Showing posts with label മലയാറ്റൂര്‍ രാമകൃഷ്ണന്‍. Show all posts
Showing posts with label മലയാറ്റൂര്‍ രാമകൃഷ്ണന്‍. Show all posts

Friday, December 27, 2024

മരണത്തിന്‍റെ മുഖം

 


 

 

 

 

 

- മലയാറ്റൂർ രാമകൃഷ്ണൻ

        

        വീണ്ടും അയാള്‍ കണ്ണ് തുറക്കുമെന്ന് ആരും വിചാരിച്ചതല്ല. എങ്കിലും എല്ലാവരും കാത്തുനിന്നു. അവര്‍ക്കെല്ലാം തിരക്കുണ്ടായിരുന്നു. പക്ഷെ, എങ്ങനെ പോകാനാണ്? മക്കള്‍, മക്കളുടെ മക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍... വന്നുപോയില്ലേ? ഇനി അവസാനം കാണാതെ പോകാന്‍ വയ്യ. മര്യാദകേടാകും.

        ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. ആരോഗ്യമുള്ള കാലത്ത് അയാള്‍ പറയുമായിരുന്നു: 'കിടന്നു നരകിക്കാതെ പോകണം. ആര്‍ക്കും ഭാരമാകരുത്.

        തിന്നും കുടിച്ചും പ്രേമിച്ചും ഭോഗിച്ചും ശണ്ഠയുണ്ടാക്കിയും സ്ഥാനമാനങ്ങൾ നേടിയും വളർന്ന മനുഷ്യനാണ്. മുന്നും പിന്നും നോക്കാതെ ജീവിച്ച മനുഷ്യൻ. നല്ലവനെന്നു ചിലർ കരുതി. തെമ്മാടിയാണെന്ന് ചിലർ വിധിച്ചു. പണ്ടുപണ്ടുതന്നെ, എതിർപ്പ് അയാളുടെ ചോരയേക്കാൾ കട്ടിയുള്ള പുളിച്ച തേനായിരുന്നു. ആ തേനിലും ചൂടുള്ള ചോരയിലും അയാൾ നീന്തിത്തുടിച്ചു. അറുപത് കഴിഞ്ഞിട്ടും തലമുടി നരച്ചില്ല. കാമം കൊഴിഞ്ഞുവീണില്ല. അറുപത്തിയെട്ടെത്തിയപ്പോള്‍ എങ്ങുനിന്നോ മാറാത്ത ഒരു ചുമ അയാളുടെ കനത്ത നെഞ്ചിന്‍കൂടിൽ കടന്നുകൂടി. ചുമച്ചുതീരുമ്പോൾ അയാൾ ചിരിക്കുമായിരുന്നു. അറുപത് കടന്ന ഭാര്യയുടെ എല്ലുന്തിയ അരക്കെട്ടിലമര്‍ത്തിപ്പിടിച്ചുകൊണ്ടയാൾ പറയുമായിരുന്നു: "മരണം ഉൾക്കടമായ ഒരു വികാരമൂർച്ചയുടെ ശീഘ്രവിമോചനസൗഖ്യത്തോടെ വന്നെത്തണം." സ്വയം തൃപ്തിപ്പെടാനെന്നോണം അയാൾ കൂട്ടിച്ചേർക്കുമായിരുന്നു- "എനിക്കങ്ങനെ തന്നെ വരുമെടീ."

        പിന്നെയും രണ്ടു കൊല്ലങ്ങൾ കഴിഞ്ഞു.

        അക്കാലമത്രയും അയാൾ വീടിനകത്ത് ചുറ്റിക്കറങ്ങി നടന്നു. മുറ്റത്ത് വളരുന്ന തെറ്റിക്കും മന്ദാരത്തിനും വെള്ളമൊഴിച്ചു.

        പിന്നീടയാൾ ഒരു ബോറായി.

        അനേകം വർഷങ്ങൾക്കുമുമ്പ്- എന്നു പറഞ്ഞാൽ മതിയോ, പത്തൊമ്പതു വയസ്സുള്ളപ്പോൾ- പഠിച്ച ഒരു പാഠത്തെപ്പറ്റി കിഴവിയായ ഭാര്യയോട് ഉപന്യസിക്കാൻ തുടങ്ങി. കൂടെക്കൂടെ. ബോറൻ മട്ടിൽ.

        "എടീ. ബി.എ.യ്ക്ക് ഞാനൊരു പാഠം പഠിച്ചു. പ്രോസ് ടെക്സ്റ്റിൽ. സ്റ്റീവൻസന്‍റെ വക- പേര് ഫ്രഞ്ചിൽ.'എ ട്രിപ്ളേ.'

        "എന്നുവച്ചാല്‍?"

        "മൂന്ന് തവണ ഉരുക്കിക്കട്ടിയായ..."

        അപ്പോളയാൾക്കു നീണ്ട ചുമ വന്നു.

        "ഒന്നുറങ്ങൂ."

        "എടീ, നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ?"

        "ഒന്നുറങ്ങു."

        "ലോകത്തിലെ ഏറ്റവും വലിയ ധീരനാരാടീ?"

        കിഴവിയായ ഭാര്യ മിണ്ടിയില്ല. കൊളംബസ്സാവാം - അലക്സാണ്ടറാവാം - നെപ്പോളിയനാകാം - അഭൗതിക തലങ്ങളിലാണെങ്കിൽ ബുദ്ധനും ക്രിസ്തുവും ശങ്കരനുമാകാം. വേണ്ട, ഒന്നും പറയണ്ട. ഒന്നുറങ്ങട്ടെ.

        അയാള്‍ ചരിഞ്ഞു. ഉരുണ്ടു. പിന്നെയും ചുമച്ചു. മലർന്നു. ഇപ്പോൾ മുഖം ശാന്തമായിരുന്നു.

        അടുത്ത ദിവസമാണ് കിഴവിയായ ഭാര്യ മക്കൾക്ക് കമ്പിയും കേബിളും അയച്ചത്.

        വേൾഡ് ബാങ്കിൽ ജോലിയുള്ള മകൻ.

        കുവൈറ്റിൽ പണിയെടുക്കുന്ന മകളുടെ ഭർത്താവ്.

        അവിടംവരെയൊന്നുമെത്താത്ത രണ്ടാമത്തെ മകൻ, സുൽത്താൻ ബത്തേരിയിലെ ഡെപ്യൂട്ടി തഹസിൽദാർ. എല്ലാവരും വന്നെത്തി.

        വിളിക്കപ്പെടാത്ത ബന്ധുക്കളും പരിചയക്കാരും വന്നെത്തി.

        എല്ലാവരും തിരക്കുള്ളവർ.

        ജോലിയുള്ളവർ.

        ലീവില്ലാത്തവർ.

        മരണം വികാരമൂർച്ചയുടെ ശീഘ്രവിമോചന സുഖത്തോടും വേഗതയോടും വന്നണഞ്ഞില്ല.

        വന്നെത്തിയവരെല്ലാം ബുദ്ധിമുട്ടിലായി. വന്നുപോയില്ലേ? ഇനി അവസാനം കാണാതെ പോകുന്നതെങ്ങനെ?

        രാത്രി വളരെ വൈകി.

        ചുമയുടെ വടംവലിയിൽ കുരുങ്ങി അയാൾ പിടഞ്ഞു. ഉരുണ്ടു. അയാളുടെ ഒത്ത ശരീരം പെട്ടെന്ന് ശുഷ്കമായി. ഒരു തുണിപ്പാവ പോലെ അയാൾ അശക്തനായി ചുരുണ്ടുകിടന്നു.

        അയാൾ മരിക്കുകയായിരുന്നു.

        കാലിന്‍റെ പെരുവിരല്‍ തൊട്ട് കഴുത്തിന്‍റെ മുഴയും ഞരമ്പുകളും വരെ അയാൾ മരിച്ചു.

        അപ്പോൾ അയാളുടെ എഴുപത് വയസ്സെത്തിയ തലച്ചോറില്‍ ചിന്തകളുടെ അനുസ്യൂതമായ സ്ഖലനമുണ്ടായി.

        ഞാൻ.

        ജനിച്ചപ്പോൾ അശക്തന്‍.

        മനസ്സൊരു മൃഗത്തിന്‍റെ.

        കാലം ചെന്നപ്പോൾ ഞാൻ കണ്ടു, കേട്ടു, പഠിച്ചു, അറിഞ്ഞു, ശക്തനായി, പിന്നെ... വിവേകിയായി.

        മനസ്സിനൊപ്പം ഞാൻ ശരീരവും വളർത്തി. ഇന്നത് ശുഷ്കം, ജീര്‍ണ്ണം. നിര്‍ജ്ജീവം.

        ഇക്കഴിഞ്ഞ 70 വർഷങ്ങൾക്കെന്തർത്ഥം?

        ജയിക്കുന്നതാര്?

        മരണം തന്നെ.

        അപ്പോൾ അകലെനിന്ന് ഒരു വിമാനത്തിന്‍റെ മൂളല്‍ കേട്ടു.

        മരിച്ചുതുടങ്ങിയ തലച്ചോറിൽ ഇക്കാറസ്സിന്‍റെ ചിത്രമുയര്‍ന്നു. മൂവായിരം കൊല്ലം മുമ്പ് പറക്കാന്‍ ശ്രമിച്ചവൻ. ശരീരത്തിൽ ചിറകുകള്‍ വച്ചുകെട്ടി കടലിലേക്കു കുതിച്ചവന്‍. അന്ന് അവൻ പറന്നില്ലെങ്കിലും ഈ മരിക്കുന്ന വേളയിൽ ഞാനൊരു വിമാനത്തിന്‍റെ ഇരമ്പൽ കേൾക്കുന്നു.

        അയാൾ അവസാനമായി കണ്ണുതുറന്നു.

        മുറിയിലാരുമില്ല.

        ഭാര്യ പോലും.

        നേരം വെളുത്തോ?

        കോഴി കൂവുകയാണോ?

        ആകാശം ചുവക്കുന്നു.

        മന്ദാരത്തിന്‍റെയും തെറ്റിയുടെയും ഇതളുകൾ വിരിയുന്നു. വയലേലകളില്‍ പ്രകാശം പരക്കുന്നു. പുല്‍ക്കൊടികള്‍ ധിക്കാരത്തോടെ എഴുന്നുനിൽക്കുന്നു. കുട്ടികളുടെ പൊട്ടിച്ചിരി എങ്ങുനിന്നോ ഉയരുന്നു. എവിടെയോ കാമുകൻ കാമുകിയുടെ നനവാര്‍ന്ന ചുണ്ട് നുണയുന്നു. ഞാൻ മരിക്കുന്നു. ഞാനെന്‍റെ ജന്മംകൊണ്ട് ഒരു നെല്ലിടയെങ്കിലും ജീവിതത്തിന്‍റെ മേന്മയ്ക്ക് പകിട്ടേകി. ആ ജോലി തുടർന്നുപോകും. അത് മിച്ചമുള്ളവര്‍ വരാനിരിക്കുന്നവര്‍ ചെയ്യും. അപ്പോൾ... ജയിക്കുന്നതാര്?

        ജീവിതം തന്നെ.

(പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ കലക്ടര്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Wednesday, December 27, 2023

ഭാരതം


 

 

 

 

 

- മലയാറ്റൂര്‍ രാമകൃഷ്ണന്‍

 

പ്രധാനമന്ത്രി മലമുകളില്‍നിന്നും ചോദിച്ചു-

   "പ്രജകളേ, നിങ്ങള്‍ എന്തിനെപ്പറ്റി ചിന്തിക്കുന്നു?"

പ്രജകള്‍ പറഞ്ഞു-

   "ഞങ്ങള്‍ ചിന്തിയ്ക്കുന്നില്ല. കാരണം, ഞങ്ങള്‍ കഴിഞ്ഞുകൂടുന്നു."

   "അതെങ്ങനെ?" - എന്ന് പ്രധാനമന്ത്രി.

   "വരള്‍ച്ചയ്ക്കിടയില്‍ വെള്ളം കിട്ടുന്ന ദിനങ്ങളുണ്ട്.മണ്ണ് മാന്തിയാല്‍വേരോ കിഴങ്ങിന്‍ കഷണമോ കിട്ടും. ഏതവസ്ഥയിലും പണ്ടേ മുണ്ട് മുറുക്കിയുടുക്കാനും പട്ടിണിയും ഏകാദശിയും നോറ്റ് കഴിയാനുമാണല്ലോ നാം പഠിച്ചിട്ടുള്ളത്." - ജനം കൂട്ടത്തോടെ കരഞ്ഞു.

കാര്‍ട്ടൂണിലെ കത്തനാര്‍കഷണ്ടി പോലുള്ള തന്‍റെ കൊച്ചുപപ്പടവൃത്തത്തില്‍, ശിരസ്സില്‍, തടകിക്കൊണ്ട് യുവാവായ പ്രധാനന്‍ പറഞ്ഞു-

   "നിങ്ങള്‍ മടിയന്മാര്‍... പത്തൊമ്പതാം നൂറ്റാണ്ടുകള്‍... കാളവണ്ടിയുഗത്തില്‍ കഴിയുന്നവര്‍... ഞാന്‍ ഹിറ്റ്ലറുടെ സിദ്ധാന്തം പറയുകയല്ല. ഞാന്‍ റേസിസ്റ്റ് അല്ല. റേസും രക്തവും ഒന്നല്ല. പക്ഷെ രക്തത്തിലെ വ്യത്യാസങ്ങളാണ് തലമുറകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. നിങ്ങള്‍ തൊട്ടയലത്തെ പെണ്‍കുട്ടികളെ വേള്‍ക്കുന്നു. ജനപ്പെരുപ്പം ഉണ്ടാകുന്നു. നിങ്ങളുടെ കുറ്റസമ്മതമനുസരിച്ചുതന്നെ, നിങ്ങള്‍ ചിന്തിക്കുന്നില്ല. ഇല്ല പ്രഭോ!"

   "നിങ്ങള്‍ നാളെയെപ്പറ്റി ചിന്തിക്കുന്നുണ്ടോ?"

   "പ്രധാനാ, ഇന്ന് കഴിഞ്ഞല്ലേ നാളെ വരൂ... ഇന്നത്തെ അവസ്ഥ തന്നെ മഹാകഷ്ടം."

   "നിങ്ങള്‍ പതിവായി 'കാമായ്' സോപ്പ് തേച്ച് കുളിക്കുന്നുണ്ടോ?"

   "കുളി കഷ്ടിയാണ്‌."

   "ഉപയോഗിക്കുന്ന സോപ്പ്?"

   "ഇഞ്ച... ചിലപ്പോള്‍ പയറുപൊടി.."

   "വെറുതെയല്ല നാറുന്നത്. വെറുതെയല്ല ഭാരതം ഉലകസദസ്സുകളില്‍ നാറുന്നത്."

   "പ്രഭോ...പ്രധാനാ... ഞങ്ങള്‍ എന്താണാവോ ചെയ്യേണ്ടത്?" - ജനം നെഞ്ചില്‍ മദ്ദളമടിച്ച് കരഞ്ഞു.

   "നിങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുന്നില്ലേ?"

   "പ്രഭോ, ഞങ്ങള്‍ മണ്ണിന്‍റെ മക്കളല്ലേ?"

   "വികൃതികളേ, ഉറുമ്പിനെക്കണ്ട് പഠിക്കുക!"

   "എന്താണ് പ്രഭോ പഠിക്കേണ്ടത്?"

   "ഇഡിയറ്റുകളേ, തേനീച്ചകളെക്കണ്ട് പഠിക്കുക."

   "മനസ്സിലായില്ല പ്രധാനാ!"

   "നിങ്ങള്‍ അണ്ണാനെക്കണ്ടെങ്കിലും പഠിക്കുമോ?"

   "ആ നവോദയം പറഞ്ഞുതരൂ പ്രധാനാ!"

പ്രധാനന്‍ ഒരു സിനിമാപ്പോസില്‍ നിന്നുകൊണ്ട് പ്രഖ്യാപിച്ചു -

   "ഉറുമ്പ് മഴക്കാലത്തേക്കുള്ള വിഭവങ്ങള്‍ വേനല്‍ക്കാലത്തുതന്നെ സംഭരിക്കുന്നു. തേനീച്ച മറ്റൊരു വരള്‍ച്ചയെ ഭയന്ന്, ഇന്നേ തേന്‍ ശേഖരിച്ച് സ്വന്തം ഉടലില്‍ നിന്നുണ്ടാക്കിയ മെഴുകുകൂടുകളില്‍ നിറച്ചുവയ്ക്കുന്നു. പണ്ട് ശ്രീലങ്കയിലേക്ക് പാലം പണിത അണ്ണാറക്കണ്ണനും ഭാവിയിലേക്ക് വേണ്ടി ചക്കക്കുരുവും പുളിങ്കുരുവും ഡെപ്പോസിറ്റ് ചെയ്യുന്നു. സംസ്ക്കാരത്തിന്‍റെ ആരംഭം കുറിച്ചതവരാണ്. ഈ ജീവികള്‍!... നിങ്ങള്‍ വിവരം കെട്ടവര്‍, സംസ്ക്കാര വിരുദ്ധന്മാര്‍!"

   "പ്രഭോ!" - ജനക്കൂട്ടത്തില്‍നിന്നും ഒരൊറ്റയാന്‍ ശബ്ദമുയര്‍ന്നു, കൂക്കല്‍ പോലെ.

   "ആരവന്‍?" - എന്ന് പ്രധാനന്‍.

ഒറ്റയാന്‍ ചോദിച്ചു-

   "സ്വിറ്റ്സര്‍ലന്‍ഡിലുമുണ്ടോ ചേര്‍ത്തുവയ്ക്കുന്ന ഉറുമ്പും തേനീച്ചയും അണ്ണാനും?"

 

ഈ സംഭവത്തിനുശേഷമാണ് ഭരണഘടനയിലെ 12001 (A)-B വകുപ്പ് പ്രകാരം നാട്ടില്‍ സമാധാനമുണ്ടായത്.

ജനം ഇല്ലാതായി.

ഉറുമ്പും തേനീച്ചകളും അണ്ണാന്മാരും ഭാരതമാകെ ഓടിയും പറന്നും ഇഴഞ്ഞും നടന്നു.

"നല്ല ഹൈമവതഭൂമി!" - ഒരു കള്‍ച്ചറല്‍ സംഘത്തില്‍ കലര്‍ന്ന് വിദേശത്തേക്ക് പോയ സ്പെഷ്യല്‍ തേനീച്ചകള്‍ പാടി... നീട്ടിപ്പാടി.

ബാഹ്യലോകം കീഴടങ്ങി.

ജയ്‌ ഹിന്ദ്‌!

 

(മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ ഏതാനും കഥകളുടെ സമാഹാരമായ കലക്ടര്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)         


Tuesday, November 29, 2022

ആട് മത്തായി

 

 

 

 

 

- മലയാറ്റൂർ രാമകൃഷ്ണൻ



     ആട് മത്തായി എനിക്ക് മാപ്പ് തന്നോ? അറിഞ്ഞു കൂടാ.

     വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്.

     സംഭവത്തെപ്പറ്റി പറയുന്നതിനുമുമ്പ് മത്തായിയെപ്പറ്റി പറയട്ടെ.

     ഞങ്ങൾ സ്കൂൾ ഫൈനൽ ക്ലാസിൽ ഒന്നിച്ചു പഠിച്ചു. ക്ലാസിലെ പ്രധാന തമാശക്കാരൻ മലയാളത്തിൽ എപ്പോഴും ഒന്നാം സ്ഥാനം നേടിപ്പോന്ന കുഞ്ഞനാണ്. കുഞ്ഞനാണ് മത്തായിക്ക് ആട് എന്ന് പേരിട്ടത്. കാരണം മത്തായിയുടെ താടയിൽ നിന്നും രണ്ടുമൂന്ന് നീളൻ രോമങ്ങൾ തൂങ്ങുന്നു.

"മത്തായിടാടു പെറ്റേ-

കുട്ടി രണ്ടുണ്ടേ...

മത്തായിടാടു പെറ്റേ!" - എന്ന വരികൾ പ്രചരിപ്പിച്ചതും കുഞ്ഞനാണ്.

     സ്ക്കൂൾഫൈനൽ പരീക്ഷാഫലം പുറത്തു വന്നു.

     ഒന്നിച്ചു പഠിച്ചവർ തമ്മിൽ പിരിയുന്നു. ചിതറുന്നു. അനേകവർഷങ്ങൾ കഴിയുന്നു.

     ഞാൻ ഒരു സ്ഥലത്ത് പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനെത്തുന്നു.

     ചാർജ്ജെടുത്തശേഷം, ആദ്യത്തെ കടലാസുകളിൽ ഒപ്പുവയ്ക്കുന്ന എന്റെ മുമ്പിൽ വിനീതരായി നിൽക്കുകയാണ് കീഴുദ്യോഗസ്ഥന്മാർ. അപ്പോൾ അയലത്തുള്ള മുൻസിഫ് കോടതിയിൽ നിന്നും ഒരാൾ പാഞ്ഞെത്തുന്നു - "എടാ രാമകൃഷ്ണാ" എന്നാർത്തുകൊണ്ട്.

     ഞാൻ നിമിഷനേരം അന്ധാളിച്ചിരിക്കുന്നു.

     വന്നയാൾ എന്‍റെ കീഴുദ്യോഗസ്ഥന്മാരോട് ഭയഭക്തി പുരസ്സരമാണ് പെരുമാറിയത്. അവരെ "സാർ" വിളിക്കുന്നുമുണ്ട്. എന്നിട്ട് എന്നോട് വീണ്ടും - "എടാ രാമകൃഷ്ണാ, എന്നെ മനസ്സിലായില്ലേ"

     പെട്ടെന്നെനിക്ക് മനസ്സിലായി.

     ആടുമത്തായി.

     ആ താടിരോമങ്ങൾ കൊഴിഞ്ഞുപോയിട്ടില്ല.

      "മത്തായിയല്ലേ? ഇരിക്ക്." - ഞാൻ പറഞ്ഞു. പിന്നീട് വീണിടംകൊണ്ടുളള എൻ്റെ വിദ്യ.

     കീഴുദ്യോഗസ്ഥന്മാരോട് ഞാൻ പറഞ്ഞു - "മത്തായി എന്‍റെ പഴയ ക്ലാസ്‌മേറ്റാണ്. ഞങ്ങൾ കുറേനേരം പഴയ കഥകൾ പറഞ്ഞിരിക്കട്ടെ. നിങ്ങളെല്ലാം നാളെ വരൂ!"

     കീഴുദ്യോഗസ്ഥന്മാർ പോയി.

     ഞാൻ മത്തായിയോട് - "എടാ ആടേ, നീ എന്തായീ കാണിച്ചത്!"

     മത്തായി : "ഞാൻ നിന്നെ കാണാൻ വന്നു. നീ വല്യ ഉദ്യോഗസ്ഥനായതിൽ എനിക്കും സന്തോഷമില്ലേടാ? ഞാൻ മുൻസിഫ് കോടതി കോപ്പിയിസ്റ്റേ ആയുള്ളു."

     ഞാൻ : "മത്തായീ, നീ എന്‍റെ കീഴുദ്യോഗസ്ഥന്മാരെ സാറെന്ന് വിളിക്കുകയും എന്നെ എടാ എന്ന് വിളിക്കുകയും...അതും എന്‍റെ ഓഫീസിൽ വച്ച്... ഛെ!"

     മത്തായിയുടെ മുഖം വാടി.

     ഞാൻ തുടർന്നു : "നിന്നെ ഞാൻ കുറ്റം പറയുകയല്ല. നീ ഒരു കാര്യം ചെയ്യ്. ഞാൻ വൈകിട്ട് ആറ് മണിക്ക് ശേഷം ഗവണ്മെന്‍റ് ഹൗസിലുണ്ടാകും. നമുക്കവിടെ കൂടാം. നീ വരണം."

     മത്തായി ഗവണ്മെന്‍റ് ഹൗസിൽ വന്നു.

     ഞങ്ങൾ സ്‌കൂൾഫൈനൽ ക്ലാസിലെ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

     മത്തായിയെ സന്തോഷിപ്പിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ഓഫീസിൽ വച്ച് ഞാൻ അൽപ്പം മുഷിഞ്ഞല്ലേ സംസാരിച്ചത്!

     "മത്തായീ, നീ മറ്റേവനെ കഴിക്കുമോ?"

     "കഴിക്കും."

     "ഞാൻ വരുത്താം."

     "വേണ്ടെടാ... നീ വല്യ ഉദ്യോഗസ്ഥൻ. ഞാൻ വെറും കോപ്പിയിസ്റ്റ്. ഞാൻ കാരണം നിനക്ക് ചീത്തപ്പേരുണ്ടാകരുത്."

     "മിണ്ടാതിരിയെടാ ആടേ!"

     ഞാൻ മദ്യം വരുത്തി. ഞങ്ങൾ തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.

     പിറ്റേന്നാണ് എനിക്ക് ഷോക്കേറ്റത്.

     മത്തായിയുടെ കത്ത് - 'ഞാൻ കുറേനാൾ അവധിയിൽ പോകുന്നു. വേണമെങ്കിൽ സ്ഥലംമാറ്റം വാങ്ങിപ്പോകാം. നീ പറഞ്ഞത് നേരാ.. നിന്‍റെ  തഹസിൽദാരന്മാരെ ഞാൻ സാർ വിളിക്കുന്നു. നിന്നെ സാർ വിളിക്കാനെനിക്ക് വയ്യതാനും. അത് നിനക്ക് മോശമാ!'

     മത്തായിയെ പിന്നീട്‌ ഞാൻ കണ്ടിട്ടില്ല.

     എനിക്ക് ആ സ്ഥലത്തുനിന്നും പ്രതീക്ഷിച്ചതിലും നേരത്തേ സ്ഥലംമാറ്റമുണ്ടായി.

     മത്തായി ലീവ് കഴിഞ്ഞ് മടങ്ങിയോ?

     മത്തായി എനിക്ക് മാപ്പു തന്നോ?

     അറിഞ്ഞുകൂടാ!

Friday, June 30, 2017

മൂത്താശാരി


- മലയാറ്റൂര്‍ രാമകൃഷ്ണന്‍

   പതിനേഴു കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നത്. വടക്കന്‍ പറവൂര്‍ ജില്ലാക്കോടതിയില്‍ ആരംഭക്കാരന്‍ അഡ്വക്കേറ്റായി ഞാന്‍ കഴിയുന്ന കാലം.

   കക്ഷികളും കേസുമൊന്നുമില്ല. എന്നും റിക്ഷയില്‍ കയറി കോടതിയിലെത്തും. ആദ്യത്തെ ഒരു മണിക്കൂര്‍ മുന്‍സിഫ്‌ കോടതിയിലിരിക്കും. പിന്നെ, കോണി കയറി ജില്ലാ കോടതിയിലെത്തും.

   കൂടെക്കൂടെ സെഷന്‍സ് കേസുകളുണ്ടാകും.(മറ്റുള്ളവര്‍ നടത്തുന്നത്). സാക്ഷി വിസ്താരം കേട്ടുകൊണ്ടിരിക്കാന്‍ രസമുണ്ട്. അപ്പോഴൊക്കെയും ഒരാഗ്രഹം തോന്നും : ഒരു കൊലക്കേസില്‍ പ്രതിഭാഗം വക്കീലായി ഹാജരാകണം.

   അതിനൊരു മാര്‍ഗ്ഗമേയുള്ളു. സ്വന്തമായി വക്കീലിനെ ഏര്‍പ്പെടുത്താന്‍ കഴിവില്ലാത്തവര്‍ കൊലപാതകം നടത്തണേ എന്ന് പ്രാര്‍ത്ഥിയ്ക്കുക. അത്തരം പ്രതികള്‍ക്ക് സര്‍ക്കാര്‍ തന്നെ വക്കീലിന്‍റെ ഏര്‍പ്പാട് ചെയ്തു കൊടുക്കും. സ്വാതന്ത്യം കിട്ടിക്കഴിഞ്ഞിരുന്നെങ്കിലും അന്നും ഇതിന് പേര് പറഞ്ഞുപോന്നത് 'ക്രൌണ്‍ ഡിഫന്‍സ്' എന്നാണ്.

   നവാഗതര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും സാക്ഷികളെ വിസ്തരിക്കാനും കേസ് 'പ്രസംഗിക്കാനും' കിട്ടുന്ന ഈ അസുലഭസന്ദര്‍ഭം വിരളമായേ ഉണ്ടാകാറുള്ളു. സെഷന്‍സ് ജഡ്ജിയെ ക്ലബ്ബില്‍ വച്ചു കാണുക. അദ്ദേഹമൊന്നിച്ച് ബ്രിഡ്ജ് കളിക്കുക മുതലായവയെല്ലാം ഈ സന്ദര്‍ഭം കാത്തിരിക്കുന്ന പുതുവക്കീലന്‍മാരുടെ ഉപായങ്ങളാണ്.

   മാസങ്ങള്‍ ചെന്നപ്പോള്‍ എന്‍റെ ഭാഗ്യതാരം ഉദിച്ചു. തൊടുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്തില്‍ അറുപത്തഞ്ചു വയസ്സെത്തിയ ഒരു മൂത്താശാരി, സ്വന്തം മകളെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ല് കൊണ്ട് വയറിലിടിച്ചുകൊന്നു. മകള്‍ അവിവാഹിതയും ഗര്‍ഭിണിയുമായിരുന്നു. മൂത്താശാരിയുടെ ക്രൌണ്‍ ഡിഫന്‍സ് എനിക്കു കിട്ടി.

സബ്ജയിലില്‍ ഞാന്‍ ചെന്നു. മൂത്താശാരിയെ കണ്ടു. എന്തു ചോദിച്ചാലും മറുപടി പറയാത്ത ഒരു മനുഷ്യന്‍. കേസിന്‍റെ രേഖകള്‍ ഞാന്‍ പഠിച്ചു.
കുറ്റത്തിനുള്ള പ്രേരണ : അവിവാഹിതയായ മകള്‍ ഗര്‍ഭം ധരിച്ചതിലുള്ള അപമാനം.
സംഭവം കണ്ട രണ്ടു സാക്ഷികള്‍ : മൂത്താശാരിയുടെ മകനും മകന്‍റെ കൂട്ടുകാരനായ മറ്റൊരു ചെറുപ്പക്കാരനായ ആശാരിയും.
കൂനിന്മേല്‍ കുരു പോലെ, മൂത്താശാരി മജിസ്ട്രേറ്റു മുമ്പാകെ സുദീര്‍ഘമായ കുറ്റസമ്മതവും നല്‍കിയിരിക്കുന്നു.

   മകളുടെ ഗര്‍ഭത്തെപ്പറ്റി സംഭവദിവസമാണ് ആദ്യമായി മൂത്താശാരി അറിഞ്ഞതെന്നും പൊടുന്നനെ ഉണ്ടായ പ്രകോപനം നിമിത്തം കൊല നടത്തിയെന്നുമാണ് പ്രൊസിക്യൂഷന്‍ കേസ്സ്. ഇത് അസംഭവ്യമാണെന്ന് എനിക്കു തോന്നി. പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ അഞ്ചു മാസത്തെ ഗര്‍ഭമാണെന്ന് പറഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ മുമ്പുതന്നെ മൂത്താശാരി ഇക്കാര്യം അറിഞ്ഞിരിക്കയില്ലേ? മൂത്താശ്ശാരിക്ക് പ്രകോപനമുണ്ടായ പോലെ മകനും അപമാനഭീതിയും പ്രകോപനവും ഉണ്ടാവരുതേ? കൊല്ലാന്‍ മകനും പ്രേരണയുണ്ടെന്ന് സൂചിപ്പിച്ചാലെന്ത്? ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.

   ഒന്നാം സാക്ഷി, പ്രതിയുടെ മകനായിരുന്നു. ഞാന്‍ നീട്ടിപ്പിടിച്ചൊരു ക്രോസ് വിസ്താരം നടത്തി. എനിക്ക് പ്രയോജനകരമായ ചില മറുപടികള്‍ കിട്ടി. സഹോദരിക്ക് ഗര്‍ഭമാണെന്ന കാര്യം അയല്‍വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. കാണത്തക്കവിധം വയറ് മുഴച്ചിരുന്നു. ജോലി സ്ഥലത്തുവച്ച് ഇക്കാര്യം പറഞ്ഞ് സ്നേഹിതന്മാര്‍ തന്നെ കളിയാക്കിയിട്ടുണ്ട്. തനിക്ക് അപമാനം തോന്നി; ദേഷ്യവും.

   "നിങ്ങളുടെ അച്ഛനും മുമ്പുതന്നെ അറിയാമായിരുന്നില്ലേ, ഗര്‍ഭത്തിന്‍റെ കാര്യം?" - ഞാന്‍ ചോദിച്ചു.

   "സംഭവദിവസാണ് അറിഞ്ഞത്."

   "നിങ്ങളും അയല്‍ക്കാരും മുമ്പേ അറിഞ്ഞിരുന്ന ഒരു കാര്യം സംഭവദിവസം വരെ നിങ്ങളുടെ അച്ഛന്‍ അറിയാഞ്ഞതെന്ത്?"

   മറുപടിയില്ല.

   ഞാന്‍ നാടകീയമാംവണ്ണം ഒരു ചോദ്യം കൂടി ചോദിച്ചു:
"അവിവാഹിതയായ സഹോദരിയുടെ ഗര്‍ഭധാരണം നിങ്ങള്‍ക്ക് അപമാനം വരുത്തിയതുകൊണ്ട് നിങ്ങള്‍ തന്നെയല്ലേ കൊല നടത്തിയത്?"

   ജഡ്ജി എന്നെ മിഴിച്ചുനോക്കി.

   "എന്‍റെ ചോദ്യം റിക്കാര്‍ഡ് ചെയ്യണം. യുവര്‍ ഓണര്‍." - ഞാനപേക്ഷിച്ചു

   രണ്ടാം സാക്ഷി, പ്രതിയുടെ മകന്‍റെ കൂട്ടുകാരനായിരുന്നു. ചീഫ് വിസ്താരത്തില്‍ സംഭവം കണ്ടതായി അയാള്‍ പറഞ്ഞു. ഒന്നാം സാക്ഷിയും അയാളും കൂടി ഒന്നിച്ചൊരു സ്ഥലത്ത് പണിയെടുക്കുകയാണ്. ഉച്ചഭക്ഷണത്തിന് ഒന്നാം സാക്ഷി ക്ഷണിച്ചതനുസരിച്ച്, പ്രതിയുടെ വീട്ടില്‍ വന്നതാണ്‌. ചെന്നു കയറിയപ്പോള്‍ കണ്ടത് മകളുടെ വയറില്‍ പിള്ളക്കല്ലുകൊണ്ടിടിക്കുന്ന പ്രതിയെയാണ്.

   ഈ സാക്ഷിയെ തകര്‍ക്കാതെ രക്ഷയില്ല. ഞാന്‍ ഓരോന്ന് ചോദിച്ചു തുടങ്ങി. ഒന്നാം സാക്ഷിയെ പരിചയപ്പെട്ടത് ഒന്നരക്കൊല്ലം മുമ്പ്, ഒരു ഉത്സവസ്ഥലത്തുവച്ചാണെന്ന് അയാള്‍ പറഞ്ഞു. പിന്നെ കാണുന്നത് സംഭവത്തിന്‌ മൂന്നു ദിവസം മുമ്പാണ്. ഒന്നിച്ചു ജോലി ചെയ്യാനിടയായത് ആകസ്മികമായിട്ടാണ്. ഉച്ചഭക്ഷണം ജോലിസ്ഥലത്തുതന്നെ കിട്ടും. ജോലിസ്ഥലവും പ്രതിയുടെ വീടുമായി മൂന്നു മൈല്‍ അകലമുണ്ട്. ഊണിനുശേഷം അന്ന് വീണ്ടും പണിയുണ്ടായിരുന്നു. എന്നുവച്ചാല്‍ വീണ്ടും മൂന്നു മൈല്‍ നടന്നു. ഇങ്ങനെയങ്ങോട്ടു ചോദിച്ചപ്പോള്‍, ഈ സാക്ഷിയുടെ ചീഫിലെ മൊഴി ആടുന്നതായി കോടതിക്ക് തോന്നിക്കാണണം. 

   "ഊണു കഴിക്കാനല്ല, സംഭവം കാണാന്‍വേണ്ടിത്തന്നെ പ്രതിയുടെ വീട്ടിലേയ്ക്കു പോയതാണെന്ന് തോന്നും." - ജഡ്ജി പ്രോസിക്യൂട്ടറെ നോക്കിക്കൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞു.

   എനിക്ക് നേരിടാനുള്ള അടുത്ത ദുര്‍ഘടം ആ കുറ്റസമ്മതമായിരുന്നു. അതു തെളിയിക്കാന്‍ മജിസ്ട്രേറ്റ് സാക്ഷിക്കൂട്ടില്‍ കയറി. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതായി അദ്ദേഹം എഴുതിവച്ചിട്ടുണ്ട് - അതിനുള്ള കാരണസഹിതം. പ്രതിക്ക് ചുഴലിദീനമുണ്ട്. ചുഴലി വന്നപ്പോള്‍ താഴെ വീണുണ്ടായതാണ് പരിക്കുകള്‍. എന്‍റെ നല്ല കാലമെന്നേ പറയേണ്ടൂ. പ്രോസിക്യൂട്ടര്‍, ചീഫ് വിസ്താരത്തില്‍ ചുഴലിദീനത്തിന്‍റെ കാര്യമോ പരിക്കുകളുടെ കാര്യമോ എടുത്തു ചോദിച്ചില്ല.

   "നോ ക്രോസ്" , എന്ന് പറഞ്ഞു ഞാന്‍.

   തെളിവെടുപ്പ് തീര്‍ന്നു.

   ഞാന്‍ സബ്ബ്ജയിലില്‍ വീണ്ടും ചെന്നു. മൂത്താശാരിയോട് സംസാരിച്ചു. പിറ്റേന്ന് ജഡ്ജി ചോദ്യങ്ങള്‍ ചോദിക്കും - മൂത്താശാരിയോട്, ക്രിമിനല്‍ നടപടി നിയമം 342-ആം വകുപ്പനുസരിച്ച്, പ്രതികൂല സാഹചര്യങ്ങളെല്ലാം പ്രതിയുടെ ശ്രദ്ധയില്‍ കോടതി പെടുത്തേണ്ടതാണ്.

   പ്രോസിക്യൂഷന്‍ തെളിവിനെപ്പറ്റി എന്തു ചോദിച്ചാലും ഒറ്റ മറുപടിയേ പറയാവൂ എന്ന് ഞാന്‍ എന്‍റെ പ്രതിയെ പഠിപ്പിച്ചു.  - "എനിക്കോ വയസ്സായി, എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ഒന്നുകൂടി പറഞ്ഞുകൊടുത്തു. ചുഴലിദീനമുണ്ടോ എന്ന് ജഡ്ജി ചോദിക്കും. ഇല്ലെന്ന് പറഞ്ഞേക്കണം. 

   കോടതി സമ്മേളിച്ചു. പ്രതിക്കൂട്ടില്‍ നിന്നും മൂത്താശാരിയെ നീതിന്യായപീഠത്തിനരികില്‍ കൊണ്ടുനിറുത്തി. 

   ജഡ്ജി : "___ മാസം ___ തീയതി ___ മണി ___ സമയത്ത് നിങ്ങള്‍ മരിച്ചുപോയ ശാരദയെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ലുകൊണ്ട് ഇടിച്ചതു കണ്ടെന്ന് ഒന്നും രണ്ടും സാക്ഷികള്‍ പറയുന്നു. അതിനെപ്പറ്റി വല്ലതും പറയാനുണ്ടോ?"

   മൂത്താശാരി : "എനിക്കോ വയസ്സായി. എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ജഡ്ജി : "അവിവാഹിതയായ ശാരദ ഗര്‍ഭിണിയാണെന്ന വിവരം സംഭവദിവസം മാത്രമാണ് നിങ്ങള്‍ അറിഞ്ഞതെന്ന്.."

   മൂത്താശാരി : "എനിക്കോ വയസായി.."

   എന്‍റെ പ്രതി ഒന്നാംതരം നടനാണെന്ന് എനിക്കു തോന്നി. കുനിഞ്ഞുനിന്ന്, തൊഴുതുപിടിച്ചു കൊണ്ടാണ് പറയുന്നത്.

   "എനി മോര്‍ ക്വസ്റ്റ്യന്‍സ്?" - ജഡ്ജി എന്നോട് ചോദിച്ചു.

   "ചുഴലിദീനമുണ്ടോ എന്ന് ചോദിക്കണം, യുവര്‍ ഓണര്‍."

   ജഡ്ജി ചോദിച്ചു.

   മൂത്താശാരി ഉറക്കെ പറഞ്ഞു : "ഇല്ല"

   ഞാന്‍ കേസ് ജയിച്ചുകഴിഞ്ഞിരുന്നു.

   ശാരദയെ കൊല്ലാന്‍ വേണ്ട പ്രകോപനം ഒന്നാം സാക്ഷിക്ക് - മൂത്താശാരിയുടെ മകന് - ഉണ്ട്. മകനെ രക്ഷിക്കാന്‍ മൂത്താശാരി ശ്രമിക്കുകയാണ്. ഒന്നാം സാക്ഷി കൊലപാതകിയാണോ എന്നതല്ല പ്രശ്നം, മൂത്താശാരിയല്ല കൊല നടത്തിയതെന്ന് കരുതാന്‍ ന്യായമുണ്ട്. രണ്ടാം സാക്ഷി ഉച്ചഭക്ഷണത്തിന് വന്നെന്നും കൃത്യം കണ്ടെന്നും വിശ്വസിക്കാന്‍ വയ്യ. അതൊരു കെട്ടുകഥയാണെന്ന് വ്യക്തം - വിചാരണസമയത്ത് കോടതി തന്നെ പരാമര്‍ശിച്ചപോലെ. 

   "കുറ്റസമ്മതത്തെപ്പറ്റി എന്തു പറയുന്നു?" - ജഡ്ജി അന്വേഷിച്ചു.

   "അത് സ്വീകാര്യമല്ല. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. അതിന്‍റെ കാരണം മജിസ്ട്രേട്ടിനെ വിസ്തരിച്ചപ്പോള്‍, പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല. പ്രതി പറയുന്നത് അയാള്‍ക്ക് ചുഴലിദീനമില്ലെന്നാണ്."

   മൂത്താശാരിയെ വെറുതെ വിട്ടു.

   തൊടുപുഴയ്ക്ക് പോകാന്‍ ഞാനയാള്‍ക്ക് പത്തു രൂപ നല്‍കി. 

   പോകുമ്പോള്‍, വല്ലാതെ ചിരിച്ചുകൊണ്ട് അയാള്‍ എന്നോട് പറഞ്ഞു : 
"കൊന്നത് ഞാന്‍ തന്നെയാ...!"     

Thursday, June 7, 2012

പാറ്റകളുടെ ലോകം

                          




-മലയാറ്റൂര്‍ രാമകൃഷ്ണന്‍. 

പുതിയ കൂറത്തമ്പുരാന്‍,പാറ്റജ്ഞന്‍ മുപ്പത്തെട്ടാമന്റെ അരിയിട്ടുവാഴ്ച അഴുക്കുചാല്‍ തീരത്തില്‍വച്ച് നടന്നു, മന്ത്രതന്ത്രവിധികളനുസരിച്ച്.മഹാപണ്ഡിതനും,അഞ്ഞൂറുവയസ്സ് പ്രായമുള്ളവനുമായ തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍, കൂടിയിരുന്ന പാറ്റമഹാജനങ്ങളോട് തദവസരത്തില്‍ ഇപ്രകാരം പറഞ്ഞു:                                 "പാറ്റകളേ...കൂറകളേ...ഈ ഭൂമിയും ഇതിലുള്ള സമസ്ത മാലിന്യങ്ങളും നമുക്ക്,നമുക്കുമാത്രം, അവകാശപ്പെട്ടതത്രേ. ഈ സമസ്തമാലിന്യങ്ങളെയും ഈ ഭൂമിയെത്തന്നെയും മുപ്പത്തേഴാം പാറ്റജ്ഞന്‍ തമ്പുരാനെപ്പോലെ ഭരിക്കാനും, മാലിന്യത്തില്‍ നിന്ന് മാലിന്യത്തിലേക്ക് നയിക്കാനും ഇന്ന് കിരീടമണിഞ്ഞ മുപ്പത്തെട്ടാമാനും സാധിക്കട്ടെ!"
"സാധിക്കട്ടെ...സാധിക്കട്ടെ...!"-കൂറക്കൂട്ടം ആര്‍ത്തു വിളിക്കുകയും കുരവയിടുകയും ചെയ്തു.
"മറന്നുകൂടാ!മറന്നുകൂടാ!"
"പ്രബുദ്ധരായ പാറ്റകളേ,കൂറകളേ!നമ്മുടെയിടയില്‍ ചിന്താക്കുഴപ്പമുണ്ടാക്കാന്‍ ചില രാജ്യദ്രോഹികള്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം മറന്നുകൂടാ!"-തന്ത്രി തന്റെ നീളന്‍ തലക്കൊമ്പുകള്‍ ചലിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.
"പാറ്റജ്ഞന്‍ വംശത്തിനുമുമ്പ് ഈ ഭൂമിയില്‍ വാണിരുന്നത് മറ്റൊരു വര്‍ഗമാണെന്ന് ഈ രാജ്യദ്രോഹികള്‍ പറയുന്നു-മനുഷ്യവര്‍ഗ്ഗം പോലും!അങ്ങനെയൊന്നുണ്ടോ?"-തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ചോദിച്ചു.
"ഹില്ലാ!ഹില്ലാ!"
"ആദിയില്‍ ഭൂമിയുണ്ടായി;പിന്നെ പാറ്റകളുണ്ടായി.അതല്ലേ നമ്മുടെ വിശ്വാസം?അതല്ലേ നേര്?"-തന്ത്രി ശര്‍മ്മന്‍ ചുറ്റും നോക്കി.
"ഹതെ!ഹതെ!"
"പാറ്റശാസ്ത്രത്തില്‍ നമ്മുടെ ഡോക്ടര്‍ കുറാന്യോസിസ് പറഞ്ഞുവച്ചിരിക്കുന്നതും ഇതുതന്നെയല്ലേ?"-തന്ത്രി ശര്‍മ്മന്‍ ചോദിച്ചു.
"ഹതെ!ഹതെ!" എന്ന് പാറ്റക്കൂട്ടം.                                     അപ്പോള്‍ ഒരു ഒറ്റയാന്‍ ശബ്ദമുയര്‍ന്നു:"ഗുരോ,ഒരു സംശയം..."
തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ മുന്‍കാലുകൊണ്ട് ചുണ്ടു തുടച്ചശേഷം പറഞ്ഞു:
"സംശയം പാറ്റകള്‍ക്ക് വിധിക്കപ്പെട്ടതല്ല!എങ്കിലും ചോദിക്ക്..."
"നാം ഒരു ആദിരൂപത്തെ വന്ദിക്കുന്നില്ലേ,ഗുരോ?"-ഒറ്റയാന്‍ ശബ്ദമുയര്‍ത്തിയ പാറ്റ നിവര്‍ന്നുനിന്നു.
"ഉവ്വ്.നാം ഒരു പുരാതന സംസ്കാരത്തിന്റെ ഉടമകളാണ്.നമുക്ക് നമ്മുടേതായ മിത്തുകള്‍ ഉണ്ട്."
"ഗുരോ,ആ ആദിരൂപമല്ലേ ഈ ദുനിയാവിനെ പാറ്റലോകമാക്കിയത്?"
"അതെ,വത്സാ!ആദിരൂപം തീ തുപ്പി.ആകാശം ചുട്ടുപഴുത്ത ചെമ്പു തകിടായിത്തീര്‍ന്നു.എങ്ങും വന്‍കൂണുകള്‍ മുളച്ചു.അവ എങ്ങും വ്യാപിച്ചു.മണ്ണിലും വിണ്ണിലും അവ പ്രസരിച്ചു. ഒടുങ്ങാത്ത ചൂടിനുശേഷം വന്നത് നിത്യമായ ഇരുട്ടാണ്‌. സംവത്സരങ്ങള്‍ കഴിഞ്ഞു.മറ്റെല്ലാം മാഞ്ഞുപോയപ്പോഴും നാം മണ്ണിനടിയില്‍ പുതഞ്ഞുകിടന്നു.ഒടുവില്‍ മാനം തെളിഞ്ഞു. നാം പുറത്തുവന്നു.ഈ ഗോളം നമ്മുടേതു മാത്രമായി. അങ്ങനെയാണ് മകനേ,ആദിരൂപം നമുക്കീ സ്വര്‍ഗരാജ്യം തന്നത്."
"ഗുരോ,പാറ്റജ്ഞന്‍ മുപ്പത്തേഴാമന്റെ അരിയിട്ടുവാഴ്ച നടക്കുമ്പോള്‍ ഞാന്‍ വെറും മുട്ടയായിരുന്നു.അതിനാല്‍ കണ്ടിട്ടില്ല...കേട്ടിട്ടേയുള്ളൂ..."
"എന്ത്?"
"ആദിരൂപം ഹാജരായെന്നും മുപ്പത്തേഴാമന്‍ തമ്പുരാനെ അനുഗ്രഹിച്ചെന്നും..."
"വത്സാ,അങ്ങനെ നടന്നു."
"ഗുരോ ഇന്നെന്താണ് ആദിരൂപം ഹാജരാകാത്തത്?"
"മടയാ!അതിന്റെ മുഹൂര്ത്തമാടുക്കുന്നു."-തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ചുറ്റും നോക്കി.'ആരവിടെ?' എന്നു വിളിച്ചു.
കാവിനിറമുള്ള നൂറ്റൊന്നു കൂറകള്‍ ഒരു അഴുക്കുചാലില്‍ നിന്നും പുറത്തുവന്ന്,അണിനിരന്നു.
"മന്ത്രോച്ചാരണം നടക്കട്ടെ!"-തന്ത്രി കല്‍പ്പിച്ചു.
കാവിനിറമുള്ള നൂറ്റൊന്നു കൂറകളും ഒന്നിച്ചു വിളിക്കാന്‍ തുടങ്ങി-
"റേയ്ഗാ....റേഗാ...!
റേയ്ഗാ....റേഗാ...!"
വിളി,ദിഗന്തങ്ങളെ കുലുക്കുന്ന കോറസ്സായി വളര്‍ന്നപ്പോള്‍ അഴുക്കുപറ്റിയ തറ പിളര്‍ന്നുകൊണ്ട് ഒരു മുതുക്കന്‍ പാറ്റ പുറത്തുവന്നു.അതിന്റെ ഉടലില്‍ സ്ട്രൈപ്പുകളും നക്ഷത്രപ്പുള്ളികളുമുണ്ടായിരുന്നു. മുതുക്കന്‍ പാറ്റ ഒരു കാല്‍ വാളെന്നപോലെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുള്ളാന്‍ തുടങ്ങി.
മുതുക്കന്‍ അലറി - 
"ഹി...ഹി...!ഞാന്‍ ആദിരൂപം! റേയ്ഗന്‍..."
തന്ത്രി പാറ്റക്കൂട്ടത്തോടു പറഞ്ഞു:
"മുട്ടുകുത്തുവിന്‍!ഈ സ്വര്‍ഗ്ഗരാജ്യം നമുക്കുതന്ന റേഗസ്വരൂപത്തെ വന്ദിക്കുവിന്‍!"
എല്ലാ പാറ്റകളും മുട്ടുകുത്തി,കാവിനിറമുള്ള നൂറ്റൊന്നു പാറ്റകളടക്കമുള്ളവ.
പുതിയ തമ്പുരാനായ പാറ്റജ്ഞന്‍ മുപ്പത്തെട്ടാമന്റെ ശിരസ്സില്‍ മുതുക്കന്‍ പാറ്റ കയറി;കുറേനേരം തുള്ളിക്കൊണ്ട് നിന്നു.
"സര്‍വ്വാനുഗ്രഹങ്ങളും!എല്ലാ ആശ്ശിസ്സുകളും!"-മുതുക്കന്‍ പാറ്റ ആശീര്‍വദിച്ചു.പിന്നെ കിതച്ചുകൊണ്ട് താഴെയിറങ്ങി; ബോധംകെട്ട് വീണു.
തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ആജ്ഞാപിച്ചു:
"ഭക്തന്മാരേ...ഉണരുവിന്‍!"
പാറ്റക്കൂട്ടം നിവര്‍ന്നു നിന്നു.
എല്ലാ പാറ്റകളും കണ്ടുനില്‍ക്കെ,തന്ത്രി ലേശം അഴുക്കും ലേശം മലിനജലവും കലര്‍ത്തി മുതുക്കന്‍പാറ്റയുടെ വായിലൊഴിച്ചു കൊടുത്തു.
മുതുക്കന്‍ പാറ്റയ്ക്ക്‌ ബോധം തെളിഞ്ഞു.
സ്ട്രൈപ്പുകളും നക്ഷത്രപ്പുള്ളികളുമുള്ള മുതുക്കന്‍ ഓടി, ഏറ്റവുമടുത്ത അഴുക്കുചാലിലേക്ക്.മുതുക്കന്‍ അന്തര്‍ദ്ധാനം ചെയ്തപ്പോള്‍,തന്ത്രി കോക്ക്റോച്ച് വര്യന്‍ അരിയിട്ടുവാഴ്ച്ചയുടെ മിച്ചം നടപടികളിലേക്കു കടന്നു.



അടിക്കുറിപ്പ് : പണ്ടേ ബര്‍ട്രന്‍ഡ് റസ്സല്‍ പറഞ്ഞുവച്ചിട്ടുണ്ട്,ഒരു അണുയുദ്ധം നടന്നാല്‍....പിന്നെ ഈ ഭൂമി,പാറ്റകള്‍ക്കു മാത്രമുള്ളതാണെന്ന്. 

Saturday, July 24, 2010

നിങ്ങള്‍ക്കിതു സംഭവിക്കാതിരിക്കട്ടെ

-  മലയാറ്റൂര്‍ രാമകൃഷ്ണന്‍ 

ഗോപാലപിള്ള പറയുന്നു:
"നേരാണ്, ഇത് സംഭവിക്കാതിരിക്കട്ടെ."
 
സമ്മതിക്കുന്നു; ഞാന്‍ ഒരു യന്ത്രമനുഷ്യനാണ്. നേരത്തേ ഉണരുന്നു. ഒരു ഉണക്കദോശയും ചായയും കഴിക്കുന്നു. പിന്നെ നെട്ടോട്ടം - ബസ്‌ സ്റ്റോപ്പിലേക്ക്, ഓഫീസില്‍ ആദ്യമെത്തുന്നവന്‍ എന്ന ഖ്യാതി എനിക്കുണ്ട്. അത് കളഞ്ഞുകുളിക്കരുതല്ലോ. ഓഫീസില്‍ നിന്നും ഒടുവിലിറങ്ങുന്നവനും ഞാന്‍ തന്നെ. മറ്റു ഗുമസ്തന്മാര്‍ എന്നെ കളിയാക്കാറുണ്ട്. ഞാന്‍ ഓഫീസില്‍ തന്നെയാണ് താമസമെന്നവര്‍ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് എന്നെ ഭാര്യ ഉപേക്ഷിച്ചിരിക്കയാണ്‌പോലും.... ഇന്നോളം ഉപേക്ഷിച്ചിട്ടില്ല. ശണ്ടയുണ്ടാക്കും... എന്നും...

CUT TO
ഗോപാലപിള്ളയുടെ വീട്.
 
ഓഫീസില്‍നിന്നും മടങ്ങുന്ന ഗോപാലപിള്ളയെ ഭാര്യ ശ്യാമള നേരിടുന്നു.
 
ശ്യാമള: "എന്തിനാ വന്നത്? ഓഫീസില്‍ത്തന്നെ കിടന്നുറങ്ങാമായിരുന്നല്ലോ."
 
ഗോപാലപിള്ള: "പിടിപ്പത് ജോലിയുണ്ടായിരുന്നു, ശ്യാമളേ! അതുകൊണ്ടാ ലേറ്റായത്."
 
ശ്യാമള: "മറ്റാര്‍ക്കുമില്ലാത്ത ഒരു ജോലി! ആ പാപ്പച്ചന്‍ പിള്ളയും നാരായണയ്യരും അബ്ദുല്‍ അസീസുമെല്ലാം കൃത്യം അഞ്ചുമണിക്ക് വീട്ടിലെത്തുന്നു. ഭാര്യമാരൊന്നിച്ച് പാര്‍ക്കിലും ബീച്ചിലും പോകുന്നു. നിങ്ങള്‍ക്കും അവര്‍ക്കും ഒരേ ജോലി തന്നെയല്ലേ? എന്നിട്ടെന്താ? യു.ഡി.സി. ഗോപാലപിള്ള മാത്രം പ്രത്യേകം തലച്ചുമാട് എടുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ? ഉം....! കഴുതയെപ്പോലെ ഭാരം ചുമന്നോളണം; പ്രമോഷന്‍ കിട്ടും! ചീഫ് സെക്രട്ടറിയായിട്ട്!"

CUT TO
ഗോപാലപിള്ള പറയുന്നു:
"ഞാന്‍ യന്ത്രമനുഷ്യന്‍, ഈയിടെ എന്‍റെ പതിവ് തെറ്റിച്ചു. ഒരു സായാഹ്നത്തില്‍ ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങി- ഞാന്‍ പോയത് വീട്ടിലേക്കല്ല.... പാര്‍ക്കിലേക്കാണ്."

CUT TO
സായാഹ്നം.
 
പാര്‍ക്കില്‍ തിരക്കില്ലാത്ത ഒരിടത്ത് ഒഴിഞ്ഞു കിടന്ന ബഞ്ചില്‍ ഗോപാലപിള്ള ഇരുന്നു.
 
അപ്പോള്‍ "അല്ലേ!ഇതാര്?"എന്ന് ചോദിച്ചുകൊണ്ട് ഒരാള്‍ മുമ്പിലെത്തി.
ഗോപാലപിള്ളയ്ക്ക്‌ ആളെ മനസ്സിലായില്ല. ചിരിച്ചുകൊണ്ട് അയാള്‍ ഗോപാലപിള്ളയെ അടിമുടി നോക്കി.
 
അയാള്‍ : "അല്ലേ! നമ്മുടെ പഴയ പിന്‍കോവിലനല്ലേ ഇത്! മുടി നരച്ചിട്ടുണ്ട്. ലേശം കഷണ്ടിയും വന്നു. പക്ഷേ, ഈ കിട്ടുപിള്ളയ്ക്ക് കണ്ടപ്പഴേ ആളെ പിടികിട്ടി."
 
ഗോപാലപിള്ള : "നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയെന്നു തോന്നുന്നു."
 
കിട്ടുപിള്ള : "നല്ല കഥ! എന്നെപ്പോലൊരു പഴയ ചങ്ങാതിക്ക് തെറ്റ് പറ്റുകയോ! കള്ളാ! പണ്ടത്തെ തമാശയൊന്നും പോയിട്ടില്ല. ഇപ്പോഴും അഭിനയം തന്നെ... അല്ലേ! എന്നോട് വേണോ?"
 
ഗോപാലപിള്ള : "എനിക്ക്...നിങ്ങളെ മനസ്സിലായില്ല..."
 
കിട്ടുപിള്ള : "ഓര്‍ക്കുന്നില്ലേ നമ്മുടെ പഴയ ശിവജ്ഞാനോദയം നാടകക്കമ്പനി....?"
 
ഗോപാലപിള്ള : "ഓര്‍ക്കുന്നില്ല."
 
കിട്ടുപിള്ള : "കളയണം ശങ്കുപ്പിള്ളേ..."
 
ഗോപാലപിള്ള : "എന്‍റെ പേര്...ഗോപാലപിള്ള."
 
കിട്ടുപിള്ള : "ഓ! ഇപ്പോഴും അഭിനയം! ഒന്നോര്‍ത്തേ! ശിവജ്ഞാനോദയം നാടകക്കമ്പനി.... പൊള്ളാച്ചി കുപ്പന്‍ ചെട്ടിയാര്‍ നടത്തിയിരുന്നതേ!"
 
ഗോപാലപിള്ള : "ഒരു പിടിയും കിട്ടുന്നില്ല."
 
കിട്ടുപിള്ള : "ഇത്ര ഓര്‍മ്മകേടോ! അതിനുമാത്രം പ്രായമൊന്നുമായില്ലല്ലോ."
 
ഗോപാലപിള്ള : "വാസ്തവം പറഞ്ഞാല്‍...."
 
കിട്ടുപിള്ള : "വാസ്തവം തന്നെയാ പറയുന്നത്. നമ്മുടെ സംഗീതകോവിലന്‍ കൂത്താട്ടുകുളത്ത് കളിച്ചതോര്‍ക്കുന്നോ? താന്‍ അന്ന് 'മാതവിയോ, കണ്ണകിയോ, വന്തവള്‍ നീയാര്‍ ശൊല്‍" എന്നു പാടിയപ്പോള്‍ എന്തൊരു അപ്ലാസ് ആയിരുന്നു!

CUT TO
ഗോപാലപിള്ള പറയുന്നു:
"അങ്ങനെ ആ സംഭാഷണം ആരംഭിച്ച ആദ്യത്തെ അമ്പരപ്പിനുശേഷംഎനിക്ക് തോന്നി.... ഇതൊരു വലിയ തമാശയാണല്ലോ! എന്‍റെതല്ലാത്ത ഒരു ഭൂതകാലം എനിക്കിയാള്‍ സൃഷ്ടിച്ചുതരികയല്ലേ? ഗ്രീസ് പെയിന്‍റിന്‍റെയും കര്‍ട്ടനുകളുടെയും ഫുട്ട് ലൈറ്റുകളുടെയും ലോകത്തില്‍ ഞാനിതാ കടന്നു ചെല്ലുന്നു. പെയിന്‍റിന്‍റെയും കര്‍ട്ടനുകളുടെയും യന്ത്രമനുഷ്യനായ ഞാന്‍. വാട്ട് എ ത്രില്‍!മാതവി, കണ്ണകി..... റൊമാന്‍സ്.... ഈ മനുഷ്യനോടൊത്ത് സഞ്ചരിക്കാന്‍ ഞാന്‍ സന്നദ്ധനായി."

CUT TO
പാര്‍ക്കില്‍ ഗോപാലപിള്ളയും കിട്ടുപിള്ളയും.
 
ഗോപാലപിള്ള : "ഞാനെന്താ പാടിയത്?"
 
കിട്ടുപിള്ള : "മാതവിയോ, കണ്ണകിയോ..."
 
ഗോപാലപിള്ള : "വലിയ,അപ്ലാസ് ആയിരുന്നു അല്ലേ?"
 
കിട്ടുപിള്ള : "തകര്‍പ്പന്‍ അപ്ലാസ്! കൊട്ടക പൊളിഞ്ഞു വീഴുമെന്ന് തോന്നി. കുപ്പന്‍ ചെട്ടിയാര്‍ അന്ന് സമ്മാനിച്ച സ്വര്‍ണ്ണമെഡല്‍ ഇപ്പോഴുമുണ്ടോ?"
 
ദുഃഖത്തോടെ,
ഗോപാലപിള്ള : "ഓ! അത് എന്നേ വിറ്റ് തിന്നു."
 
കിട്ടുപിള്ള ബഞ്ചിലിരുന്നു.ഒരു ബീഡി കത്തിച്ചു വലിച്ചു.
 
ഗോപാലപിള്ള : "കിട്ടുപിള്ളേ, സംഗീതകോവിലനില്‍ തനിക്കെന്തായിരുന്നു പാര്‍ട്ട്?"
 
കിട്ടുപിള്ള : "ഇതെന്തൊരു ചോദ്യം, ശങ്കുപിള്ളേ!ഞാനല്ലായിരുന്നോ വഞ്ചിപ്പത്തന്‍? അന്നൊക്കെ 'വഞ്ചിപ്പത്തന്‍ കിട്ടുപിള്ള' എന്ന് പറഞ്ഞാലേ ആള്‍ക്കാര്‍ എന്നെ അറിയൂ..."
 
ഗോപാലപിള്ള : "ആരായിരുന്നു മുന്‍കോവിലന്‍?"
 
കിട്ടുപിള്ള : "ഒരു പീറച്ചെറുക്കനല്ലായിരുന്നോ.... എന്തോന്നാ അവന്‍റെ പേര്....ങ്ങ്ഹാ! കുട്ടപ്പന്‍..."
 
ഗോപാലപിള്ള : "ഏത്?ആ കൊക്കപ്പുഴു കുട്ടപ്പനോ?"
 
കിട്ടുപിള്ള : "കൊച്ചുകള്ളാ! അപ്പൊ, പഴയ കഥയൊന്നും തീര്‍ത്തും മറന്നിട്ടില്ല! ങ്ഹാ...ആ കായംകുളം സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു...."

ഗോപാലപിള്ള : "കഠിനംകുളം?"

കിട്ടുപിള്ള : "അല്ലെന്നേ! കായംകുളം. അന്നു രാത്രി ഒരു കള്ളുകുടിയന്‍ സ്റ്റേജില്‍ കയറി വന്ന് മാതവിയെ പിടിക്കാന്‍ തുടങ്ങിയപ്പൊ...."

ഗോപാലപിള്ള : "ഞാന്‍ അവന്‍റെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു. അല്ലേ?"

കിട്ടുപിള്ള : "ഒന്നോ! പറപറാന്ന്‌ താന്‍ പോടിയില്ലേ!ങാ, താന്‍ മാതവിയോട് അല്പം പ്രേമത്തിലായിരുന്നല്ലോ! തന്നെ കുറ്റം പറയുകയല്ല. ആ രാധാകൃഷ്ണന്‍ ടോപ്പും വച്ച് ചേലയുമുടുത്ത് മാതവിയായിട്ട് കുലുങ്ങി വരുമ്പൊ, അക്കാലത്ത് ആരും കണ്ണുമിഴിച്ചു നോക്കിപ്പോകുമായിരുന്നു.... അതുപോട്ടെ,താന്‍ ശരിക്കും തകര്‍ത്തത് ഗുലേബക്കാവലിയിലാണ്."

ഗോപാലപിള്ള : "ഞാന്‍ അതില്‍ ആരായിരുന്നു?"

കിട്ടുപിള്ള : "രാജാപാര്‍ട്ട്! ഫസ്റ്റ് സീനില്‍ തന്നെ താന്‍ കസറിക്കളഞ്ഞു. പാട്ടുപാടിക്കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന രംഗം..."

ഗോപാലപിള്ള : "ഹാര്‍മോണിസ്റ്റ് ആരായിരുന്നു?"

കിട്ടുപിള്ള : "കുയില്‍നാദം കുളന്തവേലു ഭാഗവതര്‍."

ഗോപാലപിള്ള : "ചരിത്ര നാടകമൊന്നും നാം അഭിനയിച്ചില്ലേ?"

കിട്ടുപിള്ള : "ഉവ്വല്ലോ! രാജാ ദേശിംഗരാജന്‍..."

ഗോപാലപിള്ള : "അത് ആദ്യം കളിച്ചതെവിടെയാ?"

കിട്ടുപിള്ള : "ആദ്യവും അവസാനവുമായി അത് ഒരിക്കലല്ലേ കളിച്ചുള്ളൂ... വടക്കാഞ്ചേരിയില്‍ വച്ച്."

ഗോപാലപിള്ള : "ഒരൊറ്റ പെര്‍ഫോമന്‍സോ?"

കിട്ടുപിള്ള : "അതേടോ ശങ്കുപിള്ളേ! അന്ന് തമിഴ് സംഗീത നാടകങ്ങളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു തുടങ്ങിയിരുന്നല്ലോ! ആളുകള്‍ കല്ലെറിഞ്ഞു."

ഗോപാലപിള്ള : "നമ്മളെയോ?"

കിട്ടുപിള്ള : "കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ത്തന്നെ കൂക്കിവിളി ഉയര്‍ന്നു. രണ്ടാം സീനില്‍ താന്‍ വാളും പരിചയുമായി വന്നപ്പോള്‍ കല്ലേറും തുടങ്ങി."

ഗോപാലപിള്ള : "ആര്?"

കിട്ടുപിള്ള : "കലാരസികരായ നാട്ടുകാര്‍!"

ഗോപാലപിള്ള : "എന്നിട്ട്?"

കിട്ടുപിള്ള : "ഏറെല്ലാം താന്‍ പരിചകൊണ്ട് തടുത്തു."

ഗോപാലപിള്ള : "ഹോ!ചരിത്ര നാടകമായത് നന്നായി;അല്ലെങ്കില്‍ എന്‍റെ ഗതി എന്തായേനെ!!"

കിട്ടുപിള്ള : "അന്ന് തീരുമാനിച്ചു..."

ഗോപാലപിള്ള : "ആര്?"

കിട്ടുപിള്ള : "പൊള്ളാച്ചി കുപ്പന്‍ ചെട്ടിയാര്‍."

ഗോപാലപിള്ള : "എന്ത്?"

കിട്ടുപിള്ള : "ശിവജ്ഞാനോദയം പിരിച്ചുവിടാന്‍."

ഗോപാലപിള്ള : "അപ്പൊ...കമ്പനി പിരിച്ചുവിട്ടു?"

കിട്ടുപിള്ള : "വിട്ടു."

ഗോപാലപിള്ള : "എന്നിട്ടോ?"

കിട്ടുപിള്ള : "എനിക്ക് കണക്കു തീര്‍ത്ത് 58 രൂപ കിട്ടി...."

ഗോപാലപിള്ള : "എനിക്കോ?"

കിട്ടുപിള്ള : "63 രൂപ."

ഗോപാലപിള്ള : "63 രൂപ!അക്കാലത്ത് അത് നല്ലൊരു തുക ആയിരുന്നു അല്ലേ?"

കിട്ടുപിള്ള : "പക്ഷെ,താനത് മനസ്സിലാക്കിയില്ല."

ഗോപാലപിള്ള : "എന്നുവച്ചാല്‍?"

കിട്ടുപിള്ള : "താന്‍ ആള് വീരനല്ലേ? നമ്മുടെ വടക്കാഞ്ചേരി ക്യാമ്പില്‍ വന്ന ആ കോങ്കണ്ണി പങ്കജാക്ഷിക്ക് താന്‍ മുപ്പതു രൂപ കൊടുത്തു കളഞ്ഞു."

ഗോപാലപിള്ള : "കോങ്കണ്ണിയായാലെന്താ?അവള്‍ ഒരു രസികത്തിയായിരുന്നു."

കിട്ടുപിള്ള : "അവളൊന്നിച്ച് താന്‍ ഇരിങ്ങാലക്കുടയ്ക്ക് ബസ്‌ കയറിയതിനുശേഷം ഇന്നല്ലേ തന്നെ കണ്ടുകിട്ടുന്നത്! ഹോ! വര്‍ഷമെത്ര കഴിഞ്ഞു!"

ഗോപാലപിള്ള : "തന്‍റെ ചരിത്രം കേള്‍ക്കട്ടെ."

കിട്ടുപിള്ള : "ഞാന്‍ അങ്കമാലിയില്‍ ഒരു ഹോട്ടല്‍ തുടങ്ങി. മൂലധനം 58 രൂപ."

ഗോപാലപിള്ള : "എന്നിട്ടോ?"

കിട്ടുപിള്ള : "എന്നിട്ടും ഹോട്ടല്‍ നടത്തി. വെറുതെയിരിക്കാന്‍ പറ്റുമോ! എന്തെങ്കിലും ഒരു തൊഴില്‍ വേണമല്ലോ. വാഴപ്പള്ളിയിലും വൈക്കത്തും മട്ടാഞ്ചേരിയിലുമെല്ലാം മൂന്നും നാലും മാസം വീതം ഹോട്ടല്‍ കച്ചവടം നടത്തി. ഒരിടത്തും ഗുണം പിടിച്ചില്ല. ഒടുവില്‍ ബിസിനസ്സ് നിര്‍ത്തി.... ങാ,തന്‍റെ കഥ കേള്‍ക്കട്ടെ."

ഗോപാലപിള്ള : "കിട്ടുപ്പിള്ളേ... കോങ്കണ്ണിപ്പങ്കിയെ ഒരുത്തന്‍ തട്ടിക്കൊണ്ടുപോയി. ഞാന്‍ ടോട്ടലി ഡിപ്രസ്സ്‌ഡ്! കുറേക്കാലം കാഷായം ധരിച്ചു. അലഞ്ഞു നടന്നു. ആയിടെ ഒരു അമ്മാവന്‍ മരിച്ചു. വില്‍പത്രമനുസരിച്ച് എനിക്ക് സ്വല്പം പണം കിട്ടി. കാഷായവസ്ത്രം വലിച്ചെറിഞ്ഞിട്ട്‌ ഞാന്‍ ഒരു സൈക്കിള്‍ഷോപ്പ് തുടങ്ങി. ഇപ്പോള്‍ എട്ടു സൈക്കിളുകളുണ്ട്. വാടകവരുമാനംകൊണ്ട് ഉരുണ്ടുപിരണ്ട് കഴിയുന്നു."

കിട്ടുപിള്ള : "ഭാഗ്യവാന്‍!"

ഗോപാലപിള്ള - "താനിപ്പോഴെന്തു ചെയ്യുന്നു,കിട്ടുപിള്ളേ?"

കിട്ടുപിള്ള : "ഒരു ഹോബിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്."

ഗോപാലപിള്ള : "എന്ത് ഹോബി? സ്റ്റാമ്പ് ശേഖരണം?"

കിട്ടുപിള്ള : "ശ്ശെ!സ്റ്റാമ്പും തീപ്പെട്ടിലേബലും ശേഖരിക്കാന്‍,ഞാനെന്താ,കൊച്ചുകുട്ടിയാണോ, ശങ്കുപിള്ളേ? എന്‍റെത് അപൂര്‍വ്വമായ ഒരു ഹോബിയാണ്. രണ്ടു രൂപ നോട്ടുകളുടെ നമ്പരുകള്‍ ശേഖരിക്കയാണ് ഞാന്‍."

ഗോപാലപിള്ള : "അതെന്തിനാ?"
 
കിട്ടുപിള്ള : "ഇതെന്തൊരു ചോദ്യം ശങ്കുപിള്ളേ? ഒരു ഹോബിയെന്നു വച്ചാലെന്താ? മനസ്സിന് സന്തോഷം തരുന്ന ഒരു പ്രവൃത്തി. യുക്തിവിചാരത്തിന് അതിലെന്തു പ്രസക്തി? ഇതാണ് എന്‍റെ ഹോബി... ദാറ്റ്‌സ് ആള്‍! ഇതിനകം 2300 രണ്ടുരൂപാ നോട്ടുകളുടെ നമ്പറുകള്‍ ഞാന്‍ ശേഖരിച്ചുകഴിഞ്ഞു... ആട്ടെ... തന്‍റെ കൈയ്യില്‍ രണ്ടുരൂപാ നോട്ടുകളുണ്ടോ?"

ഗോപാലപിള്ള കീശ പരത്തി നോക്കി.അയാള്‍ ആറ് രണ്ടുരൂപാ നോട്ടുകള്‍ കീശയില്‍ നിന്നെടുത്തു. കിട്ടുപിള്ള പുല്‍ത്തകിടിയില്‍ കിടന്നിരുന്ന ഒരു ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് പെറുക്കിയെടുത്തു; കീശയില്‍ നിന്നും ഡോട്ട് പേനയും.

കിട്ടുപിള്ള : "നമ്പറുകള്‍ വായിച്ചേ! ഞാന്‍ ഒന്നെഴുതിക്കോട്ടേ."

ഗോപാലപിള്ള നമ്പറുകള്‍ വായിച്ചു. കിട്ടുപിള്ള സിഗരറ്റ് കൂടിന്‍മേല്‍ നമ്പറുകള്‍ കുറിച്ചു.


കിട്ടുപിള്ള : "രണ്ടായിരത്തി മുന്നൂറ്റാറ്!"

ഗോപാലപിള്ള : "എന്ത്?"

കിട്ടുപിള്ള : "ഇപ്പോള്‍ എന്‍റെ കളക്ഷനില്‍ 2306 നമ്പറുകളായി."

നമ്പറുകളെഴുതിയ സിഗരറ്റ്കൂടും ഡോട്ട് പേനയും കിട്ടുപിള്ള തന്‍റെ കീശയില്‍ നിക്ഷേപിച്ചു. ഗോപാലപിള്ള രണ്ടുറുപ്പിക നോട്ടുകള്‍ തന്‍റെ കീശയിലിട്ടു.


കിട്ടുപിള്ള : "ശങ്കുപിള്ളേ,എന്താ, പണം കീശയിലിട്ട് നടക്കുന്നത്? ഒരു പഴ്സ് വാങ്ങിക്കൂടേ?"

ഗോപാലപിള്ള : "ഓ! പഴ്സ്! എനിക്കെന്തിനാ പഴ്സ്!പഴ്സിലിട്ടുകൊണ്ട് നടക്കാന്‍ മാത്രം എനിക്ക് പണമുണ്ടോ?"

കിട്ടുപിള്ള : "അങ്ങനെ വിചാരിക്കരുത്.... ആസ് എ മാറ്റര്‍ ഓഫ് പ്രിന്‍സിപ്പിള്‍.... പണം എപ്പോഴും പഴ്സിലിട്ടുവേണം സൂക്ഷിക്കാന്‍. ഇന്നു തന്നെ തുടങ്ങൂ. എന്‍റെ കൈവശം ഒരു സ്പെയര്‍ പഴ്സുണ്ട്.... ദാ! ടേക്കിറ്റ്! എന്‍റെ ഓര്‍മ്മയ്ക്കായി ഇത് സൂക്ഷിക്കൂ! എന്‍റെ മേല്‍വിലാസമുള്ള കാര്‍ഡും ഇതില്‍ വച്ചിട്ടുണ്ട്. വല്ലപ്പോഴും കത്തയയ്ക്കൂ."

പഴ്സ് വാങ്ങിയശേഷം ഗോപാലപിള്ള - "കാലിയാണല്ലോ..."


കിട്ടുപിള്ള : "ഒരു പത്തു പൈസ അതിലുണ്ട്. പഴ്സ് ഒഴിഞ്ഞുകിടക്കരുത് എന്നല്ലേ പ്രമാണം?"

ഗോപാലപിള്ള തന്‍റെ ആറ് രണ്ടുറുപ്പിക നോട്ടുകള്‍ ആ പഴ്സിലിട്ടു. പെട്ടെന്ന് കിട്ടുപിള്ള നിലവിളിക്കാന്‍ തുടങ്ങി.

കിട്ടുപിള്ള : "ഓടിവരണേ!ഓടിവരണേ!"

ഗോപാലപിള്ള : "എന്തായിത്?"

കിട്ടുപിള്ള നിലവിളി തുടര്‍ന്നു. ഒന്നുരണ്ടാള്‍ക്കാര്‍ ഓടിയടുത്തു.

കിട്ടുപിള്ള : "അയ്യോ! ഇതെന്തൊരന്യായം! ഇത് വെള്ളരിക്കാപട്ടണമോ!"
 
കൂടുതല്‍ ആളുകള്‍ ഓടിയടുത്തു. എങ്ങുനിന്നോ ഒരു പോലീസുകാരനും വന്നു ചേര്‍ന്നു.

പോലീസുകാരനോട്,
കിട്ടുപിള്ള : "സാറേ! രക്ഷിക്കണേ!"

പോലീസുകാരന്‍ : "എന്താ ഹേ, വിളിച്ചു കൂകുന്നത്?"

ഗോപാലപിള്ളയെ ചൂണ്ടിക്കാണിച്ചുകൊണ്ട്;
കിട്ടുപിള്ള : "സാറേ,ഇയാള്‍ എന്‍റെ പഴ്സ് തട്ടിയെടുത്തു!"

ഞെട്ടുന്ന,
ഗോപാലപിള്ള - "അയ്യോ!കിട്ടുപിള്ളേ!എന്തായീപ്പറയുന്നത്?"
 
എല്ലാരോടുമായി,
കിട്ടുപിള്ള : "കണ്ടാല്‍ മാന്യന്‍! തീപ്പെട്ടിയുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ തീപ്പെട്ടി നീട്ടിയപ്പോ എന്നെക്കേറി ഒരു പിടിത്തം. എന്‍റെ പഴ്സ് ഇവന്‍റെ കൈയ്യില്‍! അതില്‍ ആറ് രണ്ടുറുപ്പിക നോട്ടുകളുണ്ടായിരുന്നു."

ഗോപാലപിള്ളയോട്,
പോലീസുകാരന്‍ - "ഈ മനുഷ്യന്‍ പറഞ്ഞതെല്ലാം ശരിയാണോടാ?"

സ്തംഭിച്ചു നിന്ന,
ഗോപാലപിള്ള : "ഞാന്‍...ഞാന്‍..."

കിട്ടുപിള്ള : "ഏമ്മാന്നേ!ഇയാളുടെ പോക്കറ്റില്‍ എന്‍റെ പഴ്സുണ്ട്... എന്‍റെ വിസിറ്റിംഗ് കാര്‍ഡുള്ള പഴ്സ്."

ഗോപാലപിള്ളയുടെ ദേഹപരിശോധന നടത്തിയ പോലീസുകാരന്‍ പഴ്സും അതില്‍ വിശ്രമിച്ചിരുന്ന വിസിറ്റിംഗ് കാര്‍ഡും രണ്ടുറുപ്പിക നോട്ടുകളും കണ്ടെത്തി.

കിട്ടുപിള്ള : "ഇനിയും തെളിവു തരാം. ഏമ്മാന്നേ! ആ ആറു നോട്ടുകളുടെയും നമ്പരുകള്‍ ഞാന്‍ പറയാം."

കിട്ടുപിള്ള സിഗരറ്റ് പാക്കറ്റില്‍ കുറിച്ചിരുന്ന നമ്പറുകള്‍ വായിച്ചു. പോലീസുകാരന്‍ നോട്ടുകളിലെ നമ്പറുകള്‍ നോക്കി. പോലീസുകാരന്‍ ഗോപാലപിള്ളയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു.


പോലീസുകാരന്‍
: "കള്ളാബഡുവാ."

ഗോപാലപിള്ള : "സര്‍, നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കയാണ്. ഞാന്‍ നിരപരാധിയാണ്.... മാന്യനാണ്."

പോലീസുകാരന്‍ "ച്ഛീ! റാസ്കല്‍!മിണ്ടിപ്പോകരുത്. ഞാന്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പോവുകയാ..."

കിട്ടുപിള്ള : "വേണ്ട ഏമ്മാന്നെ!കേസും കൂട്ടവും ഒന്നും വേണ്ട. ഇയാള്‍ക്കും കാണില്ലേ ഭാര്യയും പിള്ളാരും. ഇയാളെ ജയിലിലാക്കിയാല്‍ എനിക്കെന്തോ കിട്ടാനാ! എനിക്കെന്‍റെ പണം കിട്ടണമെന്നേയുള്ളൂ."

ഗോപാലപിള്ളയോട്,
പോലീസുകാരന്‍ : "എടാ, ഈ  മനുഷ്യന്‍റെ നല്ല മനസ്സുകൊണ്ട് നീയിപ്പോള്‍ രക്ഷപ്പെടുന്നു. ഈ പ്രദേശത്തെങ്ങും നിന്നെയിനി കണ്ടുപോകരുത്."

പോലീസുകാരന്‍ കിട്ടുപിള്ളയെ പഴ്സ് ഏല്‍പ്പിച്ചു. കിട്ടുപിള്ള തൊഴുതുപിടിച്ചു നിന്നു. പിന്നെ നടന്നകന്നു. ആള്‍ക്കൂട്ടം പിരിഞ്ഞു.


CUT TO
ഗോപാലപിള്ള പറയുന്നു:
"നേരാണ്.നടന്ന കാര്യമാണ്.പക്ഷെ.... നിങ്ങള്‍ക്കിതു സംഭവിക്കാതിരിക്കട്ടെ...."