്‍
വേരെല്ലാമിളകീട്ടും
കിടിലംകൊണ്ടില്ലെന്നുള്ളം.

അങ്ങനെയുള്ളോ,രെന്നെ-
പ്പൊരിവേനലിലെന്‍-
തണലിലിരുന്നു വിയര്‍പ്പാറ്റിയ മാന്യന്മാര്‍;
എന്റെ കുടുന്നയിലെക്കുയിലിന്‍
പാട്ടുംകേട്ടു സുഖിച്ചവര്‍;
അവരൊരുനാളെന്നെ
വെട്ടിമുറിച്ചിട്ടു.


അതില്‍ നായകനായ്ക്കണ്ട,വനൊരു
രാക്ഷസനെന്റെ
പുറംപടമാകെയുരിഞ്ഞു കളഞ്ഞു.
അവരെന്നെക്കാടു കടത്തി
നാടെത്തിച്ചിട്ടൊരു
കളിവള്ളത്തിന്‍ വേഷം കെട്ടിച്ചു.

ഒരു ശുഭദിനമെത്തീ,
ഞാനാം വള്ളത്തെക്കളിവിരുതന്മാര്‍
വെള്ളത്തിലിറക്കീ...
ഏവരെയും തള്ളിയകറ്റീ-
ട്ടമരമിതേവരെയേല്‍ക്കാത്തവനൊരുവന്‍
പങ്കായവുമായ് സര്‍വ്വതുഴക്കാര്‍ക്കും
സമ്മതനെന്നു ചമഞ്ഞു...

അമരക്കാരന് നാട്ടിലെ-
യമരത്വം നല്‍കിയ
നാട്ടാചാര്യനൊരാള്‍
അണിയത്താഡംബരമായ് നിന്നി-
ട്ടിങ്ങനെയുണ്ടാക്കിപ്പാടീ:
"നമ്മുടെയമരം കയ്യാളുന്നവ-
നമരത്തെപ്പറ്റിപ്പിടിയില്ലാത്തവ-
നെന്നാലും തറവാടി."

ഞാനെന്നെ നയിക്കുന്ന മഹാ-
നേതാവിനെയൊരുകുറി നോക്കീ...
നോക്കുമ്പോള്‍ കണ്ടതുനേരോ...!
അന്നെന്നെ മുറിച്ചി-
ട്ടിന്റെപുറംപടമാകെയുരിഞ്ഞവനാം
രാക്ഷസനിവനല്ലേ...?

ആഞ്ഞും പാഞ്ഞും ചീറിയ ഞാ-
നമരക്കാരന്റെ പിടിപ്പില്ലാത്ത
നിയന്ത്രണമെല്ലാം പുല്ലാക്കി-
ത്തോന്നിയ വഴിയേപോയ്‌...

പിന്നെത്തുഴയന്മാരൊടു-
'മമര'നൊടും കൂടെയൊലി-
ച്ചെങ്ങോട്ടോ പോയ്‌...

Sunday, September 26, 2010

പ്രേതം

- പി പദ്മരാജന്‍

എട്ടാമത്തെ ആളും മറുപടി പറഞ്ഞു : 
    "ഞാന്‍ ആ വഴിക്കല്ല."
അയാളും നടന്നു പോയി...

    കുട്ടി വീണ്ടും കവലയില്‍ കാത്തുനിന്നു. ആരെങ്കിലും വരും. പാടത്തിന്റെ നടുവിലൂടെ,നടന്നു അക്കരെയെത്തേണ്ടവരായി ആരെങ്കിലും ഉണ്ടാകാതെ വരില്ല.
    വീട്ടില്‍ ചെന്നാല്‍ അടികിട്ടും. പക്ഷെ,അന്നേരം അവന്റെ മനസ്സില്‍ അതേച്ചൊല്ലി പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. സന്ധ്യക്കു മുന്‍പ് കടയിലേക്കയച്ചതാണ്. മുക്കിലെ സൈക്കിള്‍വേല കണ്ട് നിന്നുപോയി. നല്ലവണ്ണം ഇരുട്ടുവീഴുകയും സൈക്കിള്‍യജ്ഞത്തിന്റെ കാണികള്‍ പിരിയാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ബീഡി വാങ്ങാനാണ് താന്‍ വന്നതെന്ന വിവരം ഓര്‍ത്തതുതന്നെ.
ഇവിടെവരെ കുഴപ്പമില്ല. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ താഴേക്കു ഒരു ഓട്ടം വച്ചുകൊടുത്തേനെ. പക്ഷെ, ഇപ്പോഴതിന് ധൈര്യം വരുന്നില്ല.
    പാടം കഴിഞ്ഞു കയറുന്ന ഇടവഴിയുടെ തൊട്ടടുത്താണ് വസൂരി വന്ന് മരിച്ച തേവിത്തള്ളയെ കുഴിച്ച് താഴ്ത്തിയത്.
കഴിഞ്ഞയാഴ്ച.
    രാത്രിയിലതുവഴി നടന്നുകൂടാ. ദുര്‍മ്മരണമാണ്. അതും അമ്മവിളയാട്ടം.
    രാത്രിയില്‍ ആ പറമ്പിലൂടെ ആലംബമില്ലാത്ത ഒരു പന്തം അലഞ്ഞുതിരയുന്നുണ്ടാവും എന്ന കാര്യത്തില്‍ കുട്ടിക്ക് സംശയമേതുമില്ല. അതുവഴി ഒറ്റയ്ക്ക് നടന്നു പോകുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍കൂടി വയ്യ.
വീട്ടില്‍ച്ചെന്നുപറ്റിയാല്‍ മാത്രംമതി. അടിയോ ഇടിയോ എന്തുവേണമെങ്കിലും അച്ഛന്റെ ഇഷ്ടംപോലെ തന്നുകൊള്ളട്ടെ.
    ഒരാള്‍ നടന്നു വരുന്നു. അലസമായ വേഷം.


"പാടം വഴിക്കാണോ?"- അടുത്തെത്തിയപ്പോള്‍ കുട്ടി ധൈര്യത്തോടെ ചോദിച്ചു.
"അല്ല."-അയാള്‍ നടന്നു. നടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കി ചോദിച്ചു : "എന്താ?"
"ഛെ!"-കുട്ടി അറിയാതെ പറഞ്ഞുപോയി :"ഒന്നുമില്ല."
അവനു നിരാശമുറ്റി.
"കുട്ടിക്ക് അതുവഴിക്കാണോ പോവണ്ടത്?."-അയാള്‍ അടുത്തുവന്ന് ചോദിച്ചു.
കുട്ടി തലയാട്ടി.
"പിന്നെന്താ പോകാത്തത്?"-സ്നേഹത്തോടെയുള്ള അന്വേഷണം.
"ഒറ്റയ്ക്ക് പോവാന്‍ പേടി."
അയാള്‍ ഒരുനിമിഷം നിന്ന് എന്തോ ആലോചിച്ചു.
പിന്നെ ചോദിച്ചു : "ഇപ്പോള്‍,ഈ സമയത്ത് എവിടെ പോയിരുന്നു?"
"കടയില് ബീഡി വാങ്ങിക്കാന്‍."
"ആര്‍ക്ക്?"
"അച്ഛന്."
"ഈ രാത്രീല് നിന്നെ ഒറ്റയ്ക്ക് അയച്ചു?"
വല്ലായ്മയോടെ ഒരു കള്ളം പറഞ്ഞു : "അതേ."
അയാള്‍ നടന്നുപോകുമോ എന്ന് ഭയം തോന്നി,
ധൈര്യം അവലംബിച്ച് കുട്ടി കടന്നുകയറി ചോദിച്ചു : "എന്നെ ആ പാടത്തിന്റെ അക്കരെയുള്ള ഇടവഴിവരെ കൊണ്ടാക്കിയാല്‍ മതി."
"ശരി."
അയാള്‍ മുമ്പേ നടന്നു.
"വരൂ."
ഒപ്പം നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു : "ഇടവഴിയുടെ അടുത്താണോ വീട്?"
"അല്ല. അവിടന്നും ഒരുപാട് പോണം."
"പിന്നെ അവിടംവരെ കൊണ്ടാക്കിയാല്‍?"
"അവിടന്നങ്ങോട്ട് ഞാന്‍ തനിച്ചുപൊയ്ക്കൊള്ളാം."
അയാള്‍ ഒന്നും മിണ്ടിയില്ല.
പാടത്തിന്റെ നടുവിലുള്ള വരമ്പിലൂടെ അയാള്‍ മുമ്പെയും അവന്‍ പിറകെയുമായി നടന്നു.
"ഇടവഴിയുടെ അടുത്താണ് തേവിത്തള്ളയെ കുഴിച്ചിട്ടത്."-കുട്ടി പറഞ്ഞു.
"ഏതു തേവിത്തള്ള?"
"വസൂരിദീനം പിടിച്ച് ചത്തുപോയില്ലേ?"
"ആ."-അയാള്‍ അലസമായി മൂളി.
"മണ്ടപോയ തെങ്ങിന്റെ ചുവട്ടിലാ അവരെ കുഴിച്ചിട്ടത്."-കുട്ടി വിശദീകരിച്ചു :"അവിടംവരെ കൊണ്ടാക്കിയാല്‍ മതി പിന്നെനിക്ക് പേടിയില്ല."
"ചത്തുപോയവരെ കുട്ടിക്ക് പേടിയാണോ?"
"അതെ."
അയാള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
പാടം ഏതാണ്ട് അവസാനിക്കാറായി.വരമ്പിനു നടുവില്‍ അയാള്‍ പെട്ടെന്നുനിന്നു.
"ഇവിടമല്ല. കുറേക്കൂടി അങ്ങുപോണം."- കുട്ടി പറഞ്ഞു.
അയാള്‍ അതു കേള്‍ക്കാത്തഭാവത്തില്‍ പറഞ്ഞു : "നിന്റെ കൈയ്യിലുള്ള പൈസാ ഇങ്ങെട്."
അടിയേറ്റതുപോലെ പകച്ചു നിന്നുപോയി.
"ഉം."- അയാള്‍ കൈനീട്ടിക്കാണിച്ചു.
കുട്ടി അറച്ചുനിന്നു.
"മര്യാദയ്ക്കെടുത്തു താ. ഇല്ലെങ്കില്‍ നിന്റെ കഴുത്തു ഞെരിച്ച് ഉള്ള പൈസയും എടുത്ത് ഞാനങ്ങുപോകും."-അയാളുടെ സ്വരം മാറിയിരുന്നു.
ഒരു രൂപയാണ് കൊടുത്തയച്ചത്. ബാക്കി എണ്‍പത് പൈസയുണ്ട്. ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും അതെടുത്തുകൊടുത്തു. കൈ വിറച്ചു.
"ബീഡിയെവിടെ?"
കുട്ടി കൈതുറന്ന് കാണിച്ചു.
മറ്റൊന്നും പറയാതെ അയാള്‍ അതു കടന്നെടുത്തു.
"ഓടിക്കോ.ഞാനിവിടെനിന്നു നോക്കിക്കോളാം."
അയാള്‍ വരമ്പിന്റെ ഒരറ്റത്തേയ്ക്ക് നീങ്ങിനിന്നു.
കരച്ചില്‍ വന്നു. ഭീതിയുടെയും പരിഭ്രമത്തിന്റെയും വന്‍കാട്ടില്‍ അറിയാതെ വന്നു ചാടിയതുപോലെ തോന്നി.
കിട്ടിയ അവസരം കളയാതെ ഓടി.
കണ്ണുകള്‍ നിറഞ്ഞിരിന്നു.
ഇടവഴിയിലൂടെ ഓടി. തിരിഞ്ഞു നോക്കാന്‍ ധൈര്യം വന്നില്ല. അയാള്‍ ഒരുപക്ഷെ പിറകിലുണ്ടാവുമോ?
തേവിത്തള്ളയുടെ പ്രേതത്തെക്കുറിച്ചും മണ്ടപോയ തെങ്ങിനെക്കുറിച്ചും ഓര്‍മ്മ വന്നില്ല. അവിടം കടന്നപ്പോഴാണ് അതു ഓര്‍മ്മ വന്നതുതന്നെ.
അല്പം കൂടി ഓടിയിട്ട് കിതപ്പോടെ നിന്നു. വല്ലാതെ അണയ്ക്കുന്നുണ്ട്.
അവിടെ നില്‍ക്കുമ്പോള്‍ ഭയം തോന്നിയില്ല. പകരം ആ മനുഷ്യനില്‍ നിന്നു രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമായിരുന്നു.
തേവിത്തള്ള എന്തു പാവം!
തിരിഞ്ഞു നോക്കി. ആരും പിറകെ വരുന്നില്ല.
ഇരുട്ടില്‍,ദൂരെ,പാടത്തിനു നടുവിലൂടെ,ആലംബമില്ലാത്ത ഒരു പന്തം പോലെ ബീഡിയുടെ ചുവന്ന കണ്ണ് അകന്നകന്നു പോകുന്നു.

Monday, September 20, 2010

കഥയുടെ രൂപം

- എം ടി വാസുദേവന്‍ നായര്‍

   ആദ്യകാലത്ത് കഥ നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ വായനക്കാരനിലുളവാക്കാന്‍ കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു.എന്നാല്‍ ഇന്നതാവശ്യമില്ല.മുമ്പ് രസത്തിനുവേണ്ടി മാത്രമായിരുന്നു കഥ നിലകൊണ്ടിരുന്നതെങ്കില്‍ ഇന്ന് കഥയുടെ ലക്‌ഷ്യം രസം മാത്രമല്ല.വായിച്ചു രസിക്കുന്നതോടൊപ്പം കഥ വായിച്ചവനില്‍ മാറ്റമുണ്ടാകണം.അതായത് വായനക്കാരനെ മാറ്റിയെടുക്കാന്‍ കഥാകാരന് കഴിയണം.
   കഥ തിരഞ്ഞു നടക്കേണ്ട ആവശ്യമൊന്നുമില്ല.നിത്യജീവിതത്തില്‍ നിന്ന് കഥ കണ്ടെത്താനാവുന്നതാണ്.ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം-അനുഭവം-മനസ്സില്‍ പതിയുമ്പോള്‍ അതിലെന്തോ കഥയുണ്ടെന്ന് തോന്നാം.ഇത് മനസ്സില്‍ കിടന്ന് വളരും.ഒരു ഘട്ടത്തില്‍ ഇത് ശക്തമായ വികാരമായി കഥാകൃത്തിനെക്കൊണ്ട് എഴുതിക്കുന്നു.
   കഥയുടെ നിമിഷങ്ങള്‍ കണ്ടെത്താനാണ്‌ കഥാകൃത്ത്‌ ശ്രമിക്കേണ്ടത്.എനിക്ക് സിനിമയുമായി ബന്ധമുള്ളതുകൊണ്ട് പ്രേക്ഷകരില്‍ നിന്നൊക്കെ ധാരാളം കത്തുകള്‍ കിട്ടാറുണ്ട്.ചിലര്‍ അവരുടെ അനുഭവങ്ങള്‍ അറിയിച്ച് അതേക്കുറിച്ചൊരു കഥയെഴുതാന്‍ പറയാറുണ്ട്‌.പക്ഷെ പലപ്പോഴും അതൊന്നും അസംസ്കൃതവസ്തുവാകാറില്ല.കാരണം അതെന്നില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലെന്നതു തന്നെ.
   സാഹിത്യത്തിനു മറ്റു തോഴിലുകളെ അപേക്ഷിച്ച് യാതൊരു പരീക്ഷാ യോഗ്യതയും വേണ്ട.എഴുത്തുകാരനാവാണോ വേണ്ടയോ എന്ന് അവനവന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. സാഹിത്യ സാമ്രാജ്യത്തിലെ പ്രജാപതി എഴുത്തുകാരന്‍ തന്നെ.അവിടെ നിയമങ്ങളും കോടതിയുമൊക്കെ കൈകാര്യം ചെയ്യുന്നത് അയാള്‍ തന്നെയാണ്.അത് വലിയൊരു സ്വാതന്ത്ര്യമാണ്.ഈ സ്വാതന്ത്ര്യം വലിയൊരു ഉത്തരവാദിത്തവുമാണ്.ആ ഉത്തരവാദിത്തം ശരിയായ രീതിയില്‍ ഏറ്റെടുക്കുകയാണ് എഴുത്തുകാരന്റെ ധര്‍മ്മം.
   നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെയാണ് കഥാരചനയിലും ഉപയോഗിക്കേണ്ടത്.കടുകട്ടിയുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച് തന്റെ പാണ്ഡിത്യം വിളംബരം ചെയ്യാന്‍ കഥയുപയോഗിച്ചാല്‍ കഥ നിങ്ങളെ കൈവിടും,സംശയമില്ല.നമ്മുടെ ഗ്രാമത്തിലെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ പുതിയ താളങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.ഇടശ്ശേരിയുടെ കവിത നോക്കൂ.കവി ഉപയോഗിച്ചിരിക്കുന്നത് ഗ്രാമ്യമായ പദങ്ങളാണ്,ശൈലികളാണ്. പക്ഷേ അവയുടെ സങ്കലനത്തില്‍ കവി പുതിയ താളങ്ങള്‍ കണ്ടെത്തുന്നു.പുതിയ തലമുറയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഇത്തരമൊരു ഭാഷയിലൂടെ പുതിയ താളം കണ്ടെത്തിയ കവി.
   ടോണി മോറിസണ്‍ പറഞ്ഞതുപോലെ ഗ്രാമീണരായ വാക്കുകളെ നിങ്ങള്‍ക്ക് ചൊടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അഥവാ ജ്വലിപ്പിക്കാന്‍ കഴിഞ്ഞാല്‍,നിങ്ങളുടെ ഭാഷാരീതി ശ്രദ്ധിക്കപ്പെടും.അപ്പോള്‍ നിങ്ങള്‍ കാണാത്ത ഒരു തലം വായനക്കാര്‍ കണ്ടെത്തും.കാരണം ആത്മനിഷ്ഠമായ ചിലതു ചേര്‍ത്താണ് അയാള്‍ നിങ്ങളുടെ കഥ വായിക്കുന്നത്.ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കഥ വായിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനല്ല. വായിപ്പിക്കാന്‍ എഴുത്തുകാരനായ നിങ്ങള്‍ ബാധ്യസ്ഥനാണ്.

   തുടക്കക്കാരെ സംബന്ധിച്ച് ധാരാളം കടമ്പകള്‍ കടക്കാനുണ്ട്.കഥ എഴുതിയയച്ചാല്‍ പത്രാധിപര്‍ തിരിച്ചയയ്ക്കും എന്നതുതന്നെ പ്രധാനം.ഇതില്‍ നിരാശരാവേണ്ട കാര്യമില്ല.ഇത്തരം അനുഭവങ്ങളില്ലാത്ത ആര്‍ക്കും ഇന്നോളം കഥാകാരനാവാന്‍ കഴിഞ്ഞിട്ടില്ല.നിങ്ങള്‍ എഴുതുക.കഥയുടെ രൂപം വശമായാല്‍ തീര്‍ച്ചയായും കഥ ശ്രദ്ധിക്കപ്പെടും.അപ്പോള്‍ ലോകം പറയും:"നിങ്ങളുടെ കഥ കൊള്ളാം,തരക്കേടില്ല."
   ഇനി നിങ്ങളെന്ത് പറയുമെന്നാവും അടുത്ത ചോദ്യം.അവിടെ നിങ്ങളുടെ ഉത്തരവാദിത്തം കൂടുന്നു.
   ഞാന്‍ ചെറുപ്പകാലത്ത് രണ്ടു കഥകളെങ്കിലും എഴുതാത്ത ദിവസങ്ങളില്ല.എന്നില്‍ നിന്ന് കഥ ഒഴുകുകയായിരുന്നു.എനിക്കന്ന് തോന്നുന്നതെന്തും എങ്ങനെയും എഴുതാം.യാതൊരു ഉത്തരവാദിത്തവുമില്ലല്ലോ.പക്ഷെ,പിന്നീട് എഴുത്തിന്റെ പാതയില്‍ മുന്നേറിയപ്പോള്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു.
   അടുത്ത കാലത്ത് 'അമേരിക്കന്‍ റിവ്യൂ'വില്‍ വന്ന ഒരു കഥ എന്നെ ആകര്‍ഷിച്ചു.നിരവധി സിനിമകളില്‍ ഗറില്ലാവേഷം ധരിച്ചു ധാരാളം സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുള്ള ഒരു മനുഷ്യന്‍ ഒരു പുസ്തകപ്രസാധനസ്ഥാപനത്തിന് തന്റെ ആത്മകഥ പുസ്തകരൂപത്തിലാക്കിയാല്‍ ഉണ്ടാകാവുന്ന ഗുനാഗങ്ങള്‍ വര്‍ണിച്ചുകൊണ്ട് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് കഥ.ഇതൊരു പഴയ രീതിയാണ്.പഴയ രീതിയിലേക്ക് കഥ തിരിച്ചു പോകാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കാണിക്കാനാണ് ഞാനിത് പറയുന്നത്.എന്തൊക്കെയായാലും പുതിയ എഴുത്തുകാര്‍ പുതിയ രീതികള്‍ കണ്ടെത്തണം.കാര്‍വര്‍ ഇങ്ങനെ എഴുതി.,അല്ലെങ്കില്‍ ബോര്‍ഹെസ് അങ്ങനെ എഴുതി,അതിനാല്‍ ഞാനും അതുപോലെ എഴുതി നോക്കട്ടെ എന്ന് ചിന്തിക്കരുത്.കഥയുടെ ആയിരം രൂപമുണ്ടെങ്കില്‍ ആയിരത്തൊന്നാമത്തെ രൂപം നിങ്ങള്‍ കണ്ടെത്തണം.
   എല്ലാത്തിലും കഥ കണ്ടെത്തുന്നതുപോലെ പ്രധാനമാണ് കഥ തിരസ്കരിക്കുക എന്നതും.കഥാബീജം മനസ്സില്‍ കൊണ്ട് നടന്നു അത് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിഞ്ഞ്,തിരസ്കരിക്കേണ്ടത് തിരസ്കരിച്ചും സ്വീകരിക്കേണ്ടത് സ്വീകരിച്ചും പഠിക്കണം.മനനമാണ് ശക്തി.കഥാകാരന്‍ പ്രസിദ്ധനാവുന്നതും കഥ പുസ്തകമാകുന്നതുമൊന്നും നാമപ്പോള്‍ ചിന്തിക്കരുത്.അതൊക്കെ മറ്റുള്ളവര്‍ ചെയ്യേണ്ടതാണ്.
   പഴയ ക്ലാസിക്കിലേക്ക് നാം തിരിച്ചുപോകുന്നത് പുതിയ ചിലതു പറയാനാണ്. പുതുതായെന്തെങ്കിലും പറയാനാണ് നാം ഇപ്പോഴും ശ്രമിക്കേണ്ടത്.വായന ഒരുപരിധിവരെ പഴയവ മനസ്സിലാക്കാനും പുതിയത് പറയാനും സഹായിക്കും.
   മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്‌ കഥ കേള്‍ക്കാനും പറയാനുമുള്ള താല്പര്യം.മറ്റെന്തൊക്കെ മാധ്യമങ്ങളുണ്ടായിക്കൊ- ള്ളട്ടെ,അതൊന്നും കഥയെയോ കഥാകാരനെയോ തളര്‍ത്തില്ല.കഥ എക്കാലവും നിലനില്ക്കുമെന്നതിനാല്‍ സംശയമേതുമില്ല.



(1994 ഏപ്രില്‍ 27-ന് മയ്യഴിയില്‍ വച്ച് നടന്ന ചെറുകഥാകളരിയില്‍ നടത്തിയ പ്രസംഗം...
എച്ച് &സി ബുക്സ് പുറത്തിറക്കിയ 'വാക്കുകളുടെ വിസ്മയം-എംടി' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം.ചന്ദ്രിക ആഴ്ചപ്പതിപ്പിലും ഇത് വന്നിട്ടുണ്ട്[3/9/1994].)


Saturday, July 24, 2010

നിങ്ങള്‍ക്കിതു സംഭവിക്കാതിരിക്കട്ടെ

-  മലയാറ്റൂര്‍ രാമകൃഷ്ണന്‍ 

ഗോപാലപിള്ള പറയുന്നു: "നേരാണ്,ഇത് സംഭവിക്കാതിരിക്കട്ടെ."
"സമ്മതിക്കുന്നു;ഞാന്‍ ഒരു യന്ത്രമനുഷ്യനാണ്.നേരത്തേ ഉണരുന്നു.ഒരു ഉണക്കദോശയും ചായയും കഴിക്കുന്നു.പിന്നെ നെട്ടോട്ടം-ബസ്‌ സ്റ്റോപ്പിലേക്ക്,ഓഫീസില്‍ ആദ്യമെത്തുന്നവന്‍ എന്നാ ഖ്യാതി എനിക്കുണ്ട്.അത് കളഞ്ഞുകുളിക്കരുതല്ലോ.ഓഫീസില്‍ നിന്നും ഒടുവിലിറങ്ങുന്നവനും ഞാന്‍ തന്നെ.മറ്റു ഗുമസ്തന്മാര്‍ എന്നെ കളിയാക്കാറുണ്ട്.ഞാന്‍ ഓഫീസില്‍ തന്നെയാണ് താമസമെന്നവര്‍ പ്രചരിപ്പിക്കുന്നു.അതുകൊണ്ട് എന്നെ ഭാര്യ ഉപേക്ഷിച്ചിരിക്കയാണ്‌പോലും....ഇന്നോളം ഉപേക്ഷിച്ചിട്ടില്ല.ശണ്ടയുണ്ടാക്കും...എന്നും...

CUT TO
ഗോപാലപിള്ളയുടെ വീട്.
ഓഫീസില്‍നിന്നും മടങ്ങുന്ന ഗോപാലപിള്ളയെ ഭാര്യ ശ്യാമള നേരിടുന്നു.
ശ്യാമള: "എന്തിനാ വന്നത്?ഓഫീസില്‍ത്തന്നെ കിടന്നുറങ്ങാമായിരുന്നല്ലോ."
ഗോപാലപിള്ള: "പിടിപ്പത് ജോലിയുണ്ടായിരുന്നു,ശ്യാമളേ!അതുകൊണ്ടാ ലേറ്റായത്."
ശ്യാമള: "മറ്റാര്‍ക്കുമില്ലാത്ത ഒരു ജോലി!ആ പാപ്പച്ചന്‍പിള്ളയും നാരായണയ്യരും അബ്ദുല്‍ അസീസുമെല്ലാം കൃത്യം അഞ്ചുമണിക്ക് വീട്ടിലെത്തുന്നു.ഭാര്യമാരൊന്നിച്ച് പാര്‍ക്കിലും ബീച്ചിലും പോകുന്നു.നിങ്ങള്‍ക്കും അവര്‍ക്കും ഒരേ ജോലി തന്നെയല്ലേ?എന്നിട്ടെന്താ?യു.ഡി.സി.ഗോപാലപിള്ള മാത്രം പ്രത്യേകം തലച്ചുമാട് എടുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ?ഉം....! കഴുതയെപ്പോലെ ഭാരം ചുമന്നോളണം;പ്രമോഷന്‍ കിട്ടും!ചീഫ് സെക്രട്ടറിയായിട്ട്!"

CUT TO
ഗോപാലപിള്ള പറയുന്നു:"ഞാന്‍.യന്ത്രമനുഷ്യന്‍,ഈയിടെ എന്‍റെ പതിവ് തെറ്റിച്ചു.ഒരു സായാഹ്നത്തില്‍ ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങി-ഞാന്‍ പോയത് വീട്ടിലേക്കല്ല....പാര്‍ക്കിലേക്കാണ്."

CUT TO
സായാഹ്നം.
പാര്‍ക്കില്‍ തിരക്കില്ലാത്ത ഒരിടത്ത് ഒഴിഞ്ഞു കിടന്ന ബഞ്ചില്‍ ഗോപാലപിള്ള ഇരുന്നു.
അപ്പോള്‍ "അല്ലേ!ഇതാര്?"എന്ന് ചോദിച്ചുകൊണ്ട് ഒരാള്‍ മുമ്പിലെത്തി.
ഗോപാലപിള്ളയ്ക്ക്‌ ആളെ മനസ്സിലായില്ല.ചിരിച്ചുകൊണ്ട് അയാള്‍ ഗോപാലപിള്ളയെ അടിമുടി നോക്കി.
അയാള്‍ : "അല്ലേ!നമ്മുടെ പഴയ പിന്‍കോവിലനല്ലേ ഇത്!മുടി നരച്ചിട്ടുണ്ട്.ലേശം കഷണ്ടിയും വന്നു.പക്ഷേ,ഈ കിട്ടുപിള്ളയ്ക്ക് കണ്ടപ്പഴേ ആളെ പിടികിട്ടി."
ഗോപാലപിള്ള : "നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയെന്നു തോന്നുന്നു."
കിട്ടുപിള്ള : "നല്ല കഥ!എന്നെപ്പോലൊരു പഴയ ചങ്ങാതിക്ക് തെറ്റ് പറ്റുകയോ!കള്ളാ!പണ്ടത്തെ തമാശയൊന്നും പോയിട്ടില്ല.ഇപ്പോഴും അഭിനയം തന്നെ...അല്ലേ!എന്നോട് വേണോ?"
ഗോപാലപിള്ള : "എനിക്ക്...നിങ്ങളെ മനസ്സിലായില്ല..."
കിട്ടുപിള്ള : "ഓര്‍ക്കുന്നില്ലേ നമ്മുടെ പഴയ ശിവജ്ഞാനോദയം നാടകക്കമ്പനി....?"
ഗോപാലപിള്ള : "ഓര്‍ക്കുന്നില്ല."
കിട്ടുപിള്ള : "കളയണം ശങ്കുപ്പിള്ളേ..."
ഗോപാലപിള്ള : "എന്‍റെ പേര്...ഗോപാലപിള്ള."
കിട്ടുപിള്ള : "ഓ!ഇപ്പോഴും അഭിനയം!ഒന്നോര്‍ത്തേ!ശിവജ്ഞാനോദയം നാടകക്കമ്പനി....പൊള്ളാച്ചി കുപ്പന്‍ ചെട്ടിയാര്‍ നടത്തിയിരുന്നതേ!"
ഗോപാലപിള്ള : "ഒരു പിടിയും കിട്ടുന്നില്ല."
കിട്ടുപിള്ള : "ഇത്ര ഓര്‍മ്മകേടോ!അതിനുമാത്രം പ്രായമൊന്നുമായില്ലല്ലോ."
ഗോപാലപിള്ള : "വാസ്തവം പറഞ്ഞാല്‍...."
കിട്ടുപിള്ള : "വാസ്തവം തന്നെയാ പറയുന്നത്.നമ്മുടെ സംഗീതകോവിലന്‍ കൂത്താട്ടുകുളത്ത് കളിച്ചതോര്‍ക്കുന്നോ?താന്‍ അന്ന് 'മാതവിയോ,കണ്ണകിയോ,വന്തവള്‍ നീയാര്‍ ശൊല്‍" എന്നു പാടിയപ്പോള്‍ എന്തൊരു അപ്ലാസ് ആയിരുന്നു!

CUT TO
ഗോപാലപിള്ള പറയുന്നു: "അങ്ങനെ ആ സംഭാഷണം ആരംഭിച്ച ആദ്യത്തെ അമ്പരപ്പിനുശേഷംഎനിക്ക് തോന്നി....ഇതൊരു വലിയ തമാശയാണല്ലോ!എന്‍റെതല്ലാത്ത ഒരു ഭൂതകാലം എനിക്കിയാള്‍ സൃഷ്ടിച്ചുതരികയല്ലേ?ഗ്രീസ് പെയിന്‍റിന്‍റെയും കര്‍ട്ടനുകളുടെയും ഫുട്ട് ലൈറ്റുകളുടെയും ലോകത്തില്‍ ഞാനിതാ കടന്നു ചെല്ലുന്നു.പെയിന്‍റിന്‍റെയും കര്‍ട്ടനുകളുടെയും യന്ത്രമനുഷ്യനായ ഞാന്‍.വാട്ട് എ ത്രില്‍!മാതവി,കണ്ണകി.....റൊമാന്‍സ്....ഈ മനുഷ്യനോടൊത്ത് സഞ്ചരിക്കാന്‍ ഞാന്‍ സന്നദ്ധനായി."

CUT TO
പാര്‍ക്കില്‍ ഗോപാലപിള്ളയും കിട്ടുപിള്ളയും.
ഗോപാലപിള്ള : "ഞാനെന്താ പാടിയത്?"
കിട്ടുപിള്ള : "മാതവിയോ,കണ്ണകിയോ..."
ഗോപാലപിള്ള : "വലിയ,അപ്ലാസ് ആയിരുന്നു അല്ലേ?"
കിട്ടുപിള്ള : "തകര്‍പ്പന്‍ അപ്ലാസ്!കൊട്ടക പൊളിഞ്ഞുവീഴുമെന്ന് തോന്നി.കുപ്പന്‍ ചെട്ടിയാര്‍ അന്ന് സമ്മാനിച്ച സ്വര്‍ണ്ണമെഡല്‍ ഇപ്പോഴുമുണ്ടോ?"
ദുഃഖത്തോടെ ഗോപാലപിള്ള : "ഓ!അത് എന്നേ വിറ്റ് തിന്നു."
കിട്ടുപിള്ള ബഞ്ചിലിരുന്നു.ഒരു ബീഡി കത്തിച്ചു വലിച്ചു.
ഗോപാലപിള്ള : "കിട്ടുപിള്ളേ,സംഗീതകോവിലനില്‍ തനിക്കെന്തായിരുന്നു പാര്‍ട്ട്?"
കിട്ടുപിള്ള : "ഇതെന്തൊരു ചോദ്യം,ശങ്കുപിള്ളേ!ഞാനല്ലായിരുന്നോ വഞ്ചിപ്പത്തന്‍?അന്നൊക്കെ 'വഞ്ചിപ്പത്തന്‍ കിട്ടുപിള്ള' എന്ന് പറഞ്ഞാലേ ആള്‍ക്കാര്‍ എന്നെ അറിയൂ..."
ഗോപാലപിള്ള : "ആരായിരുന്നു മുന്‍കോവിലന്‍?"
കിട്ടുപിള്ള : "ഒരു പീറച്ചെറുക്കനല്ലായിരുന്നോ....എന്തോന്നാ അവന്‍റെ പേര്....ങ്ങ്ഹാ!കുട്ടപ്പന്‍..."
ഗോപാലപിള്ള : "ഏത്?ആ കൊക്കപ്പുഴു കുട്ടപ്പനോ?"
കിട്ടുപിള്ള : "കൊച്ചുകള്ളാ!അപ്പൊ,പഴയ കഥയൊന്നും തീര്‍ത്തും മറന്നിട്ടില്ല! ങ്ഹാ...ആ കായംകുളം സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു...."
ഗോപാലപിള്ള : "കഠിനംകുളം?"
കിട്ടുപിള്ള : "അല്ലെന്നേ!കായംകുളം.അന്നു രാത്രി ഒരു കള്ളുകുടിയന്‍ സ്റ്റേജില്‍ കയറി വന്ന് മാതവിയെ പിടിക്കാന്‍ തുടങ്ങിയപ്പൊ...."
ഗോപാലപിള്ള : "ഞാന്‍ അവന്‍റെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു.അല്ലേ?"
കിട്ടുപിള്ള : "ഒന്നോ!പറപറാന്ന്‌ താന്‍ പോടിയില്ലേ!ങാ,താന്‍ മാതവിയോട് അല്പം പ്രേമത്തിലായിരുന്നല്ലോ!തന്നെ കുറ്റം പറയുകയല്ല.ആ രാധാകൃഷ്ണന്‍ ടോപ്പും വച്ച് ചേലയുമുടുത്ത് മാതവിയായിട്ട് കുലുങ്ങി വരുമ്പൊ,അക്കാലത്ത് ആരും കണ്ണുമിഴിച്ചു നോക്കിപ്പോകുമായിരുന്നു....അതുപോട്ടെ,താന്‍ ശരിക്കും തകര്‍ത്തത് ഗുലേബക്കാവലിയിലാണ്."
ഗോപാലപിള്ള : "ഞാന്‍ അതില്‍ ആരായിരുന്നു?"
കിട്ടുപിള്ള : "രാജാപാര്‍ട്ട്!ഫസ്റ്റ് സീനില്‍ തന്നെ താന്‍ കസറിക്കളഞ്ഞു.പാട്ടുപാടിക്കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന രംഗം..."
ഗോപാലപിള്ള : "ഹാര്‍മോണിസ്റ്റ് ആരായിരുന്നു?"
കിട്ടുപിള്ള : "കുയില്‍നാദം കുളന്തവേലു ഭാഗവതര്‍."
ഗോപാലപിള്ള : "ചരിത്ര നാടകമൊന്നും നാം അഭിനയിച്ചില്ലേ?"
കിട്ടുപിള്ള : "ഉവ്വല്ലോ!രാജാ ദേശിംഗരാജന്‍..."
ഗോപാലപിള്ള : "അത് ആദ്യം കളിച്ചതെവിടെയാ?"
കിട്ടുപിള്ള : "ആദ്യവും അവസാനവുമായി അത് ഒരിക്കലല്ലേ കളിച്ചുള്ളൂ...വടക്കാഞ്ചേരിയില്‍ വച്ച്."
ഗോപാലപിള്ള : "ഒരൊറ്റ പെര്‍ഫോമന്‍സോ?"
കിട്ടുപിള്ള : "അതേടോ ശങ്കുപിള്ളേ!അന്ന് തമിഴ് സംഗീത നാടകങ്ങളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു തുടങ്ങിയിരുന്നല്ലോ!ആളുകള്‍ കല്ലെറിഞ്ഞു."
ഗോപാലപിള്ള : "നമ്മളെയോ?"
കിട്ടുപിള്ള : "കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ത്തന്നെ കൂക്കിവിളി ഉയര്‍ന്നു.രണ്ടാം സീനില്‍ താന്‍ വാളും പരിചയുമായി വന്നപ്പോള്‍ കല്ലേറും തുടങ്ങി."
ഗോപാലപിള്ള : "ആര്?"
കിട്ടുപിള്ള : "കലാരസികരായ നാട്ടുകാര്‍!"
ഗോപാലപിള്ള : "എന്നിട്ട്?"
കിട്ടുപിള്ള : "ഏറെല്ലാം താന്‍ പരിചകൊണ്ട് തടുത്തു."
ഗോപാലപിള്ള : "ഹോ!ചരിത്ര നാടകമായത് നന്നായി;അല്ലെങ്കില്‍ എന്‍റെ ഗതി എന്തായേനെ!!"
കിട്ടുപിള്ള : "അന്ന് തീരുമാനിച്ചു..."
ഗോപാലപിള്ള : "ആര്?"
കിട്ടുപിള്ള : "പൊള്ളാച്ചി കുപ്പന്‍ ചെട്ടിയാര്‍."
ഗോപാലപിള്ള : "എന്ത്?"
കിട്ടുപിള്ള : "ശിവജ്ഞാനോദയം പിരിച്ചുവിടാന്‍."
ഗോപാലപിള്ള : "അപ്പൊ...കമ്പനി പിരിച്ചുവിട്ടു?"
കിട്ടുപിള്ള : "വിട്ടു."
ഗോപാലപിള്ള : "എന്നിട്ടോ?"
കിട്ടുപിള്ള : "എനിക്ക് കണക്കു തീര്‍ത്ത് 58 രൂപ കിട്ടി...."
ഗോപാലപിള്ള : "എനിക്കോ?"
കിട്ടുപിള്ള : "63 രൂപ."
ഗോപാലപിള്ള : "63 രൂപ!അക്കാലത്ത് അത് നല്ലൊരു തുക ആയിരുന്നു അല്ലേ?"
കിട്ടുപിള്ള : "പക്ഷെ,താനത് മനസ്സിലാക്കിയില്ല."
ഗോപാലപിള്ള : "എന്നുവച്ചാല്‍?"
കിട്ടുപിള്ള : "താന്‍ ആള് വീരനല്ലേ?നമ്മുടെ വടക്കാഞ്ചേരി ക്യാമ്പില്‍ വന്ന ആ കോങ്കണ്ണി പങ്കജാക്ഷിക്ക് താന്‍ മുപ്പതു രൂപ കൊടുത്തുകളഞ്ഞു."
ഗോപാലപിള്ള : "കൊങ്കണ്ണിയായാലെന്താ?അവള്‍ ഒരു രസികത്തിയായിരുന്നു."
കിട്ടുപിള്ള : "അവളൊന്നിച്ച് താന്‍ ഇരിങ്ങാലക്കുടയ്ക്ക് ബസ്‌ കയറിയതിനുശേഷം ഇന്നല്ലേ തന്നെ കണ്ടുകിട്ടുന്നത്!ഹോ!വര്‍ഷമെത്ര കഴിഞ്ഞു!"
ഗോപാലപിള്ള - "തന്‍റെ ചരിത്രം കേള്‍ക്കട്ടെ."
കിട്ടുപിള്ള - "ഞാന്‍ അങ്കമാലിയില്‍ ഒരു ഹോട്ടല്‍ തുടങ്ങി.മൂലധനം 58 രൂപ."
ഗോപാലപിള്ള - "എന്നിട്ടോ?"
കിട്ടുപിള്ള - "എന്നിട്ടും ഹോട്ടല്‍ നടത്തി.വെറുതെയിരിക്കാന്‍ പറ്റുമോ!എന്തെങ്കിലും ഒരു തൊഴില്‍ വേണമല്ലോ.വാഴപ്പള്ളിയിലും വൈക്കത്തും മട്ടാഞ്ചേരിയിലുമെല്ലാം മൂന്നും നാലും മാസം വീതം ഹോട്ടല്‍ കച്ചവടം നടത്തി.ഒരിടത്തും ഗുണം പിടിച്ചില്ല.ഒടുവില്‍ ബിസിനസ്സ് നിര്‍ത്തി....ങാ,തന്‍റെ കഥ കേള്‍ക്കട്ടെ."
ഗോപാലപിള്ള - "കിട്ടുപില്ലേ.കോങ്കണ്ണിപ്പങ്കിയെ ഒരുത്തന്‍ തട്ടിക്കൊണ്ടുപോയി.ഞാന്‍ ടോട്ടലി ഡിപ്രസ്സ്‌ഡ്!കുറേക്കാലം കാഷായം ധരിച്ചു.അലഞ്ഞു നടന്നു.ആയിടെ ഒരു അമ്മാവന്‍ മരിച്ചു.വില്‍പത്രമനുസരിച്ച് എനിക്ക് സ്വല്പം പണം കിട്ടി.കാഷായവസ്ത്രം വലിച്ചെറിഞ്ഞിട്ട്‌ ഞാന്‍ ഒരു സൈക്കിള്‍ഷോപ്പ് തുടങ്ങി.ഇപ്പോള്‍ എട്ടു സൈക്കിളുകളുണ്ട്.വാടകവരുമാനംകൊണ്ട് ഉരുണ്ടുപിരണ്ട് കഴിയുന്നു."
കിട്ടുപിള്ള - "ഭാഗ്യവാന്‍!"
ഗോപാലപിള്ള - "താനിപ്പോഴെന്തു ചെയ്യുന്നു,കിട്ടുപിള്ളേ?"
കിട്ടുപിള്ള - "ഒരു ഹോബിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്."

ഗോപാലപിള്ള - "എന്ത് ഹോബി?സ്റ്റാമ്പ് ശേഖരണം?"
കിട്ടുപിള്ള - "ശ്ശെ!സ്റ്റാമ്പും തീപ്പെട്ടിലേബലും ശേഖരിക്കാന്‍,ഞാനെന്താ,കൊച്ചുകുട്ടിയാണോ,ശങ്കുപിള്ളേ?എന്‍റെത് അപൂര്‍വ്വമായ ഒരു ഹോബിയാണ്.രണ്ടു രൂപ നോട്ടുകളുടെ നമ്പരുകള്‍ ശേഖരിക്കയാണ് ഞാന്‍."
ഗോപാലപിള്ള - "അതെന്തിനാ?"
കിട്ടുപിള്ള - "ഇതെന്തൊരു ചോദ്യം ശങ്കുപിള്ളേ?ഒരു ഹോബിയെന്നു വച്ചാലെന്താ?മനസ്സിന് സന്തോഷം തരുന്ന ഒരു പ്രവൃത്തി.യുക്തിവിചാരത്തിന് അതിലെന്തു പ്രസക്തി?ഇതാണ് എന്‍റെ ഹോബി...ദാറ്റ്‌സ് ആള്‍!ഇതിനകം 2300 രണ്ടുരൂപാ നോട്ടുകളുടെ നമ്പറുകള്‍ ഞാന്‍ ശേഖരിച്ചുകഴിഞ്ഞു....ആട്ടെ....തന്‍റെ കൈയ്യില്‍ രണ്ടുരൂപാ നോട്ടുകളുണ്ടോ?"
ഗോപാലപിള്ള കീശ പരത്തി നോക്കി.അയാള്‍ ആറ്രണ്ടുരൂപാ നോട്ടുകള്‍ കീശയില്‍ നിന്നെടുത്തു.കിട്ടുപിള്ള പുല്‍ത്തകിടിയില്‍ കിടന്നിരുന്ന ഒരു ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് പെറുക്കിയെടുത്തു;കീശയില്‍ നിഇനും ഡോട്ട് പേനയും.
കിട്ടുപിള്ള - "നമ്പറുകള്‍ വായിച്ചേ!ഞാന്‍ ഒന്നെഴുതിക്കോട്ടേ."
ഗോപാലപിള്ള നമ്പറുകള്‍ വായിച്ചു.കിട്ടുപിള്ള സിഗരറ്റ് കൂടിന്‍മേല്‍ നമ്പറുകള്‍ കുറിച്ചു.
കിട്ടുപിള്ള - "രണ്ടായിരത്തി മുന്നൂറ്റാറ്!"
ഗോപാലപിള്ള - "എന്ത്?"
കിട്ടുപിള്ള - "ഇപ്പോള്‍ എന്‍റെ കളക്ഷനില്‍ 2306 നമ്പറുകളായി,"
നമ്പറുകളെഴുതിയ സിഗരറ്റ്കൂടും ഡോട്ട് പേനയും കിട്ടുപിള്ള തന്‍റെ കീശയില്‍ നിക്ഷേപിച്ചു.ഗോപാലപിള്ള രണ്ടുറുപ്പിക നോട്ടുകള്‍ തന്‍റെ കീശയിലിട്ടു.
കിട്ടുപിള്ള - "ശങ്കുപിള്ളേ,എന്താ,പണം കീശയിലിട്ട് നടക്കുന്നത്?ഒരു പഴ്സ് വാങ്ങിക്കൂടേ?"
ഗോപാലപിള്ള - "ഓ!പഴ്സ്!എനിക്കെന്തിനാ പഴ്സ്!പഴ്സിലിട്ടു കൊണ്ട് നടക്കാന്‍ മാത്രം എനിക്ക് പണമുണ്ടോ?"
കിട്ടുപിള്ള - "അങ്ങനെ വിചാരിക്കരുത്....ആസ് എ മാറ്റര്‍ ഓഫ് പ്രിന്‍സിപ്പിള്‍....പണം എപ്പോഴും പഴ്സിലിട്ടുവേണം സൂക്ഷിക്കാന്‍.ഇന്നു തന്നെ തുടങ്ങൂ.എന്‍റെ കൈവശം ഒരു സ്പെയര്‍ പഴ്സുണ്ട്....ദാ!ടേക്കിറ്റ്!എന്‍റെ ഓര്‍മ്മയ്ക്കായി ഇത് സൂക്ഷിക്കൂ!എന്‍റെ മേല്‍വിലാസമുള്ള കാര്‍ഡും ഇതില്‍ വച്ചിട്ടുണ്ട്.വല്ലപ്പോഴും കത്തയയ്ക്കൂ."
പഴ്സ് വാങ്ങിയശേഷം ഗോപാലപിള്ള - "കാലിയാണല്ലോ..."
കിട്ടുപിള്ള - "ഒരു പത്തു പൈസ അതിലുണ്ട്.പഴ്സ് ഒഴിഞ്ഞുകിടക്കരുത് എന്നല്ലേ പ്രമാണം?"
ഗോപാലപിള്ള തന്‍റെ ആറ് രണ്ടുറുപ്പിക നോട്ടുകള്‍ ആ പഴ്സിലിട്ടു.പെട്ടെന്ന് കിട്ടുപിള്ള നിലവിളിക്കാന്‍ തുടങ്ങി.
കിട്ടുപിള്ള - "ഓടിവരണേ!ഓടിവരണേ!"
ഗോപാലപിള്ള - "എന്തായിത്?"
കിട്ടുപിള്ള നിലവിളി തുടര്‍ന്നു.ഒന്നുരണ്ടാള്‍ക്കാര്‍ ഓടിയടുത്തു.
കിട്ടുപിള്ള - "അയ്യോ!ഇതെന്തൊരന്യായം!ഇത് വെള്ളരിക്കാപട്ടണമോ!"
കൂടുതല്‍ ആളുകള്‍ ഓടിയടുത്തു.എങ്ങുനിന്നോ ഒരു പോലീസുകാരനും വന്നു ചേര്‍ന്നു.
പോലീസുകാരനോട് കിട്ടുപിള്ള - "സാറേ!രക്ഷിക്കണേ!"
പോലീസുകാരന്‍ - "എന്താ ഹേ,വിളിച്ചു കൂകുന്നത്?"
ഗോപാലപിള്ളയെ ചൂണ്ടിക്കാണിച്ചുകൊണ്ട്;
കിട്ടുപിള്ള - "സാറേ,ഇയാള്‍ എന്‍റെ പഴ്സ് തട്ടിയെടുത്തു!"
ഞെട്ടുന്ന ഗോപാപില്ല - "അയ്യോ!കിട്ടുപിള്ളേ!എന്തായീപ്പറയുന്നത്?"
എല്ലാരോടുമായി കിട്ടുപിള്ള - "കണ്ടാല്‍ മാന്യന്‍!തീപ്പെട്ടിയുണ്ടോ എന്ന് എന്നോട് ചോദിച്ചു.ഞാന്‍ തീപ്പെട്ടി നീട്ടിയപ്പോ എന്നെക്കേറി ഒരു പിടിത്തം.എന്‍റെ പഴ്സ് ഇവന്‍റെ കൈയ്യില്‍!അതില്‍ ആറ് രണ്ടുറുപ്പിക നോട്ടുകളുണ്ടായിരുന്നു."
ഗോപാലപിള്ളയോട് പോലീസുകാരന്‍ - "ഈ മനുഷ്യന്‍ പറഞ്ഞതെല്ലാം ശരിയാണോടാ?"
സ്തംഭിച്ചു നിന്ന ഗോപാലപിള്ള - "ഞാന്‍...ഞാന്‍..."
കിട്ടുപിള്ള - "ഏമ്മാന്നേ!ഇയാളുടെ പോക്കറ്റില്‍ എന്‍റെ പഴ്സുണ്ട്...എന്‍റെ വിസിറ്റിംഗ് കാര്‍ഡുള്ള പഴ്സ്."
ഗോപാലപിള്ളയുടെ ദേഹപരിശോധന നടത്തിയ പോലീസുകാരന്‍ പഴ്സും അതില്‍ വിശ്രമിച്ചിരുന്ന വിസിറ്റിംഗ് കാര്‍ഡും രണ്ടുറുപ്പിക നോട്ടുകളും കണ്ടെത്തി.
കിട്ടുപിള്ള - "ഇനിയും തെളിവു തരാം.ഏമ്മാന്നേ!ആ ആറു നോട്ടുകളുടെയും നമ്പരുകള്‍ ഞാന്‍ പറയാം."
കിട്ടുപിള്ള സിഗരറ്റ് പാക്കറ്റില്‍ കുറിച്ചിരുന്ന നമ്പറുകള്‍ വായിച്ചു.പോലീസുകാരന്‍ നോട്ടുകളിലെ നമ്പറുകള്‍ നോക്കി.പോലീസുകാരന്‍ ഗോപാലപിള്ളയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു.
പോലീസുകാരന്‍ - "കള്ളാബഡുവാ."
ഗോപാലപിള്ള - "സര്‍,നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കയാണ്.ഞാന്‍ നിരപരാധിയാണ്....മാന്യനാണ്."
പോലീസുകാരന്‍ - "ച്ഛീ!റാസ്കല്‍!മിണ്ടിപ്പോകരുത്.ഞാന്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പോവുകയാ..."
കിട്ടുപിള്ള - "വേണ്ട ഏമ്മാന്നെ!കേസും കൂട്ടവും ഒന്നും വേണ്ട.ഇയാള്‍ക്കും കാണില്ലേ ഭാര്യയും പിള്ളാരും.ഇയാളെ ജയിളിലാക്കിയാല്‍ എനിക്കെന്തോ കിട്ടാനാ !എനിക്കെന്‍റെ പണം കിട്ടണമെന്നേയുള്ളൂ."
ഗോപാലപിള്ളയോട് പോലീസുകാരന്‍ - "എടാ,ഈ മനുഷ്യന്‍റെ നല്ല മനസ്സുകൊണ്ട് നീയിപ്പോള്‍ രക്ഷപ്പെടുന്നു.ഈ പ്രദേശത്തെങ്ങും നിന്നെയിനി കണ്ടുപോകരുത്."
പോലീസുകാരന്‍ കിട്ടുപിള്ളയെ പഴ്സ് ഏല്‍പ്പിച്ചു.കിട്ടുപിള്ള തൊഴുതുപിടിച്ചു നിന്നു.പിന്നെ നടന്നകന്നു.ആള്‍ക്കൂട്ടം പിരിഞ്ഞു.

CUT TO
ഗോപാലപിള്ള പറയുന്നു:
"നേരാണ്.നടന്ന കാര്യമാണ്.പക്ഷെ....നിങ്ങള്‍ക്കിതു സംഭവിക്കാതിരിക്കട്ടെ...."

Friday, June 25, 2010

സ്നേഹമെന്ന ഭാരം

- ഓ എന്‍ വി കുറുപ്പ് 

എനിക്കു ഭാരം! പ്രിയ-
ഭൂമി,നിന്നാകാര്‍ഷണ-
മെനിക്കു ഭാരം! കാന്ത-
ശക്തിയാര്‍ന്ന നിന്‍ കൈകള്‍
നിന്നിലേക്കെന്നെപ്പിടി-
ച്ചടുപ്പിക്കുന്നൂ-മേഘ-
ക്കുമ്പിളില്‍ നിന്നൂര്‍ന്നൊരു
തുള്ളിയാകിലു,മൊരു
കിളിതന്‍ കിളുന്നു പൊന്‍-
തൂവലാകിലും,കരി-
യിലയാകിലും,മഞ്ഞിന്‍-
തരിയാകിലും നിന്‍റെ
മാറിലേക്കതിനെ നീ
സ്വച്ഛന്ദമണയ്ക്കുന്ന
മായയെന്താവാം! മന്ത്ര-
മെന്താവാം!-അതിന്‍ പിന്നില്‍
സ്നേഹമോ?വാത്സല്യമോ?
തനതാക്കുവാനുള്ള
മോഹമോ?വിനോദമോ?
ക്രൌര്യമോ?കാരുണ്യമോ?
നിന്‍ കാന്തവലയത്തില്‍-
നിന്നു ഞാന്‍ നിര്‍മ്മുക്തനാ-
യിന്നലെയൊരു ചിത്ര-
പേടകമേറിച്ചുറ്റി-
പ്പറന്നേ,നൊ'രപ്പൂപ്പന്‍-
താടി'യില്‍ പറ്റിച്ചേര്‍ന്ന
ചെറുവിത്തുപോല്‍!-നീശ്ശൂ-
ന്യതയിലില്ലാ ഭാരം!...
അപ്പോഴും കണ്ടേന്‍ ദൂരെ
സ്നേഹത്താല്‍,കോപത്താലോ,
നിസ്തന്ദ്രശോകത്താലോ,
നിസ്സഹായതയാലോ,
പീതമായ്,ഹരിതമായ്,
ശോണമായാഹാ!ഘന-
ശ്യാമമായ് ശബളാഭ-
മായ്ത്തുടിക്കും നിന്‍മുഖം!
താണുതാണിറങ്ങി ഞാന്‍;
നിന്‍ മൃദൂഷ്മളമാറില്‍
വീണു പാടി ഞാന്‍:"സ്നേഹ-
മെത്രനല്ലൊരു ഭാരം!"

Thursday, June 24, 2010

നിശാഗന്ധീ!നീയെത്ര ധന്യ!

ഓ എന്‍ വി കുറുപ്പ് 

നിഴല്‍പ്പാമ്പുകള്‍ കണ്ണുകാണാതെ നീന്തും
നിലാവില്‍,നിരാലംബശോകങ്ങള്‍തന്‍ കണ്ണു-
നീര്‍പ്പൂക്കള്‍ കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധീ!നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്‍പു
നിന്നൂ?നിലാവും കൊതിക്കും മൃദുത്വം
നിനക്കാരു തന്നൂ!'മഡോണാ'സ്മിതത്തി-
ന്നനാഘ്രാതലാവണ്യനൈര്‍മ്മല്യമേ!മൂക-
നിഷ്പന്ദഗന്ധര്‍വസംഗീതമേ! മഞ്ഞു-
നീരില്‍ത്തപംചെയ്തിടും നിത്യകന്യേ!
നിശാഗന്ധീ!നീയെത്ര ധന്യ!

വിടര്‍ന്നാവു നീ സുസ്മിതേ!നിന്‍മനസ്സില്‍
തുടിക്കും പ്രകാശം പുറത്തി;ല്ലിരുള്‍ പെറ്റ
നാഗങ്ങള്‍ നക്കിക്കുടിക്കും നിലാവിന്‍റെ
നാഴൂരി വെട്ടം തുളുമ്പിക്കിടക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നൂ!വിടര്‍ന്നൊന്നു
വീര്‍പ്പിട്ടു നിന്നൂ!മനസ്സിന്‍റെ സൌമ്യാര്‍ദ്ര-
ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റുനിന്നൂ!
നിശാഗന്ധീ!നീയെത്ര ധന്യ!

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍ പട്ടു-
ചേലാഞ്ജലത്തില്‍ പിടിക്കേ,കരംകൂപ്പി-
യേകാഗ്രമായ്,ശാന്തനിശ്ശബ്ദമായ്,ധീര-
മേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു?
നിലാവസ്തമിച്ചൂ;മിഴിച്ചെപ്പടച്ചൂ;സ-
നിശ്വാസമാ 'ഹംസഗാനം' നിലച്ചു!
നിശാഗന്ധീ!നീയെത്ര ധന്യ!

ഇവര്‍ക്കന്ധകാരം നിറഞ്ഞോരു ലോകം
തുറക്കപ്പെടുമ്പോള്‍ ജനിച്ചെന്ന,തെറ്റിന്നു
'ജീവിക്കു'കെന്നേ വിധിക്കപ്പെടുമ്പോള്‍,
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍
തളച്ചിട്ടു ദുഃഖങ്ങള്‍ ഞങ്ങള്‍,കവാടം
തകര്‍ത്തെത്തുമേതോ സഹസ്രാംശുവെക്കാത്തു-
കാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍!
ഭയന്നുറ്റുനോക്കുന്നു ഹാ!മൃത്യുവേ!-നീ
സ്വയം മൃത്യുവെക്കൈവരിച്ചോരു കന്യ!
നിശാഗന്ധീ!നീയെത്ര ധന്യ!

(ജൂണ്‍ 1972)

Thursday, June 17, 2010

നീറുന്ന തീച്ചൂള

ചങ്ങമ്പുഴ കൃഷ്ണപിള്ള  

ആയുരാരോഗ്യങ്ങളാശീര്‍വദിച്ചുകൊ -
ണ്ടായിരമായിരമെത്തുന്നു കത്തുകള്‍.
ഓരോ സുഹൃത്തുക്കളജ്ഞാതര്‍കൂടിയു-
മീരോഗശയ്യയിലെത്തിപ്പു സംഖ്യകള്‍.
ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാര്‍ത്ഥികള്‍.
തിങ്ങിത്തുടിപ്പൂ വികാരങ്ങളെന്‍ ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാന്‍?
ഏതൌഷധത്തിനേക്കാളുമാശ്വാസദം
ചേതസ്സില്‍ വീഴുമിസ്സാന്ത്വനാര്‍ദ്രാമൃതം.
എത്രയ്ക്കധമനാണെങ്കിലുമെന്നെയെന്‍
മിത്രങ്ങള്‍ നിങ്ങള്‍ വെടിഞ്ഞീലൊരിക്കലും.
ശത്രുവേക്കൂടിയും ബന്ധിപ്പു മൈത്രിയാല്‍
ശപ്തമെന്‍ രോഗം;ചരിതാര്‍ത്ഥനാണു ഞാന്‍.

നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കല്‍ തിരശ്ശീല വീഴ്കിലും
അസ്വസ്ഥചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ.
വീര്‍പ്പിട്ടു കണ്ണീരില്‍ മുങ്ങിനിന്നിന്നിതാ
മാപ്പുചോദിപ്പൂ ഞാന്‍ നിന്നോടു ലോകമേ!

ഒപ്പം തമസ്സും പ്രകാശവുമുള്‍ച്ചേര്‍ന്നൊ-
രപ്രമേയാത്ഭുതം തന്നെ നിന്‍ ഹൃത്തടം!
ചെമ്പനീര്‍പ്പൂക്കള്‍ വിടരുമതില്‍ത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാങ്കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പൂ നീ സഗര്‍വ്വനായ് സൌമ്യനായ്‌.
നിന്നെയെമ്മട്ടിലപഗ്രഥിക്കും കഷ്ട-
മെന്നിലുള്ളെന്നെശ്ശരിക്കറിയാത്ത ഞാന്‍?
നന്‍മ നേരുന്നു നിനക്കു ഞാന്‍-നീയെന്‍റെ-
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!

[06/08/1948]

(ശ്രീ.ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏറ്റവും അവസാനത്തെ കവിത.അദ്ദേഹത്തിന്‍റെ ആത്മകഥയായ 'തുടിക്കുന്ന താളുകള്‍' (ഡയറിക്കുറിപ്പുകള്‍ സമാഹരിച്ചത് ) എന്ന കൃതിയില്‍ ഈ കവിത ഉള്‍പ്പെടുത്തിയിരിക്കുന്നു.)

Monday, April 5, 2010

കുമാരനാശാന്‍






 -ചങ്ങമ്പുഴ


മായാത്ത മയൂഖമേ!മംഗളമലയാള-
മാകന്ദവനിയിലെപ്പൂങ്കുയിലേ-
നിന്നെയോന്നോര്‍ക്കുമ്പോഴെക്കെന്തൊരു നിരവദ്യ-
നിര്‍വൃതിയാണെന്നോ ഞാനനുഭവിപ്പൂ!
സാനന്ദം തവ രാഗശോകമധുരസുര-
ഗാനകല്ലോലോനിയിലലിഞൊഴുകി,
മാമകചേതന,യൊരായിരം നവനവ-
രോമാഞ്ചവനികകള്‍ കടന്നുപോയി;
കണ്ടതു മുഴുവനും ചിന്തകള്‍ തനിത്തങ്ക-
ചെണ്ടിട്ട,മരതകനികുഞ്ചങ്ങള്‍!-
ലോലവിഷാദമയസ്നേഹസുരഭിലാര്‍ദ്ര-
ലീലാനിലനയനങ്ങള്‍ നിരുപമങ്ങള്‍!-
ശ്രീമയനളിനികള്‍,പുഷ്പവാടികള്‍,ദിവ്യ-
പ്രേമത്തിന്‍ മുരളികാലഹരികകള്‍-
സ്വര്‍ഗീയകരുണതന്‍ പീയൂഷത്തെളി,പൊട്ടി-
നിര്‍ഗളിച്ചീടു,മോരോ നിര്‍ത്ധരികള്‍!-
എന്തെല്ലാം!-ഹൃദയാനുരഞ്ജകോജ്ജ്വലങ്ങളാ-
മെന്തെല്ലാം-അവിടെ ഞാന്‍ കണ്ടുമുട്ടി!
സ്വപ്‌നങ്ങള്‍-സുരഭിലസ്വപ്‌നങ്ങള്‍-സുരസുഖ-
സ്വപ്‌നങ്ങള്‍-വഴിനീളെക്കനകം പൂശി!
ഉല്‍ക്കൃഷ്ടവിചാരങ്ങളുജ്ജ്വലവികാരങ്ങ-
ലുല്‍ക്കടവിഷാദങ്ങള്‍ വിമോഹനങ്ങള്‍;
എത്രയാണവിടത്തില്‍ പൂത്തുനില്‍ക്കുന്നതെന്നോ
തത്ത്വത്തിന്‍ പരിമളം കുളിര്‍ക്കെ വീശി!...

നിഷ്ടുരമരണമേ!നീയെന്താ രത്നദീപം
നിഷ്ക്രമിപ്പിക്കാ,നത്തു കഠിനമായി!
എങ്കിലും നിനക്കൊട്ടുമായതില്ലതു പെയ്ത
തങ്കപ്രകാശം മാത്രം തുടച്ചുമായ്ക്കാന്‍!
എന്നെന്നും ഭുവനത്തിന്‍ സുന്ദരഹൃദയത്തി-
ലാന്നിഴലാട്ടം വാടാതമര്‍ന്നുകൊള്ളും!-
കൈരളിയിന്നു,മെന്നും, ധ്യാനത്തി,ലാ മഹിത-
കൈവല്യസ്വപ്നസ്മൃതി നുകര്‍ന്നുകൊള്ളും!-
കുഞ്ഞുകുഞ്ഞലകളാല്‍ പല്ലനച്ചാലെന്നുമ-
ക്കണ്ണീരിന്‍കഥ പറഞ്ഞൊഴുകിക്കൊള്ളും!....

Monday, March 29, 2010

ആനന്ദധാര

- ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചൂടാതെ പോയ്‌ നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍...
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍...
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.

Tuesday, March 9, 2010

കുഷ്ഠരോഗി

- മാധവിക്കുട്ടി

തന്‍റെ ജനലിനരികെനിന്നുകൊണ്ട് ചന്ദ്രന്‍ ചുവട്ടിലേക്കു നോക്കി.ആ കുഗ്രാമത്തിലെ ചെറിയ പള്ളിക്കൂടം വിട്ടു വീട്ടിലേക്കു മടങ്ങിപ്പോകുന്ന ഒരു കൂട്ടം ബാലികാബാലകന്‍മാര്‍ ആ വഴിയെ പോയിരുന്നു.ദാരിദ്രരെങ്കിലും ആരോഗ്യവാന്‍മാരായ അവരെ നോക്കി അവനൊരു നെടുവീര്‍പ്പിട്ടു."ഈശ്വരാ!എന്നെ അവരെപ്പോലെ ആക്കണേ!" കരളലിയിക്കുന്ന ഒരു പ്രാര്‍ത്ഥന ആ പിഞ്ചുഹൃദയത്തില്‍നിന്നുയര്‍ന്നു.

തന്‍റെ രോഗശയ്യയില്‍ ചെന്നുകിടന്ന് ചന്ദ്രന്‍ ചുറ്റുപാടും നോക്കി.അസ്തമനസൂര്യരശ്മികള്‍ അവന്‍റെ കിടപ്പുമുറിയുടെ ചുമരിന്‍മേല്‍ ചാഞ്ചാടിക്കൊണ്ടിരുന്നു.

ചന്ദ്രന്‍ കേവലം പത്തു വയസ്സുമാത്രം ചെന്ന ഒരു കുഷ്ഠരോഗിയായിരുന്നു.

അവന്‍റെ മുറിയില്‍ ക്രമേണ ഇരുട്ടുവ്യാപിച്ചു.ജനാലയില്‍ക്കൂടിവന്ന ഒരു മന്ദമാരുതന്‍ ഉറങ്ങിക്കിടന്ന ആ ബാലന്‍റെ ചുരുണ്ട തലമുടിയെ പറപ്പിച്ചു.ആ ഭയങ്കര വ്യാധി കവര്‍ന്നുതിന്ന അവന്‍റെ കൈകാല്‍കളില്‍ കെട്ടിയിരുന്ന വെളുത്ത കെട്ടുകള്‍ നിലാവെളിച്ചത്തില്‍ തിളങ്ങി.

പ്രഭാതസൂര്യന്‍റെ രശ്മികള്‍ അവന്‍റെ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് ചന്ദ്രന്‍ കണ്ണുതുറന്നത്.മരുന്നുവച്ചുകെട്ടിക്കൊണ്ടിരുന്ന തന്‍റെ നേഴ്സിന്‍റെ ശബ്ദമാണ് അവനെ ഉണര്‍ത്തിയത്.ആ സ്ത്രീ തന്നെത്താന്‍ പിറുപിറുത്തു:"പഴുപ്പ് കേറുന്നു."

പതിവുപോലെ,സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കിക്കൊണ്ട്‌ ചന്ദ്രന്‍ ജനാലയുടെ അരികെ ചെന്നിരുന്നു.ഒരുകെട്ടു പുസ്തകവും സ്ലേറ്റും കക്ഷത്തു കൂട്ടിപ്പിടിച്ചുകൊണ്ടുപോയിരുന്ന ഒരു ദരിദ്രബാലന്‍ ആ വഴിയെ വന്നു."എങ്ങട്ടാ പോണ്?" ചന്ദ്രന്‍ ചോദിച്ചു.

"സ്കൂളില്‍യ്ക്ക്." ആ കുട്ടി ഗര്‍വ്വോടെ പറഞ്ഞു.ഒരു സ്നേഹിതനെ കിട്ടിയപ്പോഴുണ്ടായ സന്തോഷത്തോടുകൂടി ചന്ദ്രന്‍ ചോദിച്ചു:

"എന്താ പേര്?"

"കൃഷ്ണന്‍കുട്ടി."

അവന്‍ ജനാലയുടെ ചുവട്ടിലുള്ള പുല്ലില്‍ ഇരുന്നു.ചന്ദ്രന്‍ തന്‍റെ മുഖം ജനാലയുടെ ഇരുമ്പഴികളോടടുപ്പിച്ചു.അവര്‍ ചിരിച്ചു.

"താന്‍ സ്കൂളിലൊന്നും പൂവാറില്യേ?" കൃഷ്ണന്‍കുട്ടി ചോദിച്ചു.

"ഇല്ല." ചന്ദ്രന്‍ വിഷാദത്തോടെ പറഞ്ഞു.ഹൃദയം നീറ്റുന്ന ചിന്തകള്‍ അവന്‍റെ കൊച്ചുഹൃദയത്തില്‍ക്കൂടി പാഞ്ഞുപോയി.

പതിവായി കൃഷ്ണന്‍കുട്ടി സ്കൂള്‍വിട്ടു മടങ്ങിവരുന്നതും കാത്തു ചന്ദ്രന്‍ ജനാലയ്ക്കരികെ ചെന്നിരിക്കും.സ്കൂള്‍വിട്ടു ക്ഷീണിച്ചു മടങ്ങിയെത്തുന്ന കൃഷ്ണന്‍കുട്ടി ആ പുല്ലില്‍ ഇരുന്ന് അന്ന് സ്കൂളില്‍വച്ചുണ്ടായ സംഭവങ്ങള്‍ മുഴുവന്‍ പറയും.മാസ്റ്റര്‍മാരുടെ ചൂരലിന്‍റെയും വിഷമംപിടിച്ച കണക്കിന്‍റെയും മറ്റും ഓരോ വര്‍ത്തമാനം.തനിക്കു കിട്ടിയ ചൂരല്‍പ്രഹരത്തിന്‍റെയും ശകാരവര്‍ഷത്തിന്‍റെയും വര്‍ത്തമാനങ്ങള്‍ അവന്‍ തന്‍റെ സ്നേഹിതനോട് വിവരിച്ചു പറഞ്ഞുകൊടുക്കും.ചന്ദ്രന്‍റെ സഹതാപം കലര്‍ന്ന ആ വരണ്ട പുഞ്ചിരി അവന്‍റെ മനസ്സിനു ധൈര്യം കൊടുത്തിരുന്നു.

ദിവസങ്ങള്‍ നീങ്ങി.കൃഷ്ണന്‍കുട്ടി ചന്ദ്രനെ അതിരറ്റു സ്നേഹിച്ചു.ചന്ദ്രന്‍റെ കൈയ്യിന്‍മേലുള്ള കെട്ടുകള്‍ അവന്‍ കാണാറുണ്ടായിരുന്നു.അതെന്താണെന്ന് അവന്‍ ചോദിച്ചില്ല.തന്‍റെ സ്നേഹിതന്‍ എന്തോ വലിയ വേദന അനുഭവിക്കുന്നുണ്ടെന്ന് അവനറിഞ്ഞിരുന്നു.പക്ഷെ,ചന്ദ്രന് കുഷ്ഠരോഗമാണെന്നവന്‍ മനസ്സിലാക്കിയിരുന്നില്ല.

പതിവുപോലെ ഒരുദിവസം ചന്ദ്രനെ കണ്ടു വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോള്‍ കൃഷ്ണന്‍കുട്ടി കുപിതയായ തന്‍റെ അമ്മയെയാണ് കണ്ടത്.ആ സ്ത്രീ അവനെ നോക്കി ഗര്‍ജ്ജിച്ചു:"എടാ!നീയ്യ്‌ ആ കുഷ്ഠം പിടിച്ച കുട്ടിയുടെ വീട്ടില്‍യ്ക്കായിരുന്നു പോയിരുന്നത്;അല്ലേ?കുഷ്ഠരോഗം പകരണതാ.അതു മനസ്സിലാക്കിക്കോ!ഇനീ നീയ്യവിടെയെങ്ങാനും പോയിട്ടുണ്ടെങ്കില്‍ ഞാന്‍ നിന്‍റെ തോലിയൂരും.നോക്കിക്കോ!" കൃഷ്ണന്‍കുട്ടി അമ്പരന്നു.

അവന്‍ തന്‍റെ മിത്രത്തിനു പകര്‍ച്ച വ്യാധിയുണ്ടെന്നു മനസ്സിലാക്കിയിരുന്നില്ല.ആ വെളുത്ത കെട്ടുകള്‍ അവനോര്‍മ്മവന്നു.

പാവം!ചന്ദ്രന്‍ തന്നെ കാണാതെ എത്ര വ്യസനിക്കുമെന്നോര്‍ത്തപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു.ആ മൈത്രീബന്ധത്തിന്‍റെ
ഏകചിഹ്നം!കുഷ്ഠം!അതു ഭയങ്കരമാണ്.കൃഷ്ണന്‍കുട്ടിക്കു ഭയം വര്‍ദ്ധിച്ചു.അവന്‍ ഇനിമേലില്‍ ആ വഴിയില്‍ക്കൂടെ പോവില്ലെന്നു തീര്‍ച്ചയാക്കി.

ആ വിദ്യാലയത്തിലെ ഘടികാരം നാലടിച്ചു.ചന്ദ്രന്‍ ജനാലയഴിയും പിടിച്ചുകൊണ്ടു ചുവട്ടിലേക്കു നോക്കി.കൃഷ്ണന്‍കുട്ടി ആ വഴിയില്‍ക്കൂടി വരുന്നുണ്ട്.അവന്‍റെ തലമുടി കാറ്റത്തു പറന്നിരുന്നു.അവന്‍ ജനാലയുടെ ചുവട്ടിലെത്തിയപ്പോള്‍ മുകളിലേക്കു നോക്കി.ചന്ദ്രന്‍ അവനെ നോക്കി ചിരിച്ചു.കൃഷ്ണന്‍കുട്ടി നിന്നില്ല.അവന്‍ പുസ്തകങ്ങളും കൂട്ടിപ്പിടിച്ചു വേഗത്തില്‍ നടന്നുതുടങ്ങി. പതിവില്ലാതെ ഈ നടത്തം കണ്ടിട്ട് ചന്ദ്രന്‍ ചോദിച്ചു.

"എന്താ,കൃഷ്ണന്‍കുട്ടീ,ഒന്ന് നില്‍ക്കാത്തത്?"

കൃഷ്ണന്‍കുട്ടി തിരിഞ്ഞു നോക്കി.അവനു ചന്ദ്രനോടു ദയ തോന്നി.പക്ഷെ,ആ ഭയങ്കര വ്യാധി ഓര്‍ത്തപ്പോള്‍ ഭയം മുന്നിട്ടുനിന്നു.അവനു വ്യസനത്താല്‍ മിണ്ടുവാന്‍ കഴിഞ്ഞില്ല.ഒരു മൂകനെപ്പോലെ അവന്‍ മുമ്പോട്ടു നീങ്ങി.

ചന്ദ്രന്‍റെ മുഖം വാടി.അവന്‍റെ ശരീരമൊന്നു വിറച്ചു.കൃഷ്ണന്‍കുട്ടിക്ക് തന്‍റെ രോഗം എന്തെന്നു മനസ്സിലായിരിക്കുന്നുവെന്നുള്ളത് അവനു ബോദ്ധ്യമായി.ജനാലയഴി മുറുക്കിപ്പിടിച്ചുകൊണ്ട് അവന്‍ നിസ്സഹായനെപ്പോലെ നിന്ന്.അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.കൃഷ്ണന്‍കുട്ടി ഇടയ്ക്കിടയ്ക്കു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.ഒരു നെടുവീര്‍പ്പോടെ അവന്‍ കിടക്കയ്ക്കുമേല്‍ ചെന്നുവീണു.

ചന്ദ്രന്‍റെ രോഗം വര്‍ദ്ധിച്ചുവന്നു.കൈകാല്‍കള്‍ വീര്‍ത്തുപൊട്ടി.കടുത്ത നൈരാശ്യം അവന്‍റെ മുഖത്തു നിഴലിച്ചിരുന്നു.

ഒരു കുളിര്‍കാറ്റ് അവന്‍റെ മുഖത്തു വീശി.അവനു കലശലായ വേദന തോന്നി.തന്‍റെ ചുറ്റുപാടും അനവധി ആളുകള്‍ നിന്നിരുന്നു.ചന്ദ്രന്‍ അവരെ തിരിച്ചറിഞ്ഞില്ല.എന്തോ ഒരു മൂടല്‍ അവന്‍റെ ചുറ്റും വ്യാപിക്കുന്നതായി അവനു തോന്നി.ജനല്‍വാതിലിലൂടെ വന്ന ഒരു കാറ്റ് അവിടെയുണ്ടായിരുന്ന ഒരു വിളക്കു കെടുത്തി.തന്‍റെ ചുറ്റുമുള്ളവര്‍ പിറുപിറുക്കുന്നുണ്ടെന്ന് ചന്ദ്രനു മനസ്സിലായി.

കൃഷ്ണന്‍കുട്ടിയുടെ മുഖം അവന്‍റെ കണ്ണിന്‍റെ മുമ്പില്‍ അവ്യക്തമായി നിഴലാടി.തൊണ്ടയിടറിക്കൊണ്ട് അവന്‍ വിളിച്ചു:"കൃഷ്ണന്‍കുട്ടീ,താനിനി വരില്ലേ?"

അവന്‍റെ കണ്ണുകള്‍ അടഞ്ഞു.ഒരു കാലന്‍കോഴി ശബ്ദിച്ചു.ആ ഭയങ്കരവ്യാധി കാര്‍ന്നുതിന്ന അവന്‍റെ കരിവാളിച്ച കൈകാലുകള്‍ നിലാവെളിച്ചത്തില്‍ ഭയങ്കരമാംവണ്ണം ഒന്നു തിളങ്ങി.

അവന്‍റെ മുഖം വിളര്‍ത്തിരുന്നു.

പതിവുപോലെ അസ്തമനസൂര്യന്‍റെ രശ്മികള്‍ ആ ചുമരിന്‍മേല്‍ തട്ടി ചാഞ്ചാടി.ആ മുറി ശൂന്യമായിരുന്നു.

(മാധവിക്കുടിയുടെ രണ്ടാമത്തെ കഥ.1946 നവംബര്‍ 10-ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

Monday, March 1, 2010

അവളുടെ വിധി

 - മാധവിക്കുട്ടി

'കുട്ടീ കരയാതിരിക്കൂ' അവള്‍ തന്‍റെ മടിയില്‍ കിടക്കുന്ന പൈതലിനെ തലോടിക്കൊണ്ടു പറഞ്ഞു. ആ ചെറിയ പൈതല്‍ തന്‍റെ അമ്മയുടെ അനുലംഘ്യമായ ശാസനയെ അനുസരിച്ചു എന്ന ഭാവത്തില്‍ കരച്ചില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു :
"എനിക്ക് അച്ഛനുണ്ട് എന്ന് അമ്മ പറഞ്ഞുവല്ലോ. അച്ഛനെവിടെയാണ്!എനിക്ക് കാണണം,അമ്മേ!" 

അവള്‍ തേങ്ങിക്കരഞ്ഞു കൊണ്ടുപറഞ്ഞു: "അച്ഛന്‍...അദ്ദേഹം മരി...."
ഈ വാചകം പൂര്‍ത്തിയാവുന്നതിനു മുമ്പ് അവള്‍ വിലപിച്ചു തുടങ്ങി. ബാല്യകാലം മുഴുവന്‍ ഒരു പ്രഭുകുമാരിയായി വളര്‍ന്ന സുമുഖി(അതായിരുന്നു അവളുടെ പേര്) ഇപ്പോള്‍ ഇതാ ദാരിദ്ര്യത്തിന്‍റെ അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

ബാല്യകാലത്ത്‌ സ്കൂളില്‍ പഠിക്കുവാന്‍ സുമുഖിയെ(അവരുടെ ഏകപുത്രിയെ) അവളുടെ അച്ഛനമ്മമാര്‍ അയച്ചിരുന്നു. അത്യധികം ലാളിച്ചു വളര്‍ത്തിയ തങ്ങളുടെ പുത്രി സ്കൂളുകള്‍, കോളജുകള്‍ ഇവയിലെല്ലാം പഠിച്ചു വിദുഷിയായി ഒരു ധനവാനായ പ്രഭുകുമാരനെ കല്യാണംകഴിച്ചു സുഖമായി താമസിക്കണമെന്നായിരുന്നു അവളുടെ അച്ഛനമ്മമാരുടെ ആശ. എന്നാല്‍ അവരുടെ ആഗ്രഹം നിഷ്ഫലമായിത്തന്നെ ഭവിച്ചു. സുമുഖിക്ക് 12 വയസ്സായപ്പോള്‍(ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍) വിദ്യാലയത്തിലുള്ള ഒരു ദരിദ്രബാലനില്‍ അവള്‍ക്ക് അനുരാഗവിത്ത് മുളച്ചു. ഇങ്ങനെ അവനെ എനിക്ക് ഇഷ്ടമാണെന്ന് അച്ഛനമ്മമാരോട് ഒട്ടു പറഞ്ഞതുമില്ല.

മകരമാസത്തില്‍ രമണീയമായ ഒരു സമയം. ഉച്ച തിരിഞ്ഞിരിക്കുന്നു. അന്ന് സ്കൂളില്‍ ഒരു നാടകമായിരുന്നു. രാത്രിയായിരുന്നു ആ വിശേഷം. സുമുഖിയും അതിനു പോയിരുന്നു. ആ ദിവസം അവള്‍ നല്ല വില്ലീസുസാരിയും മറ്റും ധരിച്ച് നിബിഡമായ കേശത്തില്‍ വിരിഞ്ഞുതുടങ്ങുന്ന റോജാപ്പൂ കുത്തി പൂര്‍ണചന്ദ്രനെപ്പോലെ സ്കൂളിലേക്ക് ചെന്നു. അന്ന് അവള്‍ എന്തുകൊണ്ടാണ് അത്ര സന്തോഷമായിരിക്കുന്നത് എന്നു മറ്റു സഖിമാര്‍ വിചാരിച്ചു. രാത്രി പതിനൊന്നരമണി സമയം.സുമുഖി പഠിക്കുന്ന സ്കൂളില്‍ നാടകത്തിന്‍റെ ഘോഷംതന്നെയായിരുന്നു.ചെറിയ കുട്ടികള്‍ ചിലര്‍ കൈകൊട്ടിച്ചിരിക്കുകയും മറ്റും ചെയ്തിരുന്നു. കാറ്റത്താടിക്കളിക്കുന്ന വൃക്ഷങ്ങളുടെ ഇലകള്‍ 'കിലകിലാ' എന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നു.

കടലിന്‍റെ ഭയങ്കരമായ ഗര്‍ജ്ജനം അകലെ നിന്ന് കേള്‍ക്കുന്നുണ്ട്. ആ സമയത്ത് സുമുഖി ആശാസ്യന്‍റെ(ആ ദരിദ്രബാലന്‍) ഒരുമിച്ചു തന്‍റെ നാടു വിട്ടു ചാടിപ്പോയി. അന്യരാജ്യത്ത് അവര്‍ വിവാഹം ചെയ്തു കഴിച്ചുകൂട്ടി. സ്കൂളില്‍ അപ്പോഴേക്കും ബഹളമായിത്തീര്‍ന്നു.
'സുമുഖിയെ കാണാനില്ല' ഈ ശബ്ദം അവിടെ മാറ്റൊലിക്കൊണ്ടു. നാടകം നിന്നു. അപ്പോഴേക്കും ഒരു കുട്ടി 'ആശാസ്യനേയും കാണാനില്ല' എന്നുപറഞ്ഞു. ഇത് രണ്ടും തമ്മില്‍ എന്താണു ബന്ധം എന്നു വിചാരിച്ച് എല്ലാവരും നില്‍ക്കുമ്പോള്‍ ഒരു കുട്ടി സുമുഖിയും ആശാസ്യനുംകൂടി ചാടിപ്പോയി എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും സുമുഖിയുടെ അച്ഛനമ്മമാര്‍ വളരെ അന്വേഷിച്ചു. ഒരു തുമ്പുമുണ്ടായില്ല.

കൊല്ലങ്ങള്‍ നാലഞ്ചെണ്ണം ഇഴഞ്ഞുപോയി. സുമുഖിയുടെ അച്ഛനമ്മമാര്‍ മരിച്ചു. സുമുഖി ഇന്ന് ഒരു ചെറുബാലന്‍റെ(2 വയസ്സ്) അമ്മയായിത്തീര്‍ന്നിരിക്കുന്നു. അവന് ആശാസ്യനും സുമുഖിയും കൂടി നല്‍കിയ പേരാണ് ഉമേശന്‍. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാവിലെ രണ്ടു പോലീസുകാര്‍ വന്ന് ആശാസ്യനെ ഏതോ ഒരു കുറ്റം ചെയ്തതിനാല്‍ പിടിച്ചു തൂക്കിലിട്ടു കൊന്നു. സുമുഖി അസ്വസ്ഥയായി. ഇങ്ങനെ ഇരിക്കുമ്പോഴാണ്‌ നാം സുമുഖിയെ ഒരു കുടിലിന്‍റെ ഉമ്മറത്ത്‌ ഉമേശനെയും എടുത്തുകാണുന്നത്. പിറ്റേദിവസം രാവിലെ അയല്‍പക്കത്ത് പാര്‍ക്കുന്ന കല്യാണിയമ്മ വന്ന് സുമുഖിയോടു കുറച്ചു പണം വേണമോ എന്നു ചോദിച്ചു. അവള്‍ വേണ്ട എന്ന് തല്‍ക്ഷണം പറഞ്ഞു.

കല്യാണിയമ്മ:"നിങ്ങളുടെ കുട്ടിക്ക് കഞ്ഞികൊടുക്കുവാന്‍ കാശ് ആര്‍ തരും?"
സുമുഖി:"ദൈവം തരും."

പിറ്റേ ദിവസം രാവിലെ എല്ലാവരും ഉണര്‍ന്നപ്പോള്‍ കിണറ്റില്‍ സുമുഖിയുടെ ശവം കണ്ടെത്തി. മുറ്റത്തുകിടന്നു നിലവിളിക്കുന്ന ഉമേശനെ അയല്‍പക്കക്കാര്‍ കൊണ്ടുപോയി രക്ഷിച്ചുപോന്നു. എല്ലാം അവളുടെ വിധി. അത്രയേ പറയാനുള്ളു.

(മാധവിക്കുട്ടിയുടെ ആദ്യത്തെ കഥ.പത്താം വയസ്സിലാണ് ഇത് എഴുതിയത്.)

ഒരു മനുഷ്യന്‍

- വൈക്കം മുഹമ്മദ്‌ ബഷീര്‍

നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല. ദൂരദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല; ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക്‌ ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍,ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും. പലേ സാഹസപ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു... കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ ഞങ്ങള്‍ ഓര്‍ക്കും... അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞുവരുന്നത് എന്‍റെ ഒരനുഭവമാണ്. എന്‍റെ ഒരനുഭവമാണ്.ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യ വര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്‍റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്,മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്;സാംക്രമിക രോഗമുള്ളവരുണ്ട്‌, ഭ്രാന്തന്‍മാരുണ്ട്- പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍,ഇതു നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാന്‍ ആ വളരെ വളരെ പഴയ കൌതുകമുള്ള നിസ്സാര സംഭവം ഇവിടെ പറയാം:

ഇവിടെനിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂറോ രണ്ടായിരത്തിയഞ്ഞൂറോ മൈല്‍ ദൂരെ പര്‍വതനിരകളുടെ
താഴ് വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടുകാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരുകേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകള്‍,കൂട്ടക്കവര്‍ച്ച,പോക്കറ്റടി-ഇതെല്ലാം നിത്യസംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ ദൂരെ പുറംരാജ്യങ്ങളില്‍ പണം പലിശയ്ക്ക്‌ കൊടുക്കുന്നവരായും മില്ലുകള്‍,വലിയ ആഫീസുകള്‍,ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനുവേണ്ടി എന്തും ചെയ്യും;ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട്- രാത്രി ഒമ്പതര മണിമുതല്‍ പതിനൊന്നു മണിവരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു കാല്‍രൂപാ മുതല്‍ അരരൂപാവരെ ഫീസാണ്.

അതില്‍നിന്നു രക്ഷനേടാനും വേണ്ടിവന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലുമണിക്കേ ഉണരൂ,ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ,ഉച്ചയ്ക്കൂണ്.

അങ്ങനെ പതിവുപോലെ ഞാന്‍ നാലുമണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്‍റെ കോട്ടുപോക്കറ്റില്‍ ഒരു പേഴ്സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്‍റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍-വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതുകൊടുക്കാനായി കോട്ടുപോക്കറ്റില്‍ കയ്യിട്ടു. ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദഹിച്ചുപോയി. എന്താണെന്നുവെച്ചാല്‍ കോട്ടുപോക്കറ്റില്‍ പേഴ്സ്  ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:

'എന്‍റെ പേഴ്സ് ആരോ പോക്കറ്റടിച്ചു!'

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്‍റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:

'ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ... നിന്‍റെ കണ്ണുഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍!'

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു;

'എന്‍റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടുവരാം.'

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.

ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.

ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചുവെക്കാന്‍ പറഞ്ഞു.

ഞാന്‍ ഷൂസു രണ്ടും അഴിച്ചുവെച്ചു.

ഒടുവില്‍ ട്രൌസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:

'അടിയിലൊന്നുമില്ല.'

എല്ലാവരുംചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:

'എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!'

ഒരു അന്‍പതുപേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: 'അടിയിലെന്തെങ്കിലും കാണും!'

എന്‍റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്നനായ ഒരുവന്‍ ആള്‍ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ...ഞാന്‍ ഈ സംഭവത്തിന്‌ ഓ...പോട്ടെ!ലോകങ്ങളുടെ സ്രഷ്ടാവേ!എന്‍റെ ദൈവമേ ...! ഒന്നും പറയാനില്ല.സംഭവം ശുഭം. ഓ...എല്ലാം ശുഭം...മംഗളം!

ഞാന്‍ ട്രൌസറിന്‍റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

'നില്‍ക്കൂ; ഞാന്‍ പണം തരാം!'

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്നതലപ്പാവും കറുത്തകോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടിപ്പൊക്കക്കാരന്‍. കൊമ്പന്‍മീശയും നീലക്കണ്ണുകളും....

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടുവന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

'എത്രയുണ്ടെന്നാ പറയുന്നത്?'

'മുക്കാല്‍രൂപയോളം!'

അത് അയാള്‍ കൊടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു:

'എല്ലാം ധരിക്കൂ.'

ഞാന്‍ ധരിച്ചു.

'വരൂ.' അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്‍റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ?

ഞാന്‍ പറഞ്ഞു:
'അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!'

അയാള്‍ ചിരിച്ചു.

'പേരെന്താ?' അയാള്‍ ചോദിച്ചു. 
ഞാന്‍ പേര്,നാട്-ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്‍റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു:
'എനിക്ക് പേരില്ല!'

ഞാന്‍ പറഞ്ഞു:

'എങ്കില്‍....ദയവ്, എന്നായിരിക്കും പേര്.'

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നുനടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നുചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:

'നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!'

എനിക്ക് കാര്യം മനസ്സിലായി.

അയാള്‍ രണ്ടുമൂന്നു പോക്കറ്റുകളില്‍നിന്ന് അഞ്ചു പേഴ്സുകള്‍ എടുത്തു! അഞ്ച്....! കൂട്ടത്തില്‍ എന്‍റെതും.

'ഇതില്‍ ഇതാണ് നിങ്ങളുടേത്?'

എന്‍റെതു ഞാന്‍ തൊട്ടുകാണിച്ചു.

'തുറന്നുനോക്കൂ.'

ഞാന്‍ തുറന്നുനോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്‍റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:

'പോ,ദൈവം നിങ്ങളെ രക്ഷിക്കട്ടെ!'

ഞാനും പറഞ്ഞു:

'ദൈവം....നിങ്ങളെയും....എന്നെയും....എല്ലാവരെയും രക്ഷിക്കട്ടെ!'

മംഗളം.